Translate

Monday, August 11, 2014

കുറി മേടിക്കാന്‍ വാ... കാണിച്ചു തരാം!

പാപി ചെല്ലുന്നിടം പാതാളം എന്ന് പറഞ്ഞതുപോലെയാണ് എന്‍റെ കാര്യം. സൂററ്റില്‍ നിന്ന് മോനൊരു സഹായം അഭ്യര്‍ഥിച്ചുകൊണ്ട്‌ സൂസന്‍ അമ്മായിയുടെ ഒരു മെയില്‍ ഇന്നലെ കിട്ടി. സഹായം എന്ന് പറഞ്ഞാല്‍ ധനസഹായമൊന്നുമല്ല, അമ്മായിയുടെ മോന് ഒരച്ചന്‍റെ എഴുത്ത് മേടിച്ചു കൊടുക്കണം, അത്രേയുള്ളൂ. സൂററ്റില്‍ അദ്ധ്യാപികയാണ് സൂസന്‍ അമ്മായി. അമ്മായിയുടെ മകന്‍ സൌദി അറേബ്യായിലും. അമ്മായിയുടെ വിശ്വാസം ദൈവത്തിലാണോ മെത്രാന്മാരിലാണോ എന്ന് ചോദിച്ചാല്‍ മെത്രാന്മാരിലാണെന്നെ പറയാന്‍ പറ്റൂ. അമ്മായിയുടെ ഓരോ ശ്വാസത്തിലും അല്ലേലൂജായുണ്ട്; പക്ഷെ, ബൈബിള്‍ തൊട്ടാല്‍ തല പോകുന്ന സൌദി അറേബ്യയില്‍ വിശ്വാസമല്ല പണമാണ് അമ്മായിക്ക് വലുത്. ജോലി കിട്ടിയാല്‍ അമ്മായിയും സൌദിക്ക് പോയേനെ. എന്തിനാ അമ്മായിയെ പറയുന്നത്? ഞാനറിയുന്ന സത്യക്രിസ്ത്യാനികളുടെ എല്ലാം കഥ ഇത് തന്നെ.
  
എന്‍റെ അറിവില്‍ അമ്മായിക്കും കൂട്ടര്‍ക്കും അടുത്ത കാലത്ത് ഒരബദ്ധം പറ്റി. പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിക്കണമെന്നും ലത്തിന്‍കാര്‍ മനുഷ്യരെ പറ്റിക്കുമെന്നുമൊക്കെയുള്ള ഒരു കേരള പട്ടക്കാരന്‍റെ പ്രസംഗം കേട്ട് മനസ്സലിഞ്ഞ്‌, അവിടെ സിറോമലബാറിന് ഒരു പള്ളിയുണ്ടാക്കാന്‍ കിണഞ്ഞു പരിശ്രമിച്ച ആളാണ്‌ സൂസന്‍ അമ്മായി. എന്നോടും അന്ന് പിരിവു ചോദിച്ചായിരുന്നു. ഒന്നും അങ്ങോട്ട്‌ എറിച്ചില്ല; അവസാനം ലത്തിന്‍കാര്‍ക്ക് തന്നെ എല്ലാം തിരികെ കൊടുത്തിട്ട് വാലുമടക്കി ഇരിക്കേണ്ടി വന്നു അമ്മായിക്കും കൂട്ടര്‍ക്കും. ലത്തിന്കാര്‍ പഴയ ആലസ്യം വെടിഞ്ഞ് സിറോ മലബാറിനെ പ്രതിരോധിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന ഭീകര സത്യം, നാട് നീളെ തട്ടില്‍ മെത്രാന്‍ പറഞ്ഞിട്ടും ജനത്തിന് ഒരിളക്കവും ഉണ്ടാകുന്നില്ലായെന്നതാണ് ഇപ്പോള്‍ എറണാകുളംകാരെ വിഷമിപ്പിക്കുന്നത്. യാക്കോബായാ-ഓര്‍ത്തഡോക്സ് യുദ്ധം പോലെ ഒരെണ്ണം സമീപ ഭാവിയില്‍ നമുക്കും പ്രതീക്ഷിക്കാം.

അമ്മായിയുടെ  റിയാദിലുള്ള മകന് നാട്ടില്‍ കൊട്ടാരക്കരയടുത്തു നിന്ന് ഒരാലോചന വന്നിരിക്കുന്നു. അതാണ്‌ പ്രശ്നം. കണ്ടിഷ്ടപ്പെട്ടു, പക്ഷെ ഉറപ്പിച്ചില്ല. അപ്പോഴാണ്‌ മലയാളം കുര്ബാനക്കിടക്ക് അച്ചന്‍, അന്യനാട്ടില്‍ താമസിക്കുന്ന സിറോ മലബാര്‍ കാരെല്ലാം തൊട്ടടുത്ത സിറോ മലബാര്‍ പള്ളിയില്‍ ചേരണമെന്നും അവിടെ നിന്ന് എഴുത്തും കൊണ്ട് വന്നാലേ നാട്ടിലെ പള്ളിയില്‍ നിന്ന് കുറി കിട്ടൂവെന്നും പ്രസംഗിച്ചത്. സഭയുടെ ചിട്ടവട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ ദൈവം തീയിറക്കി ആ കുടുംബത്തെ ഉന്മൂലനം ചെയ്യുമെന്നും അച്ചന്‍ ഒപ്പം പറഞ്ഞെന്ന് ഞാന്‍ അനുമാനിക്കുന്നു. കാരണം, അതിനു സമാനമായ ഒരു നാശം അവിശ്വാസികള്‍ക്ക്‌ ഉണ്ടാകുമെന്നതിനെ പറ്റി അമ്മായിയുടെ കത്തില്‍ സൂചനയുണ്ട് (ഏതു മെത്രാനാണോ ഇയാള്‍ക്ക് പട്ടം കൊടുത്തത്?). അമ്മായിയുടെ  മകന്‍ ജോലി ചെയ്യുന്ന സ്ഥലത്തോ രാജ്യത്തോ പള്ളിയില്ല, പിന്നെ ഒരു മാര്‍ഗ്ഗം ഗള്‍ഫില്‍ പള്ളിയുള്ളിടത്തു നിന്ന് ഒരു കത്ത് വാങ്ങുകയെ ഉള്ളൂ. പ്രശ്നം മുന്‍കൂട്ടി കണ്ട് വടം എറിഞ്ഞതാണ് അമ്മായിയെന്ന് എനിക്ക് മനസ്സിലായി. പണ്ടൊക്കെ ലത്തിന്‍ അച്ചന്മാരുടെ എഴുത്ത് മതിയായിരുന്നു നമുക്ക്. ഇപ്പോള്‍ സിറോ അച്ചന്മാരുടെ തന്നെ വേണം. ഒരെഴുത്തിനു മൂന്നു മാസത്തെ കാലാവധി എന്നൊക്കെയുള്ള ചെറിയ നിബന്ധനകളെ ഇപ്പോഴുള്ളൂ. ഇനി, സഭയെ കുറ്റപ്പെടുത്തിയുള്ള ഫെയിസ് ബുക്ക് പോസ്റ്റുകള്‍ ലൈക്ക് ചെയ്തിരിക്കരുത്, ഓണ്‍ലൈനില്‍ കുമ്പസാരിച്ചിരിക്കണം, സത്യദീപം അസ്സീസ്സി തുടങ്ങിയുള്ള മസാല പ്രസിദ്ധികരണങ്ങളോ അല്മായാ ശബ്ദം, സത്യജ്വാല തുടങ്ങിയ അശ്ലീല പ്രസിദ്ധീകരണങ്ങളോ വായിക്കുന്നവര്‍ ആയിരിക്കരുത്, മെത്രാന്‍റെ നേരെയോ ഷെവലിയരുടെ നേരെയോ പടക്കം എറിഞ്ഞവര്‍ ആയിരിക്കരുത് തുടങ്ങിയ ചിട്ട വട്ടങ്ങളും ഉണ്ടായിക്കൂടെന്നില്ല. ഒരു സത്യക്രിസ്ത്യാനി എവറെസ്റ്റ്‌ കേറി തിരിച്ചു വന്നാലത്തെ സ്ഥിതി ഒന്നോര്‍ത്തു നോക്കിക്കേ? പട്ടണം കാണാന്‍ പോയി ആരെങ്കിലും അത്യാഹിത വിഭാഗത്തില്‍ മൂന്നു മാസം കിടക്കേണ്ടി വന്നാലും സ്ഥിതി ദയനീയം. അടുത്ത കാലത്ത് ഒരു സീറോ അച്ചന്‍റെ അടുത്ത്‌ ഒരു പുതു മണവാട്ടിയും അവളുടെ വീട്ടുകാരും പരാതിയുമായി വന്ന ഒരു സംഭവം ഓര്‍ക്കുന്നു. പെണ്ണും വീട്ടുകാര്‍ പറഞ്ഞു, ചെറുക്കന് വട്ടാണ്, ഞങ്ങള്‍ ബന്ധം ഒഴിയുകയാണ്. ഈ വികാരി അച്ചനും കുറിയെല്ലാം വാങ്ങി പരിശോധിച്ചിട്ട്‌ ആയിരുരുന്നിരിക്കണമല്ലോ കല്യാണം ആശിര്‍വ്വദിച്ചത്? കുറി കൊടുക്കുന്ന വൈദികന് സാമാന്യ ബോധമുണ്ട് എന്നൊരു സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം എന്ന് അല്മായരും ശഠിച്ചാലോ?

‘പുരോഹിതാ നീ മാപ്പര്‍ഹിക്കുന്നില്ലെന്ന്’ ഒരു വൈദിക വിദ്യാര്‍ഥി എഴുതിയെങ്കില്‍ ഒരു പുരോഹിതന്‍റെ ഇന്നത്തെ വില കണക്കു കൂട്ടാവുന്നതെയുള്ളൂ. ഇത്രയും എളിമയോടെ ജീവിക്കുന്ന ഒരു വര്‍ഗ്ഗം വേറെ എവിടെ കാണും? അവരുടെ ചൂടടിച്ചാല്‍ പോലും ആര്‍ക്കും എളിമ ഉണ്ടാകും. വ്യാകുലമാതാവിനെയും ഒരു കിലോ പന്നി വറുത്തതും കൂടി മുമ്പില്‍ വെച്ചാല്‍ പന്നി തിന്നിട്ടു മാതാവിനെ നോക്കുന്നിടം വരെ എത്തിയിരിക്കുന്നു കത്തോലിക്കന്‍റെ കാര്യം. ഏതായാലും അല്മായര്‍ ലോകം എമ്പാടും ചെറിയ തോതില്‍ ഉണര്‍ന്നപ്പോള്‍ ഞെട്ടല്‍ അനുഭവപ്പെട്ടു തുടങ്ങിയില്ലെന്ന് പറയാനാവില്ല. ഇപ്പോള്‍ ആരുടേയും അളവെടുപ്പ് നടക്കുന്നില്ലല്ലോ. വൈദികരും അത്മായരോട് അണി ചേര്‍ന്ന് തുടങ്ങി എന്നത് ഏതു മെത്രാനെയാണ് ഞെട്ടിക്കാത്തത്? ഇക്കൂട്ടത്തില്‍ മെത്രാന്മാരും ഉണ്ടെന്നുള്ളത് കേരളാ സിനഡ് താമസിയാതെ അറിയും. വൈദികര്‍ മുഖശ്ചായ ശരിയാക്കണമെന്നു മേജര്‍ പറഞ്ഞതില്‍ നിന്നും കുറ്റം ഇപ്പോഴും അച്ചന്മാര്‍ക്കാണെന്നാണ് മെത്രാന്മാര്‍ കരുതിയിരിക്കുന്നതെന്ന് തോന്നുന്നു. അവരുടെ കൈകള്‍ പങ്കിലമാകാതെ കനിയണമെന്നാണല്ലോ കുര്‍ബാന കഴിയുമ്പോഴും പ്രാര്‍ഥിക്കുന്നത്. അടുത്ത സിനഡ് ആവുമ്പോഴേക്കും അല്മായര്‍ക്കു പകരം വൈദികരുടെ പ്രകടനമായിരിക്കാം രൂപപ്പെടുന്നത്.

താമരക്കുരിശ് ആധിപത്യം സ്ഥാപിച്ച ചങ്ങനാശ്ശേരി ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഒരു ഗുണ്ടാ നഗരമാണ്. താമസിയാതെ കോട്ടയം, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി എന്നീ ജില്ലകളും അങ്ങിനെ ആയിക്കൂടെന്നില്ല. അപ്പോള്‍ തൃപ്തിയാകും, അപ്പന് മര്യാദക്ക് ഇരിക്കാറുമാകും. സത്യത്തില്‍ പ്രശ്നങ്ങള്‍ ഇത്രയും കലാപകലുഷിതമാക്കേണ്ട ഒരു കാര്യവുമില്ല. അത്മായന്‍ പറയുന്നത്കൂടി കേട്ടാല്‍ തീരുന്ന പ്രശ്നമാണ് കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നത്. വടക്കെ ഇന്ത്യന്‍ പള്ളികളില്‍ ആമ്പ്ലിഫയറുകളുടെ വോളിയം കുറഞ്ഞു തുടങ്ങി. ഉടന്‍ അത് കേരളത്തിലും ആവര്‍ത്തിച്ചു കൂടായ്കയില്ല.  

No comments:

Post a Comment