Translate

Wednesday, September 2, 2015

വിശ്വാസപരമായ നവീകരണവും ഘടനാപരമായ നവീകരണവും

റ്റി.റ്റി. മാത്യു, തകടിയേല്‍ 

2015 ജൂലൈ ലക്കം സത്യജ്വാലയില്‍നിന്ന്


സഭാനവീകരണത്തിന് രണ്ടു മുഖങ്ങളുണ്ടെന്നും, ഒന്ന് വിശ്വാസപരമായ നവീകരണവും, രണ്ട് ഘടനാപരമായ നവീകരണവുമാണെന്നും അതില്‍ ഘടനാപരമായ നവീകരണമാണ് കെ.സി.ആര്‍.എം. ഉദ്ദേശിക്കു ന്നതെന്നും 'സത്യജ്വാല'യുടെ 2015 മെയ് ലക്കം മുഖക്കുറിയില്‍ പറയുന്നു. സഭയും സമുദായവും രണ്ടാണ്. ഇവിടെ സമുദായപരിഷ്‌കരണമാണ് കെ.സി.ആര്‍.എം. ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോള്‍, 'കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനം' എന്നതിനു പകരം, 'കത്തോലിക്കാ സമുദായനവീകരണപ്രസ്ഥാനം' എന്നതാണ് കെ.സി.ആര്‍.എം-നു യോജിക്കുന്ന പേര്.

സഭ പഠിപ്പിക്കുന്ന ആത്മീയതയുടെ നിലനില്‍പ്പിനും വിശദീകരണത്തിനും പ്രചരണത്തിനുമാണ് ഘടനാപരമായ കാര്യങ്ങള്‍. അതുകൊണ്ടുതന്നെ സഭയുടെ ആത്മീയതയും അതോടനുബന്ധിച്ച ഘടനാരീതികളും ഒന്നിച്ചു പോകേണ്ടതുണ്ട്. ഇവിടെ സഭയെ സംബന്ധിച്ച് ഇവ രണ്ടും പരസ്പരപൂരകങ്ങളാണ്. ആത്മീയതയെയും അതോടനുബന്ധിച്ചുവരുന്ന ആചാരാനുഷ്ഠാനങ്ങളെയും വേര്‍തിരിച്ചെടുത്ത് ഒരു നവീകരണം സാദ്ധ്യമാണോ? സഭയില്‍ നിന്നുകൊണ്ട് മേല്‍പ്പറഞ്ഞ ഒരു ഘടകത്തിനു മാത്രമായി നവീകരണം നടത്തുവാന്‍ സാദ്ധ്യമല്ല. വിശ്വാസവും അതിന്റെ ഘടനാരൂപങ്ങളും സഭയുടെ ആകെമൊത്ത രൂപമാണ്.

കത്തോലിക്കാസഭാ നവീകരണപ്രസ്ഥാനത്തിന്റെ നയസമീപനങ്ങളെപ്പറ്റി ഇപ്പോള്‍ ഒരു സംവാദത്തിന് കാരണമായി വന്നിരിക്കുന്നത് 'കുരീപ്പുഴ മാതാ'വിന്റെ പ്രതിമാവണക്കമാണ്. കുരീപ്പുഴ ഇടവകക്കാര്‍ക്ക് സമരസമയത്തുതന്നെ പള്ളിപ്പരിസരത്തുനിന്നും മണ്ണില്‍ പൂണ്ടുകിടന്ന ഒരു മാതാവിന്റെ പ്രതിമ കിട്ടുന്നു. ഈ പ്രതിമ കഴുകിത്തുടച്ച് വണങ്ങി പ്രതിഷ്ഠിച്ച് പ്രത്യേകം പ്രാര്‍ത്ഥനയും എഴുതിയുണ്ടാക്കി, സമരവിജയത്തിനായി മുട്ടിപ്പായി പ്രാര്‍ത്ഥനയും നടത്തി. പ്രതിമയുടെ പടവും പ്രാര്‍ത്ഥനയും നവീകര ണപ്രസിദ്ധീകരണമായ 'സത്യജ്വാല'യില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഈയൊരു തിരക്കഥയെ ആധാരമാക്കിയാണ് ഇപ്പോഴത്തെ നയസമീപനസംവാദമുണ്ടായത്. ഇവിടെ പരമസത്യത്തെപ്പറ്റിയും ആപേക്ഷികസത്യത്തെപ്പറ്റിയും താല്‍ക്കാലികലക്ഷ്യത്തെപ്പറ്റിയും, ആത്യന്തികലക്ഷ്യത്തെപ്പറ്റിയും പറയുന്നു. കുരീപ്പുഴ പള്ളിസമരം ജയിക്കുകയും അതുവഴി പൗരോഹിത്യാധിപത്യം തകര്‍ക്കുകയുമായിരുന്നിരിക്കണം താല്ക്കാലികലക്ഷ്യം. ഈ ലക്ഷ്യം നേടുമ്പോള്‍, യേശുവിന് എതിര്‍സാക്ഷ്യം പറയുന്ന അന്ധവിശ്വാസങ്ങള്‍ക്ക് ആക്കം കൂടുന്നു. ഇവിടെ യേശുവിലേക്ക് എത്തിച്ചേരുവാനുള്ള എല്ലാ ആത്യന്തികലക്ഷ്യങ്ങളുടെയും വാതിലുകള്‍ അടച്ചുകളയുന്നതിനു പ്രേരണനല്‍കുന്നു. ഇവിടെ ഒരു സാമൂഹികതെറ്റിനു കൂട്ടുനിന്ന് താല്ക്കാലികലക്ഷ്യം നേടുന്നു. സമൂഹത്തെ ആത്യന്തികലക്ഷ്യത്തിലെത്തിക്കാന്‍ പറ്റാതെയും വരുന്നു.

നവീകരണപ്രസ്ഥാനക്കാര്‍ പൊതുവേ ബുദ്ധിജീവികളാണെന്ന ഒരു ധാരണ സാധാരണ ജനങ്ങള്‍ക്കുണ്ട്. അപ്പോള്‍ അവര്‍തന്നെ പ്രതിമാവണക്കത്തിനുംമറ്റും പ്രേരണനല്‍കുമ്പോള്‍, പ്രതിമാവണക്കത്തിനോട് ജനങ്ങള്‍ക്ക് ഒരാഭിമുഖ്യം തോന്നാനും ഇടയുണ്ട്. മാതാവിന്റെ രൂപവും അനുബന്ധപ്രാര്‍ത്ഥനയും പ്രസിദ്ധീകരിച്ചത് അതില്‍ വിശ്വാസമുണ്ടായിട്ടാണോ? അല്ല. കാരണം, നവീകരണക്കാരില്‍ 90%-ഉം ഇതിനൊക്കെ എതിരാണെന്ന് മുഖക്കുറിതന്നെ എഴുതി സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ഇവിടെ എതിര്‍ക്കേണ്ട ഒരു കാര്യത്തെ എതിര്‍ക്കാതെ, അതിനെ ഉപയോഗിച്ച് സാമാന്യജനങ്ങളെ തൃപ്തിപ്പെടുത്തി കാര്യം നേടുവാന്‍ തന്ത്രപൂര്‍വ്വം ശ്രമിക്കുന്നു. താല്‍ക്കാലികലക്ഷ്യത്തിനുവേണ്ടിയാണെന്നു പറയുമ്പോള്‍ത്തന്നെ-അതു തികച്ചും ഒരു വിശ്വാസവഞ്ചനകൂടിയാണ്. അതല്ലേ ശരി? താല്‍ക്കാലികലക്ഷ്യനേട്ടവും വിശ്വാസവഞ്ചനയും ഇവിടെ സമ്മിശ്രമായിട്ടു സമ്മേളിക്കുന്നു. ഇതിലെ ശരിതെറ്റുകള്‍ വായനക്കാര്‍ തീരുമാനിക്കട്ടെ.

            ആചാരാനുഷ്ഠാനങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ശക്തിയിലും പിന്‍ബലത്തിലുമാണ് പൗരോഹിത്യം ഇന്നും നിലനില്‍ക്കുന്നത്. ഇവരുടെയൊക്കെ തൊഴിലിനും ധനസമ്പാദനമാര്‍ഗ്ഗങ്ങള്‍ക്കും ആധാരമായ അനുഷ്ഠാനകര്‍മ്മങ്ങളൊക്കെ ഇല്ലാതായാല്‍ പള്ളിയും പട്ടക്കാരും ഒന്നുമല്ലാതാകും. യേശുവിലുള്ള യഥാര്‍ത്ഥ വിശ്വാസികള്‍ തുടര്‍ന്നും നിലനില്‍ക്കും, പള്ളിയും പട്ടക്കാരുമില്ലാതെ. കാരണം, യേശു പറയുന്നു: ''സത്യത്തിലും, അരുപിയിലുമാണ് ദൈവത്തെ ആരാധിക്കേണ്ടത്'', എന്ന്. ഈ തിരുവചനത്തിന്റെ പിന്‍ബലം പോരേ വിശ്വാസികള്‍ക്ക്? ഇവിടെ സഭയ്ക്കും നവീകരണപ്രസ്ഥാനക്കാര്‍ക്കും പ്രതിമാവണക്കം പ്രിയങ്കരമാകുന്നു. ഒരു കൂട്ടര്‍ക്ക് അതിജീവനത്തിന്; മറ്റേ കൂട്ടര്‍ക്ക് താല്‍ക്കാലികലക്ഷ്യപ്രാപ്തിക്ക്. ഇവിടെ സാമൂഹികപരിഷ്‌ക്കരണങ്ങളൊക്കെ അനാഥമാകുന്നു. സാമൂഹികതിന്മകള്‍ ഉയര്‍ന്നുവരുന്നു. ഇങ്ങനെയൊന്നും യേശു പ്രസംഗിച്ച ദൈവരാജ്യം ഭൂമിയില്‍ സംസ്ഥാപിതമാക്കുവാന്‍ കഴിയുകയില്ല.

മോണിക്കാവിഷയത്തെപ്പറ്റി മുഖക്കുറിയില്‍ പറയുകയുണ്ടായി. ഈ വിഷയത്തില്‍ കെ.സി.ആര്‍.എം-ഉം, ജെ.സി.സി-യും നടത്തിയ ഇടപെടല്‍ അങ്ങേയറ്റം വിജയമായിരുന്നു. പൗരോഹിത്യധാര്‍ഷ്ഠ്യത്തിനെതിരെ നീതിക്കുവേണ്ടിയുള്ള സമരമായിരുന്നു, അത്. ഈയുള്ളവനും പാലക്കാട്ടുനിന്നും കാഞ്ഞിര

പ്പള്ളിയിലെത്തി സഹകരിച്ചവനാണ്. നീതിക്കുവേണ്ടിയുള്ള ഒരു സന്ദേശം പ്രചരിപ്പിക്കുവാന്‍ അന്നത്തെ ധര്‍മ്മസമരത്തിനു സാധിച്ചു. എന്നാല്‍, അതിനു നേതൃത്വം കൊടുത്ത ചിലരെങ്കിലുമോ, പ്രാദേശികവിശ്വാസികളില്‍ ചിലരെങ്കിലുമോ, മരിയന്‍ ഭക്തരാണെന്നതിന്റെ പേരില്‍, താല്‍ക്കാലികലക്ഷ്യത്തിനുവേണ്ടി പ്രകടനത്തിനു മുന്‍പില്‍ മാതാവിന്റെ പ്രതിമയുമായി പോയിരുന്നെങ്കില്‍ കെ.സി.ആര്‍.എം-നെപ്പറ്റി സമൂഹം എന്തായിരിക്കും വിലയിരുത്തുന്നത്?

ഏതൊരു മതമാകട്ടെ, സിദ്ധാന്തമാകട്ടെ, രാഷ്ട്രീയപ്രത്യയശാസ്ത്രമാകട്ടെ, അവയുടെയൊക്കെ ആരംഭകാലത്ത് സംശുദ്ധമായിരിക്കും. പിന്നീട് നിലനില്‍പ്പിനും, താല്ക്കാലിക ലക്ഷ്യപ്രാപ്തിക്കും വളര്‍ച്ചയ്ക്കുംവേണ്ടി ആശയവിരുദ്ധരോടും വിരുദ്ധപ്രസ്ഥാനങ്ങളോടും സന്ധിചെയ്യുന്നു. അപ്പോള്‍ പ്രസ്ഥാനങ്ങള്‍ക്ക് മൂല്യശോഷണം സംഭവിക്കുന്നു. എല്ലാ മതങ്ങളുടെയും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും പരിണാമദിശകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യശോഷണത്തിന്റെ പരമ്പരയാണിത്. മതമെന്ന നിലയില്‍ ക്രിസ്തുമതവും രാഷ്ട്രീയപ്രസ്ഥാനമെന്ന നിലയില്‍ കമ്യൂണിസവും മാത്രംമതി ഇതിനുദാഹരണമായി. സമത്വസുന്ദരലോകം എന്ന മുദ്രാവാക്യവുമായി കേരളരാഷ്ട്രീയ രംഗത്തുവന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടി സ്വന്തം നിലയില്‍ 1957-ല്‍ ഭരണം കൈയാളി. കാലം പുരോഗമിക്കുന്തോറും സമത്വചിന്താഗതികള്‍ക്ക് പ്രസക്തി ഏറി വരേണ്ടതാണ്. അന്ന് പാര്‍ട്ടി തികച്ചും തത്വാധിഷ്ഠിതമായിരുന്നു. പിന്നീട് താല്‍ക്കാലികലക്ഷ്യത്തിനുവേണ്ടി തങ്ങളുടെ സിദ്ധാന്തങ്ങള്‍ക്കു കടകവിരുദ്ധമായ വര്‍ഗ്ഗീയകക്ഷികളുമായിപ്പോലും നീക്കുപോക്കുകളുണ്ടാക്കി, സന്ധിയുണ്ടാക്കി, ലയനമുണ്ടാക്കി. ഇവിടെ മൂല്യശോഷണമുണ്ടായി. അന്നത്തെ കമ്യൂണിസം ഇന്നില്ലാതായി. ഇത്രയും മഹത്തരമായ സിദ്ധാന്തങ്ങളും, ഘടനാപരമായ സംവിധാനക്രമങ്ങളുമുള്ള ഒരു ആഗോളപ്രസ്ഥാനത്തിന് ഇങ്ങനെയുള്ള അപചയങ്ങളുണ്ടായെങ്കില്‍, താല്‍ക്കാലികലക്ഷ്യത്തിനുവേണ്ടി തത്വങ്ങള്‍ ബലി കഴിച്ചു പ്രവര്‍ത്തിച്ചാല്‍ കെ.സി.ആര്‍.എം-നും ഇതുപോലെ സംഭവിച്ചുകൂടേ? നൂറ്റാണ്ടുകളായി കത്തോലിക്കാസഭ താല്‍ക്കാലികലക്ഷ്യങ്ങള്‍ക്കുവേണ്ടിയും ധനസമ്പാദനത്തിനുവേണ്ടിയും അധികാരത്തിനുവേണ്ടിയും യേശുവിനെ ഉപേക്ഷിച്ചു. അതും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. സഭയിലോ സമൂഹത്തിലോ ഉയര്‍ന്നുവരുന്ന അനാചാരങ്ങള്‍ക്കുനേരേ കൈചൂണ്ടി, അതു തെറ്റാണെന്നു പറയുവാനുള്ള ആര്‍ജ്ജവമല്ലേ ഏതുപുരോഗമനപ്രസ്ഥാനത്തിനും വേണ്ടത്? കുറഞ്ഞപക്ഷം അവയെ പ്രോത്സാഹിപ്പിക്കാതിരിക്കുകയെങ്കിലും ചെയ്യേണ്ടതല്ലേ? 'കെ.സി.ആര്‍.എം,' 'ജെ.സി.സി', 'കേരളാ കാത്തലിക് ഫെഡറേഷന്‍', 'ആള്‍ ഇന്ത്യാ കാത്തലിക് അസോസിയേഷന്‍' മുതലായ സംഘടനകളൊക്കെ സാമുദായികതിന്മകള്‍ക്കും പൗരോഹിത്യധാര്‍ഷ്ഠ്യത്തിനുമെതിരെ പ്രതികരിച്ചിട്ടുണ്ട്. അന്നൊന്നും, അവിടെയൊന്നും സമരത്തിനുവേണ്ടിയുണ്ടാക്കിയെടുത്ത ഒരു പ്രതിമയെയും മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചിട്ടില്ല. അത് അത്രയും നന്നായിയെന്നു കരുതുന്നു. 

താല്‍ക്കാലിക-ആത്യന്തികലക്ഷ്യങ്ങളെപ്പ റ്റിയും, പരമ-ആപേക്ഷികസത്യങ്ങളെപ്പറ്റിയുമുള്ള വിവാദങ്ങള്‍ മാറ്റിവച്ച്, നമുക്കെല്ലാവര്‍ക്കും വര്‍ത്തമാനകാലത്തില്‍ കണ്‍മുമ്പില്‍ കാണുന്ന കാര്യങ്ങളെക്കുറിച്ചു ലളിതമായി ചിന്തിക്കാം. കുരീപ്പുഴ പള്ളിക്കാരുമായുള്ള സമരവിജയത്തിനുവേണ്ടി ഒരു മാതാവിന്റെ പ്രതിമ കണ്ടെടുത്ത് അതിന് 'പരി. കെ.സി.ആര്‍.എം. മാതാ'വെന്നു പേരിട്ട് നേര്‍ച്ചപ്പെട്ടി വച്ച് വണങ്ങുന്നു. മറ്റു പല പള്ളികളിലും ഇതാവര്‍ത്തിച്ചാല്‍-? അവിടെ

യൊക്കെ ഉദ്ദിഷ്ടകാര്യം സാധിച്ച് സമരങ്ങള്‍ വിജയിച്ചാല്‍...? - വിശ്വാസികളില്‍ അതൊരു ഉറച്ച വിശ്വാസമായി മാറും. ഇതൊക്കെ ഒരു പതിവും, ശീലവുമായാല്‍? പ്രതിമാവണക്കത്തില്‍നിന്ന് പിന്മാറിവയവര്‍പോലും ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടേക്കാം. ''ദൈവം ആത്മാവാണ്. അവനെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും ആരാധിക്കണം''(യോഹ. 4:23-24) എന്ന ദൈവവചനമൊന്നും പുരോഹിതര്‍ അല്‍മായരോട് കൂടുതലായി പറയുകയില്ല. കാരണം, അനുഷ്ഠാനകര്‍മ്മങ്ങളും പൂജാദികര്‍മ്മങ്ങളും ആവശ്യമില്ലാത്ത സൂക്ഷ്മമായ ഒരു ദൈവസങ്കല്‍പ്പത്തെപ്പറ്റി അവര്‍ക്ക് ചിന്തിക്കാനേ പറ്റില്ല. ഇതൊന്നും അവര്‍ക്ക് മനസ്സിലാകാഞ്ഞിട്ടല്ല. തൊഴിലും ധനസമ്പാദനവും അധികാരവും ഇല്ലാതാകുന്നതുകൊണ്ടുമാത്രമാണ്. ഇവിടെയാണ് നവീകരണപ്രസ്ഥാനക്കാരുടെ പ്രസക്തി. മേല്‍ സൂചിപ്പിച്ച യേശുവചനം വിശ്വാസികളുടെ ഇടയില്‍ പ്രചരിപ്പിക്കണം. പുതിയ പുതിയ മാതാവുമാരുടെ പ്രതിമകള്‍ പ്രതിഷ്ഠിച്ച് പ്രാര്‍ത്ഥനയുണ്ടാക്കി പരസ്യംചെയ്ത് മനുഷ്യരില്‍ വീണ്ടും വീണ്ടും ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന നേരത്ത്, ദൈവാരാധന എങ്ങനെ നടത്തണമെന്നുംമറ്റും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയുംചെയ്താല്‍ അതൊരു സാമുദായികനന്മകൂടിയായിരിക്കും. പൗരോഹിത്യാധിപത്യത്തില്‍നിന്നും സാമാന്യവിശ്വാസികളെ അടര്‍ത്തിയെടുക്കുവാനും പറ്റും. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പടുകുഴിയില്‍ വീണുകിടക്കുന്നവരെ അവരായിരിക്കുന്ന അവസ്ഥയില്‍, അവരുടെ അവസ്ഥയെ പ്രകീര്‍ത്തിച്ചും അനുകൂലിച്ചും അനുഭാവം കാട്ടിയും മറ്റുള്ളവര്‍ക്ക് ഒതപ്പുണ്ടാക്കിയും സമയംകളയുന്ന നേരത്ത്, മുന്‍പറഞ്ഞ ബോധവല്‍ക്കരണം നടത്തി അവരെ നേരെയാക്കാന്‍ നോക്കണം. ഇവിടെയാണ് ആത്മീയമായും സാമൂഹികമായുമുള്ള നവീകരണം നടക്കുന്നത്. ഇതാണ് നവീകരണാശയക്കാരുടെ കടമയും ധര്‍മ്മവും. ഇതായിരിക്കണം, 'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാന'ത്തിന്റെയും നയസമീപനം.

ഫോണ്‍ : 9497632219
ഈ ലേഖനത്തിന് സത്യജ്വാല എഡിറ്റര്‍ ജോര്‍ജ് മൂലേച്ചാലില്‍ നല്കിയിരുന്ന മറുപടി നാളെ അല്മായശബ്ദത്തില്‍


No comments:

Post a Comment