Translate

Tuesday, November 3, 2015

അവനിൽ ആശ്രയിച്ചവരെ അവൻ വാനോളം ഉയർത്തി!


സി സി വി ക്ക് ഇന്ത്യയിൽ ഒന്നാം സ്ഥാനം!

ആർക്കെങ്കിലും ലോകം നന്നാക്കണമെന്നുണ്ടെങ്കിൽ അതു കല്യാണത്തിനു മുമ്പായിരിക്കണം, എന്നൊരുപദേശത്തെപ്പറ്റി കേട്ടിട്ടുണ്ട്. സഭ ചെയ്യുന്നതിൽ ഗുരുതരമായ പിഴവുകളുണ്ടെന്നു പറയുന്ന അച്ചന്മാരുടെ എണ്ണം കൂടുന്നു. ആർക്കെങ്കിലും എന്തെങ്കിലും പറയണമെന്നോ ചെയ്യണമെന്നോ ഉണ്ടെങ്കിൽ മെത്രാനാകുന്നതിനു മുമ്പാകണമെന്നാണ് എനിക്ക് പറയാനുള്ളത്. അല്ലെങ്കിൽ, ആലഞ്ചേരി വല്യപിതാവിനു പറ്റിയതു പോലിരിക്കും. വൈദികർ വ്യാപകമായി അല്ലേലൂയാ ധ്യാനങ്ങളേയും ആർഭാടങ്ങളേയും ശബ്ദവിസ്ഫോടനങ്ങളെയും പരസ്യമായി ഉപേക്ഷിക്കുന്നു. ധ്യാനത്തിനു പോയാൽ എതു രോഗവും നിശ്ചയമായും മാറിയിരിക്കും എന്ന വിശ്വാസവും പൊതുവിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ മാറ്റം സഭക്കുള്ളിൽ സംഭവിക്കുന്നത് വ്യക്തമായി കണ്ടുകൊണ്ടാണ് സീറോ മലബാർ റീത്ത്  2033 വരെ ആരോഗ്യത്തോടെ എത്തില്ല്ലെന്നു ഞാൻ ഉറപ്പിച്ചു പറയുന്നത്. കാലടി ധ്യാനകേന്ദ്രത്തിലെ അച്ചൻമാർ മാത്രമല്ല, കുരിശുമലക്കാരും പുത്തന്പുരയ്കലച്ചനും, ബോബി അച്ചനും, ഡേവീസ് അച്ചനും ഗുരുദാസ് അച്ചനും സഹിതം നിരവധി വൈദികർ തുറന്നു പറയുന്നുണ്ട്, സഭ വഴി മാറിയാണ് ഉരുളുന്നതെന്ന്. സിമിന്റും കമ്പിയും കൊണ്ട് നാം കാണിക്കുന്ന അഭ്യാസങ്ങളും, നമ്മുടെ കലവറകളിലെ വിഭവങ്ങളും ഒന്നും നമ്മുടെ ആത്മാവിനെ സഹായിക്കില്ലെന്ന് അറിയാൻ മേലാത്തവർ ആരുമില്ല. കുമ്പസ്സാരം പെണ്ണുങ്ങളെ പിടിക്കാനുള്ള ഉപായമായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനും വളരെ മുമ്പ് പള്ളിക്കകത്ത് നിന്നു തന്നെ ഞാൻ കേട്ടിട്ടുണ്ട് കുമ്പസ്സാരം ആവശ്യമില്ലെന്ന്. ഈ നവീകരണ ചിന്തകളെയൊന്നും ഉപരോധിക്കാനുള്ള കോപ്പൊന്നും കേരള മെത്രാന്മാരുടെ കൈയ്യിലില്ലിപ്പോൾ. പള്ളിക്ക് പുറത്ത്, എല്ലാവരും മെത്രാന്മാരെ അനുസരിക്കുമെന്ന ചിന്തയും ഇപ്പോൾ മെത്രാന്മാർക്കില്ല. എ കെ സി സി ക്കുണ്ടായ വളർച്ച നമ്മുടെ മെത്രാന്മാരെ ഒത്തിരി കാര്യങ്ങൾ പഠിപ്പിച്ചു. പക്ഷെ, അവർ പഠിച്ചുവെന്നോ പഠിക്കുമെന്നോയുള്ള അഭിപ്രായം എനിക്കില്ല. 

ശല്യക്കാരായാ അത്മായരെ മുഴുവൻ ഒതുക്കാമെന്നുള്ള മെത്രാന്മാരുടെ സങ്കല്പ്പവും അറ്റുപോയിക്കൊണ്ടിരിക്കുന്നു. അമ്മയുടെ ശവമടക്കിൽ പങ്കെടുക്കണമെങ്കിൽ എന്നോട് മാപ്പുപറയണമെന്നു പറഞ്ഞപ്പോൾ ഒരു വല്യ മെത്രാൻ ഓർത്തത് സനൽ ഇടമറുക് ഇപ്പോ വന്നു കാലേൽ വീഴുമെന്നാ (ക്ഷമയുടെ സാദ്ധ്യതകളെപ്പറ്റി പഠിക്കാൻ ഈ മെത്രാന്റെ പ്രസംഗം കേൾക്കുക). റജി ഞള്ളാനിയുടെ അപ്പന്റെ അഞ്ചു വർഷം മുമ്പ് മരിച്ചടക്കപ്പെട്ട, നാൽപ്പത് വർഷം പള്ളിയെ കൂസാത്ത, ബോഡി പുറത്തെടുത്തു പോസ്റ്റ് മാര്ട്ടം ചെയ്താൽ റജിയെ ഒതുക്കാമെന്നും ആരൊക്കെയോ കരുതി. ക്ലിക്ക് ചെയ്തില്ല! ഇപ്പോ റജി മുഴുവൻ സമയ നവീകരണ പ്രവർത്തകനായി എന്നൊരു ലാഭം കിട്ടി. എന്തായാലും സദാ ജാഗരൂകരായിരിക്കുവിൻ, കാഞ്ഞിരപ്പള്ളിയിൽ മാന്തി എടുക്കേണ്ട ബോഡികൾ ഇനിയും ഉണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം. കാറൽ മാര്ക്സിനിട്ടു സഭ തോണ്ടി നോക്കി - പഠിച്ചു. പാലാ രൂപത പുലിക്കുന്നനേയും ഇപ്പനേയുമൊക്കെ ഒതുക്കിയതിന്റെ ഫലം അറിയാൻ മേലാത്തവരില്ലല്ലോ. എന്റെ മെത്രാന്മാരെ, സിംഹവും മാനും കൂടി ഓടിയാൽ ആരാ ജയിക്കുക? മാൻ തന്നെ; സിംഹം ആഹാരത്തിനു വേണ്ടിയും മാൻ ജീവനു വേണ്ടിയുമല്ലേ ഓടുന്നത്?

ഒരു പള്ളിയിൽ ഒരു മണിക്കൂർ വചനം പ്രസംഗിക്കാൻ വരുന്നവനു പോലും പണം വേണം. തീറ്റയും പിരിവും ശരിയല്ലെങ്കിൽ ധ്യാനഗ്രൂപ്പുകൾ പോലും തിരിച്ചു പായ്ക്ക് ചെയ്യുന്ന കാലം. ഞാൻ അറിഞ്ഞത് ശരിയെങ്കിൽ കെ സി ആർ എം ന്റെ വാർത്താമാധ്യമമായ സി സി വി യിൽ ആയിരത്തിയിരുന്നൂറ്  ലേഖനങ്ങൾ വന്നിട്ടും ഒറ്റ പൈസാ പോലും ചിലവായില്ലത്രെ - സൈറ്റ് പണിയാനും, ഓഫീസുണ്ടാക്കാനും, ശമ്പളം കൊടുക്കാനും. എന്നിട്ടും പരി. ആത്മാവ്, കെ സി ആർ എം ന്റെ  സി സി വി യെ ഒറ്റ വർഷം കൊണ്ട് ഇന്ത്യയിലെ ഒന്നാം നമ്പർ ഓണ്‍ലൈൻ ക്രൈസ്തവ പത്രമാക്കി ഉയർത്തി! കോട്ടൂർ സാർ ഇത്രേം കാലം പത്രപ്പണി ചെയ്തിട്ടും ഇത്രേം സാധിച്ചിട്ടില്ല, അല്ലേ? ഇതാണ് പരി. ആത്മാവിന്റെ പണി, കണ്ടു പഠിച്ചോ! കീറി നാറിയ കുറെ അനുഷ്ടാനങ്ങളുമായി, പള്ളിയിൽ വരുന്ന ആരെയും രണ്ടു മണിക്കൂർ ശബ്ദകോലാഹലത്തിൽ വീർപ്പുമുട്ടിക്കുന്ന അശുദ്ധാരൂപികളുടെ പിടിയിൽനിന്ന് കേരള കത്തോലിക്കർ ഒരു നാൾ പുറത്തുവരും. ഓരോ വർഷം കഴിയുന്തോറും നവീകരണക്കാർക്ക് മൂച്ചു വെയ്ക്കുന്നതല്ലാതെ കുറയുന്നില്ലല്ലോ! കത്തോലിക്കാ സഭ കാനോണിലെ ഒരു വകുപ്പും കളയരുതെന്നാ എന്റെ അഭിപ്രായം. ഈ സൂത്രം ദേഹത്തുകൊണ്ട് ചോര പൊടിഞ്ഞവരാണ് നവീകരണ പ്രസ്ഥാനത്തിനിപ്പോൾ ചോരയും നീരും നൽകിക്കൊണ്ടിരിക്കുന്നത്.

ബഹുഭൂരിപക്ഷം വിശ്വാസികളും, സംഗതി തട്ടിപ്പാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ് പള്ളിക്കുള്ളിൽ നിൽക്കുന്നതെന്നറിയുന്നവരും കുറവല്ല. എന്തുകൊണ്ടിങ്ങനെയെന്നു ചോദിക്കുന്നവരോട് ഞാനൊരു കാര്യം പറയാം. പണ്ട് മുല്ലാ നസറുദ്ദിൻ ആസ്പത്രിയിൽ പോയ ഒരു കഥയുണ്ട്. പരിശോധിച്ച ഡോക്ടർ, നസറുദ്ദിൻ മരിച്ചുവെന്നു പറഞ്ഞിട്ട് പോയി. അൽപ്പനേരം കഴിഞ്ഞപ്പോൾ നസറുദ്ദിനു ബോധം തെളിഞ്ഞു. ഡോക്ടർ പറഞ്ഞിട്ട് പോയത് അദ്ദേഹം മരിച്ചുവെന്നാണെന്നു ചുറ്റും നിൽക്കുന്നവർ പറയുന്നത് നസറുദ്ദിൻ കേട്ടു. നസറുദ്ദിൻ മരിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ബന്ധുക്കൾ ഏറെ നിർബന്ധിച്ചിട്ടും നസറുദ്ദിൻ കട്ടിലിൽ നിന്നെണീറ്റില്ല. സഹികെട്ടപ്പോൾ നസറുദ്ദിൻ എല്ലാവരോടുമായി പറഞ്ഞു, "ആ ഡോക്ടറെ എനിക്കറിയാം, അയാൾ പറഞ്ഞത് തെറ്റായിരിക്കാനിടയില്ല." ഇപ്പറഞ്ഞതിലും കഷ്ടമാണ് കേരള കത്തോലിക്കരുടെ അവസ്ഥ. നല്ലവനായ ആലഞ്ചേരി പിതാവു തന്നെ വന്നു പറഞ്ഞാലും ഇക്കാണിക്കുന്നതൊക്കെ തെറ്റായിരുന്നെന്നു വിശ്വാസികൾ സമ്മതിക്കുകയില്ലായെന്ന അവസ്ഥയാണിപ്പോൾ. മാർപ്പാപ്പാ പറഞ്ഞാലും ശരിയാകുമെന്ന് തോന്നുന്നില്ല, പിന്നല്ലേ ആലഞ്ചേരി. പരിതാപകരം എന്നല്ലാതെ എന്തു പറയാൻ?

എന്താ ചെയ്യേണ്ടതെന്നറിയാതെ ഉഴലുകയാണ് ഭരണാധികാരികൾ; പണിയാവുന്നിടത്തെല്ലാം പള്ളികൾ പണിതു. ഒരിടത്തു ബൈബിൾ മുഴുവൻ കൈകൊണ്ടു പകർത്തുന്നു, ഒരിടത്ത് ഓണ്‍ ലൈൻ കുർബ്ബാനയും സ്മാർട്ട്  കുമ്പസ്സാരവും, വേറൊരിടത്ത് അഖണ്ഡ പ്രാർത്ഥന, വേറൊരിടത്ത് ആയിരത്തി അമ്പത്തിമൂന്നു മണി ജപമാല, തൃശ്ശൂരിൽ തട്ടിൽ മെത്രാന്റെ നേരിട്ടുള്ള നേതൃത്വത്തിൽ ധ്യാന കമ്പനി (ഈ സംഗതി കേരളത്തിനു പുറത്താണ് കൂടുതലും); ദിവസം ഒന്നെന്ന കണക്കിൽ പുണ്യവാന്മാർ, മാസം ഒന്നെന്ന കണക്കിൽ പുതിയ ആചാരങ്ങൾ; ഒരിടത്തു മണ്മറഞ്ഞവരുടെ അന്ത്യ കൂദാശക്കണക്കെടുക്കുന്നു. ഒരിടത്ത് എ കെ സി സി, വേറൊരിടത്തു പശ്ചിമഘട്ടം, ഒരു മെത്രാൻ ബി ജെ പി, ഒരു മെത്രാൻ പിണറായി ഗ്രൂപ്പ്, ഒരു വല്യ മെത്രാൻ മാണി ഗ്രൂപ്പ് (ഇപ്പോ മിണ്ടുന്നില്ല). പൊൻകുന്നം വർക്കിയും ഒരു നല്ല ക്രിസ്ത്യാനിയായിരുന്നുവെന്നാണ് ഇപ്പോൾ ഇവരിൽനിന്ന് കേൾക്കുന്നത് - അദ്ദേഹവും അന്ത്യ കൂദാശ ആഗ്രഹിച്ചിരുന്നുവത്രെ. കർത്താവും ശിക്ഷ്യന്മാരും അതു കിട്ടിയതുകൊണ്ടാണല്ലോ രക്ഷപെട്ടത്! വർക്കിയുടെ ഒരു കഥയിൽ ദിവസവും വെള്ളമടിക്കുന്ന ഒരു കാർന്നോരുണ്ടായിരുന്നു. അയാളെ ഉപദേശിക്കാൻ വീട്ടിൽ വന്ന അച്ചനോട് അയാൾ പറഞ്ഞത്, നിൽക്കുന്നിടത്തു നിന്ന് നാലടി ഏതെങ്കിലും വശത്തേക്ക് മാറി നിൽക്കാനാണ്; കാരണം, ഭിത്തിയിൽ കിടക്കുന്ന കർത്താവിന്റെ തിരുഹൃദയത്തിൽ നോക്കി അഞ്ചു മിനിറ്റ് പ്രാർത്ഥിക്കുന്ന പതിവ് ഇയാൾക്കുണ്ടത്രെ. അച്ചൻ ഫോട്ടോയുടെ മുമ്പിലായി ഇടക്കു നിൽക്കരുതെന്നേ അയാൾ പറഞ്ഞുള്ളൂ. 

ഒരു ഗോവാക്കാരൻ ലത്തീൻ ക്രിസ്ത്യാനിയുണ്ട് എന്റെ കമ്പനിയിൽ. അയാളുടെ വീട് സൂററ്റിലാണ്. ഇയാളുടെ വീട്ടുകാർക്ക് ഏറ്റവും ഇഷ്ടം പോത്തിറച്ചി വറുത്തതാ. സൂററ്റിലെ മലയാളി ക്രിസ്ത്യാനികൾ കാരണം സാധനം ഇപ്പോൾ കിട്ടുന്നില്ലെന്നാണങ്ങേരു പറഞ്ഞത്. അവിടെ ലൈസൻസുള്ളവർക്കേ പോത്തിനെ കൊല്ലാനാവൂ, അതും തോന്ന്യാസം പറ്റില്ല. ഒരു പോത്തിനെ കൊല്ലുന്നുവെന്നറിഞ്ഞാൽ മലയാളികൾ ഓടിക്കൂടും. മറ്റുള്ളവർ ചെല്ലുമ്പോഴേക്കും തൊലി പോലും തീർന്നിരിക്കും. ബീഫ് പ്രശ്നത്തേക്കാൾ ഗുരുതരമായ പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാനുണ്ട് എന്ന് മേജർ പറഞ്ഞതിന്റെ അർത്ഥം സഭക്കുള്ളിൽ അഗ്നിപർവ്വതം പുകയുന്നുവെന്നു തന്നെയാണ്, അല്ലാതെ ബീഫ് നമ്മുടെ ഒരു നിസ്സാര പ്രശ്നമാണെന്നല്ല. സത്യക്രിസ്ത്യാനി ഞായറാഴ്ച രാവിലെ ഇറങ്ങുന്നത് കുർബ്ബാന കാണാനും പോത്തുതുണ്ടം വാങ്ങിക്കാനുമാണെന്നത് സർവ്വ നാട്ടുകാർക്കും അറിയാമല്ലോ. 

എള്ളു ചോരുന്നത് കാണും, തേങ്ങാ ചോരുന്നതു കാണില്ല എന്നു കേട്ടിട്ടില്ലേ? ടി വി തോമസ്സും മത്തായി ചാക്കോയുമൊക്കെ മരിക്കാറായപ്പോൾ പറഞ്ഞതു നമ്മുടെ മെത്രാന്മാർ ഇടക്കിടെ നമ്മെ ഓർമ്മിപ്പിക്കും. പക്ഷേ, വി. തോമസ് അക്വീനാസ് മരിക്കുന്നതിനു മുമ്പ് പറഞ്ഞത് പുറത്തുപറയുകയുമില്ല. അക്വീനാസിന്റെ ദൈവശാസ്ത്രമാണ് ഇന്നും ഇവിടെ സെമ്മിനാരികളിൽ പഠിപ്പിക്കുന്നത്. ഒത്തിരി എഴുതുകയും പറയുകയും ചെയ്ത അദ്ദേഹം അവസാനം പറഞ്ഞത്, ഞാനെഴുതിയതും പറഞ്ഞതുമൊക്കെ (പമ്പര) വിഡ്ഢിത്തരങ്ങൾ ആയിരുന്നുവെന്നാണ്. മരണസമയത്ത് എല്ലാ പിതാക്കന്മാർക്കും വെളിവുണ്ടായേക്കാം, അപ്പോഴേക്കും സമയം കടന്നുപോയിരിക്കും! ഓർമ്മിപ്പിച്ചുവെന്നേയുള്ളൂ. ചെയ്യാൻ വല്ലതുമുണ്ടെങ്കിൽ ഇപ്പോൾ ചെയ്തോണം. എന്തായാലും പഴയ വണക്കമാസ പുസ്തകത്തിലെ ദൃഷ്ടാന്തത്തിൽ പറയുന്നത് പോലെ എസ്പാനിയായിൽ ഒരു വെന്തിങ്ങ വെടിയുണ്ടയെ തടഞ്ഞു നിർത്തിയെന്നതു പോലുള്ള കഥകൾ കരിസ്മാറ്റിക്കുകാരു പോലും പറയുന്നില്ല. അവർക്ക് പൊക്കിക്കാണിക്കാൻ ഇപ്പോഴുള്ളത് ബൈബിളും കൈയ്യിൽ പിടിച്ചു നടക്കുന്ന ശ്രീശാന്തിന്റെ ഫോട്ടോയാണ്. പണ്ട് ബൗളിങ്ങിനു മുമ്പ് കുരിശു വരക്കുമായിരുന്ന ശ്രീശാന്ത് ബൗൾഡ് ഔട്ട് ആയതു പോലെ ഒരുത്തനും ലോക ക്രിക്കറ്റിൽ ബൗൾഡ് ഔട്ട് ആയിട്ടില്ല. 

രാവിലെ കുർബ്ബാനയും കഴിഞ്ഞ് സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളുമായി ദിവസം മുഴുവൻ ചെലവഴിക്കുന്ന അച്ചന്മാരുണ്ട്. എന്നാൽ പിന്നെ സാമൂഹ്യവും രാഷ്ട്രീയവുമായി ദിവസം മുഴുവൻ ചിലവഴിക്കുന്ന കുറെ നല്ല അത്മായർക്ക് അച്ചൻപട്ടം കൊടുക്കുന്നതിനെന്താ കുഴപ്പം? വരാൻ പോകുന്നത് കമ്മ്യുണിറ്റി പൗരോഹിത്യത്തിന്റെ കാലമാണെന്നതു സത്യമല്ലേ?

No comments:

Post a Comment