Translate

Friday, December 19, 2014

ക്‌നാനായരും വംശശുദ്ധിയും 'സംശുദ്ധമായ' മനുഷ്യാവകാശലംഘനം

ക്രൈസ്തവ ഉദ്‌ബോധനങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശപ്രഖ്യാപനത്തിന്റെയും അമേരിക്കപോലുള്ള ആധുനിക രാഷ്ട്രങ്ങളിലെ നിയമങ്ങളുടെയും സഹായത്തോടെ പരിശോധിച്ചാല്‍ വംശശുദ്ധി അടിസ്ഥാനമില്ലാത്തതാണ്.
2013 ആഗസ്റ്റ് 3-ന് ചിക്കാഗോ സെന്റ് തോമസ് കത്തീദ്രല്‍ ഹാളില്‍ വച്ചു നടത്തിയ ക്‌നാനായ സെമിനാറില്‍ 

ജെയിംസ് കോട്ടൂര്‍ (jameskottoor@gmail.com)

ഇംഗ്ലീഷില്‍ അവതരിപ്പിച്ച മുഖ്യപ്രബന്ധത്തിന്റെ വിവര്‍ത്തനമാണ് താഴെ കൊടുക്കുന്നത്. 
ഡിസംബർ 20-നു കോട്ടയത്ത് നടക്കുന്ന ക്നാനായ നവീകരണ സെമിനാറിന് ആശംസകളോടെ


''കര്‍ത്താവ് ഭവനം പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ പണി പാഴാകുന്നു, കര്‍ത്താവ് നഗരം സംരക്ഷിക്കുന്നില്ലെങ്കില്‍ കാവല്‍ക്കാരുടെ കാവലും വൃഥാവിലാകുന്നു.'' ഏഴു ദശാബ്ദങ്ങളും എട്ടു വര്‍ഷങ്ങളും നീണ്ട ജീവിതംകൊണ്ട് തികച്ചും ശരിയാണെന്ന് എനിക്കു ബോധ്യം വന്നിട്ടുള്ള ഈ മഹത്തായ പാഠവും ഞങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്ന കാര്യങ്ങളും, യേശുവിന്റെ മാര്‍ഗനിര്‍ദേശം കിട്ടാതിരിക്കുന്നിടത്തോളം,  കൊടുങ്കാറ്റില്‍പെട്ട വഞ്ചി വൃഥാ തുഴഞ്ഞ ശ്ലീഹന്മാരെപ്പോലെയാണ്. സത്യം കണ്ടെത്തുമ്പോള്‍ അതിനെ വണങ്ങാനുള്ള വിനയം നമുക്കെല്ലാവര്‍ക്കും  ഉണ്ടായിരിക്കേണ്ടതാണ്.

 കേരളത്തിലെ കോട്ടയം രൂപതയിലെ ക്‌നാനായര്‍ എന്നു വിളിക്കപ്പെടുന്ന സമുദായത്തിലെ, രക്തശുദ്ധി പരിപാലിക്കുക എന്ന ആശയക്കുഴപ്പത്തില്‍ കുടുങ്ങിയ ലോകത്തിലെ, അംഗങ്ങള്‍ 'രക്തശുദ്ധി സംരക്ഷണം' എന്ന ലജ്ജാകരമായ ഏര്‍പ്പാടിനെതിരെ നടത്തുന്ന കയ്‌പേറിയ യുദ്ധത്തില്‍നിന്ന് പുറത്തുകടക്കാനുള്ള വഴി കണ്ടെത്താനായാണ് നാം ഇവിടെ സമ്മേളിച്ചിരിക്കുന്നത്. ഈ സംവിധാനം സമുദായത്തിനു പുറത്തുനിന്നു വിവാഹം കഴിക്കുന്നവരെ, ദത്തെടുക്കപ്പെടുന്ന കുട്ടികളെപ്പോലും,  അവര്‍ സ്ത്രീയായാലും പുരുഷനായാലും സമുദായഭ്രഷ്ഠരാക്കുകയും കൂദാശകള്‍ നിഷേധിക്കുകയും ചെയ്യുന്നതാണ്. അവര്‍ ഇന്നത്തെ ഇറാക്കില്‍നിന്ന് ക്രിസ്തുവിനുശേഷം 345-ല്‍ ക്‌നായി തൊമ്മന്‍ എന്ന വ്യാപാരിയുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ വന്നിറങ്ങിയ ഏഴു ഗോത്രങ്ങളില്‍പ്പെട്ട 72 കുടുംബങ്ങളുടെ പിന്‍ഗാമികളാണെന്ന് സ്വയം വിശ്വസിക്കുന്നവരാണ്. ഈ (വിശ്വാസ) വൈറസ് കേരളത്തില്‍നിന്ന് ചിക്കാഗോ സീറോമലബാര്‍ രൂപതയിലൂടെ അമേരിക്കയിലേക്കും ഇപ്പോള്‍ ഇറക്കുമതിചെയ്യപ്പെട്ടിരിക്കുന്നു.

എനിക്ക് വളരെ ലളിതമായ രണ്ട് അടിസ്ഥാനസന്ദേശങ്ങളേ നിങ്ങളുമായി പങ്കുവയ്ക്കാനുള്ളൂ: നിങ്ങളെ സംബന്ധിച്ചിടത്തോളം യേശു ആരാണ്? ദൈവപുത്രനോ മനുഷ്യപുത്രനോ വെറുമൊരു ജീവിതമാതൃകയോ? നിങ്ങളെ സംബന്ധിച്ചിടത്തോളം സഭ എന്താണ്? 1. മാര്‍പ്പാപ്പാ, 2. മെത്രാന്മാരും വൈദികരും, 3. അല്മായര്‍, 4. നിങ്ങളുടെ സീറോമലബാര്‍ രൂപത, 5. നിങ്ങളുടെ ക്‌നാനായ ഇടവക?

ഈ രണ്ടു ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി പറയാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍ രക്തശുദ്ധിസംരക്ഷണം എന്ന സംവിധാനം, അതായത് രക്തശുദ്ധിയെന്ന സാങ്കല്പികമായ ഗൃഹഭിത്തികള്‍, ചിന്താശീലമുള്ള മനുഷ്യരുടെയെല്ലാം മുമ്പില്‍നിന്ന് സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ മഞ്ഞുമലകള്‍ എന്നതുപോലെ, ആവിയായി പോയിക്കൊള്ളും. മനുവിന്റെ ജാതിവ്യവസ്ഥ നമ്മള്‍ പ്രോത്സാഹിപ്പിക്കണമോ എന്നതുപോലെയുള്ള ലളിതമായ ഒരു ചോദ്യമാണിത്. ഇതിന് ഉത്തരം പറയാന്‍ സോളമന്റെയൊന്നും ആവശ്യമില്ല.

യുഗങ്ങളായുള്ള വിജ്ഞാനം

യുഗങ്ങളായി നിലവിലുള്ള വിജ്ഞാനം ഒന്നു ശ്രദ്ധിച്ചാല്‍ മാത്രംമതി. 1948-ലെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശപ്രഖ്യാപനം ഇങ്ങനെ പറയുന്നു: ''എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിച്ചവരാണ്. എല്ലാവര്‍ക്കുമുള്ള അന്തസ്സും അവകാശങ്ങളും തുല്യമാണ്. എല്ലാവര്‍ക്കും യുക്തിബോധവും മനസ്സാക്ഷിയും നല്കപ്പെട്ടിട്ടുണ്ട്. എല്ലാവരും സാഹോദര്യചൈതന്യത്തോടെ പരസ്പരം പെരുമാറേണ്ടതാണ്.'' ഇത് മാഗ്നാകാര്‍ട്ട (1215), ഇംഗ്ലീഷ് ബില്‍ ഓഫ് റൈറ്റ്‌സ് (1689), മനുഷ്യന്റെയും പൗരന്റെയും അവകാശങ്ങളെ സംബന്ധിച്ച ഫ്രഞ്ച് പ്രഖ്യാപനം (1789) മുതലായവയുടെ പിന്‍ഗാമിയാണ്. നാം നമ്മുടെ സ്വന്തം വേരുകളലേക്കു തിരിഞ്ഞു നോക്കിയാല്‍ ശ്ലൈഹിക കാലത്തെ വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ കാണാം: ''യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ, സ്ത്രീയെന്നോ പുരുഷനെന്നോ, ഭേദം ഇല്ല; നിങ്ങളെല്ലാവരും ക്രിസ്തുയേശുവില്‍ ഒന്നാണ്'' (ഗലാ. 3 : 28).

'ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ഥനയുടെ അര്‍ഥമെന്താണ്? 'ഞങ്ങള്‍' എന്ന വാക്കുകൊണ്ട് ശുദ്ധരക്തമുള്ള കോട്ടയം രൂപതാംഗങ്ങളെ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ, മറ്റുള്ളവരെയെല്ലാം പുറത്തു നിറുത്തിയിരിക്കുന്നു എന്നാണോ? യുഗങ്ങള്‍ക്കുമുമ്പേ ഇന്ത്യയിലുയര്‍ന്ന 'വസുധൈവ കുടുംബകം' (ലോകം ദൈവത്തിന്റെ കുടുംബമാണ്) എന്ന ചിന്ത കാണുക. ഇന്ത്യയിലെ ആത്മാവിന്റെ ആത്മീയാഭിലാഷം ശ്രദ്ധിക്കുക: 'ലോകാ സമസ്താ സുഖിനോ ഭവന്തു' (ലോകം മുഴുവന്‍ സുഖമുണ്ടാകട്ടെ). നാരായണഗുരുവിന്റെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സാര്‍വത്രികദര്‍ശനത്തിലെ ദൃഢതയും ശ്രദ്ധേയമാണ്.

ഏതാണ്ട് നാല്പതു വര്‍ഷം മുമ്പ് അംഗങ്ങള്‍ക്കിടയ്ക്ക് വേര്‍തിരിവുകളുണ്ടാക്കുന്ന, അറപ്പുളവാക്കുന്ന സഭാരാഷ്ട്രീയം ചര്‍ച്ചചെയ്യുമ്പോള്‍ 'ന്യൂ ലീഡ'റില്‍ ഞാന്‍ ഇങ്ങനെ എഴുതിയിരുന്നു: ''എനിക്ക് സഭകളുടെയും മതങ്ങളുടെയും രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും പരസ്പരം പോരടിക്കുന്ന വിഭാഗങ്ങളില്‍നിന്ന് പുറത്തുകടന്നിട്ടല്ലാതെ ആത്മാര്‍ഥമായും നിഷ്‌കപടമായും സത്യസന്ധമായും അതിലെ എല്ലാ വാക്കുകളുടെയും അര്‍ഥം ഉള്‍ക്കൊണ്ട് 'ഞങ്ങളുടെ പിതാവേ' എന്നു വിളിക്കാന്‍ സാധിക്കുകയില്ല. അതിന് അവിശ്വാസികളും നിരീശ്വരരും വരെ ഉള്‍പ്പെടുന്ന മനുഷ്യവര്‍ഗത്തെ മുഴുവന്‍, ആരെയും ഒഴിവാക്കാതെ, ഉള്‍പ്പെടുത്തി പുണരാന്‍ കഴിയണം.

മനുഷ്യാവകാശവിഷയം മാത്രമേയുള്ളൂ

കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ രക്തശുദ്ധിവാദത്തോട് അനുഭാവമില്ലാതെ ''ഇത് വെറും മനുഷ്യാവകാശ പ്രശ്‌നം മാത്രമാണ്'' എന്ന വാക്യത്തില്‍ സംഗ്രഹിച്ച് മിക്കപ്പോഴും പറഞ്ഞിരുന്നത് ഇതുതന്നെയായിരുന്നു.  എന്നാല്‍ പിന്നീടു വന്ന ഇപ്പോഴത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഒരു ബോംബു പൊട്ടിക്കുന്നതുപോലെയാണ് 'രക്തശുദ്ധി' സീറോമലബാര്‍ സഭയുടെ അവിഭാജ്യഘടകമാണെന്നും ക്‌നാനായര്‍ക്കിടയ്ക്ക് അത് പ്രോത്സാഹിപ്പിക്കുന്നത് സീറോമലബാര്‍ സഭയുടെ മിഷനാണെന്നും പറഞ്ഞത്.  'ക്‌നാനായ മീഡിയാ' (വാരിക)യില്‍ വന്നതില്‍നിന്നും കേട്ടവര്‍ പറഞ്ഞുമാണ് ഇതു ഞാന്‍ അറിഞ്ഞത്. മായാവതിയെപ്പോലുള്ള രാഷ്ട്രീയക്കാര്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ജാതിയുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രായറാലികള്‍ നടത്തുന്നതും അലഹാബാദ് ഹൈക്കോടതിയെ പ്രകോപിപ്പിച്ച് തനിക്കെതിരെ തിരിക്കുന്നതും പോലെയാണിത്. സീറോമലബാര്‍ സഭയുടെ ഉന്നതതലങ്ങളിലുള്ളവര്‍ മായാവതിയെ അനുകരിച്ച് സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങള്‍ക്കുവേണ്ടി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണോ? മതങ്ങള്‍, പ്രത്യേകിച്ച് സംഘടിതമതങ്ങള്‍ എല്ലാ രാജ്യങ്ങളിലും വൃത്തികെട്ടതും  വിഭാഗീയവുമായ പാര്‍ട്ടി രാഷ്ട്രീയത്തിന്റെ കാര്‍ബണ്‍ കോപ്പികളായിത്തീര്‍ന്നിട്ടുണ്ട് എന്നത് വസ്തുതയാണ്.

ആത്മീയവും മതപരവുമായ മൂല്യങ്ങള്‍ വ്യക്തികളുടെയും സമൂഹത്തിന്റെയും ജീവിതത്തില്‍ വളര്‍ത്തേണ്ടതാണെന്നത് സത്യമാണെങ്കിലും നമ്മെയെല്ലാം അസ്വസ്ഥരാക്കുന്ന മറ്റൊരു യാഥാര്‍ഥ്യം സംഘടിതവും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവരുമായ മതങ്ങളാണ് ഇന്നത്തെ ലോകത്തില്‍ ഉള്ള സമാധാനത്തിനും സ്വരൈക്യത്തിനും എതിരായ ഏറ്റവും വലിയ ഭീഷണി എന്നതാണ്. നിര്‍ഭാഗ്യവശാല്‍ ഞാന്‍ സംഘടിതമതങ്ങളിലൊന്നായ കത്തോലിക്കാസഭയില്‍ പെട്ടയാളാണ്. അത് യാദൃച്ഛികമായി അതില്‍ ജനിച്ചുവീണതിനാല്‍ സംഭവിച്ചതാണ്. പരസ്പരം പോരടിക്കുന്ന രണ്ടായിരത്തോളം സഭകളിലൊന്നില്‍ അംഗമാകുക എന്നതിലുപരി നസറത്തിലെ യേശുവിന്റെ അനുയായിയാകുക എന്നതേ എനിക്കപ്പോള്‍ തെരഞ്ഞെടുക്കാന്‍ ആവുമായിരുന്നുള്ളൂ. മതപരിവര്‍ത്തനം നടത്തുന്ന മറ്റൊരു മതം ഇസ്ലാമാണെന്നും എനിക്ക് ഓര്‍മ വരുന്നു.

നാം ജീവിക്കുന്ന രാജ്യത്തെ നല്ല പൗരരായിരിക്കുന്നതിന് സത്യസന്ധരും ധാര്‍മികരും (വിശ്വാസികളാണെങ്കില്‍) ആത്മീയരുമായിരിക്കുക എന്നത് അനിവാര്യമാണ്. ഒരു നല്ല പൗരനാകുന്നതിന് ഏതെങ്കിലും സംഘടിത രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായിരിക്കണം എന്നില്ല. എല്ലാ രാഷ്ട്രീയക്കാരും പാവങ്ങളെ സേവിക്കാന്‍ എന്നു പറഞ്ഞ് പൊതുഫണ്ടില്‍നിന്ന് ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരാണ്. ഞാന്‍ ഇന്നുവരെ വോട്ടുചെയ്തിട്ടുള്ളത് നല്ല  സ്ഥാനാര്‍ഥിയാരാണ് എന്നു നോക്കിയാണ്, കോണ്‍ഗ്രസാണോ കമ്യൂണിസ്റ്റാണോ ബി.ജെ.പിയാണോ പാര്‍ട്ടി എന്നു നോക്കിയല്ല. ഏറ്റവും പുരാതനവും ഏറ്റവും വലുതുമായ രണ്ടു ജനാധിപത്യങ്ങളും വഞ്ചകര്‍ക്കുവേണ്ടി (hypocrites) വഞ്ചകരാല്‍ തെരഞ്ഞെടുക്കപ്പെടുന്ന വഞ്ചകരുടെ ഭരണമാണ്. hypocrites എന്ന വാക്ക് വക്രബുദ്ധിയെന്നോ കൊള്ളക്കാരന്‍ എന്നോ പാര്‍ട്ടിയെന്നോ മാറ്റിപ്പറയാം,  കാരണം ആന്തരിക ജനാധിപത്യമോ സുതാര്യതമോ ഒന്നും സ്വന്തം പാര്‍ട്ടിയില്‍ നടപ്പാക്കാതെ മറ്റുള്ളവരില്‍ അടിച്ചേല്പിക്കുന്നവരാണ് ഈ പാര്‍ട്ടികള്‍. സംഘടിതമതങ്ങളുടെ കാര്യത്തിലും, പ്രത്യേകിച്ച് മതപരിവര്‍ത്തനം നടത്തുന്ന മതങ്ങളുടെ കാര്യത്തില്‍, ഇതുതന്നെ പറയാം.

യേശു ഒരിക്കലും സംഘടിതമോ മതപരിവര്‍ത്തനം ആവശ്യപ്പെടുന്നതോ ആയ ഒരു മതം സ്ഥാപിച്ചിട്ടില്ലെന്നാണ്  എന്റെ സുചിന്തിതമായ ബോധ്യം. അതല്ലാതെ എന്താണ് അദ്ദേഹത്തിന്റെ ഈ തുറന്നടിച്ചുള്ള കുറ്റാരോപണത്തിന്റെ അര്‍ഥം? ''കപടനാട്യക്കാരായ നിങ്ങള്‍ക്കു ദുരിതം! ഒരൊറ്റയാളെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍ വേണ്ടി നിങ്ങള്‍ കടലിലും കരയിലും സഞ്ചരിക്കുന്നു. മതപരിവര്‍ത്തനം കഴിഞ്ഞാല്‍ അയാളെ നിങ്ങളെക്കാള്‍ ഇരട്ടിയായി നരകത്തിന്ന് അര്‍ഹനാക്കിത്തീര്‍ക്കുന്നു'' (മത്തായി 23 : 15). ഇതു വ്യാഖ്യാനിക്കാന്‍ ഒരു സോളമന്റെയും ആവശ്യമില്ല. ഈ സന്ദര്‍ഭത്തില്‍ മുകളില്‍ പറഞ്ഞ മനുഷ്യാവകാശങ്ങള്‍ നേടിത്തരാന്‍ സഹായകമായ ഒരു മതമായി എന്റെ മനസ്സില്‍ വരുന്നത് ഹിന്ദുമതമാണ്. അത് ഏതെങ്കിലും സിദ്ധാന്തമോ പുസ്തകമോ പ്രവാചകനോ ദൈവവുമായിപ്പോലുമോ ബന്ധമില്ല. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും നിരീശ്വരര്‍ക്കും സത്യസന്ധമായ എല്ലാ മതവിഭാഗങ്ങള്‍ക്കും ഇതില്‍ ഉള്‍പ്പെടാനാവും. യാതൊരു പ്രത്യേക തത്ത്വസംഹിതയും ആരിലും ഇത് അടിച്ചേല്പിക്കുന്നില്ല. ഇങ്ങനെ നോക്കുമ്പോള്‍ ഇത് കത്തോലിക്കാ എന്നു വിളിക്കപ്പെടുന്നതിനെക്കാള്‍ കത്തോലിക്കാ (സാര്‍വത്രികം) ആണ്.

പ്രചാരവും പരസ്യവും

അപ്പോള്‍ സത്യത്തിലുള്ള മതവും സംഘടിതമതവും തമ്മിലുള്ള വ്യത്യാസമെന്താണ്? അത് പ്രചാരത്തിനും പരസ്യത്തിനും തമ്മിലുള്ള വ്യത്യാസംതന്നെയാണ്. വളരെ എളുപ്പം മനസ്സിലാക്കാനാവുന്ന ഒരു ഉദാഹരണം യേശു പറഞ്ഞിട്ടുണ്ട്. 'തിരി കത്തിച്ച് ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല. അത് ഒരു തിരിക്കാലില്‍ സ്ഥാപിച്ച് കത്തിച്ചുവച്ചാല്‍ അത് ആ വീട്ടില്‍ മുഴുവന്‍ പ്രകാശം പരത്തും. അതുപോലെ നിങ്ങളുടെ നല്ല പ്രവൃത്തി കാണുന്നവര്‍ സ്വര്‍ഗത്തിലുള്ള പിതാവിനെ മഹത്വപ്പെടുത്തും.' ഇതുപോലെ ഒരു ചൊല്ല് യു. എസ് . എയിലുണ്ട്. 'സ്വതന്ത്രരുടെ നാടും ധീരരുടെ വീടും മലമുകളിലുള്ള നഗരവും പ്രചോദനവും മാര്‍ഗദര്‍ശനവും നല്കും' എന്നാണത്. ''നിങ്ങള്‍ ലോകത്തിന്റെ അറ്റംവരെ പോയി സുവിശേഷം പ്രഘോഷിക്കുക, പക്ഷേ വായ് തുറന്നേക്കരുത്'' എന്ന വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ നിര്‍ദേശം പോലെയാണത്. ജീവിതമാതൃകമാത്രം മതി എന്നര്‍ഥം. നന്മ വശീകരണശേഷിയും പകര്‍ച്ചവ്യാധിപോലെ പടരുന്ന സ്വഭാവവും ഉപ്പുപോലെ വ്യാപിക്കുന്ന സ്വഭാവവും ഉള്ളതാണ്. സത്യം ഒരു കെണിയാണ്. കാന്തംപോലെ ആകര്‍ഷണശക്തിയുള്ളതാണ്. അതിനെ പ്രത്യേക പൊടിപ്പും തൊങ്ങലുംവച്ച് അലങ്കരിക്കേണ്ടതില്ല. അതുകൊണ്ടാണ് സത്യം പ്രബലവും എല്ലാറ്റിന്റെയുംമേല്‍ വിജയം വരിക്കുന്നതുമാണ് എന്ന് ഒരു ചൊല്ലുള്ളത്.

പരസ്യത്തിന്റെ സാരം രാഷ്ട്രീയപ്പാര്‍ട്ടിനേതാക്കള്‍ തന്നെപ്പോലൊരു നേതാവ് വേറെയില്ല എന്ന മട്ടില്‍ സ്വയം ഉയര്‍ത്തിക്കാട്ടുന്നതുപോലെ അതിശയോക്തിയും അത്യുത്കൃഷ്ടതയും തുളുമ്പുന്നതാണ്. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനായ വ്യക്തിയാണെന്ന് പ്രചരിപ്പിച്ചത് ഒരു അമേരിക്കന്‍ പരസ്യ ഏജന്‍സിയുടെ സഹായത്തോടെ, നല്ല പ്രതിഫലം നല്കി, ആയിരുന്നു എന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ നല്കിയ നോട്ടീസില്‍ 'പ്രശസ്തനായ ദൈവശാസ്ത്രജ്ഞനും ശ്രദ്ധേയനായ പത്രപ്രവര്‍ത്തകനും' എന്ന് വിശേഷിപ്പിച്ചിരിക്കുന്നതിലൂടെ ഞാനും പരസ്യത്തിന്റെ ജീവിക്കുന്ന ഒരു ഉദാഹരണമായിരിക്കുകയാണ്. ഞാന്‍ യഥാര്‍ഥത്തില്‍ കുറേനക്കാരനായ ശിമയോനെപ്പോലെ ഒരു വഴിയാത്രക്കാരന്‍ മാത്രമാണ് എന്നതാണ് സത്യം. ഇവിടെ ചിക്കാഗോയിലുള്ള എന്റെ സ്‌നേഹിതര്‍ 'രക്തശുദ്ധി'യുടെ പരിഹാസ്യമായ, ഭാരമേറിയ കുരിശുംപേറി വീണു വീണ് മുമ്പോട്ടുപോകുമ്പോള്‍ ഞാന്‍ ഇതുവഴി കടന്നുപോകുന്നതു കാണുകയും 'ഈ കുരിശൊന്നു താങ്ങാമോ' എന്നു ചോദിക്കുകയും ഞാന്‍ അത് അനുസരിക്കുകയുമാണ്.

ഇക്കാലത്ത് ലോകത്തിലെ അന്തര്‍ദ്ദേശീയ കഴുത്തറുപ്പന്‍ വ്യാപാരത്തില്‍ വസ്തുക്കളും സേവനങ്ങളും വില്ക്കാനായി ഇതുപോലെയുള്ള അതിശയോക്തികള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. അങ്ങനെ 'ഏറ്റവും നല്ല ടൂത്ത് പേസ്റ്റ്' എന്നും 'ലോകത്തിലെ ഏറ്റവും രുചിയുള്ള ആഹാര'മെന്നും പരസ്യപ്പെടുത്തുന്നയാള്‍ കഷണ്ടിക്കാരനാണെങ്കിലും 'കഷണ്ടിക്കുള്ള ഏക മരു'ന്നെന്നും കേള്‍ക്കാറുള്ളതുപോലെ  'നിത്യരക്ഷയ്ക്കുള്ള ഏക വഴി' എന്ന് കത്തോലിക്കാസഭയെക്കുറിച്ചും നാം കേള്‍ക്കാറുണ്ട്. ഉള്ളില്‍നിന്നും പുറത്തുനിന്നുമുള്ള വിമര്‍ശനങ്ങളെത്തുടര്‍ന്ന് കത്തോലിക്കാസഭ കുറെയൊക്കെ മാറിയിട്ടുണ്ട്. യേശു ഇത്തരം സത്യവിരുദ്ധമായ പരസ്യസങ്കേതങ്ങളെ ഒരിക്കലും ആശ്രയിച്ചിരുന്നില്ല.

കാരുണ്യമുള്ള മനുഷ്യപ്രകൃതി കാണിച്ചുതരാന്‍

പുതിയ മതമൊന്നും പരസ്യപ്പെടുത്തിയില്ലെങ്കില്‍പ്പിന്നെ യേശു എന്തായിരുന്നു ചെയ്തത്? യേശുവിന്റെ സമകാലികര്‍ യേശുവിനെ കണ്ടത് എങ്ങനെയായിരുന്നു? അദ്ദേഹം മറ്റുള്ളവര്‍ക്ക് അനുകരിക്കാനായി കാരുണ്യമുള്ള മനുഷ്യപ്രകൃതിയെന്തെന്ന് കാണിച്ചുതരികയായിരുന്നു? ഇതിനായി അദ്ദേഹം തന്നെത്തന്നെ മനുഷ്യപുത്രനായി അവതരിപ്പിച്ചു. സുവിശേഷങ്ങളില്‍ മനുഷ്യപുത്രനെന്ന് 85 തവണ പരാമര്‍ശിക്കുമ്പോള്‍ ദൈവപുത്രനെന്ന് 38 പ്രാവശ്യമേയുള്ളൂ. അതിലെ സന്ദേശം സുവ്യക്തമാണ്. അദ്ദേഹം എല്ലായിടത്തും എല്ലാ ജനങ്ങള്‍ക്കും എല്ലാ കാലത്തേക്കും എല്ലാ രാജ്യങ്ങള്‍ക്കും എല്ലാ സംസ്‌കാരങ്ങള്‍ക്കും എല്ലാ കാലാവസ്ഥയിലും മാതൃകാമനുഷ്യനായി (കാരുണ്യമുള്ള മനുഷ്യവ്യക്തിയായി), നമ്മുടെ ആഗോള ഗ്രാമത്തില്‍  ഒരു ലോകപൗരനായി സ്വയം കാണിച്ചുതരികയായിരുന്നു. ഗാന്ധിജിതന്നെ പറഞ്ഞില്ലേ? ''ഞാന്‍ ക്രിസ്തുവിനെ സ്‌നേഹിക്കുന്നു, ക്രിസ്ത്യാനികളെ.... ഇല്ല'' കത്തോലിക്കനായിത്തീര്‍ന്ന പ്രോട്ടസ്റ്റന്റ് ജി. കെ. ചെസ്റ്റര്‍ട്ടണ്‍    ''അനശ്വരനായ മനുഷ്യന്‍' (The Everlasting Man) എന്നൊരു പുസ്തകം എഴുതി. ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ 'നിത്യനായ ഗലീലിയന്‍' (Eternal Galilean) എന്ന പുസ്തകവും. വിവേകാനന്ദന്‍ 'അദൃശ്യനായ ദൈവത്തിന്റെ ദൃശ്യമായ മനുഷ്യമുഖം' എന്നാണ് യേശുവിനെ വിശേഷിപ്പിച്ചത്.

യേശുവിനെക്കുറിച്ചുള്ള ഏറ്റവും ഹ്രസ്വവും ഏറ്റവും നല്ലതുമായ ആഖ്യാനം ''അവന്‍ നന്മചെയ്തുകൊണ്ട് കടന്നുപോയി. ആര്‍ക്കും അവനില്‍ പാപം വിധിക്കാന്‍ കഴിഞ്ഞില്ല'' എന്നതാണ്. അദ്ദേഹത്തിന്റെ മരണശേഷം വളരെ കാലം കഴിഞ്ഞാണ് അനുയായികള്‍ അന്ത്യോഖ്യായില്‍ ക്രൈസ്തവര്‍ എന്നു വിളിക്കപ്പെട്ടത്. അക്കാലമായപ്പോഴേക്കും തോമാശ്ലീഹാ കേരളത്തില്‍ ക്രിസ്തീയത കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇവിടെ ക്രിസ്തുവിനെ അനുഗമിച്ചവര്‍ ക്രിസ്ത്യാനികള്‍ എന്നല്ല, 'മാര്‍ഗംകൂടിയവര്‍' എന്നായിരുന്നു വിളിക്കപ്പെട്ടിരുന്നത് - യേശുവിന്റെ വഴി പിന്തുടര്‍ന്നവര്‍. ഇതാണ് ഏറ്റവും ശരിയായ നിര്‍വചനം എന്നു ഞാന്‍ കരുതുന്നു. ഞാനാഗ്രഹിക്കുന്നതും അവരിലൊരാളാകാനാണ്. മൂര്‍ത്തമായി അദ്ദേഹം എന്താണു ചെയ്തത്? എഴുത്തുകാരായ ഞങ്ങളെപ്പോലെ അദ്ദേഹം ഒരിക്കലും ഒന്നും എഴുതിയില്ല, എന്നാല്‍ പ്രസംഗിച്ചു. ്അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അനുയായികളെപ്പോലെ അദ്ദേഹം പള്ളിയോ അമ്പലമോ ഒന്നും പണിയുകയോ ആരെയെങ്കിലും പുരോഹിതരായി അഭിഷേകം ചെയ്യുകയോ ബലിയര്‍പ്പിക്കാനോ പ്രാര്‍ഥിക്കാനെങ്കിലുമോ ആയി പള്ളിയില്‍ പോകുകയോ ഒന്നും ചെയ്തിട്ടില്ല.

ഞാനിവിടെ പങ്കുവയ്ക്കുന്നത് എന്റെ അല്പത്തത്തില്‍നിന്നോ കിറുക്കില്‍നിന്നോ ഉയര്‍ന്നുവന്ന ആശയങ്ങള്‍ എന്നതിലുപരി ട്യൂബിങ്ങന്‍, ലൂസെറിന്‍ എന്നീ കത്തോലിക്കാ യൂണിവേഴ്‌സിറ്റികളലെ പ്രൊഫസറും പണ്ഡിതനുമായ പ്രൊഫ. ഹെര്‍ബെര്‍ട്ട് ഹാഗും ഗുജറാത്തിലുള്ള ജെസ്യൂട്ട് തിയോളഗേറ്റിന്റെ സ്ഥാപകനും അതിന്റെ ഡീനും നിരവധി വര്‍ഷങ്ങളായി അമേരിക്കയിലും യൂറോപ്പിലും ക്ലാസ്സുകളെടുക്കാന്‍ സ്ഥിരം ക്ഷണിക്കപ്പെടാറുള്ളയാളുമായ പ്രൊഫ, ജോസഫ് മറ്റം എസ്. ജെയും ഒക്കെ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങളാണ്. അവര്‍ പറയുന്നതനുസരിച്ച് എല്ലാ കൂദാശകളും പൗരോഹിത്യവും മൂന്നാം നൂറ്റാണ്ടിനു ശേഷമുള്ള മാനുഷികസൃഷ്ടികളാണ്.  വൈദിക-അല്മായ വിഭജനം, പൗരോഹിത്യത്തെ മറക്കുക, ബൈബിള്‍ അധിഷ്ഠിതമല്ല മുതലായവ വായിക്കുക: website: http://sites.google.com/site/jameskottoorspeaking/

ജീവിക്കുന്ന ക്ഷേത്രങ്ങളുടെ നിര്‍മാതാവായ യേശു

ഇഷ്ടികയും കുമ്മായവുമുപയോഗിച്ച് ദേവാലയങ്ങളുണ്ടാക്കുന്നതിലൊന്നും യോശുവിന് താത്പര്യമില്ലായിരുന്നു. എന്നാല്‍ ദുബായിയിലെ ബര്‍ഗ് കലീഫാ പോലെയുള്ള ഭീമന്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍ പണിതുയര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഇന്ന് വലിയ ഭ്രമമുള്ളവരാണ്. യേശുവിന്റെ കാലത്ത് ജെറൂസലേമിലെ പള്ളി അക്കാലത്തെ ശിഷ്യരെയും ആകര്‍ഷിച്ചിരുന്നു. അതു ചൂണ്ടിക്കാണിച്ച് യേശുവിനോട് അവര്‍ പറഞ്ഞു: ''എത്ര വലിയ കല്ലുകളുപയോഗിച്ചാണ് ഈ മഹാക്ഷേത്രം പണിതുയര്‍ത്തിയിരിക്കുന്നത് എന്നു കണ്ടില്ലേ?''''ഒരു കല്ലു പോലും അവശേഷിക്കില്ലാത്തവിധം ഇത് തകര്‍ന്നുവീഴും'' എന്നായിരുന്നു യേശുവിന്റെ പ്രതികരണം. റോമന്‍ അധിനിവേശത്തില്‍ ആ പള്ളി എങ്ങനെ തകര്‍ന്നെന്നും ഇപ്പോഴും മനുഷ്യനിര്‍മിതമായ എത്രയോ ദേവാലയങ്ങള്‍ തകര്‍ന്നും ആളൊഴിഞ്ഞും കിടപ്പുണ്ടെന്നും നമുക്കറിയാം. ചിലര്‍ അമേരിക്കയിലെ സീറോ മലബാര്‍ സംരംഭങ്ങളെ ശിഥിലമാക്കാനും ഇല്ലാതാക്കാനും ശ്രമിക്കുന്നുണ്ടെങ്കിലും നമ്മുടെ സീറോമലബാര്‍ കത്തീദ്രലിന് അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

ശരിയാണ്, യേശു പള്ളികള്‍ പണിയാനൊന്നും ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല. എന്നാല്‍ നസ്രത്തിലെ ആ ആശാരി തന്റെ പരസ്യജീവിതത്തിന്റെ മൂന്നു വര്‍ഷങ്ങളും ഇഷ്ടികയും കുമ്മായവും ഉപയോഗിച്ചല്ലെങ്കിലും  ദൈവത്തിന്റെ ജീവനുള്ള ആലയങ്ങള്‍ പണിയുന്നതിനായിരുന്നു - കാരുണ്യമുള്ള മനുഷ്യരായി അനേകര്‍ക്ക് സൗഖ്യം നല്കുന്നതിനും നവജീവന്‍ നല്കുന്നതിനുമായിരുന്നു അത്യുത്സാഹത്തോടെ പരിശ്രമിച്ചിരുന്നത്.  അതായിരുന്നു മരിച്ചവരെ ഉയിര്‍പ്പിച്ചതിലൂടെയും അന്ധര്‍ക്ക് കാഴ്ച നല്കിയതിലൂടെയും ബധിരര്‍ക്ക് ശ്രവണശക്തി നല്കിയതിലൂടെയും കുഷ്ഠരോഗികളെ ശുദ്ധരാക്കിയതിലൂടെയും ഹൃദയം തകര്‍ന്നവരെ സാന്തവനിപ്പിച്ചതിലൂടെയും പാപികള്‍ക്കും വേശ്യകള്‍ക്കും മാപ്പു നല്കിയതിലൂടെയും മരിച്ചവര്‍ക്കിടയില്‍നിന്ന്  ഉയിര്‍ത്തെഴുന്നേറ്റതിലൂടെ സ്വന്തം ക്ഷേത്രം പുനര്‍നിര്‍മ്മിച്ചുകൊണ്ടും യേശുചെയ്തത്. ഇങ്ങനെയുള്ള ജീവിക്കുന്ന പള്ളികളാണ് ഗാര്‍ഹികസഭകളും ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പറയുന്നതുപോലെ ദരിദ്രര്‍ക്കായുള്ള ഭവനങ്ങളും പണിയുന്നതിലൂടെ തന്റെ അനുയായികള്‍ പണിയണമെന്ന് യേശു ആഗ്രഹിച്ചത്.

യേശു താനൊരു പുരോഹിതനാണെന്ന് എന്നെങ്കിലും അവകാശപ്പെട്ടിട്ടുണ്ടോ? അക്കാലത്തെ പുരോഹിതര്‍ക്കും മനുഷ്യദൈവങ്ങള്‍ക്കുമെതിരെ ആക്ഷേപഗര്‍ഭവും മര്‍മ്മഭേദിയുമായ ഭാഷയില്‍ സംസാരിച്ച അദ്ദേഹത്തിന് ഒരു പുരോഹിതനാകാന്‍ എങ്ങനെ സാധിക്കും? അമേരിക്കന്‍ നയതന്ത്രം ഒരാളെ നിങ്ങള്‍ക്ക് അടിച്ചു തകര്‍ക്കാനാവുന്നില്ലെങ്കില്‍ അയാളെ കൂടെ കൂട്ടുക എന്നതാണ്. എന്നാല്‍, 'മനുഷ്യസ്‌നേഹി'യായ ബില്‍ ഗേറ്റ്‌സ് തന്റെ കമ്പ്യൂട്ടര്‍ അടിച്ചുതകര്‍ത്തയാളെ ചീഫ് ഓഫീസറായി നിയമിച്ചതുപോലെ യേശുവിനെ പുരോഹിതര്‍ കൂടെ കൂട്ടുകയോ യേശു അവരോടു ചേരാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ യേശുവിനെ സമയലാഭവും വ്യക്തിപരമായ നേട്ടങ്ങളും ഉണ്ടാക്കിയ അവസരവാദി എന്നു വിളിക്കണമായിരുന്നു.

യേശു ദേവാലയങ്ങളിലൊന്നും യാതൊരു ബലിയും അര്‍പ്പിച്ചിട്ടില്ല. എന്നാല്‍ ബലിയെപ്പറ്റി വളരെ ചിന്തോദ്ദീപകവും പ്രസക്തവുമായ ചില കാര്യങ്ങള്‍ അദ്ദേഹം നമ്മോടു പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ രക്തബലിയോ രക്തരഹിത ബലിയോ അര്‍പ്പിക്കുംമുമ്പ് നിങ്ങള്‍ക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുള്ള നിങ്ങളുടെ സഹോദരനോട് പോയി രമ്യപ്പെടണമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ കരുണയും അനുരഞ്ജനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബലിക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് വ്യക്തമാക്കുന്നതാണ്. യേശു പ്രാര്‍ഥിക്കാന്‍പോലും പള്ളിയില്‍ പോയിട്ടില്ലെന്നാണ് കാണുന്നത്. എന്റെ ദൈവമേ, അതിനെക്കുറിച്ച് നീ എന്താണു കരുതുന്നത്? പ്രാര്‍ഥിക്കാനും ബലിയര്‍പ്പിക്കാനുമല്ലെങ്കില്‍ പള്ളികള്‍ പിന്നെ എന്തിനാണ്? എന്നാല്‍ മൗനമായി പ്രാര്‍ഥിക്കാനായി യേശു മലമുകളിലേക്കാണ് പോയത്. മൗനമായി പ്രാര്‍ഥിക്കണമെന്നു പറഞ്ഞതിനു പുറമേ ദൈവത്തിനു ചെവികേള്‍ക്കില്ലെന്നു തോന്നുമാറ് വിഗ്രഹാരാധകരെപ്പോലെ ഉച്ചത്തില്‍ അലറിവിളിച്ച് പ്രാര്‍ഥിക്കരുതെന്ന് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്.

എന്നാല്‍, ദൈവത്തിന്റെ ഭവനം കള്ളന്മാരുടെ ഗുഹയാക്കിയ കച്ചവടക്കാരെ പുറത്താക്കാനായി അദ്ദേഹം പള്ളിയില്‍ പോയിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം കാളപ്പോരില്‍ ചുവന്നകൊടി ഉയരുമ്പോഴത്തെ കാട്ടുകാളയെപ്പോലെ പണപ്പെട്ടി തട്ടിമറിച്ച് ചാട്ടയുമെടുത്ത് കുതിക്കുകയായിരുന്നു. എത്ര പേര്‍ക്ക് ആ ചാട്ടയില്‍ നിന്നുള്ള അടി കിട്ടിയിട്ടുണ്ടാവുമെന്ന് എനിക്കറിയില്ലെങ്കിലും യേശു അഹിംസയുടെ ആള്‍രൂപമായി യേശുവിനെ അവതരിപ്പിക്കാനൊന്നും എനിക്കാവില്ല. ഗാന്ധിജിയല്ലേ ആ പ്രശംസ കൂടുതല്‍ അര്‍ഹിക്കുന്നത്?  സംശയിക്കുന്ന തോമ്മായെപ്പോലെ ഞാന്‍ സംസാരിക്കുന്നത് പൊറുക്കണം. എന്റെ തിരുത്താനാവാത്ത ഒരു ദൗര്‍ബല്യമാണിത്. എന്റെ ഇത്തരം സത്യസന്ധമായ സംശയങ്ങളുമായി എന്റെ കര്‍ത്താവിനോട് പലപ്പോഴും ഞാന്‍ വഴക്കിടാറുണ്ട്. എനിക്ക് ധാരാളം സംശയങ്ങളുണ്ട്.

യേശു ചാട്ടയെടുത്തപ്പോള്‍ 'സാമം, ദാനം, ഭേദം, ദണ്ഡം' എന്ന ഭാരതീയമായ ചതുരുപായങ്ങളില്‍ നാലാമത്തേത് പ്രയോഗിക്കുകയായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ മത്തായിയുടെ സുവിശേഷം 23-ാം അധ്യായത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന ശാപങ്ങളെക്കുറിച്ച് എന്തുപറയും? ഇന്നത്തെ മതനേതാക്കന്മാരായ മാര്‍പ്പാപ്പാ, മെത്രാന്മാര്‍, ഇതര മത നേതാക്കന്മാര്‍ മുതലായവരെപ്പറ്റി അദ്ദേഹം അന്ന് ഉപയോഗിച്ച അപകീര്‍ത്തികരമായ ഭാഷ ഇന്ന് ഉപയോഗിച്ചാല്‍ അറസ്റ്റുചെയ്ത് ജയിലില്‍ അടയ്ക്കപ്പെടുമായിരുന്നില്ലേ? യേശുവിന്റെ ജീവിതത്തിലെ ഈ സംഘര്‍ഷം നാം കാണുന്നില്ലെങ്കില്‍ അതിന്റെ കാരണം 'കയ്പുള്ള, പരുക്കനും മര്യാദയില്ലാത്തവനുമായ' യേശുവിനെ ശ്രദ്ധിക്കാതെ അദ്ദേഹത്തിന്റെ നമുക്ക് പ്രിയങ്കരമാകാന്‍ എളുപ്പമുള്ള 'മധുരമുള്ള, പ്രതിഷേധിക്കാതെ സഹിക്കുന്ന, സൗമ്യമായ' സ്വഭാവമുള്ള യേശുവില്‍ നാം നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. ഇവ രണ്ടും യേശുവിന്റെ സ്വഭാവത്തിലെ പരസ്പര പൂരകമായ ഘടകങ്ങളാണ്.

ബൈബിള്‍ അനുസരിച്ച് അദ്ദേഹത്തിന്റെ ദൗത്യം പുതിയൊരു മതം സ്ഥാപിക്കുകയായിരുന്നില്ല പിന്നെയോ, 1. ഇസ്രായേലിലെ നഷ്ടപ്പെട്ട ആടുകളെ നേര്‍വഴിക്കു നയിക്കുകയായിരുന്നു. അതിന് ഞാനാണ് വഴി എന്നു പറയേണ്ടേ? 2. ധൂര്‍ത്തപുത്രനെ പിതാവിന്റെ ഭവനത്തില്‍ തിരികെയെത്തിക്കുക ആയിരുന്നു. അതിന് ഞാനാണ് വാതില്‍ എന്ന് പറയേണ്ടേ? 3. നഷ്ടപ്പെട്ട പറുദീസാ കരുണയുള്ള മനഷ്യര്‍ക്കായി പുനഃസൃഷ്ടിക്കേണ്ടിയിരുന്നു. അതിന് സ്വര്‍ഗത്തിലുള്ള ദൈവരാജ്യം ഈ ഭൂമിയില്‍ പണിയണമെന്ന് 'ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ഥനയിലൂടെ പ്രഘോഷിക്കേണ്ടേ?

യേശുവിന്റെ പൈതൃകം

അവസാനമായി, യേശുവിന്റെ പൈതൃകത്തെപ്പറ്റിത്തന്നെയുള്ള, ഒട്ടും അപ്രധാനമല്ലാത്ത, ഒരു കാര്യമാണ് പരാമര്‍ശിക്കേണ്ടത്.  ക്‌നാനായരുടെ നിലവാരം വച്ച് ലോകരക്ഷകനായ യേശുവിനുപോലും ശുദ്ധരക്തം അവകാശപ്പെടാനാവില്ല. കാരണം അദ്ദേഹത്തിന്റെ വംശപരമ്പരയില്‍ത്തന്നെ യഹൂദരല്ലാത്തവരും പുറജാതിക്കാരും അത്ര സ്വഭാവശുദ്ധി അവകാശപ്പെടാനാവാത്തവരുമായ നാലു സ്ത്രീകളുണ്ട്. രണ്ടു പ്രാവശ്യം വിധവയാക്കപ്പെട്ട താമാര്‍ ഒരു വേശ്യയായി വേഷംകെട്ടി ഭര്‍തൃപിതാവില്‍നിന്ന് ഗര്‍ഭംധരിച്ച് ജനിച്ച പെറസ് ആണ് യേശുവിന്റെ ഒരു പൂര്‍വികന്‍. യെറീക്കോയിലെ മറ്റൊരു വേശ്യയായ റാഹാബും പുറജാതിക്കാരിയായിരുന്നു. ദാവീദിന്റെ പിതാമഹനായ ഓബേദിന്റെ അമ്മ റൂത്ത് യഹൂദസ്ത്രീയല്ലാത്ത ഒരു  മോവാബുകാരിയായിരുന്നു. സോളമന്റെ അമ്മയായ ബത്‌ശേബ ഹിത്തിയനായ ഊറിയായുടെ ഭാര്യയായിരുന്നു.

ചുരുക്കത്തില്‍ യേശുവിനെ സംബന്ധിച്ച വളരെ സവിശേഷമായ ഒരു കാര്യം കാലിത്തൊഴുത്തിലെ ജനനം മുതല്‍ കാല്‍വരിയിലെ മരണംവരെ ജീവിച്ചിരുന്നത്, ശശി തരൂരിന്റെ ഭാഷയില്‍, 'കന്നുകാലിവര്‍ഗ'ത്തില്‍ (cattle class) പെട്ട പുറജാതിക്കാരും സമുദായഭ്രഷ്ഠരും അസ്പൃശ്യരും കിടപ്പാടമില്ലാത്തവരും മദ്യപരും വേശ്യകളും അശുദ്ധമോ മലിനമോ ആയ രക്തപൈതൃകം ഉള്ളവരുമായുള്ള നിരന്തരസമ്പര്‍ക്കത്തിലാണ്, അല്ലാതെ, നീലരക്തമോ അഭിജാതരക്തമോ രാജകീയരക്തമോ പരിശുദ്ധരക്തമോ ഉള്ള, മലിനമാകാത്ത ശുദ്ധരക്തമുള്ള, കൊട്ടാരവാസികളുമായുള്ള സമ്പര്‍ക്കത്തിലായിരുന്നില്ല എന്നതാണ്.

ആദ്യത്തെ ക്രിസ്തുമസ്സിന് വഴിയമ്പലങ്ങളില്‍ യേശുവിന്റെ മാതാപിതാക്കള്‍ക്ക് ഇടമില്ലാതെ പോയത് അവിടെയെല്ലാം നീലരക്തമോ അഭിജാതരക്തമോ രാജകീയ രക്തമോ ഉള്ള ക്‌നാനായര്‍ കയ്യടക്കിയിരുന്നതിനാലായിരുന്നില്ലേ എന്ന് എനിക്ക് സംശയമുണ്ട്. സന്ദേശം ഇതാണ്: നിങ്ങള്‍ക്ക് യേശുവിനോടൊപ്പം അത്താഴം കഴിക്കുകയും ബ്രാഹ്മണവര്‍ഗത്തോടൊത്ത് ഉറങ്ങാനും ആവില്ല. മുയലിനോടും വേട്ടനായ്ക്കളോടും, പ്രത്യേകിച്ച് സ്വര്‍ഗത്തിലെ വേട്ടപ്പട്ടിയായ യേശുവിനോടും, ഒപ്പം ഓടാനാവുകയില്ല.

സഭാപൗരത്വം പുനരുജ്ജീവിപ്പിക്കുക

നിങ്ങളോടു പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം സഭയെപ്പറ്റിയുള്ള യഥാര്‍ഥവും മൗലികവുമായ ആശയം എന്നു ഞാന്‍ കരുതുന്ന വിശ്വാസികളുടെ കൂട്ടായ്മയെപ്പറ്റിയാണ്. അത് ഐക്യവും സാര്‍വത്രികതയും സാഹോദര്യവും പുരോഹിത-അല്മായ, മേലാളര്‍-കീഴാളര്‍ ഭേദവും ഹയരാര്‍ക്കിക്കലായ ഉയര്‍ച്ച-താഴ്ചകളും ഇല്ലാത്തതാണ്. ചരിത്രപരമായി യേശു തന്റെ കാലത്തുണ്ടായിരുന്ന യഹൂദ പിരമിഡല്‍ മതഘടന, മഹാപുരോഹിതന് ഏറ്റവും ഉയരത്തില്‍ സ്ഥാനം നല്കിയിരുന്ന മതഘടന, പത്രോസിന്റെ കാല്‍ കഴുകിക്കൊണ്ട് കീഴ്‌മേല്‍ മറിക്കുകയും പൂര്‍ണസമത്വമുള്ള ഒരു ഗാര്‍ഹികസഭയ്ക്ക് അടിത്തറയിടുകയും ചെയ്തു. അതു മാത്രമല്ല ഉന്നതസ്ഥാനീയരെ താഴേക്കുവന്ന് മറ്റുള്ളവരോടൊപ്പം നിലത്തിരിക്കാന്‍ ക്ഷണിക്കുകയും കൂടിയായിരുന്നു അദ്ദേഹം ചെയ്തത്.

ആദിമ ക്രൈസതവസമൂഹത്തിന് എല്ലാം പൊതുവായിരുന്നതിനാല്‍ ആര്‍ക്കും പ്രത്യേക ആവശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് പുറത്തുള്ളവര്‍ ഇങ്ങനെ പറയാന്‍ നിര്‍ബന്ധിതരായി: ''ഇവര്‍ പരസ്പരം സ്‌നേഹിക്കുന്നത് എങ്ങനെയെന്നു നോക്കൂ.''അങ്ങനെ ആ സമൂഹം ''ഓരോരുത്തര്‍ക്കും അവരവരുടെ ആവശ്യമനുസരിച്ചും ഓരോരുത്തരും അവരുടെ ശേഷിയനുസരിച്ചും'' എന്ന തത്ത്വം അവര്‍ നടപ്പിലാക്കി.  ആദ്യത്തെ ആ കമ്യൂണിസ്റ്റ് സമൂഹം മുളയെടുത്ത് വളരാന്‍ സഹായിച്ചത് ഈ തത്ത്വമായിരുന്നു. ഫുള്‍ട്ടന്‍ ജെ. ഷീന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: ''ക്രിസ്ത്യന്‍ കമ്യൂണിസ്റ്റുകള്‍ പറഞ്ഞു: എന്റേതെല്ലാം നിങ്ങളുടേതാണ്. ഇപ്പോഴത്തെ കമ്യൂണിസ്റ്റുകള്‍ പറയുന്നു: നിങ്ങളുടേതെല്ലാം എന്റേതാണ്'' അതായിരുന്നു ഗാര്‍ഹികസഭയുടെ ആഹ്ലാദം. ക്രിസ്തുവിനു ശേഷം 100 മുതല്‍ 300 വരെയുള്ള പീഡനകാലത്ത് അവര്‍ക്ക് ഭൂഗര്‍ഭ അറകളിലേക്ക് താമസം മാറ്റേണ്ടിവന്നു. അക്കാലത്ത് യോഗം ചേരുന്ന വീട്ടിലെ ഏറ്റവും മുതിര്‍ന്നയാള്‍, സ്ത്രീയായാലും പുരുഷനായാലും,  പ്രാര്‍ഥനായോഗങ്ങള്‍ക്കും സ്‌നേഹവിരുന്നിനും വ്യത്യസ്തഗൃഹങ്ങളില്‍ നേതൃത്വം നല്കിപ്പോന്നു. അക്കാലത്ത് ക്രൈസ്തവസമൂഹത്തില്‍ പുരോഹിതവര്‍ഗം നിലവില്‍ വന്നിരുന്നില്ല.

അങ്ങനെ കഴിയുമ്പോഴാണ് കോണ്‍ന്റൈന്‍ ചക്രവര്‍ത്തിയുടെ മാനസാന്തരത്തെത്തുടര്‍ന്ന് രാജകീയ സാമ്രാജ്യസഭ  നിലവില്‍വന്നത്. അങ്ങനെയുണ്ടായ രാജകൊട്ടാര/രാജകുമാര ഭരണസംസ്‌കാരമായിരുന്നു  ഇരുപത്തിമൂന്നാം ജോണ്‍ മാര്‍പ്പാപ്പായുടെ കാലംവരെ നിലവിലുണ്ടായിരുന്നത്. സഭയുടെ കൂട്ടായഭരണവും ഭരണപങ്കാളിത്തവും തത്ത്വത്തില്‍ അംഗീകരിക്കുന്ന ഒരു സ്ഥിതി അദ്ദേഹം ഉളവാക്കിയെങ്കിലും തുടര്‍ന്നു വന്ന മാര്‍പ്പാപ്പാമാരുടെ സ്ഥിരമായ പ്രതിരോധം മൂലം അവ പ്രായോഗികമായി നിലവില്‍ വന്നില്ല. ഇപ്പോള്‍ അവ കുറേശേകുറേശേയായി ഫ്രാന്‍സീസ് മാര്‍പ്പാപ്പാ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കോണ്‍ന്റൈന്‍ വികസിപ്പിച്ച പരിശുദ്ധ പിതാവിന്റെ സഭയും വിവിധ ഗ്രേഡുകളോടുകൂടിയ വൈദികരുടെ സഭയും 23-ാം ജോണ്‍ മാര്‍പ്പാപ്പായോടുകൂടി അവസാനിച്ചെങ്കിലും ഹയരാര്‍ക്കിക്കല്‍ സഭാസംവിധാനം ഇനിയും കുഴിച്ചു മൂടേണ്ടിയിരിക്കുന്നു.

പുനരുദ്ധരിക്കേണ്ടത് പ്രധാനമായും സഭയുടെ മുന്നണി എന്നതിലുപരിയായി സഭതന്നെ എന്ന് രണ്ടാം വത്തിക്കാന്‍ സിനഡ് പ്രഖ്യാപിച്ചിട്ടുള്ള അല്മായര്‍ അടങ്ങുന്ന ദൈവജനത്തിന്റെ അസംബ്ലിയാണ്. സഭയുടെ ആത്മീയമോ ധാര്‍മ്മികമോ സാമൂഹികമോ ഭരണപരമോ ആയ യാതൊരു മേഖലയിലും നേതൃനിരയിലോ തീരുമാനമെടുക്കാനാവുന്ന പദവിയിലോ അല്മായര്‍ എത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ അത് അടിയന്തിരമായി നടപ്പിലാക്കേണ്ടതാണ്. ഇപ്പോള്‍ ജാതി പോലെയുള്ള ഹൈരാര്‍ക്കിക്കല്‍ സംവിധാനത്തില്‍ അല്മായര്‍ ഏതാണ്ട് ഒരു ശൂദ്രന്റെ അവസ്ഥയിലാണ്. അല്മായന്‍ എന്ന വാക്കിന് കഴിവുകെട്ടവന്‍, സാമര്‍ഥ്യരഹിതന്‍, അറിവില്ലാത്തവന്‍ എന്നൊക്കെയാണ് നിന്ദാഗര്‍ഭമായ അര്‍ഥം. അതുകൊണ്ട് അല്മായന്‍ എന്ന വാക്കിനു പകരം കുറെക്കൂടി മാന്യമായ, സഭയില്‍ രണ്ടാംകിടയൊന്നുമല്ലെന്നു ധ്വനിപ്പിക്കുന്ന, സഭാപൗരന്‍ എന്ന വാക്ക് നാം ഉപയോഗിക്കേണ്ടിയിരിക്കുന്നു.

മഹാ മതദ്രോഹവിചാരകന്റെ സഭ

കരമസോവ് സഹോദരന്മാര്‍ എന്ന നോവലില്‍ ജയിലില്‍ വച്ച് മഹാ മതദ്രോഹവിചാരകനും യേശുവുമായി നടത്തുന്ന ഒരു സംഭാഷണമുണ്ട്. അല്മായന് സഭയില്‍ ഇന്നുള്ള തലയില്ലാക്കോഴിയുടെ നിര്‍വീര്യവും ഖേദകരവുമായ അവസ്ഥ ഈ സംഭാഷണത്തില്‍ വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. ആ നോവലില്‍ യേശു സ്‌പെയിനിലുള്ള സെവില്ലേയില്‍ തന്റെ കുഞ്ഞാടുകളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ സുവിശേഷങ്ങളില്‍ ചിത്രീകരിച്ചിട്ടുള്ളതുപോലെ ചില അത്ഭുതങ്ങള്‍ ചെയ്തു. അതേത്തുടര്‍ന്ന് ജനങ്ങള്‍ യേശു തിരിച്ചെത്തിയെന്ന് നിലവിളിച്ച് മഹാമതദ്രോഹവിചാരകനും ക്രൂരനുമായ കര്‍ദിനാളിനെതിരെ ഒച്ചപ്പാടുണ്ടാക്കി. അപ്പോള്‍ തന്റെ സിംഹാസനം തനിക്കു നഷ്ടമായേക്കുമെന്ന് മനസ്സിലാക്കിയ കര്‍ദിനാള്‍ യേശുവിനെ പിടികൂടി പിറ്റേന്നുതന്നെ യേശുവിനെ ചുട്ടുകൊല്ലണം എന്ന ഉദ്ദേശ്യത്തോടെ ലോക്കപ്പിലാക്കി. എന്നാല്‍ അങ്ങനെ ചെയ്താലുണ്ടാകാവുന്ന അനന്തരഫലങ്ങള്‍ ഓര്‍ത്ത് മഹാ മതദ്രോഹവിചാരകന്‍ ജയിലിലെത്തി യേശുവിനോട് സ്വര്‍ഗത്തിലേക്കു മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയാണ്. മതദ്രോഹവിചാരകന്‍ യേശുവിനോട് മരുഭൂമിയില്‍ വച്ച് പിശാചു പരീക്ഷിച്ചപ്പോള്‍ യേശു പിശാചിന് വേണ്ട പരിഗണന നല്കാതിരുന്നത് തെറ്റിപ്പോയി എന്നു പറയുന്നു. പിശാചിനുപോലും അവന്റെ ഓഹരി നല്കിയേ തീരൂ!

ക്രിസ്തു അത് നിഷേധിക്കുക മാത്രമല്ല, പിശാചിന്റെ കല്പനകള്‍ അനുസരിക്കരുതെന്നും അവന്റെ പ്രലോഭനങ്ങളെ പ്രതിരോധിക്കണമെന്നും തന്റെ അനുയായികളോടു നിര്‍ദേശിക്കുകയും ചെയ്തു. മഹാ മതദ്രോഹവിചാരകനാകട്ടെ അതിനെതിരായി  തന്റെ കീഴിലുള്ള ക്രൈസ്തവരെ മനസ്സാക്ഷിയനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ താന്‍ പറയുന്നത് അനസരിച്ചാല്‍മതി എന്നു കല്പിച്ചു. അവര്‍ക്കുവേണ്ടി എല്ലാ ധാര്‍മികതീരുമാനങ്ങളും എടുക്കുകയും 'പ്രാര്‍ഥിക്കുക, പണം നല്കുക, അനുസരിക്കുക' എന്ന മന്ത്രം ഉപയോഗിച്ച് വിശ്വാസികളെയെല്ലാം മയക്കി അടിമകളാക്കി ചൂഷണം ചെയ്യുകയുമാണ്  അദ്ദേഹം ചെയ്തത്. പ്രതിഷേധിക്കുകയോ പിറുപിറുക്കുകയോ ചെയ്യാതിരുന്നാല്‍ പ്രതിഫലമായി മരണാനന്തരം ആനന്ദപൂര്‍ണമായ സ്വര്‍ഗം കിട്ടുമെന്ന് വാഗ്ദാനം ചെയ്തതോടെ ജനങ്ങളെല്ലാം അടങ്ങി. ശാന്തരും വിനീതവിധേയരുമായ വിശ്വാസികളെ ചൂണ്ടിക്കാട്ടി തന്റെ രാജകീയമായ ഭരണസംവിധാനത്തിലൂടെ അച്ചടക്കത്തോടെ ശാന്തരായി കഴിയുന്ന ഈ വിശ്വാസികളെ ഇളക്കരുതെന്നും യേശുവിനെക്കൊണ്ട് സഭയ്ക്കിനി യാതൊരാവശ്യവുമില്ലെന്നും മഹാ മതദ്രോഹവിചാരകന്‍ യേശുവിനോട് പറഞ്ഞു. തീയില്‍ എറിയപ്പെടാതിരിക്കാന്‍, വന്നതുപോലെതന്നെ സ്വര്‍ഗത്തിലേക്കു മടങ്ങുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹം യേശുവിനെ ഉപദേശിക്കുകയും ചെയ്തു. ഇതിലൂടെ നോവലിസ്റ്റ് വ്യക്തമാക്കാനുദ്ദേശിച്ച തത്ത്വം ഇതാണ്: ''മനുഷ്യന്റെ മനസ്സാക്ഷിയെ പ്രീണിപ്പിക്കാന്‍ കഴിഞ്ഞാല്‍ അവന്റെ എല്ലാ സ്വാതന്ത്ര്യവും അവനില്‍നിന്നു നീക്കംചെയ്യാന്‍ ആര്‍ക്കും സാധിക്കും.''

സഭാപൗരരോ തലയില്ലാക്കോഴിയോ?

ഈ കഥയില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് ധാര്‍മ്മികവും നേതൃത്വപരവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഇന്നും സഭയില്‍ അല്മായര്‍ തയ്യാറില്ലാത്തവരും അനുവാദമില്ലാത്തവരുമാണ് എന്നാണ്. പുരോഹിതരെ പ്രീണിപ്പിക്കാനാവും വിധം ജീവിക്കാനും അവര്‍ പറയുന്നത് അതേപടി അനുസരിക്കാനുമാണ് അവര്‍ക്കിഷ്ടം. ഉദാഹരണത്തിന് നിങ്ങളുടെ അല്മായ അസോസിയേഷന്റെ പ്രസിഡന്റ് ഒരു മെത്രാനാണ് എന്നതിന്റെ അര്‍ഥം സീറോമലബാര്‍ സഭയിലെ അല്മായരെങ്കിലും തലയില്ലാക്കോഴികളാണ് എന്നാണ്. എന്തുകൊണ്ടാണ് ഡിട്രോയിറ്റിലെ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ അംഗീകരിക്കാന്‍ ഹൈരാര്‍ക്കി തയ്യാറാകാതിരുന്നത്. സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ സുദീര്‍ഘമായ ചരിത്രത്തില്‍ ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു ഇതെന്നും ഓര്‍മ്മിക്കുക.

അല്മായര്‍, അല്ല സഭാപൗരന്മാര്‍, പുരോഹിതരുടെ മേല്‍വസ്ത്രത്തിന്റെ തുമ്പില്‍ തൂങ്ങിക്കിടക്കുന്ന ദുര്‍ബലരാകാതെ സ്വന്തം നേതാക്കളെ ശേഷിയുടെയും കര്‍മ്മചൈതന്യത്തിന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന തികഞ്ഞ സഭാപൗരന്മാരായി മാറേണ്ടിയിരിക്കുന്നു. ഫ്രാന്‍സീസ് മാര്‍പ്പാപ്പാതന്നെ പറഞ്ഞില്ലേ: ''സഭയില്‍ ഒരാള്‍ സംശുദ്ധനാണെങ്കില്‍ അയാള്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കട്ടെ. ഒരാള്‍ പണ്ഡിതനാണെങ്കില്‍ അയാള്‍ മറ്റുള്ളവരെ പഠിപ്പിക്കട്ടെ. വിവേകമുള്ളവര്‍ ഭരിക്കട്ടെ.''

കോട്ടയം രൂപതയിലായാലും മറ്റെവിടെ ആയാലും 'രക്തശുദ്ധി പരിപാലനാചാര'ത്തിനുവേണ്ടി മുറവിളി കൂട്ടുന്നത് യേശുവിന്റെ അനുയായിയാകുക എന്നും യേശുവിന്റെ സഭാംഗമാകുക എന്നും പറയുന്നതിന്റെ  ദൈവശാസ്ത്രം തീരെ അറിയില്ലാത്തതിനാലാണ്. എന്തു പേരിട്ടു വിളിച്ചാലും ആ കൂട്ടായ്മ ക്രൈസ്തവമായ ചൈതന്യത്തോടും മനുഷ്യാവകാശങ്ങളോടും രാജ്യത്തെ നിയമങ്ങളോടും പ്രതിജ്ഞാബദ്ധമായിരിക്കേണ്ടതുണ്ട്.

യേശു എന്നും അഗതികളോടും അവസാനത്തവനോടും ചെറിയവനോടും എല്ലാം നഷ്ടപ്പെട്ടവനോടും ഒപ്പം നിന്നവനാണ്. അതുകൊണ്ട് സാര്‍വത്രികസഭ പാവപ്പെട്ടവരോടുള്ള പ്രത്യേക പരിഗണനയെപ്പറ്റി പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ മാര്‍പ്പാപ്പാ ദരിദ്രര്‍ക്കുവേണ്ടിയുള്ള ദരിദ്രസഭയ്ക്കായി ആത്മാര്‍ഥമായ ആഗ്രഹം ഉള്ളയാളാണ്. 'രക്തശുദ്ധിവാദ'വിഷയം ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രമാണ്. സാര്‍വത്രികസഭയ്ക്ക് ഒരു മനുഷ്യാവകാശപ്രശ്‌നം എന്ന നിലയ്ക്ക് ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല.   അടിസ്ഥാനപരമായ ക്രൈസ്തവ ഉദ്‌ബോധനം കീഴ്ത്തട്ടിലുള്ള ദരിദ്രരോടൊപ്പം നില്ക്കണം എന്നതാണ്.

 ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ തന്റെ അവസാനകാലത്ത് 'രക്തശുദ്ധി'വിഷയം ആത്യന്തികമായി  പരിഹരിക്കാന്‍ ഒരു പഠനക്കമ്മീഷനെ നിയോഗിച്ചിരുന്നു എന്ന് അടുത്തകാലത്തു കിട്ടിയ ചില റിപ്പോര്‍ട്ടുകളില്‍ ഉണ്ട്. റിപ്പോര്‍ട്ടുകളനുസരിച്ച്, ക്രൈസ്തവമായ ഉദ്‌ബോധനങ്ങള്‍ക്കെല്ലാം വിരുദ്ധമായ കോട്ടയം രൂപതയെത്തന്നെ ഇല്ലാതാക്കാനായിരുന്നത്രെ കമ്മീഷന്റെ നിര്‍ദേശം. മാര്‍പ്പാപ്പാ മരണാസന്നനായിരുന്നല്ലോ. അതിനാല്‍ അതു നടപ്പിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതുകൊണ്ട് ലോകമെങ്ങുമുള്ള ക്‌നാനായ സമൂഹം സര്‍വാശ്ലേഷിയായ, കാരുണ്യമുള്ള മാനവികതയിലേക്ക് സ്വയം മാറിക്കൊണ്ട്, സ്വന്തം മുഖവും ആത്മാവും രക്ഷിക്കാന്‍ ഓരോ വര്‍ഷവും അഞ്ഞൂറു പേരു വീതം വിട്ടുപോകുന്ന, മുങ്ങുന്ന കപ്പലിന്റെ വിധിയില്‍നിന്ന് രക്ഷപെടണം. വിവേകം വിജയിക്കും. ഞങ്ങള്‍ പ്രാര്‍ഥിക്കാം. 

പ്രസിദ്ധീകരിക്കുന്നത്:

ലൂക്കോസ് മാത്യു കെ., ജനറല്‍ സെക്രട്ടറി, ക്‌നാനായ കത്തോലിക്കാ നവീകരണസമിതി 

ഫോണ്‍: 9447507584 (തര്‍ജമ സ്വന്തം)

No comments:

Post a Comment