Translate

Wednesday, October 15, 2014

പൊളിച്ചെഴുത്തിന്‌ കത്തോലിക്കാ സുന്നഹദോസ്‌: സ്വവര്‍ഗാനുരാഗവും വിവാഹമോചനവും അംഗീകരിക്കണമെന്നു മെത്രാന്‍മാര്‍

mangalam malayalam online newspaper
റോം: സ്വവര്‍ഗവിവാഹത്തെയും വിവാഹമോചനത്തെയും അവിവാഹിതരുടെ ഒന്നിച്ചുകഴിയലിനെയും തുറന്ന മനസോടെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്ന്‌ ആഗോള കത്തോലിക്കാ സഭയുടെ അസാധാരണ സുന്നഹദോസില്‍ അഭിപ്രായം. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാനുള്ള ദമ്പതികളുടെ തീരുമാനങ്ങളെ മാനിക്കണമെന്നും വാദങ്ങളുയര്‍ന്നു. സുന്നഹദോസിനെക്കുറിച്ചുള്ള പ്രഥമിക റിപ്പോര്‍ട്ടുകളാണു പുറത്തുവന്നിട്ടുള്ളത്‌.
സഭാ പാരമ്പര്യങ്ങളെ കുഴിച്ചുമൂടുന്ന നിലപാടുകളിലേക്കാണ്‌ സുന്നഹദോസില്‍ ചര്‍ച്ചകള്‍ വഴിമാറിയത്‌. തീരുമാനങ്ങള്‍ ആയിട്ടില്ലെങ്കിലും യാഥാസ്‌ഥിതിക സമീപനങ്ങളെ പാടേ കൈയൊഴിയുന്ന തരത്തിലേക്കാണ്‌ ചര്‍ച്ചകളുടെ പോക്ക്‌. രണ്ടാഴ്‌ച നീളുന്ന സിനഡ്‌ പാതിവഴി പിന്നിടുന്നതേയുള്ളൂ.
ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയുടെ അധ്യക്ഷതയിലാണ്‌ ഇരുന്നൂറ്‌ മെത്രാന്‍മാര്‍ പങ്കെടുക്കുന്ന സുന്നഹദോസ്‌ പുരോഗമിക്കുന്നത്‌. ശിഥിലമാകുന്ന കുടുംബങ്ങളുടെ രക്ഷയ്‌ക്കായി സുധീരമായ നിലപാടുകള്‍ കൈക്കൊള്ളണമെന്നായിരുന്നു മെത്രാന്‍മാരില്‍ ചിലരുടെ ആഹ്വാനം. ഇതിനു മുമ്പ്‌ 1980 ല്‍ നടന്ന കുടുംബകേന്ദ്രീകൃത സുന്നഹദോസില്‍ അമേരിക്കയിലെ ശൈഥില്യങ്ങള്‍ മാത്രമാണ്‌ ചര്‍ച്ചയായതെങ്കില്‍ ഇക്കുറി അതിന്റെ വ്യാപ്‌തി ആഗോളതലത്തിലേക്കായി. സ്വവര്‍ഗാനുരാഗ വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കെടുന്ന ആദ്യ സിനഡും ഇപ്പോഴത്തേതാണ്‌. സ്വവര്‍ഗാനുരാഗികള്‍ക്കും ചില ഗുണങ്ങളും വരങ്ങളുമുണ്ടെന്നും അവരുടെ ലൈംഗികദിശാബോധത്തെ തുറന്ന മനസോടെ ഉള്‍ക്കൊള്ളണമെന്നുമായിരുന്നു മെത്രാന്‍മാരില്‍ ചിലരുടെ വാദം.
കുടുംബ- വൈവാഹിക ബന്ധങ്ങളിലെ സഭയുടെ തത്വസംഹിതകളെ ഹനിക്കാതെതന്നെ ഇക്കൂട്ടര്‍ക്കും സഭയില്‍ ഒരിടം വേണമെന്നും അവര്‍ വാദിച്ചു.
അവിവാഹിതരുടെ ഒന്നിച്ചുകഴിയലിനെയും വിശാലതയോടെയാണ്‌ പലരും സമീപിച്ചത്‌. ഇത്തരം ലോകയാഥാര്‍ഥ്യങ്ങളെ എഴുതിത്തള്ളുന്നതിനു പകരം പള്ളി മുഖേന വിവാഹിതരാകാന്‍ ഇക്കൂട്ടരെ പ്രേരിപ്പിക്കുകയാണ്‌ വേണ്ടതെന്നായിരുന്നു ചിലരുടെ പക്ഷം. കുടുംബബന്ധങ്ങള്‍ വഷളായിരിക്കുന്ന ഘട്ടത്തില്‍ ദൈവീക കാഴ്‌ചപ്പാടുകള്‍ മാത്രം അടിച്ചേല്‍പ്പിച്ചു മുന്നോട്ടു പോകാനാകില്ലെന്നും വാദങ്ങളുയര്‍ന്നു.
സ്വവര്‍ഗവവിവാഹം, ഗര്‍ഭഛിദ്രം, വിവാഹമോചനം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനയുള്ള സുന്നഹദോസ്‌ ഈ മാസം അഞ്ചിനാണ്‌ ആരംഭിച്ചത്‌. ഇത്തരം വിഷയങ്ങളില്‍ തുറന്ന ചര്‍ച്ചകളില്‍നിന്ന്‌ മാറിനിന്നിരുന്ന സഭയില്‍ ഫ്രാന്‍സീസ്‌ മാര്‍പാപ്പ ഇടയത്വം ഏറ്റെടുത്തശേഷമാണ്‌ മാറ്റത്തിന്റെ കാറ്റ്‌ വീശിത്തുടങ്ങിയത്‌.
ഇടയശ്രേഷ്‌ഠരില്‍ ഒരാളുടെ സ്വവര്‍ഗബന്ധത്തെപ്പറ്റി ചോദിച്ചപ്പോള്‍ "താനാരാണ്‌ വിധി കല്‍പ്പിക്കാന്‍" എന്നായിരുന്നു കഴിഞ്ഞ വര്‍ഷം മാര്‍പാപ്പയുടെ മറുചോദ്യം. ഇതു മാറ്റങ്ങളുടെ തുടക്കമാണെന്നാണു ബി.ബി.സി. അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങളുടെ നിലപാട്‌.
- See more at: http://www.mangalam.com/print-edition/international/239397#sthash.y0sKQCZP.dpuf

1 comment:

  1. Next step an end to the strict celibacy and begin ordaining women priests. Both are possible under Pope Francis. But he needs our support.
    Jose

    ReplyDelete