Translate

Friday, September 12, 2014

ക്രിസ്ത്യന്‍ ബ്രദേര്‍സ്

തൃശ്ശൂര്‍ രൂപത അത്മായരെ മുഴുവന്‍ രാഷ്ട്രിയത്തില്‍ ഇറക്കാന്‍ തീരുമാനിച്ചു. ബാക്കി രൂപതക്കാര്‍ പിറകേ വരട്ടെ എന്നാണ് തൃശ്ശൂര്‍കാരുടെ അഭിപ്രായം. ‘കത്തോലിക്കാ സഭ’ ഇപ്പോള്‍ തൃശ്ശൂര്‍കാരാണല്ലോ നടത്തുന്നത്. നടത്തുകയാണോ ഓടിക്കുകയാണോ എന്ന കാര്യത്തിലെ തര്‍ക്കമുള്ളൂ. നല്ല കാര്യം എന്നേ ഞാന്‍ പറയൂ. ഓരോ കേസ് ഉണ്ടാകുമ്പോഴും ഈ രാഷ്ട്രിയക്കാരുടെ കാലു പിടിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാ അവരെക്കൊണ്ട് തങ്ങളുടെ കാലു പിടിപ്പിക്കുന്നതെന്ന് മെത്രാന്മാര്‍ ചിന്തിച്ചാല്‍ ആര്‍ക്കു കുറ്റം പറയാനാവും? ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ മുന്നില്‍ കാണും; അതിലും അതിശയം വേണ്ട. ഒരു പണിയുമില്ലാതെ കറങ്ങി നടക്കുന്ന അനേകം ക്രിസ്ത്യാനികള്‍ക്ക് പണി ആകുമല്ലോയെന്ന് ആരെങ്കിലും ചിന്തിച്ചോ ആവോ? പള്ളിയുടെ കാര്യത്തില്‍ ആര്‍ക്കും പണ്ടേ ഒരു പരിഗണനയുമില്ല. ദ്രോഹിച്ചേ അടങ്ങൂവെന്ന് ആര്‍ക്കൊക്കെയോ ആഗ്രഹമുള്ളതുകൊണ്ടായിരിക്കണമല്ലോ ഋഷിരാജ് സിംഗിനെ അഴിച്ചു വിട്ടിരിക്കുന്നത്. പള്ളിക്കറണ്ടുപയോഗിച്ച് പന്നിയെ വളര്‍ത്തിയെന്നോ, പള്ളിക്ക് ചുറ്റും ആവശ്യത്തിലേറെ ബള്‍ബുകള്‍ ഉണ്ടെന്നോ ഒക്കെ പറഞ്ഞ് സിംഗ് കേസുണ്ടാക്കിയാല്‍ അതിനും തൂങ്ങണ്ടേ? വികാരി ജനറാളിനെ പൊലീസ് പൊക്കിയപ്പോള്‍ ക്രെഡിറ്റ് അങ്ങേര്ക്കായിരുന്നല്ലോ.
ഇവിടെ എനിക്കൊരു അഭിപ്രായമുണ്ട്, പാര്‍ട്ടിക്ക് പേരിടുകയാണെങ്കില്‍ AKCC എന്നിടരുത്, പ്ലീസ്! AKCC എന്നുള്ളതിന് നമ്മള്‍ ഉദ്ദേശിക്കാത്ത ഫുള്‍ ഫോമുകള്‍ ഉണ്ടായേക്കാം എന്ന് മാത്രമല്ല, അതിന്‍റെ ജാതകം അത്ര നല്ലതുമല്ല. മിക്കപ്പോഴും രാഹുവിന്‍റെ ദൃഷ്ടി അതിലുണ്ട്; ജനന സമയം വെച്ച് കണക്കു കൂട്ടിയാല്‍ ഇപ്പൊ ചൊവ്വാ ദോഷവും ഉണ്ട്. അതേ സമയം ക്രിസ്ത്യന്‍ ബ്രദേര്‍സ് എന്നിട്ടാല്‍ അതിനൊരെടുപ്പുണ്ട്. പണ്ട് ആ പേരില്‍ ഒരു സന്യാസസഭയുണ്ടായിരുന്നു, അവര്‍ക്ക് ബ്രാണ്ടിനിര്‍മ്മാണം മാത്രമായിരുന്നില്ല, വിതരണവും ഉണ്ടായിരുന്നു. ഇത് ഒരു കുറവായി കരുതാതിരുന്നാല്‍ മതി. വിശുദ്ധ അർണോൽഡ്, വിശുദ്ധ കൊളംബിയന്‍ തുടങ്ങി വാറ്റുകയും കുടിക്കുകയും ചെയ്യുമായിരുന്ന അനേകര്‍ കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നിട്ടുണ്ട്. ഒന്നാന്തരം വീഞ്ഞ് ഉണ്ടാക്കാന്‍ അറിയാമായിരുന്ന നിരവധി സന്യാസസഭകളും സഭയില്‍ ഉണ്ടായിരുന്നല്ലോ. അവരില്‍നിന്ന് നേരിയ വ്യത്യാസമല്ലേ നമുക്കുമുള്ളൂ. വാറ്റും അറിയാം, അതിന് ലൈസന്‍സ് ഉണ്ടാക്കാനും അറിയാം. ചിന്ഹന്നമായിട്ട് ഒരു കന്യാസ്ത്രിയുടെ മുഖം അല്ലെങ്കില്‍ ഒരു കുല മുന്തിരി വേണമെന്ന് ആവശ്യപ്പെടാം. പക്ഷേ, വോട്ട് കിട്ടണമെങ്കില്‍ താമരക്കുരിശാ നല്ലത്. വിശ്വാസി സര്‍വ്വ അരിശവും അവിടെ കുത്തി തീര്‍ക്കും, സ്ഥാനാര്‍ഥി ജയിക്കുകയും ചെയ്യും.
സെമ്മിനാരികളില്‍ ഒരിടക്ക് തിയോളജിയും ഫിലോസോഫിയുമൊക്കെയല്ലേ ഉണ്ടായിരുന്നുള്ളൂ. സിവില്‍ എന്ജിനീയറിംഗ്, പിരിവോളജി, മാര്‍ത്തോമ്മോളജി, അഭയോളജി തുടങ്ങിയ വിഷയങ്ങളും ഇപ്പോള്‍ പഠിപ്പിക്കുന്നുണ്ടെന്നാവും മനുഷേരു കരുതുന്നത്. പ്രത്യേക പരിശീലനം ഇല്ലാതെ സര്‍വ്വ ജ്ഞാനവും ളോഹ ഇടുന്ന ആര്‍ക്കും ദൈവാനുഗ്രഹത്താല്‍ ലഭിക്കും എന്നാണ് എന്‍റെ നിഗമനം. അജ്ഞന്‍ അച്ചനായാല്‍ ഉണ്ടാകുന്ന വ്യത്യാസവും നമ്മള്‍ കാണുന്നുണ്ടല്ലോ. അച്ചനായിരുന്നപ്പോള്‍ ഉള്ള വിവരം അല്ലല്ലോ മെത്രാനാകുമ്പോള്‍  ഉണ്ടാകുന്നത്. സാക്ഷാല്‍ വെള്ളാപ്പള്ളിയുടെ അഭിപ്രായം സംസ്ഥാനത്തിന്റെ ഭരണം മെത്രാന്മാരെ ഏല്‍പ്പിക്കാം എന്നാണെന്നും കേട്ടു. കേരളാ ഗവ.നെ പ്പറ്റി ഇത്രയും മോശമായി അങ്ങേര് പറഞ്ഞത് ശരിയായില്ല. പക്ഷേ, രാഷ്ട്രിയം ദക്ഷിണ വെച്ച് പഠിക്കേണ്ടത് തന്നെയാണ്. ഒരു ഭീഷണിയാണേലും അതിന് ഒരു നാല്‍പ്പത് കിലോ വെയിറ്റ് കാണണം. പരിശീലനത്തിന്‍റെ കുറവ് അറിയാന്‍ ‘ഇടുക്കി ബിഷപ്പിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് യൂത്ത് ഫ്രണ്ട് പിന്മാറണം’ എന്ന കത്തോലിക്കാ കോണ്ഗ്രസ്സിന്റെതായി പത്രങ്ങളില്‍ വന്ന വാര്‍ത്ത മാത്രം വായിച്ചാല്‍ മതി. ഇടുക്കി ബിഷപ്പ് ഇനിയും പലതും കാണിച്ചെന്നിരിക്കും എന്നൊരര്‍ത്ഥം ഇതിന് വായനക്കാര്‍ കല്പ്പിച്ചെന്നിരിക്കും, മാത്രമല്ല അദ്ദേഹം നല്ലതാണ് ചെയ്തത് എന്നൊരു സൂചനയും അതിലില്ല. “ആത്മീയ രംഗത്തും ബൗദ്ധികരംഗത്തും യാതൊരു സംഭാവനയും നല്‍കാത്ത ഇടുക്കി ബിഷപ്പിനെ പോലുള്ളവരുടെ ജല്‍പ്പനങ്ങള്‍ കേരളീയ സമൂഹം അംഗീകരിക്കില്ല. ഇടുക്കിയിലെ വൃദ്ധ പിതാവിന് പകരം യുവബിഷപ്പിനെ നിയമിക്കാന്‍ സീറോ മലബാര്‍ സഭ തയ്യാറാകണമെന്നും യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറി ജയകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.” ഇത് പത്രത്തില്‍ വന്ന വാര്‍ത്ത. ഈ ജയകൃഷ്ണന് എന്തറിയാം? ചെറുപ്പക്കാരെ ബിഷപ്പാക്കിയാലും സംഗതി ഇതൊക്കെ തന്നെ. റെജിമാവോസ് മെത്രാന്‍ പറഞ്ഞത് ഇവിടെ ജാലിയന്‍വാലാബാഗ് ഉണ്ടാക്കും എന്നല്ലേ? ഈ പ്രസ്താവനയില്‍ ഇടുക്കി ബിഷപ്പ് എന്ന് പേരെടുത്ത് പറഞ്ഞില്ലായിരുന്നെങ്കില്‍ വായിക്കുന്നവന്‍ ആകെ കണ്ഫുഷനിലായേനെ, ഏതു ബിഷപ്പിനെയാ ഉദ്ദേശിച്ചതെന്നു അറിയാതെ. മാണിയുടെയും ജോസഫിന്‍റെയും സേവനങ്ങളുടെ വില കുറച്ചു കാണുന്നില്ലെന്നും AKCC യുടെ പ്രസ്താവനയില്‍ ഉണ്ട്. അവര്‍ക്കും കൂടെ ഷെവലിയര്‍ പദവി കൊടുക്കണം എന്ന അഭിപ്രായം എനിക്കില്ല; എങ്കിലും പാലായില്‍ നടന്ന ആ സിനഡിന് മാണി സാര്‍ നല്‍കിയ പിന്തുണ മറക്കരുത് എന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. അഭയ മരിച്ചപ്പോഴും അനുശോചിക്കാന്‍ അദ്ദേഹമുണ്ടായിരുന്നല്ലോ. അതുപോലെ എത്ര എത്ര സംഭവങ്ങള്‍! അവരെ വേദനിപ്പിക്കുന്നത് കൊടും ക്രൂരതയായിരിക്കും. ലോനപ്പന്‍ നമ്പാടന്‍ എഴുതിയത് പോലെ ഒരു ആത്മകഥ ജൊസഫ് എഴുതിയാല്‍ എത്ര സാമ്രാജ്യങ്ങളാണ് തകരുകയെന്നു പ്രവചിക്കാന്‍ കൂടി കഴിയില്ല.
രാവിലെ പറയുന്നതല്ലല്ലോ ഇവന്മാര്‍ വൈകിട്ട് പറയുന്നതെന്ന് ഉമ്മന്‍ ചാണ്ടിയെ പേരെടുത്ത് പറഞ്ഞു CSI ബിഷപ്പ് വെല്ലു വിളിച്ചെങ്കിലും ഉദ്ദേശിച്ചത് അങ്ങേരെ മാത്രമായിരിക്കണമെന്നില്ലല്ലോ. ക്വാറി മണല്‍ മാഫിയകള്‍ ചെലുത്തിയ സ്വാധീനം മൂലമാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതെന്നും CSI ബിഷപ്പ് കൌണ്‍സില്‍ കുറ്റപ്പെടുത്തി. കണ്ടോ, ഞാന്‍ പറഞ്ഞില്ലേ ഏറു കത്തോലിക്കാ സഭക്കിട്ടും കൂടിയാണെന്ന്.  പത്രത്തില്‍ വന്നത് മുഴുവന്‍ വായിച്ചാല്‍ പ്ലസ്‌ റ്റു അവരുടെ സ്കൂളുകള്‍ക്കും കൊടുക്കാമെന്ന് ആരോ പറഞ്ഞിരുന്നുവെന്നും അവര്‍ക്ക് പക്ഷെ കിട്ടിയില്ലെന്നും വായനക്കാരന് തോന്നും. 16കാശ് ഒരു ചക്രം, നാലു ചക്രം ഒരു പണം, ഏഴ് പണം ഒരു സര്‍ക്കാര്‍ രൂപാ എന്നൊക്കെ കണക്കും കൂട്ടി മെത്രാന്മാര്‍ എല്ലാവരും ഒരുപോലെ ദാരിദ്ര്യത്തില്‍ കഴിച്ചു കൂട്ടിയ ഒരു സുവര്‍ണ്ണ കാലം CSI മെത്രാന്‍ ഓര്‍ത്ത്‌ കാണണം. കാലം പോയപ്പോള്‍ ‘ഒറ്റ വീശ് സമം ആവശ്യം പോലെ രൂപാ’ എന്ന സൂത്ര വാക്യം കണ്ടു പിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ന് കത്തോലിക്കാ സഭയെക്കാള്‍ കൂടുതല്‍ പണം തങ്ങള്‍ക്കും കണ്ടേനെ എന്ന് സ്വപ്നം കണ്ടിരുന്നത്‌ കൊണ്ട് ഒരു ഫലവുമില്ലായെന്നു CSI ക്കാര്‍ അറിയുക; ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കുക.  
പ്രകൃതി ദുരന്തത്തിന്‍റെ ഫലമെന്നത് അനുഭവിച്ചവര്‍ക്കെ അറിയൂ. ആലപ്പുഴയില്‍ വെള്ളം പൊങ്ങുന്നതുപോലെയല്ലത്. ആലപ്പുഴയില്‍ അടുക്കളയില്‍ വെള്ളം കയറിയാലും ആളുകള്‍  കുലുങ്ങുകയില്ല, അവര്‍ വലയുമെടുത്തു മെയിന്‍ റോഡില്‍ കാണും. പക്ഷെ, കാശ്മീരിലെ കാര്യം അങ്ങനെയല്ല, ദയനീയമാണ് അവരുടെ കാര്യം. ആലഞ്ചേരി പിതാവ്, അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം എന്ന് വിശ്വാസികളോട് പറയുന്നത് കേട്ടപ്പോള്‍ സന്തോഷം തോന്നി. ചെയ്യേണ്ടത് ചെയ്തിട്ടല്ലേ പ്രാര്‍ഥിക്കേണ്ടത് എന്ന് ഞാന്‍ ചോദിച്ചാല്‍ അത് കളിയാക്കല്‍ ആവുമോ എന്ന് ലേശം ഭയമുണ്ട്. എന്‍റെ അടുത്ത ഒരു സുഹൃത്ത് വലിയ പ്രാര്‍ത്ഥനക്കാരിയായ ഒരു ഗൈനക്കോളജി ഡോക്ടറുടെ അടുത്തു ഭാര്യയെ പ്രസവിപ്പിക്കാന്‍ കൊണ്ടുപോയ ഒരു കഥ കേട്ടിട്ടുണ്ട്. ഓപ്പറേഷന്‍ ചെയ്യാതെ പ്രസവം നടക്കാന്‍ ഈ കന്യാസ്ത്രി ഡോക്ടര്‍ പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്നു. അവസാനം ഓപ്പറേഷന്‍ ചെയ്യേണ്ടിയും വന്നു, കുഞ്ഞിന് അന്ന് പറ്റിയ ക്ഷതം ഇന്നും മാറിയിട്ടുമില്ല. പ്രിയ പിതാവേ, കാശ്മീരുകാര്‍ക്ക് പ്രാര്‍ത്ഥനയല്ല വേണ്ടത്, ആഹാരവും മരുന്നുമാണ്. സഭക്ക് കൊടുക്കാന്‍ ഉള്ളത് ഈ പ്രാര്‍ത്ഥന മാത്രമല്ലേ ഉള്ളൂ. പക്ഷെ, ഒരു പ്രാര്‍ഥനക്കും സഭക്ക് ഗാരന്റിയൊന്നും ഇല്ലായെന്ന് എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലത്. കഴിഞ്ഞ ദിവസം ‘ജുബൈ ഒന്നി’ല്‍ (സൌദി  അറേബ്യ) നിന്നും വിളിച്ച ഒരു സുഹൃത്ത് ഒരു സിറോ മലബാര്‍ കഥ പറഞ്ഞു. സൌദിയില്‍ ആരും അറിയാതെ മലയാളി ക്രിസ്ത്യാനികള്‍ എല്ലാവരും കൂടി ഒത്തു ചേര്‍ന്ന് പ്രാര്‍ഥിക്കുമായിരുന്നു. ഒരു  ഞരമ്പ് രോഗിക്ക് ഓര്‍ഗനും കൂടി വായിച്ചു പാട്ടും പാടിയാലേ പ്രാര്‍ത്ഥന ആകൂ (സിറോ മലബാര്‍ ആയിരിക്കാം). സംഗതി ഗംഭീരമായി അവസാനിച്ചു, പൊലീസ് പിടിയിലുമായി. അവര്‍ക്ക് വേണ്ടി നമ്മള്‍ എന്ത് ചെയ്യണം പിതാവേ? പ്രാര്‍ഥിച്ചു കൊണ്ടിരിക്കണോ അതോ പ്രവര്‍ത്തിക്കണോ? നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് അന്യമത പ്രാര്‍ഥനകള്‍ സൌദിയില്‍ നടത്തുന്നവര്‍ക്ക് മരണശിക്ഷ വരെ കിട്ടാമെന്ന് മെത്രാന്മാര്‍ക്ക് അറിവില്ലാത്തതുമല്ലല്ലോ. പണ്ടൊരു മലയാളി വാടക വീട് വൃത്തിയാക്കുന്നതിനിടെ റൂമിന്‍റെ ചുവരിലുള്ള അറബി ലിഖിതം എടുത്തു മാറ്റി വെച്ചു. നാലു മാസം ജയിലില്‍ കിടന്നു, നാടും കടത്തി; ആരൊക്കെയോ ഇടപെട്ടതുകൊണ്ട്‌ ജീവന്‍ കിട്ടി.
പണ്ടൊക്കെ ക്രിസ്ത്യന്‍ വിശേഷ ദിവസങ്ങള്‍ വരുമ്പോള്‍ പിരിവ് പേടിച്ചാല്‍ മതിയായിരുന്നു. ഇപ്പോള്‍ ഓണം വിഷു മുതല്‍ ദിവസങ്ങളിലും പിരിവു തുടങ്ങി, കൊന്നപ്പൂ മേടിക്കാന്‍, പായസം ഉണ്ടാക്കാന്‍ അങ്ങിനെ... വെള്ളാപ്പള്ളി പണ്ട് സിനഡിനെ അഭിസംബോധന ചെതപ്പോള്‍ ഞാന്‍ ഓര്‍ത്തതാ, ഇനി ചതയത്തിനും  പാട്ടു കുര്‍ബാന കാണുമായിരിക്കും എന്ന്. ദുരിതത്തിലാകുന്ന അംഗങ്ങളെ സംരക്ഷിക്കാന്‍ യാതൊരു പാക്കെജുമില്ലാത്ത ഒരു സംഘടന പോലെയാണ് കത്തോലിക്കാ സഭ. അവര്‍ പ്രാര്‍ഥിക്കും, അത് ഇറാക്കിലുള്ള നേഴ്സ്മാര്‍ക്കും  ഇറ്റലിയിലുള്ള സൈനികര്‍ക്കും ഇറാക്കിലുള്ള ക്രിസ്ത്യാനികള്‍ക്കും സൌദിയില്‍ ജയിലില്‍ പെട്ട കത്തോലിക്കര്‍ക്കും ഒക്കെ പ്രയോജനപ്പെടുന്നുമുണ്ട്. കേരളാ പ്രാര്‍ഥനകള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് വടക്കേ ഇന്ത്യയിലുള്ള മിഷനറിമാര്‍ക്കാണ്. ഇവിടെ മോഡി നല്ലവനാണ് എന്ന് ശാലോം പ്രഖ്യാപിച്ചതിനുശേഷം ഒരു പള്ളി രായിക്ക് രായെ അമ്പലമായ സദ്‌ വാര്‍ത്തയല്ലേ പത്രങ്ങളില്‍ വന്നുള്ളൂ. പ്രാര്‍ത്ഥനക്ക് ഉടന്‍ ഫലം കിട്ടേണ്ടിടങ്ങളില്‍  ചോരത്തിളപ്പുള്ള അണികളെ വിട്ടും പ്രാര്‍ഥിപ്പിക്കും എന്നാണ് കൊല്ലത്തുനിന്ന് കേട്ടത്. പൊലീസ് കൃത്യ സമയത്തു വന്നതുകൊണ്ട് പള്ളി അങ്കണത്തിലെ പ്രാര്‍ത്ഥന സങ്കിര്ത്തനം വരെയേ എത്തിയുള്ളൂ, ഗദ്സമെന്‍വരെ എത്തിയില്ല. അത്കൊണ്ട് വലിയ വിലാപം ഒന്നും കേട്ടില്ല.


1 comment:

  1. ക്രിസ്ത്യൻ ബ്രദർഹുഡ്‌ എന്നാക്കിയാലോ റോഷാ. മുസ്ളിം ബ്രദർഹുഡിന് ബദലാകട്ടെ. പിന്നെ അച്ചൻ പൊട്ടന്റെ ഗുണം ചെയ്യുമെന്നതിനാൽ സാരഥികളായി അവരെ നിയമിക്കരുത് - അവർക്കായി ക്രിസ്ത്യൻ ഫാദർഹുഡു് എന്നൊരെണ്ണം വേണ്ടിവരും.

    പിന്നെ രണ്ടു ഹുഡുകളും പ്രാർഥനക്ക് സങ്കീർത്തനങ്ങൾ പാടുന്നുണ്ടെങ്കിൽ, പണ്ട് കൂടൽജി ഒർമിപ്പിചതുപോലെ, ദാവീദുദ്ദേശിച്ച അർഥമറിഞ്ഞു വേണം. ശരിക്കുള്ള അർഥം അറിയുന്നവർ ഉണ്ടെന്നുള്ളതിനു ഒരു കഥയും ഈയിടെ ഒരാൾ FBൽ പറഞ്ഞത് (സങ്കീർത്തനം 129 ന്റെ) വായിച്ചുകാണുമല്ലോ?

    Tel. 9961544169 / 04822271922

    ReplyDelete