Translate

Monday, March 30, 2015

മാര്‍പാപ്പയുടെ മരണവും വത്തിക്കാന്‍ ബാങ്കും


കെ എ ജോണി

ജോണ്‍ പോള്‍ ഒന്നാമന്റെ മരണവും വത്തിക്കാന്‍ ബാങ്കിന്റെ ഇടപാടുകളും തമ്മില്‍ബന്ധമുണ്ടോ? ജെറാള്‍ഡ് പോസ്‌നര്‍ ഒമ്പതു വര്‍ഷത്തെ ഗവേഷണത്തിനു ശേഷം എഴുതിയ 'God's Bankers' എന്ന ഗ്രന്ഥം വത്തിക്കാന്റെ നിഗൂഢമായ സാമ്പത്തിക ചരിത്രത്തിലൂടെയുള്ളയാത്രയാണ്. അപൂര്‍വമായ വായനാനുഭവമാണ് ഈ പുസ്തകം.

ജോണ്‍ പോള്‍ ഒാമന്‍ മാര്‍പ്പാപ്പയുടെ ഭൗതിക ദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍
ഐ.ഒ.ആര്‍ (Istituto le opere di Religione ) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വത്തിക്കാന്‍ബാങ്കിനെക്കുറിച്ച് പുറം ലോകത്തിനറിയാവുന്നത്് വളരെക്കുറച്ച് മാത്രമാണ്. ലോകത്തിലെഏറ്റവും നിഗൂഢമായ ബാങ്ക് എന്നാണ് വത്തിക്കാന്‍ ബാങ്കിനെ ഫോബ്‌സ് വിശേഷിപ്പിച്ചത്.കത്തോലിക്കാ സഭയുടെ പരമോന്നത പീഠമായ വത്തിക്കാന്റെ പണമിടപാടുകള്‍ കൈകാര്യംചെയ്യുന്ന ഈ ബാങ്കിനെക്കുറിച്ചാണ് ജെറാള്‍ഡ് പോസ്‌നര്‍ 'God's Bankers ' എന്ന പുസ്തകത്തില്‍എഴുതുന്നത്. അമേരിക്കയിലെ വാള്‍ സ്ട്രീറ്റില്‍ ഔദ്യോഗിക ജിവിതം തുടങ്ങിയ ജെറാള്‍ഡ്പോസ്‌നര്‍ 2005 മുതല്‍ 2014 വരെ ഒമ്പതു വര്‍ഷം നീണ്ട ഗവേഷണത്തിനു ശേഷമാണ് ഈ പുസ്തകംഎഴുതിയത്. രഹസ്യങ്ങളുടെ രാവണന്‍ കോട്ടയെന്നു വിശേഷിപ്പിക്കപ്പെടാവുന്ന വത്തിക്കാന്‍ബാങ്കിനെക്കുറിച്ച് അമേരിക്കയുള്‍പ്പെടെ വിവിധ രാഷ്്രടങ്ങളുടെ പുരാരേഖ സൂക്ഷിപ്പുകേന്ദ്രങ്ങളില്‍ മുങ്ങിത്തപ്പിയും നൂറുകണക്കിന് പേരുമായി അഭിമുഖങ്ങള്‍ നടത്തിയുമാണ്പോസ്‌നര്‍ ഗംഭീരം എന്നു മാത്രം വിശേഷിപ്പിക്കാവുന്ന ഈ ഗ്രന്ഥം എഴുതിത്തീര്‍ത്തത്.

രഹസ്യങ്ങളുടെ കോട്ടവാതിലുകള്‍ തുറക്കുക എളുപ്പമായിരുന്നില്ലെന്ന് പോസ്‌നര്‍ ആമുഖത്തില്‍എഴുതുന്നുണ്ട്. വിശ്വാസത്തിന്റെ താക്കോലുകള്‍ കൊണ്ടാണ് വത്തിക്കാന്‍ പണമിടപാടുകള്‍പലപ്പോഴും നിയന്ത്രിച്ചിരുന്നത്. വിധേയത്വത്തിന്റെയും അഗാധമായ കൂറിന്റെയും ശിലകളില്‍പടുത്തുയര്‍ത്തിയ വത്തിക്കാന്‍ ബാങ്കിന്റെ ഉള്ളുകള്ളികളിലേക്കുള്ള യാത്ര അതുകൊണ്ടു തന്നെഅതീവ ദുഷ്‌കരമായിരുന്നെന്നും പോസ്‌നര്‍ രേഖപ്പെടുത്തുന്നു. തന്റെ പുസ്തകംക്രിസ്തുമതത്തെക്കുറിച്ചോ, ദൈവ വിശ്വാസത്തെക്കുറിച്ചോ അല്ലെന്ന് പോസ്‌നര്‍വ്യക്തമാക്കുന്നുണ്ട്. പക്‌ഷേ, വത്തിക്കാന്‍ ബാങ്കിനെ ഇഴ കീറി പരിശോധിക്കുമ്പോള്‍കത്തോലിക്കാ സഭയുടെ ചരിത്രം അതില്‍ നിന്നും മാറ്റി നിര്‍ത്താനാവില്ലെന്നതാണ് വാസ്തവം.

''പരിശുദ്ധ മറിയമേ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന കൊണ്ടു മാത്രം സഭ കൊണ്ടുനടക്കാനാവില്ലെന്ന്്'' ഒരു ആര്‍ച്ച് ബിഷപ് നടത്തിയ പരാമര്‍ശം പോസ്‌നര്‍ ഉദ്ധരിക്കുന്നുണ്ട്.വത്തിക്കാന്‍ ബാങ്കിന്റെ തലപ്പത്ത് ദീര്‍ഘകാലം ഇരിക്കുകയും ''ദൈവത്തിന്റെ ബാങ്കര്‍' എന്നഇരട്ടപ്പേര് സമ്പാദിക്കുകയും ചെയ്ത ആര്‍ച്ച് ബിഷപ് മാര്‍സിങ്കസ് ആയിരുന്നു ഈവാക്യത്തിന്റെ ഉടമ. ''ലാഭം... ഐ ബി എമ്മിലെന്ന പോലെ ലാഭം സഭയ്്ക്കും പ്രധാനമാണ്.''ഓഷ്‌റിറ്റ്‌സിലെ ഗ്യാസ് ചേംബറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരില്‍ഒരാളായ ഏലിയട്ട് വെല്‍സിന്റെ ഈ വാക്കുകള്‍ പുസ്തക രചനയിലുടനീളം തന്റെമുന്നിലുണ്ടായിരുന്നെന്നും പോസ്‌നര്‍ രേഖപ്പെടുത്തുന്നു.

ലണ്ടനിലെ കൊലപാതകം
ഒരു ത്രില്ലര്‍ പോലെ വായിച്ചു പോകാവുന്ന പുസ്തകമാണിത്. 1982 ല്‍ ലണ്ടനില്‍ ബഌക്ക്ഫ്രയേഴ്‌സ് പാലത്തിനടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ഒരു ഇറ്റലിക്കാരനെക്കുറിച്ചുപറഞ്ഞുകൊണ്ടാണ് പോസ്‌നര്‍ തന്റെ പുസ്തകം തുടങ്ങുന്നത്. ഇറ്റലിയിലെ അറിയപ്പെടുന്നബാങ്കുകളിലൊന്നായിരുന്ന ബാങ്കോ അംബ്രോസിയാനൊയുടെ ചെയര്‍മാനായിരുന്ന റോബര്‍ട്ടൊകാല്‍വിയെയാണ് ലണ്ടനിലെ പാലത്തിനടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതൊരുകൊലപാതകമായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. പക്‌ഷേ, കൊലയ്ക്ക് പിന്നില്‍ ആരാണ് എന്നുമാത്രം കണ്ടെത്താനായില്ല.

കാല്‍വിക്ക് വത്തിക്കാന്‍ ബാങ്കുമായി അടുത്ത ബന്ധമുണ്ടായിരുന്നു. വത്തിക്കാന്‍ ബാങ്കിന്റെതലവനായിരുന്ന ആര്‍ച്ച് ബിഷപ് മാര്‍സിങ്കസിന്റെ പല പണമിടപാടുകളിലും കാല്‍വിപങ്കാളിയായിരുന്നു. ഇറ്റലിയിലെ മറ്റൊരു പ്രമുഖ ബാങ്കറായിരുന്ന മിഷെല്‍ സിന്‍ഡൊണയാണ്ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍. ബാങ്ക് തട്ടിപ്പ് കേസില്‍ കുടുങ്ങി ഇറ്റലിയിലെജയിലിലടയ്ക്കപ്പെട്ട സിന്‍ഡൊണയെ ചിലര്‍ വിഷം കൊടുത്തുകൊല്ലുകയായിരുന്നു. അതീവസുരക്ഷാ സന്നാഹമുള്ള ജയിലില്‍ സിന്‍ഡൊണയുടെ ഭക്ഷണത്തില്‍ എങ്ങിനെയാണ് വിഷംകലര്‍ന്നതെന്ന് പക്‌ഷേ, പോലിസിന് കണ്ടെത്താനായില്ല.

ഹിറ്റ്‌ലറും മുസ്സോളിനിയും വത്തിക്കാനും
ഫാസിസവും നാസിസവും യൂറോപ്പിനെ ഗ്രസിച്ചപ്പോള്‍ വത്തിക്കാന്‍ നിശ്ശബദ്ത പാലിച്ചുവെന്നആരോപണം ശക്തമാണ്. ഈ ആരോപണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഒരര്‍ത്ഥത്തില്‍വത്തിക്കാന്‍ ബാങ്കിനെക്കുറിച്ച് പഠിക്കാന്‍ പോസ്‌നറെ പ്രേരിപ്പിച്ചത്. പിതാവു വഴി ജൂതനുംഅമ്മ വഴി കത്തോലിക്കനുമായ പോസ്‌നര്‍ക്കു മുന്നില്‍ ഈ ഗ്രന്ഥത്തിലേക്കുള്ള വഴി തുറന്നത്അര്‍ജന്റീനയില്‍ നിന്നും ലഭിച്ച ചില അമൂല്യ രേഖകളാണ്. വത്തിക്കാനും ഹിറ്റ്‌ലറുടെജര്‍മ്മനിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ സൂചനകള്‍ ആ രേഖകളിലുണ്ടായിരുന്നു.

1933 ല്‍ ഹിറ്റ്ലറുടെ ഭരണകൂടത്തെ ആദ്യമായി അംഗീകരിച്ച രാഷ്ട്രങ്ങളിലൊന്ന് വത്തിക്കാനായിരുന്നു. ജര്‍മ്മനിയിലെ കത്തോലിക്കാ ബിഷപ്പുമാരും കര്‍ദിനാള്‍മാരും ജര്‍മ്മന്‍ഭരണകൂടത്തോട് വിധേയത്വം പ്രഖ്യാപിക്കണമെന്ന അനുശാസനം അംഗീകരിക്കുന്നതില്‍വിരോധമില്ലെന്ന് പയസ് പതിനൊന്നാമന്‍ മാര്‍പ്പാപ്പ വ്യക്തമാക്കിയത് ഹിറ്റ്‌ലറെ കുറച്ചൊന്നുമല്ലസന്തോഷിപ്പിച്ചതെന്ന് പോസ്‌നര്‍ എഴുതുന്നുണ്ട്. നാസി പാര്‍ട്ടിയില്‍ അംഗമാവരുതെന്ന കര്‍ശനനിലപാടാണ് ജര്‍മ്മനിയില്‍ അതുവരെ കത്തോലിക്കാ സഭ എടുത്തിരുന്നത്.സഭാംഗങ്ങള്‍ നാസിചിഹ്‌നമായ സ്വസ്തിക ധരിക്കരുതെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. പക്‌ഷേ, 1933 ല്‍ഇതെല്ലാം തകിടം മറിഞ്ഞു. ഹിറ്റ്‌ലറുടെ ഏകാധിപത്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞ വത്തിക്കാന്‍സഭാംഗങ്ങളെ രക്ഷിക്കുന്നതിനുള്ള വഴിയായാണ് ഈ നയമാറ്റം സ്വീകരിച്ചത് എന്നാണ്വത്തിക്കാന്‍ ഉയര്‍ത്തിയ ന്യായീകരണം. സഭയുടെ പിന്തുണയ്ക്കുള്ള സമ്മാനമായികത്തോലിക്കരായ നികുതി ദായകരില്‍ നിന്നും 10 ശതമാനം നികുതി നേരിട്ട് പിടിച്ച് സഭയ്ക്ക്കൈമാറാന്‍ ജര്‍മ്മന്‍ ഭരണകൂടം തയ്യാറാവുകയും ചെയ്തു.

മുസ്സോളിനിയുടെ നേതൃത്വത്തില്‍ ഏത്യോപ്യയെ ഇറ്റലി ആക്രമിച്ചപ്പോള്‍ വത്തിക്കാന്‍ അതിനുകൂട്ടു നിന്നതിനു പിന്നിലും സാമ്പത്തികം നിര്‍ണ്ണായകമായിരുന്നെന്ന് പോസ്‌നര്‍ പറയുന്നു.മുസ്സോളിനിയുമായും ഹിറ്റ്‌ലറുമായും ഒരിക്കല്‍ പോലും ഇടയുന്നതിന് വത്തിക്കാന്‍തയ്യാറായില്ലെന്ന് രേഖകള്‍ നിരത്തിയാണ് പോസ്‌നര്‍ വ്യക്തമാക്കുന്നത്.

പയസ് പതിനൊന്നാമന് കീഴില്‍ വത്തിക്കാന്‍ വിദേശമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നകര്‍ദിനാള്‍ യൂജിനൊ പസെലിയാണ് അടുത്ത മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.ജര്‍മ്മനിയില്‍ വത്തിക്കാന്‍ സ്ഥാനപതിയായി സേവനമനുഷ്ടിച്ചിട്ടുള്ള പസെലി ജര്‍മ്മന്‍ രാഷ്ട്രീയനേതാക്കളെല്ലാവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

പയസ് പന്ത്രണ്ടാമന്‍ എന്ന പേരില്‍ മാര്‍പ്പയായി സ്ഥാനമേറ്റ കര്‍ദിനാള്‍ പചെലിയാണ് 1939 മുതല്‍ 1958 വരെ വത്തിക്കാനെ നയിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് കത്തോലിക്കാസഭയുടെപരമാദ്ധ്യക്ഷനായിരുന്ന പയസ് പന്ത്രണ്ടാമന്‍ പാലിച്ച തന്ത്രപരമായ നിശ്ശബ്ദതയാണ് യഹൂദര്‍ക്ക്നേരെയുള്ള നിഷ്ഠൂരമായ അതിക്രമം തുടരുന്നതിന് ഹിറ്റ്്‌ലര്‍ക്ക്്് സഹായകരമായതെന്നആരോപണം പോസ്‌നറുടെ ഗ്രന്ഥം കൃത്യമായി ഉയര്‍ത്തുന്നുണ്ട്. പല തവണ പലകര്‍ദിനാള്‍മാരും ബിഷപ്പുമാരും യഹൂദര്‍ക്കു നേരെയുള്ള ജര്‍മ്മന്‍ അതിക്രമങ്ങള്‍ പോപ്പിന്നേരിട്ട് റിപ്പോര്‍ട്ടു ചെയ്തപ്പോഴും ഇടപെടുന്നതില്‍ നിന്ന് പയസ് പന്ത്രണ്ടാമന്‍ ഒഴിഞ്ഞുമാറി.റോമിനു നേര്‍ക്ക് അമേരിക്കയുടെയും ഇംഗഌണ്ടിന്റെയും യുദ്ധവിമാനങ്ങള്‍ നടത്തിയ ഒറ്റപ്പെട്ടആക്രമണങ്ങള്‍ വരെ അതിശക്തമായി അപലപിച്ച പയസ് പന്ത്രണ്ടാമന്‍ തന്റെ മൂക്കിനു താഴെനിന്ന് റോമിലെ യഹൂദരെ നാസി പടയാളികള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് ട്രാമുകളില്‍കുത്തി നിറച്ചു കൊണ്ടുപോയപ്പോള്‍ ഒരക്ഷരം പോലും എതിര്‍ത്തു പറഞ്ഞില്ലെന്നതാണ്ഞെട്ടിപ്പിക്കുന്ന വസ്തുത.

നൊഗാരയുടെ ബാങ്ക്
ബെര്‍ണാഡിനൊ നൊഗാര എന്ന ഇറ്റലിക്കാരനാണ് വത്തിക്കാന്‍ ബാങ്കിന്റെആധുനികവത്കരണത്തിന് അടിത്തറയിട്ടത്. പോപ്പ് പയസ് പതിനൊന്നാമന്റെ പ്രത്യേകക്ഷണപ്രകാരം വത്തിക്കാന്റെ പണമിടപാടുകള്‍ കൈകാര്യം ചെയ്യാനെത്തിയെ നൊഗാരയെപയസ് പന്ത്രണ്ടാമനും അതേ സ്ഥാനത്തു തന്നെ തുടരാനനുവദിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റിയല്‍ എസ്‌റ്റേറ്റിലേക്കും വിവിധ രാജ്യങ്ങളിലെ കെട്ടിടനിര്‍മ്മാണ കമ്പനികളിലേക്കും ബാങ്കുകളിലേക്കും വത്തിക്കാന്‍ ബാങ്കിന്റെ സ്വാധീനംവികസിപ്പിച്ചത് നൊഗാരയുടെ ബുദ്ധിയും ദീര്‍ഘവിക്ഷണവുമായിരുന്നു. ഈ കാലയളവില്‍പക്‌ഷേ, വത്തിക്കാന്‍ സമാഹരിച്ച ധനശേഷിക്കുമേല്‍ നാസികളുടെയും ഫാസിസ്റ്റുകളുടെയുംകരിനിഴല്‍ വല്ലാതെ വീണുകിടന്നിരുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് പോസ്‌നറുടെ ഗവേഷണപഠനങ്ങള്‍ വെളിച്ചം വീശുന്നുണ്ട്. ജീവനു വേണ്ടിയുള്ള പരക്കം പാച്ചിലില്‍ യഹൂദര്‍ഉപേക്ഷിച്ചതും പലപ്പോഴും അവരുടെ കൈയ്യില്‍ നിന്ന് നാസികള്‍ പിടിച്ചു പറിച്ചതുമായസ്വര്‍ണ്ണത്തില്‍ ഒരു പങ്ക് വത്തിക്കാന്റെ സേഫ് ലോക്കറുകളിലേക്കെത്തിയത്കാണാതിരിക്കാനാവില്ലെന്ന് പോസ്‌നര്‍ വ്യക്തമാക്കുന്നുണ്ട്.

പണം, അധികാരം, പ്രലോഭനം
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം പല നാസി ഭീകരരും ലാറ്റിനമേരിക്കന്‍ രാഷട്രങ്ങളിലേക്ക്രക്ഷപ്പെട്ടത് വത്തിക്കാന്റെ സഹായത്തോടെയാണെന്ന് ആരോപണമുണ്ട്. ഈ രക്ഷപെടലുകള്‍ക്ക്നാസികള്‍ നല്‍കിയ വില പണമായിരുന്നു. നൊഗാരയുടെ കൃത്യമായ ആസൂത്രണവുംവത്തിക്കാന്‍ ബാങ്കിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തി. ഇങ്ങനെ പടര്‍ന്നു പന്തലിച്ച ബാങ്കിന്റെതലപ്പത്താണ് അമേരിക്കക്കാരനായ ബിഷപ് പോള്‍ മാര്‍സിങ്കസ് എത്തിയത്. പോള്‍ആറാമനായിരുന്നു മാര്‍സിങ്കസിന്റെ വഴികാട്ടിയും ' തലതൊട്ടപ്പനും.'

പോള്‍ ആറാമന്‍ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തിയ മാര്‍സിങ്കസിനെപ്പോലെ വത്തിക്കാന്‍ബാങ്കിന്റെ സൗകര്യങ്ങള്‍ ആസ്വദിച്ച മറ്റൊരു പുരോഹിതനുണ്ടായിട്ടില്ലെന്ന് പോസ്‌നര്‍കണ്ടെത്തുന്നുണ്ട്. പണമിടപാടു കേസുകളില്‍ എഫ് ബി ഐയും ഇറ്റാലിയന്‍ അന്വേഷണഏജന്‍സികളുമൊക്കെ മാര്‍സിങ്കസിനെതിരായി തിരിഞ്ഞെങ്കിലും മാര്‍പ്പാപ്പയുടെ തണലില്‍മാര്‍സിങ്കസ് അജയ്യനായി നിലകൊണ്ടു. സ്വതന്ത്ര രാഷ്രടമന്നെ ലേബലും കത്തോലിക്കാസഭയുടെപരമോന്നത പീഠമെന്ന ബഹുമതിയും ഉയര്‍ത്തിക്കാട്ടി മാര്‍സിങ്കസിനെതിരെയുള്ളആരേപാണങ്ങള്‍ പോപ്പ് പോള്‍ ആറാമന്‍ ഫലപ്രദമായി തടഞ്ഞു.

ജോണ്‍ പോൾ ഒന്നാമന്റെ മരണം
1978 ല്‍ പോള്‍ ആറാമന്റെ മരണത്തെതുടര്‍ന്ന് ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പയായിതിരഞ്ഞെടുക്കപ്പെട്ടത് അപ്രതിക്ഷിതമായിട്ടായിരുന്നു. വെനിസിലെ കര്‍ദിനാളായിരുന്നഅല്‍ബിനൊ ലൂസിയാനിയാണ് ജോണ്‍ പോള്‍ ഒന്നാമന്‍ എന്ന പേര് സ്വീകരിച്ചത്. വെനിസില്‍കര്‍ദിനാളായിരിക്കുമ്പോള്‍ തന്നെ ലൂസിയാനിക്ക് ആര്‍ച്ച് ബീഷപ് മാര്‍സിങ്കസിനോട്താല്‍പര്യമുണ്ടായിരുന്നില്ല. വത്തിക്കാന്‍ ബാങ്കിന്റെ തലപ്പത്ത് മാര്‍സിങ്കസ് തുടരുന്നതിനോടുംഅദ്ദേഹത്തിന്റെ പല നടപടികളോടും തനിക്കുള്ള വിയോജിപ്പ് ലൂസിയാനി പരസ്യമായി തന്നെപ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ലൂസിയാനി മാര്‍പ്പാപ്പയായതോടെ വത്തിക്കാനില്‍അധികാരം നഷ്ടപ്പെട്ടേക്കാവുന്ന ആദ്യത്തെയാള്‍ മാര്‍സിങ്കസാവുന്നതിനുള്ള സാദ്ധ്യതഏറെയായിരുന്നു.

ജെറാള്‍ഡ് പോസ്‌നര്‍
1978 സപ്തംബര്‍ 5ന്, മാര്‍പ്പയായി അവരോധിക്കപ്പെട്ട് രണ്ടാം ദിവസം ജോണ്‍ പോള്‍ ഒന്നാമന്‍വത്തിക്കാനില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ ആര്‍ച്ച് ബിഷപ് നിക്കൊഡിമുമായി കൂടിക്കാഴ്ചനടത്തി. പോപ്പിന്റെ പരിചാരകര്‍ നല്‍കിയ കാപ്പിക്കപ്പില്‍ നിന്നും ഒരിറക്ക് കുടിച്ചയുടനെബിഷപ് നിക്കൊഡിം ശ്വാസത്തിനു വേണ്ടി പിടഞ്ഞു, പിന്നീട് പുറകിലെ ചെറിയൊരുമേശപ്പുറത്തേക്ക് തലയടിച്ചു വീണു. വത്തിക്കാനിലെ ഡോക്ടര്‍മാര്‍ എത്തിയപ്പോഴേക്കുംനിക്കൊഡിം മരിച്ചിരുന്നു. നേരത്തെ പല ഹൃദയാഘാതങ്ങളും നേരിട്ടിട്ടുണ്ടായിരുന്നതിനാല്‍നിക്കോഡിമിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ല. ഹൃദയാഘാതം നിമിത്തമാണ് മരണംഎന്ന നിഗമനം പൊതുവെ അംഗീകരിക്കപ്പെടുകയായിരുന്നു.

എന്നാല്‍ തുടര്‍ ദിവസങ്ങളില്‍ രണ്ട് ആരോപണങ്ങള്‍ ഉയര്‍ന്നു. ബിഷപ് നിക്കൊഡിമിനെ വിഷംകൊടുത്ത് കൊല്ലുകയായിരുന്നെന്നും പിന്നില്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗമായ കെ ജി ബിആണെന്നുമായിരുന്നു ഒരാരോപണം. രണ്ടാമത്തേത്് ആര്‍ച്ച് ബിഷപ് മാര്‍സിങ്കസിനെഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. കാപ്പിയിലെ വിഷം പോപ്പ് ജോണ്‍ പോളിനെ ലക്ഷ്യംവെച്ചുള്ളതായിരുന്നെന്നും കാപ്പി കഴിക്കാതിരുന്നതിനാല്‍ പോപ്പ്രക്ഷപ്പെടുകയായിരുന്നുവെന്നുമായിരുന്നു ഈ ആരോപണം. രണ്ടാരോപണങ്ങളുംതെളിയിക്കപ്പെട്ടില്ല.

പക്ഷേ, സപ്തംബര്‍ 28ന് പോപ്പിന് കാപ്പിയുമായി രാവിലെ അഞ്ചുമണിയോടെയെത്തിയ സിസ്റ്റര്‍വിന്‍സെന്‍സ കണ്ടത് കിടക്കയില്‍ നിശ്ചലനായിരിക്കുന്ന ജോണ്‍ പോള്‍ മാര്‍പ്പാപ്പയെയാണ്.അദ്ദേഷത്തിന്റെ കൈയ്യില്‍ ഒരു ഫയലുണ്ടായിരുന്നു. തലേ ദിവസം രാത്രി പതിനൊന്നരയോടെപോപ്പ് മരിച്ചിട്ടുണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. പോപ്പിന്റെകൈയ്യിലുണ്ടായിരുന്ന ഫയല്‍ ആര്‍ച്ച് ബിഷപ് മാര്‍സിങ്കസിനെതിരെയുള്ള ഒരു അന്വേഷണറിപ്പോര്‍ട്ടായിരുന്നെന്ന് പിന്നീട് ആരോപണമുയര്‍ന്നെങ്കിലും വത്തിക്കാന്‍ അത് നിഷേധിച്ചു.

പോപ്പ് ജോണ്‍ പോളിന്റെ മരണത്തിനു പിന്നില്‍ സംശയമുണ്ടെന്നും മൃതദേഹംപോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും ശക്തമായ ആവശ്യമുയര്‍ന്നെങ്കിലും കര്‍ദിനാള്‍മാരില്‍ഭൂരിപക്ഷവും അതംഗീകരിച്ചില്ല.അതുകൊണ്ടുതന്നെ പോപ്പ് ജോണ്‍ പോള്‍ ഒന്നാമന്റെ മരണംഇന്നും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു.

ജോണ്‍ പോള്‍ രണ്ടാമനും അമേരിക്കയും
പോളണ്ടില്‍ നിന്നുള്ള കര്‍ദിനാള്‍ വോയ്റ്റിലയാണ് ജോണ്‍ പോള്‍ ഒന്നാമനു ശേഷംമാര്‍പ്പാപ്പയായത്. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിനെതിരെ അതിശക്തമായ നിലപാടെടുത്തിരുന്നവോയ്റ്റില മാര്‍പ്പാപ്പയായതിനു പിന്നില്‍ സി ഐ എയുടെ ഇടപെടലുണ്ടായിരുന്നവെന്ന്ആരോപണമുയര്‍ന്നിരുന്നു.

മാര്‍പ്പാപ്പയായതിനു ശേഷം പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ വീഴ്ത്തുന്നതില്‍ജോണ്‍ പോള്‍ രണ്ടാമന്‍ വഹിച്ച പങ്ക് നിസ്തുലമായിരുന്നു. അമേരിക്കയില്‍ നിന്നും പോളണ്ടിലെസൊളിഡാരിറ്റി പാര്‍ട്ടിക്ക് വത്തിക്കാന്‍ വഴി കോടികളാണ് കിട്ടിയതെന്ന് പോസ്‌നര്‍ രേഖകളുദ്ധരിച്ച് വ്യക്തമാക്കുന്നുണ്ട്.

നാസിസത്തെക്കാളും ഫാസിസത്തെക്കാളും വത്തിക്കാന്‍ പേടിച്ചിരുന്നത് കമ്മ്യൂണിസത്തെയാണ്. കമ്മ്യൂണിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ വത്തിക്കാന്‍ഒരിക്കലും സന്ധികള്‍ക്കോ അനുരഞ്ജനത്തിനോ തയ്യാറായിരുന്നില്ല. അമേരിക്കയില്‍ റീഗന്‍ഭരണത്തിലെത്തുന്നതും ബ്രിട്ടനില്‍ മാര്‍ഗരറ്റ് താച്ചര്‍ അധികാരത്തിലെത്തുന്നതും ജോണ്‍ പോള്‍രണ്ടാമന്റെ കാലത്താണ്. ഈ ത്രിശക്തി സഖ്യം കമ്മ്യൂണിസത്തിനെതിരെ ആഞ്ഞടിച്ചതിന്റെപര്യവസാനമായിരുന്നു ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയെന്ന നിരീക്ഷണത്തിലേക്ക് പോസ്‌നറുടെഗ്രന്ഥം വായനക്കാരനെ നയിച്ചാല്‍ തെറ്റുപറയാനാവില്ല. അമേരിക്കക്കാരനായ ആര്‍ച്ച് ബിഷപ്മാര്‍സിങ്കസ് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെ വിശ്വസതനായി തുടരുകയും ചെയ്തു. പോപ്പ്ബെനഡിക്റ്റ് പതിനാറാമനാണ് മാര്‍സിങ്കസിനെ വത്തിക്കാനില്‍ നിന്നുംഅമേരിക്കയിലേക്ക് തിരിച്ചയച്ചത്. 2006 ല്‍ അമേരിക്കയില്‍ വെച്ച് അദ്ദേഹം മരിക്കുകയുംചെയ്തു.

പോപ്പ് ഫ്രാന്‍സിസ്
വത്തിക്കാന്റെ തലപ്പത്ത് പോപ്പ് ഫ്രാന്‍സിസ് എത്തിയതോടെ പുതിയൊരു യുഗാരംഭത്തിനാണ് തുടക്കമായിരിക്കുന്നതെന്ന് പോസ്‌നര്‍ എഴുതുന്നു. പണത്തിനെയല്ല, മാനവികതെയസ്‌നേഹിക്കുന്ന മാര്‍പ്പാപ്പയാണ് ഫ്രാന്‍സിസ്. ദാരിദ്ര്യത്തെ ഉപാസിച്ചിരുന്ന ഫ്രാന്‍സിസ്പുണ്യവാളന്റെ പേരാണ് ബ്യൂണസ് അയേഴ്‌സിലെ കര്‍ദിനാളായിരുന്ന ബെര്‍ഗോഗ്ഌയൊതിരഞ്ഞെടുത്തത്. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ബെര്‍ഗോഗഌയോയുടെഅടുത്തിരുന്നിരുന്നത്് ബ്രസീലിലെ കര്‍ദിനാള്‍ ക്ലോഡിയൊ ഹ്യൂംസ് ആയിരുന്നു.ബെര്‍ഗോഗഌയോയുടെ നെറുകയില്‍ ആശംസ നേര്‍ന്നുകൊണ്ട് ചുംബിച്ച ശേഷം ഹ്യുംസ്പറഞ്ഞത് ഇതായിരുന്നു. '' പാവങ്ങളെ മറക്കരുത്.'' ഈ വാക്കുകളാണ് പോപ്പ് ഫ്രാന്‍സിസിനെനയിക്കുന്നതെന്ന് പോസ്‌നര്‍ വ്യക്തമാക്കുന്നുണ്ട്.

വത്തിക്കാന്‍ ബാങ്കിന്റെ നടത്തിപ്പ് ശുദ്ധീകരിക്കുന്ന പ്രക്രിയയ്ക്കും പോപ്പ് ഫ്രാന്‍സിസ്തുടക്കമിട്ടു കഴിഞ്ഞതായും പോസ്‌നര്‍ എഴുതുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ കള്ളപ്പണത്തിനെതിരെകുരിശുയുദ്ധം നടത്തുന്നവരില്‍ പ്രമുഖനായ റെനെ ബ്രുല്‍ഹാര്‍ട്ടിനെ വത്തിക്കാന്‍ ബാങ്കിലേക്ക്പോപ്പ് ഫ്രാന്‍സിസ് കൊണ്ടു വന്നിട്ടുണ്ട്. തന്റെ നടപടികള്‍ ബാങ്കിലെ അഞ്ച് ഡയറക്ടര്‍മാര്‍തടസ്സപ്പെടുത്തുന്നതായി റെനെ പരാതിപ്പെട്ടപ്പോള്‍ ഈ അഞ്ചു പേരെയും മാറ്റാനും പോപ്പ്ഫ്രാന്‍സിസ് തയ്യാറായി എന്നത് ശുഭകരമായ ഭാവിയിലേക്കുള്ള ചൂണ്ടു പലകയാണെന്നുംപോസ്‌നര്‍ പറയുന്നു.

2013 സപ്തംബറില്‍ റെനെയുമായി പോസ്‌നര്‍ കൂടിക്കാഴ്ച നടത്തി. വലിയ പ്രതിക്ഷകളോടെയല്ല താന്‍ വത്തിക്കാന്‍ ബാങ്കിന്റെ ചുമതലയേറ്റെടുത്തതെന്നും പക്‌ഷേ, ബാങ്കിനെ വിവാദങ്ങളില്‍നിന്നും രക്ഷിച്ചെടുക്കാനാവുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും റെനെ പോസ്‌നറോട് പറയുന്നുണ്ട്. അഭിമുഖത്തില്‍ പോസ്‌നറുടെ ഒരു ചോദ്യമിതായിരുന്നു. ഇന്നിപ്പോള്‍ മാര്‍സിങ്കസ്വത്തിക്കാന്‍ ബാങ്ക് കണ്ടിരുന്നെങ്കില്‍ എങ്ങിനെയുണ്ടാവും?

ഇതിനുള്ള റെനെയുടെ മറുപടിയോടെയാണ് പോസ്‌നര്‍ തന്റെ ഗ്രന്ഥം അവസാനിപ്പിക്കുന്നത്. ''അദ്ദേഹം ഈ ബാങ്കിനെ തിരിച്ചറിഞ്ഞേക്കില്ല. അത് ഒരു നല്ല കാര്യമാണ് താനും.''

No comments:

Post a Comment