Translate

Monday, June 30, 2014

അര്‍ബുധമുണ്ടേല്‍ അമുക്കരവും കാണും

എ കെ ആന്റണിക്ക് പത്തു വര്‍ഷമായി ഇല്ലാതിരുന്ന സംസാര ശേഷി അത്ഭുതകരമായി തിരിച്ചു കിട്ടിയെന്ന ഒരു പോസ്റ്റ്‌ ഫെയിസ് ബുക്കില്‍ കണ്ട് ചിരിച്ചു പോയി. ഇനി AICC യിലും ഗാന്ധിയന്‍ വചന പ്രഘോഷണം തുടങ്ങിയോ എന്ന് നോക്കി. ഒന്നും കണ്ടില്ല. വീണ്ടും ഫെയിസ് ബുക്ക് സ്ക്രോള്‍ ചെയ്തപ്പോള്‍ ആര്‍തര്‍ സി ക്ലാര്‍ക്കിന്‍റെ ക്വൊട്ടേഷനുമായി വേറൊരു പോസ്റ്റ്‌ കണ്ടു, ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം മതങ്ങള്‍ മനുഷ്യരില്‍ നിന്ന് ധാര്‍മ്മികത തട്ടിയെടുത്തതാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കത്തോലിക്കാ സഭയിലും ഇത് തന്നെയാണല്ലോ സ്ഥിതി എന്നോര്‍ത്തുകൊണ്ട് കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ് ചെയ്തു. മതങ്ങള്‍ അവസാനിക്കുന്നിടത്ത് മനുഷ്യന്‍ ജീവിതം തുടങ്ങും എന്നൊരു വചനം എനിക്ക് കൊടുക്കാന്‍ സ്വന്തമായിട്ടുണ്ടായിരുന്നു.  അത് ഷേക്സ്പിയറിന്‍റെ പേരില്‍ പോസ്റ്റ്‌ ചെയ്താലോ എന്നോര്‍ക്കാതിരുന്നില്ല.
അതിരാവിലെ എണീറ്റ് നോക്കിയാലെ ഫെയിസ് ബുക്ക് നോക്കാന്‍ പറ്റൂ. ഓഫീസില്‍ പോകാനുള്ള തിരക്കില്‍ സാധാരണ അത് നടക്കാറുമില്ല. വല്ലോം എഴുതണമെങ്കില്‍ പാതിരാക്കെ നടക്കൂ, അതാണ്‌ സ്ഥിതി. സ്വന്തം മതത്തെ പ്രാകിയതുകൊണ്ടാണോ എന്നറിയില്ല അന്ന് ബ്രെയ്ക്ക് ഫാസ്റ്റ് കഴിക്കാനേ പറ്റിയില്ല. അര മുക്കാല്‍ മണിക്കൂര്‍ നീണ്ട ഒരു ഫോണ്‍ കോളാണ് വില്ലനായത്. വിളിച്ചത് ഒമാനില്‍ നിന്നൊരു ഡോക്ടര്‍, ഒരു സൂപ്പര്‍ സ്പെഷ്യലിസ്റ്റ്. വൈകിട്ട് അദ്ദേഹത്തിന് സമയം കിട്ടാനിടയില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ വിളിക്കുന്നതെന്ന് ക്ഷമാപൂര്‍വ്വം പറഞ്ഞു. വളരെ വിഷമിച്ചാണ് എന്‍റെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചതെന്ന് കൂടി പറഞ്ഞപ്പോള്‍, വരുന്നത് വരട്ടെയെന്ന് കരുതി ആ ഫോണില്‍ ഞാന്‍ തല വെച്ച് കൊടുത്തു. കഴിഞ്ഞ ആഴ്ച ഒരു മാര്‍ത്തോമ്മാക്കാരന്‍ വര്‍ഗിസിന്‍റെ കത്തോലിക്കാ പെണ്‍കുട്ടിയുമായുള്ള കല്യാണം മുടങ്ങിയ കഥ ഞാന്‍ എഴുതിയിരുന്നല്ലോ. അതദ്ദേഹത്തിന്‍റെ ചെവിയില്‍ ആരോ എത്തിച്ചു കൊടുത്തിരുന്നു. വര്ഗീസിനു പറ്റിയ ഉപായം പറഞ്ഞുകൊടുക്കാനായിരുന്നു അദ്ദേഹം വിളിച്ചത്. അദ്ദേഹത്തിനു വേണ്ടിയത് ഈ വര്‍ഗിസിന്‍റെ ഫോണ്‍ നമ്പറായിരുന്നു; അത് എന്‍റെ കൈയ്യില്‍ ഇല്ലാതിരുന്നത് കൊണ്ട് എല്ലാം ഞാന്‍ തന്നെ സഹിക്കേണ്ടി വന്നു.
“അച്ചായന്‍റെ ബ്ലോഗ്‌ ഞാന്‍ കണ്ടിരുന്നു.” അദ്ദേഹം പറഞ്ഞു.
“അച്ചായന്‍റെ ബ്ലോഗ്ഗോ?” ഞാന്‍ ചോദിച്ചു.
“ങ്ങ്ഹാ... കൂടല്‍ അച്ചായന്‍റെ ബ്ലോഗ്ഗ്.” അദ്ദേഹം പറഞ്ഞു. അല്മായാ ശബ്ദത്തില്‍ കൂടല്‍ അച്ചായന്‍ നിറഞ്ഞു നില്‍ക്കുന്നത് കൊണ്ടായിരിക്കണം അദ്ദേഹം അങ്ങിനെ കരുതിയതെന്നു ഞാന്‍ ഊഹിച്ചു. കൂടല്‍ അച്ചായന്‍ അത്മായരുടെ വാനമ്പാടിയാണെന്ന് അദ്ദേഹത്തിനു അറിയില്ലല്ലോ. കൂടല്‍ അച്ചായനെ അറിയുമെന്ന് അദ്ദേഹം പറഞ്ഞു. പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ അങ്ങേരും മാര്‍ത്തോമ്മാക്കാരന്‍, കെട്ടിയിരിക്കുന്നതോ ഒന്നാന്തരം ഒരു കത്തോലിക്കാ ഡോക്ടറേയും. അദ്ദേഹം പ്രീകാനാ കോഴ്സിനു പോയ കാര്യവും, മാമ്മോദിസാ മുങ്ങിയ കാര്യവും കുമ്പസാരിച്ച കാര്യവും, നമസ്കാരം ചൊല്ലി കേള്‍പ്പിച്ചതും എല്ലാം രസകരമായി പറഞ്ഞു. അതുകൊണ്ട് ഒത്തുകല്യാണവും കല്യാണവുമെല്ലാം പെണ്ണിന്‍റെ വിട്ടുകാര്‍ തന്നെ നടത്തിയെന്നും, പള്ളിക്ക് പതാരം പോലും അങ്ങേര്‍ക്കു കൊടുക്കേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“എവന്മാരെ പറ്റിക്കാന്‍ ഒരു വിഷമവുമില്ല. ഈ മാമ്മൊദീസാ മുങ്ങിയതല്ലാതെ ഞാന്‍ പിന്നെ ആ വഴി പോയിട്ടില്ല.” ഡോക്ടര്‍ പറഞ്ഞു.
“അത് ചതിയല്ലേ?” ഞാന്‍ ചോദിച്ചു.
“ഇവന്മാര് വിശ്വാസികളോട് കാണിക്കുന്നതും ചതിയല്ലേ?” ഡോക്ടര്‍ ചോദിച്ചു. അതിനു മറുപടി പറയാന്‍ എനിക്ക് കഴിഞ്ഞില്ല. ആദ്യം എന്‍റെ മനസ്സിലേക്ക് വന്നത് കാഞ്ഞിരപ്പള്ളിയിലെ മോനിക്കാ കേസായിരുന്നു. തട്ടിപ്പിന്‍റെ കൂടുതല്‍ കഥകള്‍ മനസ്സിലേക്ക് വരുന്നതിനു മുമ്പേ ഡോക്ടര്‍ വീണ്ടും പറഞ്ഞു.
“ഇവന്മാര്‍ക്ക് ഒരു ചക്കേം രണ്ടു കിഴങ്ങും കൊടുത്താല്‍ എന്തും ചെയ്യിപ്പിക്കാമെന്നു എന്നോട് പറഞ്ഞത് ഞങ്ങടെ തന്നെ അച്ചനാ. അച്ചന്‍ പറഞ്ഞത്, ആ വകേല്‍ ഇപ്പൊ മാര്‍ത്തോമ്മാ സഭയിലേക്ക് ഇതിനോടകം പത്തഞ്ഞൂറു കത്തോലിക്കാ പെണ്കുട്ടികളെങ്കിലും വന്നിട്ടുണ്ടെന്നാ. അവിടെ പോയി ഒരു മാമ്മോദിസാ മേടിച്ചതുകൊണ്ട് ഒന്നും നഷ്ടപ്പെടാനില്ലെന്നും അങ്ങേര് പറഞ്ഞാരുന്നു. കെട്ടിവന്ന ഒരുത്തിയും തിരിച്ചങ്ങോട്ടു പോയിട്ടില്ലെന്നും അച്ചന്‍ പറഞ്ഞു.” ഞാന്‍ ഓര്‍ത്ത്‌ നോക്കി. ഈ നിര്‍ബന്ധിത മാമ്മോദിസാ മുക്കലല്ലാതെ കെട്ടിയ ഒരുത്തരും തിരിച്ചു വന്നിട്ടില്ലല്ലോയെന്നു ഞാനും ഓര്‍ത്തു. കണക്കു നോക്കിയാല്‍ സഭ വിട്ടുപോയവരുടെ എണ്ണം ലക്ഷങ്ങള്‍ വരുമെന്ന് ഏതായാലും അങ്ങേരോട് ഞാന്‍ പറഞ്ഞില്ല.
“ഈ ചക്കേടെം കിഴങ്ങിന്‍റെയും കഥ എന്താ?”  ഞാന്‍ ചോദിച്ചു.
“അതോ, നിങ്ങടെ കഥ അനുസരിച്ച് മാര്‍ത്തോമ്മാ ഇവിടെ വന്നപ്പോള്‍ ഇത് രണ്ടുമേ കിട്ടിയിരിക്കാന്‍ ഇടയുള്ളൂ. അതേ അന്ന് അടിയാന്മാര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. അതും തിന്നോണ്ട് കാനോന്‍ നിയമവും വായിച്ച് രസിച്ചു കേരളത്തിലെ കത്തോലിക്കാ മെത്രാന്മാര്‍ ഇരുന്നോളും എന്നാ ഞങ്ങടെ അച്ചന്‍ പറഞ്ഞത്.” കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരെ മുഴുവന്‍ മണ്ടന്മാരായി വ്യാഖ്യാനിച്ചത് എനിക്കിഷ്ടപ്പെട്ടില്ല. മണ്ടന്മാരാണെന്നുള്ളത്‌ നമ്മള്‍ അറിഞ്ഞാ മതിയല്ലോ എന്നെ ഞാന്‍ ചിന്തിച്ചുള്ളൂ. മെത്രാനെ പറ്റിച്ചു ദീപികയും കൊണ്ട് ആരാണ്ട് പോയ കഥ ഈ ഡോക്ടര്‍ കേട്ടിരിക്കരുതേയെന്നു ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു പോയി.
“അര്‍ബുധമുണ്ടേല്‍ അമുക്കരവും കാണും; കൊടുത്താല്‍ കൊല്ലത്തും കിട്ടും” അദ്ദേഹം പറഞ്ഞു. അര്‍ബുധത്തിന് അമുക്കരം കൊണ്ട് ആയുര്‍വ്വേദത്തില്‍ ചികിത്സ കാണുമായിരിക്കുമെന്നു ഞാന്‍ ഊഹിച്ചു. 
"നിങ്ങള്ക്ക് പോലും ഇവരെ വിശ്വാസമില്ലല്ലോ. പണ്ടൊക്കെ ഒരു കത്തോലിക്കന്‍ മരിച്ചാല്‍ 'അന്ത്യ കൂദാശകളെല്ലാം സുബോധത്തോടെ സ്വീകരിച്ചു കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു' എന്ന് എഴുതി കാണിക്കുമായിരുന്നല്ലോ. ഇപ്പൊ അങ്ങിനെ അധികമാരും എഴുതുന്നില്ലല്ലോ." ഡോക്ടര്‍ പറഞ്ഞു. തട്ടിപ്പുമായി നടക്കുന്നവരെ അങ്ങിനെ തന്നെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ പറഞ്ഞുവെന്ന് ഈ വര്ഗീസിനെ കണ്ടു പറയണം എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തത്.
നമ്പ്യാരുമായുള്ള അഭിമുഖത്തിന്‍റെ കഥ അല്മായാ ശബ്ദത്തില്‍ എഴുതേണ്ടിയിരുന്നില്ലായെന്നുതന്നെ എനിക്ക് തോന്നി. ഇനിയിപ്പോള്‍ വര്‍ഗിസിനെ തേടിപ്പിടിച്ച് ആലോചന മുടങ്ങിയോന്നു ചോദിക്കണം, അതിനി ഒന്നുകൂടി ഉറപ്പിച്ചു മുന്നോട്ടു പോകാന്‍ അങ്ങേര്‍ക്കു താല്പ്പര്യമുണ്ടോന്നറിയണം ..... ഇതെല്ലാം എന്‍റെ ചുമതല എന്ന മട്ടിലായിരുന്നു ഡോക്ടര്‍ സംസാരിച്ചത്. വര്‍ഗിസിനെ കണ്ട് ഡോക്ടറെ വിളിക്കാന്‍ എല്പ്പിക്കുകായിരിക്കും ഉചിതം എന്ന് ഞാന്‍ തിരുമാനിച്ചു. സര്‍വ്വ മനുഷ്യര്‍ക്കും ഈ കത്തോലിക്കാ മെത്രാന്മാരോട് ഇത്ര അവജ്ഞ തോന്നാന്‍ എന്തായിരിക്കും കാരണമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല. ഞാന്‍ കൂവുന്നത് കൊണ്ടാണ് നേരം വെളുക്കുന്നതെന്ന് കരുതുന്ന കൊഴിപ്പൂവനോട് നമുക്ക് അവജ്ഞയല്ലല്ലോ സഹതാപമല്ലേ തോന്നുന്നത് എന്ന് ഞാനോര്‍ത്തു.

പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ കത്തോലിക്കാ സഭയില്‍ ഉള്ളവരില്‍ ബഹുഭൂരിപക്ഷവും അച്ചന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് തലവെച്ചു കൊടുക്കുന്നത് ഈ മാര്‍ത്തോമ്മാക്കാരന്‍ ഡോക്ടര്‍ പറഞ്ഞ മനോഭാവത്തോടെ ആണല്ലോ എന്നോര്‍ത്തപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കാര്യം സാധിച്ചു കഴിഞ്ഞാല്‍ അവരും പമ്പ കടക്കും. നോക്കിയാലോ, കത്തോലിക്കാ സഭ നിറയെ അതിതീവ്ര വിശ്വാസികളും! കെട്ടഴിച്ചു വിട്ടാല്‍ പിറ്റേന്ന് അരമന അവിടെ കാണില്ലെന്ന് അവര്‍ക്കുമറിയാം, സര്‍വ്വ നാട്ടുകാര്‍ക്കുമറിയാം.          

1 comment:

  1. dear roshan ,മോന്റെ "ഞാന്‍ കൂവുന്നത് കൊണ്ടാണ് നേരം വെളുക്കുന്നതെന്ന് കരുതുന്ന കൊഴിപ്പൂവനോട് നമുക്ക് അവജ്ഞയല്ലല്ലോ സഹതാപമല്ലേ തോന്നുന്നത് എന്ന് ഞാനോര്‍ത്തു"എന്ന വാചകം പുരോഹിത /പാസ്ടർ പുങ്കന്മാരോടുള്ള ക്ലാസ്സിക്‌ ഉപമയാണ് ! ഇതിനു സമാനമായി എന്റെ 'അപ്രിയ യാഗങ്ങളിലെ ' പ്രാര്ഥനായജ്ഞം എന്ന പാട്ടിനെ പല്ലവിയോടുപമിക്കാം!
    (ഊരയാടിപക്ഷിക്കെന്തോരഹങ്കാര ജൽപ്പനങ്ങൾ ?
    "ഭൂമിയെ കുലുക്കുന്നു ഞാൻ " സ്വയം ചിലച്ചു ;
    അതുപോലെ സർവേശനെ വരുതിയിലാക്കാൻ സദാ
    ജൽപ്പനങ്ങൾ പാതിരിയും പാസ്റ്റരും വൃഥാ !"

    ഇന്നലത്തെ മഴയ്ക്കയ്യേ മുളച്ച തകര സമം
    ഇത്തിരിപ്പോയ് കാണാതാകും പുല്ലിനു തുല്യം;
    എന്നാകിലും "ഈശൻ എന്റെ വരുതിയിൽ"എന്ന് നാണം
    തെല്ലുമില്ലാതുരുവിടും നാവുകൾ നിങ്ങൾ !

    പ്രാർഥിച്ചു പ്രാർഥിച്ചു ദൈവത്തേം മനുഷ്യനെയും ഒരേസമയത്തു പറ്റിക്കുന്ന മഹാതട്ടിപ്പ് വീരന്മാരാണീക്കൂട്ടർ ! ഗദ്സേമനയിലെ ക്രിസ്തുവിന്റെ "കഴിയുമെങ്കിൽ ഈ പാനപാത്രം നീക്കേണമേ "എന്ന പ്രാര്ത്ഥന ചീറ്റിപ്പോയതു നാം കണ്ടതല്ലേ ? അതിനാലാണ്
    "ഈശനോടു പ്രാർഥിക്കാതെ പ്രാപിക്കൂ നീ അവനെ
    നിൻ ചേതസിനെ ഉണർത്തുമാ ഭോധചെതന ;
    മുന്തിരിതൻ വള്ളിയോടു ചില്ലയോന്നും പ്രാർഥിക്കില്ല ,
    പ്രാപിച്ചവർ പരസ്പ്പര പൂരകം, ഒന്നായ് !" എന്ന് എനിക്കും പാടേണ്ടി വന്നതും ,,,,പ്രാർത്ഥനയല്ല ഹൃദയസ്തനായ ആ സത്യനിത്യ ചൈതന്യത്തെ മനസിന്നുള്ളറയിലെ മൌനത്തിൽ പ്രാപിക്കുകയാണ് വേണ്ടത്! ഇത് പറഞ്ഞുതരുവാൻ ഈ കാളേത്തിന്നിക്കാളകൾക്കു, അവൻ വീണ്ടും വരുമെങ്കിൽ അന്നാളുവരെ കഴിയുകയില്ല ! കാരണം, വിവരവും വിദ്യയും ഇവര്ക്കില്ല ഒട്ടുവേണ്ടാതാനും........ എഴുത്ത് മോനെ,എഴുത്ത് ..ജീവന്റെ അവസാനത്തുടിപ്പുവരെ എഴുത്ത് ..പക്ഷെ നന്നാവുകില്ലെന്നൊരുൾവാശിയുള്ള ജനം എന്നും കത്തനാരുടെ വാലാട്ടികളായിരിക്കും ! "അടിമത്തം എനിക്ക് ഭൂഷണം" എന്നാമനസുകൾ സദാ "ആമ്മേൻ" കരയുമ്പോൾ നാം കേള്ക്കുന്നില്ലേ ?
    സമയമുള്ളപ്പോൾ ,youtube ഇൽ 'samuelkoodal mughangal ' നാല് ഭാഗമായി ഞാൻ കൊടുത്തത് ഒന്ന് കേള്ക്കൂ..നന്ദി ! soundcloud .കോം ഇൽ 'samuelkoodal എന്റർ ചെയ്‌താൽ എന്റെ 'സാമസംഗീതം' കേള്ക്കാം !!!

    ReplyDelete