Translate

Sunday, July 5, 2015

അതിരമ്പുഴയും അട്ടപ്പാടി...

പിതാക്കന്മാർക്ക് നാണമില്ലേന്ന്, ആലഞ്ചേരിക്കാരു തന്നെ ചോദിക്കാൻ തുടങ്ങിയാൽ എന്താ മറുപടി പറയുക? എന്നും കൊണ്ട്, അളമുട്ടിയിട്ടാണ് പ്രജകൾ ചങ്ങനാശ്ശെരി ആർച്ച് ബിഷപ്പിനു കത്തെഴുതിയതെന്നും, രണ്ടും കൽപ്പിച്ചാണതിന്റെ കോപ്പി അത്മായാശബ്ദത്തിൽ കൊടുത്തതെന്നും ഏതെങ്കിലും പിതാവെന്നെങ്കിലും മനസ്സിലാക്കും എന്നാരും കരുതണ്ട. തൊപ്പി തലേക്കേറിയാൽ ആളു പോയെന്നു കണക്കു കൂട്ടിയാൽ മതി, അതു പോലീസാണേലും മെത്രാനാണേലും. ബിഷപ്പായാൽ ഒരു ഗൂണം ഇല്ലെന്നും പറയാനാവില്ല. പണ്ടൊരു പാവം അച്ചൻ ബിഷപ്പായാൽ കൊള്ളാമെന്നാഗ്രഹം പ്രകടിപ്പിച്ചു. വല്യപിതാവു കാരണം ചോദിച്ചു. ഈ അച്ചൻ പറഞ്ഞത്, അദ്ദേഹത്തിനു കൊച്ചിലേ മുതൽ ആസ്മായുടെ അസുഖം ഉണ്ടെന്നും ബിഷപ്പായാലേ 90 വരെയെങ്കിലും ജീവിക്കാൻ കഴിഞ്ഞേക്കൂ എന്നുമാണ്. ഇതു കഥയാണേങ്കിലും കാര്യമാണെങ്കിലും പറഞ്ഞതു സത്യമാ. ദുഷ്ടനോടൊപ്പം മെത്രാനേയും ദൈവം പന പോലെ വളർത്തുന്നുണ്ട്. മെത്രാന്മാരുടേതുപോലുള്ള ഒരു തൊപ്പി എന്നും രാത്രിയിൽ രണ്ടു മണിക്കൂർ വീതം തലയിൽ വെച്ചാലും ആയുസ്സ് കൂടുമെന്ന് അടുത്ത നാളുകളിൽ നടത്തിയ ചില പരീക്ഷണങ്ങളിൽ തെളിഞ്ഞതായും കേട്ടു. 

അതിരമ്പുഴക്കാർ സഹോദരങ്ങൾ ഓർത്തിരിക്കുന്നത്, നാലര കോടിയിൽ ഒരു ലക്ഷം പോലും സാമൂഹ്യ പ്രവർത്തനങ്ങൾക്കു ചിലവഴിക്കാത്ത അതിരമ്പുഴ പള്ളിയായിരിക്കും ഏറ്റവും പിഴയെന്ന്. ആ പാവങ്ങൾ ഓർത്തിരിക്കുന്നത്, എല്ലാ പള്ളികളിലും തിരഞ്ഞെടുക്കപ്പെടുന്നതു ജനങ്ങളുടെ (വികാരി പ്രതീക്ഷിക്കാത്ത)  പ്രതിനിധികളായിരിക്കുമെന്നാണെന്നും തോന്നുന്നു. ജെസ്റ്റ് വെയിറ്റ് ബ്രദേഴ്സ്, നോട്ട് ദി പോയിന്റ്: നിങ്ങളുടെ കരുതലുകൾ മാറ്റി വെയ്ക്കുക; കുറേ കണക്കുകൾ കൂടി പിന്നാലെ വരുന്നുണ്ട്. ഒരു മുന്നറിയിപ്പു തരാം, ഇത്തരം വാർത്തകൾ വായിക്കുന്നത് ഏതെങ്കിലും ഒരു പ്രൈമറി ഹെൽത്ത് സെന്ററിന്റെയെങ്കിലും അടുത്തു നിന്നായിരിക്കുന്നതു നല്ലതാണ്. വല്ല ബോധക്ഷയവുമുണ്ടായാൽ ഒരു സഹായം കിട്ടിയെങ്കിലോ! എന്തിനാ പുണ്യവാന്റെ മുന്നിലെ ഭണ്ഡാരപ്പെട്ടിക്കു പോലും ഒന്നും രണ്ടും പൂട്ട്? ഒരു ക്ലൂ തരാം; 'തരം കിട്ടിയാൽ തമ്പ്രാനും കക്കും'. തുറവൂർ പള്ളിയിലെ കഥ കേട്ടില്ലേ? അവിടെ പള്ളീൽ വായിച്ച കണക്കൊന്ന്, പുസ്ഥകത്തിൽ എഴുതിയ കണക്കൊന്ന്. ഇതു പള്ളിയിൽ നിന്നു പണം കട്ട കഥകൾ. പള്ളിയിലേക്കു പണം അവിഹിതമായി വന്ന കഥയുമുണ്ട്. അതു ഡാഷ് രൂപതയിലെ (എപ്പോഴും ഒരേ രൂപതയുടെ പേര് ആവർത്തിക്കുന്നതു വിരസത ഉണ്ടാക്കില്ലേ?) ഒരു പള്ളിയിൽ നിന്നാണ്. പൊതുയോഗത്തിൽ കണക്കു വായിച്ചു, ഇരുന്നൂറ്റിചില്ല്വാനം രൂപാ ബാക്കിയുമുണ്ട്. അപ്പോളാണ് ഒരു പൊതുയോഗി ചോദിക്കുന്നത്, പള്ളിയുടെ മുറ്റത്തു കിടക്കുന്ന പുത്തൻ സ്കൂൾ ബസ്സിന്റെ കാര്യം; അതിന്റെ ഏതാനും പാർട്ട്സേ കണക്കിലുണ്ടായിരുന്നുള്ളൂ!

അതിരമ്പുഴ സഖാക്കൾക്ക് ഇത്ര തന്റേടം കിട്ടിയത് കുടമാളൂർ പള്ളിയിലെ പീഢാനുഭസ്മരണകളിൽ നിന്നായിരിക്കണം. അവിടെയും, പോകാറായപ്പോൾ വികാരി വികാര ഭരിതനായിരുന്നല്ലൊ! അതിരമ്പുഴ പ്രശ്നം ആലഞ്ചേരി വീട്ടുപേരില്ലാത്ത വേറെ ആരേലും എഴുതിയിരുന്നെങ്കിൽ അതിനു പരിഹാരം പെട്ടെന്നുണ്ടായേനെ; കാരണം ചോദിക്കരുത്. പ്രശ്നം തീർക്കാൻ മെത്രാൻ അവിടെ വരുമെന്നും കരുതണ്ടാ. പണ്ടൊരു മെത്രാൻ അവിടെ വന്നപ്പോൾ ഉണ്ടായ ചില സംഭവങ്ങൾ ആരും മറന്നിരിക്കാൻ വഴിയില്ല. രൂപതയിൽ എത്ര കുറുക്കു വഴികളുണ്ടെന്ന് അറിയാവുന്ന പിതാക്കന്മാരും ചങ്ങനാശ്ശേരി ഭരിച്ചിട്ടുണ്ടല്ലൊ! ചങ്ങനാശ്ശേരിക്കാർ പറയുന്നതുപോലെ നിൽക്കാൻ കഴിയില്ലെങ്കിൽ അവർ ആരെയും കൂസാറില്ല, അതൊരു മേജറാണേൽ പോലും. ഈ പ്രശ്നം, പടിയറ കർദ്ദിനാളായപ്പോഴും പറഞ്ഞു കേട്ടിട്ടുള്ളതാ. അടുത്ത കാലത്തു കെ സി ബി സി ഒരു കേസിൽ ക്ഷമ ചോദിച്ചപ്പം ചങ്ങനാശ്ശേരിയിൽ നിന്നു വന്ന പ്രതികരണം സൂചിപ്പിക്കുന്നത്, ഞാൻ പറഞ്ഞതു ശരിയാണെന്നു തന്നെ. കേൾക്കാൻ തയ്യാറാണെങ്കിൽ ഞാനൊരു കാര്യം പറയാം. പള്ളിക്കാര്യത്തിനു വേണ്ടി (പ്രത്യേകിച്ചും സീറോ മലബാർ പള്ളികൾക്കു വേണ്ടി), നിങ്ങൾ ചിലവഴിക്കുന്ന സമയം, നഷ്ടം എന്നു മാത്രമല്ല കുഷ്ടവും കൂടിയാവാനേ ഇടയുള്ളൂവെന്നു മനസ്സിലാക്കുക. പണ്ടൊരു കാർന്നോര് പറഞ്ഞതുപോലെ, അറിയാവുന്ന കുരിശും വരച്ച്, ഉള്ള കഞ്ഞിയും കുടിച്ച് കിടന്നുറങ്ങുക. പള്ളിക്കെന്തെങ്കിലും ആരെങ്കിലും കൊടുത്തുവെങ്കിൽ അതു മറന്നോണ്ടാൽ മതി. കൊടുത്തവൻ തെണ്ടിയാലും തിരിച്ചൊരു നല്ലവാക്കു പോലും കിട്ടില്ല. അങ്ങിനെ ആരെയെങ്കിലും കൈയ്യും മെയ്യും മറന്നു സഹായിച്ച കഥകളൂം നമ്മുടെ ഇടവകകൾക്കന്യം. ഒപ്പം, അച്ചന്മാരോട് എനിക്കു പറയാനുള്ളത്, അതിരമ്പുഴക്കാരെ ബിസ്സിനസ്സ് പഠിപ്പിക്കരുതെന്നാണ്. പള്ളി ഉണ്ടാവുന്നതിനു മുമ്പ് ചന്തയുണ്ടായിരുന്ന സ്ഥലമാ അത്.

പള്ളി കാണിച്ച ഏറ്റവും വലിയ നെറികേടിന്റെ കഥയായി എനിക്കു തോന്നുന്നതിൽ ഒന്ന്, പണ്ടൊരു കോതമംഗലംകാരൻ പറഞ്ഞതാണ്. ഇക്കഥ ഞാൻ കേട്ടതുപോലെ ശരിയാണോ എന്നറിയില്ല. അല്ലെങ്കിൽ, ആരെങ്കിലും അറിയിച്ചാൽ നമുക്കു തിരുത്താം. അവിടെ പോത്താനിക്കാടിനടുത്തു നടുവക്കാട് (സ്ഥലപ്പേർ ഇതു തന്നെയാണെന്നു കരുതുന്നു; കുറെ വർഷങ്ങൾക്കു മുമ്പു കേട്ട കഥയാണ്; അന്ന് അത്മായാശബ്ദം ജനിച്ചിട്ടില്ല) എന്നൊരു സ്ഥലമുണ്ട്. അവിടുത്തെ പള്ളിക്ക്, അവിടെയുണ്ടായിരുന്ന ഒരു കത്തോലിക്കാ കുടുംബക്കാർ കൊടുത്തതു 12 (16?) ഏക്കർ സ്ഥലം! വേറെ മൂന്നു പള്ളികളുടെ പണി നടത്താനും  ഈ വീട്ടൂകാർ സഹായിച്ചിട്ടുണ്ട്. നടുവക്കാട് പള്ളിക്ക് ഏറ്റു നിൽക്കാറായപ്പോൾ ശവക്കോട്ട പണിയണമെന്നു തോന്നി. അതിനുള്ള സ്ഥലം അവർ നിശ്ചയിച്ചത്, ഈ വീട്ടുകാരുടെ വീടിനടുത്ത്. പള്ളിക്കാരോടു പരാതി പറഞ്ഞു, കേട്ടില്ല. ശവക്കോട്ടക്കടുത്തുണ്ടായിരുന്ന അവരുടെ കിണറിലെ വെള്ളത്തിനു രുചിവ്യത്യാസം വന്നപ്പ്പോൾ സംഗതി തർക്കമായി. ഇടവകയിൽ പ്രശ്നം തീരാതെ വന്നപ്പോൾ, കേസ് കോതമംഗലം രൂപതയിലോട്ടു മാറി. അവിടെ അവർ നീതി പ്രതീക്ഷിച്ചു, കാരണം അപ്പോളവിടുത്തെ മെത്രാൻ അവരുടെ ഒരടുത്ത ബന്ധുവായിരുന്നു. പക്ഷേ, ഒരു പ്രയോജനവുമുണ്ടായില്ല; അന്നത്തെ കാനോനും പള്ളിക്കനുകൂലമായിരുന്നു. അങ്ങിനെ സംഗതി കോടതിയിലേക്കു വന്നു. ആ കേസ് പരാതിക്കാർക്കുവേണ്ടി വാദിച്ചത് അഡ്വ. ചാരിയായിരുന്നു. (ചാരിയേപ്പറ്റി ഞാൻ കേട്ടിരിക്കുന്നത് ബനഡിക്റ്റച്ചന്റെ കഴുത്തിൽ നിന്നും കയർ ഊരിക്കൊടുത്തത് അങ്ങേരാണെന്നാണ്). കോടതി വിധി വന്നത്, പരാതിക്കാരനനുകൂലമായി. ഇതിനോടിടെ വേറെ വീടും വെച്ച് അവർ മാറിയതുകൊണ്ട് ആ വിധി നടപ്പാക്കാൻ ആ വീട്ടുകാർ പോയില്ലെന്നു മാത്രം (ഒപ്പം ഒരു കാര്യം പറഞ്ഞോട്ടെ, കോതമഗലം അരമന ഏതെങ്കിലും ഒരു നല്ല ആശാരിയെ കാണിക്കുന്നതു നല്ലതാ. വാസ്ത്തുവിൽ എന്തോ കുഴപ്പമുണ്ട്; അല്ലെങ്കിൽ ആരു വന്നാലും മാനഹാനി എന്ന സ്ഥിതി വരില്ലായിരുന്നു). കാഞ്ഞിരപ്പള്ളിയിൽ മോനിക്കാ പറയുന്നതു ശരിയാണെങ്കിൽ, കൊടുക്കാമെന്നു പറഞ്ഞത് അരയേക്കർ, ആധാരത്തിൽ എഴുതിയിരുന്നത് മുഴുവൻ സ്ഥലവും. കാഞ്ഞിരപ്പള്ളി സംഭവം ഒരു മെത്രാന്റെ പേരിൽ ചരിത്രത്തിൽ കാണൂം, അവിടെയാണ് വിശ്വാസികൾ ശക്തമായി തെരുവിലിറങ്ങിയത്. അത്മായാ വിമോചന സമരത്തിൽ  നാഴികകല്ലുകളായി കാഞ്ഞിരപ്പള്ളി രൂപതയുടേയും അറക്കൽ കുടുംബത്തിന്റയും പേരുകളും കാണും. ചരിത്രം മെത്രാന്റെ കൈയ്യിലല്ലല്ലോ!  എങ്ങിനെയുണ്ട് നമ്മുടെ പള്ളി? പാലു കൊടുക്കുന്ന കൈക്കു കടിക്കുന്ന കരിമൂർഖന്മാരെ കണ്ടിട്ടില്ലാത്തവരെ സീറോ സഭയിലേക്കു ക്ഷണിക്കാവുന്ന സ്ഥിതി ആയിട്ടുണ്ട്.

മാർത്തോമ്മാവത്ക്കരണത്തോടെ തുടങ്ങിയ സഭാ നശീകരണം അല്പം തണുപ്പിക്കാൻ വർക്കി വിതയത്തിലിനു കഴിഞ്ഞു. ആലഞ്ചേരിയുടെ കാലത്ത് എല്ലാ വേലികളൂം പൊളിച്ചു യുദ്ധം തെരുവിലായി എന്നു പറയുന്നതാണു ശരി. ഒരാരോപണവും ഇല്ലാത്ത ഒരൊറ്റ പള്ളിയേ ഇപ്പോളുള്ളൂ, അതു മാമ്പള്ളിയാ (അവിടെ പള്ളിയില്ല, മഠമേയുള്ളൂ). ആലഞ്ചേരിപിതാവ് എടുത്തിട്ടുള്ള തീരുമാനങ്ങളിൽ ബഹുഭൂരിപക്ഷത്തിലും സമ്മർദ്ദം തന്നെയായിരുന്നു പ്രേരക ശക്തി. അദ്ദേഹത്തിൽ നിന്നു നീതി പ്രതീക്ഷിക്കുന്നേയില്ലായെന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നു കാര്യങ്ങൾ. പണ്ട് മദ്ധ്യപൂർവ്വദേശങ്ങളിൽ ക്രിസ്ത്യാനികൾ മുസ്ലീം ഖലീഫാമാരുടെ സഹായം തേടുമായിരുന്നു നീതി വിധിക്ക്. മതമേതായാലും നീതിബോധവും വിവരവുമുള്ള ആരെയെങ്കിലും സഭയുടെ തലപ്പത്തു വെച്ചാൽ ചിലപ്പോൾ സഭ രക്ഷപ്പെട്ടേക്കാം. അങ്കമാലി-എറണാകുളം അതിരൂപതയിലെ ഒരു പ്രമുഖപള്ളിയിലെ നേർച്ചപ്പണം വികാരി കട്ടെന്നൊരു കേസ് ഇപ്പോൾ കോടതിയിലുണ്ട്. സഭാ വക്താവ് ചോദിക്കുന്നത്, അക്കാര്യത്തിൽ ഞങ്ങൾ തീരുമാനം പറയുന്നതിനു മുമ്പ് എന്തിനാ അവർ കോടതിയിൽ കേസു കൊടുത്തതെന്നറിയില്ലെന്നാണ്. ഞാൻ പറയാം, 1) ഈ കേസിൽ തീരുമാനമെടുക്കാനുള്ള സമയം അവർ തന്നിരുന്നു (തെറ്റാണെന്നു മനസ്സിലായാൽ അതിൽ നടപടി എടുക്കാൻ ഒരു നിമിഷം പോലും വേണ്ടല്ലൊ!), 2) ജനം അരമനയിൽ നിന്നു നീതി പ്രതീക്ഷിക്കുന്നില്ല (മര്യാദക്കു പറഞ്ഞു നീതി കിട്ടിയ ഒരു സന്ദർഭം പോലും ആരും പറഞ്ഞു കേട്ടിട്ടില്ല (എന്റെ ചെവിയുടെ കുഴപ്പം ആയിരിക്കാനുമിടയുണ്ട്); എങ്കിലും, ഈ അടുത്ത കാലത്ത്, എറണാകുളത്തു ചിലതു നടക്കുന്നുണ്ട് താനും. (വികാരി പിരിച്ചു വിട്ട കപ്യാർക്കു രൂപത കൊടുക്കാമെന്നു പറഞ്ഞ നഷ്ടപ്പണം പഴയിടത്തെ കപ്യാർക്കദ്ദേഹം മരിക്കുന്നിടം വരെ കിട്ടിയില്ലെന്നാണു ഞാൻ കേട്ടിരിക്കുന്നത്; കാഞ്ഞിരപ്പള്ളി മെത്രാനെ പേടിപ്പിക്കാൻ,  ആ പാവത്തിനു ശേഷിയില്ലാതെ പോയി). 3) മനുഷ്യരെ പറ്റിക്കുന്ന ഇത്തരം അട്ടകളെ വെറുതേ വിട്ടാൽ ശരിയാവില്ലെന്നു വിശ്വാസികളും കരുതുന്നു. 

വിവരമുള്ള ഒരു വിശ്വാസിയും അച്ചന്മാരുടെ പേരിൽ പരാതിയുമായി പോകില്ല. ഇതും പറഞ്ഞേ ഒക്കൂ. ഒരു ദളിതനു സെമിത്തേരി തുറന്നുകൊടുക്കാതിരുന്ന അച്ചനെ അൽഫോൻസാ പള്ളിയുടെ മുകളിലേക്കാണ് പാലാ മെത്രാൻ സ്ഥലം മാറ്റിയത്. ന്യുമാൻ കോളേജിലെ ആരോപണ വിധേയനായ വൈദികൻ അമേരിക്കയിൽ പോയതും രൂപത അറിയാതെ ആയിരിക്കില്ലല്ലൊ. അതിരമ്പുഴയിലെ മാണിച്ചൻ ഇപ്പോൾ ആരാ? സഭയുടെ തീരുമാനത്തിന്റെ രീതി അറിയാൻ സഭക്കു കിട്ടുന്ന വിവാഹ മോചനക്കേസുകൾ മാത്രം എടുത്താൽ മതി. ഭൂരിഭാഗം കേസുകളിലും ഒരുകക്ഷി നിരപരാധി ആയിരിക്കുമെന്നതു വ്യക്തം. ഇവിടെ ഇര ദുർബ്ബലയായ ഒരു പെൺകുട്ടിയാണെന്നു കരുതുക. കല്യാണം നടക്കുന്നു, ചതിക്കപ്പെട്ടെന്നു മനസ്സിലാകുന്നു, പൊരുത്തപെടാൻ ശ്രമിക്കുന്നു, പരാജയപ്പെടുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ പിരിയാൻ തീരുമാനിക്കുന്നു; പെണ്ണു പെണ്ണിന്റെ വീട്ടിലേക്കു പോവുന്നു, തുടർന്ന്, അരമനയിൽ കേസു കൊടുക്കുന്നു. ഇവിടെ പെണ്ണ് നിരപരാധിയാണെങ്കിലും, ഈ കേസ് ഒഴിഞ്ഞു കിട്ടണമെങ്കിൽ എത്ര വർഷങ്ങൾ വേണ്ടി വരും? അപ്പോൾ പെണ്ണിനു രണ്ടാം കെട്ടു പ്രായവും കഴിയും. വേറെയുമുണ്ട് പ്രശ്നങ്ങൾ. വിശ്വാസി നിരപരാധിയാണെങ്കിലും ഇല്ലെങ്കിലും ചൂണ്ടയിൽ കുരുങ്ങിക്കിടന്നു വെപ്പ്രാളപ്പെടുന്നതുകാണാൻ ഈ വെള്ളയുടുപ്പുകാർക്ക് വല്യ കൗതുകമുള്ള കാര്യമാണെന്നു തോന്നിപ്പോകും, വായിൽക്കൊള്ളാത്ത ഇവരുടെ വർത്തമാനം കേട്ടാൽ. പിതാവു മരിച്ച ഒരു പെൺകുട്ടി അനുഭവിച്ച ദുരിതങ്ങൾ അടുത്ത കാലത്തു ഞാൻ കണ്ടു. അതിരമ്പുഴക്കാർ മെത്രാപ്പോലീത്താക്കെഴുതിയ കത്തിലെ ഒരു വാചകം ഇങ്ങിനെ: 'സഭക്ക് ഇപ്പോൾ തന്നെ ഒരു നല്ല പേരില്ല, ഉള്ളതും കൂടി ഞങ്ങളേക്കൊണ്ടു കളയിക്കണോ?' ഒക്കെയാണെങ്കിലും, കെ സി ആർ എം ഏറ്റെടുക്കുന്നതിനു മുമ്പ് അതങ്ങു തിർക്കുകയല്ലേ പിതാവേ നല്ലത്? സംശയമുണ്ടെങ്കിൽ വെള്ളരിങ്ങാട്ടങ്ങേരോട് ചോദിച്ചാൽ മതി. മണ്ണക്കനാട്ട് സംഭവിച്ചതെന്താണെന്നു കൃത്യം പറഞ്ഞു തരും.

ആലഞ്ചേരിപ്പിതാവിന്റെ നീതിബോധത്തിന്റെ കാര്യം കാണാൻ ക്നാനായാപ്രശ്നം മാത്രം എടുത്താൽ മതി. കാലിഫോർണിയായിലുള്ള എന്റെ ക്നാനായാ സുഹൃത്ത് കുര്യാച്ചനുമായി ഉണ്ടായ തർക്ക വിതർക്കങ്ങളുടെ കാര്യം ഞാൻ എഴുതിയിരുന്നല്ലോ. അവൻ എന്നെ ഈ വെള്ളിയാഴ്ചയും വിളിച്ചിരുന്നു. ഒരു തെറിയും പറഞ്ഞില്ല; അതിനു ഞാൻ കള്ളമൊന്നും എഴുതിയിരുന്നുമില്ലല്ലൊ. എന്റെ ഫോൺ വിളികളൂം എഴുത്തും വായനയുമെല്ലാം വെള്ളിയാഴ്ചകളിലേ നടക്കൂ, അന്നേ ഞങ്ങൾക്കിവിടെ അവധി കിട്ടൂ. ആ രാത്രിയിൽ എഴുത്തു നടന്നാൽ നടന്നു. അന്നെഴുതിയാലും പോസ്റ്റ് ചെയ്യാൻ പിന്നെയും താമസിച്ചെന്നിരിക്കും. എന്റെ അന്നത്തിനുള്ള പണിയും നോക്കണ്ടേ? ഞാനെഴുതുന്നത്, ആരു വായിച്ചാലും വായിച്ചില്ലെങ്കിലും എനിക്കെന്ത്? ഞാനൊരു എഴുത്തുകാരനാവണമെന്നുദ്ദേശിച്ച കാലത്ത് നടന്നില്ല. ഇപ്പോ അതു നടന്നിട്ടെനിക്കൊരു പ്രയോജനവുമില്ല. ഞാൻ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത്, ഉപന്യാസം എഴുതിയ പരിചയം വെച്ചൊരു  കഥ എഴുതിയിരുന്നു. നാലു കത്തോലിക്കാ പ്രസിദ്ധീകരണങ്ങൾക്ക് അത് അയച്ചു കൊടുക്കുകയും ചെയ്തു. മറുപടിക്കവർ വെച്ചിരുന്നതുകൊണ്ടാണോ എന്തോ, അവരെല്ലാം അതു തിരിച്ചയച്ചു തന്നു സഹായിച്ചു. ഈ കത്തോലിക്കാ അച്ചടിക്കാരോട് എന്നെങ്കിലും രണ്ടു പറയണമെന്നാഗ്രഹമുണ്ടായിരുന്നു. രണ്ടിനു പകരം അഞ്ഞൂറും പറഞ്ഞു. ഞാനെഴുതിയ കഥ ഇന്നും അവർ പ്രസിദ്ധീകരിക്കുമെന്നു തോന്നുന്നില്ല. അതിന്റെ കഥ ഞാൻ ചുരുക്കത്തിൽ പറയാം. അതൊരു യഥാർത്ഥ സംഭവത്തിൽ നിന്നുണ്ടായതായിരുന്നു. എന്റെ വല്യമ്മച്ചിയാണതിലെ കേന്ദ്രബിന്ദു. വല്യമ്മച്ചിക്ക് ആരെ കണ്ടാലും എന്തെങ്കിലും കൊടുത്താലെ തൃപ്തിയാകൂ; വല്യമ്മച്ചി കിടപ്പിലായി, കണ്ണൂം കാതും നല്ലോണം വർക്കു ചെയ്യാതെയുമായി. കൈയ്യിലുള്ള പണവും തീർന്നു, തലയിണക്കീഴിലെ ജീരക മുട്ടായിയും തീർന്നു. അങ്ങിനെയിരിക്കുമ്പോൾ, ഒരു കന്യാസ്ത്രി വല്യമ്മച്ചിയെ കാണാൻ വന്നു, അവർ വല്യമ്മച്ചിക്കൊരു ബൈബിൾ സമ്മാനമായി കൊടുക്കുകയും ചെയ്തു (ഉപകാരമുള്ള എന്തെങ്കിലും ഇവർ സമ്മാനമായി ആർക്കും കൊടുക്കാറില്ലേ എന്തൊ!). 

ഈ ബൈബിൾ വല്യമ്മച്ചി  വാങ്ങി, പിന്നെ ആദ്യം വന്ന ഒരമ്മാവന്റെ മകനിതു കൊടുത്തു. ഈ മകൻ മുറിയിൽ നിന്നു പുറത്തിറങ്ങിയതേ, ലിവിങ്ങ് റൂമിൽ തന്നെ ബൈബിൾ വെച്ചിട്ട് മുങ്ങി. നാലാം തവണയും ഈ ബൈബിൾ ആ വീട്ടിൽ നിന്നുപോയില്ല. അപ്പോൾ, വീട്ടിലിതു ചർച്ചയായി. വീണ്ടും പപ്പാ ഈ ബൈബിൾ വല്യമ്മച്ചിക്കു കൊടുത്തു. അഞ്ചാമതു വല്യമ്മച്ചിയെ കാണാൻ വന്നയാളൊരമ്മായിയായിരുന്നു; അമ്മായിയുടെ കൂട്ടത്തിൽ, ആയിടെ കുർബ്ബാന കൈക്കൊണ്ട ഒരു കൊച്ചുമുണ്ടായിരുന്നു. മുൻ അനുഭവങ്ങൾ പറഞ്ഞു കേട്ട വല്യമ്മച്ചി, ഈ ബൈബിൾ അമ്മായിക്കു കൊടുക്കാതെ ഈ കൊച്ചിനു സമ്മാനമായി കൊടുത്തു. കൊച്ചതു വാങ്ങി. പേരമ്മക്ക് എന്താ വേണ്ടതെന്നു ചോദിക്കാൻ കൊച്ചിനോട് അമ്മായി പറഞ്ഞു. കൊച്ചിന്റെ ചോദ്യം കേട്ട വല്യമ്മച്ചി, കുറേ മുട്ടായി വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞു. ഏതായാലും ആ ബൈബിൾ അന്നു ഞങ്ങളുടെ വീട്ടിൽ നിന്നു പോയി. ഒരാഴ്ച കഴിഞ്ഞപ്പോൾ ഈ കുട്ടി വീണ്ടും  വീട്ടിൽ വന്നു, വന്നപ്പോൾ കൈയ്യ്യിലൊരു പൊതിയുമുണ്ടായിരുന്നു. വല്യമ്മച്ചിക്കു പൊതിയഴിച്ചു കൊടുത്തതു ഞാനായിരുന്നു. എന്നെ ഞെട്ടിച്ചത്, ആ മുട്ടായി പൊതിഞ്ഞിരുന്നത്, വല്യമ്മച്ചി സമ്മാനം കൊടുത്ത അതേ ബൈബിളിന്റെ താളുകൾ ഉപയോഗിച്ചായിരുന്നുവെന്നതാണ്. ഈ സംഭവമാണ് ഒരു കഥയാക്കിയെഴുതി ഞാൻ ദീപികക്കൊക്കെ അയച്ചു കൊടുത്തത്.

കുര്യാച്ചൻ പഴയതുപോലെ വല്യ ക്നാനായാ ആവേശം ഒന്നും കാണിച്ചില്ല, പക്ഷേ എന്നോടു ചോദിച്ചു, ഞങ്ങളേ കുറ്റം പറയുന്ന നിങ്ങളെന്താ ചെയ്യുന്നതെന്ന്. ഒരു നായരു മാർഗ്ഗം കൂടാൻ വന്നാൽ പാരമ്പര്യം പറയുന്ന നിങ്ങടെ കൂട്ടത്തിൽ കൂട്ടുമോയെന്നു ചോദിച്ചപ്പോൾ എനിക്കു കൃത്യമായ ഒരു മറുപടി ഇല്ലായിരുന്നു. നിങ്ങൾ ഉപേക്ഷിക്കുന്നതു പിടിച്ചോളാൻ നിങ്ങൾ ലത്തീങ്കാരോടു പറയാറില്ലേയെന്നും അവൻ ചോദിച്ചു. ഞാൻ ഉടക്കാനൊന്നും പോയില്ല, വംശീയ പ്രശ്നത്തിന്റെ വിവിധ വശങ്ങൾ ശാന്തമായി ഞങ്ങൾ ചർച്ച ചെയ്തു. അവസാനം അവനും പറയുന്നത്, ഒരു പള്ളിയിൽ ആരെയെങ്കിലും കേറ്റില്ലായെന്നു പറയുന്നതിലും ഒരു കൂട്ടർ തള്ളുന്നവരെ എടുത്തോളാൻ വേറൊരാളിനോടു പറയുന്നതിലും അൽപ്പം ശരികേടുണ്ടെന്നു തന്നെയാണ്. സ്വവംശത്തിൽ നിന്നു തന്നെ കെട്ടണം എന്നുള്ളവർക്ക് അങ്ങിനെ ചെയ്യാമല്ലോയെന്നു ഞാനും പറഞ്ഞു. ഹിന്ദുക്കളുടെ ഇടയിൽ ഉള്ളിടത്തോളം ജാതികൾ നമുക്കില്ലല്ലൊ! ഈ സർവ്വ ജാതികളും തത്ത്വത്തിൽ സ്വവംശവിവാഹം ആചരിക്കുന്നവരാണ്. അവർക്കെല്ലാമൊരമ്പലത്തിൽ വരാമെങ്കിൽ നിങ്ങൾക്കെന്താ ഞങ്ങളുടെ പള്ളിയിൽ വന്നാലെന്നും, നമുക്കെന്തിനാ രണ്ടു പള്ളിയെന്നും ഞാൻ ചോദിച്ചു. ഉള്ളിന്റെയുള്ളിൽ, അധികാരികളുടെ തീരുമാനം ശരിയായിരുന്നില്ലെന്നു ശുദ്ധ രക്തക്കാരും കരുതുന്നുവെന്നു കുര്യാച്ചന്റെ നിശ്ശബ്ദതയിൽ നിന്നു ഞാൻ മനസ്സിലാക്കുന്നു.  

കുര്യാച്ചൻ വേറൊരു കാര്യവും കൂടി പറഞ്ഞു. ഡെട്രൊയിറ്റ് കേന്ദ്രമാക്കി ചില കത്തോലിക്കാ വിമതർ, അമേരിക്കയിലുണ്ടാകുന്ന വംശീയ പ്രശ്നങ്ങൾക്ക് പരിഹാരമായി, ജനങ്ങളുടെ ഇടയിൽ ഏതെങ്കിലും തരത്തിലുള്ള ധൃവീകരണ പ്രവർത്തനങ്ങൾ നടത്തുന്ന വിഘടന വാദികളെ രാജ്യത്തു നിന്നു പുറത്താക്കാനോ അല്ലെങ്കിൽ കരുതൽ തടങ്കലിൽ ആക്കാനോ ഉള്ള ഒരു ഭരണഘടനാ നീക്കത്തിനു കളമൊരുക്കുന്നുണ്ടെന്നാണ്, അവൻ പറഞ്ഞത്. ഇതിനെ സഹായിക്കുന്നയൊരു വിധി സുപ്രീം കോടതിയിൽ നിന്നു വന്നിട്ടുണ്ടെന്നും, ഒരു വെള്ളക്കാരൻ ബാലൻ കറുത്തവരുടെ പള്ളിയിൽ കയറി അടുത്ത കാലത്തു നടത്തിയ വെടിവെയ്പ്, ഈ നിയമം പൊടി തട്ടി എടുക്കാൻ പല സെനറ്റർമാരെയും പ്രേരിപ്പിക്കുന്നൂവെന്നും അവൻ പറഞ്ഞു. വരും കാലത്തിൽ സീറൊ മലബാർ സന്ദർശകർക്ക് അമേരിക്കയിൽ നിയന്ത്രണം വന്നേക്കാമെന്നും, പതിവു പോലെ കരിസ്മാറ്റിക് ധ്യാനങ്ങൾ അവിടെ അരങ്ങേറാൻ ഇടയില്ലെന്നും കുര്യാച്ചൻ പറഞ്ഞു. അമേരിക്കയിൽ വേണ്ടത്ര മതസ്വാതന്ത്ര്യമില്ലെന്നു പറഞ്ഞ്, അങ്ങാടിയത്തു പണ്ടിറക്കിയ ഒരു ഇടയ ലേഖനവും കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും കുര്യാച്ചൻ പറഞ്ഞു. ഈ വഴക്കും വക്കാണവും, ഉദ്ദേശിച്ചിടത്തല്ല ചെന്നെത്താൻ പോകുന്നതെന്നു ചിന്തിക്കാൻ, കുര്യാച്ചനെപ്പോലുള്ള ഒരാളെങ്കിലുമുണ്ടായതിൽ ഞാൻ സന്തോഷിക്കുന്നു. മുപ്പതു വർഷങ്ങൾക്കു മുമ്പ് കനിഷ്കാ വിമാനം കടലിൽ തകർന്നുവീണപ്പോൾ എല്ലാവരും ഓർത്തത്, തീവ്രവാദികൾ ലോകത്തു നിന്നു മാറുമെന്നായിരുന്നല്ലോ. ഇപ്പോഴോ? ക്നാനായാ ശുദ്ധരക്തവാദികൾ സുബോധം വീണ്ടെടുത്തു മുഖ്യധാരയിലേക്കു വരുന്നില്ലെങ്കിൽ ആ സമുദായം ഭാവിയിൽ നേരിടേണ്ടി വരുന്നത് ഒരു ദുരന്തമായിരിക്കും എന്നു ഞാൻ ഓർമ്മിപ്പിക്കുന്നു. അനേകം നൂറ്റാണ്ടുകളായി പ്രത്യേക പ്രശ്നങ്ങളൊന്നുമില്ലാതെ കഴിഞ്ഞ ക്നാനായാക്കാരെയാണ് കോട്ടയം രൂപത രൂപീകരിക്കുന്നതിലൂടെ ഈ ദുര്യോഗത്തിലെത്തിച്ചത്. നാളെ ഞങ്ങൾക്കും രണ്ട് പുണ്യവാന്മാരെ വേണമെന്നു കോട്ടയം കാർ ആവശ്യപ്പെട്ടാൽ, ആലഞ്ചേരി പിതാവു മറുപടി പറഞ്ഞോണം.

ആലഞ്ചേരിപ്പിതാവിനു സഭയിലെ പ്രശ്നങ്ങൾ എല്ലാം തീരണമെന്നാഗ്രഹമുണ്ട്; അതെല്ലാവർക്കും അറിയാം. അതിനു ചെയ്യേണ്ടതെന്താണെന്നു ഞാൻ പറയാം. കഴിവുള്ള അത്മായരെ, വിധേയത്വം നോക്കാതെ വിളിച്ചു വരുത്തി അവരേക്കൂടി ഉൾപ്പെടുത്തി കാര്യങ്ങൾ തീരുമാനിക്കുക. കാനോനോ മാമോനോ ശീമോനോ ഒന്നുമല്ല, ന്യായമാണ് ഇവിടെ നടപ്പാക്കേണ്ടത്. നിങ്ങൾ എന്തു വേണമെങ്കിലും ചെയ്തോളൂ, പക്ഷേ, ഇന്നു ഞാനെഴുതിയത് അഞ്ചു വർഷങ്ങൾ കഴിഞ്ഞും ഞാൻ നിങ്ങളെ വായിച്ചു കേൾപ്പിക്കും. അത്മായനെ കാണുമ്പോഴേ തലക്കനം കൂടുന്നെങ്കിൽ അതിന് 'ഈഗോ ബസ്റ്റർ' ഗുളിക വാങ്ങി, രാവിലെ എണീക്കുമ്പോഴേ കഴിക്കുക. ഇതു കഴിച്ച ഒരു മലയാളസിനിമാ നടന് പെട്ടെന്നാശ്വാസം കിട്ടിയെന്നു കേട്ടു. 

പണ്ടൊക്കെ മെത്രാന്മാർക്കൊരു ചിന്തയുണ്ടായിരുന്നു, ഞങ്ങൾ വിട്ടാൽ സഭ ഭരിക്കാൻ വിമതർക്കു കഴിയുമോന്ന്. ഇപ്പോൾ മറുവശത്തുള്ള പ്രഗൽഭരുടെ നാലൊന്നൊരുമിച്ചാൽ മതിയല്ലൊ മെത്രാന്മാരേ, ഇതിന്. ഇപ്പോഴത്തെ അവസ്ഥയിൽ, ഒൻപതു കൂദാശകളൂം എല്ലാവർക്കും കിട്ടുമെന്നുറപ്പ്. പോരെങ്കിൽ, അച്ചന്മാരെ വാഴിക്കാൻ ആവശ്യമുള്ളത്ര മെത്രാന്മാരും ഒപ്പമുണ്ടെന്ന് ഓർക്കുക. സഭാ മക്കളുടെ ശക്തി അനുദിനം കൂടിക്കൊണ്ടേയിരിക്കുന്നു. ഒരു ദിവസം നേരം വെളുക്കുമ്പോൾ അട്ടപ്പാടി കോടമഞ്ഞിൽ മൂടിയിരിക്കും. അപ്പോഴേ ചിലർക്കു കാര്യം മനസ്സിലാകൂ. 

1 comment:

  1. " ദുഷ്ടനോടൊപ്പം മെത്രാനേയും ദൈവം പന പോലെ വളർത്തുന്നുണ്ട്. മെത്രാന്മാരുടേതുപോലുള്ള ഒരു തൊപ്പി എന്നും രാത്രിയിൽ രണ്ടു മണിക്കൂർ വീതം തലയിൽ വെച്ചാലും ആയുസ്സ് കൂടുമെന്ന് അടുത്ത നാളുകളിൽ നടത്തിയ ചില പരീക്ഷണങ്ങളിൽ തെളിഞ്ഞതായും കേട്ടു." ഇക്കൊല്ലം ഞാന്‍ കേട്ട ഒന്നാമ്തറി തമാശയും സത്യവും ഈ കണ്ടെത്തലാണെന്റെ രോഷാ... ! ഇത് പറഞ്ഞപ്പോളാ എന്റെ ഇടവകപ്പള്ളിയിലെ ഒരു കാര്യം ഓര്‍ത്തത് . ഞാന്‍ ഉണ്ടാകും മുന്‍പേ ഞങ്ങടെ പള്ളിപണിയാന്‍ സ്ഥലം ദാനം കൊടുത്ത ഒരു കുടുംബത്തിലെ ഒരുവന് ,ദുര്സ്ഥിതി കാരണം പള്ളിമൂപ്പരുടെ( വാച്ച്മാന്‍ ) പണി വേണമെന്ന് പള്ളിയില്‍ അപേക്ഷകൊടുത്തു ! ഇടവക മെത്രാനും 'രെക്കമെന്റ്റ്' ചെയ്തെങ്കിലും പള്ളിക്കാര്‍ നിര്‍ദയമായി ആ അപേക്ഷ തള്ളിക്കളഞ്ഞു ! എന്റെഒരനുഭവം കൂടി പറഞ്ഞോട്ടെ :- നാല്പതു കൊല്ലമായെന്നു തോന്നുന്നു ,ഞങ്ങളുടെ പള്ളിക്കൊരു 'പാര്സനേജു' പണിയാന്‍ കാശിനായി കുര്ബാനമദ്ധ്യെ കത്തനാര് പിരിവു നടത്തി! ഒന്നാമതായി (അന്നത്തെകാലത്ത് അയ്യായിരം രൂപ) എന്റെമകന്‍ജോജി (ഡോക്ടര്‍.ജോര്‍ജ് സാം) വിളിച്ചുപറഞ്ഞു കൊടുത്തതുകണ്ട് ഒരു ലക്ഷം രൂപ ഉടന്‍ പിരിഞ്ഞുകിട്ടി! പക്ഷെ രണ്ടുകൊല്ലം കഴിഞ്ഞു പള്ളി കണ്വന്ഷനില്‍ പാട്ടുപാടുന്ന കുഞ്ഞുങ്ങളുടെ കൂടെ, ആ പയ്യനെ ഒന്ന് പാടിക്കാന്‍ പറഞ്ഞപ്പോള്‍ "അവന്‍ ഇവിടെ സണ്‍‌ഡേ സ്കൂളില്‍ പഠിക്കുന്നില്ലാത്തതിനാല്‍ പറ്റുകയില്ലെന്ന്: നിര്‍വികാരനായി വികാരി എന്നോട് പറഞ്ഞു ! അന്നാപയ്യാന്‍ ദൂരെ ഒരു സ്കൂളില്‍ താമസിച്ചു പഠീക്കയായിരുന്നതിനാല്‍ (ഞാനും ഭാര്യയും അബുദാബിയിലും ) പള്ളിയില്‍ നാട്ടിലെ കുഞ്ഞുങ്ങളെപ്പോലെ സണ്‍‌ഡേസ്കൂള്‍നു പോയില്ല ! ഇതാണ് പള്ളി ! ദൈവത്തെ അറിയാത്ത ഒരു സംഗം; പാതിപ്പടയാല്‍ ആത്മീയ അന്ധകാരത്തിലേക്ക് നയിക്കപ്പെടുന്ന ഒരുജനക്കൂട്ടം അത്രതന്നെ! ! youtube ഇല്‍ samuelkoodal സമസംഗീതം എന്നടിച്ചാല്‍ എന്റെ ആ മകന്‍ പാടിയ നൂറോളം പാട്ടുകള്‍ നിങ്ങള്ക്ക് കേള്‍ക്കാം... സങ്കടമുണ്ട് മാളോരെ,ഞാന്‍ ക്രിസ്തിയാനി മാതാപിതാക്കള്‍ക്ക് ജനിച്ചതില്‍ / പള്ളിയില്‍ ക്രിസ്തുവിനെ അനുസരിക്കാതെ എനിക്കും പള്ളിയില്‍ പോകേണ്ടിവന്നതില്‍ വലിയകുറ്റബോധമുണ്ട് ! സത്യം...

    ReplyDelete