Translate

Sunday, November 1, 2015

തിരിഞ്ഞു കുത്തുന്ന ചോദ്യങ്ങള്‍

പാലായിലെ 'അത്മായമഹാസമ്മേളനം' 

തിരുവായ് - എതിര്‍വായ്-

(2015 സെപ്റ്റംബര്‍ ലക്കം സത്യജ്വാലയില്‍നിന്ന് )
 

സെപ്തംബര്‍ 6-ന് കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെപേരില്‍ പാലാ രൂപത, സര്‍ക്കുലഷര്‍ ഇറക്കിയും മുഴുവന്‍ വൈദികരുടേയും 169 ഇടവക വികാരിമാരുടേയും നേതൃത്വം ഉറപ്പാക്കിയും പള്ളികളില്‍ പ്രസംഗിപ്പിച്ചും ഓരോ ഇടവകയിലുമുള്ള നിരവധി പ്രാര്‍ത്ഥനഗ്രൂപ്പുകളുടെയും ഭക്തസംഘടനകളുടെയും നേതാക്കള്‍ക്കു പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയും നടത്തിയ 'അത്മായ മഹാസമ്മേളന'ത്തില്‍, ഗവണ്‍മെന്റിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമെതിരെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ മുഴക്കിയ കുറ്റാരോപണങ്ങളില്‍ ചിലതാണ് താഴെ 'തിരുവായ് ' എന്ന ഉപശീര്‍ഷകത്തിനുകീഴില്‍ കൊടുത്തിരിക്കുന്നത് (ഉദ്ധരണികള്‍ സെപ്തം 7-ലെ മനോരമ പത്രത്തില്‍ നിന്ന് ). 

'എതിര്‍വായ്' എന്ന ഉപശീര്‍ഷകത്തിനു കീഴില്‍ ആര്‍ക്കും പെട്ടെന്നു തോന്നാനിടയുള്ള കമന്റുകളും കൊടുത്തിരിക്കുന്നു - എഡിറ്റര്‍, സത്യജ്വാല
 

തിരുവായ്
1.    ''ന്യൂനപക്ഷങ്ങളുടെമേലുള്ള കടന്നുകയറ്റം വര്‍ദ്ധിച്ചുവരികയാണ്. അതു തടയണം.''
2.     ''ആരാധനാലയങ്ങളുടെയും കന്യകാലയങ്ങളുടേയും വിദ്യാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം.''
3.    ''മതമൗലികവാദികളുടെ ആക്രമണങ്ങള്‍ക്ക് ന്യൂനപക്ഷങ്ങള്‍ ബലിയാടാവരുത്.''
4.    ''ദളിത്‌ക്രൈസ്തവരോടുള്ള അവഗണന അവസാനിപ്പിക്ക ണം.''
5.    ''അഴിമതിയും അക്രമവും അനീതിയും തടയണം.''
6.    ''കത്തോലിക്ക കോണ്‍ഗ്രസ് നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി മാറുകയും  അവഗണിക്കപ്പെടുന്നവരുടെ പക്ഷം ചേരുകയും ചെയ്യണം.''
എതിര്‍വായ്
1.    ഇടതു-വലതു മുന്നണികളിലുള്ള സകല രാഷ്ട്രീയ കക്ഷികളും ന്യൂനപക്ഷപ്രീണനത്തില്‍ മത്സരിക്കുമ്പോള്‍ ഉന്നയിക്കാവുന്ന ഏറ്റവും നല്ല ആരോപണം! ഇത്രയും തിക്കും തിരക്കും കൂട്ടാതെ 'ക്യൂ' പാലിക്കണമെന്നാവാം ഉദ്ദേശിക്കുന്നത്.
2.    ഞാറയ്ക്കലിലെ കന്യകാലയത്തിന്റെയും അവരുടെ സ്‌കൂളിന്റെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെയാവാം കര്‍ദ്ദിനാള്‍ ഇവിടെ കുറ്റപ്പെടുത്തിയത്.
3.    ഭൂരിപക്ഷ മതസ്ഥര്‍ ബലിയാടായിക്കൊള്ളട്ടെ എന്നാവും! അതുപോട്ടെ, ഈ ന്യൂനപക്ഷ മതമൗലികവാദികളുടെ ആക്രമണങ്ങളെ എങ്ങനെയാണാവോ കൈകാര്യം ചെയ്യേണ്ടത്?
4.    യാതൊരുവിധ അവഗണനയും കൂടാതെ അവരെ സഭ എങ്ങനെയാണു കൈകാര്യം ചെയ്യുന്നതെന്ന് ഗവണ്‍മെന്റ് കണ്ടുപഠിക്കട്ടെ!
5.    സഭയുടെ മെഗാപള്ളി-പാരിഷ്ഹാള്‍ പണികളും, സ്‌കൂള്‍-കോളേജ് പ്രവേശന-നിയമനങ്ങളും എത്ര സുതാര്യം! എത്ര അഴിമതിരഹിതം! വിശ്വാസികളുടെ രൂപതാമാര്‍ച്ചു പോലുള്ള അക്രമങ്ങള്‍ക്കെതിരെ സഭ നടത്തുന്ന ക്രമസമാധാനപാലനം ഗവണ്‍മെന്റുകള്‍ക്ക് മാതൃകയാക്കാവുന്നതാണ്.
6.    നീതിനിഷേധം നടത്തുകയും വിശ്വാസസമൂഹത്തെ അവഗണിക്കുകയും ചെയ്യുന്ന മെത്രാന്മാരുടെ ശബ്ദമായി നിലകൊള്ളാതെ, ഇനിയെങ്കിലും നീതി നിഷേധിക്കപ്പെടുന്ന വിശ്വാസിസമൂഹത്തിന്റെ ശബ്ദമായി മാറണമെന്നുള്ള ഈ ഉപദേശം കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വം ചെവിക്കൊണ്ടിരുന്നെങ്കില്‍!

     ശ്രേഷ്ഠമെത്രാപ്പോലീത്തായുടെ ഈ കുറ്റംവിധിക്കല്‍ പ്രസ്താവനാപ്രളയം കാണുമ്പോള്‍, യേശുവിന്റെ ഈ വചനങ്ങള്‍ നമുക്കോര്‍ക്കാം: ''....സ്വന്തം കണ്ണില്‍ മരത്തടി ഇരിക്കെ നീ സഹോദരനോട് നിന്റെ കണ്ണിലെ കരട് ഞാന്‍ എടുത്തുകളയാം എന്ന് എങ്ങനെ പറയും? കപട നാട്യക്കാരാ, നീ ആദ്യം സ്വന്തം കണ്ണിലെ മരത്തടി എടുത്തു മാറ്റുക. അപ്പോള്‍ നിനക്കു സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയാന്‍ തക്കവിധം വ്യക്തമായ കാഴ്ച ലഭിക്കും'' (മത്താ. 7: 4-5). 

   

No comments:

Post a Comment