Translate

Wednesday, March 4, 2015

നിർഭയരാകുക സ്വതന്ത്രരാകുക - മാണി പറമ്പേട്ട്







സന്ന്യാസത്തില്‍നിന്നും വൈദികവൃത്തിയില്‍നിന്നും പിരിഞ്ഞവരുടെ ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊച്ചിയിൽ ഫെബ്രുവരി 28 ന് 
മാണി പറമ്പേട്ട് നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ സംഗ്രഹം


മാധവിക്കുട്ടി എന്ന പ്രശസ്ത സാഹിത്യകാരി 1970-കളില്‍ ഉയര്‍ത്തിയ ഒരു വലിയ ചോദ്യമുണ്ട്: ഇവിടെ ക്രിസ്ത്യാനിയോ മുസ്ലീമോ ഹിന്ദുവോ കോണ്‍ഗ്രസ്സുകാരനോ കമ്യൂണിസ്റ്റുകാരനോ ഒക്കെയല്ലാതെ മനഷ്യനുണ്ടോ? യഥാര്‍ഥത്തില്‍ നാമോരോരുത്തരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണിത്.

ആരാണ് മനുഷ്യന്‍ എന്ന ചോദ്യമുയര്‍ത്തിയ മറ്റൊരു മഹാനായ സാഹിത്യകാരനുണ്ട് - കസാന്ത്‌സാക്കീസ്. അദ്ദേഹംതന്നെ മറുപടിയും പറഞ്ഞിട്ടുണ്ട്. ആരെയും ഭയപ്പെടാതെ വേണ്ടത് വേണ്ടപ്പോള്‍ വേണ്ടതുപോലെ ചെയ്യുന്ന നിർഭയനാണ് മനുഷ്യന്‍. പ്രതിരോധിക്കേണ്ടവയെ പ്രതിരോധിക്കാന്‍, എതിര്‍ക്കേണ്ടവയെ എതിര്‍ക്കാന്‍, വേണ്ടിവന്നാല്‍ ദൈവത്തോടു പോലും അരുതെന്നു പറയാന്‍ തന്റേടം കാണിക്കുന്നയാളാണ് മനുഷ്യന്‍. ഇന്ന് അങ്ങനെ ആരുംതന്നെയില്ല. വ്യക്തിത്വമുള്ളവരെക്കാള്‍ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെയോ മതത്തന്റെയോ ജാതിസംഘടനയുടെയോ അടിമകളായി അവ പറയുന്നതനുസരിച്ച് തല്ലാനും കൊല്ലാനും തയ്യാറായി, അവയ്ക്ക് വിധേയരായി ജീവിക്കുന്നവരെ മനുഷ്യര്‍ എന്നെങ്ങനെ വിളിക്കും? 

ഞാന്‍ 10 വര്‍ഷം വൈദികവിദ്യാര്‍ഥിയായും 34 വര്‍ഷം വൈദികനായും ജീവിച്ചശേഷം 2005-ല്‍ 60 വയസ്സു പൂര്‍ത്തിയായപ്പോള്‍ അതുവരെയുള്ള ജീവിതം വെറും അടിമയുടേതായിരുന്നു എന്നു മനസ്സിലാക്കി സഭാധികാരികള്‍ക്ക് കത്തുനില്കി പൗരോഹിത്യത്തില്‍നിന്ന് വിടുതല്‍ നേടിയയാളാണ്. എല്ലാ പുരോഹിതരും നിത്യവും ഉരുവിടാറുള്ള ബൈബിളിലെ സങ്കീര്‍ത്തനങ്ങളില്‍ എന്റെ അമ്മ എനിക്ക് ജന്മം നല്കിയത് പാപത്തില്‍നിന്നാണെന്ന വാക്യം അര്‍ഥം മനസ്സിലാക്കി വായിച്ചതിനെത്തുടര്‍ന്നായിരുന്നു വേദഗ്രന്ഥങ്ങളോടുള്ള അന്ധമായ വിധേയത്വത്തില്‍നിന്ന് ഞാന്‍ മുക്തനാകാന്‍ തീരുമാനിച്ചത്. ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്ന എന്റെ അമ്മ എനിക്കു സ്‌നേഹം മാത്രമേ നല്കിയിട്ടുള്ളു എന്ന എന്റെ അനുഭവത്തെയാണോ വേദവചനങ്ങളെയാണോ ഞാന്‍ വിശ്വസിക്കേണ്ടത്? ഈ ചോദ്യവുമായി ഞാന്‍ നില്ക്കുമ്പോഴായിരുന്നു വിമോചനദൈവശാസ്ത്രം എന്നെ ആകര്‍ഷിച്ചത്. അത് സഭയുട ഒരു സേഫ്റ്റി വാല്‍വാണെന്നുമനസ്സിലാക്കാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. വടക്കോട്ടു പോകേണ്ട ഒരാള്‍ തെക്കോട്ടു പൊയ്‌ക്കൊണ്ടിരുന്ന ട്രെയിനില്‍ കയറി താന്‍ കയറേണ്ട ട്രെയിനല്ല അതെന്നു മനസ്സിലാക്കുമ്പോള്‍ അതേ ട്രെയിനിലൂടെ കുറെ ദൂരം വടക്കോട്ട് ഓടുന്നതുപോലെ നിരര്‍ഥകമാണ് മനുഷ്യത്വത്തെ മാനിക്കാത്ത മതവും പൗരോഹിത്യവും നയിക്കുന്നു ദിശയില്‍ ചരിക്കുന്നത് എന്ന് എനിക്കു മനസ്സിലായി. വേദഗ്രന്ഥങ്ങളിലും സഭാനിയമങ്ങളിലുമെല്ലാം ചരിത്രപരമായി കടന്നുകൂടിയിട്ടുള്ള അധികാരിവര്‍ഗത്തിന്റെ താത്പര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞപ്പോള്‍ അവയ്‌ക്കൊക്കെ അതീതമാണ് മാനവികതയെ മാനിക്കുന്ന ആത്മീയത എന്ന് എനിക്കു ബോധ്യമായി. അത് ഏറ്റവും വ്യക്തമായി കാണാനാവുന്നത് നാരായണഗുരുവിലാണ്. അദ്ദേഹം ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന പറഞ്ഞത് ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ടാ മനുഷ്യന് എന്ന് ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ തിരുത്തിയെങ്കിലും ഗുരു ശിഷ്യനെ കുറ്റപ്പെടുത്തുകയല്ല ശിഷ്യന്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പ്രോത്സാഹനം നല്കുകയാണ് ചെയ്തത്. ഇസ്ലാമിനെതിരെ കുരിശുയുദ്ധങ്ങള്‍ നയിച്ച, യേശുവിനെ കൊന്ന സമുദായത്തില്‍ പെട്ടവര്‍ എന്നു പറഞ്ഞ് യഹൂരദരെ കൂട്ടക്കൊല ചെയ്തവരെ ന്യായീകരിച്ച, ജോവാന്‍ ഓഫ് ആര്‍ക്കിനെപ്പോലെയുള്ള ധീരവനിതകളെപ്പോലും ചുട്ടുകൊന്ന പാരമ്പര്യത്തില്‍ ആത്മീയത എവിടെ? അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരെയും അംഗീകരിക്കുന്ന നാരായണഗുരുവിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്നതും അനുവര്‍ത്തിക്കുന്നതുമാണ് യഥാര്‍ഥ ആത്മീയത. അത് ഇന്ന് നമ്മുടെ സമൂഹത്തില്‍ ഒരിടത്തും കാണാനില്ല. മാതാപിതാക്കളില്‍നിന്നു പകര്‍ന്നുകിട്ടുന്ന പകര്‍ച്ചവ്യാധിപോലെയാണ് ഇന്ന് മിക്കവരുടെയും മതം. 

വിവാഹിതനായതിനെത്തുടര്‍ന്ന് ഭ്രാന്താശുത്രിയില്‍ അടയ്ക്കപ്പെട്ട, ഭാര്യയുടെ ധീരമായ ഇടപെടല്‍കൊണ്ടുമാത്രം രക്ഷപ്പെട്ട ഫാ. ജെയിന്‍ വര്‍ഗീസും ഭാര്യയും ഇവിടെയുണ്ട്. ഗുണ്ടകള്‍ ഭാര്യയെ പാലക്കാട്ടുള്ള വീട്ടിലെത്തിച്ചെങ്കിലും ഭര്‍ത്താവ് എവിടെയെന്ന് അന്വേഷിച്ച് കണ്ടെത്തി പൈങ്ങുളം ആശുപത്രിക്കുമുമ്പില്‍ സമരം ചെയ്ത് അദ്ദേഹത്തെ അവര്‍ മോചിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന് കെ. സി. ആര്‍. എം. സ്വീകരണം നല്കുന്നു എന്നറിഞ്ഞതിനെത്തുടര്‍ന്നാണ് എനിക്ക് അദ്ദേഹത്തെയും കെ. സി. ആര്‍. എം. പ്രവര്‍ത്തകരെയും കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞത്. രോഗമൊന്നുമില്ലാത്ത അനേകരെ മാനസികരോഗികളാണെന്നു പറഞ്ഞ് തടവിലാക്കുന്ന പൈങ്ങുളം പോലെയുള്ള കത്തോലിക്കാ സ്ഥാപനങ്ങളില്‍ ഇനിയും ഇതുപോലെ രോഗമില്ലാത്ത എത്ര പേര്‍ നരകിക്കുന്നുണ്ട് എന്ന് അടിയന്തിരമായി അന്വേഷിക്കേണ്ടതുണ്ട്. വൈദികവൃത്തിയില്‍നിന്നും സന്ന്യാസത്തില്‍നിന്നും പുറത്തുവന്നവര്‍ നേരിടുന്ന അവഗണനയും അവജ്ഞയും കണ്ടറിഞ്ഞ് അവര്‍ക്ക് ഒരു ദേശീയ സമ്മേളനം രൂപീ കരിച്ച  കെ. സി. ആര്‍. എം. പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളര്‍പ്പിച്ചുകൊണ്ട് ഈ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

4 comments:

  1. "മാതാപിതാക്കളില്‍നിന്നു പകര്‍ന്നുകിട്ടുന്ന പകര്‍ച്ചവ്യാധി പോലെയാണ് ഇന്ന് മിക്കവരുടെയും മതം."

    എത്ര നിബന്ധബുദ്ധിയോടെയാണ് മാതാപിതാക്കൾ തങ്ങളുടെ മതം തന്നെയാണ് മക്കൾക്കും ഉണ്ടായിരിക്കേണ്ടത് എന്നാഗ്രഹിക്കുന്നത്! ഇതിനപവാദങ്ങൾ ഇന്ന് കാണാനുണ്ട് എന്നത് ആശ്വാസകരം - അതായത് മതമില്ലാത്തെ ജീവിതങ്ങൾ എന്ന കൂട്ടത്തിൽ പെടുന്നവർ. പക്ഷേ, മതമുള്ള ഏവനും അതേ മതം തന്നെ മക്കൾക്കും നിർബന്ധമാക്കുന്നതാണ് പൊതുരീതി. ഇതെത്ര ബുദ്ധിശൂന്യമാണെന്ന് അല്പം ചിന്തിച്ചാൽ മനസ്സിലാകും.

    ജനനം യാദൃശ്ചികമായ ഒരു സംഭവമാണ്. എന്റെ മാതാപിതാക്കൾ മറ്റൊരു മതത്തിലെ അംഗങ്ങൾ ആകാമായിരുന്നു. അപ്പോൾ എനിക്ക് അവരുടെ മതം കിട്ടുമായിരുന്നു. കിട്ടിയ മതമാണ്‌ ഏറ്റവും നന്ന്, ബാക്കിയൊക്കെ അത്ര കുറ്റമറ്റതല്ല എന്ന ചിന്ത കുഞ്ഞിലേ മനസ്സിൽ കുത്തിവയ്ക്കപ്പെടുന്ന ഒരു വിഷമാണ്. അത് തലമുറകളിലേയ്ക്ക് പകര്ച്ചവ്യാധിപോലെ പരക്കുന്നതിന്റെ ഫലമാണ് ഏതു മതത്തിൽ തിരക്കിയാലും അന്ധവിശ്വാസികളെ മാത്രം കണ്ടുമുട്ടുന്നത്. തങ്ങളുടെ മതവിശ്വാസം അന്ധമാണെന്നു തിരിച്ചറിയാൻ കഴിയാതെ പോകുന്നതാണ് എല്ലാ മതതീവ്രവാദത്തിനും അസഹിഷ്ണുതക്കും പിന്നിൽ പ്രവര്ത്തിക്കുന്ന ബുദ്ധിമാന്ദ്യം. മതവിശ്വാസികൾ മതമില്ലാത്തവരെക്കാൾ കൂടുതലായതുകൊണ്ട്, ഇന്ന് ലോകത്തുള്ള ഭൂരിപക്ഷവും മന്ദബുദ്ധികൾ ആണെന്നുള്ളത്‌ ഒരു സത്യമാണ്. അത്തരം മനുഷ്യർ നാന്നാവില്ല എന്ന് തന്നെയാണ് ക്രാന്തദർശിയായ ശ്രീ നാരായണഗുരു മറ്റൊരു തരത്തിൽ പറഞ്ഞുവച്ചത് - മതമേതായാലും മനുഷ്യൻ ആയാൽ മതി എന്ന്. മനുഷ്യൻ എന്നാൽ നല്ല മനുഷ്യൻ, ബുദ്ധിമാന്ദ്യം ഇല്ലാത്ത മനുഷ്യൻ എന്നാണദ്ദേഹം ഉദ്ദേശിച്ചത്. തീവ്രമതവിശ്വാസി ഒരുകാലത്തും ഒരു നല്ല മനുഷ്യനാവില്ല എന്ന് തന്നെയാണ് അതിൻറെ പൊരുൾ. അത് മനസ്സിലാക്കുന്നവർ എത്രയോ വിരളമാണ്!

    ReplyDelete
  2. Thanks to Josantony for this short and good report. I hope the talks by other eminent persons will also be posted shortly. Many are waiting to see what happened to the meeting and after that. That there has been a wide participation even from distant places, as far as Ahamedbad and Delhi shows that the meeting was a must and had provoked great interest. Even active priests like John Mundackal and John Kochumuttam whows that the meeting had a very positive impact on the members of the clergy, except of course a few never to be corrected eminents.

    ReplyDelete
  3. ഈ പോസ്റ്റിലെ ഒരു ഫോട്ടോയിൽ ശ്രീ നാരായണഗുരുവിന്റെ പടം കാണാം. കത്തോലിക്കരുടെ ഒരു മീറ്റിങ്ങിൽ ഇതെങ്ങനെ എന്ന് ചിന്തിക്കുന്നവർ ഉണ്ടാവും. അന്വേഷിച്ചു ചെന്നപ്പോൾ കണ്ടുകിട്ടിയ തൃപ്തികരമായ ഒരു ഹാൾ sndp യുടെതായിരുന്നു എന്ന് മാത്രം. അതിൽ ഗുരുവിന്റെ പടങ്ങളും അർഥവത്തായ ചൊല്ലുകളും ധാരാളമുണ്ടായിരുന്നു. ഒരു തരത്തിൽ sndp ക്കാർ മതമില്ലാത്ത, ജാതിയില്ലാത്ത ഗുരുവിനെ ഹൈജാക്ക് ചെയ്ത് അവരുടേത് ആക്കുകയാണ് ഉണ്ടായത്. സത്യത്തിൽ, യേശുവിനെപ്പോലെ എല്ലാ മതവിശ്വാസികൾക്കും മതമില്ലാത്തവർക്കും ഒരുപോലെ സ്വീകാര്യനായിരുന്ന ദിവ്യവ്യക്തിയായിരുന്നു ഗുരു. അദ്ദേഹത്തിൻറെ പോലെ പാണ്ഡിത്യവും വിശുദ്ധിയും ഉള്ളവർ ഇന്ത്യയിൽ വിരളമായിട്ടെ ജീവിച്ചിട്ടുള്ളൂ. അത് മനസ്സിലാക്കാനും ഗുരുവിന്റെ പഠനങ്ങളിൽ ലയിക്കാനും മാത്രം ബുദ്ധി കത്തോലിക്കർക്ക് ഇല്ലാതെപോയത് ഒരു തീരാനഷ്ടമാണ്. ഗുരുവിനെ മനസ്സിലാക്കിയിരുന്നെങ്കിൽ ഇന്നന്നെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇത്ര നികൃഷ്ടമായ ഇരട്ടത്താപ്പുകാർ ആയിപ്പോവുകയില്ലായിരുന്നു. ആദർശശുദ്ധിയുള്ളവൻ എന്ന് എത്ര ഹിന്ദുക്കളെ, എത്ര ക്രിസ്ത്യാനികളെ ഇന്ന് നമുക്ക് എടുത്തുപറയാൻ സാധിക്കും? പ്രവാചകന്മാർ വന്നുപോകുന്നു. മനുഷ്യർ വിഗ്രഹങ്ങളുടെയും വിഡ്ഢികളുടെയും പിന്നാലെ കൊന്തയും കുടയും പിടിച്ച് ഓട്ടമാണ്.
    വാല്ക്കഷണം: മീറ്റിങ്ങിൽ സംബന്ധിക്കാൻ അടുത്തുള്ള മഠങ്ങളിൽ നിന്ന് കന്യാസ്ത്രീകളും വന്നിരുന്നു. എന്നാൽ കഷ്ടമെന്നു പറയട്ടെ, സംഭവം sndp ക്കാരുടെ ഹാളിലാണ് എന്ന് കണ്ടയുടൻ അവർ സ്ഥലം വിട്ടു. ചിലർ അതത്ര കാര്യമാക്കിയില്ലെങ്കിലും കൂടെയുണ്ടായിരുന്നവരുടെ നിർബന്ധത്തിന് അവരും വഴങ്ങി തിരിച്ചു പോയി. എത്രമാത്രം അസഹിഷ്ണുതക്ക് അടിമകളാണ് അറിവും വിദ്യാഭ്യാസവുമുണ്ടെന്നു നമ്മൾ കരുതുന്നവർ പോലും എന്നത് കത്തോലിക്കാ സഭക്ക് എന്നും ഒരു തീരാക്കളങ്കമാണ്.

    ReplyDelete
  4. സോളമന്‍ മോന് പാടാന്‍ വേണ്ടി ദാവീദ് രാജാവ് എഴുതിയ ഈരടികളാണ് പള്ളിയില്‍ ചെല്ലുന്ന അചായെന്മാരുടെ വായില്‍ കത്തനാര്‍ കുത്തിനിറച്ച ഈ അന്പത്തിയോന്നാം സന്കീര്‍ത്തനം ! ഊരിയാവിന്റെ ഭാര്യയെ പീഡിപ്പിച്ച്ചതും ഊരിയാവിനെ കൊല്ലിച്ചതും മ്ലേച്ചനാംദാവീടിനന്നു ഭൂഷണമായിരുന്നു ! എന്നാല്‍ നാഥാന്‍ശപിച്ച്പ്പോള്‍ മ്ലേച്ചനാം ദാവീദ് പാപകര്‍മ്മങ്ങളെ ഓര്‍ത്തുകേണതാണീഈരടികള്‍ ! എന്റെ കുട്ടിക്കാലത്തുമുതല്‍ എന്നെയും ചിന്തിപ്പിച്ച ബൈബിളിലെ ഒരു കൊള്ളരുതാഴികയാണിത് !എന്റെ "അപ്രിയ യാഗങ്ങളില്‍" "ഇടയനും പാപവും" എന്ന നാമത്തില്‍ ഇത് ഞാനും ലോകത്തോട്‌ പണ്ട് പറഞ്ഞിരുന്നു ! എന്നാല്‍ ഈ പ്രസംഗം കേട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം വേദിയില്‍ ഇരുന്ന എനിക്ക് മനസാകെ കുളിരുകോരി ! "സമാനമാനസര്‍ ഞങ്ങള്‍"എന്ന അഭിമാനവും ! ദാവീദിന്റെ പല രചനകളും ക്രിസ്തുവിനെ പരിചയപ്പെട്ട കത്തനാര്‍ പള്ളികളില്‍നിന്നും വായില്‍നിന്നും നീക്കം ചെയ്യണം ! നസരായന്റെ മൊഴികളില്‍ വിഷം ചേര്‍ക്കുന്നതാണവയില്‍ പലതും !

    ReplyDelete