Translate

Friday, September 4, 2015

"ദാസാ!" "വിജയാ!"

പറ്റിച്ചു കളഞ്ഞു;  9 ദിവസം സിനഡ് കൂടിയിട്ട് മുഴുവൻ തീരുമാനങ്ങളും അറിയാനുള്ള അവകാശം പോലും അത്മായനില്ലാതെ പോയല്ലൊ! തോന്നക്കൽ പഞ്ചായത്തു മുഴുവൻ ഞാനരിച്ചു പെറുക്കി നോക്കി. എല്ലാം കൂടി കാച്ചിക്കുറുക്കി എനിക്കു കിട്ടിയത് വെറും ഒരു പേജു പോലുമില്ലാത്ത കുറിപ്പുകൾ മാത്രം. ഒരു പ്രധാന വാർത്തയായി കണ്ടത് പട്ടയ വിതരണവുമായി ബന്ധപ്പെട്ടതായിരുന്നു. 1977നു മുമ്പുള്ളവർക്കു പട്ടയം കൊടുക്കണം, അവരുടെ നികുതി വാങ്ങണം എന്നതായിരുന്നു ആ വാർത്ത ........ ദൈവമേ! ഇതു പറയാൻ സിനഡ് വേണ്ടിയിരുന്നോ? സൂക്ഷിച്ചു നോക്കിയാൽ, അനധികൃതമായി വനം കൈയ്യേറിയവർക്കു വേണ്ടിയാണല്ലോ സഭ വാദിക്കുന്നതെന്നു കണ്ടപ്പോൾ ദു:ഖം തോന്നാതിരുന്നില്ല. 1977ന്റെ കനം എന്നു പറയുന്നത്, പുറമ്പോക്കുകളിലുള്ള കുരിശുപള്ളികളെല്ലാം അതിനു മുമ്പു തീർത്തതാണെന്നതായിട്ട് വായിക്കാം; മെയിൻ റോഡിലുള്ളതൊന്നും ഉടനെ മാറ്റാൻ ദ്ദേശ്യമില്ലെന്നും മനസ്സിലാക്കാം. മതതീവ്രവാദത്തിനെതിരേ നീങ്ങാൻ സിനഡ് തീരുമാനിച്ചു. ഇതെനിക്കു മനസ്സിലായില്ല. അക്രൈസ്തവരുടെ ആചാരങ്ങളെ ഇനി വിമർശിക്കുകയില്ലെന്നാണോ, അതോ ഓണം, വിഷു, ബക്രീദ് തുടങ്ങിയ ദിവസങ്ങളിൽ പള്ളികളിൽ വിശേഷാൽ പരിപാടികൾ ഉണ്ടായിരിക്കുമെന്നാണോ, അല്ലെങ്കിൽ ക്രിസ്ത്യൻ കുട്ടികളെ അന്യമതസ്ഥരുടെ വിദ്യാലയങ്ങളിൽ പഠിക്കാൻ അനുവദിക്കുമെന്നാണോ, ശബരിമല തീർത്ഥാടകർക്കു കൂവപ്പള്ളിയിൽ കഞ്ഞി വിതരണം നടത്തുമെന്നാണോ, കാവടി പോയ വഴിയിൽ ഹന്നാൻ വെള്ളം ഇനിമേൽ തളിക്കില്ലെന്നാണോ, 85 കഴിഞ്ഞ എമിറെറ്റ്സുകൾ മിണ്ടരുതെന്നാണോ, അന്യ മതസ്ഥരെ വിവാഹം കഴിക്കാമെന്നാണോ? ഒന്നും മനസ്സിലായില്ല; എന്റെ വിവരക്കുറവുകൊണ്ടായിരിക്കും. 

കർഷകരുടെ കൂടെ ഉറച്ചുനിൽക്കാനും സിനഡ് തീരുമാനിച്ചെന്നു കണ്ടു; അതെനിക്കു മനസ്സിലായി - വ്യവസായികളും രാഷ്ട്രീയക്കാരും പഴയപോലെ മെത്രാന്മാരെ സഹായിക്കുന്നില്ല, ദശാംശം കൃത്യമായി നൽകുകയും, ഹല്ലേലൂജാ മുറക്കു കൂവുകയും ചെയ്യുന്നവർ കർഷകർ മാത്രം (എ കെ സി സി യിലേക്കും വരേണ്ടത് അവരാണല്ലൊ). എങ്കിലും, സിനഡ് സമ്മാനം കൊടുത്താദരിച്ചത്, സിയാൽ എം.ഡി, വി. ജെ. കുര്യനെ. എമർജൻസി ടിക്കറ്റിൽ വിദേശങ്ങളിലേക്കു സ്ഥിരം പോകുന്ന മെത്രാന്മാർക്കല്ലേ നെടുമ്പാശ്ശേരിയിലെ വിമാനത്താവളത്തേയും അതിന്റെ നടത്തിപ്പുകാരെയുമെല്ലാം നമ്മളേക്കാൾ നന്നായറിയൂ. ഏതായാലും പല ജില്ലകളിലും ഇതുപോലെ ചില ആദരിക്കൽ പണികൾ നടക്കുന്നുണ്ടെന്നു ഞാനും കേൾക്കുന്നു. ഗലീലിയോ, മാർക്സ്, മുണ്ടശ്ശേരി, പൊൻകുന്നം വർക്കി, എ കെ ആന്റണി, കെ എം മാണി തുടങ്ങി അനേകരെ ആദരിച്ചുപോന്ന ചരിത്രം സഭക്കുണ്ടല്ലൊ!

സിനഡിന്റെ പ്രസ്താവന ഇങ്ങനെ പോകുന്നു: "ജന സമൂഹങ്ങൾക്കു മൂല്യബോധം പകർന്ന് ജനതകളൂടെ ദാസരും ശുശ്രൂഷകരുമായി മാറി ...... തുടർന്നും പ്രവർത്തിക്കണമെന്നു സിനഡ് ആഹ്വാനം ചെയ്തിരിക്കുന്നു. "എന്റെ പരദൈവങ്ങളേ! ഇത്രയും നാൾ ജീവിച്ചതു ദാസരും ശുശ്രൂഷകരുമായാണെന്നു പറയാൻ എങ്ങിനെ സിനഡിന്റെ നാക്കുപൊങ്ങി? ഒരെഴുത്തയച്ചാൽ മറുപടി തരുന്ന മെത്രാൻ ഇതിലില്ലായെന്നുതന്നെ പറയാം. ഞാൻ പറയുന്നതു സത്യമാണോന്നറിയാൻ ഒരെണ്ണം ആർക്കും അയച്ചു നോക്കാം. വിദേശനാടുകളിൽ ഇത്തരം അഹങ്കാരത്തിനു  ഡാഷ് ഡാഷ് എന്നർത്ഥമുള്ള ഒരു വാക്കാണ് പൊതുവേ ഉപയോഗിക്കാറ്. ഞങ്ങളൂടെ കുടുംബത്തു (സമുദായത്തിൽ) സമാധാനം ഉണ്ടാക്കണേയെന്നാവശ്യപ്പെട്ട് വത്തിക്കാനിലേക്കെഴുതിയ ക്നാനായാ സഹോദരനു പോലും മറുപടി പോസ്റ്റിൽ വന്നു - അന്വേഷണവും തുടങ്ങി. കാക്കനാട്ട് ദാസന്മാരുടെ മറുപടിക്കത്ത് ഏതെങ്കിലും അത്മായന് എന്നെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ അതു നിധിപോലെ സൂക്ഷിക്കുക. സഭാസ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവരുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും മനുഷ്യമഹത്ത്വം പരിഗണിച്ച് അവരെ ഉൾക്കൊള്ളണമെന്നും സിനഡ് ആവശ്യപ്പെടുന്നു (കോതമംഗലത്തു പ്രൊഫ. ജോസഫിനെ പരിഗണിക്കാൻ വേണ്ടി, അദ്ദേഹത്തിന്റെ ഇടവക പള്ളിയിൽ എല്ലാ മടയ ലേഖനങ്ങളും വായിക്കാതിരിക്കുന്നതു പോലെ).  ഈ പരിഗണന കാരണം പള്ളിശവക്കോട്ടക്കു പുറത്തു കുറച്ചു നാളെങ്കിലും കിടക്കേണ്ടി വന്ന എല്ലാ കേരളീയരും ആഹ്ലാദിക്കുക. ഇനി മേൽ എല്ലാവർക്കും പരിഗണന കിട്ടാൻപോകുന്നു. 

എന്നാ മെത്രാന്മാർ ഇതും കൂടി കേട്ടോ; ഇനിമേൽ മെത്രാൻദാസരുടെ പേരിനു മുമ്പിലുള്ള കർത്താവിനോ ശിക്ഷ്യന്മാർക്കൊ പോലുമില്ലാത്ത വിശേഷണങ്ങൾ ഞാനും എടുത്തു കളയുന്നു. കോട്ടൂർ സാറിന്റെ പിന്നാലെ ഞങ്ങളും കൂടുന്നു. ദാസർക്കിതിന്റെ ആവശ്യമില്ലല്ലോ! സിനഡ് വിശേഷം തീർന്നില്ല; പൊതു സമൂഹത്തിൽ സഭാമക്കൾ ചെയ്യുന്ന സേവനങ്ങൾ, നിർദ്ധനരായ രോഗികൾക്ക് ആഹാരം, പൊതിച്ചോറ്, ഹൃദയം തകർന്നവർക്കു കൗൺസലിംഗ്, കടക്കെണിയിൽ വീണവർക്ക് ആശ്വാസം എന്നിവയെല്ലാം സഭയുടെ മുഖം തെളിമയുള്ളതാക്കുന്നുവെന്നും സിനഡ് പറയുന്നു. പാലായിലെ കൈപ്പൻപ്ലാക്കലച്ചന്റെ അനാഥാലയം, ഞാറക്കലെ പള്ളിക്കൂടം തുടങ്ങി നിരവധി സ്ഥാപനങ്ങൾ രൂപതകൾ പിടിച്ചെടുക്കാൻ ശ്രമിച്ചതു തെളിമ കുറഞ്ഞെന്നു തോന്നിയതുകൊണ്ടാണെന്നു കരുതാം. ചുരുക്കത്തിൽ, സമൂഹത്തിൽ സാമൂഹ്യ പ്രവർത്തനം നടത്തുന്ന മാമ്മോദീസാ മുങ്ങിയ എല്ലാവരുടേയും പിതൃത്വം സഭ ഏറ്റെടുത്തു (എട്ടുകാലി മമ്മൂഞ്ഞു നാടിലുള്ള എല്ലാ അവിഹിത ഗർഭങ്ങളും ഏറ്റെടുത്തതുപോലെ). ഈ സഭ പക്ഷേ, സെന്റ്രൽ ജെയിലിൽ കഴിയുന്ന സഭാ മക്കളുടെ കാര്യവും പരാമർശിക്കുന്നില്ല, നികുതി വെട്ടിപ്പു നടത്തുന്ന സഭാ സ്ഥാപനങ്ങളുടെ കാര്യവും പറയുന്നില്ല, ഇടപ്പള്ളിക്കാര്യവും പറയുന്നില്ല, കുടുംബസർവ്വേ നടത്താതിരുന്ന കാര്യവും പറയുന്നില്ല. ളോഹയിട്ടു പുറത്തിറങ്ങുന്നവർ വൈദിക സാക്ഷ്യജീവിതത്തിന്റെ അടയാളമായി പെരുമാറണമെന്ന് സിനഡ് പറയുന്നു (ഇതു സമരക്കാരുടെ അടി കൊണ്ട വികാരിയും, അടികൊള്ളാനിരിക്കുന്ന വൈദികരും, സാക്ഷാൽ കൊച്ചുപുരക്കലച്ചനും അറിയുവാൻ വേണ്ടിയായിരിക്കണം). തൊപ്പി വെച്ചവരുടെ കാര്യവും കൂടി പറഞ്ഞിരുന്നെങ്കിൽ!

അടുത്ത വർഷം കരുണയുടെ വർഷമായി ആചരിക്കുന്നു, (ചിലപ്പോൾ മോനിക്കാമ്മക്ക് ഭൂമി തിരിച്ചു കിട്ടുമായിരിക്കും!). സനൽ ഇടമറുകിന്റെ പേരിലുള്ള കേസ് പിൻവലിക്കുമെന്ന് ഉറപ്പാക്കണ്ട, ലത്തീൻ കരുണക്ക് കടുപ്പം കൂടും. കോതമംഗലം, ഇടുക്കി പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കോട്ട്ടയം, തൃശ്ശൂർ, എറണാകുളം തുടങ്ങിയ രൂപതകളിലെ മെത്രാന്മാരും സിനഡിൽ ഉണ്ടായിരുന്നുവെന്നു കേട്ടു; സന്തോഷമായി! 9 ദിവസം നടന്ന സിനഡിന്റെ നടപടികൾ ഇത്രയൊക്കെയേ പുറത്തു വന്നതുള്ളൂവെങ്കിൽ, ഒരു കാര്യം ഉറപ്പിക്കാം, കാര്യങ്ങൾ മനസ്സിലാക്കാൻ വരികൾക്കിടയിലൂടെ വായിക്കേണ്ടിവരും. ആരെങ്കിലും വീടുവെഞ്ചരിപ്പിന്റെ കാറോസൂസാ കേട്ടിട്ടുണ്ടോ? നല്ല വിദ്യാഭ്യാസം കിട്ടാൻ, സമ്പത്തുണ്ടാവാൻ, ആരോഗ്യം ഉണ്ടാവാൻ.....ഇങ്ങിനെ 8 ഇനങ്ങൾ കഴിഞ്ഞാൽ ഒൻപതാമത്തേതും അവസാനത്തേതുമായി വരുന്നത് ശ്രദ്ധിച്ചു കേൾക്കണം. എല്ലാവർക്കും നല്ല മരണം കിട്ടാനാണ് ആ പ്രാർത്ഥന! അതായത്, ഒരു പുതിയ വീടു വെഞ്ചരിച്ചു കഴിഞ്ഞാൽ അച്ചനു നാലുകാശ് ആ വീട്ടിൽ നിന്നുറപ്പു വേണമെങ്കിൽ അവിടെ ആരെങ്കിലും മരിക്കണം (ഇത്രേം ബുദ്ധി സോളമനു പോലും ഉണ്ടായിരുന്നൊയെന്നു സംശയിക്കുന്നു). 

ഇത്രയും എഴുതി പോസ്റ്റ് ചെയ്തേക്കാമെന്ന് കരുതിയിരുന്നപ്പോഴാ കുര്യാച്ചൻ അമേരിക്കയിൽ നിന്നു വിളിക്കുന്നത്. അല്മായാശബ്ദം വെബ്സൈറ്റിൽ ചിക്കാഗോ മെത്രാന്റെ 2012 ലെ പ്രസംഗവും 2014 ലെ ഉത്തരവും അതിലുണ്ട് വായിക്കാതിരിക്കരുത് എന്നു പറഞ്ഞതുകൊണ്ട് ഞാൻ സൈറ്റിൽ പോയി നോക്കി. ഭയങ്കരം! ക്നാനായാ ശുദ്ധരക്തക്കാർക്കു വേണ്ടി മാത്രം പള്ളി അനുവദിക്കുക സാധ്യമല്ലെന്നും അങ്ങിനെ റോമിൽ നിന്നുത്തരവുണ്ടെന്നും, സഭയുടെ നയവും അതു തന്നെയാണെന്നും, അന്യമതത്തിൽ നിന്നു വിവാഹം കഴിക്കുന്നവരെ പുറത്താക്കുകയെന്നതു കുടുംബങ്ങളെ നശിപ്പിക്കുന്ന സഭാവിരുദ്ധ ഇടപാടാണെന്നും അസന്ദിഗ്ദമായി പറയുന്ന വീഡിയോ ആദ്യം. അതു കഴിഞ്ഞു രൂപതയുടെ സീൽ പതിപ്പിച്ച കത്തിൽ, ഇനി മേൽ അന്യമതത്തിൽ നിന്നും വിവാഹം കഴിക്കുന്നവർ പുറത്ത് എന്നു പറയുന്ന ഔദ്യോഗിക കത്തും. രണ്ടു പറയാം എന്നു കരുതിയപ്പോൾ, സക്കറിയാസ് സാറിന്റെ ഒരു കമന്റ് അതിന്റെ അടിയിൽ കിടക്കുന്നു, 'കർത്താവേ ഈ മന്ദബുദ്ധിയെ രക്ഷിക്കണേ'യെന്ന പ്രാർത്ഥനയോടെ, പിറകേ സുകൃതജപങ്ങളുടെ ഒരു കൊച്ചു ലുത്തിനിയായും. ആ കൊച്ചിന് അതു മതി! കാലിഫോർണിയായിൽ ഇഷ്ടം പോലെ മുന്തിരിയും സ്വർണ്ണവും വിളയുന്നു, ജലം അപൂർവ്വ സാധനമായി മാറുന്നു. അവിടുള്ളവർ വീഞ്ഞു വെള്ളമാക്കണേയെന്നു കർത്താവിനോട് പ്രാർത്ഥിക്കുന്നു; ചിക്കാഗോക്കാർ മെത്രാനെ കപ്യാരാക്കണേയെന്നും പ്രാർത്ഥിക്കുന്നു. ലൂസിഫർ കാലം, അല്ലാതെന്തു പറയാൻ?

ഞങ്ങളുടെ കാഞ്ഞിരപ്പള്ളി മെത്രാനെ ഇപ്പോൾ സന്ധ്യാപ്രാർത്ഥന ഉൽഘാടനം ചെയ്യാൻ വിളിച്ചാലും അവയിലബിളാണെന്നു തോന്നുന്നു. പണ്ടിങ്ങനെ ആയിരുന്നില്ല (ബ്ലോഗ്ഗുകാരുടെ ഒരു പണി!) അദ്ദേഹം പത്തനംതിട്ടയിലെ ഫൊറോനാ സമിതിയുടെ പ്രവർത്തനോൽഘാടനം നിർവ്വഹിച്ചുകൊണ്ടു പറഞ്ഞത്, സകല മനുഷ്യർക്കും നന്മ ചെയ്യാൻ കടപ്പെട്ടവരാണു ക്രൈസ്തവർ എന്നാണ്. ഒരിക്കലും ചിരിച്ചിട്ടില്ലാത്ത കർത്താവിനേപ്പോലും ഇവരെല്ലാവരും കൂടി കുടുകുടെ ചിരിപ്പിക്കും! സഭാപിതാവായ എറെണിയൂസ് മെത്രാൻ പറഞ്ഞതു പോലെ, ഉപദേശിക്കുന്നവർ നരകത്തിലും കേൾക്കുന്നവർ സ്വർഗ്ഗത്തിലും ആകാതിരുന്നാൽ മതിയായിരുന്നു.

1 comment:

  1. ശിശു സഹജമായ ജിജ്ഞാസയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ ഇന്ന് നടത്തിയ ഒരു പ്രഭാഷണം www.almayasabdam.com ൽ കണ്ടതേ വളരെ സന്തോഷത്തോടെ അതിനൊരു ചെറിയ കമന്റും ഇട്ടതിനു ശേഷമാണ് റോഷന്റെ ഈ അനന്യമായ വിലയിരുത്തൽ വായിച്ചത്. അതിലും ഇതിലും വിഷയം നമ്മുടെ അഭിവന്ദ്യന്മാരുടെ 9 ദിവസത്തെ സിനഡ് എന്ന തമാശയെ ചുറ്റിപ്പറ്റിയായിരുന്നു എന്നതിനാൽ അതേ കമെന്റ് ഇവിടെ പകർത്തുകയാണ്.
    Astonishment is what makes us childlike. And child-likeness is what Jesus praised as the only virtue or state of mind that makes us see God (enter heaven). It is astonishment that makes us enjoy the nature, see the beauty around us. When we lack this virtue, we are no more kids, but grown ups, and that is the beginning of the end of life. This pope is bringing home to us the very basic things that we need, if we want to enjoy life. It is quite astonishing why none of our prelates ever says anything like it. That means they are all old men, and useless junk. They don't see any need for a change in the church. Nothing astonishes them. That's why nothing happened in the bishops' synod that ended on the 29th of last month. Even that doesn't astonish them, because this has been happening over and over in the past years. If at all our Pope gets a chance he would really call them old junks! Even if one of them happens to read this talk of the Pope or this comment, he wouldn't in the least be astonished!

    ReplyDelete