Translate

Saturday, March 7, 2015

രാക്ഷസനോടെതിര്‍നില്ക്കാന്‍....


ഇത് ഇരുപത്തഞ്ചുവര്‍ഷം മുമ്പ് എഴുതിയ കവിതയാണ്. 
ഡോ. എം. പി. മത്തായിയുടെ പ്രഭാഷണത്തിന്റെ http://almayasabdam.blogspot.in/2015/03/blog-post_90.html അവസാനഖണ്ഡികയാണ് ഇത് പുനപ്രസിദ്ധീകരിക്കാന്‍ പ്രചോദനം പകരുന്നത്.

രാക്ഷസമാം ഗതി കാണ്‍കെ
ചേച്ചി*യൊരിക്കല്‍ പാടി:
കയ്യിലൊരോടക്കുഴലേ
രാക്ഷസനോടെതിര്‍ നില്ക്കാന്‍!

ഞാനതിനെന്‍ സ്ഥിതി കണ്ടു
വടിവേലു**വിനെയോര്‍ത്തു.
സ്വയരക്ഷയ്ക്കായ് പാടാം
കവിതയതില്‍പ്പരമല്ല!

ഇങ്ങനെ കഴിയവെ,യിപ്പോള്‍
ഇങ്ങൊരു പൊരുളറിയിക്കാന്‍
ബൈബിളില്‍നിന്നുമുയിര്‍ത്താ
ദാവീദെന്നൊടു ചൊന്നു,
അവനുടെ കുട്ടിക്കാല-
ത്തുണ്ടായൊരു കഥ, കേള്‍ക്കൂ

വീട്ടിലെയരുമപ്പയ്യന്‍
കാട്ടിലലഞ്ഞു നടന്നു
പാട്ടുകള്‍ പാടി നടന്നു
ആടിനെ മേയ്ച്ചു നടന്നു.

അന്നവനേറ്റവുമിഷ്ടം
കിന്നരവായനതന്നെ
കിന്നരവായന കേമം
എന്നതു കേട്ടൊരു രാജന്‍
തന്നുടെ ദുഃഖമകറ്റാന്‍
ചെന്നിടുവാനരുള്‍ ചെയ്തു
സാവൂളാണാ രാജന്‍
ദൈവജന***ത്തിന്‍ രാജന്‍!
ദാവദിന്നുടെ ഗാനം
ദൈവത്തിന്നപദാനം
സാവൂളിന്നതു കേള്‍ക്കെ
പോകുമശാന്തത,യാധി!

കൊട്ടാരംപോല്‍തന്നെ
കാട്ടിലെ വള്ളിക്കുടിലും
ഇഷ്ടപ്പെട്ടൊരു ദാവീദ്
ആട്ടിന്‍ പറ്റവുമൊത്താ
കാട്ടില്‍ക്കൂടെ നടക്കും
പാട്ടും പാടി നടക്കും.

കിന്നരമൊത്തൊരു കവിണ
എന്നുമവന്‍ കരുതീടും
തന്നാടുകളെയെങ്ങാന്‍
ചെന്നായ് വന്നു പിടിച്ചാല്‍
കവിണക്കല്ലൊന്നെയ്യും
അതിനുടെ ജീവനൊടുങ്ങും!

ദൈവം നമ്മുടെ കൂടെ
ഈ വിശ്വാസത്താലെ
ദാവീദവയെ കൊന്നു
ദൈവത്തിന്നു മഹത്ത്വം!

പാട്ടുകളില്‍ പുതുശബ്ദം
കേട്ടു വരുന്നവരോടായ്
ദൈവമഹത്വത്താലാ-
ണാവുക സര്‍വവുമെന്നാം
കര്‍മഫലങ്ങളിലെന്നും
നിര്‍മമതത്ത്വമതോടെ
പാട്ടുകളൂടവനരുളി:
പാട്ടിതുമെന്റേതല്ല!

ചെന്നായല്ലൊരു സിംഹം
വന്നാലും ഭയമില്ല
കൊന്നിടു,മവയുടെ പല്ലി-
ന്നെണ്ണവുമെണ്ണിച്ചൊല്ലും!

അങ്ങനെ നാളുകള്‍ പോകെ
മങ്ങുകയായാകാശം
തിങ്ങിയ ലോഭത്തോടെ
അങ്ങണയുകയായ് ശത്രു:
തന്നുടെ രാജ്യത്തോടും
തന്നുടയവനാം ദൈവം
തന്നൊടുമൊരു പടവെട്ടാന്‍
കൊന്നുവിളിച്ചു ഫിലിസ്ത്യര്‍!

അവരെ നയിപ്പവ,നയ്യോ!
അവനൊരു രാക്ഷസഭീമന്‍!!
അവനെ ജയിക്കാനാരെ-
ന്നവരൊരു ചോദ്യമെറിഞ്ഞു.
ദാവീദിന്നതു കേട്ടും
ഭാവം മാറിയതില്ല
ദാവീദരുളി: ജയിക്കാം
ദൈവം നമ്മുടെ കൂടെ!

സാവൂളവനെ വിളിച്ചു
കവചമതരുളി, വാളും!
കവചമവന്നൊരു ഭാരം
അവനതു വേണ്ടെന്നരുളി
അവനെ നയിപ്പതു ദൈവം!
കവചവുമഭയവുമായോന്‍!

ഏലാത്താഴ്‌വരയത്രെ
ഇസ്രായേല്‍ക്കാര്‍ നില്പ്പൂ.
മലകള്‍ ചുറ്റു,മതെല്ലാം
താവളമാക്കി ഫെലിസ്ത്യര്‍!

മലയുടെ മോളിലതയ്യോ!
ഗൊലിയാ,ത്തവരുടെ ഭീമന്‍!!
അവനുടെ രൂപംതന്നെ
അതിഭയമുളവാക്കുമ്പോള്‍
അടിമുടി വിറയൊടെ നില്പ്പൂ
അതിരുകള്‍ കാക്കും സൈന്യം!

വാളും പരിചയുമൊപ്പം
പാളും കുന്തവുമായി
ഗൊലിയാത്തവരെ നോക്കി
പുലിയുടെ മട്ടില്‍ ചീറി

അവനണിയും കവചങ്ങള്‍
അവയുടെ ഭാരംപോലും
ദൈവജനങ്ങള്‍ ഭയന്നു
ദാവീദതു നോക്കീല!

അണയുകയായ്, അവനില്ല
രണഭയ,മെന്തിനു പേടി?
അവനൊരു ബാലന്‍മാത്രം
കവചമതായും ബാല്യം
അവനെ ജയിക്കുകിലെന്തേ
ഗൊലിയാത്തിന്നു മഹത്ത്വം?

ഗൊലിയാത്തവനെ കാണ്‍കെ
പരിഹാസത്തൊടെ നിന്നു
അകലെ ചെറിയൊരു പറവ
അതിനെയെന്നതുപോലെ
ഗൊലിയാത്തിന്നുടെ നേരെ
കവിണയിലുന്നം നോക്കി
വെറുമൊരു കല്ലവനെയ്തു
അതു മര്‍മ്മത്തായ് കൊണ്ടു!

ഗൊലിയാത്തിന്‍ പതനത്തില്‍
ഭയസംഭ്രാന്തികളോടെ
അരികള്‍ പതറവെ,യാഹാ!
ദൈവജനങ്ങളുണര്‍ന്നു!!

ദാവീദടിവച്ചടിവ-
അണയുകയായ് ഗൊലിയാത്തിന്‍
അരിക,ത്തരിയുടെ വാളാല്‍
അവനാ തലയരിയുന്നു!!

തലയതുമായ് ദാവീദാ
മലയതിറങ്ങി വരുമ്പോള്‍
അലകടലായിസ്രായര്‍
അവരവനെ വാഴ്ത്തുന്നു.
അതിലൊരസഹ്യതയോടെ
യരുളുകയാ,യവനപ്പോള്‍,
ഒരു പുതുഗാനംപോലി-
ങ്ങിരുളിനെ മാറ്റും സത്യം:

അറിയുക കര്‍ത്താവായി-
ട്ടൊരുവ,നവന്നു മഹത്ത്വം!
ബുദ്ധിയില്‍ ശക്തിയിലതുപോല്‍
തന്ത്രത്തിലുമിന്നെന്നെ
ബലവാനാക്കിയതവനാം!
അവന്നു മഹത്ത്വം പാടാം!!
അവനെയകത്തു, പുറത്തും 

അറിയുവതായുധമത്രെ!!!
 

* സുഗതകുമാരി കൊളോസസ് എന്ന കവിതയില്‍
** വടിവേലു നട്ടുവന്‍ വയലിന്‍ വായിച്ച് കൊള്ളക്കാരില്‍നിന്നു രക്ഷപ്പെട്ട സംഭവം
*** ഇസ്രായേല്‍ ജനത

No comments:

Post a Comment