Translate

Wednesday, August 27, 2014



വെള്ളാപ്പള്ളിയെ ന്യായീകരിച്ചു സഭാ നേതൃത്വത്തിനെതിരേ പി.ടി തോമസിന്റെ ഒളിയമ്പ്‌

Mangalam

mangalam malayalam online newspaper
ആലപ്പുഴ: മദ്യവിഷയത്തില്‍ കത്തോലിക്കാ സഭാ നേതൃത്വത്തിനെതിരേ ഒളിയമ്പുകളുമായി കോണ്‍ഗ്രസ്‌ നേതാവും ഇടുക്കി മുന്‍ എം.പിയുമായ പി.ടി. തോമസ്‌ ആലപ്പുഴ ഡി.സി.സി. ആസ്‌ഥാനത്ത്‌ നടത്തിയ പത്രസമ്മേളനം വിവാദമായി. അനുവാദമില്ലാതെയാണു പത്രസമ്മേളനം നടത്തിയതെന്നാരോപിച്ച്‌ ഡി.സി.സി. പ്രസിഡന്റ്‌ എ.എ. ഷുക്കൂര്‍ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരനെ പരാതി അറിയിച്ചു. ആലപ്പുഴയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ പി.ടി. തോമസ്‌ ഇന്നലെ ഉച്ചകഴിഞ്ഞാണു മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി പത്രസമ്മേളനം നടത്തിയത്‌.
കത്തോലിക്കാസഭയുടെ മതപരമായ ചടങ്ങുകളില്‍ മദ്യം വിളമ്പില്ലെന്ന ഉറപ്പു പാലിക്കാന്‍ സഭാനേതൃത്വം ശക്‌തമായ നിലപാടെടുക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ആത്മീയാചാര്യനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഇതു സംബന്ധിച്ച കല്‍പ്പന വിശ്വാസികള്‍ക്കു നല്‍കുമെങ്കില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം കുറെക്കൂടി ഗൗരവമുളളതാകും. മദ്യം വിളമ്പില്ലെന്ന്‌ ഉറപ്പുള്ള മതചചടങ്ങുകളില്‍ മാത്രമേ പുരോഹിതരും മതാധ്യക്ഷരും പങ്കെടുക്കുകയുള്ളൂ എന്ന നിലപാട്‌ സ്വീകരിച്ചാല്‍ മാതൃകാപരമായിരിക്കും-പി.ടി തോമസ്‌ അഭിപ്രായപ്പെട്ടു. കത്തോലിക്കരുടെ മാമ്മോദീസ മുതല്‍ മരണാനന്തര ചടങ്ങുവരെ മദ്യപാര്‍ട്ടികളായി മാറിയിട്ടുണ്ട്‌. ആഘോഷച്ചടങ്ങുകളില്‍ 99 ശതമാനവും മദ്യപാര്‍ട്ടികളാണ്‌. അതിനെതിരേ ശക്‌തമായ നിലപാട്‌ മാര്‍ ആലഞ്ചേരി പ്രഖ്യാപിക്കുമെന്നു പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഭാ നേതൃത്വത്തെ വിമര്‍ശിച്ചതിനൊപ്പം ആലപ്പുഴ ഡി.സി.സി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെ പി.ടി തോമസ്‌ ന്യായീകരിച്ചതും ഡി.സി.സി. പ്രസിഡന്റ്‌ അടക്കമുള്ളവരെ ചൊടിപ്പിച്ചു. വീഞ്ഞു നിരോധിക്കണമെന്ന്‌ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരില്‍ വെളളാപ്പളളി നടേശനെ ക്രൂശിക്കേണ്ടതില്ലെന്നാണു തോമസ്‌ പ്രതികരിച്ചത്‌. വെള്ളാപ്പള്ളിയുടെ അഭിപ്രായപ്രകടനം തന്റെ സമുദായത്തില്‍പ്പെട്ട ഒരുപാടുപേര്‍ ജോലിചെയ്യുന്ന വ്യവസായത്തിനുണ്ടായ പ്രതിസന്ധിയുടെ പേരിലാണ്‌. അവരുടെ ഉപജീവനമാര്‍ഗം നഷ്‌ടപ്പെടുന്നതിലുള്ള പ്രതിഷേധവുമുണ്ടാകാം. പള്ളികളില്‍ മതചടങ്ങുകളില്‍ വീഞ്ഞുവിതരണം ചെയ്യരുതെന്ന വാദം മതമേലധ്യക്ഷര്‍ ചര്‍ച്ച ചെയ്‌തു തീരുമാനമെടുക്കണം. സര്‍ക്കാരും കെ.പി.സി.സി നേതൃത്വവും സ്വീകരിച്ച നിലപാട്‌ സമുദായ സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കു വഴിമാറരുത്‌. സമുദായ സംഘടനകള്‍ ഒരു മേശയ്‌ക്കു ചുറ്റുമിരുന്ന്‌ ഇതിനെ ഒരു സാമൂഹിക പ്രശ്‌നമായി ചര്‍ച്ച ചെയ്‌തു പരിഹരിക്കണം. മദ്യനിരോധനത്തിന്റെ പേരില്‍ കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നിലവിലുള്ളതിന്റെ തെളിവാണെന്നും പ്രശ്‌നങ്ങള്‍ അവിടെത്തന്നെ പരിഹരിക്കപ്പെടുമെന്നും പി.ടി. തോമസ്‌ പറഞ്ഞു.
അതേസമയം തന്റെ അനുവാദമോ അംഗീകാരമോ ഇല്ലാതെയാണ്‌ പി.ടി തോമസ്‌ ഡി.സി.സിയില്‍ പത്രസമ്മേളനം നടത്തിയതെന്നു ആരോപിച്ച്‌ പ്രസിഡന്റ്‌ എ.എ ഷുക്കൂര്‍ രംഗത്തു വന്നു. തോമസ്‌ പറഞ്ഞത്‌ അദ്ദേഹത്തിന്റെ വ്യക്‌തിപരമായ അഭിപ്രായങ്ങളാണ്‌. അനുവാദമില്ലാതെ പത്രസമ്മേളനം നടത്തിയതിനെക്കുറിച്ച്‌ പരാതി അറിയിച്ചപ്പോള്‍ വിശദമായ റിപ്പോര്‍ട്ട്‌ കെ.പി.സി.സി. പ്രസിഡന്റ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പി.ടി. തോമസിനെതിരേ അടുത്ത കെ.പി.സി.സി യോഗത്തില്‍ പരാതി സമര്‍പ്പിക്കുമെന്നും ഷൂക്കൂര്‍ അറിയിച്ചു.
- See more at: http://www.mangalam.com/print-edition/keralam/222041#sthash.fUTRPyCE.dpuf

No comments:

Post a Comment