Translate

Friday, September 4, 2015

പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു ജനത്തിനായി, വീണ്ടും..... ഒരിക്കല്‍ക്കൂടി

അതിരമ്പുഴയുടെ മനഃസാക്ഷി

അതിരമ്പുഴ പള്ളിയുടെ ബഹുമാന്യനായ കോട്ടയിലച്ചന്‍, ചെറിയ പള്ളിയിലും, സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലും നടന്ന മോഷണശ്രമങ്ങള്‍ക്ക് എതിരെ ചന്തചുറ്റി ഒരു പ്രകടനം നയിക്കുകയുണ്ടായി. ചെറിയ പള്ളിയുടെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നും ഒന്നും കിട്ടാതെ വന്നതുകൊണ്ടാവാം,  ഗേള്‍സ് ഹൈസ്‌കൂളില്‍ പ്രവേശിച്ചത്. യാതൊന്നും നഷ്ടപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക്, ഈ അപഹരണശ്രമം ചെറിയ നാണയത്തുട്ടുകള്‍ക്കുവേണ്ടി മാത്രമായിരുന്നു എന്നാണ് മനസ്സിലാവുന്നത്. നമ്മുടെ പള്ളിയും പരിസരവും ക്യാമറാനിരീക്ഷണത്തിലായിട്ടുപോലും ഇങ്ങനെ സംഭവിക്കുന്നതില്‍ എന്തോ പന്തികേടില്ലേ?
    തീര്‍ത്തും നിസ്സാരനായ ഒരു കാല്‍ക്കള്ളന്‍ മോഷ്ടാവിനെതിരെ ഇടവകാംഗങ്ങളെ അണിനിരത്തിയ വികാരിയച്ചന്റെ നടപടിയില്‍ ഒട്ടുംതന്നെ ആത്മാര്‍ത്ഥതയില്ല എന്നതല്ലേ സത്യം. നേര്‍ച്ചപ്പെട്ടികളില്‍ നിന്നും മോഷണം പല പള്ളികളില്‍ നടക്കാറുണ്ടെങ്കിലും ഭൂരിപക്ഷം വികാരിമാരും  ഇതൊന്നും ഗൗരവമായി എടുക്കാറില്ല. ഈ അടുത്തകാലത്ത് ചങ്ങനാശ്ശേരിയിലെ  ഒരു പള്ളിയില്‍ ഓസ്തികള്‍ വലിച്ചെറിയുകയും മദബഹാ വികൃതമാക്കുകയും ചെയ്തിരുന്നു. പക്ഷേ ആ പള്ളി വികാരി പൊതുജനപ്രക്ഷോഭവും പ്രകടനവും നടത്തുന്നതില്‍ നിന്നും വിശ്വാസികളെ പിന്‍തിരിപ്പിക്കുകയാണുണ്ടായത്. അതിരമ്പുഴ ഇടവകയില്‍ നടന്ന എത്രയെത്ര കിരാതവാഴ്ചകളില്‍, എത്രയെത്ര തിന്മ പ്രവൃത്തികളില്‍ നമ്മുടെ വികാരിയച്ചന്‍ പ്രതിഷേധത്തിന്റെ ശബ്ദമുയര്‍ത്തേണ്ടിരുന്നു, വിശ്വാസികളെ ഉണര്‍ത്തേണ്ടിയിരുന്നു, യോഗം ഉദ്ഘാടനം ചെയ്യാന്‍ കാല്‍ക്കള്ളന്‍ പിടുത്തത്തില്‍ അഗ്രഗണ്യനായ പെരിയ ബഹു. മാണിയച്ചനെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ കാലത്തെ അസംഖ്യം കൈക്കാരന്മാരുടെ സാന്നിദ്ധ്യം ആ കുറവ് ഇല്ലാതാക്കി.
    മാണിയച്ചന്റെ നേതൃത്വത്തിലുള്ള ഒരു ഗൂഡസംഘത്തിന്റെ കുത്സിത ശ്രമത്തിന്റെ ഭാഗമായാണ് കൃഷിഭവന്‍ തകര്‍ക്കപ്പെട്ടത് എന്നാണ് ഇന്നും നാട്ടുകാരും വിശ്വാസികളും വിശ്വസിക്കുന്നത്. നേഴ്‌സറി കുട്ടികളുടെ പാഠ്യപുസ്തകങ്ങളും പഠനോപകരണങ്ങളും കെട്ടിടം തകര്‍ന്നപ്പോള്‍ നശിപ്പിക്കപ്പെട്ടു. ഇപ്പോഴത്തെ വികാരിയുടെ ശ്രമഫലമായി  പള്ളിക്കെതിരെ കൊടുത്തിരുന്ന കേസും പിന്‍വലിക്കപ്പെട്ടു. പക്ഷേ, പള്ളിമുതലിന്റെ  സംരക്ഷകരെന്ന നിലയില്‍ മാണിയച്ചനും ആ കാലത്തെ കൈക്കാരന്മാര്‍ക്കും  അവര്‍ പള്ളിക്കുണ്ടാക്കിയ നഷ്ടത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. പക്ഷേ  ഈ പൗശാചികവും, നിന്ദ്യവുമായ പ്രവൃത്തിക്കെതിരെയോ, ഇതിനു ചുക്കാന്‍ പിടിച്ചവര്‍ക്കെതിരെയോ, അതിരമ്പുഴയിലെ നല്ലവരായ ഇടവകജനം പ്രതിഷേധിക്കുകയോ, റാലി സംഘടിപ്പിക്കുകയോ ചെയ്തില്ലെന്നു മാത്രമല്ല, സ്വയം കണ്ണടച്ചിരുട്ടാക്കുകയും മനസ്സില്‍ നിന്നുപോലും ഈ പൈശിചികത മായിച്ചു കളയുകയും ചെയ്തു.
    അതിരമ്പുഴയില്‍ നടന്ന മറ്റൊരു നശിപ്പിക്കലിനെപ്പറ്റി, ഇടവക ജനങ്ങളില്‍  പലരും അറിഞ്ഞിട്ടുണ്ടാവില്ല. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ കള്ളന്‍ കയറി മേശകളും കസേരകളും, ബ്ലാക്ക് ബോര്‍ഡുകളും സീലിംഗ് ഫാനുകളും നശിപ്പിക്കുകയും സ്‌കൂളിന് വലിയ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തു. വികാരിയച്ചന്‍ ഈവിവരം പള്ളിയില്‍വിളിച്ചുപറയുകയോ പോലീസില്‍ പരാതിപ്പെടുകയോ ചെയ്തില്ല.
    തിരഞ്ഞെടുക്കപ്പെട്ട ഓഡിറ്റര്‍മാരുടെ നിയമനം റദ്ദാക്കുകവഴി പള്ളിയുടെ കോടിക്കണക്കിനു പണം തിരിമറി നടത്തിയിട്ടുണ്ടെന്ന്, വികാരിയച്ചനും മാണിയച്ചനും ആര്‍ച്ച് ബിഷപ്പും സമ്മതിച്ചുകഴിഞ്ഞു. ആര്‍ച്ച് ബിഷപ്പിന്റെ ഈ നിയമന റദ്ദാക്കല്‍ സിവില്‍ നിയമങ്ങള്‍ക്കും കാനന്‍ നിയമത്തിനുതന്നെയും എതിരാണെന്നറിയാമായിട്ടും, അതിരമ്പുഴയിലെ ശക്തരായ വിശ്വാസസമൂഹം, അവരുടെ അവകാശങ്ങളിന്മേലുള്ള പുരോഹിതരുടെ ഈ നഗ്നമായ കടന്നുകയറ്റം കാണാന്‍ കൂട്ടാക്കുകയോ സത്യത്തിനായി നിലകൊള്ളുകയോ, റാലികള്‍ സംഘടിപ്പിക്കുകയോ ശക്തമായി പ്രതിഷേധിക്കുകയോ  ചെയ്യാതെ നിശബ്ദരായി അവരുടെ  സഹനശക്തി തെളിയിച്ചിരിക്കുന്നു.
    മാണിയച്ചന്‍ നശിപ്പിച്ച നടപ്പുവഴി പുന:സ്ഥാപിക്കാന്‍ പൊതുയോഗം കഴിഞ്ഞ നവംബറില്‍  തീരുമാനിച്ചിരുന്നു. പക്ഷേ ഇന്നും ആ തീരുമാനം ഒരു മരീചികയായി അവശേഷിക്കുന്നു. നടപ്പുവഴിയും സ്റ്റേഡിയത്തിനു കിട്ടാനുള്ള 22.5 ലക്ഷം  ഗ്രാന്റുമായി അഭേദ്യബന്ധമുണ്ടെന്നാണ് വികാരിയച്ചന്‍ പറയുന്നത്. സത്യസന്ധമായ ഒരു കണക്കും കാണിക്കാനില്ലാത്തതുകൊണ്ട് പള്ളിതന്നെ ഈ തുക  ഉപേക്ഷിച്ചു എന്നറിയാമായിട്ടും ആ വഴിയുടെ ഉപഭോക്താക്കള്‍ക്കുപോലും ഈ നീണ്ടു നീണ്ടുപോകുന്ന ദുഷ്‌ചെയ്തികള്‍ക്കെതിരെ പ്രതികരിക്കാനോ ശക്തമായ തീരുമാനമെടുക്കാനോ അപലപിക്കാനോ തുനിഞ്ഞിട്ടില്ല.
    ഞങ്ങളുടെ ശ്രമഫലമായി പാര്‍ക്ക് ചെയ്യുന്നതിനായി സ്റ്റേഡിയം കുറച്ചുനാളത്തേക്ക് തുറക്കുകയുണ്ടായെങ്കിലും ഏതോ നിസ്സാര കാരണം പറഞ്ഞ് വിശ്വാസികള്‍ക്ക് പാര്‍ക്കിംഗ് വീണ്ടും നിഷേധിച്ചു. നമ്മുടെ സ്റ്റേഡിയം  കണ്‍വന്‍ഷനുകളും, എക്‌സിബിഷനുകളും, ഫെസ്റ്റുകളും  നടത്തുന്നതിന് കുഴിക്കാം. അവിടെ ഉണക്കമീന്‍ വരെ വില്‍ക്കാം. പക്ഷേ, വിശ്വാസികളുടെ കാറുകള്‍ പാര്‍ക്ക് ചെയ്താല്‍ അത് നശിച്ചുപോകും!! വിശ്വാസികളുടെ സ്വന്തമായ സ്റ്റേഡിയം  മുന്‍ വികാരിയുടെ നിര്‍ദ്ദേശപ്രകാരം, അവര്‍ക്ക് നിഷേധിച്ചെങ്കിലും നമ്മുടെ വികാരിയച്ചന്റെ ഈ പ്രവൃത്തിയെ നിശിതമായി വിമര്‍ശിക്കണമെന്ന് ഇതുവരെ വിശ്വാസ സമൂഹത്തിന് തോന്നിയിട്ടില്ല.
    പള്ളിക്കണക്കുകളിലെ ഭൂരിപക്ഷം തിരിമറികളും അപ്രധാനമെന്ന് കരുതിയാല്‍ പോലും നമ്മള്‍ കൊടുക്കുന്ന നേര്‍ച്ചപ്പണത്തിന് പ്രാധാന്യം കൊടുത്തേ മതിയാവൂ. നേര്‍ച്ചപ്പണം പൂര്‍ണ്ണമായും ജീവകാരുണ്യപ്രവര്‍ത്തനത്തിനാണ് വിനിയോഗിക്കേണ്ടത്. വെറും 73000 രൂപയില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍  ഒതുക്കിയ നമ്മുടെ വികാരിയച്ചന്റെ ധാര്‍മ്മികതയെ ചോദ്യം ചെയ്യുവാനോ, കൈക്കാരന്മാരെ ശാസിക്കുവാനോ, നമ്മള്‍ ഇനിയും തീരുമാനിക്കേണ്ടിയിരിക്കുന്നു.
    പണമാണ് ദൈവരാജ്യത്തിന്റെ പ്രതീകം എന്നാണ് വികാരിയച്ചന്റെ വാക്കുകളും പ്രവൃത്തികളും സൂചിപ്പിക്കുന്നത്. ചാപ്പലും സ്‌കൂളുകളും പുനരുദ്ധരിക്കുവാനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണദ്ദേഹം. നമ്മള്‍ ഈയിടെ നടത്തിയ മോചനയാത്രയുടെ ലക്ഷ്യം തന്നെ, സാമ്പത്തിക പരാധീനതയിലായ ഒരു സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ഭരണതലത്തില്‍ എത്തിക്കുക എന്നതായിരുന്നു. അതിരമ്പുഴ പള്ളി താങ്ങാനാവാത്ത കടക്കെണിയിലാണ്. മൂന്നു വര്‍ഷംമുമ്പുമാത്രം നവീകരിച്ച ഒരു ചാപ്പല്‍ വീണ്ടും നവീകരിക്കേണ്ടതില്ല. സാമ്പത്തിക ഭദ്രത കൈവരിക്കുന്നതുവരെം ഇവിടെ ഒരു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ അനുവദിച്ചുകൂടാ. വിവേകം തൊട്ടുതീണ്ടിയിട്ടില്ലാത്ത വികാരിയുടെ ഇത്തരം ചിന്തകള്‍ക്ക് വിരാമമിടാന്‍ നട്ടെല്ലു വളഞ്ഞ നമ്മുടെ സമൂഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
    സ്‌കൂളുകള്‍ പള്ളിയുടെ തന്നേ സ്വത്തായതിനാല്‍ അതിന്റെ സംരക്ഷണവും പള്ളിയില്‍ നിക്ഷിപ്തമാണ്. പള്ളിയുടെ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ അതിനുള്ള തുക നീക്കിവച്ചിട്ടുമുണ്ട്.നമ്മുടെ സ്‌കൂളുകളിലെ അദ്ധ്യാപകരും അനധ്യാപകരും ആദരിക്കപ്പെടേണ്ടവരാണ്. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അവരെ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു സമൂഹത്തിലേയ്ക്ക് പിരിവെന്ന പള്ളിയുടെ ഭിക്ഷാപാത്രവുമായി അയയ്ക്കുമ്പോള്‍ നാം അവരെ നിന്ദിക്കുകയാണ് ചെയ്യുന്നത്. സെന്‍സസ് കണക്കനുസരിച്ച് ഏറ്റവും കുറവ് തെണ്ടികള്‍ കേരളത്തിലാണ് . സീറോമലബാര്‍സഭയുടെ ഇരക്കലുകളും തെണ്ടലും, പിച്ചപിരിക്കലും സെന്‍സസ് കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവില്ല. ഉത്തരേന്ത്യയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളാണ് തന്റെ ലക്ഷ്യമെന്ന് സിറിയക് അച്ചന്‍ പലപ്രാവശ്യം  സൂചിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഒരു ജനതയുടെ ഇടയിലേക്ക് പിച്ചപ്പാത്രവുമായി നടത്തുന്ന ഈ പുതിയ  'മിഷനെ'തിരെ വിശ്വാസസമൂഹം  ഇനിയും ചാട്ടവാറെടുത്തിട്ടില്ല.
    വികാരി, തന്റെ കപടത  നിറഞ്ഞ സ്‌നേഹത്തിന്‍രെയും സാന്ത്വനത്തിന്റെയും, മനുഷ്യത്വത്തിന്റെയും തിരുവസ്ത്രം അഴിച്ചുമാറ്റി, മാണിയച്ചന്‍ ഉപേക്ഷിച്ചുപോയ തിന്മയുടെ മേലങ്കി അണിഞ്ഞുകഴിഞ്ഞു. അല്ലെങ്കില്‍ അമ്മ മരിച്ച വിവരം അറിയിക്കുവാന്‍ വന്ന വിശ്വാസിയോട്, 'കൊച്ചച്ചനോട് ചെന്ന് പറയു' എന്ന് പറയുമോ? ആ അമ്മയുടെ വിയോഗത്തില്‍ വിഷമം പ്രകടിപ്പിച്ചില്ല. മകന്റെ വേദനയില്‍ ആശ്വസിപ്പിച്ചില്ല, നഷ്ടത്തില്‍  സാന്ത്വനം നല്‍കിയില്ല - അധ്യാത്മികയുടെ ലോകത്തുനിന്നും പൂര്‍ണ്ണമായ ഒരു വിടവാങ്ങല്‍. അതിരമ്പുഴയുടെ  വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നിക്ഷിപ്തമാണെന്ന് അറിയാമായിട്ടും, അത്തരം ചടങ്ങുകളില്‍ വികാരി അധ്യക്ഷം വഹിക്കുന്നത് മതേതരത്വത്തിനു വെല്ലുവിളിയാണ്.  മുന്‍കൂട്ടി  സമയം നിശ്ചയിച്ചു മാത്രം വിശ്വാസികളെ  കാണുന്ന വികാരിക്ക് ആധ്യാത്മികം  ഒഴികെ മറ്റെന്തിനും സമയമുണ്ട്. ആത്മീയത വഴിവക്കില്‍ ഉപേക്ഷിച്ച് പണത്തിനും പ്രശക്തിക്കുംവേണ്ടിയുള്ള പ്രയാണം അദ്ദേഹം ആരംഭിച്ചു കഴിഞ്ഞു.  പുറംപോക്കിലായ മാണിയച്ചന്റെ കാലത്തെ തിന്മകള്‍ വീണ്ടും അകത്തളങ്ങളില്‍ പ്രവേശിച്ച് വികാരിയച്ചനിലെ എല്ലാ നന്മകളും നഷ്ടപ്പെടുത്തി. പള്ളിയുടെ ചുറ്റുപാടും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ 'സാത്താന്‍ ദൈവത്തിന്റെ ആലയത്തില്‍ പ്രവേശിച്ചു' എന്നു മനസ്സിലാകും. സ്‌നേഹത്തിന്റെയും സ്വാന്തനത്തിന്റെയും, കരുണയുടെയും കൊടുമുടികളിലൂടെയല്ലാതെ ഒരു വിശാസസമൂഹവും ഉണ്ടാകില്ല എന്ന സത്യം ഇടവകജനം ഇനിയും വികാരിയച്ചനെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.
    തീഷ്ണമായ ആത്മീയതയുള്ള ഒരു സമൂഹത്തിനുമാത്രമേ ജനനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനാകൂ. അതിരമ്പുഴയിലെ ഇടവകജനം അവരുടെ ആത്മീയതയെല്ലാം കൈവിട്ട് എന്തെങ്കിലും  വികാരമോ വിവേകമോ ഇല്ലാത്തവരായി  തീര്‍ന്നിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ട് മരണാസന്നരായ അവരില്‍ ഉല്‍കൃഷ്ടങ്ങളായ വാക്കുകളില്ല, തിന്മയുടെ പ്രതീകങ്ങളായ പൗരോഹിത്യത്തിനെതിരെയുള്ള ചിന്തകളില്ല , കാപട്യങ്ങള്‍ക്കെതിരെ  ഒരവസാന അങ്കത്തിനു ശക്തിയില്ല, വരുംതലമുറ ഇന്നത്തെ നമ്മുടെ നിശബ്ദതയെ ചോദ്യം ചെയ്യും എന്ന് മനസ്സിലാക്കാതെ, ഒന്നുറക്കെ ശബ്ദിക്കാന്‍പോലും കഴിയാത്തവരായി .....
    ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളില്‍ ളോഹയും ശിരോവസ്ത്രവുമില്ലാത്ത, സിനിമ കാണുന്ന, പാട്ടുകേള്‍ക്കുന്ന, നൈറ്റ് ഡര്‍ഫ് ചെയ്യുന്ന, നന്നായി പ്രാര്‍ത്ഥിക്കുന്ന, 21-ാം നൂറ്റാണ്ടിനു ചേര്‍ന്ന ആത്മീയതയുള്ള, ദരിദ്രരെ സഹായിക്കുന്ന ദിവ്യകാരുണ്യത്തെ സ്‌നേഹിക്കുന്ന, മറ്റുള്ളവരെ പരിഗണിക്കുന്ന, ക്ഷമിക്കുന്ന, നൃത്തം ചെയ്യുന്ന, കൂട്ടുകൂടുന്ന, സന്തുഷ്ടരായ,  ലോകത്തിന്റെ നന്മകളെ ആസ്വദിക്കാനറിയുന്ന വിശുദ്ധരെയാണ് നമുക്കാവശ്യം.




No comments:

Post a Comment