Translate

Saturday, August 16, 2014

സഭാ നവീകരണത്തിന്‍റെ വ്യത്യസ്ത തലങ്ങള്‍

സഭാനവീകരണത്തിന്റെ വ്യത്യസ്ത തലങ്ങള്‍
''പൗരോഹിത്യം മതവിരുദ്ധം എന്നെഴുതിയ താങ്കള്‍ എന്തുകൊണ്ട്, ഒരു പുരോഹിതനെ ഇടവക വികാരിയായി പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് കുരീപ്പുഴ ഇടവകക്കാര്‍ നടത്തുന്ന സമരത്തെ അനുകൂലിക്കുന്നു'' എന്ന് ഈയിടെ ഒരാള്‍ ചോദിക്കുകയുണ്ടായി. പുരോഹിതമതമായ കത്തോലിക്കാസഭയില്‍നിന്നു പുറത്തുപോയി പൗരോഹിത്യമില്ലാത്ത ഒരു മനുഷ്യമതത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചെയ്യേണ്ടത് എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം.
യുക്തിഭദ്രമെന്നു തോന്നുന്ന ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍, അതു ചോദിച്ചിട്ട് തോല്പിച്ച മട്ടില്‍ പരിഹാസഭാവത്തോടെ വിട്ടുപോകുകയാണു പതിവ്; മറുപടി കേള്‍ക്കാന്‍ രണ്ടു മിനിട്ടുപോലും നിന്നുതരില്ല. ഇത്തരം ചോദ്യങ്ങള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ എളുപ്പവുമല്ല.
കുരീപ്പുഴ ഇടവകക്കാരോ പുരോഹിതമതങ്ങളോ ഒന്നുമല്ല പ്രശ്‌നം. മറിച്ച്, പൗരോഹിത്യത്തെ വിമര്‍ശിക്കുന്നവര്‍ സഭയില്‍നിന്നു പുറത്തുപോകണം, അത്രതന്നെ! യാഥാസ്ഥിതികപൗരോഹിത്യം മനുഷ്യമനസ്സുകളില്‍ നട്ടുവളര്‍ത്തിയിരിക്കുന്ന 'മഹറോന്‍ വാദ'മാണിത് എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. സ്വന്തം വീടിന്റെ അടിത്തറയിളകിയതു ചൂണ്ടിക്കാണിക്കുന്ന കുടുംബാംഗത്തോട്, 'എന്നാല്‍ പുറത്തുപോയി വേറെ വീടു പണുതോ' എന്നു പറയുന്നതിനു തുല്യമാണിത്. സ്വന്തം വീടുണ്ടായിരിക്കേ, അതു പുതുക്കിയോ പൊളിച്ചോ പണിയേണ്ടതിനു പകരം പുറത്തുപോയി വേറെ വീടുണ്ടാക്കേണ്ട ആവശ്യമില്ല. മാത്രമല്ല, അപകടകരമായ നിലയില്‍ വീട്ടിലുള്ളവരെ മുഴുവന്‍ ഉപേക്ഷിച്ചുപോകുന്നത് ഉത്തരവാദിത്വരാഹിത്യവുമാണ്. അതിനുപദേശിക്കുന്നവര്‍, അവശേഷിക്കുന്ന കല്ലും തടിയും ഉരുപ്പടികളും സ്വന്തമാക്കാനാഗ്രഹിക്കുന്നവരാണ് എന്നു കരുതിയാല്‍ മതി.
സ്വന്തം വീട് അപകടനിലയിലാണെന്നു കാണുന്നവരിലും അഭിപ്രായഭിന്നതകളുണ്ടാകാം. ചിലര്‍ അതിന്റെ ഏതാനും ഓടുകള്‍ ഇളകിയിരിക്കുന്നതേ കാണുന്നുള്ളൂ. ദ്രവിച്ചുപോയ പട്ടികകളും കഴുക്കോലുകളുമാണതിനു കാരണമെന്നു മറ്റു ചിലര്‍ക്കു കാണാന്‍ കഴിയുന്നുണ്ട്. മേല്‍ക്കൂടാകെ ഇളകിയാടുന്നതാണ് ഒരു കൂട്ടര്‍ കാണുന്നതെങ്കില്‍, അതുറപ്പിച്ചിരിക്കുന്ന ഉത്തരങ്ങള്‍ക്കു സ്ഥാനചലനം സംഭവിച്ചതാണതിന്റെ കാരണമെന്നു വേറെ ചിലര്‍ കാണുന്നു. അടിത്തറതന്നെ പോയിക്കിടക്കുന്നതാ
ണിതിനെല്ലാം കാരണമെന്നു കണ്ടെത്തി പറയുന്ന ചുരുക്കംപേരും ആ വീട്ടിലുണ്ടാകാം.
വീടിന്റെ അവസ്ഥയെ, അല്പം മാറിനിന്ന് അതിന്റെ സമഗ്രതയില്‍ കാണുന്ന ആ അവസാനം പറഞ്ഞ ചുരുക്കംപേരിലും രണ്ടു വിഭാഗക്കാരുണ്ടാകും. വീടുമൊത്തം പൊളിച്ച് പുത്തന്‍ അടിത്തറയിട്ട് പുതിയ വീട് ഉടന്‍ പണിയണമെന്നു കരുതുന്നവരാണൊരു കൂട്ടര്‍. മതനവീകരണവുമായി ബന്ധപ്പെടുത്തി ചിന്തിച്ചാല്‍, എണ്ണത്തില്‍ വളരെ കുറവായ ഇവര്‍ പ്രവാചകഗണത്തില്‍പ്പെടുന്നു. അടിസ്ഥാനം ശരിയാക്കുന്നതിലാണവരുടെ മുഴുവന്‍ ശ്രദ്ധയും. ഉല്‍ക്കടമായ ധാര്‍മ്മികശക്തിയോടെയും ആരെയും കൂസാതെയുള്ള അവരുടെ വാക്കുകളും നീക്കങ്ങളും മനുഷ്യരുടെ ഉറക്കംകെടുത്തുകയും അവരില്‍ മൂടിക്കിടന്ന ആത്മീയാവബോധത്തിന്റെ കനലുകള്‍ ആളിക്കത്താനാരംഭിക്കുകയും ചെയ്യുന്നു. സമൂഹത്തിലത് ഒരു ആദ്ധ്യാത്മികനവോത്ഥാനത്തിനു നാന്ദിയായി ഭവിക്കുകയും, ആ പുതിയ അടിത്തറയില്‍ സമൂഹം സമൂലം പുതുക്കി പണിയപ്പെടുകയും ചെയ്യുന്നു.
തീര്‍ച്ചയായും 'കേരള കത്തോലിക്കാസഭാ നവീകരണപ്രസ്ഥാന'(ഗഇഞങ)ത്തിന്റെയും സമാനപ്രസ്ഥാനങ്ങളുടെയും 'സത്യജ്വാല'യുടെയുമൊന്നും പിന്നിലുള്ളവരാരും ഈ ഗണത്തില്‍പ്പെടുന്നവരല്ല. അവര്‍ സാധാരണക്കാരാണ്, ശക്തിദുര്‍ഗ്ഗങ്ങളല്ല. പ്രവാചകശക്തിയുള്ളവരുടെ ആഗമത്തിനായി, അവരുടെ ചെരുപ്പുകള്‍ക്കു വാറുകള്‍ കെട്ടുവാനായി, കാത്തിരിക്കുന്നവരും അവര്‍ക്കു വഴിയൊരുക്കാന്‍ ശ്രമിക്കുന്നവരും മാത്രമാണവര്‍. എങ്കിലും, പാറപോലെ ബലവത്തായ യേശുദര്‍ശനമെന്ന അടി
ത്തറയില്‍ വിള്ളലുകളും പൊട്ടലുകളുമുണ്ടാക്കി യാഥാസ്ഥിതിക പൗരോഹിത്യം സഭയെ അക്രൈ
സ്തവമാക്കിയിരിക്കുന്നു എന്നു കാണാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. മൂലക്കല്ലിനുതന്നെ സ്ഥാനചലനം വന്നിരിക്കുന്ന ഇന്നത്തെ സഭയുടെ പുരോഹിതാടി
ത്തറ പൊളിച്ച് യേശുദര്‍ശനമെന്ന അടിത്തറയില്‍ സഭയെ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ടെന്നു മനസ്സിലാ
ക്കുകയും ചെയ്യുന്നു, അവര്‍. എന്നാല്‍, സ്വന്തം നിലയില്‍ അതിനുള്ള ശക്തി ഇല്ലെന്നറിയുന്ന അവര്‍, സഭാഗൃഹത്തിന്റെ പട്ടികയും കഴുക്കോലും ഓടുമൊക്കെ അടിയന്തിരമായി മാറ്റിയിടുന്നതില്‍ വ്യാപൃതരായിക്കുന്നവര്‍ക്കൊപ്പം ചേര്‍ന്നുകൊണ്ടും അവരെ സഹായിച്ചുകൊണ്ടും യഥാര്‍ത്ഥ പ്രശ്‌നം അടിത്തറയുടേതാണെന്നു അവരെക്കൂടി ബോദ്ധ്യ
പ്പെടുത്തി അവരുടെകൂടി സഹകരണത്തോടെ അടിത്തറ പൊളിച്ചു പണിയുന്നതാണു പ്രായോ
ഗികം എന്നു കരുതുന്നവരാണ്.

അവരുടെ നോട്ടത്തില്‍ വീടുപണിയുടെ കാര്യത്തിലെന്നപോലെ, സഭാനവീകരണത്തിന്റെ കാര്യത്തിലും ജനങ്ങള്‍ പല തട്ടുകളിലാണുള്ളത്. ചിലരെ സംബന്ധിച്ച്, ആരാധനാക്രമം ഭാരതീയമാക്കിയാല്‍ മതി, സഭാനവീകരണമായി. മറ്റു ചിലരെ സംബന്ധിച്ച്, തിരുസ്വരൂപവണക്കമെന്ന വിഗ്രഹാരാധന സഭയില്‍നിന്ന് ഇല്ലായ്മ ചെയ്യലാണ് സഭാനവീകരണം. വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിവാഹം വിലക്കി മനുഷ്യാവകാശലംഘനം നടത്തുന്ന ക്രൂരമായ സമ്പ്രദായം തിരുത്തിക്കുകയെന്നതായിരിക്കണം സഭാനവീകരണത്തിന്റെ ഊന്നല്‍ എന്നു കരുതുന്നവരുണ്ട്. കൂദാശകള്‍ മുടക്കുന്ന പുരോഹിതധാര്‍ഷ്ട്യത്തിനെതിരെയുള്ള പോരാട്ടമാണ് ചിലര്‍ക്കു സഭാനവീകരണമെങ്കില്‍, മറ്റൊരു കൂട്ടര്‍ക്ക് പുരോഹിതസൃഷ്ടമായ കൂദാശകളില്‍നിന്നുതന്നെ ജനങ്ങളെ മോചിപ്പിക്കുകയെന്നതാണു സഭാനവീകരണം. ഇന്ന് ഒട്ടനേകര്‍ക്ക് 'ചര്‍ച്ച് ആക്ട്' നടപ്പിലാക്കിയാല്‍ സഭാനവീകരണമായി. വേറെ ചിലരാകട്ടെ പൗരോഹിത്യത്തെത്തന്നെ ഇല്ലായ്മ ചെയ്യുകയെന്നതായിരിക്കണം സഭാനവീകരണത്തിന്റെ കാതലായ പ്രവര്‍ത്തനം എന്നു കരുതുന്നു... ഇങ്ങനെ നോക്കിയാല്‍, സഭാനവീകരണം സംബ്ധിച്ച കാഴ്ചപ്പാടുകള്‍ ഏറെ വൈവിദ്ധ്യമാര്‍ന്നതാണെന്നു കാണാം.
ഇതെല്ലാം സഭാത്മകമല്ലാത്ത സഭാന്തരീക്ഷത്തിന്റെ സൃഷ്ടികളാണെന്ന യാഥാര്‍ത്ഥ്യബോധ
മാണ്, ഇന്നു കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സഭാനവീകരണ പ്രസ്ഥാനങ്ങള്‍ക്കെല്ലാമുള്ളത്. ഈ വ്യത്യസ്ത ചിന്തകളൊന്നും തമ്മില്‍ വൈരുദ്ധ്യമല്ല; മറിച്ച് സാജാത്യമാണുള്ളത് എന്നു കണ്ടെത്താന്‍ സഭാനവീകരണമെന്ന ആശയത്തെ അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന ആര്‍ക്കും കഴിയും. എന്നാല്‍, ഈ സമഗ്രത ഉള്‍ക്കൊണ്ടുപ്രവര്‍ത്തിക്കുന്നവര്‍ ഇന്നു വളരെ വിരളമാണ് എന്നു പറയേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന്,പുണവാളന്മാരുടെ തിരുസ്വരൂപവണക്കമെന്ന വിഗ്രഹാരാധനയ്‌ക്കെതിരെ മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നവീകരണപ്രവര്‍ത്തകര്‍ക്ക് 'ചര്‍ച്ച് ആക്ട്'ന്റെയും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെയും ആവശ്യകത അംഗീകരിക്കാന്‍ കഴിയുന്നില്ല. മറിച്ചും അങ്ങനെതന്നെ. സുറിയാനി ആരാധനാക്രമവും ലത്തീന്‍ ആരാധനാക്രമവും, അതിന്റെ അടിസ്ഥാനത്തിലുള്ള റീത്തു വിഭജനവുമൊക്കെ ചരിത്രത്തില്‍ നടന്ന വിദേശമതാധിനിവേശങ്ങളുടെ അവശിഷ്ടങ്ങളായി ഇന്നും നിലനില്‍ക്കുന്നു. ഒരു ജനതയുടെ ഈശ്വരാഭിമുഖ്യം പ്രകടമാക്കേണ്ടത് തനതു സംസ്‌കാരത്തിലൂടെയായിരിക്കണം. അതുകൊണ്ട് ഭാരതീയരെ സംബന്ധിച്ച് അതു ഭാരതീയമായിരിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ വ്യത്യസ്ത റീത്തുകള്‍പോലും അനാവശ്യമാണ്. അപ്പോള്‍ ആ ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങളും പ്രസ്ഥാനങ്ങള്‍തന്നെയും ആവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ആ ഊന്നലോടെ പ്രവര്‍ത്തിക്കുന്നവരോട് നസ്രാണി സഭാഭരണസമ്പ്രദായം വീണ്ടെടുക്കുന്നതിനെപ്പറ്റി പറഞ്ഞാല്‍, നെറ്റി ചുളിക്കുന്നു. അനഭിമതനായ ഒരു വികാരിയച്ചനെ മാറ്റാന്‍വേണ്ടി സമരംചെയ്യുന്ന നവീകരണപ്രവര്‍ത്തകര്‍ക്ക്, പൗരോഹിത്യംതന്നെ ആവശ്യമില്ല എന്ന കാഴ്ചപ്പാട് ദഹിക്കുന്നില്ല....
ഇവിടെയെല്ലാം ഓരോരുത്തരുടെയും ഓരോ പ്രസ്ഥാനത്തിന്റെയും കാഴ്ചപ്പാടും പ്രവര്‍ത്തനവും ഓരോ തട്ടിലാണെന്നു കാണാം. ഓരോ തട്ടിലായിരിക്കുമ്പോള്‍ത്തന്നെ, അവയെയൊന്നും പരസ്പരം തള്ളിപ്പറയേണ്ടതില്ലെന്നും കൈയോര്‍ത്തു പോകേണ്ടവയാ ണെന്നുമുള്ള അവബോധം ഉണ്ടാകേണ്ടത് ഈ രംഗത്ത് ആവശ്യമാണ്. ഒരു വികാരിയച്ചനെ മാറ്റുന്നതിനും മാറ്റാതിരിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍മുതല്‍, പൗരോഹിത്യമെന്ന സ്ഥാപനത്തെ ഇല്ലായ്മചെയ്ത് സഭയെ അതിന്റെ പ്രാക്തനവിശുദ്ധിയിലേക്കു നയിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും അതിനപ്പുറവും വരെ, സഭാനവീകരണമെന്ന ആശയചക്രവാളത്തില്‍ വരുന്നുണ്ട് എന്നതാണു സത്യം.
നല്ല ഇടയന്റെ അഭാവത്തില്‍ ആടുകള്‍ ചിതറിപ്പോയിരിക്കുന്നു. 99 ആടുകളും നഷ്ടപ്പെട്ടി രിക്കുന്നു. നഷ്ടപ്പെടാത്ത ഒന്നിനെ ഉപേക്ഷിച്ച് മറ്റുള്ള 99 ആടുകളെയും അവര്‍ നില്‍ക്കുന്ന അതാത് ഇടങ്ങളില്‍ച്ചെന്നു കണ്ടെത്തി യേശുവിന്റെ ആല യിലേക്കു കൂട്ടിക്കൊണ്ടുവരേണ്ട അവസ്ഥയിലാ ണിന്നു സഭ.
അപ്പോള്‍, ജനങ്ങള്‍ ആയിരിക്കുന്നത് എവിടെ യൊക്കെയോ അവിടെയെല്ലാമെത്തി അവരുടെ പ്രശ്‌ന ങ്ങളിലിടപെട്ടും ആശയങ്ങളുമായി സംവദിച്ചും അവരുടെ കാഴ്ചപ്പാടുകളെ ഉല്‍ഗ്രഥിച്ച് അടിസ്ഥാന പ്രശ്‌നത്തിലേക്ക് അരയിഞ്ചെങ്കില്‍ അരയിഞ്ച് അടുപ്പിച്ചുകൊണ്ടുവരേണ്ടത് ആവശ്യമായിരിക്കുന്നു. യേശു ഗിരിപ്രഭാഷണങ്ങള്‍ നടത്തുക മാത്രമല്ല ചെയ്തത്. തന്റെ ജീവിതദര്‍ശനം ഉച്ചൈസ്തരം പ്രഖ്യാപിച്ചുകൊണ്ടുതന്നെ, പാപികളെയും പാവ ങ്ങളെയും ആശ്വസിപ്പിച്ചും, പൗരോഹിത്യം അവരില്‍ സൃഷ്ടിച്ച അന്ധതയും ബധിരതയും മൃതാവസ്ഥയും മാറ്റിക്കൊടുത്തും, ചോദ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉള്ളവരുമായി സംവദിച്ചും, പൗരോഹിത്യത്തെ ശകാരിച്ചുമായിരുന്നു, ആ ജീവിതം. സ്വന്തം സമുദായത്തില്‍നിന്നു പുറത്തുപോയല്ല, അദ്ദേഹവും പ്രവര്‍ത്തിച്ചത്...
യേശുവിന്റെ ഈ ശക്തി-ചൈതന്യങ്ങളുടെ ശതകോടിയിലൊരംശത്തെപ്പോലും പ്രതിനിധാനം ചെയ്യുന്നില്ലെങ്കിലും, ആ പ്രവര്‍ത്തനശൈലിയെത്തന്നെയാണ് കെ.സി.ആര്‍.എം. മാതൃകയായി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട്, പൗരോഹിത്യശക്തിക്കിരകളായിത്തീര്‍ന്ന്, വിശ്വാസപരമായി അന്ധതയും ബധിരതയും വൈകല്യങ്ങളും ബാധിച്ച സാധാരണ വിശ്വാസികള്‍ക്കൊപ്പവും അവര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുക എന്ന നയത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയാണു ഞങ്ങള്‍.
പൗരോഹിത്യം മതവിരുദ്ധവും ദൈവവിരുദ്ധവുംതന്നെ. അതുകൊണ്ട് മതനവീകരണ പ്രസ്ഥാനങ്ങളുടെയെല്ലാം ആത്യന്തികലക്ഷ്യം പൗരോഹിത്യത്തില്‍നിന്ന് ജനങ്ങളെ, സമുദായത്തെ, സ്വതന്ത്രരാക്കുക എന്നതാണ്; യേശുവിന്റെ സ്‌നേഹസിദ്ധാന്തത്തിലൂന്നിയുള്ള ഒരു നവസമൂഹത്തിനു നാന്ദികുറിക്കാന്‍ അനുകൂല അന്തരീക്ഷം ഒരുക്കുകയെന്നതാണ്. എന്നാല്‍, ജനം മിക്കവാറും പുരോഹിതവലയത്തിനുള്ളിലാണ് എന്നതാണു സത്യം. ഈ യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ടുകൊണ്ടേ ആര്‍ക്കും പ്രവര്‍ത്തിക്കാനാവൂ. ഇതിനര്‍ത്ഥം, പ്രവര്‍ത്തകര്‍ക്ക് ആത്യന്തികലക്ഷ്യത്തോടൊപ്പം താല്‍ക്കാലികലക്ഷ്യങ്ങളും ഉണ്ടാകേണ്ടതുണ്ട് എന്നാണ്. അവിടെ ആത്യന്തികലക്ഷ്യം ദിശാസൂചകമായി ചക്രവാളത്തില്‍ തെളിഞ്ഞുകത്തുന്ന നക്ഷത്രമാണ്; താല്ക്കാലികലക്ഷ്യങ്ങളാകട്ടെ, ആ ദിശയിലുള്ള മുന്നേറ്റത്തിന്റെ ഓരോ ചുവടുകളും. ഇവ തമ്മില്‍ വൈരുദ്ധ്യമൊന്നുമില്ല.
അപ്പോള്‍ കുരീപ്പുഴ, മണ്ണയ്ക്കനാട്, തലോര്‍, ഞാറയ്ക്കല്‍, അഭയ, മോണിക്കാ, ചര്‍ച്ച്ആക്ട്... വിഷയങ്ങളിലുള്ള ഇടപെടലുകളെല്ലാം ക്രൈസ്തവമായ താല്ക്കാലികമുന്നേറ്റങ്ങളാണ്. അവയിലെല്ലാം പരാജയപ്പെട്ടാല്‍പ്പോലും, ആത്യന്തികമായി അതെല്ലാം വിജയക്കുതിപ്പുകളാണ്. കാരണം, അവിടെയെല്ലാം പൗരോഹിത്യത്തിന്റെ ഡ്രാക്കുളദംഷ്ട്രങ്ങള്‍ നീണ്ടുവരുന്നതുകാണാന്‍ ജനങ്ങള്‍ക്കു അവസരമുണ്ടാകുന്നു. അവബോധത്തില്‍ അവര്‍ അരയിഞ്ചുകൂടി ഉയരാനിടയാകുന്നു.
                                                                                          -എഡിറ്റര്‍ 

4 comments:

  1. ശ്രീ ജോർജിന്റെ ഓരോ എഡിറ്റോറിയൽ വായിക്കുമ്പഴും ഞാഗ്രഹിക്കുന്നത് കർമപാപം മൂലം (പുരോഹിതരെ വിശ്വസിക്കുക എന്ന പാപം) അന്ധരായിത്തീർന്ന നമ്മുടെ ക്രിസ്തീയ സഹോദരങ്ങളും അവരെ നയിക്കുന്ന ജന്മനാ അന്ധരായ പുരോഹിതരും മേല്പ്പട്ടക്കാരുംകൂടെ ഇത് വായിച്ചിരുന്നെങ്കിൽ എന്നാണ്. സന്മനസ്സുള്ള ആരെയും ബോധ്യപ്പെടുത്തുംവിധത്തിലുള്ള ഉപമകളും സാരാംശങ്ങളും ജോർജിന്റെ എഴുത്തിനെ അനന്യമാക്കുന്നുണ്ട്. എന്താ ചെയ്ക, അസത്യത്തിന്റെ ചെളിയിൽ ആണ്ടുപോയ ഈ പാവങ്ങൾ ഷാലോം മാസികകളും ദീപികയും മാത്രമേ വായിക്കൂ.

    ചൂഷണത്തിന്റെയും ആധിപത്യത്തിന്റെയും പുതിയ മുഖങ്ങളായി നമ്മുടെ മേല്പ്പട്ടക്കാർ എവിടെയും തലപൊക്കുന്നു എന്ന് ഈ മാസത്തെ സത്യജ്വാലയിലെ രണ്ടാമത്തെ ലേഖനം തെളിവ് തരുന്നു. അതോടൊപ്പംതന്നെ, യുക്തിയുടെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ, ജനചൂഷണം ചെയ്യുന്നവരെ അറിയാനും അകറ്റാനും നിർഭയതയോടെ അവരെ ചൂണ്ടിക്കാണിക്കാനും ധൈര്യമുള്ളവരുടെ എണ്ണവും കൂടിവരുമെന്ന് നമുക്ക് പ്രത്യാശിക്കാൻ വകയൊരുക്കുന്നു, ഈ മാസികയിലെ ബാക്കി എഴുത്തുകളും. മനുഷ്യബോധം എല്ലാ പ്രാകൃത വിശ്വാസങ്ങളോടെയും തുടരുമ്പോഴും, പുതുവെളിച്ചങ്ങളോടെ സ്വതന്ത്ര വിഹായസിലേയ്ക്ക് ഉണരുകകൂടി ചെയ്യുന്നുണ്ടെന്ന് ചൂഷകർ അറിഞ്ഞിരുന്നാൽ കൊള്ളാം. ചുറ്റുമുള്ള ഇരുളിനൊപ്പം അല്പം പ്രകാശമെങ്കിലും പ്രസരിപ്പിക്കാൻ സത്യജ്വാലക്ക് തീർച്ചയായും കഴിയുന്നുണ്ട്.

    Tel. 9961544169 / 04822271922

    ReplyDelete

  2. കൊടുത്തിരിക്കുന്ന പടം കണ്ടപ്പോൾ മെത്രാന്മാരുടെ സ്ത്രൈണഭാവം എത്ര വളർന്നിരിക്കുന്നു എന്നോർത്തുപൊയി. നവവധുവിനെ ഒരുക്കാൻ ബന്ധുക്കളായ പെണ്ണുങ്ങൾ ഓരോരുത്തർ മാറിമാറി, വീഡിയോ എടുക്കുന്നവന്റെ മുന്നിൽ നിന്ന്, അവിടെയൊന്ന് തൊട്ടു, ഇവിടെയൊന്നു പിടിച്ചു, അല്പം പൌഡർ പൂശി, ഉടുപ്പൊന്നു വലിച്ചിട്ടു എന്നൊക്കെ വരുത്തുന്നതുപോലെ, യേശു വെറുത്തിരുന്ന ഇവരുടെ പുറംമോടി ഒരുക്കുന്നതിന് എത്രപേരാണ് പുതു മെത്രാനെ ചുറ്റിപ്പറ്റി നിൽക്കുന്നത്. അതും ക്യാമെറായ്ക്ക് മുന്നിൽ. നാണമില്ലേ ഈ അർദ്ധവൃദ്ധന്മാർക്ക്!

    ReplyDelete
  3. ജോര്‍ജ്ജിന്റെ ലേഖനം ആരെയും ചിന്തിപ്പിക്കും. ഇവിടെ യാഥാര്‍ത്യത്തെ ഓരോരുത്തരും എങ്ങിനെ കാണുന്നുവെന്നതാണ് പ്രധാനം. നമ്മുടെ മെത്രാന്മാര്‍ പറയുന്നത് ശരിയാണ്, ലോകമെമ്പാടുമുള്ള കേരള ക്രിസ്ത്യാനികളെ വരിഞ്ഞു മുറുക്കി ഭരിക്കാന്‍ ലത്തിന്‍ മെത്രാന്മാര്‍ സമ്മതിക്കുന്നില്ല. അത് മെത്രാന്മാരെ സംബന്ധിച്ചിടത്തോളം വളരെ വേദനാജനകവുമാണ്. ഒത്തിരി മാറി ചിന്തിക്കുന്ന മാര്‍ ഭരണിക്കുളങ്ങരയും ഈ ചൂണ്ടയില്‍ കൊത്തി. ഡല്‍ഹിയില്‍ ജീവിക്കുന്ന മലയാളി ക്രിസ്ത്യാനികളെ ഫരിദാബാദ് രൂപതയുടെ അധികാര പരിധിയില്‍ കൊണ്ടുവന്നത് ഇത്ര തെറ്റാണോ എന്നാണ് അമ്മേന്‍ കമ്മിറ്റിക്കാര്‍ ചോദിക്കുന്നത്. സിറോ ഭരണം എത്ര മേല്‍ സ്വന്തം മക്കള്‍ ആദരിക്കുന്നുവെന്ന് ഡല്‍ഹി വിപ്ലവം ഉദാഹരണം.
    വിശ്വാസികള്‍ എന്തുകൊണ്ട് അസംതൃപ്തരാകുന്നുവെന്ന് മെത്രാന്മാര്‍ ചിന്തിക്കുന്നില്ല. ശ്രി. ജോര്‍ജ്ജ് പറഞ്ഞതുപോലെ, പള്ളിവിട്ട് ഒരു ക്രിസ്ത്യാനി പോകുകയില്ലായെന്നാണ് മെത്രാന്മാരുടെ ധാരണ. പക്ഷെ, കേരളത്തിനു പുറത്തു സിറോ മലബാര്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നിടത്തു മുഴുവന്‍ ചെറുതലമുറ അസ്വസ്ഥരാണ്. ഇതറിയാന്‍ മാതാപിതാക്കന്മാരെ ഒറ്റയ്ക്ക് കണ്ടു ചോദിച്ചാല്‍ മതി. പള്ളിക്കകത്ത് ഇവരുടെ ഹാജര്‍ 100 ശതമാനം ആയിരിക്കുകയും ചെയ്യുന്നു. നാം ഒരിടത്തു കെട്ടി കെട്ടി വരുന്നു, മറ്റൊരിടത്ത് നാം ചോര്ന്നുകൊണ്ടുമിരിക്കുന്നു. മതം ഇല്ലാതെ എങ്ങിനെ കുട്ടികളെ ഈശ്വര വിശ്വാസികളായി വളര്‍ത്താന്‍ സാധിക്കുമെന്നാണ് ഒരു സത്യവിശ്വാസി എന്നോട് ചോദിച്ചത്. കെട്ടുറപ്പുള്ള ഒരു പ്രസ്ഥാനം ഉണ്ടായിട്ടാണോ ഹിന്ദുക്കള്‍ ഈശ്വര വിശ്വാസികളായി ഇപ്പോഴും തുടരുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, അതിനു പക്ഷെ, മറുപടി അദ്ദേഹം തന്നില്ല. ഈശ്വരനെ പ്രാപിക്കാനുള്ള ത്വര പ്രപഞ്ചത്തില്‍ ജന്മം കൊണ്ട സകലത്തിലും ഉണ്ട്. കുട്ടികളെ നാം നയിക്കേണ്ടതുമുണ്ട്, പക്ഷെ, അത് മടയ ലേഖനങ്ങള്‍ കാണാപാഠം പഠിപ്പിച്ചല്ല, പകരം നല്ല നല്ല മാതൃകകള്‍ കാട്ടി വേണം അത് ചെയ്യാന്‍. ഒരു ക്രിസ്ത്യാനി, അതിരുകള്‍ തോറും മരങ്ങള്‍ നട്ട് കുടുംബ കൃഷി ചെയ്യും (ഇലകള്‍ അയിലോക്കത്തോട്ടു പൊയ്ക്കൊളുമല്ലോ). മക്കള്‍ പഠിക്കുന്നത് അപരനെ നിയമവിധേയമായി എങ്ങിനെ ചൂഷണം ചെയ്യാമെന്നാണെന്ന് ആര്‍ ഇവര്‍ക്ക് പറഞ്ഞുകൊടുക്കും. ചില മാതാപിതാക്കന്മാര്‍ തങ്ങളുടെ മിടുക്ക് കൊണ്ട് വേണം കുട്ടികളെ വളര്‍ത്താന്‍ എന്ന് കരുതുന്നു. ഇതും സിറോ മലബാര്‍ കര്‍ഷകര്‍ വ്യാപകമായി കൃഷി ചെയ്യുന്ന ഒരാശയം തന്നെ. പള്ളി വക സ്വത്തുക്കളും വരുമാനവും രേഖപ്പെടുത്തുമ്പോള്‍ രാജ്യത്തിന് അതിന്‍റെ വിഹിതം കിട്ടത്തക്ക രീതിയില്‍ ആയിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന എത്ര അധികാരികളെ നമുക്ക് കാണിക്കാന്‍ കഴിയും? ഫലം മോശമെങ്കില്‍ തകരാറു വൃക്ഷത്തിനാണ്. നാം നടത്തുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ആശ്പത്രികളില്‍ സ്നേഹത്തിന്റെ സ്പര്‍ശനം ആര്‍ക്കും കിട്ടുന്നതായി പറഞ്ഞു കേള്‍ക്കുന്നില്ല. കൈയ്യില്‍ കിട്ടുന്നവനെ എങ്ങിനെ പിഴിയാമെന്നു മറ്റു മതക്കാര്‍ പഠിച്ചത് നമ്മെ കണ്ടാണ്‌. പണം കൊടുത്തു അഡ്മിഷന്‍ വാങ്ങുന്ന ഒരു കുട്ടിക്ക് ആ വിദ്യാലയത്തില്‍ കൊടുക്കാവുന്നതില്‍ ഏറ്റവും വലിയ മൂല്യാധിഷ്ടിത വിദ്യാഭ്യാസം തുടക്കത്തില്‍ തന്നെ നാം കൊടുക്കുകയല്ലേ? ഒരു കഥയുണ്ട്; പഠിക്കാന്‍ മഹാ ഉഴപ്പനായ ഒരു കുട്ടിയെ ഒരു മിഷന്‍ സ്കൂളില്‍ വിട്ടു. കൃത്യമായി ഹോം വര്‍ക്ക് ചെയ്യുന്ന കുട്ടിയെ കണ്ടു മാതാ പിതാക്കന്മാര്‍ ആശ്ചര്യപ്പെട്ടു. കാര്യം അന്വേഷിച്ചപ്പോള്‍ മകന്‍ പറഞ്ഞു, ഓഫീസ് റൂമിന്‍റെ മുകളില്‍ ഒരു മരക്കുരിശില്‍ ഒരാളെ ആണിയടിച്ചു തൂക്കിയിട്ടിരിക്കുന്നു. അവര്‍ അത് എന്നോടും ചെയ്തു കൂടായ്കയില്ലെന്ന്.

    ReplyDelete
  4. ഓരോ രചനയും വളരെ ഹൃദ്യമാണ്... ഇവിടെ ആത്മീയ അന്ധത ബാധിച്ച ഒരു വിശ്വാസ സംമൂഹവും അതിനു തക്ക കുറെ നേതാക്കളുമാണ്... നമ്മുടെ സമൂഹം നന്നാകാൻ ഒരു വഴിയും ഉണ്ടെന്നു തോന്നുന്നില്ല. ഇതുപോലെ കുറെ ചിന്തകൾ ഞാനും പങ്കുവേക്കാരുണ്ട് .കുറെ LIKE കാരെ അല്ലാതെ പ്രതികരിക്കുന്നവരെ കാണാനില്ല... അഭിനന്ധനഗൽ ..ആസംസകൾ ...

    ReplyDelete