Translate

Sunday, November 9, 2014

അമേരിക്കന്‍ മലയാളി വായനക്കാര്‍ ഒരു സ്വതന്ത്ര അപഗ്രഥനം-2

A. C. George - AGeorge5@aol.com

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷത്തില്‍ ആയിരക്കണക്കിനാളുകള്‍ സംബന്ധിച്ച് പ്രൗഡഗംഭീരമാക്കി. കൂടാതെ ഇപ്രാവശ്യം ലോകത്തിലെ പുതിയ പുതിയ കലാപരിപാടികളാണവതരിപ്പിച്ചത്. ഇപ്രകാരം ഒരു രണ്ടു ഡസന്‍ മലയാളി അസ്സോസിയേഷനുകളും അവരുടേതാണ് ഏറ്റവും വലിയ മലയാളി അസ്സോസിയേഷനെന്ന് വാര്‍ത്താ കുറിപ്പിലൂടെ അവകാശപ്പെടുന്നു. ഇതില്‍ ഏതാണ് ശരി? ഏതാണ് ഏറ്റവും വലിയ മലയാളി അസ്സോസിയേഷന്‍? എന്താണ് ഒരു അസ്സോസിയേഷനെ ഏറ്റവും വലുതാക്കുന്നത്? ഇക്കൊല്ലം പുതിയ പുതിയ കലാപരിപാടികളാണ് രംഗത്ത് അവതരിപ്പിച്ചത്. പുതിയ പരിപാടികളെപ്പറ്റി തുടര്‍ന്ന് എഴുതുകയാണ്. തിരുവാതികക്കളി, ഓണപ്പാട്ട്, നൃത്തനൃത്യങ്ങള്‍ ഓണസദ്യ, മാവേലി എഴുന്നെള്ളത്ത് തുടങ്ങിയവ. ആട്ടെ, ഇതെല്ലാം എങ്ങനെ പുതിയപരിപാടികളാകുന്നു. എല്ലാം ദശാബ്ദങ്ങളായി മിക്ക മലയാളി സംഘടനകളും അവതരിപ്പിച്ചു വരുന്ന പരിപാടികളല്ലെ? അങ്ങനെ ചോറും സാമ്പാറും ചിലപ്പോള്‍ ഒരു മാറ്റത്തിനുവേണ്ടി സാമ്പാറും ചോറും എന്ന് ഒന്നു വകുപ്പ് മാറ്റി തലതിരിച്ചും പറയാറുണ്ട്.

ആയിരക്കണക്കിന് ജനസമുദ്രം പങ്കെടുത്തുവെന്ന വാര്‍ത്തയോടൊപ്പം ഓഡിയന്‍സിന്റെ ഫോട്ടോയില്‍ കാണുന്നത് കാലിയായ കസേരകള്‍ അങ്ങിങ്ങായി കുത്തിയിരിക്കുന്ന നൂറില്‍ താഴെയുള്ള ജനം മാത്രം. പക്ഷെ സ്റ്റേജില്‍ ഒരു പക്ഷെ അതില്‍ കൂടുതല്‍ ദിവ്യന്മാര്‍ ബാഡ്ജും പൊന്നാടയും ചാര്‍ത്തി നില്‍പ്പുണ്ടാകും. അതിനാല്‍ ചിന്താകുഴപ്പത്തിലായ വായനക്കാര്‍ എന്തു ചിന്തിക്കണം? എന്തു വിശ്വസിക്കും.

ചില വായനക്കാര്‍ അവനവന്റെ തലയൊ ഫോട്ടോയൊ വാര്‍ത്താ ചിത്രങ്ങളില്‍ കാണുന്നുണ്ടൊ എന്നു മാത്രം നോക്കുന്നു. ഊട്ടുപുരയില്‍ ഫ്രീയായി ഉണ്ണാന്‍ വന്ന ചില വ്യക്തികള്‍ പോലും അവരുടെ പേരൊ ഫോട്ടോയൊ ന്യൂസില്‍ കണ്ടില്ലെങ്കില്‍ വാര്‍ത്ത എഴുതിയവരേയും പ്രസിദ്ധീകരിച്ചവരേയും തെറി വിളിച്ച ചരിത്രം ഇവിടെ ഉണ്ടായിട്ടുണ്ട്. എഴുത്തിലൊ വാര്‍ത്തയിലൊ തെറ്റുകള്‍ മാത്രം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന വായനക്കാരുണ്ട്. വല്ല വാചകത്തെറ്റോ, ടൈപ്പിംഗ് മിസ്റ്റേക്കോ കണ്ടാല്‍ അതവര്‍ക്കു വലിയ പ്രശ്‌നമായി. നൂറ് ശരികള്‍ കണ്ടിട്ട് അതിനിടയില്‍ ഒരു ചെറിയ തെറ്റു കണ്ടെത്തിയാല്‍ അതാണ് ദോഷൈകദൃക്കുകളായ ചില വായനക്കാര്‍ക്ക് വലിയ പ്രശ്‌നമാകുന്നത്. ചില വായനക്കാര്‍ വാര്‍ത്ത അല്ലെങ്കില്‍ രചന മുഴുവനായി വായിക്കാതെ, അവിടവിടെ മാത്രം ചുരുക്കമായി വായിച്ച് കുറിപ്പിലെ ഭൂരിഭാഗവും വെട്ടി വിഴുങ്ങി അതിനെ കുറിച്ച് മനസ്സിലാക്കാതെ വികലമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതും എഴുതുന്നതും ഒട്ടും ഭൂഷണമല്ല. അതുപോലെ ലേഖനങ്ങളോ വാര്‍ത്തകളോ ചുരുക്കാനെന്ന ഭാവേന അതിലെ കാതലായ ഭാഗങ്ങളില്‍ എഡിറ്ററുടെ എഡിറ്റിംഗ് കത്രിക വെക്കുന്നതും ഒരുപക്ഷെ ഒറിജിനല്‍ എഴുത്തുകാരന്റെ ആശയങ്ങള്‍ വികലമാക്കി എന്നിരിക്കും. അവിടെയും ദോഷൈകദൃക്കായ ചില വായനക്കാര്‍ കാത്തിരുന്ന എഴുത്തുകാരനേയും പ്രസിദ്ധീകരണത്തേയും കുറ്റപ്പെടുത്തി എന്നിരിക്കും. എഴുതിയതു തന്നെ ആവര്‍ത്തിച്ച് വലിച്ചുവാരി എഴുതുന്നത് എഡിറ്റ് ചെയ്യുകതന്നെ വേണം.

അമേരിക്കയില്‍ മലയാളി പ്രവാസി ലേഖകരില്‍ തൊണ്ണൂറ്റിഎട്ടു ശതമാനവും യാതൊരു പ്രതിഫലവും കിട്ടാതെ എഴുതുന്ന ഫ്രീലാന്‍സ് എഴുത്തുകാരാണ്. അമേരിക്കയിലെ മലയാള പ്രസിദ്ധീകരണ ഉടമകള്‍ക്ക് ഇന്നത്തെ നിലയില്‍ അവര്‍ക്ക് പ്രതിഫലം കൊടുക്കാന്‍ തക്ക സാമ്പത്തിക വരുമാനമില്ലായെന്നു മാത്രമല്ല അതെല്ലാം ഒരു തരം സാമൂഹ്യ സേവനം എന്നു മാത്രം കണക്കാക്കിയാല്‍ മതി. എന്നാല്‍ ചുരുക്കം ചില പ്രസിദ്ധീകരണക്കാര്‍ വളരെ ചുരുക്കം പേര്‍ മാത്രം- ഏതാനും ലേഖകരുടെയൊ എഴുത്തുകാരുടെയൊ പേരുകള്‍ മാത്രം അവരുടെ രചനയോടൊപ്പം ചേര്‍ക്കാത്തത് തികച്ചും പരിതാപകരവും, പൊളിറ്റിക്കല്‍ ഗെയിമും മാത്രമാണെന്ന് വായനക്കാരും ആ എഴുത്തുകാരും മനസ്സിലാക്കുന്നു. ഒരു ഫ്രീലാന്‍സ് രചയിതാവിന്റെ പേര് അവരവരുടെ രചനയോടൊപ്പം ചേര്‍ക്കുന്നതാണ് മാധ്യമ ധര്‍മ്മവും വായക്കാരുടെ പ്രതീക്ഷയും അതുതന്നെയാണ്. നാട്ടിലെ മെയിന്‍ സ്ട്രീം വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് തല്‍സമയം ലഭ്യമാകുന്ന അതേ വാര്‍ത്തകളും വിശകലനങ്ങളും അതേ രീതിയില്‍ തന്നെ കോപ്പി അടിക്കപ്പെട്ട് അമേരിക്കന്‍ മലയാളി പ്രസിദ്ധീകരണങ്ങളില്‍ വീണ്ടും വായിക്കാന്‍ യുഎസിലെ മലയാളി വായനക്കാര്‍ ഒത്തിരി താല്‍പ്പര്യം പ്രകടിപ്പിക്കാറില്ല. എന്നാല്‍ അവയെല്ലാം ഇവിടത്തെ ഒരു പ്രവാസി കാഴ്ചപ്പാടില്‍ കൂടെ അവതരിപ്പിക്കുകയൊ, വിശകലനം ചെയ്യപ്പെടുകയൊ ആകുമ്പോള്‍ യുഎസിലെ മലയാളി വായനക്കാരില്‍ ചുരുക്കം പേരെങ്കിലും ശ്രദ്ധിക്കുന്നു.

അമേരിക്കന്‍ മലയാളികളുടെ ജീവിത വിജയങ്ങള്‍, തോല്‍വികള്‍, നൊമ്പരങ്ങള്‍, ഹൃദയ വിചാര വികാര പ്രകടനങ്ങള്‍, ദര്‍ശനങ്ങള്‍, ഗൃഹാതുര ചിന്തകള്‍, പരസ്പര കുടുംബ ബന്ധങ്ങള്‍, സാമൂഹിക ബന്ധങ്ങള്‍, കാഴ്ചപ്പാടുകള്‍ ചിത്രീകരിക്കുന്ന രചനകളാകും അമേരിക്കന്‍ മലയാളി വായനക്കാര്‍ പ്രതീക്ഷിക്കുന്നത്. നാട്ടിലെയും ഇവിടത്തേയും അനുഭവ സമ്പത്തുള്ള അമേരിക്കന്‍ പ്രവാസി മലയാളി എഴുത്തുകാരുടെ രചനകള്‍ക്കാകും ഇവിടത്തെ മലയാളി വായനക്കാര്‍ പ്രാമുഖ്യം കൊടുക്കുക. അതിനാല്‍ നാട്ടിലെ മാത്രം രചനകള്‍ ഏറ്റവും ഉല്‍കൃഷ്ടമൊ മുഖ്യധാരയൊ എന്നുദ്‌ഘോഷിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. നാട്ടിലും ജീവിച്ചു പഠിച്ച ഇവിടത്തെ പ്രവാസി എഴുത്തുകാരുടെ കഥകളും രചനകളുമാണ് കുറച്ചെങ്കിലും ഇവിടത്തെ വായനക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇവിടത്തെ ചില വായനക്കാരും എഴുത്തുകാര്‍ തന്നെയും നാട്ടിലെ എഴുത്തുകാരേയും അവരുടെ രചനകളേയും മാത്രം പ്രവാസി എഴുത്തുകാരുടേതിനേക്കാല്‍ വളരെ ഉയരത്തിലാണെന്ന് പൊക്കി പറയാറുണ്ട്. അവരില്‍ ചിലര്‍ക്ക് പ്രവാസി എഴുത്തുകാരോട് തികച്ചും പുഛമാണ്. പ്രവാസികളുടെ കാര്യമായ രചനകള്‍ പോലും വായിക്കാതെ അതു തികച്ചും മോശമാണെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം. മല്‍ഗോവ മാമ്പഴം കടിച്ചു നോക്കി അതിന്റെ രുചി അറിയാതെ അത് കയ്പാണെന്ന് പറയുന്നതു മാതിരി ആയിരിക്കും അത്. പ്രവാസികളുടെ തൂലികയില്‍ നിന്ന് ഒത്തിരി മികച്ച കൃതികള്‍ ഇവിടെയുണ്ടാകുന്നുണ്ടെന്നുള്ളത് വായനക്കാര്‍ മനസ്സിരുത്തി വായിച്ച് അപഗ്രഥനം ചെയ്താല്‍ വ്യക്തമാകും.
മികച്ച രചനകളെ അവാര്‍ഡ് കമ്മറിറിക്കാരൊ മുഖ്യധാര എന്ന് വീമ്പിളക്കുന്നവരൊ തിരിഞ്ഞു നോക്കിയിട്ടുണ്ടാകില്ല. പിന്നെ ഈ അവാര്‍ഡ് നിര്‍ണ്ണയത്തിലെല്ലാം ഇവിടത്തെ സാധാരണ വായനക്കാര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. കാശു കൊടുത്തൊ മറ്റ് ഏതെങ്കിലും തരത്തിലൊ അവാര്‍ഡ് ദാതാക്കളെ സ്വാധീനിക്കാന്‍ പറ്റിയാല്‍ നാട്ടിലും ഇവിടെയും അവാര്‍ഡായി എന്ന് പരക്കെ ഒരു ധാരണയായി. അവാര്‍ഡ് നിശ്ചയിക്കാന്‍ കുറച്ചു വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നു. കാര്യമായ രചനകള്‍ ഒന്നും നടത്താത്ത ചില പേരുകേട്ടവരെ പ്രമുഖ രചയിതാക്കളെ കണ്ടെത്താനുള്ള വിധികര്‍ത്താക്കളാക്കുന്നു. നീന്താനറിയാത്തവരെ ഒരു പക്ഷെ നീന്തല്‍കുളം പോലും കാണാത്തവരെ പിടിച്ച് മികച്ച നീന്തല്‍ക്കാരെ കണ്ടെത്തി അവാര്‍ഡ് കൊടുക്കാന്‍ ചുമതലപ്പെടുത്തുന്നു. എന്താ പൊരെ. ഒരു പക്ഷെ അവര്‍ തന്നെ നിയോഗിച്ച ഈ അയോഗ്യരായ ജഡ്ജികളെ പോലും മറികടന്ന് അവാര്‍ഡുകളുടെ സംഘാടകര്‍ അവര്‍ക്കിഷ്ടമുള്ളവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കിയെന്നും വരാം. അല്ലെങ്കില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ അതെല്ലാം ആര്‍ക്കു നല്‍കണമെന്നവര്‍ മുന്‍കൂര്‍ തീരുമാനം തന്നെ എടുത്തിട്ടുണ്ടാകും. അത്തരത്തില്‍ ലഭ്യമാകുന്ന, കൊടുക്കുന്ന അവാര്‍ഡുകള്‍ക്കും പുരസ്‌ക്കാരങ്ങള്‍ക്കും പൊന്നാടകള്‍ക്കും എന്തുവില?

ചിലര്‍ അവനവന് തന്നെ സ്വീകരണ സല്‍ക്കാരങ്ങളും അവാര്‍ഡ് പൊന്നാട മേളകള്‍ സംഘടിപ്പിച്ച് വലിയ വ്യക്തികള്‍ ആകാന്‍ ശ്രമിക്കുന്നതു വഴി സ്വയം അപഹാസ്യരാകുന്ന വിവരം അവര്‍തന്നെ അറിയുന്നില്ല. മറ്റുള്ളവരുടെ ഇത്തരം വിലകുറഞ്ഞ പ്രവൃത്തികളെ അതിനിശിതമായി ഫോണ്‍ സംഭാഷണങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ആക്ഷേപഹാസ്യ രചനകളിലൂടെയും വിമര്‍ശിക്കുന്നവര്‍ ആ തെറ്റുകള്‍ സ്വന്തം പ്രവര്‍ത്തനത്തില്‍ ആവര്‍ത്തിക്കുമ്പോള്‍ അവരുടെ വിമര്‍ശനങ്ങള്‍ക്ക് അല്ലെങ്കില്‍ അവരുടെ വ്യക്തിത്വത്തിന് എന്താണ് വില? മറ്റുള്ളവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം ആ തെറ്റിലേക്ക് വഴുതി വീഴരുത്. രണ്ടുകാല്‍ മന്തന്‍ ഒറ്റക്കാല്‍ മന്തനെ പുഛിച്ച് കളിയാക്കരുത്. എത്ര മഹാരഥനായാലും ഇതെല്ലാം ഇവിടത്തെ വായനക്കാര്‍ കുറച്ചെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്നോര്‍ക്കണം. നാട്ടിലായാലും ഇവിടെ ആയാലും അവാര്‍ഡുകള്‍ നീതിയുക്തമായി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാകണമെന്നു തന്നെയാണ് വായനക്കാരുടെ ആഗ്രഹം. വളരെ കുറച്ചുമാത്രം വായിക്കുന്നവരുടെയിടയിലും സംസാരത്തിലെങ്കിലും എല്ലാ മേഖലയിലും നീതിയും സത്യവും പുലര്‍ന്നുകാണുവാനുള്ള അദമ്യമായ ആഗ്രഹം പ്രകടമായി നിരീക്ഷിച്ചു.

എഴുത്തുകാരും പ്രസിദ്ധീകരണക്കാരും എഴുതുന്നതും പ്രചരിപ്പിക്കുന്നതുമായ ആശയങ്ങള്‍ അവര്‍തന്നെ പാലിക്കുന്നുണ്ടൊ അതൊ അവര്‍ തന്നെ അതിനെയെല്ലാം ലംഘിച്ച് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടൊ എന്ന് ചില വായനക്കാര്‍ ശങ്കിച്ചാലും അവരെ കുറ്റപ്പെടുത്താന്‍ നിര്‍വ്വാഹമില്ല. അഴിമതിയുടെ ചളിക്കുണ്ടില്‍ കിടന്ന് കുളിക്കുന്നവന്‍ ആഴിമതിക്കെതിരെ അഴിമതിവിരുദ്ധ  സൂക്തങ്ങള്‍ പാടുന്നു. വേശ്യകളുടെ കൂടെ ദിനം അന്തിയുറങ്ങുന്നവര്‍ സദാചാര പോലീസ് ചമയുന്നു എന്നൊക്കെ വായനക്കാര്‍ അര്‍ത്ഥം വെച്ച് സംസാരിച്ചാല്‍ അതില്‍ കഴമ്പില്ലെ എന്ന് ചിന്തിക്കണം. കുമ്പസാര കൂട്ടില്‍ കയറിയിരുന്ന് സുന്ദരിമാരായ മഗ്ദലന മറിയങ്ങളോട് കുത്തികുത്തി ചോദിച്ച് പാപങ്ങളുടെ കെട്ടഴിച്ച് പാപങ്ങള്‍ പൊറുക്കുന്ന ചിലര്‍ തരംകിട്ടിയാല്‍ അവരേയും കൊത്തിക്കൊണ്ട് പറക്കുന്നതു മാതിരിയിരിക്കുമതെന്നാണ് അത്തരക്കാരെ പറ്റിയുള്ള വായനക്കാരുടെ അഭിമതം. എല്ലാ വായനക്കാരും  അത്രയോഗ്യരല്ലാ എന്നും സമ്മതിക്കുന്നുഎന്നും സമ്മതിക്കുന്നു.

കേരളത്തിന് പുറത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന എന്തിനേയും പ്രവാസി പ്രസിദ്ധീകരണങ്ങള്‍, വെളിയില്‍ നിന്ന് എഴുതുന്നവരെ പ്രവാസി എഴുത്തുകാര്‍ അതുപോലെ വെളിയിലുള്ള വായനക്കാരെ പ്രവാസി വായനക്കാര്‍ എന്നും പൊതുവെ പറയാറുണ്ട്. പ്രവാസി എന്ന വാക്കിനെയൊ, പദത്തെയൊ, പ്രയോഗത്തെയൊ, ഭാഷാപരമായൊ, യുക്തിപരമായൊ, എതിര്‍ക്കുന്നവര്‍ അനവധിയുണ്ട്. എന്നാലും വര്‍ഷങ്ങളായി കേരളത്തിലെ ഒരു തദ്ദേശവാസിയേയും കേരളത്തിനു വെളിയില്‍ താമസമാക്കിയിരിക്കുന്ന ഒരു മലയാളിയേയും എളുപ്പം ഒന്നു വേര്‍തിരിച്ചറിയാന്‍ വേണ്ടി സാര്‍വത്രികമായി പ്രയോഗിക്കുന്ന പദമാണ് പ്രവാസി എന്നത്. ഇവിടെ പ്രതിപാദിക്കുന്ന വായനക്കാര്‍ അമേരിക്കന്‍ മലയാളി എന്നൊ അമേരിക്കന്‍ മലയാളി പ്രവാസി വായനക്കാരൊ എന്നുമാത്രം മനസ്സിലാക്കിയാല്‍ മതി. അല്ലാതെ അമേരിക്കന്‍ പ്രവാസി  (ദരിദ്രവാസി) എന്നൊന്നും മനസ്സിലാക്കരുത്. പ്രയോഗം പോസിറ്റീവായി എടുത്താല്‍ മതി.

എന്തൊക്കെ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും അമേരിക്കന്‍ മലയാളികള്‍ പിന്നെ നാടും, കേരളവുമായി, ഇന്ത്യയുമായി എല്ലാ അര്‍ത്ഥത്തിലും ഒരു പൊക്കിള്‍കൊടി ബന്ധം വെച്ചു പുലര്‍ത്തുന്നവരാണ്. അവര്‍ യു.എസ്. പൗരത്വമെടുത്താല്‍ പോലും ആ ബന്ധം, ആ രക്തബന്ധം, ആ അത്മബന്ധം ആര്‍ക്കും വിച്ഛേദിക്കാന്‍ സാധ്യമല്ല. രണ്ടു വള്ളത്തിലും കാലു വെക്കുന്നവര്‍ എന്ന രീതിയില്‍ അവരെ അധിക്ഷേപിക്കുന്നതും ഒട്ടും ശരിയല്ല. ആ നിലയില്‍ പ്രവാസികളുടെ ചുമതലകളെ പറ്റി, അവകാശങ്ങളെ പറ്റി അവരുടെ നാട്ടിലെ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷനെ പറ്റി, കൊടുക്കല്‍ വാങ്ങള്‍ പ്രക്രിയകളെ പറ്റിയുള്ള നിയമങ്ങളും വാര്‍ത്തകളും പ്രാമുഖ്യം കൊടുത്ത് അവരിവിടെ വായിക്കുന്നു. നാട്ടിലെ അവരുടെ വസ്തു വകകള്‍ തട്ടിപ്പറിക്കപ്പെടുന്നു അന്യാധീനപ്പെട്ടു പോകുന്നു. നിയമപാലകര്‍ പോലും അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു. പ്രവാസിയുടെ ന്യായമായ ഈ വക നീറുന്ന പ്രശ്‌നങ്ങള്‍ ഇതിനോടകം പല വ്യക്തികളും സംഘടനകളും അധികാരികളുടെ സമക്ഷം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതില്‍ കാര്യമായ ഒരു പുരോഗതിയും പരിഹാരവും കണ്ടെത്തിയിട്ടില്ല. ചില രംഗങ്ങള്‍ കൂടുതല്‍ വഷളായി കൊണ്ടിരിക്കുന്നു. അധികാരികളും ഗവണ്‍മെന്റ് മന്ത്രാലയങ്ങളും നിരുത്തരവാദകരമായി പെരുമാറുന്നു.

ഇന്ത്യന്‍ കൗണ്‍സിലേറ്റുകളിലും എയര്‍പോര്‍ട്ടുകളിലും പ്രവാസികള്‍ക്ക് ദുരന്തങ്ങളും പീഡനങ്ങളും മാത്രം. തരുന്ന സേവനങ്ങള്‍ പരിമിതമാണെങ്കിലും കുത്തനെ ഉയര്‍ത്തുന്ന അനാവശ്യമായ സര്‍വ്വീസ് ചാര്‍ജ്ജുകള്‍. എങ്കിലും പ്രവാസികളുടെ പണം നാട്ടിലൊഴുകി എത്തുന്നു. പ്രവാസികളാണ് നാടിന്റെ നട്ടെല്ല് എന്ന് പൊള്ളയായ മൈതാനപ്രസംഗം നടത്തി പ്രവാസികളോട് സാമാന്യനീതി പോലും ചെയ്യാതെ വീണ്ടും ഇന്ത്യയില്‍ മുതല്‍ മുടക്കാനും നിക്ഷേപിക്കാനും അവിടെ അധികാരം കയ്യാളുന്നവര്‍ ഉല്‍ബോധിപ്പിക്കുകയാണ്. കോടികള്‍ മുടക്കിയിട്ടും പോരാഞ്ഞിട്ട് പ്രവാസിയെ കുനിച്ചുനിര്‍ത്തി അവരുടെ അടിവസ്ത്രം കൂടി ഉരിയാനൊ, പൊന്‍മുട്ടയിടുന്ന താറാവിനെ വയറുകീറി മുട്ടയെടുക്കാനൊ ഉള്ള ശ്രമമാണ് നമ്മുടെ ഉദ്യോഗസ്ഥരും മന്ത്രിപുംഗവന്മാരും ചെയ്തുകൊണ്ടിരിക്കുന്നത്.

അതുപോലെ പാസ്‌പോര്‍ട്ടി, പി.ഐ.ഒ. കാര്‍ഡ്, ഓ.സി.ഐ. കാര്‍ഡ് വിഷയങ്ങളിലെ അവ്യക്തത നൂറുനൂറു നൂലാമാലകള്‍ അവര്‍ നിരന്തരം നേരിടുന്നു. മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നില്ല. വേലി തന്നെ വിളവു തിന്നുന്ന മാതിരി അവര്‍ തന്നെ പല കാര്യങ്ങളും എളുപ്പവും സുതാര്യവുമാക്കുന്നതിനു പകരം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടി ഒത്തിരി ഒത്തിരി പേപ്പര്‍ വര്‍ക്കുകള്‍, കാലതാമസം, അവ്യക്തത എല്ലാം പ്രവാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. ഇന്ത്യന്‍ കൗണ്‍സിലേറ്റുകളിലെ ഉദ്യോഗസ്ഥരുടെ ശത്രുതാ മനോഭാവത്തോടെയുള്ള, ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം, അപേക്ഷകരെ വിവിധ ജാലകങ്ങളിലേക്കും ഡിപ്പാര്‍ട്ടുമെന്റിലേക്കുമുള്ള പന്തുതട്ടല്‍, പരസ്പരം പഴിചാരല്‍, കൈകഴുകല്‍, ബ്യൂറോക്രസിയുടെ അനാവശ്യമായ കഴുത്തു ഞെരിക്കല്‍.

ഗവണ്മെന്റ് ചെലവിലും അല്ലാതെയും പ്രൈവറ്റായും ഒഫീഷ്യലായും യു.എസില്‍ എത്തുന്ന ഇന്ത്യന്‍ രാഷ്ട്രീയാധികാരികളേയും ബ്യൂറോക്രാറ്റുകളേയും എയര്‍പോര്‍ട്ടു മുതല്‍ അവരുടെ പെട്ടിയും ചുമന്ന് കൂടെ നിന്ന് ഫോട്ടോക്ക് പോസും ചെയ്ത് പത്രത്തിലും ടിവിയിലും കൊടുത്തു സായൂജ്യമടയുന്ന വ്യാജ പൊതുപ്രവര്‍ത്തകരെ എല്ലാം അനുഭവത്തിലൂടെ തിരിച്ചറിയുന്ന പ്രവാസി മലയാളികള്‍, എഴുത്തിലൂടേയും വായനയിലൂടേയും അവരുടെ ദുഃഖഭാരം, കണ്ണീര്‍ കദനകഥകള്‍ പങ്കുവെക്കുന്ന പംക്തികള്‍ക്കാണ് കൂടുതല്‍ ആഭിമുഖ്യം. കാരണം അതെല്ലാം അവര്‍ക്ക് ജീവിത ഗന്ധികളാണ്. അനുഭവങ്ങളാണ്. ചിലര്‍ ആവക പീഡനങ്ങളില്‍ നിന്ന് താല്‍ക്കാലികമായി രക്ഷ നേടിയേക്കാം. പക്ഷെ അവരും ഇന്നല്ലെങ്കില്‍ നാളെ ഈ ബ്യൂറാക്രാറ്റിക് പീഡനങ്ങള്‍ നേരിടുമ്പോള്‍ പീഡിതരായ അനുഭവസ്ഥരുടെ പട്ടികയില്‍ ചേരും. ഏതായാലും ഇത്തരം കയ്‌പേറിയ പ്രവാസി പീഡന കഥകള്‍ക്കും അതിനു പരിഹാരം നിര്‍ദ്ദേശിച്ചു കൊണ്ടുള്ള എന്തു രചനകളായാലും മറ്റെന്തിനേക്കാള്‍ പ്രവാസികള്‍ ചൂടോടെ വായിക്കുന്നു.

ഇവിടെ ചില മലയാള പ്രസിദ്ധീകരണങ്ങള്‍ ഓണ്‍ലൈനിലും പ്രിന്റഡ് ആയും ഇംഗ്ലീഷിനായി കുറച്ചധികം പേജ് നീക്കിവെക്കുന്നത് അവരുടെ ഉദ്ദേശലക്ഷ്യം പൂര്‍ത്തീകരിക്കുന്നില്ലായെന്ന വസ്തുതയാണ്. കാരണം മലയാളം സൈറ്റില്‍ കയറുന്നത് മലയാളം പ്രസിദ്ധീകരണം കൈയ്യിലെടുക്കുന്നത് മലയാളത്തില്‍ വായിക്കാനാണ്. ഇംഗ്ലീഷില്‍ വായിക്കേണ്ടവര്‍ക്ക് ഇംഗ്ലീഷ് സൈറ്റുകളും പ്രസിദ്ധീകരണങ്ങളും ധാരാളമായിട്ടുണ്ടല്ലൊ എന്നതാണ് ആ വസ്തുത. അമേരിക്കന്‍ പ്രവാസി നാട്ടില്‍ ജനിച്ചു വളര്‍ന്ന മലയാളികളുടെ കുട്ടികള്‍ എത്രപേര്‍ ഇംഗ്ലീഷ് വായിക്കാനായി മലയാള സൈറ്റില്‍ കയറും. മലയാള-ഇംഗ്ലീഷ് കമ്പയിന്‍ഡ് പ്രസിദ്ധീകരണങ്ങള്‍ വാങ്ങി വായിക്കും എന്ന കാര്യം ഗഹനമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

നാട്ടിലേതു പോലെ തന്നെ ഇവിടേയും എല്ലാത്തരം മീഡിയാക്കാരുടെ ഇടയിലും എന്തിന്റെയെങ്കിലും പേരില്‍ ചേരിതിരിവൊ പൊളിറ്റിക്‌സൊ ഉണ്ടെന്ന് പല വായനക്കാരും മനസ്സിലാക്കിയിരിക്കുന്നു. ചിലര്‍ ചിലരെ ഒഴിവാക്കുന്നു, ചിലരെ കൂടുതലായി ഉള്‍ക്കൊള്ളുന്നു എന്നതൊക്കെ സാധാരണ സംഭവമാണെങ്കിലും ചേരി തിരിവുകളൊ പെറ്റിപൊളിറ്റിക്‌സൊ ഒട്ടും പ്രദര്‍ശിപ്പിക്കാത്ത നിഷ്പക്ഷമായ ജനകീയ പ്രസിദ്ധീകരണങ്ങള്‍ ഓണ്‍ലൈന്‍ ആയാലും പ്രിന്റഡ് ആയാലും ജനം രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു, നെഞ്ചിലേറ്റുന്നു എന്നത് പകല്‍പോലെ സത്യമാണ്. എന്തിന്റെയെങ്കിലുംപേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ജനങ്ങളും വായനക്കാരും അകന്നുകൊണ്ടേയിക്കും. ശത്രുക്കളേയും വിവിധ അഭിപ്രായമുള്ള എഴുത്തുകാരേയും മാറ്റി നിര്‍ത്താതെ അവരെ ഉള്‍ക്കൊള്ളാനുള്ള ഹൃദയ വിശാലതയും മനോധൈര്യവും ആ പ്രസിദ്ധീകരണത്തെ ജനകീയമാക്കും, ശക്തിപ്പെടുത്തും. പൊളിറ്റിക്‌സും ചേരിതിരിവും സ്വജനപക്ഷപാതവും കൈമുതലാക്കി പത്രധര്‍മ്മവും സാമൂഹ്യപ്രതിബദ്ധതയും നിരാകരിക്കുന്ന എഴുത്തുകാരേയും പ്രസിദ്ധീകരണത്തേയും പൊതുജനങ്ങളും വായനക്കാരും കാലക്രമേണ അവഗണിക്കുമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല.

വായനക്കാര്‍ മുഖം നോക്കാതെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതും എഴുതുന്നതും ഒരു പ്രസിദ്ധീകരണത്തിന്റെ ദിശാബോധം ക്രമീകരിക്കാന്‍ സഹായിക്കും. അതിനായി എഴുത്തുകാരുടേയും വായനക്കാരുടേയും ഇടയില്‍ സര്‍വെകള്‍ നടത്തുന്നതും അതനുസരിച്ച് പ്രസിദ്ധീകരണങ്ങള്‍ ചിട്ടപ്പെടുത്തുന്നതും അനിവാര്യമാണ്. പ്രസിദ്ധീകരണക്കാരും എഴുത്തുകാരും വായനക്കാരും പരസ്പര പൂരകങ്ങളാണ്. അതിലെ യജമാനന്മാര്‍ അല്ലെങ്കില്‍ ഏറ്റുവും പ്രധാന ഘടകം ഏതെന്ന് ചോദിച്ചാല്‍ അതു വായനക്കാര്‍ തന്നെ. ചില പ്രസിദ്ധീകരണങ്ങള്‍ അതു മനസ്സിലാക്കാതിരിക്കുകയൊ അല്ലെങ്കില്‍ മനഃപൂര്‍വ്വം അവഗണിക്കുകയൊ ചെയ്യുമ്പോഴാണ് പ്രസിദ്ധീകരണ രംഗത്ത് അപജയങ്ങള്‍ സംഭവിക്കുന്നത്. പ്രസിദ്ധീകരണക്കാരും ലേഖകരും വായനക്കാരും വല്ലപ്പോഴും മുകളില്‍ സൂചിപ്പിച്ച വിഷയങ്ങളെപ്പറ്റി സെമിനാറുകളും സിമ്പോസിയങ്ങളും സംവാദങ്ങളും സംഘടിപ്പിക്കുന്നത്, ഈ മൂന്നു ഘടകങ്ങളില്‍ പെട്ടവര്‍ക്കും ഏതെങ്കിലും തരത്തില്‍ ഗുണപരമായിരിക്കും.
നാട്ടില്‍ നിന്നെത്തുന്ന ഉന്നത എഴുത്തുകാരേയും ചില ഏഴാംകൂലി എഴുത്തുകാരെ വരെ യുഎസില്‍ അങ്ങോളമിങ്ങോളം സ്വീകരിച്ചും പൊക്കിക്കൊണ്ടു നടന്നും അവരുടെ എഴുത്തിലെ, സാഹിത്യത്തിലെ ദിവ്യത്വം കൂകി കൊക്കിവിളിച്ച്, തങ്ങള്‍ ചെറുപ്പത്തില്‍ ഒരുമിച്ച് മണ്ണുവാരിക്കളിച്ചവരാണെന്നുമൊക്കെ പറഞ്ഞ് കൂടെ നിന്നു ഫോട്ടോ എടുത്തും അതിനെപ്പറ്റി വാര്‍ത്താകുറിപ്പെഴുതിയും അമേരിക്കന്‍ മലയാളി സാഹിത്യ പഞ്ചാനന്മാരൊ, പേനാ ഉന്തി സാഹിത്യ ചര്‍ച്ചാ സംഘടനാ നേതാക്കന്മാരൊ ആയി ചമയുന്നവരും, എഴുതാത്ത എഴുത്തുകാര്‍ നാമധാരികള്‍വരെ ഇവിടെ ധാരാളമുണ്ടെന്ന് ചില വായനക്കാര്‍ അഭിപ്രായപ്പെട്ടു. ഇത്തരം കോപ്രായങ്ങള്‍ ഇവിടത്തെ എഴുത്ത് സാഹിത്യമേഖലയില്‍ മാത്രമല്ല മറ്റ് പല മേഖലകളിലും കാണാനുണ്ട്. നാട്ടില്‍ നിന്ന് ഒരു പഞ്ചായത്ത് മെമ്പര്‍ അല്ലെങ്കില്‍ ഒരു മണ്ഡലം പ്രസിഡണ്ട് വന്നാല്‍ മതി. അവരെ ഉടന്‍ ചുമലിലേറ്റും. ഒരു മന്ത്രിയോ രാഷ്ട്രീയ പ്രമാണിയൊ ആയാല്‍ പിന്നെ അവരേയും പൊക്കിക്കൊണ്ടുള്ള സ്വീകരണ സല്‍ക്കാരങ്ങളുടെ, വാര്‍ത്താകുറിപ്പുകളുടെ തേന്‍മഴയായി, പെരുമഴയായി. .

സിനിമാ, സീരിയല്‍ കൂട്ടത്തില്‍ കുറെ മാദകതിടമ്പുകള്‍ കൂടെ നാട്ടില്‍ നിന്ന് സ്റ്റാര്‍നൈറ്റുമായി വന്നിറങ്ങിയാല്‍ എന്തു തല്ലിപ്പൊളി അറുബോറന്‍ പരിപാടിയാണെങ്കിലും അതു ബുക്ക് ചെയ്ത് ഫണ്ട് ശേഖരണത്തിനായി സമാജങ്ങളേക്കാള്‍ മുന്നില്‍ ക്യൂ നില്‍ക്കുന്നത് എല്ലാ വിഭാഗത്തിലും പെട്ട പള്ളിക്കാര്‍ - അമ്പലക്കാര്‍ തന്നെയാണ്. വരുന്ന ഈ കൗശല സിനിമാ-സീരിയല്‍-മ്യൂസിക്ക് ട്രൂപ്പുകള്‍ ഇവിടെ എന്തിനു വേണ്ടി ഫണ്ടു ശേഖരിക്കുമൊ ആ ഫണ്ടിന്റെ സിംഹഭാഗവും അടിച്ചുമാറ്റിക്കൊണ്ട് കൂട്ടത്തില്‍ അമേരിക്കന്‍ മലയാളികളെ കുറെ കുറ്റവും കുറവും പറഞ്ഞിട്ട് തിരികെ നാട്ടിലേക്ക് വണ്ടി കേറും. എന്നാല്‍ നാട്ടില്‍ നിന്നെത്തുന്ന സിനിമാ-സീരിയല്‍ -മ്യൂസിക്ക് ട്രൂപ്പുകളേക്കാള്‍ അതി തന്മയത്വമായും മേന്മയായും മികച്ച കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള അനേകം കലാകാരന്മാരും കലാകാരികളും അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ഇവിടെയുണ്ടെന്ന പരമാര്‍ത്ഥം ഇവിടത്തെ ഫണ്ടു ശേഖരണ സമാജക്കാരും പള്ളിക്കാരും മറക്കുന്നു. ഇവരെ വെച്ച് അത്തരം ഫണ്ടു ശേഖരണ കലാപരിപാടികള്‍ അവതരിപ്പിച്ചാല്‍ ശേഖരിക്കുന്ന ഫണ്ടിന്റെ സിംഹഭാഗവും അവരുദ്ദേശിക്കുന്ന ലക്ഷ്യപ്രാപ്തിക്കുപയോഗിക്കാം. കൂട്ടത്തില്‍ കൂടുതല്‍ നല്ല പരിപാടികളും ആസ്വദിക്കാം. ഇവിടത്തെ കലാകാരികള്‍ക്കും കലാകാരന്മാര്‍ക്കും ഒരു പ്രോല്‍സാഹനം ആവുകയും ചെയ്യും. പക്ഷെ എന്തു ചെയ്യാനാണ് മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പല വായനക്കാരും അഭിപ്രായപ്പെടുന്നു.

ഇവിടെ കേരളത്തില്‍ നിന്നിറക്കുമതി ചെയ്യപ്പെട്ട വിവിധ മത മൗലീക സംഘടനകളും ദേവാലയങ്ങളും പുരോഹിത മേധാവികളും ഒത്തു ചേര്‍ന്ന് മതാതീത സെക്കുലാര്‍ സംഘടനകളെ തകര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് പല വായനക്കാരും ബുദ്ധിജീവികളും അഭിപ്രായപ്പെടുന്നു. ദൈവമില്ലാത്ത ദേവാലയങ്ങളും ധാര്‍മ്മികതയില്ലാത്ത മത സംഘടനകളും പൗരോഹിത്യ മേധാവിത്വം, പുരോഹിത രാജകീയത മാത്രം കളിയാടുന്ന ഇത്തരം പ്രസ്ഥാനങ്ങളിലേക്ക് ജനം യാന്ത്രികമായി ഒഴുകി എത്തുകയാണെന്ന് ചിലര്‍ പറയുന്നു. ഈ പ്രക്രീയക്കെതിരെ പ്രൈവറ്റായും പിന്നെ ചിലപ്പോഴൊക്കെ വേദികളില്‍ അതിതീവ്രമായി വാദിക്കുന്നവര്‍ പോലും അധികവും
ദേവാലയങ്ങളുടേയും പുരോഹിതരുടേയും കരവലയത്തില്‍ തന്നെയാണ്. അവിടെ പോയി നൂറുകള്‍ സംഭാവന നല്‍കാന്‍ അവര്‍ തയ്യാറാണ്. എന്നാല്‍ ഒരു സെക്കുലാര്‍ സംഘടനക്കായി ഒരു ഡോളര്‍ കൊടുക്കാനും അവര്‍ തയ്യാറല്ല. എന്തുകൊണ്ട് ദേവാലയങ്ങള്‍ ഓണം പോലുള്ള ദേശീയോല്‍സവങ്ങള്‍ ആഘോഷിക്കുന്നു? അതെങ്കിലും വിവിധ മതസ്ഥരായ കേരളീയര്‍ ഒരുമയോടെ ഒരു മതാതീത കേരളീയ സെക്കുലാര്‍ സംഘടനക്കു മാത്രമായി വിട്ടു കൊടുക്കുന്നില്ല? വായനക്കാര്‍ ചോദിക്കുന്നു.

വിവിധ മതസ്ഥരായ മലയാളി ഇന്നിവിടെ അവരവരുടെ ദേവാലയത്തിലായി മാത്രം ജീവിക്കുന്നു. അതിനപ്പുറം വിശാലമായി ഈ ലോകമാനവികതയെ പറ്റി ചിന്തിക്കാന്‍ സമയമില്ല, തയ്യാറല്ല. അതിനായി മുടക്കാന്‍ ഒരു ചില്ലിക്കാശുമില്ല. പലയിടത്തും ചില മതപ്രവര്‍ത്തകര്‍ തന്നെയാണ് സാമൂഹ്യ സംഘടനകളുടെ പ്രവര്‍ത്തന സമിതിയെ നിശ്ചയിക്കുന്നത്. അവര്‍ ഒരു പാനലായി വന്ന് സംഘടനാ നേതൃത്വം പിടിച്ചെടുക്കുന്നു. പിന്നീട് ഇവരെല്ലാം തന്നെ അധികാര കസേരയില്‍ കടിച്ചു തൂങ്ങുന്നു. തസ്തികകള്‍ മാറിമാറി കസേര കൈവിടാതെ അവരതില്‍ കുത്തിയിരുന്ന് നിരങ്ങി നിരങ്ങി സെക്കുലാര്‍ സംഘടനകളെ ശുഷ്‌ക്കമാക്കി നശിപ്പിക്കുന്നു. സെക്കുലാര്‍ സംഘടനകള്‍ എന്നു പറയപ്പെടുന്ന കൊച്ചു കൊച്ചു സംഘടനകള്‍ക്കും സംഘടനകളുടെ സംഘടനകള്‍ക്കും എല്ലാ ഉല്‍സവവേദികളിലും സ്റ്റേജിലും ബഹുമാന്യാതിഥികളും അധികവും പുരോഹിതരൊ മതസംഘടനാ നേതാക്കളൊ ആയിരിക്കും. അവരുടെ തിരി തെളിയിക്കലും നെടുങ്കന്‍ പ്രസംഗങ്ങളും അവിടേയും ആവര്‍ത്തിക്കപ്പെടുന്നു. ഇപ്രകാരം സെക്കുലാര്‍ സംഘടനകള്‍ നശിച്ചു കൊണ്ടിരിക്കുന്നു. ദൈവത്തിനുളളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും ലഭിക്കുമൊ എന്ന് സീരിയസായി വാര്‍ത്തകള്‍ വായിച്ച് വിശകലനം ചെയ്യുന്ന വായനക്കാര്‍ ചോദിക്കുന്നു.

വളരെ കുറച്ചുപേര്‍ നിത്യവും വായിക്കുന്നവരും നല്ലൊരു ശതമാനം വല്ലപ്പോഴും കുറച്ചൊക്കെ വായിക്കുന്നവരുമായി കണ്ടെത്തി. പ്രിന്റഡ് മാധ്യമങ്ങളായാലും ഓണ്‍ലൈന്‍ മാധ്യമങ്ങളായാലും ആദ്യത്തെ ഒന്നു രണ്ട് പേജിലെ വിഭവങ്ങള്‍ക്കാണ് അവര്‍ വായനാ പ്രാധാന്യം കൊടുക്കുന്നത്. ഒത്തിരി ദ്വയാര്‍ത്ഥത്തിലും, വ്യംഗാര്‍ത്ഥത്തിലും സാധാരണയായി ഉപയോഗിക്കാത്ത കഠിന പദങ്ങളൊക്കെ ഉപയോഗിച്ചുള്ള രചനകള്‍ വായനക്കാര്‍ നിരാകരിക്കുന്നു. അവര്‍ക്ക് താല്‍പ്പര്യം നേരിട്ട്, നേരായ ഭാഷയില്‍ ലളിതമായി ഉടന്‍ മനസ്സിലാകുന്ന ഭാഷയില്‍ എഴുതുന്നതും വര്‍ണ്ണിക്കുന്നതും തന്നെയാണ്. അതിനാല്‍ ചിലരുടെ എഴുത്തുകള്‍ രചനകള്‍ അവര്‍ ആദ്യം മുതല്‍ അവസാനം വരെ വായിക്കുന്നു. എന്നാല്‍ എത്ര പ്രമുഖരായാലും ശരി വളച്ചുകെട്ടി നീണ്ട ഭാഷയില്‍ കഠിനഭാഷയില്‍ കഠിനപദങ്ങളും നിഗൂഡതകളും ചേര്‍ത്തെഴുതിയാല്‍ സാധാരണ വായനക്കാര്‍ വായന പൂര്‍ത്തിയാക്കാതെ അതു തള്ളിക്കളഞ്ഞെന്നിരിക്കും. എന്നാല്‍ ആരെങ്കിലും അതിനെ പറ്റി ചോദിച്ചാല്‍ താന്‍ അവരുടെ മുമ്പില്‍ ചെറുതാകേണ്ടതില്ലായെന്ന ഭാവത്തില്‍, വായിച്ചു, ഗംഭീരം, ഭയങ്കരം, മഹത്തരം എന്നൊക്കെ തട്ടിമൂളിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയേക്കാം. കാരണം വലിയ പേരെടുത്തവര്‍ എന്ത് ഗാര്‍ബേജ് എഴുതിയാലും അതു മഹത്തരം എന്നു പറഞ്ഞില്ലെങ്കില്‍ അതു പറയാത്ത വായനക്കാരെ പരമ മണ്ടനും വിഡ്ഢിയുമാക്കുന്നതാണല്ലൊ കണ്ടു വരുന്നത്.

അതുപോലെ ചിലര്‍ എന്തു മഹത്തരമായ രചനകള്‍ നടത്തിയാലും അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആളില്ല. ഇത്തരം സാധുക്കള്‍ എന്തെഴുതിയാലും അവെര നിരുല്‍സാഹപ്പെടുത്തി സംസാരിക്കാനും, മോശം പറയാനും, അവരുടെ കൃതിയെ പിച്ചിച്ചീന്തി കുപ്പത്തൊട്ടിയിലെറിയാനും ഇവിടെ ആളുണ്ട്. ഇവിടെ സാധാരണക്കാര്‍ പറയുന്നത് കേട്ടിട്ടില്ലെ? പൊക്കാന്‍ ആളുണ്ടെങ്കില്‍ ഏതു പട്ടിയും പൊങ്ങി ചന്ദ്രനില്‍ പോകും എന്ന്. സാഹിത്യത്തിന്റെയൊ എഴുത്തുകാരുടെയൊ ഇടയില്‍ മാത്രമല്ല
അതെവിടെ ആയാലും അതെത്രയൊ ശരി. നാട്ടില്‍ നിന്ന് വരുന്ന ഏതു ദിവ്യനെയും ഏത് കൊച്ചു പുസ്തക, അല്ലെങ്കില്‍ എഞ്ചുവടി എഴുതിയവനേയും എയര്‍ ഫെയറും ഹോട്ടല്‍ അക്കമഡേഷനും, പൂമാലയും, പൂച്ചെണ്ടും കൊടുത്ത് ഇവിടെ പൊക്കാനാളുണ്ട്. അവരുടെ വദനങ്ങളില്‍ നിന്നുതിര്‍ക്കുന്ന അബദ്ധജഡിലങ്ങളായ ഉല്‍പ്പന്നങ്ങള്‍ പോലും ഇവിടത്തെ ചിലര്‍ക്ക് വേദവാക്യങ്ങളാണ്. ഇതെല്ലാം ചില വായനക്കാരില്‍ നിന്ന് കേട്ടതാണ്.

No comments:

Post a Comment