Translate

Wednesday, February 11, 2015

വിധിദിനമാകാന്‍ കാക്കേണ്ടാ


മൃതിയെ ഭയക്കും മനുജാ നീ

സഹജര്‍ക്കരുളുക സന്തോഷം.
അതു കര്‍ത്താവിനു നല്കിയ പോല്‍
കരുതും കര്‍ത്താവോര്‍ക്കുക നീ!

സുവിശേഷത്തില്‍കര്‍ത്താവ-
ന്നരുളിയതെന്നും ഓര്‍ക്കുക നാം:
കര്‍മ്മഫലത്തിന്നന്ത്യവിധി
നന്മകള്‍ചെയ്‌വോര്‍ക്കാം സ്വര്‍ഗം!

കര്‍ത്താവിവിടീ ഭൂമിയിലി-
ന്നയലാളര്‍തന്‍വേഷത്തില്‍
ദാഹം, പശിയുമടക്കീടാന്‍
വഴിതേടുന്നവനായുണ്ട്.

ജീവിച്ചീടും വേളയിതില്‍
നമ്മുടെ സഹജരിലായ് ദൈവം
നമ്മുടെ നന്മകള്‍നേടിടുവാന്‍
ജീവിച്ചീടുന്നുണ്ടറിയൂ!

സ്വര്‍ഗം നല്കാന്‍ കര്‍ത്താവി-
ന്നോര്‍മ്മിച്ചീടും നിന്‍കര്‍മ്മം.
സദ്കര്‍മ്മികളാം സ്വര്‍ഗത്തില്‍
ദുഷ്‌കര്‍മ്മികളോ നരകത്തില്‍!

അപരന്‍ പരനെന്നറിയുക നാം
പരനാണല്ലൊ, പരാപരനും!
അഖിലചരാചര കര്‍ത്താവാം
പരനിങ്ങരികിലുമുള്ളവനാം!!

വിധിദിനമാകാന്‍ കാക്കേണ്ടാ
ഇവിടീ ജീവിതവേളയിലേ
വിധിയുടെ ഗതി മാറ്റാനാവൂ
നന്മകള്‍ ചെയ്യുക നാമെന്നും.

നന്മകള്‍ചെയ്‌വോര്‍ മരണത്തെ
എന്തിനു പേടിച്ചീടേണം?
ഇവിടെയുമുള്ളില്‍ സന്തോഷം

പകരും നന്മകളെന്നോര്‍ക്കൂ !

No comments:

Post a Comment