Translate

Monday, November 9, 2015

ബറാബ്ബാസ് നിരപരാധിയായിരുന്നില്ലേ?

കത്തോലിക്കാ സഭയിൽ ഇപ്പോൾ നടക്കുന്ന രഹസ്യ നവീകരണം രസകരം. അത്മായൻ ഫെയിസ് ബുക്കിലൂടെയും ബ്ലോഗ്ഗുകളിലൂടെയും ചോദിക്കുന്ന  ചോദ്യങ്ങൾക്ക് അവരറിയാതെ പരിഹാരം കാണാൻ മെത്രാന്മാർ ശ്രമിക്കുന്നു. ഇടുക്കിയിൽ കൊച്ചച്ചന്മാർക്ക് പിടിവീണു. ഇനിയൊരറിയിപ്പുണ്ടാകുന്നിടം വരെ ളോഹയിടാതെ നടക്കാൻ പാടില്ല; പുത്തൻ കുർബാനയ്ക് വലിയ സദ്യ പാടില്ല....അങ്ങനങ്ങനെ നവീകരണം തുടങ്ങി. ഈ പോക്കു പോയാൽ അച്ചനാകാനും ആളു കുറയും. കുറച്ചു നാൾ മുമ്പ് എന്നെ ഒട്ടും അറിയാത്ത ഒരു കൊച്ചച്ചന്റെ അരികിൽ അൽപ്പനേരം ചെലവിടേണ്ടി വന്നു. ആൾ സീറോ മലബാർ, ജോലി ചെയ്യുന്നത് ലത്തീൻ രൂപതയിൽ. ഞാനൽപ്പം എരുവ് കേറ്റി നോക്കി. സീറോ മലബാറിന്റെ പാരമ്പര്യവാദം നാട്ടിലാർക്കും പിടിക്കായ്കയില്ല എന്നാണ് അദ്ദേഹം വാദിച്ചത്. ഏതായാലും, ഇപ്പോൾ പണിയുന്ന പള്ളികളിൽ ഭാവിയിൽ ആളുണ്ടാവില്ലെന്നും, ജർമ്മനിയുടെ ഗതി കേരളത്തിനു വരുമെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. അദ്ദേഹം സമ്മതിച്ച രണ്ടാമത്തെ കാര്യം, ഈ സീറോ പ്രശ്നം കേരളത്തിനു വെളിയിൽ ക്ലച്ചു പിടിച്ചിട്ടില്ലായെന്നതാണ്. നല്ല മാതൃക കാണിക്കുന്ന ബിഷപ്പുമാർ ഇല്ലാതെ പോയല്ലൊയെന്നു പറഞ്ഞപ്പോൾ മറിച്ചൊന്നും അദ്ദേഹം പറഞ്ഞില്ലായെന്നതും ഞാൻ ശ്രദ്ധിച്ചു. ഞാൻ മനസ്സിലാക്കുന്നത് കേരളത്തിലെ ക്രൈസ്തവരുടെ ഇടയിൽ പടരുന്ന മരവിപ്പിനെപ്പറ്റി സീറോ അച്ചന്മാർക്ക് ധാരണയില്ല, അവർ വാർഡ്‌ മീറ്റിങ്ങിനു കാപ്പി കുടിക്കാൻ വരുന്നവരുടെ എണ്ണത്തിൽ മയങ്ങിയിരിക്കുന്നു! അവർ ഉണർന്നുകൊള്ളും താമസിയാതെ!
 നവവൈദികര്‍ ആഡംബരത്തിന്റെ അംബാസഡര്‍മാരാകരുതെന്നു ഇടുക്കി ബിഷപ്പ് (മാതൃഭൂമി വാര്‍ത്ത 04-11-2015). ഇടുക്കിരൂപതയില്‍ ഈ വര്‍ഷം പൌരോഹിത്യം സ്വീകരിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് നല്‍കിയ ഈ നല്ല നിര്‍ദേശങ്ങള്‍ ലാളിത്യത്തിന്റെ പുതിയ ഒരു പൌരോഹിത്യസംസ്കാരത്തിനു നാന്ദി കുറിക്കട്ടെ. ഹൈറേഞ്ചു സംരക്ഷണ ഭിത്തിയുടെ പേരിൽ പിടിച്ചെടുത്ത ഇടുക്കിയുടെ 'ഇടു' മാത്രമേ ഇപ്രാവശ്യം അരമനക്കു കിട്ടിയിട്ടുള്ളൂ. ബാക്കി പോയി! അടുത്ത നിയമസഭ വരുമ്പോൾ 'ഇ' മാത്രമേ കയ്യിൽ കാണൂ. മെത്രാന്മാർക്ക് ഉമ്മൻ ചാണ്ടിയെ ഒന്ന് വിരട്ടണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഇത്രയും ദ്രോഹിക്കണമെന്നില്ലയിരുന്നു. ബി ജെ പി ഇടക്കു കയറി വരുമെന്ന് ആരും ഓർത്തില്ല. വീണീടത്തു നിന്നല്ല കാറിച്ച കേട്ടതെന്നു പറഞ്ഞത് പോലെയായി. ഇനി സിനഡു കൂടി ഇടതിനെ വിരട്ടു തുടങ്ങും. ഇലക്ഷൻ കഴിഞ്ഞപ്പോൾ ഉള്ളുതുറന്നു ചിരിച്ചത്, ഞങ്ങടെ നാട്ടിലൊരാൾ മാത്രം! ബി ജെ പി യുടെ ജയവും, കോണ്‍ഗ്രസ്സിന്റെ തോൽവിയും, പിണറായിയുടെ തിരിച്ചു വരവും ഒരുപോലെ ആഗ്രഹിച്ചവർ എന്തുമാത്രം ചിരിക്കുമെന്നൂഹിച്ചു നോക്കൂ.
പണ്ട് പണ്ട്, ഇ എം എസ്  നാടുവാണ കാലം, നമ്മൾ നമ്മുടേതെന്നും ചൈനാക്കാർ അവരുടേതെന്നും പറയുന്ന ഒരു സ്ഥലമുണ്ടായിരുന്നു. അതിനു സമാനമായ ഒരു തമാശ വീണ്ടും കേട്ടത് പാലായിൽ നിന്നാണ്. കൊടുത്തു എന്നതിനു തെളിവുണ്ടെന്നും വാങ്ങി എന്നതിന് തെളിവില്ലെന്നും പറയപ്പെടുന്ന മാണിയുടെ മണിക്കേസു നടക്കുമ്പോൾ, പാലായിൽ വിജയിച്ചത് കൊണ്ട് അദ്ദേഹം അഴിമതി നടത്തിയിട്ടില്ലെന്നു തെളിഞ്ഞുവെന്നാണ് അദ്ദേഹം മൊഴിഞ്ഞത്. ആകെപ്പാടെ ഞാൻ കണ്‍ഫ്യുഷനിലായെന്നു പറഞ്ഞാൽ മതിയല്ലോ! പൂഞ്ഞാറിൽ ഭൂരിപക്ഷം കിട്ടിയപ്പോൾ, പി സി ജോര്ജ്ജും നല്ലവനായി; മലബാറിൽ കാരായിമാരും കുറ്റവാളികളല്ലെന്നു തെളിഞ്ഞു. ഈ തിയറി വെച്ചു നോക്കിയപ്പോൾ ബറാബ്ബാസും കുറ്റക്കാരനല്ലെന്നു പറയേണ്ടി വരുമല്ലോയെന്നോർത്തപ്പോൾ ആകെ വിഷമം. എൻ എസ് എസിന്റെ സുകുമാരൻ നായരും, ആർ സി എസ് സിയുടെ പവ്വവും എന്തു പറയുന്നുവെന്നു കാതോർക്കാം. പുതുവല പൊട്ടിക്കുന്നവൻ പഴവലയിൽ കുടുങ്ങും, നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും തുടങ്ങിയ ചൊല്ലുകളെല്ലാം ഒരു പോലെ പ്രയോഗിക്കാവുന്ന അപൂർവ്വ മുഹൂർത്തങ്ങൾ കേരളത്തിൽ പ്രതീക്ഷിക്കാം. 
മാണിയുടെ ഈ സ്ഥല-കാല-സ്വഭാവ സിദ്ധാന്തം മാണിക്കിട്ടും തിരിഞ്ഞു കുത്തുന്നതാണെന്നു മാണി എന്തേ കാണാതെ പോയി? പണ്ട്  പാലായിലുള്ള ഒരു സൊസൈറ്റിയുമായി ബന്ധപ്പെട്ട് മാണിയുടെ പേരിൽ പി സി തോമസ് കുറെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആ ഇലക്ഷനിൽ മാണി പക്ഷം തോല്ക്കുകയും ചെയ്തിരുന്നു. അപ്പോൾ, പി സി തോമസിന്റെ ആരോപണങ്ങൾ ശരിയായിരുന്നെന്ന് എല്ലാരും മനസ്സിലാക്കിക്കോളൂ എന്നാണോ മാണി സാർ പറഞ്ഞത്? അന്ന് പി സി തോമസ് ഉന്നയിച്ച ആരോപണങ്ങളിൽ ഒരെണ്ണം പോലും പ്രമുഖ പത്രങ്ങളിൽ വാർത്തയായി വന്നില്ല. എന്നാൽ പാർലമെന്റിൽ ചോദിക്കാമെന്നു കണക്കുകൂട്ടി തോമസ് അവിടെ സ്പീക്കറോട് ഇന്ത്യാറിന്റെ കാര്യം ചോദിച്ചു. പാർലമെന്റിൽ മന്ത്രിയുടെ മറുപടിയും കിട്ടി. പത്രക്കാർ  മുഖം നോക്കാത്തവരായതുകൊണ്ട് അതും പത്രങ്ങളിൽ വന്നില്ല. അതുകൊണ്ടായിരിക്കണം, പറയുടെ മൂടു പോയാലും, കിഴക്ക് നിന്നു കാറ്റത്ത് ഇഷ്ടികപ്പൊടി അടിച്ചാലുമൊന്നും പത്രക്കാർ കാണില്ല. പത്രക്കാർ കാണാത്ത ഒത്തിരി കാര്യങ്ങൾ ഇപ്പോഴും കേരളത്തിൽ നടക്കുന്നുണ്ട്. ഇവരുടെ വളപ്പിൽ അവസാനം ദൈവം തമ്പുരാൻ കേറി നിരങ്ങും. അതാ ഇപ്പോ കാണുന്നത്. 
സി അഭയയുടെ അത്ഭുതങ്ങൾ പലയിടങ്ങളിലും ഇപ്പോൾ കണ്ടുവരുന്നതായി കേൾക്കുന്നു. ഒരു കോട്ടയംകാരനിൽനിന്നും, സി. അഭയ ചിലർക്ക് കൊടുത്ത ശിക്ഷയുടേയും രക്ഷയുടേയും കഥകൾ കേട്ടപ്പോൾ അതിശയം തോന്നി! പുണ്യവാന്മാർ അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന് എനിക്കും ഉറപ്പായി! ആരാണെങ്കിലും, വിതച്ചത് കൊയ്യുമെന്നും മനസ്സിലായി. 

2 comments:

  1. ബറാബ്ബാസ് എന്ന രാഷ്ട്രീയ ഗുണ്ട കുറ്റവാളി ആയിരുന്നു എന്ന് കോടതിയിൽ തെളിഞ്ഞതുകൊണ്ടാണല്ലോ കോടതി അവനെ ജയിലിൽ അടച്ചത് ! അതിലും വലിയ കുറ്റവാളി ക്രിസ്തു ആണെന്ന് പൌരോഹിത്യം കണ്ടെത്തിയതിനാലാണല്ലോ "അവനെ കുരിശിക്ക" എന്ന മുദ്രാവാക്യം മനനമില്ലാത്ത ജനത്തിന്റെ നാവിൽ അവർ നിറച്ചത്! പക്ഷെ പാലായിൽ ഭൂമിമലയാളം മുഴുവൻ ഒതുക്കിയ മാണിയചായന്റെ കുബുദ്ധിക്ക് കുടപിടിച്ച കുഞ്ഞൂച്ചായനു ഹാ കഷ്ടം! ചതിയൊന്നും കതിരാവുകില്ലെന്നു കുഞ്ഞൂച്ചായൻ മരിക്കുംമുന്പേ മനസിലാക്കിയാൽ നന്ന് !

    ReplyDelete
  2. "സീറോ അച്ചന്മാർ വാർഡ്‌ മീറ്റിങ്ങിനു കാപ്പി കുടിക്കാൻ വരുന്നവരുടെ എണ്ണത്തിൽ മയങ്ങിയിരിക്കുന്നു!" ശരിയായ നിരീക്ഷണമാണിത്. പാലാ രൂപതയിലെ ഇടവകകളിൽ വാർഡുകൾ ഉണ്ടാക്കി ഓരോന്നിലെയും ഓരോ വീട്ടിലും ആഴ്ചതോറും കുടുംബങ്ങൾ ഒത്തുകൂടി പ്രാർഥിപ്പിക്കുന്ന ഒരു പതിവ് കുറേ നാളായി ഉണ്ട്. ഞാൻ കേട്ടിടത്തോളം മനുഷ്യർക്ക്‌ ഇക്കാര്യത്തിൽ യാതൊരു താത്പര്യവുമില്ല. വികാരിയച്ചനെ ഭയന്ന് വന്നുചേരുന്നവരാണ് അധികവും. സംഭവം കഴിഞ്ഞാൽ കട്ടങ്കാപ്പിയും ബിസ്ക്കറ്റും ഉണ്ട്. പരസ്പരം സമ്പർക്കം നടത്താനും സംഭാഷണം നടത്തി ബന്ധം നിലനിർത്താനുമാണ് ഇതിന്റെ ഉദ്ദേശമെങ്കിലും ആര്ക്കും അതിനൊന്നും നേരമോ താത്പര്യമോ ഇല്ല. ചൊല്ലാൻ വിധിച്ചിട്ടുള്ള പ്രാർഥനകൾ ചൊല്ലിയിട്ട്‌, വീട്ടിൽ ബാക്കി കിടക്കുന്ന പണികൾ ഓർത്ത്‌ ഓടുകയാണ് എല്ലാവരും ചെയ്യുന്നത്. വകാരിയച്ചനു കുടുംബമില്ലാത്തതിനാൽ അക്കാര്യം അങ്ങേർക്കു മനസ്സിലാവില്ല. പള്ളിയിലെ പ്രസംഗം പോരാഞ്ഞിട്ടാണോ ഓരോ വീട്ടിലും വച്ച് അച്ചന്റെ പ്രസംഗവും ഈ പാവങ്ങൾ കേൾക്കണം. തന്നെയല്ല ആതിഥേയൻ വികാരിയച്ചനെ കാറിൽ കൊണ്ടുവരണം. രണ്ടുമൂന്ന് അമ്മമാരെയും കൊണ്ടുവരണം, ഇവരെ കൊണ്ടുവിടണം. ഈ അമ്മമാർക്ക് മഠത്തിലിരുന്നു പ്രാർഥിച്ചാൽ പോരേ? ഈ ഓട്ടത്തിനെല്ലാം പത്തുമുന്നൂറു രൂപാ എങ്കിലും ചെലവാകും. അതും പള്ളീലച്ചന് വിഷയമല്ല. അടുത്താണെങ്കിലും അച്ചനും അമ്മമാരും നടന്നു വരില്ല. എന്താ ചെയ്ക? പിന്നെ മത്സരം കാണിക്കാതിരിക്കാൻ, കാപ്പിയും ബിസ്കറ്റും മാത്രമേ വിളമ്പാവൂ എന്നൊരു ദാക്ഷിണ്യം വച്ചിട്ടുണ്ട്. എന്നാൽ അതിനുപോലും കാശുണ്ടാകാൻ വിഷമിക്കുന്ന വീടുകൾ ഉണ്ടെന്നും അവരെക്കൊണ്ടും കാറ് വിളിപ്പിക്കുന്നത് ക്രൂരതയാണെന്നും ദാരിദ്ര്യമറിയാത്ത അച്ചന് മനസ്സിലാകുന്നില്ല. സംഗതി വലിയ വിജയമാണെന്ന് വികാരിമാർ മെത്രാന് റിപ്പോർട്ട്‌ കൊടുക്കും. കേരളത്തിലെ രൂപതകളിൽ ക്രിസ്തീയ കുടുംബം വളരെ പ്രബുദ്ധവും ഭദ്രവുമെന്ന് മെത്രാൻ പോപ്പിനും റിപ്പോർട്ട് അയക്കും. ക്രിസ്ത്യാനിയായി ജീവിക്കാൻ എന്തെല്ലാം വിഡ്ഢിവേഷം കെട്ടണം, പാവം മനുഷ്യന്മാർ!

    ReplyDelete