Translate

Sunday, May 18, 2014

ഇടുക്കി നല്കുന്ന പാഠം

ഇടുക്കി അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍ റിസള്‍ട്ട് വരുന്നതിനു മുമ്പേ കേരളം ചര്‍ച്ച ചെയ്ത് തുടങ്ങിയതാണ്‌. പശ്ചിമഘട്ട കര്‍ഷക സമര സമിതിയുടെ പേരില്‍ സ്വന്തമായ ഒരു നേതാവിനെ നിര്‍ത്തി വിജയിപ്പിക്കാന്‍ രൂപതയ്ക്ക് കഴിഞ്ഞു. പക്ഷെ........ ബാക്കി ഭാഗം പൂരിപ്പിക്കുവാന്‍ നിരീക്ഷകര്‍ ശ്രമിക്കുമ്പോഴാണ് ബിഷപ്പിനു നേരെ സ്പോടക വസ്തുക്കള്‍ എറിഞ്ഞ വാര്‍ത്ത പുറത്ത് വന്നത്. ഈ ആക്രമണ ശൈലി ആയിരുന്നില്ല മെത്രാനോട് പ്രതിക്ഷേധമുള്ളവര്‍ സ്വീകരിക്കേണ്ടിയിരുന്നത്. ഇതിനെ ആരും അനുകൂലിക്കുമെന്നും ഞങ്ങള്‍ക്ക് തോന്നുന്നില്ല.
ഇടുക്കിയിലെ പശ്ചിമഘട്ട കര്‍ഷക സമരസമിതി അവിടുള്ള എല്ലാ സമുദായങ്ങളുടെയും ഐക്യത്തിന് നിദാനമായിരിക്കേണ്ടതാണ്. അവിടെ സംഭവിച്ചത് മറിച്ചാണ്, രൂപത അതിനെ അതിന്‍റെ നിയന്ത്രണത്തിലാക്കി. ഇത് കൊണ്ട് സംഭവിച്ചത്, കേരള ജനതയുടെ പൊതുവികാരം തങ്ങള്‍ക്കനുകൂലമാക്കാന്‍ സമരസമിതിക്ക് കഴിഞ്ഞില്ല എന്നതാണ്. പശ്ചിമ ഘട്ടം സംരക്ഷിക്കപ്പെടെണ്ടത് നാളത്തെ ലോകത്തിനു അത്യന്താപേക്ഷിതമാണെന്നുള്ള ചിന്തയില്‍ തന്നെയാണ് കേരളത്തിലെയും ഭാരതത്തിലെയും ചിന്തിക്കുന്ന ജനസമൂഹം. മറ്റൊരു വിപത്തു കണ്ടത്, കരഷകര്‍ക്ക് വേണ്ടി നില്‍ക്കാന്‍ സാധ്യത ഉണ്ടായിരുന്ന മുഖ്യധാരാ രാഷ്ട്രിയ പാര്‍ട്ടികളെ സമരസമിതി അകറ്റി എന്നതാണ്. തങ്ങളുടെ സ്ഥാനാര്‍ഥി ജയിച്ചാല്‍ ഇതിനു പരിഹാരം കാണുമെന്നുള്ള പ്രത്യാശ അരമനക്ക് പോലും ഇന്നില്ല. കേന്ദ്രം BJP ഭരിക്കുന്നു, ഗുജറാത്തില്‍ ഒരു പള്ളിക്ക് ലൈസന്‍സ് കൊടുക്കാന്‍ മടിക്കുന്ന മോഡി, അരമനയെ രക്ഷിക്കാന്‍ സമയം ചിലവഴിക്കുമെന്ന് ആരും കരുതുന്നില്ല.
മുല്ലപ്പെരിയാര്‍ അനന്തകാലത്തേക്ക് നില്‍ക്കുന്ന ഒരു ഡാമല്ല. ആയിരക്കണക്കിന് ടണ്‍ സുര്‍ക്കി ഇതിനോടകം അണക്കെട്ടില്‍ നിന്ന് ഒഴുകി പോയിരിക്കുന്നു. ഇതിനൊരു പരിഹാരം കാണുവാനും ഇടുക്കി രൂപതക്കാവില്ല. ഇത്തരം സാങ്കേതിക പ്രശ്നങ്ങളില്‍ അരമന കുടുങ്ങിയപ്പോള്‍ ഇത് മുന്നേകണ്ട നിരവധിപ്പേര്‍ അരമനയുടെ നിലപാട് വിശ്വാസികളെ വഞ്ചിക്കുന്നതായിരുന്നു എന്ന് ആരോപിച്ചാല്‍ ആര്‍ക്കും മറുപടി പറയാനാവില്ല. ആ പകയായിരിക്കാം അരമനക്ക് നേരെ സ്പോടക വസ്തു എറിയാന്‍ അക്രമികളെ പ്രേരിപ്പിച്ചത്. വിശ്വാസത്തിന്‍റെ പേരില്‍ ദേവാലയങ്ങളില്‍ ഒരുമിച്ച കൂടിയ സമുദായാംഗങ്ങളെ താത്കാലിക ലാഭത്തിനു വേണ്ടി മസ്തിഷ്ക പ്രശ്ചാളനത്തിനു വിധേയരാക്കിയ വൈദികര്‍ക്കെതിരെ ഓരോ ഇടവകയിലും ചോദ്യങ്ങള്‍ ഉയരും എന്നത് നിശ്ചയമാണ്. ബുള്ളറ്റ് പ്രൂഫ്‌ കാര്‍ ആവശ്യമുള്ള ഒരു മെത്രാനും കൂടിയായി എന്ന് പറഞ്ഞ് അവഗണിക്കാവുന്ന ഒരു പ്രശ്നമല്ലിത്.
കേരളത്തിലെ കത്തോലിക്കാ സഭ താളം തെറ്റി ഓടാന്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. പക്ഷെ, നവീകരണ പ്രസ്ഥാനക്കാരും വിമര്‍ശകരും സ്വീകരിക്കേണ്ടത് അക്രമത്തിന്‍റെ മാര്‍ഗ്ഗമല്ല, തച്ചുടക്കലിന്‍റെ മാര്ഗ്ഗവുമല്ല; പകരം സ്വയം നവീകരണത്തിലൂടെയുള്ള തിരുത്തലിന്‍റെ മാര്‍ഗ്ഗമാണെന്ന് എല്ലാവരെയും ഞങ്ങള്‍ ഓര്‍മ്മിപ്പിക്കട്ടെ. വൈകാരികമായി ആരെയും ഉണര്‍ത്തുന്ന പ്രക്രിയകളല്ല നമുക്കാവശ്യം, പകരം ആത്യന്തികമായി മനുഷ്യരെ മോചനത്തിലേക്ക് നയിക്കുന്ന നിലപാടുകളാണ്. ഇടുക്കി കുറെക്കാലത്തേക്കെങ്കിലും കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് കൈമാറാന്‍ രൂപത സഹായിച്ചു എന്നിരിക്കിലും സമന്വയത്തിന്‍റെ പാത കൈവിടാതിരിക്കാന്‍ എല്ലാ ക്രൈസ്തവരോടും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.

No comments:

Post a Comment