Translate

Wednesday, May 28, 2014

സൂചി കൊണ്ട് എടുക്കേണ്ടത്.......

ഇന്ന് കേരളം ചേരി തിരിഞ്ഞ് പോരാടുന്ന പശ്ചിമഘട്ട സംരക്ഷണ വിവാദം എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് എന്നെങ്കിലും രമ്യമായി പരിഹരിക്കപ്പെടുമെന്ന്  എനിക്ക് തോന്നുന്നില്ല. രാജ്യത്തിന്‍റെ വിശാല താത്പര്യത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് വാദിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരും, നിരവധി സാമൂഹ്യ-രാഷ്ട്രിയ പ്രസ്ഥാനങ്ങളും ഒരു വശത്തും, ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വന്നാല്‍ അതിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട കര്‍ഷകര്‍ മറുവശത്തുമായി നിന്ന് യുദ്ധം ചെയ്യുന്ന കാഴ്ചയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് പറയാം. ഈ പദ്ധതി നടപ്പാക്കിയാല്‍ പശ്ചിമഘട്ടത്തില്‍ ഇപ്പോള്‍ ജീവിക്കുന്ന അനേകം കര്‍ഷകര്‍ക്ക് അവര്‍ നട്ടു വളര്‍ത്തിയതാണെങ്കില്‍ പോലും മരങ്ങള്‍ യഥേഷ്ടം വെട്ടാനും ക്വാറികളും മണല്‍ ഊറ്റു കേന്ദ്രങ്ങളും വ്യവസായ സ്ഥാപനങ്ങളും കൊണ്ക്രിറ്റ് പാര്‍ക്കുകളുമൊക്കെ എല്ലായിടത്തെയും പോലെ ഇവിടെ പ്രവര്‍ത്തിപ്പിക്കാനും കഴിയില്ല. വേറെയുമുണ്ട് ബുദ്ധിമുട്ടുകള്‍. ഈ സാഹചര്യം ഭൂമിയുടെ മൂല്യം കുറയ്ക്കുക മാത്രമല്ല, എല്ലാ അര്‍ത്ഥത്തിലും ഇവിടുത്തെ ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് മങ്ങല്‍ വീഴ്ത്തുകയും ചെയ്യും.
മറുവശത്ത്‌, പരിസ്ഥിതി സംരക്ഷിക്കപ്പെടെണ്ടത് ഒരു വ്യക്തിയുടെയോ ഒരു സമൂഹത്തിന്‍റെയോ മാത്രമല്ല ഒരു ലോകത്തിന്‍റെ തന്നെ ആവശ്യമാണെന്നുള്ള പരമ സത്യവും ചര്‍ച്ച ചെയ്യപ്പെടെണ്ടതുണ്ട്. മിക്ക വികസിത രാഷ്ട്രങ്ങളും ഇത് മുന്നില്‍കണ്ട് ആവാസ വ്യവസ്ഥിതിക്കു കോട്ടം തട്ടാതെയുള്ള പദ്ധതികള്‍ നടപ്പാക്കി. അമേരിക്കയിലെ ചിക്കാഗോ നഗരത്തിനു നടുവില്‍  ഒരു വനം തന്നെയുണ്ടെന്ന് എത്രപേര്‍ക്കറിയാം? പരിസ്ഥിതി അലങ്കൊലമാക്കിയാല്‍ അതുണ്ടാക്കുന്ന വിപത്തുകളെപ്പറ്റി മനസ്സിലാക്കാനല്ലാതെ ഇശ്ചാശക്തിയോടെ പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍  നടപ്പാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാം പറഞ്ഞത് അടുത്ത നാല്‍പ്പതു വര്‍ഷങ്ങള്‍ക്കുള്ളില്‍ വെള്ളത്തിനു സ്വര്‍ണ്ണത്തേക്കാള്‍ വില വരുമെന്നാണ്. ഇത് വെറുമൊരു തമാശയോ കഴമ്പില്ലാത്ത ഭാവനയോ മാത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. നാം പ്രകൃതിയോട് കാണിക്കുന്ന ക്രൂരത ഓസോണ്‍ പാളികളില്‍ വിള്ളലുണ്ടാക്കുക മാത്രമല്ല, മനുഷ്യരുടെ ദൈനംദിന ജീവിതവും ദുസ്സഹമാക്കുമെന്നു മുന്നേ കണ്ട മനുഷ്യ സ്നേഹികളാണ്  ഒരു മരത്തിനു വേണ്ടിയും ഒരു ജീവിക്ക് വേണ്ടിയും ഇവിടെ വാദിക്കുന്നത്. കഴിഞ്ഞ വര്ഷം കൂടിയ കേരള മെത്രാന്മാരുടെ സിനഡ് പരിസ്ഥിതിദ്രോഹം പാപമാണെന്ന് വരെ പറഞ്ഞു വെച്ചുവെന്നോര്‍ക്കണം. സസ്യസ്യാമളം കോമളം എന്നൊക്കെ പാടി കവികള്‍ പുകഴ്ത്തിയ കേരളമല്ല ഇന്നുള്ളത്, അന്നത്തെ കാലാവസ്ഥയുമല്ല ഇന്നുള്ളത്. ലോക രാഷ്ട്രങ്ങള്‍ ശത്രു-മിത്ര ഭേദമന്യേ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ബഹുകോടികള്‍ ചിലവാക്കുന്നത് ഈ സത്യം മുന്നില്‍ കണ്ടുകൊണ്ടാണ്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ട സംരക്ഷണം നടപ്പാക്കിയാല്‍ അവിടങ്ങളില്‍ സ്ഥിരതാമസക്കാരായ കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കാണണം എന്നൊരു നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കില്‍ കേരളമെന്നു മാത്രമല്ല ഭാരതം  മുഴുവന്‍ അതിനെ പിന്തുണക്കുമായിരുന്നു. പക്ഷെ, ഇടുക്കിയില്‍ നടന്നത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്പാടെ തള്ളിക്കളയണമെന്ന ആവശ്യമാണ്‌. ഇടുക്കിയില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിസ്ഥിതി സംബന്ധം മാത്രമല്ല. അവിടെ ഒരു കൃഷി എന്ന് നടത്തണമെന്നും, വിളവ് എന്നെടുക്കണമെന്നും തീരുമാനിക്കുന്നത് തൊഴിലാളി യൂണിയനാണ്. കര്‍ഷകരും തൊഴിലാളി യൂണിയനുകളും തമ്മില്‍ നിരവധി സംഘര്‍ഷങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്; അന്നൊന്നും സഭ ഇതില്‍ കാര്യമായി ഇടപെട്ടിട്ടുമില്ല. ഇന്ന് കര്‍ഷകര്‍ക്ക് വേണ്ടി സഭ അതിന്‍റെ മെഷിനറി ഇടുക്കിയില്‍ പ്രവര്‍ത്തിപ്പിക്കുന്നെങ്കില്‍ അതിനൊരു കാരണം കോണ്ഗ്രസ്സ് നേതൃത്വവുമായുള്ള സ്വര വ്യത്യാസമാണെന്ന് പറയാതെ വയ്യ. പൊതു സമൂഹത്തെ ഇടുക്കിയുടെ ആവശ്യം ബോദ്ധ്യപ്പെടുത്തുന്നതില്‍ മെത്രാന്‍റെ നേതൃത്വത്തിലുള്ള സമര സമിതി അമ്പേ പരാജയപ്പെട്ടുവെന്ന് തന്നെ പറയാം. SNDP പോലുള്ള സമുദായങ്ങള്‍ പൊതു സമരത്തില്‍ നിന്ന് പിന്മാറിയതിന്‍റെ കാരണം സമരം ഹൈജാക്ക് ചെയ്യപ്പെട്ടത് തന്നെ.

ഇടുക്കി രൂപത കര്‍ഷകര്‍ക്ക് വേണ്ടി രംഗത്തിറങ്ങിയപ്പോള്‍ അവിടുത്തെ കര്‍ഷകര്‍ സന്തോഷത്തോടെയാണ് അതിനെ വരവേറ്റത്. പക്ഷെ, ഹര്‍ത്താലുകള്‍ ഒന്നൊന്നായി ആഘോഷിക്കപ്പെട്ടപ്പോള്‍, കോണ്ഗ്രസ്സ് സ്ഥാനാര്‍ഥിയോട് മെത്രാന്‍ അപമര്യാദയായി സംസാരിച്ചപ്പോള്‍, കര്‍ഷക സമരസമിതി ഇടതുപക്ഷ നേതാക്കളുമായി ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍, സമര സമിതിയില്‍ നിന്ന് മറ്റു സമുദായങ്ങള്‍ പിന്മാറിയപ്പോള്‍, ദേവാലയങ്ങളില്‍ നിന്നും രാഷ്ട്രിയ പ്രസംഗങ്ങള്‍ ഉയര്‍ന്നപ്പോള്‍ ....... സമരത്തിന്‍റെ ഗതിയും മാറി, ലക്ഷ്യവും മാറി - സമരം ഒരു സമുദായത്തിന്‍റെതെന്നു മുദ്ര കുത്തപ്പെടുകയും ചെയ്തു. ഈ ഗതി വ്യതിയാനം ഇലക്ഷനിലും കണ്ടു, ആകെയുള്ള കത്തോലിക്കരില്‍ പകുതിപ്പേരുടെ വോട്ടുകള്‍ പോലും സഭയുടെ സ്ഥാനാര്‍ഥിയുടെ പെട്ടിയില്‍ വീണില്ല. അരമന്ക്ക് നേരെ പടക്കം എറിഞ്ഞത് ഒരാള്‍ മാത്രമായിരുന്നെങ്കിലും, വൈദികരെ ഫോണില്‍ വിളിച്ച് ചീത്ത പറയാന്‍ നിരവധിപ്പേരുണ്ടായിരുന്നു, എല്ലാവരും കത്തോലിക്കരുമായിരുന്നു എന്നാണ് കേട്ടത്. രൂപതയുടെ നേതൃത്വത്തില്‍ ഒരു MP യെ സൃഷ്ടിക്കാന്‍ കഴിഞ്ഞു, വരുംകാലത്ത് സഭാമക്കളുടെ എണ്ണം കാട്ടി ഇരു മുന്നണികളെയും കേരളത്തില്‍ വിറപ്പിക്കുവാനും കഴിഞ്ഞേക്കും. പക്ഷെ, അവിടം കൊണ്ട് തീരുന്നതല്ല ഇടുക്കിയിലെ കര്‍ഷകരുടെ പ്രശ്നം. ഭരണം ഇപ്പോള്‍ BJP യുടെ കൈയ്യിലാണ്. BJP മുല്ലപ്പെരിയാറിന്‍റെ കാര്യത്തിലും എടുക്കുന്ന തീരുമാനം നിര്‍ണ്ണായകവുമാണ്. മുല്ലപ്പെരിയാര്‍ ഒരിക്കലും പൊട്ടാത്ത ഡാമുമല്ല, ഏറെ ദുര്ബ്ബലപ്പെട്ടതുമാണ്, ഏഷ്യയില്‍ സുര്‍ക്കി കൊണ്ട് പണിയപ്പെട്ടതില്‍ ഡികമ്മിഷന്‍ ചെയ്യപ്പെടാതെ അവശേഷിക്കുന്ന ഏക ഡാമുമാണ്. ഇതെല്ലാം സഭയുടെ സ്വന്തം ഒരു MP ക്ക് പരിഹരിക്കാവുന്നതല്ല. BJP യുടെ എകീകൃത സിവില്‍ കോഡും, കൃഷ്ണയ്യരുടെ ചര്ച്ച് ആക്റ്റും ഡമോക്ളിസിന്‍റെ വാള്‍ പോലെ മെത്രാന്മാരുടെ തലയ്ക്കു മുകളില്‍ ഉണ്ട്. സ്വാര്‍ത്ഥ താത്പര്യം വെടിഞ്ഞ് പൊതുസമൂഹത്തെ കണക്കിലെടുത്തു കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് മുന്‍‌തൂക്കം നല്‍കി കര്‍ഷകന്‍റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടാല്‍ പരിഹരിക്കപ്പെടാവുന്ന ഒരു പ്രശ്നം കൂടുതല്‍ സങ്കിര്‍ണ്ണമാക്കരുതെയെന്നു ബന്ധപ്പെട്ടവരോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു.

ജോസഫ് മറ്റപ്പള്ളി 

No comments:

Post a Comment