Translate

Friday, June 19, 2015

പള്ളികൃഷി അവസാനിക്കുന്നില്ല!

ഫെയ്സ്ബുക്കിൽ - 19.6.2015 
ക്രിസ്തുവിന്റെ പിന്തുടര്‍ച്ചക്കാര്‍ എന്നവകാശപ്പെടുന്ന കത്തോലിക്കാ പുരോഹിതരില്‍ നിന്നും അല്മായര്‍ പ്രതീക്ഷിക്കുന്നത് എന്താണ്? കാരുണ്യവും സ്നേഹവും സഹാനുഭൂതിയും ദയയുമാണോ അതോ ധാര്‍ഷ്ട്യവും മര്‍ക്കടമുഷ്ടിയും കൊള്ളയും കൊള്ളിവയ്പ്പും വെട്ടിപ്പും താന്തോന്നിത്തവുമാണോ? ക്രിസ്തുവില്‍ നിന്നും ബൈബിളില്‍ നിന്നും ഏറെ അകന്ന പൌരോഹിത്യം കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ട്.പോപ്പ് ഫ്രാന്‍സ്സീസ്സിന്റെ ഉദ്ബോധനങ്ങളും മാതൃകയും അഴുക്കുചാലില്‍ വീണു കിടക്കുന്ന പുരോഹിതന്മാര്‍ക്ക് ബോധോദയം നല്‍കും എന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അതും വ്യര്‍ഥമായി.

തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള വെട്ടുതുറ ഇടവകയില്‍ പള്ളി പണിയുമായി ബന്ധപ്പെട്ടു ഇടവക വികാരിയും സില്‍ബന്ധികളും നടത്തിയ തീവെട്ടിക്കൊള്ള അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല. എഴുപത് ശതമാനം- ഇവരില്‍ തന്നെ മഹാഭൂരിപക്ഷം കുടിലുകളില്‍ താമസിക്കുന്ന- മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരിടവകയില്‍ ഒരു കോടി രൂപയുടടുത്ത് ചെലവ് പ്രതീക്ഷിക്കുന്ന ഒരു പള്ളി പണിയാന്‍ തീരുമാനിക്കുന്നു. ഒരു മത്സ്യത്തൊഴിലാളി കുടുംബം നല്‍കേണ്ടത് കുറഞ്ഞത് പതിനായിരം രൂപയാണ്. സമ്പന്നര്‍ അന്‍പതിനായിരം മുതല്‍ മുകളിലോട്ടു. അന്നന്നുള്ള അന്നത്തിനു കഷ്ടപ്പെടുന്ന മുക്കുവര്‍ക്ക് എവിടെ നിന്നും കിട്ടും പതിനായിരം? പലരും വട്ടിപ്പലിശക്കാരെ സമീപിച്ചു, പതിനായിരം രൂപ പലിശക്കെടുത്ത് കൊടുത്തു. അതിനും നിവൃത്തിയില്ലാത്തവര്‍ അയ്യായിരം രൂപ കൊടുത്തു, ബാക്കി ഏതെങ്കിലും അടിയന്തിരം വരുമ്പോള്‍ കൊടുക്കാം എന്നാ ധാരണയില്‍.
പള്ളിപ്പണി ആരെ ഏല്‍പ്പിക്കും? കൂലംകഷമായി നടന്ന ചര്‍ച്ചയില്‍ ഇടവക വികാരി തന്റെ നിലപാട് അറിയിച്ചു, തന്റെ സ്വന്തക്കാരന്‍ തന്നെ പള്ളി പണിയട്ടെ. അങ്ങനെ അച്ചനും സ്വന്തക്കാരനും കൂടി പണി തുടങ്ങി. പണിഞ്ഞു പണിഞ്ഞു വന്നപ്പോള്‍ കോണ്ട്രാക്റ്റ് തന്നെ വികാരിയും സില്‍ബന്ധികളും മറന്നു. പണി സാധനങ്ങളുടെ നിലവാരം ഇല്ലായ്മ പോട്ടെ എന്ന് വയ്ക്കാം, പള്ളിയുടെ വലിപ്പം തന്നെ കുറച്ചു കളഞ്ഞാല്‍ എന്ത് ചെയ്യും? പെയ്യുന്ന മഴയുടെ ഭൂരിഭാഗവും പള്ളിയുടെ അള്‍ത്താരയില്‍ തന്നെ വീണാല്‍ എങ്ങനെയാണ് വിശുദ്ധ കര്‍മങ്ങള്‍ നടത്തുക.
ഈ പകല്‍കൊള്ള നടത്തിയ വികാരിയെ നാട്ടുകാര്‍ ചോദ്യംചെയ്തപ്പോള്‍ കിട്ടിയ മറുപടിയാണ് രസകരം-കര്‍ത്താവിന്റെ അഭിഷിക്തനെ തൊട്ടുപോകരുത്‌, അച്ചനെ ചോദ്യം ചെയ്യുന്നത് ചാവ് ദോഷമാണ്. എല്ലാവരും നരകത്ത് പോകും. അച്ചന്‍ ശപിച്ചാല്‍ കുടുംബം ഗതിപിടിക്കില്ല-ഇത്തരം വാദങ്ങള്‍ കേട്ട ജനങ്ങള്‍ പേടിച്ചു, അല്ലെങ്കില്‍ പേടിപ്പിച്ചു എന്ന് തന്നെ പറയാം. അവസാനം ഇവര്‍ രൂപതയെ സമീപിച്ചു. ഇനാംപേച്ചിയ്ക്ക് മരപട്ടി കൂട്ട് എന്ന് പറഞ്ഞത് പോലെയായി പിന്നത്തെ കാര്യങ്ങള്‍. ചര്‍ച്ചകള്‍ വിശകലനങ്ങള്‍ മുട്ടിപ്പായ പ്രാര്‍ഥനകള്‍ ജപമാല മാനസാന്തരത്തിന് വേണ്ടിയുള്ള പ്രാര്‍ഥനകള്‍, പക്ഷെ ഈ കൊള്ളക്കാരന്‍ പാതിരിയ്ക്ക് മാത്രം ഒരു കുലുക്കവുമില്ല. അവസാനം രൂപത അധികാരികള്‍ സുല്ലിട്ടു. പണത്തിനു മേല്‍ പരന്തും പറക്കില്ലല്ലോ.

No comments:

Post a Comment