Translate

Friday, July 31, 2015

കോട്ടയം രൂപതയിലെ വിവാഹപ്രശ്‌നം

മാത്യു മാക്കീല്‍

(1990-ല്‍ മൈസൂര്‍ സെന്റ് ഫിലോമിനാസ് കോളജിലെ ചരിത്രവകുപ്പ് അദ്ധ്യക്ഷന്‍ )

സത്യജ്വാല ജൂലായ്‌ ലക്കത്തിൽനിന്ന്

(1990 മെയ് ലക്കം 'ഓശാന'യില്‍ പ്രസിദ്ധീകരിച്ച പ്രൊഫ.മാത്യു മാക്കിലിന്റെ ലേഖനമാണു താഴെ. തുടര്‍ന്നു കൊടുത്തിരിക്കുന്നത്, അതിനോടു പ്രതികരിച്ച് ഓശാന എഡിറ്റര്‍ പുലിക്കുന്നേല്‍ സാര്‍ അതേ ലക്കത്തില്‍ നടത്തിയ പ്രശ്‌നവിശകലനവും. ലേഖകന്‍ ഇവിടെ പരാമര്‍ശിക്കുന്ന 'ഓശാന'യിലെ രണ്ടു രചനകളും കഴിഞ്ഞ രണ്ടു ലക്കങ്ങളിലായി 'സത്യജ്വാല'യില്‍ പ്രസിദ്ധീകരിച്ചിരുന്നു എന്നോര്‍ക്കുമല്ലോ.)



1990 ഏപ്രില്‍ ലക്കം 'ഓശാന'യില്‍ പ്രസിദ്ധീകരിച്ച 'കോട്ടയം രൂപതയിലെ വിവാഹപ്രശ്‌നവും കത്തോലിക്കാസഭയും', 'സ്വര്‍ഗ്ഗവാതില്‍ തുറന്നു' എന്നീ രണ്ടു ലേഖനങ്ങളാണ് ഈ കത്തെഴുതുവാന്‍ പ്രേരിപ്പിച്ചത്.
1911-ല്‍ വിശുദ്ധനായ പത്താം പീയൂസ് മാര്‍പ്പാപ്പാ കോട്ടയം മിസ്സം സ്ഥാപിച്ചുകൊണ്ടു പുറപ്പെടുവിച്ച തിരുവെഴുത്തില്‍ താഴെ പറയുന്ന വാചകങ്ങള്‍ ഉണ്ട്:
 

''ഈ കല്പന എല്ലാ കാലത്തും ഫലപ്രദവും പ്രാബല്യമുള്ളതും സുസ്ഥിരമായുള്ളതും ആയിരിക്കണമെന്നും ഈ കല്പനയുടെ ഫലം പൂര്‍ണ്ണമായി പ്രയോഗത്തില്‍ വരുത്തണമെന്നും ഈ കല്പന ഇന്നും മേലാലും ആരെയെല്ലാം സ്പര്‍ശിക്കുമോ അവരെല്ലാവരും ഈ കല്പന പൂര്‍ണ്ണമായി എല്ലാ സംഗതിയിലും കീഴ്‌പ്പെട്ട് സ്വീകരിച്ചുകൊള്ളണമെന്നും നാം ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു. ഈ കല്പനകള്‍ക്ക് അനുയോജ്യമല്ലാത്തതായി ഏതെങ്കിലും സംഗതികള്‍ ഏതെങ്കിലും അധികാരസ്ഥാനത്തുനിന്നും അറിഞ്ഞുകൊണ്ടോ അറിയാതെയോ കൊണ്ടുവരുന്നതായാല്‍ ആയത് അസാധുവായിരിക്കുന്നതാണ്.''
 

കോട്ടയം മിസ്സ സ്ഥാപനത്തിന്റെ മുഖ്യകാരണഭൂതനായ മാക്കീല്‍ മത്തായി മെത്രാന്‍ തന്റെ നാളാഗമത്തില്‍ താഴെ കാണുന്നവിധം രേഖപ്പെടുത്തിയിരിക്കുന്നു:
''നമ്മുടെ പ്രധാനമായും ഒന്നാമതായും അനുകൂലമായി വന്ന ന്യായവും കാരണവും തെക്കുംഭാഗരായ നമ്മള്‍ ക്രിസ്താബ്ദം നാലാം നൂറ്റാണ്ടില്‍ സിറിയ മുതലായ കിഴക്കന്‍ രാജ്യങ്ങളില്‍നിന്നും കാനാ തോമ്മായോടുകൂടി മലയാളത്തില്‍ കുടിയേറിയ സുറിയാനിക്കാരുടെ സന്താനങ്ങളും ഇന്നോളവും നാട്ടുകാരായ ഇതര ക്രിസ്ത്യാനികളുമായി യാതൊരു വിവാഹവും സംബന്ധവും കൂടാതെ ഒരു പ്രത്യേക ജാതിയായി നിന്നു വരുന്നു എന്നുള്ളതാണ്.
 

തെക്കുംഭാഗര്‍ ഒരു പ്രത്യേക സമുദായക്കാരാണെന്നും മലയാളത്തില്‍ കുടിയേറിയ പൂര്‍വ്വ സുറിയാനിക്കാരുടെ സന്താനങ്ങളാണെന്നും നാട്ടുക്രിസ്ത്യാനികളായ വടക്കുംഭാഗരോടു യാതൊരു കെട്ടുപാടുമില്ലെന്നും മറ്റുമുള്ള അവസ്ഥ ചരിത്രരേഖകളെക്കൊണ്ടു ഞങ്ങള്‍ തെളിയിച്ച് ഒരു വിവരണം എഴുതിക്കൊടുക്കുന്നതിന് പ്രൊപ്പഗാന്താ ഞങ്ങളെ ഭരമേല്‍പ്പിച്ചു.
തെക്കുംഭാഗരുടെ കുടിയേറ്റത്തെക്കുറിച്ചു യൂറോപ്യന്മാരും നാട്ടുകാരും ഗവണ്‍മെന്റും എഴുതിയിട്ടുള്ള ചരിത്രരേഖകളും അഭിപ്രായങ്ങളും ഞങ്ങളുടെ കൈവശമുണ്ടായിരുന്നതിനാല്‍ അതും പുരാതനപാട്ടിലെ ചില ഭാഗങ്ങളെയും ക്രമപ്പെടുത്തി ചേര്‍ത്ത് തെക്കുംഭാഗരുടെ കൂട്ടുപാര്‍പ്പുകളെയും ജനങ്ങളുടെയും പള്ളികളുടെയും സംഖ്യകളെയും അതാത് ജാതിക്കാര്‍ക്കും കുടിയേറി പാര്‍ത്തിരുന്നവര്‍ക്കും പരിശുദ്ധ സിംഹാസനം പ്രത്യേക രൂപതകളെ കൊടുത്തു വരാറുള്ളതുംമറ്റും പൂര്‍ണ്ണമായി കാണിച്ച് ഒരു സ്റ്റേറ്റ്‌മെന്റും നിരൂപണവും എഴുതി പ്രൊപ്പഗാന്താ തിരുസംഘത്തിന് ഏല്പിച്ചുകൊടുത്തു.
ഈ കാരണത്തിന്മേലാണ് നമുക്ക് കോട്ടയം മിസ്സം പരിശുദ്ധ സിംഹാസനം അനുവദിച്ചത്.''
 

സാധാരണ ഗതിയില്‍ കോട്ടയം രൂപതയിലെ ഒരംഗം സമുദായത്തിനു പുറത്തുനിന്നു വിവാഹം ചെയ്യുമ്പോള്‍ സ്വമേധയാ രൂപതയില്‍നിന്നു പുറത്തുപോകുന്നു.
പക്ഷേ ബിജു ഉതുപ്പിന്റെ പിതാവിന്റെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചില്ല. പ്രസ്തുത വിവാഹത്തില്‍ ജനിച്ച മക്കള്‍ കോട്ടയം മിസ്സത്തിന്റെ ഘടനയനുസരിച്ച് തെക്കുംഭാഗര്‍ അല്ല. അവര്‍ക്ക് അങ്ങനെ അംഗത്വം നല്‍കുന്നത് വിശുദ്ധനായ പത്താം പീയൂസ് മാര്‍പ്പാപ്പായുടെ തീരുമാനത്തിന് കടകവിരുദ്ധമാണ്. 'A Knanite is born and not made.'
 

പ്രശ്‌നവിശകലനം - ജോസഫ് പുലിക്കുന്നേല്‍ 
(പ്രൊഫ.മാക്കീലിന്റെ ലേഖനത്തോടുള്ള പ്രതികരണം) നാളെ



No comments:

Post a Comment