Translate

Monday, August 31, 2015

കത്തോലിക്കാസഭയുടെ പത്തുമുറിവുകള്‍

ശ്രീ ജോസഫ് കാലായില്‍ 
പുസ്തകപരിചയം
കെ.കെ.ജോസ് കണ്ടത്തില്‍
വിശ്വാസികളുടെ കൂട്ടായ്മയാണ് സഭ എന്ന യാഥാര്‍ത്ഥ്യം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം അല്‍മായരില്‍ ദൃഢമാവുകയും, സഭാനവീകരണം എന്ന ആശയം ശക്തമാവുകയും ചെയ്തു. നവീകരണവുമായി ബന്ധപ്പെട്ട് പല അത്മായപ്രസ്ഥാനങ്ങളും പ്രവര്‍ ത്തനമാരംഭിച്ചു. ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. ഈ വഴിയിലെ ശക്തമായ, ശ്രദ്ധേയമായ, ഒരു കാല്‍വയ്പ്പാണ് ശ്രീ ജോസഫ് കാലായില്‍ രചിച്ച 'കത്തോലിക്കാ സഭയുടെ പത്തു മുറിവുകള്‍' എന്ന പുസ്തകം. 

സഭ മുറിവേറ്റുകിടക്കുകയാണ്. മുറിവുകളില്‍നിന്നും രക്തം ഒഴുകിക്കൊണ്ടിരിക്കുന്നു. യേശു കാണിച്ചുതന്ന വഴിയിലൂടെ സഭ നയിക്കപ്പെട്ടെങ്കില്‍ മാത്രമേ മുറിവുകള്‍ക്ക് ശാശ്വതസൗഖ്യം ലഭിക്കുകയുള്ളൂ. ഈ മുറിവുകള്‍ ഉണക്കുന്നതിന് സഭയുടെ നേതൃത്വശ്രേണിയിലാണ് പരിവര്‍ത്തനമുണ്ടാകേണ്ടത്.
ആരാധനക്രമങ്ങള്‍ പുനരുദ്ധരിക്കുക, കുടുംബത്തെ പ്രഥമസ്ഥാനത്ത് പ്രതിഷ്ഠിക്കുക, സഭാനിയമങ്ങള്‍ പരിഷ്‌ക്കരിക്കുക, അത്മായര്‍ക്ക് സഭാഭരണത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കുക, പുരോഹിതര്‍ക്ക് വിവാഹവും സ്ത്രീകള്‍ക്ക് പൗരോഹിത്യവും അനുവദിക്കുക, ദരിദ്രരോട് പക്ഷം ചേരുക, പുരോഹിതര്‍ ആത്മീയകാര്യങ്ങള്‍മാത്രം ശ്രദ്ധിക്കുക, ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കുക... ഇത്രയും ചെയ്യുവാന്‍ സഭാധികാരികള്‍ മനസ്സുവച്ചെങ്കില്‍മാത്രമേ സഭയുടെ മുറിവുകള്‍ ഉണങ്ങുകയുള്ളൂ.

സഭ നിലനില്‍ക്കണമെങ്കില്‍ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യുവാന്‍ പാടില്ല എന്ന് ശ്രീ ജോസഫ് കാലായില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്, ഈ ഗ്രന്ഥത്തില്‍. യേശു ധനത്തെ സ്‌നേഹിച്ചില്ല. യേശു ശിഷ്യന്മാര്‍ ധനത്തിന്റെ പിന്നാലെ പോയതുമില്ല. ദാസന്റെ രൂപംധരിച്ച യേശുവിനെ പിന്തുടരുവാനാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പുരോഹിതരെ ഉല്‍ബോധിപ്പിക്കുന്നത്. അതിനുപകരം, ചക്രവര്‍ത്തിമാരായി ഭരണം നടത്തിയാല്‍ അല്‍മായര്‍ കൊഴിഞ്ഞുപൊയ്‌ക്കൊണ്ടേയിരിക്കും, ശ്രീ ജോസഫ് കാലായില്‍ മുന്നറിയിപ്പു നല്‍കുന്നു. 

സഭയെ സ്‌നേഹിക്കുകയും സഭ നിലനിന്നു കാണണമെന്നാഗ്രഹിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ വിലാപങ്ങള്‍ വനരോദനമായി മാറാതിരിക്കേണ്ടതുണ്ട്.
റവ.ഡോ.ജെയിംസ് ഗുരുദാസിന്റെ പ്രൗഢഗംഭീരമായ അവതാരിക ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടിയിട്ടുണ്ട്. സഭയെയും യേശുവിനെയും സ്‌നേഹിക്കുന്ന എല്ലാവരും അവശ്യം വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണിത്. പ്രസക്തമായ വിഷയങ്ങളും സത്യസന്ധ വസ്തുനിഷ്ടവുമായ പ്രതിപാദനശൈലിയും ഏതുതരം വായനക്കാരെയും ആകര്‍ഷിക്കും... വിശ്വാസികളില്‍ അറിവിന്റെ വെളിച്ചം വീശുവാനും സഭാധികാരികളുടെ കണ്ണുതുറപ്പിക്കുവാനും ഈ പുസ്തകം പര്യാപ്തമാകട്ടെ!

ഗ്രന്ഥകാരന്റെ ഫോണ്‍ നമ്പര്‍: 9447663433
കുറിപ്പ്: കെ.സി.ആര്‍.എം. പ്രസാധനം ചെയ്തിരിക്കുന്ന ഈ ഗ്രന്ഥം 'സത്യജ്വാല' സൗജന്യനിരക്കില്‍ വിതരണം ചെയ്യുന്നു. 100 രൂപാ വിലയുള്ള ഗ്രന്ഥം ലഭിക്കാന്‍ 70 രൂപാ എം.ഒ. ആയോ  Kerala Catholic Church Reformation Movement-ന്റെ പേരില്‍, പാലായില്‍ ബ്രാഞ്ചുള്ള ഏതെങ്കിലും ബാങ്കിലെ ചെക്കായോ  സര്‍ക്കുലേഷന്‍ മാനേജരുടെ വിലാസത്തില്‍ അയച്ചാല്‍ മതിയാവും. അല്ലെങ്കില്‍, സത്യജ്വാല മാസികയുടെ കവര്‍ രണ്ടാം പേജില്‍ കൊടുത്തിട്ടുള്ള ബാങ്ക് വിവരങ്ങള്‍ വച്ച് കെ.സി.ആര്‍..എം. അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്തിട്ട് ശ്രീ. മാത്യു തറക്കുന്നേലിനെ (സര്‍ക്കുലേഷന്‍ മാനേജര്‍) ഫോണിലൂടെയോ ഒരു കാര്‍ഡിട്ടോ വിവരമറിയിച്ചാലും മതി. 
'സത്യജ്വാല'യുടെ വരിസംഖ്യയും വിതരണം ചെയ്യുന്ന മറ്റു പുസ്തകങ്ങളുടെ വിലയും അയയ്ക്കുന്നതിന് മുകളില്‍ കൊടുത്തിട്ടുള്ള അതേരീതി തന്നെ അവലംബിച്ചാല്‍ മതിയാവും.

No comments:

Post a Comment