Translate

Wednesday, April 22, 2015

നമുക്ക് സാറന്മാരാവാം !

സത്യത്തില്‍ കര്‍ദ്ദിനാളച്ചനു മാത്രമല്ല സര്‍വ്വ വിശ്വാസികള്‍ക്കും ചൊറിഞ്ഞുകയറും, ഇടപ്പള്ളിപ്പള്ളി കണ്ടാല്‍. ഈ ആര്‍ഭാട സംസ്കാരം നമുക്ക് വേണ്ടായെന്നല്ലേ അങ്ങേര് വെട്ടിത്തുറന്നു പറഞ്ഞത്? പള്ളി വെഞ്ചരിപ്പിന്‍റെ സര്‍വ്വ ഗ്ലാമറും കളഞ്ഞ ആലഞ്ചേരിയെ അരച്ചുകലക്കി കുടിക്കാനുള്ള മനസ്സ് ഇടപ്പള്ളിക്കാര്‍ക്ക് ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. ഈ പോക്ക് നേര്‍രേഖയിലല്ലെന്ന് പുതിയ പള്ളിയെ നോക്കി ഒരു കര്‍ദ്ദിനാള്‍ പറയുകയെന്ന്‍ വെച്ചാല്‍ എന്താ സ്ഥിതി? പിരിവും നേര്‍ച്ചയുമായി കിട്ടുന്ന പണം പിന്നെന്ത്  ചെയ്യണമെന്നു കൂടി അങ്ങേര്‍ക്ക് പറയാമായിരുന്നു. മലയാറ്റൂര്‍ മലമുകളിലെ നേര്‍ച്ചപ്പണം തന്നെ ഇപ്രാവശ്യം ഒരു ലോഡുണ്ടായിരുന്നു. ഈ പിരിവും പള്ളിനവീകരണവും ഇല്ലാതെ പോയാല്‍ പലരും വേറെ ചെല്ലപ്പണി തുടങ്ങും. കര്‍ദ്ദിനാളാണെന്ന് പറഞ്ഞിട്ടെന്താ കാര്യം, ഇവരെ എങ്ങിനെ ഒതുക്കും? അമ്പതില്‍ ഒരെണ്ണം വെച്ച് പിശകാണെന്നാണ് റോമിന്‍റെ കണക്ക്. ആ അകലക്കണക്ക് ഇവിടെ സമ്മതിച്ചാല്‍ തന്നെ നമുക്ക് അറുപതോളം പേരെ കിട്ടും.

‘അയ്യോ പിതാവേ പോകല്ലേ, പോകല്ലേ’ എന്നാവശ്യപ്പെട്ടുകൊണ്ട് ഇവിടുന്നു റോമിന് ധാരാളം കത്തുകള്‍ പോകുന്നു എന്നറിഞ്ഞതുകൊണ്ടായിരിക്കാന്‍ ഇടയില്ല, ആലഞ്ചേരി പിതാവ് ഇടപ്പള്ളിയില്‍ പോയി മാര്‍പ്പാപ്പാ പറയാറുള്ളതു പോലെ പറഞ്ഞത്. കേരളത്തിലെ അത്മായാ സംഘടനകളെ കൊണ്ട് തനിക്ക് അഭിനന്ദനകത്തുകള്‍ എഴുതിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇങ്ങിനെ പ്രസംഗിച്ചതെന്ന് ചിന്തിക്കാനും കഴിയുന്നില്ല. ഏതായാലും, ഇടക്കിടക്കൊക്കെ അങ്ങേര് ഓട്ടോയില്‍ സഞ്ചരിക്കുന്നുണ്ടെങ്കിലും, അങ്ങേരെ ഒരു ചടങ്ങിനു വിളിച്ചാല്‍ സംഗതി അത്ര ലളിതമായി തീരുമെന്നല്ല ജനസംസാരം.

ഈ പോക്ക് പോയാല്‍ സംഗതി അവതാളത്തിലാകുമെന്ന് തേലക്കാട്ടച്ചന്‍ കര്‍ദ്ദിനാളിനോട് പറഞ്ഞു കാണണം, അല്ലെങ്കില്‍ ആലഞ്ചേരി പിതാവ് ഇത്ര ചൂടാകുകയില്ലായിരുന്നു. തേലക്കാട്ടച്ചന്‍ നോക്കുമ്പോള്‍, അച്ചന്മാരുടെ നഷ്ടപരിഹാര കേസുകള്‍ കൂടുന്നു, പറപ്പൂര്‍ പള്ളിനിര്‍മ്മാണം ജില്ലാ ഭരണകൂടം തടഞ്ഞു, വിവാഹമോചന കേസുകളില്‍ തീരുമാനമാകാന്‍ രണ്ടുവര്‍ഷം ഇരുവരും പിരിഞ്ഞു കഴിഞ്ഞിരിക്കണം എന്നുള്ള സഭയുടെ നിര്‍ബന്ധം സുപ്രീംകോടതി വിലക്കി, ചര്‍ച്ച് ആക്റ്റ് വന്നേക്കാം, ഞരമ്പ് രോഗികളെ സംരക്ഷിക്കുന്ന മെത്രാന്മാരുടെ പേരില്‍ നടപടി എടുക്കുമെന്ന മാര്‍പ്പാപ്പയുടെ ഭീഷണി, മഠങ്ങള്‍ തരിശായിക്കൊണ്ടിരിക്കുന്നു, പി സി ജോര്‍ജ്ജു മിണ്ടാതിരിക്കുന്നു ....  അങ്ങിനെ പോവുന്നു സഭക്ക് മുമ്പിലുള്ള സമസ്യകള്‍. അത്മായര്‍ കേസ് കൊടുക്കാന്‍ സാധ്യതയുള്ള ഒരുപാട് വിഷയങ്ങള്‍ വേറെയും അദ്ദേഹം കാണുന്നു. ക്നാനായാ പ്രശ്നം കുഴഞ്ഞുമറിഞ്ഞങ്ങിനെ! മക്കളില്ലാത്ത ഒരു ക്നാനായാക്കാരന്‍ ഒരു കൊച്ചിനെ ദത്തെടുത്താല്‍, ഞായറാഴ്ചകളില്‍ ആ കൊച്ചിനെ വേദപാഠം പഠിപ്പിക്കാന്‍ സീറോ മലബാര്‍  ചങ്ങനാശ്ശേരിക്കൂര്‍ പള്ളിയില്‍ കൊണ്ടെ വിട്ടിട്ട് അവര്‍ ക്നാനായ  പള്ളിയില്‍ പോകണം - ഇപ്പോഴത്തെ അവസ്ഥയില്‍. ഒരു ക്നാനായാക്കാരന്‍റെ അടുക്കല്‍ ആരെങ്കിലും വന്ന് ‘എനിക്ക് യേശുവിന്‍റെ അനുയായി ആകണ’മെന്ന് ശഠിച്ചാല്‍, സംഗതി ആകെ കുഴഞ്ഞത് തന്നെ. ഉള്ളിലിരുന്നു വചനം വേറെ ഭാഷയില്‍ വായിച്ചവര്‍ പോലും ഇപ്പോള്‍ വിഷമിക്കുന്നു.

അധികാരം അത്മായനുമായി പങ്കിടാമെന്ന് വെച്ചാല്‍ അതും നടക്കില്ല. കണ്ടില്ലേ, മെല്‍ബണില്‍ അത്മായരെ കൂട്ടി പള്ളിക്ക് സ്ഥലം വാങ്ങിയതിന്‍റെ ഫലം. അവിടെ ഒരു പള്ളി സ്വന്തമായിട്ട് പണിയാന്‍ ആറ്റുനോറ്റിരുന്നതാ കുറെ മെത്രാന്മാര്‍. എന്നിട്ടെന്തായി? വാങ്ങിയ സ്ഥലം ആകെ പ്രശ്നത്തില്‍. ഒരു മെത്രാന്‍റെ ബുദ്ധിമോശം കൊണ്ട് പണ്ട് ദീപികയില്‍ കമ്മ്യുണിസ്റ്റ് സൂക്തങ്ങള്‍ വരാനിടയായില്ലേ? മെത്രാന്‍ ചെയ്യുന്നത് മറുകുറ്റി പായാനും സാദ്ധ്യതയുണ്ടെന്ന് പാവം പുത്തൂര്‍ വിചാരിച്ചില്ല. ചിലര്‍ കൊണ്ടേ പഠിക്കൂ.
പട്ടം കൊടുക്കുന്നതിനു മുമ്പേ പാസ്സ്പോര്‍ട്ടും വിസ്സായും ഒരാചാരമാക്കിയത് നന്നായി; അല്ലായിരുന്നെങ്കില്‍ എഡ്വിനച്ചന്‍ ഗോതമ്പുണ്ട തിന്നേനെ. എഡ്വിനച്ചന്‍റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി കേട്ടു; ഏതൊക്കെയോ സഹപ്രവര്‍ത്തകരും ഏതാനും അത്മായരും കൂടി ദീര്‍ഘകാലമായി നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് ഈ കേസെന്നല്ലേ അങ്ങേരുടെ വക്കീല്‍ വാദിച്ചത്. സാക്ഷാല്‍ മിശിഹാ കര്‍ത്താവ് കുരിശില്‍ കിടന്നപ്പോള്‍ ഇവരോട് ക്ഷമിക്കണേ എന്നാണ് പ്രാര്‍ഥിച്ചത്; ആദ്യത്തെ രക്തസാക്ഷി സ്റ്റെഫാനോസിനെ കൊല്ലാന്‍ തുടങ്ങിയപ്പോള്‍ സ്റ്റെഫാനോസ് പറഞ്ഞതും തന്നെ ഉപദ്രവിക്കുന്നവരില്‍ കുറ്റം ചാര്‍ത്തരുതേയെന്നാണ്. ഇവിടെ കേരളത്തിലെ രക്തസാക്ഷികള്‍ ഈ ഭാഗം വായിച്ചിട്ടില്ല; പകരം ‘പല്ലിനു പല്ല്, കണ്ണിനു കണ്ണ്’ എന്ന വചന ഭാഗമാണ് കാണാപ്പാഠം പഠിച്ചു  വെച്ചിരിക്കുന്നത്.

കേസില്‍ കക്ഷിയായ പെണ്‍കുട്ടിക്ക് 14 വയസ്സായതുകൊണ്ട്, ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കന്മാര്‍ ഗൂഡാലോചന തുടങ്ങിയിട്ട് 14 വര്‍ഷങ്ങളില്‍ കൂടുതല്‍ ആയിരിക്കാന്‍ ഇടയില്ല. എന്നാലും ഈ ശത്രുക്കാരുടെ ബുദ്ധി നോക്കണേ; പൊലീസ് വരുമ്പോള്‍ കാണാനായി പള്ളിമുറിയില്‍ വിദേശ മദ്യക്കുപ്പി കൊണ്ടെ വെച്ചത് മാത്രമോ, ഈ പെണ്‍കുട്ടിയുടെ തലമുടി അവിടെ കൊണ്ടിടുകയും ചെയ്തില്ലേ? ഇവരെയൊക്കെ രാജവെമ്പാലയെ വിട്ടു കടിപ്പിക്കാന്‍ എനിക്ക് തോന്നുന്നുണ്ട്. അറക്കല്‍ മെത്രാന്‍റെ ഇടയ ലേഖനം (ലെയിറ്റെസ്റ്റ്) ഇവരെ ഒന്ന് വായിച്ചു കേള്‍പ്പിക്കണം. അതില്‍ ഖണ്ഡിക, വാചക നമ്പര്‍ സഹിതം പറയുന്നുണ്ട് (ജെറമിയായുടെ പുസ്തകം); പുരോഹിതര്‍ എന്ന് പറഞ്ഞാല്‍ ദൈവം തിരഞ്ഞെടുത്തതായതുകൊണ്ട് ദൈവം അവരെ സംരക്ഷിക്കുമെന്നും അതില്‍ പറഞ്ഞിട്ടുണ്ട്. ആ ഉറപ്പുള്ളതുകൊണ്ടായിരിക്കണം പ്രജകളുടെ ദശാംശവിഹിതം അദ്ദേഹം ഏകപക്ഷിമായിത്തന്നെ  നിശ്ചയിച്ചത്. ചിലര്‍ക്കത് വരുമാനത്തിന്‍റെ പത്തു ശതമാനവും ചിലര്‍ക്കത് 200 ശതമാനവും ആണെന്നും കേള്‍ക്കുന്നു. ഇപ്പോ ധര്‍മ്മക്കാരോ ചുമട്ടുകാരോ പോലും മനസ്സുള്ളത് തന്നാല്‍ മതിയെന്ന് പറയാറുണ്ടോ? പിന്നെ മെത്രാനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം? നോക്കുകൂലി ആദ്യം തുടങ്ങിയതും പള്ളിക്കാരല്ലല്ലോ.

അതുകൊണ്ട് എല്ലാവരും സൂക്ഷിക്കുന്നത് നല്ലതാണെന്നാ അദ്ദേഹം അര്‍ത്ഥമാക്കുന്നത്. മെത്രാനാകാന്‍, ചില അരമനകളില്‍ നടന്നിരിക്കാന്‍ ഇടയുള്ള കുത്തിത്തിരുപ്പുകളില്‍ ദൈവത്തിന്‍റെ പങ്ക് എങ്ങിനെ ആയിരിക്കുമെന്ന് അദ്ദേഹം പറയുന്നില്ല. ഒരു വികാരി ജനറല്‍ മുംബെയ്ക്കും, വേറൊരു ഗുരു ദുബായിക്കും, മറ്റൊരു ഗുരു അമേരിക്കയില്‍ നിന്ന് നെടുമ്പാശ്ശെരിക്കും പറക്കേണ്ടി വന്നപ്പോള്‍ ഈ ദൈവം എന്ത് ചെയ്യുകയായിരുന്നു എന്നൊന്നും ആ ലേഖനത്തിലില്ല. ഒരു വികാരിയെയും നാടകനടിയെയും പിടിച്ചപിടിയാലെ ഒരു അരമനയില്‍ അര്‍ദ്ധരാത്രിക്ക് നാട്ടുകാര്‍ കൊണ്ടുവന്നപ്പോഴും ഈ ദൈവത്തിന്‍റെ സംരക്ഷണം ആരും കണ്ടിട്ടില്ല. ഈ സംരക്ഷണം മെത്രാന്‍തലം മുതല്‍ മുകളിലേക്ക് കാണാനുണ്ട് താനും. അല്ലായിരുന്നെങ്കില്‍ അറക്കല്‍ മെത്രാന്‍ പണ്ടേ ആവിയായിപ്പോയേനെ. കോതമംഗലം മെത്രാനോ, ഇടുക്കി മെത്രാനോ, തൃശ്ശൂര്‍ അതിമെത്രാനോ, അമേരിക്കന്‍ സീറോ പഴയമെത്രാനോ ഒന്നും ആരുടേയും തല്ലു കൊണ്ടതായി ആരും കേട്ടിട്ടില്ലല്ലോ! അറക്കല്‍ മെത്രാനെ അറഞ്ഞു പ്രാകിയവരില്‍ പഴയിടം പള്ളിയിലെ കപ്യാര് വരെ ഉണ്ടെന്നു കേള്‍ക്കുന്നു. മോനിക്കായുടെത് വേറെ. (എന്തൊക്കെയാണെങ്കിലും, അറക്കല്‍ മെത്രാന്‍ ഇടയലേഖനം അവസാനിപ്പിക്കുന്നത് നിങ്ങളുടെ വത്സല പിതാവ് എന്ന് പറഞ്ഞായിരിക്കും.)

ഈ ദൈവിക സംരക്ഷണം അച്ചന്മാരുടെയും മെത്രാന്മാരുടെയും വിരോധം വാങ്ങിക്കുന്നവര്‍ക്കും പൊതുവേ കണ്ടു വരാറുണ്ട്. എം. പി. പോള്‍, മുണ്ടശ്ശേരി, എ. കെ. ആന്റണി, ജോസഫ് പുലിക്കുന്നന്‍, പൊന്‍കുന്നം വര്‍ക്കി, കെ. എം. ചാണ്ടി, ഗവര്ണറായിരുന്ന എ.ജെ. ജോണ്, വൈസ് ചാന്സലറായിരുന്ന വി.വി. ജോണ് തുടങ്ങിയവര്‍ ഉദാഹരണങ്ങള്‍. പന്ത്രണ്ട്  വര്‍ഷങ്ങള്‍ വേദപാഠം പഠിച്ചിരുന്നെങ്കിലോ ദിവസവും പള്ളി മുറിയില്‍ പോയിരുന്നെങ്കിലോ  ഇവരൊക്കെ ഇതിലും വലിയവരായിരുന്നേനെ. അങ്ങിനെ സാറന്മാരായവര്‍ എത്രയോ ആയിരങ്ങള്‍!

പറപ്പൂര്‍ പള്ളിക്ക് 97 വയസ്സേ ആയുള്ളൂവെന്നു സഭ, 100 കഴിഞ്ഞെന്ന് അത്മായര്‍ (സഭയും അത്മായരും ഒന്നാണെന്ന് കരുതരുത്). പള്ളിക്ക് നൂറ് കഴിഞ്ഞെങ്കിലും അവിടെ കുര്ബാ്ന നടന്നിട്ട് 97 വര്ഷമേ ആയുള്ളൂവെന്നു സഭ പറഞ്ഞു നോക്കി, നടന്നില്ല. സര്ക്കാര്‍ പള്ളിപണി തടഞ്ഞിരിക്കുകയാണ്.  ശിഷ്യന്മാര്‍ അങ്കലാപ്പിലായപ്പോള്‍ കര്ത്താവ് എന്താ ചെയ്തത്? കടല്‍ തീരത്ത് പോയിരുന്ന് മീന്‍ ചുട്ട് ശാപ്പാട് റെഡിയാക്കിയിട്ട് ശിക്ഷ്യന്മാരോട് വരൂ വന്നു പ്രാതല്‍  കഴിക്കൂയെന്ന് പറഞ്ഞപ്പോള്‍ അവര്ക്ക്  സമാധാനം കിട്ടിയില്ലേ? അതുപോലെ ആലഞ്ചേരി പിതാവ് കുറെ മീനിനെ പൊരിച്ചു കപ്പയും വേവിച്ചു വെച്ചിട്ട് എല്ലാ മെതാന്മാരെയും വിളിച്ചുകൂട്ടി പ്രാതല്‍ കൊടുത്താല്‍ പ്രശ്നം അല്പ്പം അയഞ്ഞേക്കും.

ഒരു NRI കത്തോലിക്കന്‍ കേരളത്തില്‍ ഒരു വീടു പണിയാന്‍ തീരുമാനിച്ചു. ഏറ്റവും നല്ല സാമഗ്രികള്‍ വേണം അയാള്‍ക്ക്‌. സുഹൃത്ത് അതിനൊരുപായം പറഞ്ഞു കൊടുത്തു. അടുത്തിടെ പണിത ഏതെങ്കിലും പള്ളിക്കുപയോഗിച്ച സാധനങ്ങള്‍ ഏതു ബ്രാന്റാണെന്ന് നോക്കിയാല്‍ മതിയെന്നാണദ്ദേഹം പറഞ്ഞു കൊടുത്തത്. അതിനേക്കാള്‍ മുന്തിയ ബ്രാന്‍റ്റ് സാധനങ്ങള്‍ മാര്‍ക്കറ്റില്‍ കാണാന്‍ ഇടയില്ല. 

1 comment:

  1. പട്ടിയുടെ വാല് 12,000 വർഷം കുഴലിലിട്ടാലും അത് നിവരില്ലെന്നു ആർക്കാ അറിഞ്ഞുകൂടാത്തത്.
    പിന്നെ എന്തിന് ഇങ്ങനെ എഴുതിയും പറഞ്ഞും പേനയിലെ മഷിയും വായിലെ വെള്ളവും വറ്റിക്കുന്നു.
    ഇതിനൊക്കെ ഒരൊറ്റ വഴിയേയുള്ളു, ഒറ്റമൂലി; അതു ഞാനെങ്ങനെ പറഞ്ഞുതരും.

    ReplyDelete