Translate

Monday, July 7, 2014

സാമുവല്‍ കൂടല്‍ എന്ന ആധുനികപ്രവാചകന്‍


                                                                                                              സക്കറിയാസ് നെടുങ്കനാല്‍

(The following article by Sree Zacharias Neduncanal on Sree Samuel Koodal, will be published in the July issue of ‘Sathyajwala’- George Moolechalil)

        ദൈവാരൂപി മനുഷ്യരില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, അതിനായി മനുഷ്യന്‍ സ്വയം എങ്ങനെ ഒരുങ്ങണം അല്ലെങ്കില്‍ എങ്ങനെ സദാ തയ്യാറായി ഇരിക്കണം എന്നതിന്റെ ഒരു മനോഹരാവിഷ്‌ക്കാരം പഴയ നിയമത്തിലുണ്ട്. തന്റെ പ്രവാചകനായിത്തീരാന്‍ സാമുവേലിനെ ദൈവം ഒരുക്കുന്നതിന്റെ കഥയാണത്. I സാമുവേല്‍, ഒന്നു മുതല്‍ മൂന്നു വരെയുള്ള ആദ്ധ്യായങ്ങള്‍ ആനന്ദകരമായ വായനയ്ക്കുള്ള വകനല്‍കുന്നുണ്ട്. രത്‌നച്ചുരുക്കം ഇതാണ്: 'കര്‍ത്താവ് വന്നുനിന്ന് മുമ്പിലത്തെപ്പോലെ സാമുവേല്‍, സാമുവേല്‍ എന്ന് വിളിച്ചു. സാമുവേല്‍ പ്രതിവചിച്ചു: 'അരുളിച്ചെയ്താലും, അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു.' തന്റെ പ്രവാചകനായി തിരഞ്ഞെടുത്ത സാമുവേലിനോട് കര്‍ത്താവ് ആദ്യം പറഞ്ഞതെന്താണെന്നുകൂടി കേള്‍ക്കുമ്പോള്‍ ഈ ചെറിയ കുറിപ്പിന്റെ പൊരുള്‍ എന്തെന്നു പിടികിട്ടും: 'കര്‍ത്താവ് സാമുവേലിനോട് പറഞ്ഞു: ഇസ്രായേല്‍ ജനതയോട് ഞാനൊരു കാര്യം ചെയ്യാന്‍ പോവുകയാണ്. അതുകേള്‍ക്കുന്നവന്റെ ഇരു ചെവികളും തരിച്ചുപോകും. മക്കള്‍ ദൈവദൂഷണം ചെയ്യുന്ന കാര്യമറിഞ്ഞിട്ടും അതു തടയാഞ്ഞതുമൂലം ഞാന്‍ ഏലിയുടെ കുടുംബത്തിനുമേല്‍ എന്നേയ്ക്കുമായി ശിക്ഷാവിധി നടത്താന്‍ പോവുകയാണ്. ബലികളും കാഴ്ചകളും അവന്റെ പാപത്തിന് ഒരിക്കലും പരിഹാരമാവില്ലെന്നു ഞാന്‍ ശപഥം ചെയ്യുന്നു.' ഏതാണ്ടിതേ വാക്കുകള്‍ ഉപയോഗിച്ച് നമ്മുടെയിടയില്‍ ദൈവമക്കളെ നിരന്തരം ഗുണദോഷിച്ചുകൊണ്ടിരിക്കുന്ന അഭിവന്ദ്യനായ ഒരു സഹപ്രവര്‍ത്തകനെപ്പറ്റി ഏതാനും വാക്കുകള്‍ കുറിക്കാന്‍ ഒരു മുഖവുരയായിട്ടാണ് ഇത്രയുമെഴുതിയത്. അദ്ദേഹത്തിന്റെ പേരും സാമുവേല്‍ എന്നുതന്നെ! സാമുവല്‍ കൂടല്‍.
        തന്റെ അനുഭവസമ്പത്തിലൂന്നി, യഥാര്‍ത്ഥ ദൈവദാസരെയും കപടപുരോഹിതരെയും തമ്മില്‍ അയത്‌നം തിരിച്ചറിയുന്ന സാമുവല്‍ കൂടലിന്റെ മുന്‍ഗാമിയായി പഴയനിയമത്തിലെ  പ്രവാചകനിലേക്കു കൈചൂണ്ടുന്നത് ബൈബിള്‍ഭക്തര്‍ എന്നോട് ക്ഷമിക്കുക. കപടപുരോഹിതരെപ്പറ്റി നമ്മുടെ സാമുവല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനു വളരെ സമാനമായ വാക്കുകള്‍ ബൈബിളിലും കാണാം. 'എന്റെ മുമ്പില്‍ ഭ്രാന്തു കളിപ്പിക്കാന്‍ ഇവനെ കൊണ്ടുവരാന്‍ എനിക്കിവിടെ ഭ്രാന്തന്മാര്‍ കുറവാണോ? എന്റെ ഭവനത്തിലാണോ ഇവര്‍ വരേണ്ടത്?' (I സാമുവേല്‍ 21: 14-15). നമ്മുടെ ദേവാലയങ്ങളില്‍ അരങ്ങേറുന്ന പൂജാനുഷ്ഠാനക്രിയകളും ചെവിയടപ്പിക്കുന്ന വാഗ്‌ഘോഷങ്ങളും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വളരെപ്പേര്‍ അന്തംവിട്ടുചോദിക്കാറുണ്ട്, 'ഇതൊക്കെ ദൈവാരാധനയാണോ?, ഇത്തരം ശബ്ദകോലാഹലങ്ങളാല്‍ സംതൃപ്തനാക്കപ്പെടുന്ന ഒരു ദൈവമുണ്ടോ?', എന്ന്. നിങ്ങളുടെ ഹൃദയമാണ് യഥാര്‍ഥ ദേവാലയം. അവിടെയാണ് നീ നിന്റെ ദൈവത്തെ കണ്ടെത്തുക. അവിടെ, പരിശുദ്ധമായ ഏകാന്തതയില്‍, അവനുമായി സമ്പര്‍ക്കം പുലര്‍ത്തുക എന്നു പഠിപ്പിച്ച യേശുവിന്റെ അനുയായികളാണോ ഇവര്‍?  ആധുനിക കാലത്തെ സാമുവേല്‍ കൂടലും തളരാത്ത തന്റെ തൂലികയിലൂടെ ഈ ചോദ്യങ്ങള്‍തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് ഈ വാക്കുകള്‍ അന്വര്‍ഥമല്ലേ എന്ന് നിങ്ങള്‍തന്നെ വിലയിരുത്തുക: 'സാമുവല്‍ വളര്‍ന്നുവന്നു. കര്‍ത്താവ് അവനോടുകൂടെയുണ്ടായിരുന്നു. അവന്റെ വാക്കുകളൊന്നും വ്യര്‍ഥമാകാന്‍ അവിടുന്ന് ഇടവരുത്തിയില്ല. സാമുവേല്‍ കര്‍ത്താവിന്റെ മഹാപ്രവാചനകായിത്തീര്‍ന്നിരിക്കുന്നുവെന്നു ദാന്‍ മുതല്‍ ബെര്‍ഷബ വരെയുള്ള ഇസ്രായേല്‍ ജനം മുഴുവന്‍ അറിഞ്ഞു' (I സാമുവേല്‍ 3: 19-21).
        തന്റെ ഗാനങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും 'അപ്രിയ യാഗങ്ങള്‍'പോലുള്ള രചനകളിലൂടെയും വിശ്രമമില്ലാതെ പ്രവാചകവൃത്തി (തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക, ശാസിക്കുക, വരുംവരായ്കകളെപ്പറ്റി മുന്നറിയിപ്പു നല്കിക്കൊണ്ടിരിക്കുക) നടത്തുന്ന നമ്മുടെ സാമുവല്‍ കൂടലും ഇന്ന് കേരളത്തിലും വെളിയിലും അറിയപ്പെടുന്ന ഒരു സഭാനവീകരണയോദ്ധാവാണ്. അഴിമതിയും കപടതയും അനീതിയും ക്രൂരതയും നിറഞ്ഞ പുരോഹിതവര്‍ഗ്ഗം ദൈവത്തിന്റെ ജനത്തെ എമ്പാടും ദ്രോഹിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് അദ്ദേഹത്തെ വ്യഥിതനാക്കുന്നത്. അവര്‍ക്കെതിരെ പടവെട്ടാന്‍ ഒരുപാധിയും അദ്ദേഹം വേണ്ടെന്നുവയ്ക്കുന്നില്ല.
        I സാമുവേല്‍ 15, 67-ല്‍ നാമിങ്ങനെ വായിക്കുന്നു: 'സാമുവേല്‍ എലിയാബിനെ ശ്രദ്ധിച്ചു. കര്‍ത്താവിന്റെ അഭിഷിക്തനാണ് മുമ്പില്‍ നില്ക്കുന്നതെന്ന് അവനു തോന്നി. എന്നാല്‍ കര്‍ത്താവ് സാമുവേലിനോട് കല്പിച്ചു: 'അവന്റെ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാന്‍ തിരസ്‌കരിച്ചതാണ്. മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും.'
        കര്‍ത്താവ് കാണുന്നതു കാണാന്‍ തന്റെ ഉള്ളിലേക്കു നിരന്തരം ദൃഷ്ടിതിരിക്കുന്ന സാമുവല്‍ കൂടലിന്റെ അഭിമുഖസംഭാഷണങ്ങള്‍ ശ്രദ്ധിച്ചുകേള്‍ക്കുന്നവര്‍ക്ക് ആയിരം പള്ളിപ്രസംഗങ്ങള്‍ കേള്‍ക്കുന്നതിലും ആദ്ധ്യാത്മികജ്ഞാനം ഉണ്ടാകുമെന്നു തീര്‍ച്ചയാണ്. സുവിശേഷങ്ങളുടെ കാച്ചിക്കുറുക്കിയ സന്ദേശമാണ് അദ്ദേഹം ഉരുവിടുന്നത്. ആ വാഗ്പ്രളയത്തില്‍ മുങ്ങിക്കുളിക്കുകയോ ഒഴുകിപ്പോകുകയോ ചെയ്യേണ്ടവര്‍ വാസ്തവത്തില്‍ ഇന്നത്തെ മരാമത്തച്ചന്മാരാണ്. അവരാണ് വിശ്വാസിക്കൂട്ടായ്മകളുടെ ആദ്ധ്യാത്മികതയില്‍ അന്ധവിശ്വാസത്തിന്റെ വിഷം ചേര്‍ക്കുന്നത്. വാതോരാതെയവര്‍ ബൈബിള്‍ ഉദ്ധരിക്കുന്നു. എന്നാല്‍, ബൈബിളില്‍നിന്ന് എന്തൊക്കെ സ്വീകരിക്കണം, എന്തൊക്കെ നിരാകരിക്കണമെന്നുപോലും അവര്‍ക്കറിവില്ല എന്ന് സാമുവല്‍ കൂടല്‍ ഉദാഹരണസഹിതം സമര്‍ഥിക്കുന്നു. പുരോഹിതരുടെ അജ്ഞതയെന്നതിനേക്കാള്‍ അവരുടെ ഹൃദയകാഠിന്യവും കപടതയുംമൂലമാണ് ഇന്നത്തെ ക്രിസ്തീയസഭകള്‍ ഇത്രയധികം ലൗകികമായി വളര്‍ന്നതും ആദ്ധ്യാത്മികമായി തളര്‍ന്നതും എന്ന് അദ്ദേഹം ശക്തിയുക്തം ചൂണ്ടിക്കാണിക്കുന്നു. ആത്മാവിനു വളരാന്‍ ഇടം കൊടുക്കേണ്ടവരാണ്, അല്ലാതെ ആടുകളുടെ പാലിനും ഇറച്ചിക്കുംവേണ്ടി തീരാത്ത കൊതിയുമായി വിലസേണ്ടവരല്ല നല്ല ഇടയന്മാര്‍ എന്ന് കൂടല്‍ജി ചൂണ്ടിക്കാണിക്കുന്നു. ഇന്നത്തെ പുരോഹിതരിലധികവും വിശ്വാസികളെ യഥാര്‍ഥ ദൈവത്തില്‍നിന്ന് അകറ്റി, അധികാരപ്രേമിയും പക്ഷപാതിയുമായ ഒരു ദൈവസങ്കല്പത്തില്‍ തളച്ചിടുകയാണ് ചെയ്യുന്നത്. അത്തരം ഒരു ദൈവത്തിന്റെ പ്രതിനിധികളായി ചമഞ്ഞ്, അവരും അമിതാധികാരവും സ്വകാര്യനേട്ടങ്ങളും ആര്‍ഭാടസുഖങ്ങളും നേടിയെടുക്കാന്‍വേണ്ടി വളഞ്ഞവഴികളിലൂടെ സഞ്ചരിക്കുന്നു. അതിന്റെയൊക്കെ ദുരിതഫലങ്ങള്‍ അനുഭവിക്കുന്നതോ വിശ്വാസികളും.
        ഈയിടെ ഒരു ഷാലോംപ്രഭാഷകന്‍ കത്തിക്കയറിയത് കേള്‍ക്കാനിടയായി. അത് ഇങ്ങനെയായിരുന്നു: 'നമ്മുടെ ആരാധനയ്ക്ക്, നമ്മുടെ സ്‌തോത്രങ്ങള്‍ക്ക്, നമ്മുടെ ബലികള്‍ക്ക് ശക്തിയും പരപ്പും കുറയുമ്പോള്‍, പിതാവായ ദൈവവും പുത്രനും പരിശുദ്ധാരൂപിയും ദുഃഖിക്കുന്നു. നമ്മള്‍ ഉറക്കെപ്പാടുമ്പോള്‍, കൂട്ടമായി ആരാധിക്കുമ്പോള്‍, കൈയഴിഞ്ഞ് പള്ളിക്കു ദാനംചെയ്യുമ്പോള്‍ അവര്‍ സന്തുഷ്ടരാകുന്നു!' എന്തൊരു ദൈവസങ്കല്പം! ഈ സങ്കല്പത്തെയാണ് കൂടല്‍ജി കൊട്ടിയുടയ്ക്കുന്നത്. സുവിശേഷങ്ങള്‍ ഒരു തവണയെങ്കിലും വായിച്ചിട്ടുള്ളയാര്‍ക്കും യേശു മനസ്സിലാക്കിത്തന്ന ദൈവത്തെപ്പറ്റി ഇത്തരം വികലധാരണകള്‍ ഉണ്ടാവില്ല. താനുള്‍ക്കൊണ്ട ഭാരതീയജ്ഞാനമെല്ലാം അതേപടി പറഞ്ഞുകൊടുത്താല്‍ ഗ്രഹിക്കാന്‍ കഴിവില്ലാത്ത ഒരു ജനതയോട് ഉപമകളിലൂടെയും നമ്മെ സ്‌നേഹിക്കുന്ന പിതാവെന്ന പ്രതിബിംബത്തിന്റെ ഉപയോഗത്തിലൂടെയും യേശു പങ്കുവച്ച ദൈവസങ്കല്പത്തെ അജ്ഞരായ പുരോഹിതര്‍ പൊള്ളയായ വ്യക്തിസങ്കല്പത്തിലേക്കു തരംതാഴ്ത്തിയതാണ് ക്രിസ്ത്യാനിക്കുപറ്റിയ ഏറ്റവും വലിയ അപചയം. ദൈവത്തെ സര്‍വവ്യാപിയായ സ്‌നേഹചൈതന്യമായി മനസ്സിലാക്കേണ്ടതിന്റെ അനിവാര്യതയെ ശ്രീ കൂടല്‍ എടുത്തുകാണിക്കുന്നു. ആദ്ധ്യാത്മികതയും അനുഷ്ഠാനവും തമ്മില്‍ തിരിച്ചറിയേണ്ടവര്‍, പക്വവും ആഴമേറിയതുമായ ദൈവശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവര്‍, അദ്ദേഹത്തെ സമീപിക്കട്ടെ, അദ്ദേഹത്തിന്റെ സംഭാഷണം കേള്‍ക്കട്ടെ, എന്നാണെനിക്കു പറയുവാനുള്ളത്.
        ആസ്വാദ്യകരമായ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ശ്രദ്ധിക്കുക; അവയില്‍ വെറും വാച്യമായ ആരാധനയും ദാസ്യത്വം വിളിച്ചോതുന്ന സ്‌തോത്രവുമില്ല; ഞഞ്ഞഞ്ഞ സെന്റിമെന്റാലിറ്റിയുമില്ല. മറിച്ച്, ആത്മീയതയിലുറച്ച ദൈവാവബോധത്തിന്റെ ബഹിര്‍സ്ഫുരണങ്ങളായിട്ടാണ് അവയെ ശ്രോതാവനുഭവിക്കുന്നത്. അപാരമായ ഓര്‍മശക്തികൊണ്ടും കാവ്യാത്മകതകൊണ്ടും ഘനഗംഭീരമായ സ്വരമാധുരികൊണ്ടും അത്യന്തം അനുഗ്രഹീതനായ ഈ ഗായകന്, ദാര്‍ശനികന്, ആധുനികപ്രവാചകന് ഹൃദ്യമായ അഭിനന്ദനങ്ങളും ആയുരാരോഗ്യവും നേരുന്നു!


Comment by Editor, Sathyajwala                                                                                                                             
        ജൂണ്‍ 15 മുതല്‍ 17 വരെയുള്ള ദിവസങ്ങളിലെ 'അത്മായശബ്ദ'ത്തില്‍ അതിസമൃദ്ധമായ ഒരു 'ആദ്ധ്യാത്മികവിരുന്നു'ണ്ടായിരുന്നു. 'മലനാട് ടിവി (MTV) ചാനല്‍ ശ്രീ സാമുവല്‍ കൂടലുമായി നടത്തിയ 4 എപ്പിസോഡുകളുള്ള ഒരു അഭിമുഖത്തിന്റെ വീഡിയോകളായിരുന്നു, അവ. (അതിന്റെ ബാക്കി എപ്പിസോഡുകള്‍ ഉടനെ വരുന്നുണ്ട്).
        'അത്മായശബ്ദ'ത്തിലെയും 'സത്യജ്വാല'യിലെയും അദ്ദേഹത്തിന്റെ കവിതകളും ലേഖനങ്ങളുമൊക്കെ വായിച്ചാസ്വദിച്ചിട്ടുണ്ട്. ഈ വീഡിയോ ഭാഷണങ്ങള്‍ കേട്ടപ്പോള്‍, അദ്ദേഹത്തിന്റെ പ്രതിഭ ഏറ്റവും മിന്നിത്തിളങ്ങുന്നത് ഭാഷണകലയിലാണെന്നുതോന്നി. അതു സംഭാഷണമാകാം; പ്രഭാഷണമാകാം. ഏതു തന്തിയില്‍തൊട്ടാലും ഒഴുകുന്നത് സംഗീതമെന്നപോലെ, ഏതു ചോദ്യമെറിഞ്ഞാലും അദ്ദേഹത്തിന്റെ ജ്ഞാനനിറവില്‍നിന്നും ഉത്തരങ്ങള്‍ പൊടുന്നനെ ഹൃദയത്തിന്റെ ഭാഷയില്‍ അനര്‍ഗളം പ്രവഹിക്കുന്നു!
        ആദ്ധ്യാത്മികജ്ഞാനത്തില്‍ കാലുറപ്പിച്ചുനിന്ന് പൗരോഹിത്യത്തിനെതിരെ ഇത്ര ധീരതയോടെ, ഇത്ര ഘനഗംഭീരശബ്ദത്തില്‍, ഇത്ര സംഗീതസാന്ദ്രമായി ഗര്‍ജ്ജിക്കുന്ന ഒരു പ്രവാചകനെ കേരളക്രൈസ്തവര്‍ ഇതുവരെ കണ്ടിട്ടുണ്ടോ എന്നു സംശയിക്കുന്നു. കഥാപ്രസംഗത്തെക്കാള്‍ ആകര്‍ഷണീയശൈലിയിലുള്ള അദ്ദേഹത്തിന്റെ ജ്ഞാനപ്രഭാഷണങ്ങള്‍ എങ്ങനെ മുഴുവന്‍ കേരളത്തെയും കേള്‍പ്പിക്കാം എന്നാലോചിക്കേണ്ടിയിരിക്കുന്നു.
        അദ്ദേഹവുമായുള്ള ഈ അഭിമുഖം ഇപ്പോള്‍ 'Youtube' തുറന്ന് 'Samuel Koodal Mukhangal' എന്നു ടൈപ്പുചെയ്തു കൊടുത്താല്‍ മതി, ഉടന്‍ ലഭ്യമാണ് എന്നറിയിക്കട്ടെ. അല്ലെങ്കില്‍ 'അത്മായശബ്ദം' ബ്ലോഗ് സന്ദര്‍ശിച്ച് മേല്‍ സൂചിപ്പിച്ച ദിവസങ്ങളില്‍ കൊടുത്തിട്ടുള്ള വീഡിയോ അഭിമുഖം കാണുക, കേള്‍ക്കുക, അനുഭവിക്കുക.

No comments:

Post a Comment