Translate

Tuesday, November 24, 2015

ബ്രിസ്ബൺ നല്കിയ പാഠം!

എല്ലാം നല്ലതിനെന്ന് പറയുന്നതെത്ര ശരി! ഐ എസ് കാരു പാരീസിൽ വന്നാക്രമണം നടത്തിയതിന്റെ ഗുണഫലം ഉടനെ അനുഭവിക്കാൻ പോകുന്നത് ആസ്ത്രേലിയയിലെ സീറോ കത്തോലിക്കർ. മതമാണ്‌ മനുഷ്യനെ തകർക്കുന്നതെന്നാണ് ആസ്ട്രെലിയാക്കാർ നടത്തിയ പഠനം തെളിയിച്ചത്. ഒരു മതക്കാരും മതപഠനക്ലാസ്സുകളിൽ വേദങ്ങളല്ല പഠിപ്പിക്കുന്നതെന്നും അവർ കണ്ടെത്തി. നമ്മളിതെത്രയോ തവണ ഇവിടെയത് പറഞ്ഞു. ആസ്ട്രേലിയയിൽ എല്ലാ വിധ മതപഠനങ്ങളും നിയമം മൂലം നിരോധിച്ചു. വേദപാഠം യൂറോപ്പിലും അമേരിക്കയിലുമൊക്കെ നിരോധിച്ചതുകൊണ്ട് സീറോ മലബാറിനൊരു ചുക്കും സംഭവിക്കാൻ പോണില്ല (പിരിവല്ലല്ലോ നിരോധിച്ചത്),  കാരണം, മനുഷ്യൻ നന്നാവണമെന്നല്ലല്ലൊ സീറോ മെത്രാന്മാരുടെ ആഗ്രഹം, സഭ നന്നാവണമെന്നല്ലേ? അവർ അവിടെയും മറു പണി കാണും! പണ്ടിവിടെ മിഷ്യൻ വേല വിജയിക്കാൻ വേണ്ടി പ്രാർഥനയോടു പ്രാർത്ഥനയായിരുന്നില്ലേ? പിന്നീട് മതപീഢനവും, മതപരിവർത്തനനിരോധനവുമൊക്കെ വന്നപ്പോൾ നമ്മളെന്താ ചെയ്തത്? മാനസാന്തരം നിർത്തി, തോമ്മാ കാർഡിറക്കി - പാരമ്പര്യത്തിൽ പിടിച്ചു തൂങ്ങാനും തുടങ്ങി. ക്രിസ്ത്യാനികൾക്ക് നിരോധനമുള്ള അനേകം ഗ്രാമങ്ങൾ ഈ ഭാരതത്തിലുണ്ട്; ഇതൊന്നും സീറോക്ക് പ്രശ്നമല്ല; ഇപ്പോൾ ബി ജെ പി യുമായി കൂട്ടുകെട്ടുണ്ടാക്കാനുള്ള ശ്രമത്തിലാണ് നമ്മുടെ മെത്രാന്മാർ എന്നാണു കേൾക്കുന്നത്. ഏതായാലും സണ്ടേസ്കൂൾ കെട്ടിടത്തിനുള്ള ഒരു പിരിവിന്റെ ആഘാതത്തിൽനിന്നെങ്കിലും ആസ്ട്രേലിയാക്കാർ രക്ഷപ്പെടുമെന്നുറപ്പ്. 

ആസ്ട്രേലിയയിലെ ബ്രിസ്ബണിൽ പള്ളി പണിപരിപാടി നിർത്തിവെച്ച കാര്യവും ഇവിടുത്തെ കാർന്നോന്മാർ കേട്ടു കാണും. അവിടുത്തെ ഇടവകക്കാർ നല്ലൊരു മാതൃക കാണിച്ചുതന്നു. അവിടെ നാനൂറോളം ഇടവകക്കാർ ഉണ്ട്, കുർബ്ബാന ചൊല്ലാൻ വാടകക്ക് പള്ളികളും കിട്ടും. പതിവ് പോലെ നാല് മില്യൻ ഡോളറിന്റെ ഒരു പള്ളി പണിയാൻ സന്നാഹങ്ങളോരുക്കിയതിനിട്ടാണ്  അവിടുത്തെ വിസ്വാസികൾ ക്ളിപ്പിട്ടിരിക്കുന്നത്. എല്ലാ വീട്ടുകാരും പൂരിപ്പിച്ചു തരുന്ന ഓഫർ പേപ്പറനുസരിച്ച്  കടമില്ലാതെ സ്വന്തമായി എപ്പോൾ പള്ളി പണിയാൻ സാധിക്കുമോ അപ്പോൾ ഇത് പണിതാൽ മതിയെന്നാണ് യോഗ തീരുമാനം. ഇതിന്റിടക്ക് ഒരു നീർക്കൊലിയുടെ വീഡിയോ ക്ലിപ്പും 'അതേ അച്ചോ' കമ്മറ്റിക്കാർ പ്രചരിപ്പിച്ചിരുന്നു. അതിൽ, ഒരു വീടിന്റെ പതിനായിരം ഇരട്ടി വലുപ്പത്തിലാണ് ദൈവത്തിനു ദേവാലയം പണിയേണ്ടതെന്നും, അങ്ങിനെ ചെയ്തില്ലെങ്കിൽ ദൈവകോപം ഉണ്ടാകുമെന്നും ഇയാൾ പഴയ നിയമം എടുത്തു കാട്ടി പ്രസംഗിക്കുന്നുണ്ട്. കണ്ടിട്ടു മെയ്ഡ് ഇൻ പോട്ടയാണെന്നു തോന്നുന്നു. നാല് മില്ല്യൻ ഡോളറിന്റെ ഒരു പള്ളി പണിയാനുള്ള പള്ളിക്കാരുടെയും 'അതേ അച്ചോ' കമ്മറ്റിക്കാരുടേയും സർവ അടവുകളും പരാജയപ്പെട്ടു. ഒരു ചെറിയ തുക തന്നാൽ സ്വന്തം പള്ളി എന്ന ആശയം അമേരിക്കയിൽ നടപ്പാക്കിയവർ ഇന്നനുഭവിക്കുന്നു. അവരുടെ ക്രെഡിറ്റ് കാർഡിന്റെ പാസ്സ്വേർഡ് പള്ളിക്കാർക്ക് കൊടുക്കേണ്ടി വന്നല്ലോ! എന്റച്ചോ, ശബ്ദിക്കുന്ന ആയിരക്കണക്കിന് അത്മായരെ സൃഷ്ടിക്കാൻ അത്മായശബ്ദത്തിനു കഴിഞ്ഞുവെങ്കിൽ നമുക്കെല്ലാം അഭിമാനിക്കാം. ഈ യുദ്ധം തുടരും......

അനാവശ്യ പിരിവും നിർത്തണം, മെത്രാന്മാരുടെ ഈ ജാഢയും നിർത്തണം. കാനഡായിലെ അരരൂപതയുടെ മെത്രാൻ, പലയിടത്തും സ്വീകരണം പ്രതിക്ഷിച്ചുവെന്നും അവസാനം, സ്വന്തം വണ്ടിയോടിച്ചു പോക്കേണ്ടിവന്നുവെന്നുമൊക്കെയുള്ള കഥകൾ ഒരമേരിക്കക്കാരൻ ബ്ലൊഗ്ഗിലെഴുതിയതു വായിക്കാനിടയായി - ശരിയാണോ എന്തോ! ചൈനയിലെ കത്തോലിക്കരുടെ ഇടയിൽ പ്രവർത്തിക്കാൻ വൈദിക വിദ്യാർത്ഥികളെ കിട്ടാതിരിക്കാൻ കാരണം അവിടുത്തെ സഭ പറഞ്ഞത്, ഇവർക്ക് കല്യാണം കഴിക്കാൻ കഴിയില്ല, കുടുംബം നയിക്കാൻ കഴിയില്ല, എപ്പോ വിളിച്ചാലും വിശ്വാസികളുടെ ആവശ്യം പരിഗണിക്കണം............ സാധാരണ ജീവിതം ഉപേക്ഷിച്ച് സാധാരണക്കാരുടെ ഇടയിൽ കഴിയേണ്ടി വരുന്ന ഇവർ അനുഭവിക്കുന്ന സ്ട്രെസ്സും ടെൻഷനും പലരും മനസ്സിലാക്കുന്നില്ല. ഇതിന്റെ പ്രതിഫലനമാവാം അവരുടെ കടന്നുകയറ്റങ്ങൾ. പക്ഷേ അവയാകട്ടെ, വിശ്വാസികളുടെ മനസ്സിൽ മങ്ങാത്ത പക രൂപപ്പെടാൻ കാരണവുമാകുന്നു. കഴിഞ്ഞ ദിവസം ഏതോ ഒരു മനോവായുടെ വിലാപം ഫെയിസ് ബുക്കിൽ കണ്ടൂ. കുറെ നാൾ മുമ്പ് ഇംഗ്ലണ്ടിൽ നടന്ന ഒരു കൊച്ചിന്റെ മരണം വട്ടായിയച്ചന്റെ തലായിൽ കെട്ടി വെച്ച ഒരു മഞ്ഞപ്പത്രത്തിനുള്ള ഒരു നീണ്ട മറുപടിയായിരുന്നത്. ജീവൻ ശരീരത്തിൽ നിന്ന് പോകുന്നതു വരെയേ വട്ടായിയച്ചന്റെ ശക്തിയുള്ളൂവെന്നാണ് മനോവാ വാദിക്കുന്നത്.  വട്ടായിയച്ചനാണു പരി.ആത്മാവിന്റെ ഏക മൊത്ത വിതരണക്കാരൻ എന്നൊക്കെയർഥമാക്കുന്ന രീതിയിൽ കൊട്ടിഘോഴിച്ചാൽ ജനം കിട്ടുന്ന വടികൊണ്ടടിക്കില്ലേ സ്നേഹിതരെ. നിരവധി ധ്യാനങ്ങൾ കൊണ്ട് പരി. ആത്മാവ് നിറഞ്ഞു നില്ക്കുന്ന ഇംഗ്ലണ്ടിൽ ഒരു ചെറുപ്പക്കാരൻ മരിച്ചപ്പോൾ ഒരു വെള്ളപ്പത്രത്തിൽ കണ്ട തലക്കെട്ട് - വീണ്ടും മരണം എന്നായിരുന്നു. പിന്നീട് വേറൊരാൾ പക്ഷാഘാതം മൂലം മരിച്ചപ്പോഴും വീണ്ടും മരണം എന്നാണ് എഴുതി കണ്ടത്. എന്ത് ചെയ്യാൻ പറ്റും മനോവാ? വിദേശങ്ങളിൽ ആണ്ടിൽ മൂന്നെന്ന തോതിൽ എല്ലാ പള്ളികളിലും  ഒരാഴ്ച നീളുന്ന ധ്യാനങ്ങൾ. അതു വെച്ചു നോക്കിയാൽ നാമെത്ര ഭാഗ്യവാന്മാർ!

ക്രിസ്ത്യാനികളെ മെത്രാന്മാരെല്ലാവരും കൂടി ചേർന്നു ചിരിപ്പിച്ചു കൊല്ലും. ഓസ്വാൾഡ് കർദ്ദിനാൾ പറയുന്നത്, കത്തോലിക്കർ ഒരു ദിവസം ഒരു കരുണ വെച്ചു കാണിക്കണം, എവിടെയൊക്കെ കരുണ കാണിക്കാമെന്നു ഗവേഷണം ചെയ്യണം എന്നൊക്കെയാണ്. ആ വൃദ്ധന്റെ കരുണ കാരണം സ്വന്തം അമ്മയുടെ ശവമടക്കിനു പോലും വരാൻ കഴിയാത്ത സനൽ ഇടമറുക് ഫിൻലന്റിലുണ്ട്. പറയുന്നതൊന്ന്, ചെയ്യുന്നതൊന്ന്, അതാണു സ്ഥിതി! ഇത്രേം നാളും പശ്ചിമഘട്ടത്തിൽ നിഴലിനോട്‌ പോലും യുദ്ധം ചെയ്തുകൊണ്ടിരുന്നു മെത്രാനും അനുയായികളും തിരുവനന്തപുരത്തു മുഖ്യമന്ത്രിയുടെ ചേംബറിൽ പോയിരുന്നു ചർച്ച ചെയ്തപ്പോൾ ഒത്തിരി പ്രശ്നങ്ങൾ തീർന്നത്രേ. ഇത് നേരത്തെ ആകാമായിരുന്നില്ലേ മെത്രാനെ? ക്ഷമിക്കാൻ കരുണയുടെ വർഷം വരെ നോക്കി നിൽക്കണമായിരുന്നോ? ജനങ്ങൾക്ക്‌ നഷ്ടപ്പെട്ടത് മെത്രാന് തിരിച്ചു കൊടുക്കാൻ പറ്റുമോ? പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ രൂപതയിലെ അച്ചന്മാർ രണ്ട് ഗ്രൂപ്പാകുന്നിടം വരെ നോക്കി നിൽക്കണമായിരുന്നോ? സ്വാർത്ഥ ലക്ഷ്യങ്ങൾ പിന്നിലുണ്ടായിരുന്നുവെന്നു സംശയിക്കുന്നതാണോ കുറ്റം? 

ഓട്ടോറിക്ഷാ പോലെ മെത്രാന്മാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നതുകൊണ്ട് ആർക്കു പ്രയോജനം? ഇടവകകളിൽ ദാരിദ്ര്യംകൊണ്ട് വിശ്വാസികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ പോലും അടുത്തകാലത്ത് പുറത്തു വന്നു. കുറവിലങ്ങാട്ടുനിന്ന് അടുത്തിടെ ഒരു വാർത്ത വായിച്ചു. ഒരു കണ്ണിനും, ഒരു ചെവിക്കും മാത്രം കേൾവിയുള്ള ഒരു ജോസ്, രോഗിയായിട്ടും കൂലിപ്പണി ചെയ്ത് ജീവിച്ചു പോന്നുവെന്നും അയാളുടെ ഭാര്യ കോഴിക്കോട്ട് പോയി കൂലിക്ക് വീട്ടു ജോലിയും കഴിഞ്ഞു വന്നപ്പോൾ ഭർത്താവ് പുഴുവരിച്ചു കിടന്നുവെന്നും വാർത്തയിൽ പറയുന്നു. ഇപ്പോൾ വിൻസന്റ് ഡി പോളുകാരു സഹായിക്കുന്നു. പള്ളിയുടെ കമ്പ്യുട്ടറിൽ അയാളുടെ കൈയ്യിൽ നിന്നും കിട്ടാനുള്ള കാശിന്റെ കണക്കല്ലേ കാണൂ. സ്വന്തമായി പരോപകാര പ്രവർത്തി നടത്തിപ്പോന്ന വിൻസന്റ് ഡി പോൾ നിയന്ത്രണം പള്ളി ഏറ്റെടുത്തു നശിപ്പിച്ചുവെന്നു തന്നെ പറയാം. എ കെ സി സി യെ സഭ എറെടുത്തപ്പോഴും സംഭവിച്ചത് മറ്റൊന്നല്ലല്ലോ! പണ്ടു ഞാൻ പാലായിൽ കൂടി പോയപ്പോൾ വഴിയരുകിൽ ഒരു ബോർഡ് കണ്ടത് ഇപ്പോഴും ഓർക്കുന്നു. "നിങ്ങൾക്കു വിശക്കുന്നുവോ? വരൂ" എന്നായിരുന്നു ആ ബോർഡിൽ. വരുന്നവർക്കെല്ലാം ഭക്ഷണം കൊടുക്കുന്ന ആ പരിപാടി നടത്തിപ്പോന്നത് അവിടുത്തെ വിൻസന്റ് ഡി പോൾ ആയിരുന്നെന്നു പിന്നീട് ഞാനറിഞ്ഞു. ദൈവശാസ്ത്രജ്ഞന്റെ നാട്ടിൽ, അതായത് മാസം നാല്പ്പത് ലക്ഷം നേര്ച്ച് കിട്ടുന്ന ചേർപ്പുങ്കലും, കണക്കില്ലാതെ പണം വന്നു കൊണ്ടിരിക്കുന്ന ഭരണങ്ങാനവും, അനേകം ഷോപ്പിങ്ങ് കോംപ്ലക്സുകളും സ്വന്തമായുള്ള ആ രൂപതയ്ക് ആ പരിപാടി നടത്താനും കഴിഞ്ഞില്ല, വിൻസന്റ് ഡി പോൾ കാരെക്കൊണ്ട് നടത്തിക്കാനും കഴിഞ്ഞില്ല. എ കെ സി സി ഉണ്ടാക്കാൻ എടുത്തതിന്റെ പകുതി മിനക്കെടില്ല വിൻസന്റ് ഡി പോൾ സംഘടനയെ രക്ഷിക്കാൻ. അവർക്കൊരിടം കൊടുക്കാതെ സർവ ഞായറാഴ്ച്ചകളിലും പിരിവാ. അവരെന്തു ചെയ്യും?
സഭ രാഷ്ട്രീയത്തിലിറങ്ങിയാലും സംഭവിക്കുന്നത്‌ നാടിനെ മുഴുവൻ രൂപതയുടെ വരുതിയാലാക്കൽ. ചങ്ങനാശ്ശേരിയിൽ രൂപതയുടെ വക ലേബർ പാര്ട്ടി (കെ എൽ എം) ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിലിറങ്ങി, പലയിടങ്ങളിലായി 18 പേരെ വിജയിപ്പിച്ചെടുത്തു. അവരെല്ലാം കൂടി അതിരൂപതാസ്ഥാനത്തു വന്നു പവ്വത്തെ കണ്ടുവെന്നു ദീപികയിൽ വായിച്ചു. പല പഞ്ചായത്തുകളുടേയും ഭരണം ഇനി ആരായിരിക്കും തീരുമാനിക്കുകയെന്നതിനു സൂചനയായി. 

1 comment:

  1. "അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവില്‍ വച്ചു പച്ചവെള്ളത്തെ വീഞ്ഞാക്കിയ യേശുവിന്റെ സുവിശേഷവേലയുടെ ആരംഭമായി, ഞങ്ങളുടെ മെത്രാന്‍ കൂടലില്‍ പതിനഞ്ചു ഏക്കര്‍ റബ്ബര്‍തോട്ടം അഞ്ചുകോടിയോളം രൂപ പാവംജനത്തെ പിഴിഞ്ഞ് വാങ്ങിച്ചുകൂട്ടി"; എന്നതു കേരള ക്രിസ്തീയവിശ്വാസ ചരിത്രവിദ്യാർഥികള്‍ക്ക് വിദ്യാരംഭ വിഷയമായി ! അതുപോലെ ഓസ്ട്രേലിയയിൽ ബ്രിസ്ബൈനില്‍ "പുതിയ പള്ളികള്‍ ഇനിയും പണിയേണ്ട, പകരം നമ്മുടെ "ഹൃദയം ദേവാലയ"മാക്കിയാല്‍ മതി; നാം ഓരോരുത്തരും ദൈവത്തിന്റെ ആലയങ്ങള്‍ (ദേവാലയങ്ങള്‍) ആകുന്നു" എന്ന വലിയ അറിവിലേക്ക് അവിടുത്തെ ജനം ഉയര്‍ന്നു എന്നതും ചരിത്രാത്ഭുത വിഷയമായി മാറിയിരിക്കുന്നു !
    "ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന് " എന്നരുളിയവന്റെ പ്രതിമയുടെ മറവില്‍ "ജാതിസ്പര്‍ദ്ദ" വളര്‍ത്താന്‍ കലികാല വിഷവിത്തു കേരളമാകെ ഒരുകൂസലുമില്ലാതെ വിതയ്ക്കാന്‍ വെള്ളാപ്പള്ളിയെ കാണിച്ചുകൊടുത്തു ശീലമാക്കിയ നമ്മുടെ നാനാസഭകളുടെയും ളോഹധാരികളേയും, വാകീറിപാസ്ടര്‍ വൃന്ദത്തെയും ചരിത്രം ഒരുനാളും മറക്കുകയില്ല ! അയക്കാരനെ സ്നേഹിക്കാന്‍ അരുളിയ മശിഹായെ കോട്ടയത്ത് കുരിശിലേറ്റിയ (ശുദ്ധ രക്ത വാതരോഗത്തിന്റെ കുരിശില്‍ തറച്ച) ക്നാനായ കത്തനാരന്‍മാരും ചരിത്രം കണ്ട പണ്ഡിതസ്രേഷ്റ്റന്മാർ ആയി മാറിയിരിക്കുന്നു ! വിഘടനവാദകൂദാശ ചൊല്ലിച്ചൊല്ലി ജനത്തെ ആയിരം സഭകളിലാക്കിയി കുതന്ത്രപാതിരിമാരും കര്‍ത്താവിനെ ചാട്ടവാര്‍ കൊണ്ടടിച്ച പടയാളികള്‍ക്ക് തുല്യരായിരിക്കുന്നു !

    ReplyDelete