Translate

Tuesday, December 16, 2014

അസാധാരണ സിനഡ്: ഒരു അവലോകനം - സക്കറിയാസ് നെടുങ്കനാൽ

2014 ഡിസംബര്‍ സത്യജ്വാലയില്‍ പ്രസിദ്ധീകരിച്ചത് - എഡിറ്റര്‍

തികച്ചും യാഥാസ്ഥിതികരായ മുൻ മാർപ്പാപ്പാമാരുടെകീഴിൽ, കെട്ടിക്കിടക്കുന്ന ഒരു ജലാശയം പോലെ വിഷലിപ്തമായിത്തീർന്നിരിക്കുന്ന സഭയിൽ സമഗ്രമായ ഒരു ശുദ്ധീകരണം അതിന്‍റെ ഏറ്റവും അടിസ്ഥാനഘടകത്തിൽ, അതിന്റെ മൂലക്കല്ലിൽ, തുടങ്ങേണ്ടതുണ്ടെന്നും അത് ക്രിസ്തീയകുടുംബം ആണെന്നുമുള്ള ലളിതമായ കണ്ടെത്തലായിരുന്നു അതിനു പിന്നിൽ.
സിനഡിലെ ചർച്ചകളിലുടനീളം ബാക്കിയുള്ളവരുടെ അഭിപ്രായങ്ങൾക്കു ചെവികൊടുത്തുകൊണ്ട് നിശ്ശബ്ദനായി പങ്കെടുക്കുക മാത്രമാണ് ഫ്രാൻസീസ് മാർപ്പാപ്പാ ചെയ്തത്. അവസാന വോട്ടെടുപ്പിൽ മാർപ്പാപ്പായുടെ ഇംഗിതങ്ങൾക്കനുസൃതമായ ഒരു ഫലമല്ല ഉണ്ടായത്. പ്രായമേറിയ യാഥാസ്ഥിതികരായ കർദിനാളന്മാരുടെ ഭൂരിപക്ഷസാന്നിദ്ധ്യമായിരുന്നു അതിന്റെ കാരണങ്ങളിൽ ഒന്ന്.
'എന്‍റെ ദൈവം കത്തോലിക്കാ മതത്തിന്‍റെ ദൈവമല്ല' എന്ന വാക്കുകളിലൂടെയാണ് തന്‍റെ നേതൃത്വം സഭയിൽ അനന്യമാണെന്ന് ഫ്രാൻസീസ് മാർപ്പാപ്പ തെളിയിച്ചത്. ഇതുവരെ മറ്റൊരു പോപ്പിനും, ജോൺ ഇരുപത്തിമൂന്നാമനു പോലും, കത്തോലിക്കാ മേല്‌ക്കോയ്മയ്ക്കും അസഹിഷ്ണുതക്കുമെതിരെ ഇത്തരമൊരു ഹൃദയവിശാലത പ്രകടിപ്പിക്കാനുള്ള ചങ്കൂറ്റം ഉണ്ടായില്ല. അതിലൂടെ അദ്ദേഹം പറഞ്ഞത് അനേകം കാര്യങ്ങൾ ഒരുമിച്ചാണ്. ഒന്ന്, കത്തോലിക്കരുടെ ദൈവസങ്കല്പം വളരെ സങ്കുചിതമാണ്. പരാശക്തിയായ ദൈവത്തെ കത്തോലിക്കാമതാനുയായികൾ ഇന്നു കാണുന്നതുപോലെ സ്വപക്ഷാനുഭാവിയായി കണ്ടാൽ പോരാ. രണ്ട്, വിശ്വാസികളുടെ ദൈവസങ്കല്പം മാറേണ്ടതാണെങ്കിൽ, ആ ദൈവത്തെ ആരാധിക്കുന്ന രീതിയിലും മാറ്റം ആവശ്യമാണ്. മൂന്ന്, അങ്ങനെയെങ്കിൽ ഇന്നത്തെ മതസംവിധാനവും അതിന്റെ ഭരണക്രമവും മാറ്റം ആവശ്യപ്പെടുന്നു. നാല്, തെറ്റായ ഒരു ദൈവസങ്കല്പത്തിൽ ഊന്നിയുള്ള വിശ്വാസസംഹിതയിൽ ഉറച്ചുനിന്നുകൊണ്ട് അതിനെ മനുഷ്യരുടെയിടയിൽ പ്രചരിപ്പിക്കാൻ സഭ ചെയ്തുകൊണ്ടിരുന്ന പ്രവർത്തനങ്ങളിൽ പാളിച്ചകളും പോരായ്മകളും അനീതിയും ഉണ്ടായിരുന്നുവെന്ന് സ്വയം അംഗീകരിച്ച് അവയ്‌ക്കെല്ലാം ആവശ്യമായ തിരുത്തൽ പ്രക്രിയകൾ കൈക്കൊള്ളുകയും തീർത്തും തെറ്റായിരുന്ന നടപടികൾ ഉടനടി ഉപേക്ഷിക്കുകയും വേണം. ചുരുക്കിപ്പറഞ്ഞാൽ, സഭയിൽ ഒരു സമഗ്രമായ പരിവർരണ സിനഡ് ഒരു വർഷത്തിനുശേഷം കൂടാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്.
അതിന്‍റെ സാക്ഷാത്ക്കാരത്തിന് മാർപ്പാപ്പാ മുന്നോട്ടുവച്ച പ്രധാന നിബന്ധനകൾ ഇവയായിരുന്നു: അങ്ങേയറ്റത്തെ സുതാര്യത, പക്വതയുള്ള അല്മായരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചിന്താബാങ്കുകൾ, സഭാപൗരരോട് നേരിട്ടുള്ള ചോദ്യങ്ങളും അവയ്ക്ക് അവർ കൊടുക്കുന്ന ഉത്തരങ്ങൾ എളിമയോടെ ശ്രദ്ധിച്ചുകേൾക്കാൻ മെത്രാന്മാരുടെ ഭാഗത്തുനിന്നുണ്ടാകേണ്ട സന്നദ്ധതയും, താഴത്തെത്തട്ടിൽ തുടങ്ങി ആരംഭിക്കേണ്ട സംവേദനക്ഷമതയും തെറ്റുകൾ തിരിച്ചറിയാനും തിരുത്താനുമുള്ള പ്രബുദ്ധമായ മനോഭാവവും.
സിനഡിന്‍റെ പഠനവിഷയങ്ങളിൽ സഭയുടെ നിലനില്പിനും ശുദ്ധീകരണപ്രക്രിയയ്ക്കും ആധാരമായി ഫ്രാൻസീസ് മാർപ്പാപ്പാ കണ്ടത്, കുടുംബം എന്ന സംവിധാനത്തെയാണ്. എന്താണ് അതിനു കാരണം? തികച്ചും യാഥാസ്ഥിതികരായ മുൻ മാർപ്പാപ്പാമാരുടെകീഴിൽ, കെട്ടിക്കിടക്കുന്ന ഒരു ജലാശയംപോലെ വിഷലിപ്തമായിത്തീർന്നിരിക്കുന്ന സഭയിൽ സമഗ്രമായ ഒരു ശുദ്ധീകരണം അതിന്‍റെ ഏറ്റവും അടിസ്ഥാനഘടകത്തിൽ, അതിന്‍റെ മൂലക്കല്ലിൽത്തന്നെ, തുടങ്ങേണ്ടതുണ്ടെന്നും അതു ക്രിസ്തീയകുടുംബം ആണെന്നുമുള്ള ലളിതമായ കണ്ടെത്തലായിരുന്നു അതിനുപിന്നിൽ. ഇതിന ർഥം, ഈ മാർപ്പാപ്പായെ സംബന്ധിച്ചിടത്തോളം, സഭയെന്നാൽ അതിന്‍റെ അധികാരശ്രേണിയോ ആരാധനക്കൂട്ടായ്മകളോ അല്ല; മറിച്ച്, ഓരോ വിശ്വാസിയും അവന്‍റെ/അവളുടെ കുടുംബബന്ധങ്ങളും ആണ് എന്നതാണ്. തിരിച്ചറിയൽ ആണ്. അതുകൊണ്ട് തുടക്കം കുടുംബത്തിൽത്തന്നെ ആയിരിക്കേണ്ടതുണ്ട്. ഈ കുടുംബമാകട്ടെ, ഇന്ന് വളരെ ആശങ്കാജനകമാകുംവിധം സങ്കീർണവും വൈവിധ്യമുള്ളതും ആയിക്കഴിഞ്ഞിരിക്കുന്നു. ഭാര്യയും ഭർത്താവും ഏതാനും കുട്ടികളും എന്ന ഒരു കാലത്തുണ്ടായിരുന്ന ധാരണയിൽനിന്ന് വിട്ടകന്ന്, ഇന്നത് ആണും പെണ്ണും തമ്മിലുള്ള ഒത്തുജീവിതംപോലും ആകണമെന്നില്ല; അത് ആണും ആണും, അല്ലെങ്കിൽ പെണ്ണും പെണ്ണും ഒരുമിച്ചുള്ള ജീവിതവും ആകാം എന്നുവരെ ആയിരിക്കുന്നു. അത്രയ്ക്കുള്ള സങ്കീർണതയെ ദഹിപ്പിക്കാൻമാത്രം മനോഭാവനയില്ലാത്ത മുതിർന്ന സഹപ്രവർത്തകരെക്കൂടി സ്വരുമിപ്പിക്കുക എന്ന ഭഗീരഥപ്രക്രിയ പോപ്പിനെ അലട്ടിയിരുന്നു. അതുകൊണ്ടാണ് കുടുംബമെന്ന ആധുനിക പ്രതിഭാസത്തെപ്പറ്റി പഠിക്കാൻ ഒരു വർഷത്തോളം അനുവദിക്കേണ്ടിവന്നത്.
ഇതുവരെ ദൈവശാസ്ത്രപരമായും താത്ത്വികമായും, പച്ചയായ ജനജീവിതത്തെ പരിഗണിക്കാതെ, ഓരോരോ കാര്യങ്ങൾ  എഴുതിപ്പിടിപ്പിക്കുകയായിരുന്ന സഭ. എന്നാൽ, ആധുനികകാലഘട്ടം നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് ആഴ്ന്നിറങ്ങി, പരിഹാരത്തിനുതകുന്ന വെളിച്ചം ജനങ്ങളിൽനിന്നു തന്നെ കണ്ടെത്തിക്കൊണ്ടേ ഇനി മുന്നോട്ടുപോകാനാവൂ എന്ന് ക്രാന്തദർശിയായ മാർപ്പാപ്പായ്ക്ക് അറിയാമായിരുന്നു. അതിന് ഒരു മാർഗരേഖയും സമഗ്രമായ ഒരു ചോദ്യാവലിയും തയ്യാറാക്കി, അവയ്ക്കുള്ള ഉത്തരങ്ങൾക്കായി ജനങ്ങളിലേക്ക് എത്തിക്കേണ്ടിയിരുന്നു. ആ ലക്ഷ്യത്തോടെയാണ് ഫ്രാൻസീസ് മാർപ്പാപ്പാ നേരിട്ട് നിയമിച്ച എട്ട് കർദിനാളന്മാരുടെ ഒരു ഗ്രൂപ്പ് തക്കതായ ഒരു കർമപദ്ധതി ഒരുക്കിയത്. അതിൻപ്രകാരം, ഒരു വർഷത്തോളം നീണ്ട ഒരു പഠനത്തിനു തുടക്കം കുറിച്ചു. കർദിനാളിന്‍റെ  കീഴിൽ പ്രവർത്തിച്ച സംഘം, 2013 നവംബറിൽ, ഒൻപത് വിഷയങ്ങളിൽ പെടുന്ന 39 ചോദ്യങ്ങളുള്ള ചോദ്യാവലി എല്ലാ മെത്രാന്മാർക്കും അയച്ചു കൊടുത്തു. ഓരോ ദേശത്തെയും ആവശ്യമനുസരിച്ച് അവയെ വിപുലീകരിച്ചു ക്രോഡീകരിക്കുക എന്ന ചുമതല ഓരോ രൂപതയുടെയും തലവന്‍റെതായിരുന്നു. ഓരോ പ്രദേശത്തും കുടുംബജീവിതത്തിന്‍റെ ആധുനിക ചുറ്റുപാടുകളെയും പ്രശ്‌നങ്ങളെയും അവയുടെ നിവാരണമാർഗങ്ങളെയും സംബന്ധിച്ച് ലോകവ്യാപകമായ ഒരു അഭിപ്രായസർവ്വേയും  പഠനവുമായിരുന്നു ലക്ഷ്യം. അമേരിക്കയിലും യൂറോപ്പിലും തെക്കേ അമേരിക്കയിലുമെന്നപോലെ, മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഈ ചോദ്യാവലി ജനമദ്ധ്യത്തിൽ കൊണ്ടുവരാനും ചർച്ചയ്ക്കു വിഷയമാക്കാനും അവിടങ്ങളിലെ മെത്രാന്മാർ ആവുന്നത് ശ്രമിക്കയും, കിട്ടിയ ഉത്തരങ്ങൾ ക്രോഡീകരിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ സമഗ്രമായ റിപ്പോർട്ടുകൾ റോമിലെത്തിക്കുകയും ചെയ്തു.
എന്നാൽ, വളരെ വൈകിയിട്ടും നമ്മുടെ മെത്രാന്മാർ ഇക്കാര്യത്തിൽ അനങ്ങാതിരിക്കുന്നതു കണ്ടതുകൊണ്ട്, ഈ നടപടികളെക്കുറിച്ച് സമയാസമയം വായനക്കാരെ അറിയിക്കാനും തങ്ങളുടെ കടമയെപ്പറ്റി സഭാശുശ്രൂഷകരെ ഒർമിപ്പിക്കാനും ഇന്ത്യയിലെ അല്മായ പ്രസ്ഥാനങ്ങൾ, പ്രത്യേകിച്ച് 'അല്മായശബ്ദം' ബ്ലോഗും 'സത്യജ്വാല' മാസികയും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. ഡോ. ജയിംസ് കോട്ടൂർ, ഛോട്ടെബായി, സ്വാമി ഡോ. സ്‌നേഹാനന്ദ ജ്യോതി തുടങ്ങിയ പ്രഗൽത്ഭരായ മാദ്ധ്യമപ്രവർത്തകരും  ആത്മീയശ്രേഷ്ഠരും വ്യക്തിപരമായും, പല രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർ ഒരുമിച്ചും ഈ വിഷയത്തെ പരാമർശിച്ച് മേജർ ആർച്ചുബിഷപ്പിനും മറ്റും പ്രത്യേകമായും കത്തുകളയയ്ക്കുകയുണ്ടായി. എന്നാൽ കഷ്ടമെന്നു പറയട്ടെ, അവരിലാരുംതന്നെ പ്രസ്തുത ചോദ്യാവലിയോട് പ്രതികരിക്കുകയോ മാർപ്പാപ്പായുടെ നിർദ്ദേശങ്ങളെപ്പറ്റി പള്ളികളിൽ അറിയിക്കുക പോലുമോ ചെയ്തില്ല. അവസാന നിമിഷത്തിൽ കാക്കനാട്ടുവച്ച് എഴുതിക്കൂട്ടിയ ഒരു റിപ്പോർട്ട് റോമിലേക്കയയ്ക്കുന്നു എന്നുമാത്രം അരുളപ്പാടുണ്ടായി. അതെന്തായിരുന്നുവെന്ന് ഇന്നുവരെ വിശ്വാസികൾക്കറിഞ്ഞുകൂടാ. കത്തോലിക്കാസഭയുടെ സമഗ്രമായ ഒരു നവീകരണ പ്രക്രിയയിൽ ഭാഗികമായിപ്പോലും സഹകരിക്കാതെ, ഈ സമയമെല്ലാം സീറോ- മലബാർ മെത്രാന്മാർ തങ്ങളുടെ മാർതോമ്മാ പാരമ്പര്യം കേരളത്തിനു വെളിയിൽ ഡൽഹിയിലും, ഇന്ത്യയ്ക്കു വെളിയിൽ അമേരിക്കയിലും യൂറോപ്പിലും ആസ്‌ട്രേലിയായിലും പ്രചരിപ്പിക്കാൻ തത്രപ്പെടുകയാണു ചെയ്തുകൊണ്ടിരുന്നത്!
ആരെയും ലജ്ജിപ്പിക്കുംവിധം സ്വാർഥമതികളായ ഇവിടുത്തെ 'ഇടയന്മാർ' വായിക്കാൻ ഭയപ്പെടുന്ന പലതും കാലത്തിന്‍റെ ഭിത്തികളിൽ എഴുതപ്പെടുന്നുണ്ട്. പതിമ്മൂന്നു രാജ്യങ്ങൾക്കു പുറമേ, USA യില്‍ ഒരു ഡസനോളം സംസ്ഥാനങ്ങളും സ്വവർഗവിവാഹങ്ങൾ നിയമപരമാക്കിയിട്ടുണ്ട്. രണ്ടു സ്ത്രീകൾ ഒരുമിച്ചുള്ള ദാമ്പത്യബന്ധത്തിന്‍റെ നിയമസാധുത, ഒരിക്കൽ റദ്ദാക്കിയത്, തിരികെക്കൊണ്ടുവരാൻ ഇന്ത്യയിൽ ശ്രമം നടക്കുന്നുണ്ട്. ഉഗാണ്ടയിൽ സഭയും സർക്കാരും സ്വവർഗരതിക്കാരെ നിഷ്‌ക്കരുണം വേട്ടയാടുകയാണ്. വിവാഹമോചനങ്ങളിലും വിവാഹിതരാകാതെയുള്ള ബന്ധങ്ങളിലും ഉണ്ടായ വർദ്ധനവ്, സഭാപഠനങ്ങളെ വെല്ലുവിളിക്കുന്ന ജനനനിയന്ത്രണം, ഭൂണഹത്യ എന്നിവ, സ്ത്രീയോ പുരുഷനോ ഒറ്റയ്ക്ക് കുട്ടികളെ വളർത്തുക, ദത്തെടുക്കുക എന്നിവയൊക്കെ ലോകമെങ്ങും സഭയെ  അലട്ടിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളാണ്. ഭാരതത്തിലും ബംഗ്ലാദേശ്, ഫിലിപ്പൈൻസ് പോലുള്ള ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും വളരെ വ്യാപകമായി കുടുംബശിഥിലീകരണം സംഭവിക്കുന്നത്, ജോലിക്കുവേണ്ടി ദമ്പതികൾ വേർപിരിഞ്ഞുകഴി യേണ്ടിവരുന്നതിന്‍റെ പ്രശ്‌നങ്ങൾ മൂലമാണ്. നമ്മുടെ സമൂഹത്തിൽ മതം, ജാതി, റീത്ത് എന്നീ വിഭാഗീയതകൾക്കപ്പുറത്ത് ഏറിവരുന്ന വിവാഹങ്ങൾപോലും വലിയ അത്യാഹിതങ്ങളായിട്ടാണ് സഭാധികാരം കാണുന്നത്. അതിന്‍റെ പേരിൽ വിശ്വാസികൾ അനുഭവിക്കുന്നത് മറ്റൊരിടത്തുമില്ലാത്ത തിരസ്‌കരണമാണ്.
ആദ്യം പറഞ്ഞ വിഷയങ്ങൾ സിനഡിൽ സൂക്ഷ്മപരിശോധനയ്ക്കു വിധേയമായെങ്കിലും ഭാരതത്തിലെന്നപോലെ പല കിഴക്കൻ രാജ്യങ്ങളിലും ആഫ്രിക്കയുടെ പല പ്രദേശങ്ങളിലും സഭ നേരിടുന്ന പ്രതിസന്ധികളെപ്പറ്റി വേണ്ടത്ര പരാമർശം ഉണ്ടായില്ല. അതിന് ഉത്തരവാദികൾ സഭയിൽ തുടരുന്ന പാശ്ചാത്യാധിപത്യവും നമ്മുടേതുപോലെത്തെ അന്തർമുഖരും അലസരുമായ പ്രാദേശികമെത്രാന്മാരുമാണെന്ന് സിനഡിൽ വിമർശനമുണ്ടായി. നാല് അഭിവന്ദ്യ വ്യക്തികൾ ഇവിടെനിന്ന് സിനഡിൽ ചെന്നിരുന്നെങ്കിലും അവരിലാരെങ്കിലും എന്തെങ്കിലും പറയാനോ ചോദിക്കാനോ തയ്യാറായതായി കേട്ടില്ല. ഇത്ര വലിയ അലംഭാവം പോപ്പിനെ വളരെയധികം നിരാശപ്പെടുത്തിയിട്ടുണ്ടാവണം. തിരിച്ചെത്തിയിട്ടും സഭാപൗരരോട് എന്തെങ്കിലും പറയാൻ അവർ കൂട്ടാക്കിയില്ല!
ഭാരതത്തിലെ മതനേതൃത്വത്തിന്‍റെ അനാസ്ഥ ഗുരുതരമായിരുന്നെങ്കിലും ഈ സിനഡ് ഒരു വിജയംതന്നെ ആയിരുന്നു. പ്രാദേശിക പ്രതിനിധികളായി അല്മായരെയും അജപാലകരെയും പങ്കെടുപ്പിച്ച സിനഡും, സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബങ്ങൾക്കായി നടത്തിയ മൂന്നു പ്രത്യേക സമ്മേളനങ്ങളും വിജയകരമായിരുന്നു എന്ന് സമാപനസമ്മേളനത്തിൽ മാർപ്പാപ്പായുടെ വക്താവ്, ഫാ. ഫെദെറികൊ ലൊംബാർദി അറിയിക്കുകയുണ്ടായി. 
നവംബർ 20-ാം തീയതി വ്യാഴാഴ്ച രാവിലെ പേപ്പൽ വസതിയായ 'സാന്താ മാർത്താ' യിൽ അർപ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള വചനസമീക്ഷയിൽ മാർപാപ്പാ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: ''നമ്മുടെ ദൈവാലയങ്ങളിൽ ബലിയർപ്പിക്കപ്പെടുന്നുണ്ട്, ധാരാളം ജനങ്ങൾ അതിൽ പങ്കെടുക്കുന്നുണ്ട്; നൊവേനയും പ്രാർത്ഥനയുമൊക്കെ മുടങ്ങാതെ നടക്കുന്നുമുണ്ട്. എന്നാൽ, ഹൃദയകവാടങ്ങളും ദൈവാലയകവാടങ്ങളും ക്രിസ്തുവിനും അവിടുത്തെ മാനസാന്തരത്തിന്‍റെ സുവിശേഷത്തിനും എതിരായി കൊട്ടിയടയ്ക്കപ്പെടുന്നു. സ്വയംപര്യാപ്തതയുടെ ഈ അലംഭാവം അപകടകരമാണ്.
ജറൂശലേം ദൈവാലയത്തിലെ ബലികളിലും, പ്രാർത്ഥനകളിലും നിയമാനുഷ്ഠാ നങ്ങളിലും മുഴുകിയിരുന്ന അധികാരികളും ജനങ്ങളും പുരോഹിതരും സമാധാനരാജാവായ ക്രിസ്തുവിനെ അംഗീകരിക്കാതെ പോയെന്നും, അങ്ങനെ ദൈവാലയത്തിലെ സ്വയംപര്യാപ്തതയുടെയും സമൃദ്ധിയുടെയും ആഘോഷങ്ങളുടെയും തിമിർപ്പിൽ രക്ഷകനായ ക്രിസ്തുവിനെതിരെ വാതിലുകൾ കൊട്ടിയടച്ചു; പിന്നെ അവിടത്തെ അവർ ക്രൂശിച്ചു'' ലൂക്കോസിന്‍റെ സുവിശേഷത്തിന്റെ അവസാനഭാഗത്തെ  (ലൂക്കോ 19:41-44) ആധാരമാക്കിയായിരുന്നു മാർപ്പാപ്പാ സംസാരിച്ചത്. ''ഇന്നു നമ്മുടെ ദൈവാലയങ്ങളും ഇങ്ങനെയുള്ളൊരു സ്വയംപര്യാപ്തതയുടെ സംതൃപ്തിയിലേക്കും അലംഭാവത്തിലേക്കും കടന്ന്, അടഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം'' എന്ന് മാർപാപ്പാ തുടർന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു.  ഭാരതത്തിലെ മെത്രാന്മാരെ, വിശേഷിച്ച് സീറോ-മലബാർ മെത്രാന്മാരെ, അസ്വസ്ഥരാക്കേണ്ട വാക്കുകളാണിവ.
സമ്മേളനത്തിൽ വോട്ടിനിട്ട 62 വിഷയങ്ങളിൽ മൂന്നെണ്ണം മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ തത്ക്കാലത്തേക്കു തള്ളപ്പെട്ടു. അവ, 1. സ്വവർഗ്ഗ കൂട്ടുജീവിതം നയിക്കുന്നവർക്കുള്ള ആദ്ധ്യാത്മിക ശുശ്രൂഷ; 2. വിവാഹമോചിതർക്ക് വി. കുർബാന; 3. സഭയുടെ അനുവാദമില്ലാതെ നടത്തപ്പെടുന്ന പുനർവിവാഹത്തിന്‍റെ സാധുത എന്നിവയായിരുന്നു.
വോട്ടു ചെയ്ത 183 പേരിൽ പ്രായമേറിയവർ വളരെയുണ്ടായിരുന്നു എന്നത് മാർപാപ്പയുടെ പ്രതീക്ഷകൾക്ക് എതിരായി വർത്തിച്ചുവെന്നു പൊതുവേ വിലയിരുത്തപ്പെടുന്നു. സാരമില്ല, ഈ വിഷയങ്ങൾ കൂടുതൽ വിശകലനങ്ങൾക്കു വിധേയമാക്കാൻ ഒരു വർഷം ഇനിയും ബാക്കിയുണ്ട്. കഴിഞ്ഞുപോയ സിനഡിന്‍റെ തുടർച്ചയായി കുടുംബത്തെ സംബന്ധിച്ച് ഒരു ആഗോള കൂടിച്ചേരൽ 2015 സെപ്റ്റംബറിൽ ഫിലാദെൽഫിയായിൽ നടക്കും. ഒരുമാസം കഴിഞ്ഞ് വത്തിക്കാനിൽ നടക്കുന്ന സാധാരണ സിനഡിൽ, അതായത് മൂന്നാം വത്തിക്കാൻ കൗൺസിലിൽ,  ഈ പഠനം പൂർത്തിയാക്കാനാണ് മാർപ്പാപ്പാ ആഗ്രഹിക്കുന്നത്. എല്ലാം അങ്ങേയറ്റം സുതാര്യമാക്കാൻവേണ്ടി, അതിനോടിടയ്ക്ക് സിനഡിൽ നടന്ന ചർച്ചകൾ ആഗോളസഭയിൽ ഏവർക്കും വായിച്ചറിയാനും പുനർവിചിന്തനത്തിനുമായി പ്രസിദ്ധീകരിക്കപ്പെടും. ഇവിടെയും മെത്രാന്മാർ അതിനുള്ള മുൻകരുതലുകൾ എടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ധീരനും ബുദ്ധിമാനുമാണ് ഫ്രാൻസീസ് മാർപ്പാപ്പാ. ആദ്ധ്യാത്മികകാര്യങ്ങളിൽ ശ്രദ്ധയൂന്നിയ ഒരാളെ ധീരൻ എന്നാണ് ഉപനിഷത്തുകൾ വിളിക്കുന്നത്. ധീരൻ എന്നാൽ 'ധീ' (ബുദ്ധി)യുള്ളവൻ. ധൃ എന്ന ധാതുവിൽനിന്നു വരുന്നതുകൊണ്ട് ധൈര്യ വാൻ (ധൃതിമാൻ) എന്ന അർഥവും അതിനുണ്ട്. സഭയിൽ ഒരു നവോത്ഥാനയുദ്ധത്തിനു സമയമായി എന്നദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. അതാകട്ടെ, ആരെയും കീഴടക്കാനുള്ളതല്ല; മറിച്ച്, നമ്മോടുതന്നെയുള്ള യുദ്ധമാണ്. ആത്മതത്ത്വം ഗ്രഹിച്ച്, ഇന്നു സഭയിൽ വ്യാപകമായിരിക്കുന്ന അനാത്മതത്ത്വത്തെ അതിന്റെ ചെയ്തികളോടെ തള്ളിക്കളയുകയെന്നതാണ് ഈ യുദ്ധത്തിന്റെ പൊരുൾ. അതിന്റെ അടുത്ത ഘട്ടത്തിനായി ഒരുങ്ങാനും പ്രവർത്തിക്കാനും തത്ഫലങ്ങളിൽ ഭാഗഭാക്കുകളാവാനും ഇനിയും നമുക്കവസരമുണ്ട്. നമ്മുടെ സഭാസാരഥികൾ അക്കാര്യത്തിൽ എത്രമാത്രം സഹകരണം കാഴ്ച്ചവയ്ക്കുമെന്നത് അല്മായരെ ആശങ്കാകുലരാക്കു ന്നത്ര ഗാഢമായ പര്യാലോചനയർഹിക്കുന്നു. ഇവിടുത്തെ സഭാനേതൃത്വത്തിന് കാലത്തിന്‍റെ അടയാളങ്ങൾ വായിച്ചുകൊടുക്കാൻമാത്രം ആന്തരികപ്രഭയുള്ള ദാനിയേലുമാർ ഇവിടെ ഇല്ലെന്നുണ്ടോ? 'ഞാൻ നിന്നെ അളന്നു, നിനക്കു കുറവുണ്ട്' എന്ന മൃദുമന്ത്രണം അവർ കേൾക്കാതിരിക്കുന്നെങ്കിൽ നാശം ഈ സഭയുടേതായിരിക്കും. വളരുന്നതനുസരിച്ച് സഭയുടെ ദൈവസങ്കല്പത്തിനും ദൈവവിശ്വാസത്തിനും തെളിമയുണ്ടാവണം. വിശ്വാസികളെ അതിലേയ്ക്കു നയിക്കാനാകുന്നവർമാത്രമാണ് അഭിഷിക്തർ. അവരിൽ മാത്രമാണ് ക്രിസ്തു ചൈതന്യമുള്ളത്.


ഫോൺ:  9961544169 / 04822271922

No comments:

Post a Comment