Translate

Wednesday, August 27, 2014

വെള്ളാപ്പള്ളിയും വീഞ്ഞും കുഞ്ഞാടുകളും.

ഇന്നു രാവിലെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ്‌ കണ്ടു. പോസ്റ്റ്‌ ചെയ്തയാളുടെ പേരിവിടെ പറയുന്നില്ല.

“ഞാന്‍ ഒരു വര്‍ഗീയവാദിയല്ല” എന്നുള്ള ആമുഖത്തോടെയാണ് പോസ്റ്റ്‌ ആരംഭിക്കുന്നത്. പിന്നെ ആരാണയാള്‍? അതിനുത്തരവും പോസ്റ്റില്‍ ഉണ്ട്. മുന്‍ അള്‍ത്താര ബാലന്‍... (ഇല്ല, ഞാനൊന്നും പറഞ്ഞില്ല..), കുറെനാള്‍ സെമിനാരിയിലും ഉണ്ടായിരുന്നു.

ഞങ്ങളുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരു അരയച്ചന്‍.... ഇപ്പോള്‍ കുടുംബസമേതം ബ്രിട്ടനില്‍...

പോസ്റ്റിന്റെ രത്നച്ചുരുക്കം ഇതാണ്.

കുറെ നാളുകളായി പള്ളികളില്‍ മദ്യം വിളമ്പുന്നു എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ശുദ്ധ അസംബന്ധമാണിത്.

അള്‍ത്താരബാലന്‍ പലതവണ വീഞ്ഞ് അടിച്ചുമാറ്റി കുടിച്ചിട്ടുണ്ട്. കിക്കായിട്ടില്ല.

അദ്ദേഹം പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം (അദ്ദേഹത്തിന്റെ ഭാഷയില്‍ തന്നെ):
ഒലിവോലയ്ക്ക് പകരം കുരുത്തോല ഉപയോഗിക്കുന്നത് പോലെയും മീറയ്ക്ക് പകരം പാവക്കാനീര് ഉപയോഗിക്കുന്നത് പോലെയും കുർബാന വീഞ്ഞിനുപകരം പാലോ, തേനോ കരിക്കുംവെള്ളമോ ഉപയോഗിക്കാം എന്ന് എല്ലാ അണ്ടനും അടവോടനും വന്ന് അഭിപ്രായം പറയാൻ ഇത് ഗ്രാമസഭയല്ല. ഇവടെ തീരുമാനങ്ങൾ എടുക്കാനും അത് നടപ്പാക്കാനും അറിവും വിവേകവും കഴിവും ലോകപരിചയവുമുള്ള വൈദീകരും പിതാക്കന്മാരുമുണ്ട്. അത് അവരുടെ ജോലിയാണ് നമ്മുടെയല്ല. അതുകൊണ്ട് അവർ എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കുക. അതാണ്‌ നമ്മുടെ പാരമ്പര്യം. പറ്റാത്തവൻ ഇറങ്ങിപോവുക അല്ലെങ്കിൽ മിണ്ടാതിരിക്കുക.”

“അറിവും വിവേകവും കഴിവും ലോകപരിചയവുമുള്ള” വൈദികരുടെ പല ചെയ്തികളും പുറത്തായപ്പോള്‍ (കൊക്കന്‍, മാത്തുക്കുട്ടിയച്ചന്‍, ഡൊമിനിക്കന്‍ തീരത്തുകൂടി നടന്ന് ബാലന്മാരെ പീഡിപ്പിച്ച വത്തിക്കാന്‍ അംബാസഡര്‍, തുടങ്ങിയവ ചില സമീപകാല ഉദാഹരണങ്ങള്‍ മാത്രം) ഇദ്ദേഹത്തിന്റെ ഇതുപോലുള്ള പൊട്ടിത്തെറി കണ്ടില്ല. കൊച്ചുകുട്ടികളെ കണ്ടാല്‍ കാമം അടക്കാന്‍ വയ്യാത്തവന്‍ ളോഹ ഊരി പുറത്തുപോകണം എന്നു പറഞ്ഞുകേട്ടില്ല.

സമ്പൂര്‍ണ്ണ മദ്യനിരോധനമുള്ള കുവൈറ്റില്‍ മുന്തിരിനീരാണ് ദിവ്യബലിയ്ക്ക് ഉപയോഗിക്കുന്നതെന്ന് ഈയിടെ ഫേസ്ബുക്കില്‍ കണ്ടു. എന്തേ, ആ ബലി ദിവ്യമല്ലേ?

പിതാക്കന്മാരുടെ ആഹ്വാനം (ആത്മാര്‍ത്ഥതയോടെയല്ല എന്ന് വിവരമുള്ളവര്‍ക്കെല്ലാം അറിയാം) കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ഈ മണ്ടന്‍ തീരുമാനം എടുത്തിരിക്കുന്നത്. ആ നിലയ്ക്ക്, കേരളസര്‍ക്കാരിന്റെ പുതിയ നയത്തോട് ഞങ്ങളുടെ ഐക്യദാര്‍ഢ്യസൂചകമായി ഞങ്ങള്‍ ഇനിമേല്‍ കുര്‍ബാനയ്ക്ക് മദ്യമില്ലാത്ത പാനീയമായിരിക്കും ഉപയോഗിക്കുന്നതെന്ന് കെ.സി.ബി.സി. പറഞ്ഞിരുന്നുവെങ്കില്‍ അത് കേരളത്തിലെ കത്തോലിക്കര്‍ക്ക് എന്തൊരു അഭിമാനമായിരുന്നേനെ. പകരം അവര്‍ ചെയ്തതെന്താണ്, അബ്കാരിയായ വെള്ളാപ്പള്ളിയുടെ അതേ നിലവാരത്തിലേയ്ക്ക് താഴ്ന്നുചെന്ന് അയാളോട് വാചകകസര്‍ത്ത് നടത്തുന്നു.

ദിവ്യബലിയില്‍ വൈന്‍ ഉപയോഗിക്കാനായി മാത്രം ഇരുപത്തിമൂന്ന് അബ്കാരി ലൈസന്‍സ് സഭയ്ക്ക് ഉണ്ടെന്നാണ് അറിവ്. ആ ലൈസെന്സിനു പല നിയമോപാധികളും ഉണ്ടത്രേ... ഉണ്ടായിരിക്കാം. പക്ഷെ അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കേരളത്തിലെ ഏതെങ്കിലും നിയമപാലകര്‍ക്ക് തന്റേടം ഉണ്ടോ? അങ്ങിനെ ഒരു പരിശോധനയെങ്കിലും നാളിതുവരെ നടന്നിട്ടുണ്ടോ? നടന്നാല്‍ എന്തായിരിക്കും അതിന്റെ ഭവിഷ്യത്തുകള്‍..

പിന്നെ അംഗീകരിക്കാന്‍ വയ്യാത്തവര്‍ സഭ വിട്ടുപോകണം എന്ന് കല്പിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. ഈ കത്തോലിക്കാസഭ ആരുടേയും പിതൃസ്വത്തല്ല... (നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരുത്തന്റെയും തന്തയുടെ വകയല്ല.)

From Facebook by Alex Kaniamparambil

1 comment:

  1. "അറിവും വിവേകവും ആത്മഞാനവും സഭയും കര്‍ത്താവും ഒന്നും ഒരുത്തന്റെയും തന്തയുടെ വകയല്ല"...എന്നായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേം..അങ്ങിനെ ജനത്തിനു അവബോധം വന്നാല്‍ പള്ളിമേടയും അരമനത്തോട്ടങ്ങളും മറ്റു കൈവശം വച്ചു സുഖിച്ചു വാഴുന്ന ഈ കോടാനുകോടികളുടെ ഭൂസ്വത്തും വിലകൂടിയ കാറുകളുടെ showroom ഒക്ക് ഒരുത്തന്റെയും തന്തയുടെ വകയല്ല.എന്നും വരും അടുത്ത തലമുറയില്‍ ! ഏതായാലും ആ അരയച്ച്ചന്റെ തിരുവചനം ഇനിയും ഇവിടാര്‍ക്കും കേള്‍ക്കണ്ടാ ..ഭോഷന്‍!

    ReplyDelete