Translate

Tuesday, April 8, 2014

വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പ



2014 ഏപ്രിൽ ഇരുപത്തിയേഴാം തീയതി ഫ്രാൻസിസ് പാപ്പ ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുകയാണ്.

കത്തോലിക്കാസഭയുടെ കണക്കുംപ്രകാരം പത്രോസിന്റെ 263-മത്തെ പിൻഗ്ഗാമിയാണ് ജോണ്‍ പോൾ രണ്ടാമൻ. ഒൻപത് വർഷങ്ങൾക്കുമുൻപ് 2005 ഏപ്രിൽ രണ്ടാം തീയതിയാണ് അദ്ദേഹം നിര്യാതനായത്. പ്രതാപിയായ ഈ മാർപ്പാപ്പയുടെ നീണ്ട 26 വർഷത്തെ ഭരണകാലത്ത് ലോകദൃഷ്ടിയിൽ കത്തോലിക്കാസഭ കൂടുതൽ ഏകീകൃതമെന്ന് തോന്നുമായിരുന്നെങ്കിലും യഥാർത്ഥത്തിൽ സഭാഗാത്രം ഭിന്നിക്കപ്പെടുകയാണ് ചെയ്തത്. സഭയുടെ ക്രമപാലനത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ജോണ്‍ പോളിന്റെ ഭരണകാലത്ത് ലക്ഷക്കണക്കിന്‌ വിശ്വാസികൾ സഭവിട്ടുപോയി.

എണ്‍പത്തിനാലാം  വയസ്സിൽ മരിച്ച ഈ പാപ്പ ലോകരെ വിസ്മയിപ്പിക്കുന്ന ചരിത്ര വിജയഗാഥയുടെ ഉടമയായിരുന്നു. ഇരുപതാം  നൂറ്റാണ്ടിലെ ലോകനേതാക്കളിൽ അത്യുന്നതനായിരുന്ന ഇദ്ദേഹം സഭയെ ഇരുപത്തൊന്നാം  നൂറ്റാണ്ടിന്റെ പൂമുഖത്തേയ്ക്ക് ആനയിച്ചപ്പോൾ സ്ഥാപിതസഭകളെല്ലാം വംശനാശത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു. പാർക്കിന്സൻസ് അസുഖംമൂലം ദീർഘകാലം പ്രവർത്തനരഹിതനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ  വ്യക്തിപ്രഭാവം സഭയെ പുനർജ്ജീവിപ്പിക്കാൻ കഴിഞ്ഞു. ജോണ്‍ പോളിൻറെ  ധാർമ്മികനേതൃത്വം യൂറോപ്യൻ കമ്മൂണിസത്തിന്റെ തകർച്ചക്ക് കാരണമായി. അദ്ദേഹത്തിന്റെ  നിരന്തരമായ ലോകപര്യടനങ്ങൾക്ക് (6,90,000 മൈൽ, 104 പര്യടനങ്ങൾ, 129 രാജ്ജ്യങ്ങൾ) അതിഗംഭീരമായ മാധ്യമറിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരുന്നത്. ഒരുകാലത്ത് സി.എൻ.എൻ.പിറന്നതുതന്നെ ജോണ്‍ പോളിന് വേണ്ടിയാണോയെന്ന് തോന്നിപ്പോകുമായിരുന്നു. ലോകത്തിലെ സൂപ്പർ സ്റേഡിയങ്ങളിലെല്ലാംതന്നെ റോളിഗ് സ്റോൻ കണ്സേർട്ടാണോ  എന്ന് സംശയിക്കുന്ന രീതിയിലുള്ള അതി വിപുലമായ യൂത്ത് റാലികൾ സംഘടിപ്പിച്ച് ക്രിസ്തുസന്ദേശപ്രഘോഷണങ്ങൾ അദ്ദേഹം നടത്തിയിരുന്നു.

യഹൂദരും ക്രിസ്ത്യാനികളും തമ്മിലുണ്ടായിരുന്ന നിത്യശത്രുതക്ക് അന്ത്യം എന്നവണ്ണം സ്വന്തം  കൈപ്പടയിൽ അനുതാപവാക്കുകൾ എഴുതിയ കടലാസ് വെസ്റ്റേണ്‍  വാളിൽ വെച്ചതും 2001-ൽ ഒരു പോപ്പ് ആദ്യമായി ഒരു മോസ്ക്കിൽ കയറിയതുമെല്ലാം ലോകജനതയുടെ മുമ്പിൽ മനോഹരമായ പ്രതീകങ്ങളായിരുന്നു. റോമൻ കൂരിയാകളുടെ എതിർപ്പിനെ വകവയ്ക്കാതെ അസ്സീസ്സിയിൽ മതനേതാക്കളുടെ അസംബ്ലിയിൽ മൂന്നുപ്രാവശ്യം അദ്ദേഹം പങ്കെടുത്തു. ഏതൻസിൽവെച്ച് കത്തോലിക്കാസഭ ഓർത്തഡോക്സ് സഭയോട് ചെയ്ത തെറ്റിന് ഖേദം പ്രകടിപ്പിച്ചു. സഭ മുൻകാലങ്ങളിൽ ചെയ്തുകൂട്ടിയ തെറ്റുകൾക്ക്  ജോണ്‍ പോൾ പരസ്യമായി  മാപ്പ്  യാചിക്കുകയുണ്ടായി. പോപ്പുചെയ്ത ഇക്കാര്യങ്ങളൊന്നും നിസ്സാരങ്ങളായിരുന്നില്ല.

യുവാവായിരുന്നപ്പോൾ സുന്ദരനായിരുന്ന ഈ പോളിഷുകാരൻ പാപ്പായെ രോഗവും വാർദ്ധക്യവും ബാധിച്ചപ്പോഴും ജനങ്ങൾക്കദ്ദേഹത്തെ സുന്ദരനായേ കാണാൻ കഴിഞ്ഞൊള്ളു. ആധ്യാത്മികതയും, ആർജ്ജവും, സർഗ്ഗശക്തിയും ഒന്നിണങ്ങിയ ജോണ്‍ പോൾ  വലിയ പദ്ധതികളുടെ  ഉടമയായിരുന്നു. തൻറെ പൊൻറ്റിഫിക്കേറ്റ് ദൈവദത്തമാണന്നും ദൈവനിയന്ത്രണത്തിലാണന്നും അദ്ദേഹം ദൃഡമായി വിശ്വസിച്ചിരുന്നു. അതിൻറെ  തെളിവായിട്ടാണ്‌ ഫാത്തിമാമാതാവിൻറെ തിരുനാൾ ദിനമായ മെയ് പതിമ്മൂന്നാം  തീയതി അദ്ദേഹത്തെ വധിക്കുന്നതിനായി നിറ ഒഴിച്ചപ്പോൾ വെടിയുണ്ടയുടെ പ്രയാണപാത മറിയം മാറ്റിക്കളഞ്ഞെന്ന് അദ്ദേഹം വിശ്വസിച്ചത്.

രണ്ടാം വത്തിക്കാൻ കൌണ്‍സിൽ സഭയെ അധ:പതനത്തിലേക്ക് നയിച്ചെന്ന് ജോണ്‍ പോൾ  വിശ്വസിച്ചു. അതിനാൽ സഭയിൽ ക്രമപാലനം ആവശ്യമെന്ന് അദ്ദേഹം കരുതി. 1981-ൽ ഈശോസഭയ്ക്ക് പുതിയ സാരഥികളെ അടില്ച്ചേല്പിച്ചു. 1983-ൽ പാശ്ചാത്യസഭയ്ക്ക് പുതുക്കിയ കാനോൻ നിയമ സംഹിതയും 1991- ൽ പൌരസ്ത്യസഭകൾക്ക് പുതിയ കാനോൻ നിയമ സമുശ്ചായവും 1995- ൽ കത്തോലിക്കാസഭയുടെ വേദപാഠവും 1997- ൽ ക്ലേർജിയും അല്മായരും തമ്മിൽ വളരെ വ്യക്തമായ അതിരുകൾ കല്പ്പിച്ചുള്ള പ്രമാണരേഖയും പ്രസിദ്ധീകരിക്കുകയുണ്ടായി. സഭാഭരണത്തിൽ കർശനമായ ഹയരാർക്കിയൽ സംവിധാനം മാപ്പപേക്ഷകൂടാതെതന്നെ അദ്ദേഹം നടപ്പിലാക്കി. റോം  കല്പ്പിക്കുമ്പോൾ ആഗോള കത്തോലിക്കാസഭ അനുസരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. അനുദിന കാര്യങ്ങൾ റോമൻ കൂരിയാകൾക്ക് വിട്ടുകൊടുക്കുന്ന അദ്ദേഹത്തിന്റെ  ഭരണശൈലി ഉദ്യോഗസ്ഥാധിപത്യത്തെ വളർത്താൻ കാരണമായി. തന്മൂലം രണ്ടാം വത്തിക്കാൻ കൌണ്‍സിൽ വിഭാവനം ചെയ്ത പള്ളിഭരണം ഇടവക/രൂപത തലത്തിൽ എന്ന  ആശയത്തെ തമസ്ക്കരിച്ച് വത്തിക്കാനെ കേന്ദ്രീകരിച്ചുള്ള ഭരണസമ്പ്രദായം  നടപ്പിലാക്കി. മെത്രാന്മാരുടെ നിയമനത്തിൽ പോപ്പിന്റെ  ശ്രദ്ധക്കുറവ് വളരെ പ്രകടമായിരുന്നു. തന്മൂലം ഇടയനടുത്ത മനോഭാവമുള്ള മെത്രാന്മാരുടെ നിയമനം വളരെ വിരളമായിപ്പോയി. തല്ഫലമായി 2002-ൽ യൂറോപ്പിലും, വടക്കേ അമേരിക്കയിലും, ആസ്ട്രേലിയായിലും മറ്റും നടമാടിയ വൈദീകരുടേയും മെത്രാന്മാരുടേയും ആയിരക്കണക്കിനുള്ള ബാലപീഠനകേസ്സുകൾകൊണ്ട് ജോണ്‍ പോളിൻറെ  പേപ്പസ്സിയെ എന്നെന്നേയ്ക്കുമായി കരിവാരിത്തേച്ചു. കണ്ടിട്ടും കണ്ടില്ലന്നു നടിച്ച, കേട്ടിട്ടും കേട്ടില്ലന്നു നടിച്ച  മെത്രാന്മാരും കർദ്ദിനാളന്മാരുമാണ് ജോണ്‍ പോൾ  രണ്ടാമൻ മാർപ്പാപ്പയുടെ ഭരണകാലത്ത് സംഭവിച്ച ഈ പേക്കൂത്തിനു കാരണം. മായിച്ചുകളയാൻ സാധിക്കാത്ത ഒരു ദുരന്തമായിരുന്നു അത്. ജോണ്‍  പോൾ  മരിക്കുമ്പോൾ 80 വയസ്സിൽ താഴ്ന്ന കർദ്ദിനാളന്മാരിൽ മൂന്നുപേരൊഴിച്ച് മറ്റെല്ലാവരും അദ്ദേഹത്താൽ നിയമിക്കപ്പെട്ടവരായിരുന്നു.

ജോണ്‍ പോൾ  ശുഭാപ്തി വിശ്വാസി ആയിരുന്നു. ഇരുപത്തിയൊന്നാം  നൂറ്റാണ്ട് സുവിശേഷവല്ക്കരണത്തിൻറെ വസന്തകാലമാണന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ചിന്താക്കുഴപ്പത്തിനും ഭിന്നാഭിപ്രായത്തിനും കടിഞ്ഞാണിട്ടാലെ യഥാർത്ഥ സുവിശേഷവല്ക്കരണം സംഭവിക്കുവെന്നദ്ദേഹം കരുതി. വർദ്ധിച്ചുവരുന്ന മതേതര ചിന്തയ്ക്കും രണ്ടാം വത്തിക്കാൻ കൌണ്‍സിൽ സൃഷ്ടിച്ച നവീകരണേച്ഛയ്ക്കും തടയിടാനാണ് കാനോൻ നിയമങ്ങളും കത്തോലിക്കാ വേദപാഠവും പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമാണ്.

മനുഷ്യാവകാശത്തെപ്പറ്റി വാതോരാതെ പ്രസംഗിച്ചിരുന്ന ഈ പോപ്പ് സ്വന്തം സഭയിൽ സോവിയറ്റ് യൂണിയനിലെ ഭരണസമ്പ്രദായംപോലെ ഏകാധിപതിയായിരുന്നു. അദ്ദേഹം ഒരുപറ്റം ദൈവശാസ്ത്രജ്ഞരെ ശിക്ഷാനടപടികൾക്ക് വിധേയരാക്കി. ചിലരെ മഹറോൻ ശിക്ഷയിൽ പെടുത്തുകയും ചെയ്തു. റോമിനോടുള്ള നീരുപാധിക വിധേയത്വം ജോണ്‍ പോളിന്റെ  ഭരണകാലത്ത് നടപ്പിലാക്കി. ലിബറേഷൻ തിയോളജിയുമായി വന്നവരുടെ വായടപ്പിച്ചു. ജോണ്‍ പോളിൻറെ  ഇരുമ്പുമുഷ്ട്ടിയോടെയുള്ള ഭരണ സമ്പ്രദായവും നിരന്തരമായ ലോകപര്യടനങ്ങളും മറ്റു മെത്രാന്മാരെ നിഷ്ഭ്രാമമാക്കികളഞ്ഞു. അവർ വെറും തിലകം ചാർത്തിയ അൾത്താരബാലന്മാരെപ്പോലെയായിപ്പോയി. സഭയിലെ മെത്രാന്മാരുടെ കൂട്ടുത്തരവാദിത്വഭരണം (collegiality) വാക്കാൽ മാത്രമായി അവശേഷിച്ചു. ലക്ഷക്കണക്കിന്‌ വിശ്വാസികൾ ജോണ്‍  പോളിനെ അറിയുകയും വ്യക്തിപരമായി ബഹുമാനിക്കുകയും ചെയ്തിരുന്നെങ്കിലും സ്വന്തം രൂപതയിലെ മെത്രാനെ തിരിച്ചറിയാൻ സാധിക്കാത്ത ഗതികേടിലെക്ക് സഭ വഴുതിപ്പോയി.

അഗാധപണ്ഡിതനും ബുദ്ധിമാനുമായ ജോണ്‍ പോൾ  1920 മെയ്‌ പതിനെട്ടാം  തീയതി പോളണ്ടിലെ വാടോവിസ് (Wadowice) എന്ന  സ്ഥലത്ത് ജനിച്ചു. പ്രസിദ്ധമായ ക്രാക്കോ (Krakow) -ൽ നിന്നും വെറും 30 മൈൽ മാത്രം ദൂരം. കരോൾ വോജ്റ്റില (Karol Wojtyla) എന്ന  പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിൻറെ  ചെറുപ്പകാലകൂട്ടുകാർ യഹൂദരും കത്തോലിക്കരും ആയിരുന്നു. 1946  നവംബർ ഒന്നാംതീയതി വൈദീകപട്ടം സ്വീകരിച്ചു. മുപ്പത്തിയേഴാം വയസ്സിൽ മെത്രാനും നല്പ്പത്തിമുന്നാം  വയസ്സിൽ മെത്രാപ്പോലീത്തായും നല്പ്പത്തിയാറാം  വയസ്സിൽ കർദ്ദിനാളും അൻപ്പത്തിയെട്ടാം  വയസ്സിൽ മാർപ്പാപ്പയുമായി. ഒരു ആർമി ഓഫീസറുടെ മകനായി ജനിച്ച ജോണ്‍  പോൾ  ഒരു യഥാർത്ഥ പോളീഷുകാരൻറെ  ഹൃദയത്തിൻറെ  ഉടമയായിരുന്നു. നല്ല കായികാഭ്യാസിയും നടനുമായിരുന്ന ഇദ്ദേഹം നാസിപോളണ്ടിൽ ജീവഭയത്തോടെ വളർന്നുവന്നു . ജോണ്‍  പോളിൻറെ  അച്ചടക്കപൂർണമായ സ്വഭാവഗുണം ചെറുപ്പകാലത്തിലെ നിരന്തരമായ ഈ ജീവഭയമായിരിക്കാം. സമഗ്രാധിപത്യ സ്ഥിതിസമത്വവാദത്തെയും സോഷ്യലിസത്തെയും കമ്മൂണിസത്തെയും ജോണ്‍  പോൾ സമൂലം എതിർത്തപ്പോൾ താൻ തലവനായിരിക്കുന്ന സഭയിൽ അദ്ദേഹം ഏകാധിപതിയായിരുന്നു. സമകാലികരാഷ്ട്രീയത്തിലും സാമ്പത്തീകകാര്യങ്ങളിലും സാമൂഹികവിഷയങ്ങളിലും തത്ത്വചിന്തയിലുമെല്ലാം അദ്ദേഹത്തിന് ഹൃദയഹാരിയായ ഗ്രഹനമുണ്ടായിരുന്നു. പോളണ്ടിലെ ട്രേയ്ഡ് യൂണിയനായ സോളിഡാരിറ്റിയുടെ സഹായത്തോടെ പോളണ്ടിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ പിടിമുറുക്കം അവസാനിപ്പിച്ചു. തീയിൽ കുരുത്ത ഒരാളാണ് ജോണ്‍ പോൾ . അതിനാൽതന്നെ വഴങ്ങാത്ത ഹൃദയവും സ്വാതന്ത്രേച്ഛയുടെ ഉടമയുമായി അദ്ദേഹം സ്വയം രൂപാന്തരപ്പെട്ടു.

പോളണ്ടിലെ കമ്മൂനിസ്റ്റു ഭരണകാലത്ത് റോമിൽപോയി  ഉപരിപഠനം നടത്താൻ ജോണ്‍ പോളിന് ഭാഗ്യവശാൽ അനുവാദം ലഭിച്ചു. ഡോക്ട്രേറ്റിനുള്ള അദ്ദേഹത്തിന്റെ പ്രബന്ധം സാമ്പത്തീക ബുദ്ധിമുട്ടുകൾ കാരണം പ്രസിദ്ധീകരിക്കാൻ സാധിക്കാതെ പോയി. അക്കാരണത്താൽ അദ്ദേഹം പഠിച്ചിരുന്ന റോമിലെ അന്ജേലികും യൂണിവേർസിറ്റി (Angelicum University) അദ്ദേഹത്തിന് ഡോക്ട്രേറ്റ്  നിഷേധിച്ചു. പിന്നീടദ്ദേഹം പോളണ്ടിലെ കാത്തലിക് യൂണിവേർസിറ്റിയിൽനിന്നും ആസ്തിത്വവാദത്തിലും (existentialism) പ്രതിഭാസശാസ്ത്രത്തിലും (phenomenology)  ഡോക്ട്രേറ്റ് നേടുകയുണ്ടായി.

കൃത്രിമജനനനിയന്ത്രണത്തെ വിലക്കിക്കൊണ്ടുള്ള പോൾ  ആറാമൻ മർപ്പാപ്പയുടെ കുപ്രസിദ്ധ ചാക്രികലേഖനമായ ഹുമാനെ വീത്തെയെ (Humanae Vitae) ജോണ്‍ പോൾ  രണ്ടാമൻ സർവാത്മനാ അംഗീകരിച്ച് പൂർണമായി പിന്താങ്ങി. ജനനനിയന്ത്രണ പഠനകമ്മിഷണിലെ അംഗമായിരുന്ന ജോണ്‍  പോൾ  അതിൻറെ ഒരു യോഗത്തിൽപോലും പങ്കെടുത്തില്ല. ജോണ്‍ പോളാണോ ഹുമാനെ വീത്തെയുടെ രചയിതാവ് എന്നുവരെ ചരിത്രകാരന്മാർ സംശയിക്കുന്നുണ്ട്. ജോണ്‍  പോൾ  ഒരു യാഥാസ്ഥിതികനായിരുന്നു. എന്നിരുന്നാലും മനുഷലൈംഗീകത ദൈവദാനമാണന്നും  ലൈംഗീകപാരമ്യം സ്ത്രീപുരുഷബന്ധത്തിൽ അധിഷ്ടിതമാണന്നും അദ്ദേഹം വിശ്വസിക്കുകയും തൻറെ  പൊതുസന്ദർശനവേളകളിൽ ഇക്കാര്യം ഊന്നിപ്പറയുകയും ചെയ്യുമായിരുന്നു

ലത്തീൻഭാഷ നല്ല വശമുണ്ടായിരുന്ന കർദ്ദിനാൾ വോജ്റ്റില രണ്ടാം വത്തിക്കാൻ കൌണ്‍സിലിലെ ചർച്ചകളിൽ സജീവമായി പങ്കെടുത്തിരുന്നു. അദ്ദേഹം 'സഭ ആധുനിക ലോകത്തിൽ' എന്ന പ്രമാണരേഖ തയ്യാറാക്കിയ കമ്മറ്റിയിലെ അംഗമായിരുന്നു. വത്തിക്കാൻ പ്രമാദമായ സാമ്പത്തിക അഴിമതിയുടെ ഉച്ചകോടിയിലെത്തിയ അവസരത്തിലാണ് ജോണ്‍ പോൾ  രണ്ടാമനെ മാർപ്പാപ്പയായി തിരഞ്ഞെടുക്കുന്നത്. അദ്ദേഹം കാര്യമായ നടപടികളൊന്നും ഇക്കാര്യത്തിൽ സ്വീകരിച്ചില്ല. 25 കോടി ഡോളർ ബന്ധപ്പെട്ടെ ബാങ്കിന് (Branco Ambrosiano) നഷ്ടപരിഹാരം നല്കിക്കൊണ്ട് കോടതിക്കേസിൽനിന്നും വത്തിക്കാൻ രക്ഷപെടുകയാണ് ചെയ്തത്. ജോണ്‍ പോൾ  സാമ്പത്തിക അഴിമതികൾ  നടത്തിയ ക്ലെർജികളെ സംരക്ഷിക്കുകയും ബാലപീഡനത്തിനു കൂട്ടുനിന്ന കർദ്ദിനാളിന് (Cardinal Bernard Law)  വത്തിക്കാനിൽ അഭയം നല്കുകയുമാണ് ചെയ്തത്.

2011- ൽ ഞാനെഴുതി പ്രസിദ്ധികരിച്ച 'മതാധിപത്യം കത്തോലിക്കാസഭയിൽ' എന്ന പുസ്തകത്തിലെ ഒരുഭാഗം ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ: "പോപ്പുമാരിലെ പ്രിൻസസ് ഡയാനയായിരുന്ന ജോണ്‍പോൾ  രണ്ടാമൻ മാർപ്പാപ്പയെ വിമർശന നിരൂപണം ചെയ്താൽ അദ്ദേഹത്തെ തെളിവില്ലാത്ത സ്വാഭിപ്രായത്തിൻറെ  (dogmatism) വക്താവ്, ഇടുങ്ങിയ മനസ്ഥിതിക്കാരൻ (narrow mindedness), മർക്കടമുഷ്ടിക്കാരാൻ, എയ്ഡ്സ്(AIDS) രോഗം പകരാതിരിക്കാൻപോലും ദമ്പതികൾ കോണ്‍ഡം ഉപയോഗികൻ അനുവദിക്കാത്തയാൾ , അൾത്താരബാലന്മാരെ പീഡിപ്പിച്ച വൈദീകരുടെ സംരക്ഷകൻ, മേത്രാന്മാരുമായി സൌഹൃദസഖ്യത്തിന് കൂട്ടാക്കാത്തയാൾ, റോമൻ കൂരിയാകളുടെ അധികാരം വർദ്ധിപ്പിച്ചയാൾ , ലിബറേഷൻ തിയോളജിയുമായി രംഗത്തുവന്നവർക്ക് കർശനമായി ശിക്ഷ നല്കിയ ആൾ, റിക്കോർഡ് സൃഷ്ടിച്ച 104 ലോക പര്യടനങ്ങൾ (തീർഥാടനങ്ങൾ?) നടത്തി കോടികൾ ചിലവഴിച്ചയാൾ, 482 ആത്മാക്കളെ വിശുദ്ധരായി പ്രഖ്യാപിച്ച് റിക്കാർഡ് സൃഷ്ടിച്ചയാൾ  എന്നൊക്കെയായിരിക്കും സഭാപണ്ഡിതന്മാർ വിലയിരുത്തുന്നത്. ഇന്നത്തെ ചെറുപ്പക്കാർക്ക് ഈ പരിശുദ്ധപിതാവ് ഒരു റോൾ മോഡൽ (role model) ആണോ?"

അനുചിന്തനം

ജോണ്‍  പോൾ  രണ്ടാമൻ മാർപ്പാപ്പ തൻറെ  26 വർഷത്തെ ഭരണകാലത്ത് 482 ആത്മാക്കളെ വിശുദ്ധരും 1340 ആത്മാക്കളെ ധന്യരുമായി പ്രഖ്യാപിച്ചു. ജോണ്‍ പോൾ  മരിച്ച് ഒൻപത് വർഷം കഴിഞ്ഞപ്പോൾ സകല കീഴ്വഴക്കങ്ങളേയും മറികടന്ന് ഇന്നിതാ അദ്ദേഹത്തെയും വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നു! ദൈവജനം മുഴുവൻ വിശുദ്ധരായിരിക്കെ  ചിലരെമാത്രം വിശുദ്ധരായി പ്രഖ്യാപിക്കുന്നത് കാലഹരണപ്പെട്ട നടപടിയാണ്. ആദിമസഭയിൽ വിശ്വാസത്തെപ്രതി വിശുദ്ധ പൊലിക്കാർപ്പിനെപ്പോലുള്ള രക്തസാക്ഷികൾ വീരമരണം വരിച്ചിരുന്നു. അവരെ ദൈവജനം പ്രത്യേക വിശുദ്ധരായി കണ്ടിരുന്നു. എന്നാൽ ഇന്ന് വിശുദ്ധരോടുള്ള വിശ്വാസികളുടെ വണക്കത്തിൻറെ  ഉപോത്പന്നം (byproduct ) സാമ്പത്തിക ആദായമാണന്ന്  മനസ്സിലാക്കിയ സഭാധികാരികൾ വിശുദ്ധരെ സൃഷ്ടിക്കുന്നതിൽ ഉത്സുകരായിരിക്കയാണ്. അപലപനീയമായ ഒരു വഴക്കമാണിത്. ഫ്രാൻസിസ് പാപ്പായും ഈ വഴിയെ നീങ്ങുന്നത് സങ്കടകരം തന്നെ.

3 comments:

  1. പോപ്പ്ജോ ണ്‍ പോൾ നേടിയെന്നു പറയുന്ന വമ്പൻ കാര്യങ്ങൾ സഭയുടെ മുഖംമൂടിയെ മാത്രമാണ് മിനുക്കിയത്, അതിന്റെ ആന്തരികതയിൽ ഊര്ജ്ജം ശോഷിച്ചുപോകുകയായിരുന്നു. ഇരട്ടത്താപ്പിന് മിടുക്കനായിരുന്ന ഈ പോപ്പ് തന്റെ പുരോഹിതരെയും ഇരട്ടത്താപ്പ് പഠിപ്പിച്ചു എന്നുവേണം പറയാൻ. പുറത്തുള്ളവരോട് അങ്ങേർ തെറ്റുകള്ക്ക് മാപ്പിരന്നു, എന്നാൽ സഭയിൽതന്നെ വിശ്വാസികളോട് പോപ്പെന്ന നിലയിലും പുരോഹിതനെന്ന നിലയിലും അദ്ദേഹം ചെയ്ത തെറ്റുകൾ, യേശുവിന്റെ പഠനത്തെ തള്ളിപ്പറയുന്ന ചെയ്തികൾ എന്നയർത്ഥത്തിൽ, തിരിച്ചറിയപ്പെടുകപോലും ഉണ്ടായില്ല എന്നത് കഷ്ടമല്ലേ? ബനടിക്റ്റ് 16 റാമനെ സഭയുടെ തലയിൽ കെട്ടിവച്ചത് അദ്ദേഹമാണ്. അതൊരു പാപമായിരുന്നു, സഭയോടുള്ള വൻചതിയായിരുന്നു.

    തൻറെ പൊൻറ്റിഫിക്കേറ്റ് ദൈവദത്തമാണന്നും ദൈവനിയന്ത്രണത്തിലാണന്നും അദ്ദേഹം ദൃഡമായി വിശ്വസിച്ചിരുന്നു എന്നത് അദ്ദേഹത്തിൻറെ ആത്മകഥയിൽ വ്യക്തമാണ്. "അതിൻറെ തെളിവായിട്ടാണ്‌ ഫാത്തിമാമാതാവിൻറെ തിരുനാൾദിനമായ മെയ് 13-ആം തീയതി അദ്ദേഹത്തെ വധിക്കുന്നതിനായി നിറ ഒഴിച്ചപ്പോൾ വെടിയുണ്ടയുടെ പ്രയാണപാത മറിയം മാറ്റിക്കളഞ്ഞെന്ന് അദ്ദേഹം വിശ്വസിച്ചത്." ബാലിശമായ ഒരു വിശ്വാസത്തിനുടമയായിരുന്നു ഈ പോളണ്ടുകാരൻ. ഇന്നത്തെ സഭയിൽ ഇത്രമാത്രം അന്ധവിശ്വാസം തഴച്ചുവളരാൻ അദ്ദേഹം കൈയയഞ്ഞു വേണ്ടതൊക്കെ ചെയ്തിട്ടുണ്ട്! പ്രഗത്ഭരായ എത്രയോ പണ്ഡിതരുടെ കൈകൾക്ക് ഈ പോപ്പ് കൂച്ചുവിലങ്ങിട്ടു. ഇന്നത്തെ പോപ്പും അവരെ സ്വതന്ത്രരാക്കിയിട്ടില്ല എന്നത് വളരെ കഷ്ടമാണ്. പകരം, മണിയടിക്കാരായ മെത്രാന്മാരെയും ജീവിതവിശുദ്ധിയുന്ടെന്നു തീര്ച്ചയില്ലാത്തെ പുണ്യാളരെയും സൃഷ്ടിച്ച് ജോണ്‍ പോൾ സഭയെ വീണ്ടും ബലഹീനമാക്കി. ഇത്രയും വലിയ ഒരു സ്വേശ്ചാധിപതി സഭയിൽ ഉണ്ടായിട്ടില്ല. പഴയനിയമത്തിലെ ദൈവസങ്കല്പമായിരുന്നു അദ്ദേഹത്തിന്റേത്. യേശു ആഗ്രഹിച്ചതെല്ലാം തച്ചുടച്ച ഇത്തരമൊരു സഭാധ്യക്ഷനെ വിശുദ്ധനായി പ്രഖ്യാപിക്കുകവഴി ഇപ്പോഴത്തെ പോപ്പ് സ്വയം കരിവാരിത്തേയ്ക്കുകയാണ്. എത്ര തൂത്താലും കഴുകിയാലും മായാത്ത ഒരു കളങ്കമാണ് അതുവഴി സഭക്കുണ്ടാകുന്നത്, സംശയമില്ല. എന്തുകൊണ്ട് ജോണ്‍ പോൾ II ഈ പദവിക്ക് ഒരു വിധത്തിലും യോഗ്യനല്ല എന്ന് ബഹുമാന്യ ചക്കോച്ചൻ തന്റെ കുറിപ്പിന്റെ അവസാനത്തെ (അനുചിന്തനത്തിനു മുമ്പുള്ള) ഖണ്ഡികയിൽ ചുരുക്കമായി കുറിച്ചിട്ടുണ്ട്. ഇതൊക്കെ അറിഞ്ഞിട്ടും ഇതെങ്ങനെ സംഭവിക്കുന്നുവെന്നത് വീണ്ടും പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഏതായാലും സാധാരണ വായനക്കാർക്ക് ചുരുങ്ങിയ സമയംകൊണ്ട്‌ ജോണ്‍ പോൾ രണ്ടാമനെ നന്നായി പരിചയപ്പെടാൻ ഇടയാക്കുന്ന ഇത്ര നല്ല ഒരു ലേഖനം എഴുതിയതിന് അനുഗ്രഹീതനായ ഈ ഗ്രന്ഥകാരന് ഹൃദ്യമായ അനുമോദനങ്ങൾ!

    Tel. 9961544169 / 04822271922

    ReplyDelete
  2. The Luminous Mysteries (പ്രകാശത്തിന്റെ രഹസ്യങ്ങൾ ) എന്ന മഹത്തായ സംഭാവനയും അദ്ദേഹത്തിന്റെതായുണ്ട് .

    ReplyDelete
  3. "ബനടിക്റ്റ് 16 റാമനെ സഭയുടെ തലയിൽ കെട്ടിവച്ചത് അദ്ദേഹമാണ്. അതൊരു പാപമായിരുന്നു, സഭയോടുള്ള വൻചതിയായിരുന്നു."
    ഒരു സംശയവുമില്ല. അതിനു പ്രത്യുപകാരമായി വാഴ്ത്തപ്പെട്ടവൻ എന്നാ പദവി കൊടുത്തില്ലേ? അങ്ങോട്ടും ഇങ്ങോട്ടും വാഴ്ത്തിയും പിതാവേ എന്ന് താലോലിച്ചും കഴിയുന്ന ഈ സുഖജീവികളെയോർത്തു സ്വർഗ്ഗവാസികൾ പൗം നീരസപ്പെടുന്നുണ്ടാവണം!

    ReplyDelete