Translate

Sunday, October 18, 2015

പശുക്കൾക്ക്‌ പാലിയേറ്റീവ് ക്ലിനിക്കുകള്‍








Ravi Chandran C to Freethinkers സ്വതന്ത്രചിന്തകർ
പശുക്കൾക്ക്‌ 'പാലിയേറ്റീവ് ക്ലിനിക്കുകള്‍' - മനുഷ്യന്റെ കാപട്യത്തിന്റെയും ക്രൂരതയുടെയും  തനിനിറം. 
(1) പ്രായംചെന്ന പശുക്കളെയും കാളകളെയും അന്ത്യഘട്ടത്തില്‍ എങ്ങനെ സംരക്ഷിക്കുമെന്ന് ചോദിക്കുമ്പോള്‍ ''ഗോശാലകളിലേക്ക് പോയി നോക്കൂ, അവിടെ കാണാം എങ്ങനെയാണത് ചെയ്യുന്നത്''എന്ന മറുപടിയാണ് പശുപ്രേമികളും പരിവാര്‍ രാഷ്ട്രീയക്കാരും നല്‍കുക. കോടിക്കണക്കിനു പശുക്കളെ സംരക്ഷിക്കാന്‍ എത്ര ഗോശാലകള്‍ വേണ്ടിവരും? എന്തുമാത്രം മാനവശേഷിയും സാമ്പത്തികച്ചെലവും അതിനാവശ്യമുണ്ട്? എല്ലാ പശുക്കളും കാളകളും ഗോശാലകളില്‍ എത്തുന്നുണ്ടോ? ഹിന്ദുമതവിശ്വാസികള്‍ സംഭാവനകള്‍ വഴി ചെലവു വഹിക്കുമെന്നൊക്കെയാണ് പലരും പറയുന്നത്. പക്ഷെ പണം മാത്രം പോരല്ലോ! മനുഷ്യവിഭവശേഷിയും സ്ഥലസൗകര്യവും വൈദ്യപരിചരണവും നിയമസഹായവുമൊക്കെ വേണ്ടിവരും. ഗോവധ നിരോധനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗോശാലകള്‍ക്ക് കഴിയുമോ?
(2) ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ പ്രായംചെന്ന മാതാപിതാക്കളെ ഉപേക്ഷിച്ചു ആശ്വാസംകൊള്ളുന്ന ഘോരവിശ്വാസികള്‍ തന്നെയാണ് ഇതൊക്കെ പറയുന്നതെന്നോര്‍ക്കുമ്പോള്‍ കൗതുകം വര്‍ദ്ധിക്കുകയാണ്. പ്രായമാകുമ്പോള്‍, ആരും നോക്കാനില്ലെന്നു ഉറപ്പു വരുമ്പോള്‍ കാശിക്ക് പോകുന്ന പ്രവണത പണ്ടുണ്ടായിരുന്നു. കാട്ടില്‍ തപസ്സനുഷ്ഠിക്കാന്‍ പോകുന്നവരെ കുറിച്ചും കഥകളുണ്ട്. ഉറ്റവര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടതാകുന്നതിന്റെ മറുകഥയാണ് മിക്കപ്പോഴും വൃദ്ധഭക്തിയുടെ മുഖ്യ സ്രോതസ്സ്. ഇന്നതിന്റെയൊക്കെ സ്ഥാനത്തു വൃദ്ധസദനങ്ങളും അനാഥമന്ദിരങ്ങളുമാണുള്ളത്. വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാന്‍ നിയമം ഉള്ളതു പലര്‍ക്കും രക്ഷയാകുന്നുവെന്നു മാത്രം. ആ അവസ്ഥയിലേക്ക് പശുവും കാളയും മാറുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് മതവിഭ്രാന്തികള്‍ മാത്രമാണ്. അതിനു രാഷ്ട്രം കൊടുക്കുന്ന വിലയാകട്ടെ, വളരെ കനത്തതും.
(3) രാജ്യ തലസ്ഥാനത്തെ 125 വര്‍ഷം പഴക്കമുള്ള ദല്‍ഹിയിലെ ഏറ്റവും വലിയ ഗോശാലയില്‍ നിന്നു തുടങ്ങാം. 1200 പശുക്കളാണ് അവിടെയുള്ളത്. മെഹ്‌റോളിയിലെ കിഷന്‍ഗഡ് ഗ്രാമത്തിലാണ് ഈ ഗോശാല പ്രവര്‍ത്തിക്കുന്നത്. 80 പശുക്കള്‍ പൂര്‍ണ്ണമായി കാഴ്ച നഷ്ടപ്പെട്ടവയാണ്. രോഗികള്‍ നിരവധി. ദക്ഷിണ ദല്‍ഹിയിലെ 30 ഗ്രാമങ്ങളില്‍ നിന്നുള്ളവരുടെ സംഭാവനകള്‍ കൊണ്ടാണ് ഈ ഗോശാലയുടെ നിത്യനിദാന ചെലവുകള്‍ നിറവേറ്റുന്നത്. ഇങ്ങനെ സംഭാവന നല്‍കുന്നതില്‍ മുസ്ലീങ്ങളുമുണ്ട്. മാടുകളെ പരിചരിക്കാന്‍ 20 പേരെ നിയമിച്ചിട്ടുണ്ട് - അതായത് ഒരാള്‍ക്കു 60 പശുക്കളുടെ ചുമതല. പശുക്കള്‍ക്ക് സമയാസമയം ആഹാരവും മരുന്നും കൊടുക്കുക, അവയെ കുളിപ്പിക്കുക, തൊഴുത്തു വൃത്തിയാക്കുക തുടങ്ങിയ ജോലികളാണ് ഇവര്‍ ചെയ്യേണ്ടത്.
(4) നാല്‍പ്പതുകാരിയായ ആസിയ ഖാന്‍ (Asya Khan) എന്നു പേരുള്ള ഒരു മുസ്‌ളീം വനിതയും അവരുടെ കുടുംബവുമാണ് ഇതില്‍ 800 പശുക്കളെ പരിചരിക്കുന്നത്. ഗോസംരക്ഷണം അവര്‍ക്ക് ഒരു ജീവിതസപര്യയാണ്. ദാദ്രി കൊലപാതകത്തിനു ശേഷവും ഈ ജോലി ചെയ്യാന്‍ തനിക്കു ഭയമില്ലെന്ന നിലപാടിലാണ് ആസിയ. ദാദ്രിക്കു സമീപമുള്ള മുസാഫര്‍നഗര്‍ വര്‍ഗ്ഗീയകലാപത്തില്‍ (2013) വീടും സ്വത്തും നഷ്ടപ്പെട്ട ആസിയക്ക് അങ്ങോട്ടു തിരിച്ചുപോകാന്‍ താല്‍പര്യമില്ല. ഗോശാലക്കാര്‍ നല്‍കുന്ന പ്രതിമാസ പ്രതിഫലമായ 20000 രൂപയാണ് ഈദിനു ആടിനെ ബലി കൊടുക്കുന്ന, റംസാനു നൊയമ്പു നോക്കുന്ന ആസിയയുടെ പ്രധാന വരുമാനമാര്‍ഗ്ഗം ((http://www.dailyo.in/…/beef-dadri-lynchin…/story/1/6594.html))
(5) പശുവിന്റെ മാസം ഭക്ഷിച്ചുവെന്നതിന്റെ പേരില്‍ ഹിന്ദുക്കള്‍ മുസ്ലീങ്ങളെ കൊല്ലുന്ന മോദിയുടെ ഇന്ത്യയില്‍ ആസിയഖാന്‍ ഒരത്ഭുതമാണ്. പക്ഷെ ദല്‍ഹിയിലെ ഏറ്റവും പ്രസിദ്ധമായ ഗോശാലയുടെ വിശദാംശമാണിത്. സര്‍ക്കാരിന്റെയും ലോകത്തിന്റെയും സജീവ ശ്രദ്ധ പതിയുന്ന ഇവിടെ സ്ഥിതി വളരെ ഭേദമാണ്. രാജ്യത്തെ പല ഗോശാലകളും ശരിക്കും പശുക്കളുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളാണെന്ന് വിലപിക്കുന്നത് ഭക്തര്‍ തന്നെയാണ്. ഏതാനും ലക്ഷം പശുക്കളെ മാത്രമേ രാജ്യമെമ്പാടുമുള്ള ഇത്തരം പാലിയേറ്റീവ് ക്ലിനിക്കുകളില്‍ പ്രവേശിപ്പിക്കാനാവൂ. മുപ്പതു കോടി വരുന്ന ഇന്ത്യന്‍ പശുക്കളെ സംരക്ഷിക്കാന്‍ ഗോശാലകള്‍ക്കു കഴിയുമെന്ന് പറയുന്നത് രാജ്യത്തെ മനുഷ്യര്‍ക്കെല്ലാം കൂടി ഇവിടെയുള്ള ആശുപത്രികളില്‍ ജീവിക്കാം എന്നു പറയുന്നതിലും അപഹാസ്യമാണ്.
(6) പക്ഷെ പശുരാഷ്ട്രീയക്കാര്‍ പളപളപ്പന്‍ പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. പഞ്ചാബിലെ അകാലിദള്‍-ബി.ജെ.പി സര്‍ക്കാര്‍ പശുപ്രേമികളെ തൃപ്തിപ്പെടുത്താന്‍ 22 ജില്ലകളിലും 25 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഗോശാലകളാണ് പശുക്ഷേമത്തിനായി നിര്‍മ്മിക്കാന്‍ തീരമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ 472 ഗോശാലകള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കാനും തീരുമാനിച്ചു. 2.69 ലക്ഷം പശുക്കള്‍ക്ക് ഇതിന്റെ ഗുണഫലം കിട്ടുമെന്നാണ് അവകാശവാദം. ഗോശാലക്കാര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ഒരാവശ്യമാണ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ സര്‍ക്കാര്‍ നിറവേറ്റിയിരിക്കുന്നത്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളെ മാത്രമാണ് ഗോശാലകളില്‍ പ്രവേശിപ്പിക്കുന്നത്. ജോഗി ഗ്രാമത്തില്‍ (Joga village) ഒരു ഗോസ്മാരകം (cow memorial) പണിയാന്‍ പഞ്ചാബ് സര്‍ക്കാര്‍ 2012 ല്‍ തീരുമാനിച്ചിരുന്നു. ലോകത്ത് ആദ്യമായിട്ടാണത്രെ ഇത്തരമൊരു സംരംഭം (ദ ടൈംസ് ഓഫ് ഇന്ത്യ - മേയ് 20, 2015).
(6) ഒരു സമ്പന്നസംസ്ഥാനത്തിനു കുറെക്കാലത്തേക്ക് ഇതൊക്കെ സാധ്യമായേക്കും. അഞ്ഞൂറോളം വരുന്ന ഈ ഗോശാലകള്‍ ഭാവിയില്‍ വരുമാനമില്ലാത്ത, സംഭാവനകള്‍ കൊണ്ടു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളാകുമെന്നുറപ്പാണ്. അലഞ്ഞു തിരിയുന്ന മൂരികളുടെയും കാളകളുടെയും കാര്യം വ്യക്തമല്ല. കേരളത്തിലെ ദേവസ്വംബോര്‍ഡുപോലെ ഗോശാലബോര്‍ഡു സ്ഥാപിച്ച് സ്‌ക്കൂളും ആശുപത്രിയും ഹോട്ടലുമൊക്കെയായി കച്ചവടത്തിനിറങ്ങിയാല്‍ ഒരുപക്ഷെ ഈ സംവിധാനം നിലനിറുത്താമെന്ന് ചിന്തിക്കുന്നവരുണ്ടാകും. പശുവിന്റെ കൃപ കൊണ്ട് ഐശ്വര്യമുണ്ടായെന്ന കഥയുമിറക്കാം. പക്ഷെ ഫണ്ടിന്റെ അഭാവമല്ല ഗോശാലകളെ പശുപീഡന കേന്ദ്രങ്ങളാക്കി മാറ്റുന്നതെന്ന് വ്യക്തമാണ്. പുണ്യവും ഐശ്വര്യവും കിട്ടുമെന്നു പരസ്യംചെയ്താല്‍ എത്ര വേണമെങ്കിലും വാരിയെറിയാന്‍ ഭക്തര്‍ തയ്യാറാണ്. പക്ഷെ അവിടെ പ്രായോഗികതയുടേതായ പ്രശ്‌നങ്ങള്‍ ഉണ്ട്.
(7) ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ പതിനായിരക്കണക്കിനു പശുക്കളും കാളകളുമാണ് അലഞ്ഞുതിരിയുന്നത്. മാടുകള്‍ ഗതാഗതാ തടസ്സമുണ്ടാക്കുന്നത് സ്ഥിരം കാഴ്ചയാണ്. ചാണകവും മൂത്രവും റോഡുകളെ മലിനപ്പെടുത്തുന്നത് പശുഭക്തര്‍ക്ക് വിഷയമല്ലാതിരിക്കാം. ചിലവ വഴിയാത്രക്കാരെ കൊമ്പില്‍ കൊരുത്ത ചരിത്രവുമുണ്ട്. തെരുവു മാലിന്യങ്ങളും പ്ലാസ്റ്റിക്കും കടലാസും കുപ്പിച്ചില്ലുമൊക്കെയാണ് അവറ്റകള്‍ ഭക്ഷിക്കുന്നത്. തെരുവില്‍ ആഹാരമില്ലാതെ ചത്തു വീഴുന്ന പശുക്കള്‍ ഉത്തരേന്ത്യന്‍ നഗരങ്ങള്‍ക്കു അന്യമായ കാഴ്ചയല്ല. സത്യത്തില്‍ ഈ പശുക്കള്‍ ആരുടെയാണ്? പശുവിന് 25000-50000 വിലയുണ്ടെന്നിരിക്കെ ഇവ തെരുവിലെത്തുന്നത് ഉടമകള്‍ ഉപേക്ഷിക്കുമ്പോഴാണ്. പശുവിനെ ഉപേക്ഷിക്കുന്നവര്‍ക്കു ശിക്ഷ ഏര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണം നടത്താന്‍ പശുപ്രേമി സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് പരിവാര്‍ നേതാക്കള്‍ ചാനല്‍ മുറികളിലിരുന്നു വിളിച്ചു പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
(8) ഗോശാലകളെ സംബന്ധിച്ച ഒരു നേര്‍ചിത്രം കിട്ടാന്‍ തൊട്ടടുത്ത സംസ്ഥാനത്തിലേക്ക്‌ പോയാല്‍ മതി. ഗോവധം നിരോധിച്ചിട്ടുള്ള തമിഴ്‌നാടു പോലുള്ള സംസ്ഥാനങ്ങളില്‍ പശുക്കളുടെ എണ്ണം കുറയുകയാണ്. ക്ഷേത്രങ്ങളോടനുബന്ധിച്ചാണ് അവിടെ ഗോശാലകളുള്ളത്. അവയുടെ നടത്തിപ്പ് പരിതാപകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2013 ല്‍ മൃഗസംരക്ഷണ പ്രവര്‍ത്തകനായ രാധാരാജന്‍ എന്ന വനിത നല്‍കിയ പരാതിയില്‍ (WP 28793 & 28794 of 2013) തമിഴ്‌നാട്ടിലെ ക്ഷേത്ര-ഗോശാലകളുടെ സ്ഥിതിയെക്കുറിച്ച് പഠിച്ചു രണ്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ ഒരു മൂന്നംഗ കമ്മറ്റിയെ 2015 ഓഗസ്റ്റില്‍ തമിഴ്‌നാട് ഹൈക്കോടതി നിയമിക്കുകയുണ്ടായി. തമിഴ്‌നാട്ടിലെ എച്ച്.ആര്‍ & സി.ഇ വകുപ്പിന്റെ (Hindu Religious and Charitable Endowment /HR&CE) നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന ഗോശാലകളെക്കുറിച്ചാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
(9) പ്രസിദ്ധമായ തിരുവണ്ണാമലൈ ക്ഷേത്രത്തോടു (Annamalaiyar Temple in Thiruvannamalai)) അനുബന്ധിച്ചുള്ള ഗോശാലയില്‍ കുറഞ്ഞ കാലയളവിനുള്ളില്‍ പന്ത്രണ്ടിലധികം പശുക്കള്‍ ആഹാരവും പരിചരണവും ലഭിക്കാതെ ചത്തതിനെകുറിച്ച്‌ അന്വേഷിക്കണമെന്നായിരുന്നു രാധാരാജന്റെ പരാതി. 2013 ലാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ഹിന്ദുമുന്നണിയും മൃഗസ്‌നേഹികളും വിഷയം ഏറ്റെടുത്തു. ക്ഷേത്രത്തിനു മുന്നില്‍ നിരാഹാരസത്യാഗ്രഹം നടന്നു. അന്വേഷണത്തിനെത്തിയ ജില്ലാ മൃഗസംരക്ഷ കേന്ദ്രത്തിലെ (Arunachala Animal Sanctuary and Rescue Center) ഉദ്യോഗസ്ഥര്‍ ഞെട്ടിപ്പോയത്രെ. അതിസമ്പന്നമായ ഈ ക്ഷേത്രത്തിലേക്ക് പതിനായിരം രൂപ വരെ സംഭാവന നല്‍കികൊണ്ടാണ് പശുഭക്തര്‍ പശുക്കളെ ദാനംചെയ്തിട്ടുള്ളത്. സംഘം എത്തുമ്പോള്‍ മൊത്തം 105 പശുക്കളാണ് അവിടെ ഉണ്ടായിരുന്നത്. ഗോശാലയില്‍ സ്ഥലമുണ്ടെങ്കിലും മഴ നനഞ്ഞാണ് പശുക്കള്‍ പാര്‍ക്കുന്നതെന്നും അവ ഗുരുതരമായ തോതില്‍ ഭക്ഷണദൗര്‍ലഭ്യം നേരിടുന്നുവെന്നും സംഘം കണ്ടെത്തി. കഷ്ടിച്ച് 15 പശുക്കള്‍ക്കു തികയുന്ന ഭക്ഷണംകൊണ്ടാണ് 105 പശുക്കളെ തീറ്റിപ്പോറ്റിയിരുന്നത്.
(10) പരിചരണത്തിനാകട്ടെ ആകെ ഒരാള്‍ മാത്രം! പല പശുക്കള്‍ക്കും ആഹാരക്കുറവും രോഗവും കാരണം എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയുമായിരുന്നില്ല. മിക്കവയും ചവയ്ക്കാന്‍ പാടുപെട്ടു. പച്ച പുല്ല് ഒരിക്കലും കൊടുക്കാറില്ല.... ഇതു സമ്പന്നമായ ഒരു ക്ഷേത്രത്തിന്റെ കാര്യമാണ്. തമിഴ്‌നാട്ടിലെ ഗോശാലകളുടെ പൊതുസ്ഥിതി ഇതിലും മോശമാണ്. 2012 ല്‍ തമിഴ്‌നാട്ടിലെ HR&CE വകുപ്പ് നടത്തിയ ആഭ്യന്തര കണക്കെടുപ്പില്‍ തിരുച്ചെന്തൂര്‍ മുകുഗന്‍ ക്ഷേത്രത്തോട് (Thiruchendur Murugan Temple) അനുബന്ധിച്ചുള്ള ഗോശാലയില്‍ നിന്നും 5389 പശുക്കളെ കാണാനില്ലെന്നു കണ്ടെത്തുകയുണ്ടായി. സ്വകാര്യ ഗോശാലകളിലേക്ക് മാറ്റി പാര്‍പ്പിച്ചെന്നാണ് രേഖകളില്‍. പക്ഷെ അതില്‍ പരാമര്‍ശിക്കുന്ന പല ഗോശാലകളും കടലാസില്‍ മാത്രം! പശുക്കള്‍ എവിടെയെന്ന ചോദ്യത്തിനു ആര്‍ക്കും ഒരുത്തരവുമില്ല. പശുക്കളെ അധികൃതര്‍ തന്നെ അറവുകാര്‍ക്ക് വിറ്റെന്നു വാര്‍ത്തകള്‍ വന്നു (ദിനൈമലര്‍, നവമ്പര്‍ 30, 2012).
(11) തമിഴ്‌നാട്ടിലെ ചെറിയ ക്ഷേത്രങ്ങളില്‍ സ്ഥലസൗകര്യം കുറവായതിനാല്‍ ഏകീകൃത ഗോശാലകള്‍ നിര്‍മ്മിക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. പളനി, ശ്രീരംഗം, തിരുച്ചെന്തൂര്‍ എന്നിവിടങ്ങളില്‍ ഏകാകൃതഗോശാലകള്‍ വേണ്ടി വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. 2010 ഒക്‌ടോബറില്‍ തിരിച്ചെന്തൂരില്‍ നിര്‍മ്മിച്ച ഗോശാലയുടെ കാര്യം പഠിക്കേണ്ടതു തന്നെയാണ്. ധാരാളം പശുക്കളെ ഒരുമിച്ച് പരിചരിക്കാനായിരുന്നു അവിടെയും ലക്ഷ്യമിട്ടത്. പശുക്കളുടെ ആരോഗ്യനില നിരന്തരം പരിശോധിക്കാന്‍ വെറ്റെറിനറി ഡോക്ടര്‍മാരെയും ഏര്‍പ്പെടുത്തി. അവരുടെ ഗതാഗതത്തിനുംമറ്റുമായി വകുപ്പ് ഒരു ബൊലേറോ ജീപ്പും വാങ്ങി. പക്ഷെ ഇന്നവിടെ ചെന്നാല്‍ ഒരൊറ്റ പശു പോലുമില്ല. കാടും പടലും പിടിച്ചു ഉപയോഗശൂന്യമായി കിടക്കുന്ന ഗോശാല മദ്യപരുടെയും സാമൂഹികവിരുദ്ധരുടെയും അഴിഞ്ഞാട്ട കേന്ദ്രമാണ്. ഉദ്യോഗസ്ഥരാകട്ടെ ബൊലോറോ ജീപ്പില്‍ ഇപ്പോഴും കറങ്ങിയടിച്ചു നടക്കുന്നു - പശുവിന്റെ പേരില്‍.ഒരു കോടി രൂപയാണ് സര്‍ക്കാര്‍ ഈ പ്രോജക്റ്റിനായി ചെലവഴിച്ചത്.
(12) തിരുച്ചെന്തൂരിലെ ഗോശാല മാഹാത്മ്യം അങ്ങനെ അവസാനിക്കുന്നുവെങ്കില്‍ ശ്രീരംഗത്തിലെ വൈഷ്ണവ ദിവ്യ ക്ഷേത്രത്തിലെ(Sri Ranganathar Temple, Srirangam)) ഏകീകൃത ഗോശാലയുടെ കാര്യം ഇതിലും ദയനീയമാണ്. തമിഴ് വാരികയായ കുമുദം റിപ്പോര്‍ട്ടറുടെ 27.12.2007 ലെ സചിത്ര കവര്‍‌സ്റ്റോറി തന്നെ ഈ ക്ഷേത്രത്തിലെ ഗോശാലയെ കുറിച്ചായിരുന്നു. ഭക്തര്‍ ദാനംചെയ്യുന്ന പശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് കുറെയെണ്ണത്തെ ആഹാരംകൊടുക്കാതെ കൊല്ലുകയും രോഗംമൂലം മരിച്ചെന്നു രേഖയുണ്ടാക്കുകയുമാണ് അധികൃതര്‍ ചെയ്യുന്നതെന്ന് വാരിക കണ്ടെത്തി. ചത്ത പശുക്കളെ കുഴിച്ചിടാനായി കൊണ്ടുപോയി അവിടെവച്ച് കഷണങ്ങളായി വെട്ടി നുറുക്കി ഇറച്ചി മുഴുവന്‍ മാംസക്കച്ചവടക്കാര്‍ക്ക് കൈമാറും.
(13) ദിനംപ്രതി ഇങ്ങനെ രണ്ടുമൂന്നു പശുക്കളുടെ മാംസം ഈ ക്ഷേത്രത്തിലെ ഗോശാലയില്‍ നിന്നു കടത്തുമായിരുന്നുവെന്നാണ് കുമുദം റിപ്പോര്‍ട്ടറുടെ അന്വേഷണത്തില്‍ തെളിഞ്ഞത്. വകുപ്പധികൃതര്‍ ആഭ്യന്തര കണക്കെടുപ്പ് നടത്തിയപ്പോള്‍ ലിസ്റ്റിലുള്ള 105 പശുക്കളെ കാണാനില്ലെന്നു കണ്ടെത്തി. ലിസ്റ്റില്‍ പെടുത്താത്ത പശുക്കളുടെ കാര്യം പറയാനുമില്ല. സ്വഭാവികമായും വാരിക പറഞ്ഞതു സത്യമാണെന്നു തെളിഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പെട്ട ഈ ക്ഷേത്രത്തില്‍ ഇപ്പോഴും ഈ സ്ഥിതിവിശേഷം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
(14) ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന ക്ഷേത്രങ്ങളിലൊന്നായ പഴനി മുരുകക്ഷേത്രത്തിലെ ഗോശാല വിശേഷങ്ങളും ഭിന്നമല്ല. 240 ഏക്കറിലാണ് 2008 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഈ ക്ഷേത്രത്തോടു അനുബന്ധിച്ച ഏകീകൃത ഗോശാല പഴനി പട്ടണത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള സീമനംപട്ടിയില്‍ (ടലലാമിമാുമേേശ) സ്ഥാപിച്ചത്. വിവിധ ക്ഷേത്രങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പശുക്കള്‍ക്ക് വിശാലമായ മേച്ചില്‍പ്പുറവും മറ്റു ജീവിതസൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പ്രോജക്റ്റായിരുന്നു ഇത്. ആയിരക്കണക്കിനു പശുക്കള്‍ ഉണ്ടായിരുന്ന ഈ ഗോശാലയില്‍ 2014 മാര്‍ച്ച് ആയപ്പോഴേക്കും വെറും 9 കാലികള്‍(3 കാള, രണ്ടു പശു, 4 പശുക്കുട്ടികള്‍) മാത്രം ബാക്കിയായി.
(15) രേഖയനുസരിച്ച് 20 പേരാണ് ഗോശാലയിലെ ജീവനക്കാര്‍! പക്ഷെ ഒരാള്‍ മാത്രം സ്ഥലത്തുണ്ടാകും. കടുത്ത ജലദൗര്‍ലഭ്യം ഉള്ള മേഖലയാണിതെന്നു പറയപ്പെടുന്നു. പഴനി ക്ഷേത്രസംരക്ഷണസമിതി എന്നൊരു ഭക്തരുടെ സംഘടന ഈ വിഷയം ഏറ്റെടുത്തു അന്വേഷണം നടത്തി. ദാനംചെയ്യുന്ന ഓരോ പശുവിന്റെയും പേരില്‍ ഭക്തരില്‍ നിന്നും ആയിരം രൂപ വീതം ഈടാക്കുന്നുണ്ടെങ്കിലും മിക്ക പശുക്കളെയും സ്വയംസഹായ സംഘങ്ങള്‍ക്ക് രേഖകളില്ലാതെ കൈമാറുകയാണ് ചെയ്തിരുന്നതെന്ന് സമിതി കണ്ടെത്തി. സ്ത്രീ സ്വയംസഹായ സംഘങ്ങള്‍ക്ക്(self help societies) മാത്രം 300 പശുക്കളെ കൊടുത്തതിനു യാതൊരു രേഖയുമില്ല. സ്വയംസഹായസംഘങ്ങള്‍ക്കു കൊടുക്കുന്ന പശുക്കള്‍ക്ക് പിന്നെയെന്തു സംഭവിക്കുന്നുവെന്ന് എച്ച്.ആര്‍& സി.ഇ വകുപ്പ് അന്വേഷിക്കാറില്ല. സ്വയം സഹായസംഘങ്ങള്‍ക്ക് കന്നുകാലികളെ കൈമാറാനാണെങ്കില്‍ ഭക്തരില്‍ നിന്ന് നോട്ടച്ചെലവ് ഈടാക്കുന്നത് എന്തിനു എന്ന ചോദ്യം മരിക്കുന്നുമില്ല. 240 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഈ ഗോശാലയ്ക്കു വേണ്ടി തമിഴ്‌നാട് സര്‍ക്കാര്‍ 2008-2011 കാലയളവില്‍ 1.39 കോടി രൂപ (കൃത്യമായി പറഞ്ഞാല്‍ 1,39,27,176 രൂപ) ചെലവഴിച്ചിട്ടുണ്ട്!
(16) തമിഴ്‌നാട്ടിലെ പ്രസിദ്ധമായ രാമേശ്വരം ക്ഷേത്രത്തിനോടു അനുബന്ധിച്ചുള്ള ഗോശാലയുടെ പശുക്കളെ സംരക്ഷിക്കുന്ന രീതി മനസ്സിലാക്കാന്‍ ഈ വീഡിയോ കണ്ടാല്‍ മതി (https://www.youtube.com/watch?v=ZDAbRDVHbX4). മറ്റൊരു വമ്പന്‍ ക്ഷേത്രമായ സ്വാമി മലൈ മുരുഗന്‍ ക്ഷേത്രത്തില്‍ ഒരു വര്‍ഷം മുമ്പുവരെ ഗോശാല - ഇപ്പോഴില്ല. എവിടെയപ്പോയിട്ടുണ്ടാവും ആ പശുക്കളൊക്കെ? (കൂടുതല്‍ വായനക്കായി-http://indiafacts.co.in/cows-becoming-endangered-tamil-nadu/) തമിഴ്‌നാട്ടിലെ ഏതാനും പ്രസിദ്ധ ക്ഷേത്രങ്ങളോട് അനുബന്ധിച്ചുള്ള ഗോശാലകളുടെ കാര്യമാണിത്. മറ്റു പല ക്ഷേത്രങ്ങളിലും സ്ഥിതി എന്താണെന്നു ഊഹിക്കാം. ഇതു സംബന്ധിച്ച് ഡി.എം.കെ കാരെയും നാസ്തികരെയുമൊക്കെ പഴിചാരുന്ന വിശ്വാസികളുണ്ട്. അവര്‍ എന്തു ചെയ്തു എന്നുമാത്രം വ്യക്തമല്ല! രൂക്ഷമായ പശുഭക്തിയുള്ള ഭക്തര്‍ ചെലവു കാശും നല്‍കി ക്ഷേത്രത്തില്‍ ഉപേക്ഷിക്കുന്ന (ദാനം എന്നാണ് ഓമനപ്പേര്!) പശുക്കളുടെ കാര്യം ഇതാണെങ്കില്‍ ആരാധന കൊണ്ടു വീര്‍പ്പുമുട്ടാത്ത ഭക്തര്‍ നടത്തുന്ന ഗോശാലകള്‍ എങ്ങനെയുണ്ടാവും? ഗോശാലകള്‍ വഴി ഇന്ത്യയിലെ 30 കോടി പശുക്കളെ സംരക്ഷിക്കാമെന്നു വീമ്പടിക്കുന്നവര്‍ കുറഞ്ഞത് തമിഴ്‌നാടു വരെയെങ്കിലും ഒന്നു പോയി വരേണ്ടതാണ്. കൈവശം പശുവും കൊടുക്കാന്‍ പണവുമുള്ള ഭക്തജനം എന്തിനാണ് സര്‍വ്വാശൈ്വര്യ ദേവതയായ കാമധേനുവിനെ ഗോശാലയെന്ന പാലിയേറ്റീവ് ക്ലിനിക്കുകളിലേക്ക് പറഞ്ഞയക്കുന്നത്? പശുവിന്റെ പേരില്‍ മനുഷ്യന്റെ ജീവനെടുക്കുന്നതില്‍ അഭിമാനംകൊള്ളുന്ന മതജീവികള്‍ മറുപടി മൊഴിയുമോ?

No comments:

Post a Comment