Translate

Friday, May 9, 2014

ഫാദർ മാനുവൽ പിച്ചളക്കാടൻ അമേരിക്കയിൽ


ബ്രിട്ടീഷ് പ്രധാനമന്ത്രി  ഡേവിഡ്
കാമെറോണ്‍ 



















കഴിഞ്ഞ ഏപ്രിൽ ഒന്നിന്  തൊടുപുഴ ന്യൂമാൻ കോളേജ്  മലയാളം വകുപ്പുമേധാവിയായിരുന്ന  പ്രൊഫ. റ്റി. ജെ. ജോസഫിൻറെ  ഭാര്യ സലോമിക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നതിന് തൊടുപുഴയിൽ കൂടിയ പൊതുസമ്മേളനത്തിൽ ഫാദർ ഡേവിസ് കാച്ചപ്പിള്ളി നടത്തിയ പ്രഭാഷണത്തിൽ ഒരു ചോദ്യം ഉന്നയിക്കുകയുണ്ടായി. "കേരള സുറിയാനി സഭയ്ക്ക് എന്തുപറ്റി?" അദ്ദേഹം ഉദ്ദേശിച്ചത് "കേരള സുറിയാനി സഭാധികാരികൾക്ക് എന്തുപറ്റി?" എന്നാണെന്ന് തീർച്ച. കാരണം സഭയിലെ മൂപ്പന്മാർ ഇന്ന് സമ്പത്തിന്റെയും അധികാരത്തിന്റെയും   പ്രൗഡിയുടെയും സുഖലോലുപത്തിന്റെയും കയത്തിൽ മുങ്ങി കുളിക്കുകയാണ്. ഈ യേശു അനുയായികൾക്ക് എന്തുപറ്റി? ഓരോ വിശ്വാസിയും ചോദിക്കേണ്ട ചോദ്യമാണിത്. പാറേമ്മാക്കൽ  ഗൊവർണദോറും നിധീരിക്കൽ മാണിക്കത്തനാരും പാലാക്കുന്നേൽ വല്ല്യച്ചനുമൊക്കെ നല്ല നസ്രാണികളായി സ്വന്തം സഭയ്ക്കുവേണ്ടി ജീവിച്ചു മരിച്ചു. ഇന്നത്തെ മൂപ്പന്മാർ സുഖിച്ചു ജീവിച്ച് മരിക്കുന്നു!


ഇന്ത്യൻ പ്രസിഡന്റിനെ മിസ്റ്റർ എന്ന് അഭിസംബോധന  ചെയ്താൽ മതിയെന്ന് അദ്ദേഹംതന്നെ പറയുന്നു. ബ്രിട്ടനിലെ വില്ല്യം  രാജകുമാരൻ  എക്കോണമി ക്ലാസ്സിൽ മെംഫിസ്സിൽ നിന്നും ഡാള്ളസ്സിലേക്ക് അമേരിക്കൻ ഏയർലൈൻസ്സിൽ കഴിഞ്ഞ ദിവസം യാത്ര ചെയ്തു. അദ്ദേഹം ഒരു സുഹൃത്തിൻറെ വിവാഹചടങ്ങിൽ സംബന്ധിക്കാൻ അമേരിക്കയിൽ എത്തിയതായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി  ഡേവിഡ് കാമെറോണ്‍ 
ലണ്ടനിലെ അണ്ടർഗ്രൌണ്ട് ട്രെയിനിൽ ഇരിക്കാൻ സീറ്റ് കിട്ടാഞ്ഞതിനാൽ നിന്ന് യാത്ര ചെയ്യുന്നതുകണ്ട ഇന്ത്യാക്കാരി അദ്ദേഹം പ്രധാനമന്ത്രിയാണോയെന്ന്  തിരക്കി അവർ തമ്മിൽ സംസാരമാരംഭിച്ച സംഭവം പത്രങ്ങളിൽ  വായിച്ചു. ഫ്രാൻസിസ് പാപ്പ വെറും 600 ചതുരശ്രയടി  മാത്രമുള്ള വസതിയിൽ കഴിയുന്നു. ലോകത്തിൽ ഇത്രയും മഹത്വങ്ങളായ മാതൃകകൾ നടക്കുമ്പോൾ നസ്രാണി സഭയിലെ മൂപ്പന്മാർ തങ്ങൾക്ക് ദൈവദാനമായി കിട്ടിയ കൊച്ചു രാജ്യം ഭരിച്ച് സുഖിച്ച് ജീവിക്കുന്നു. അതേസമയം യേശുവചനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദരിദ്രജീവിതത്തെപ്പറ്റിയും സഹനജീവിതത്തെപ്പറ്റിയും നീണ്ട പ്രസംഗങ്ങൾ നടത്തുന്നു. കാപട്യത്തിന്റെ  പര്യായമാണ് ഇവർ.  ചെമ്മരിയാടുകളെ  നയിക്കുന്ന കപട ഹൃദയങ്ങളായ പുരോഹിത ഇടയതാരങ്ങൾ അൾത്താരയിലെ ക്രിസ്തുവിന്റെ ബലിയെ വെറും പ്രഹസനങ്ങളാക്കി  സഭയെ ദിനംപ്രതി തകർത്തുകൊണ്ടിരിക്കുന്നു.  


യേശു കാണിച്ചുതന്ന അനുകമ്പയുടെ തരിപോലും ഇല്ലാതെപോയതിനാലാണല്ലോ പ്രൊഫസർ ജോസഫിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടും കോളേജിൽ തിരിച്ചെടുക്കാതിരുന്നത്. അദ്ദേഹത്തിൻറ്റെ ഭാര്യ സലോമി ഏറ്റം നിർഭാഗ്യകരമായി മരിക്കാനിടയാക്കിയ സാഹചര്യം സൃഷ്ടിച്ചതും സഭാധികാരികളല്ലേ? ആ കുടുംബത്തെ നശിപ്പിച്ച് വേദനയിലാഴ്ത്തിയത് ഇവരല്ലേ? നമുക്കെത്ര മെത്രാന്മാരുണ്ട്? എന്തു പ്രയോജനം? ഒരു ശ്രേഷ്ഠമെത്രാപ്പൊലിത്തയുണ്ട്. എന്തു പ്രയോജനം? 'ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും' എന്നു കേട്ടിട്ടില്ലേ. താരതമ്യേന ചെറുപ്പക്കാരനും ഒരു മിഷ്യൻ രൂപതയുടെ മെത്രാനുമായിരുന്ന മാർ ആലഞ്ചേരിയെ ശ്രേഷ്ഠമെത്രാപ്പൊലിത്തയായി തിരഞ്ഞെടുത്തപ്പോൾ എൻറെ  'ഇടയൻ' എന്ന  നോവലിലെ തോമസ് പൈമ്പള്ളിൽ  മെത്രാനെപ്പോലെ ഒരു സഭാനവീകരണ ശ്രേഷ്ഠമെത്രാപ്പൊലിത്തയാകുമെന്ന് ഞാൻ മോഹിച്ചു. എൻറെ  മോഹം വെറും പാഴായ മോഹമായിപ്പോയി. സഭയെ ആകമാനം ബാധിക്കുന്ന തലോർ ഇടവക പ്രശ്നം, ഞാറക്കൽ സ്കൂൾ  പ്രശ്നം, പ്രൊഫസർ റ്റി. ജെ. ജോസഫ് പ്രശ്നം, മോനിക്ക വസ്തു പ്രശ്നം, വൈദികർ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങൾ, സഭാനവീകരണത്തിനായി മുറവിളി കൂട്ടുന്ന വിശ്വാസികളുമായി കൂടിയാലോചനകൾ ചെയ്യാൻ സഭാധികാരം വിസമ്മതിക്കുന്ന പ്രശ്നം തുടങ്ങിയവകൾക്കൊന്നും അദ്ദേഹത്തിൻറെ  നേതൃത്വത്തിന് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. അതേസമയം സീറോ മലബാർ പൈതൃകം ലോകം മുഴുവൻ പരത്താൻ അരയും തലയും മുറുക്കി സീറോ മലബാർ നേതൃത്വം ഇറങ്ങിയിരിക്കയുമാണ്.


'BIG STORY' യുടെ അഭിമുഖത്തിൽ പങ്കെടുത്ത ഡോക്ടർ സെബസ്റ്റ്യൻ പോൾ , പി. ടി. തോമസ്, ജോണ്‍  പെരുവന്താനം, അഡ്വ. കെ. രാംകുമാർ എല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കേണ്ട ഇവർ ഒരു കുടുംബത്തെ മുഴുവൻ അതിക്രൂരമായി നശിപ്പിച്ചുകളഞ്ഞുവെന്നാണ്. പ്രൊഫസർ ജോസഫിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടും കോളേജിൽ തിരുകെ കയറ്റുകയില്ല എന്ന കോതമംഗലം രൂപതയുടെ തീരുമാനം അപലപനീയവും നികൃഷ്ടവും ക്രൂരവും ധിക്കാരപരവും വേദനാജനകവുമായിരുന്നു. ശ്രീ. പവ്വത്തിൽ ഇടതുപക്ഷ രഷ്ട്രീയത്തെയും തൊഴിലാളിവർഗ രഷ്ട്രീയത്തെയും അപലപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് ധിക്കാരമല്ലേ? റിട്ടയർ ചെയ്ത ആ മാന്യദേഹം വല്ല കപ്ലോനച്ചനുമായിരുന്ന് പ്രാർഥനാജീവിതം നടത്തിക്കൂടെ? അന്ത്യവിധിയെ ഭയന്ന് ഇനിയെങ്കിലും  സത്പ്രവൃത്തികൾ ചെയ്ത് ശേഷിച്ച ജീവിതം കഴിച്ചുകൂട്ടരുതൊ? ആകാവുന്ന കാലത്ത് കേരള സഭയെ തകിടം മറിച്ച് അതിന്റെ പരമ്പര്യങ്ങളൊക്കെ കാറ്റത്തെറിഞ്ഞില്ലേ ?


പ്രൊഫസർ ടി. ജെ. ജോസഫ് വിവാദം സൃഷ്ടിച്ചതിൽ പ്രധാന പങ്കുവഹിച്ച ഫാദർ മാനുവൽ പിച്ചളക്കാടൻ അമേരിക്കയിലെ ഗാർലണ്ട് (ഡാള്ളസ്) സീറോ മലബാർ പള്ളിയിൽ താല്ക്കാലിക വികാരിയായി എത്തിയിട്ടുണ്ട്. ഇതാണ് സഭയുടെ കാപട്യത്തിൻറെ  തനിനിറം. പുറംരാജ്യത്തുപോകാനും ഉപരിപഠനം നടത്താനും ഇത്തരം വികല വൈദികർക്ക് സഭ അവസരം നല്കി അവരെ രക്ഷിക്കുന്നു. പ്രശ്നക്കാരായ തെമ്മാടി വൈദികരെ അമേരിക്കയിലേയ്ക്ക് കയറ്റി അയക്കുമ്പോൾ അവരെ സ്വീകരിക്കാൻ അമേരിക്കയിൽ ഒരു മെത്രാനുമുണ്ട്. പക്ഷെ ഗാർലണ്ട് വിശ്വാസികളുടെ കൈകൾ   പോക്കിറി വൈദികരെ തല്ലി തഴമ്പുപിടിച്ചിട്ടുള്ളതാണ്. ആ കാര്യം പിച്ചളക്കാടന് അറിയാമെന്ന് കരുതുന്നു.

1 comment:


  1. Alex Kaniamparambil in Facebook

    ഫാ.ഗോവിന്ദച്ചാമി
    സത്യവും നീതിയും ധര്‍മവും എന്താണെന്നു നന്നായി മനസ്സിലാക്കിയിട്ടുള്ള, ഏറെ അറിവും പഠിപ്പുമുള്ള വൈദികന്‍മാര്‍ ഗോവിന്ദച്ചാമിയെപ്പോലെ പെരുമാറുമ്പോള്‍ എന്തുകൊണ്ട് വിശ്വാസികള്‍ പള്ളിയില്‍ നിന്നകലുന്നു എന്ന ചോദ്യം ചോദിക്കാതിരിക്കുന്നതാണ് നല്ലത്. പള്ളിയില്‍ നിന്നും പള്ളീലച്ചന്‍മാരില്‍ നിന്നും പരമാവധി അകന്നു നില്‍ക്കുന്നതാണ് നല്ലത് എന്നു ശരാശരി ക്രിസ്ത്യാനി വിചാരിക്കുന്നുണ്ടെങ്കില്‍ അത് മേല്‍പ്പറഞ്ഞ ഗഡികളുടെ കുഴപ്പം കൊണ്ടു തന്നെയാണ്. ലൈംഗികവികാരം ഒരു പാപമല്ല. ഈ അച്ചന്‍മാരെയെല്ലാം പെണ്ണുകെട്ടിച്ച് സാധാരണമനുഷ്യരെപ്പോലെ ജീവിക്കാന്‍ അവരെയും പ്രേരിപ്പിക്കണമെന്നു സഭാനേതൃത്വത്തോട് അപേക്ഷിക്കുന്നു. വിശ്വാസികള്‍ വൈദികരെ തല്ലിക്കൊല്ലുന്ന കാലം വരെ സ്വയംതിരുത്താന്‍ കാത്തിരിക്കരുത്.....
    ബെര്‍ളി തോമസിന്റെ ശക്തമായ തൂലികയില്‍ നിന്ന്....
    http://berlytharangal.com/2014/04/25/%E0%B4%AB%E0%B4%BE-%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AE%E0%B4%BF/

    ReplyDelete