Translate

Monday, April 14, 2014

കുത്തുകുഴി, പുത്തനങ്ങാടി, വാത്തുക്കുടി ......

എന്‍റെ ജീവചരിത്രം പറയുകയാണെന്ന് ആരും കരുതരുത്. ഞാന്‍ കുഞ്ഞമ്മാമ്മയെ കാണാന്‍ അലൈന് പോയ കഥ പറയാതിരിക്കാന്‍ വയ്യ. കുഞ്ഞമ്മാമ്മയെന്നു പറയുന്നത് എന്‍റെ പപ്പായുടെ മൂത്ത സഹോദരി, വയസ്സ് 76. കേരളത്തില്‍ നിന്ന് നേഴ്സിംഗ് പഠിക്കാന്‍ പോയ ആദ്യകാല കത്തോലിക്കാ വനിതകളില്‍ ഒരാള്‍. പ്രേമിച്ച് കെട്ടിയ ഞങ്ങളുടെ കുടുംബത്തിലെ ആദ്യ അംഗം; മഹാ തന്റെടി, പക്ഷെ നല്ല ഒരു ഭക്ത. കുഞ്ഞമ്മാമ്മയുടെ അടുത്ത് ഞാന്‍ വിപ്ലവം പറയാറില്ല, അതിനുള്ള ധൈര്യവും എനിക്കില്ല. ഈ കുഞ്ഞമ്മാമ്മയുടെ മകള്‍ ഇയ്യിടെ പ്രസവിച്ചു. കൊച്ചിനെ നോക്കാനാണ് അമ്മാമ്മ ചാലക്കുടിയില്‍ നിന്ന് ഗള്‍ഫില്‍ വന്നിരിക്കുന്നത്. കൊച്ചിനെയും കാണാം അമ്മാമ്മയേയും കാണാം എന്ന് കരുതിയാണ് ഞാന്‍ അലൈന് പോയത്. അലൈന് പോയാല്‍ ഒരു ദിവസം അവിടെ തങ്ങുകയാണ് പതിവ്.
അന്ന് രാത്രി അമ്മാമ്മ മലയാളം വാര്‍ത്ത കാണാന്‍ ടി വിയുടെ മുമ്പില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ പലതവണ ശ്രമിച്ചിട്ടും അമ്മാമ്മ ടിവി യില്‍ നിന്ന് മുഖം തിരിച്ചില്ല.
“അതെങ്ങിനാ, കോതമംഗലം വാര്‍ത്ത എന്നും ടിവിയില്‍ കാണുമെന്നാ അമ്മാമ്മയുടെ വിചാരം.” കാര്യം മനസ്സിലാക്കിയ അമ്മാമ്മയുടെ മരുമോനാണ് ഇത്രയും പറഞ്ഞത്. അത് അമ്മാമ്മക്കിട്ടു കൊണ്ടു.
“പെണ്ണുങ്ങടെ വേദന പെണ്ണുങ്ങക്കെ അറിയൂ, ‘അമ്മ പോയാ ആണി പോയീന്നാ’, കേട്ടിട്ടുണ്ടോ?” ഇത്രയും പറഞ്ഞിട്ട് അമ്മാമ്മാ വീണ്ടും ടിവി യിലേക്ക് തിരിഞ്ഞു. സത്യത്തില്‍ എനിക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. അപ്പോഴേക്കും പ്രധാന വാര്‍ത്തകള്‍ കഴിഞ്ഞിരുന്നു.
“മൂവാറ്റുപുഴയില്‍ സലോമി മരിച്ചതില്‍ പിന്നെയാ ഈ ടി വി ഭ്രമം. എന്നും മൂവാറ്റുപുഴ വാര്‍ത്ത കാണുമെന്നാ വിചാരം” ഡെന്നിസ് വീണ്ടും പറഞ്ഞു.
“അതൊക്കെ കഴിഞ്ഞില്ലേ? അമ്മാമ്മേ?” ഞാന്‍ ചോദിച്ചു. അമ്മാമ്മ എന്‍റെ നേരെ നോക്കിക്കൊണ്ട്‌ പറഞ്ഞു.
“കഷ്ടായിപ്പോയി!”
“അമ്മാമ്മയുടെ സ്വന്തമായതുകൊണ്ടല്ലേ അമ്മാമ്മക്ക് നൊന്തത്‌.”  ഡെന്നിസ് പറഞ്ഞു.
“ജൊസഫ് സാര്‍ നമ്മുടെ വല്ലോരുമാണോ? ഞാന്‍ ചോദിച്ചു.
“അതല്ലേ, അമ്മാമ്മക്ക് ചൂട്. അമ്മാമ്മയുടെ വീട്ടീന്നാരോ കെട്ടിയിരിക്കുന്നത് സലോമിയുടെ   വകേലൊരു ചേച്ചിയെയാണെന്ന് പറയപ്പെടുന്നു, അതാ ബന്ധം.” ഡെന്നിസ് പറഞ്ഞു. അമ്മാമ്മ ഡെന്നിസിനെ ഒന്നു സൂക്ഷിച്ചു നോക്കി. അവരു തമ്മില്‍ ഒരു യുദ്ധം ഉണ്ടാകുന്നതിനു മുമ്പ് ഞാന്‍ ഇടപെട്ടു.
“അല്ലേലും മെത്രാന്‍ കാണിച്ചത് ഒട്ടും ശരിയായില്ല.” അമ്മാമ്മയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സലോമിക്കൊപ്പം ചേരുകയെ മാര്‍ഗ്ഗം ഉണ്ടായിരുന്നുള്ളൂ. അമ്മാമ്മയെ എത്ര കൊല്ലമായിട്ടു ഞാന്‍ കാണുന്നതാ. ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധം ഉണ്ടായാല്‍ അമ്മാമ്മ പാക്കിസ്ഥാന്‍ പക്ഷത്തായിരിക്കും. അമ്മാമ്മയുടെ നോട്ടം എന്‍റെ നേരെയായി.
“നിനക്കറിയുവോ ഒരു പെണ്ണിന്‍റെ വേദന? പുറത്തു നിന്ന് നോക്കുമ്പോള്‍ കാറ്, പ്രോഫസ്സറ്, കംപ്യുട്ടറ്, പത്രാസ്. അകത്തെന്നതാ ഉണ്ടായിരുന്നത്? വില്കാനുള്ളതെല്ലാം വിറ്റില്ലേ? ആരെങ്കിലും അറിഞ്ഞോ? പുറത്ത് പെണ്ണിനെ കെട്ടിക്കാന്‍ ആലോചന, എല്ലാരും ഓര്‍ത്തു സാറിന്‍റെ കൈയ്യില്‍ കാശുണ്ടെന്ന്. അമ്മയെ നോക്കണം, കെട്ടിയോനെ ചികിത്സിക്കണം, മക്കളെ പഠിപ്പിക്കണം, അവര്‍ക്ക് വണ്ടിക്കൂലി, ഫീസ്, കാറിനു പെട്രോള്‍, പഞ്ചാത്തില്‍ നികുതി, ഇലക്ട്രിസിറ്റി ബില്ല്, പള്ളി പിരിവ്, കേസ്, ഉടുപ്പ്, അരി സാമാനം, പിന്നെ കൈ വായ്പ്പ വാങ്ങിയ പൈസാ .... ഇതൊക്കെ എവിടുന്ന് ഉണ്ടാകുമെന്നു വെച്ചാ? ഓള് ആരോടും പരാതി പറഞ്ഞില്ലല്ലോ. ആങ്ങള ബാബു പോലും അറിഞ്ഞോ? എല്ലാം അറിഞ്ഞ ഒരേ ഒരാള്‍ അവള് മാത്രമായിരുന്നില്ലെ? കേട്ടിയോനോട് പോലും പറയാതെയല്ലേ അവള് തൊഴിലുറപ്പിനു ചേര്‍ന്നത്‌. താളും, വാഴപിണ്ടിയും കറിയായി വന്നപ്പോള്‍ അയാളും ഇതറിയേണ്ടതായിരുന്നില്ലേ? കാറു വില്‍ക്കാന്‍ സാറ് പറഞ്ഞതാ. അപ്പോഴാ ഒത്തു തീര്‍പ്പുണ്ടായത്. അവള് പെറ്റപ്പോപ്പോലും അത്രയും തെളിഞ്ഞു കാണില്ല. കന്യാസ്ത്രിയും പറഞ്ഞു, സലോമിയും പറഞ്ഞു വാക്ക് പറഞ്ഞാല്‍ അരമന മാറില്ലെന്ന്.
അരമന വാക്കു മാറിയപ്പോള്‍ കെട്ടിയോന്‍റെ മുഖത്തവളെങ്ങിനെ നോക്കും? അതൊക്കെ പോട്ടെ, മോള്‍ക്ക്‌ അടുത്ത് വന്ന ആലോചന തെറിക്കും എന്ന് വന്നാല്‍ എന്ത് ചെയ്യും? ശരിക്കും ആത്മഹത്യ ചെയ്യേണ്ടിയിരുന്നത് ആ കന്യാസ്ത്രിയാ. മെത്രാനെ വിശ്വസിക്കാമെന്നു തറപ്പിച്ചു പറഞ്ഞത് അവരാ.”
അമ്മാമ്മ പറഞ്ഞു നിര്‍ത്തി; ഞാനാകെ അമ്പരന്നു പൊയി. തികഞ്ഞ ഒരു പള്ളി കുഞ്ഞാടായ അമ്മാമ്മ ഏതു കക്ഷിയാണെന്ന് അപ്പോഴും എനിക്ക് ഉറപ്പ് വന്നില്ലായിരുന്നത് കൊണ്ട് ഞാന്‍ ഒന്നും മിണ്ടിയില്ല.
“നിന്‍റെ പെമ്പ്രന്നോരുടെ ആരാണ്ട് കപ്യാരെ പിരിച്ചു വിട്ടപ്പോ നീ മുറുമ്മുന്നത് കേട്ടാരുന്നല്ലോ. ഇപ്പോ എന്താ ഒന്നും മിണ്ടാത്തെ?” അമ്മാമ്മ എന്നോട് ചോദിച്ചു.
“മെത്രാന്‍ എന്നാ ചെയ്യാനാ? വക്കീലു പറയുന്നത് കേക്കാതിരിക്കാനാവുമോ? പ്രിന്‍സിപ്പാള് പറയുന്നത് കേക്കാതിരിക്കാന്‍ പറ്റുമോ?” ഞാന്‍ ചോദിച്ചു.
“മെത്രാന്‍ ..... ഫൂ .... ഇയ്യാളാണോ മെത്രാന്‍. എടാ... വല്ലോരും പറയുന്നത് കേട്ടിട്ടാണോടാ ജഡ്ജി വിധി പറയുന്നത്? സ്വന്തമായി ഒരു തീരുമാനം ഇല്ലാത്തോന്‍ മേത്രാനാണോടാ? അവര്‍ക്ക് ആശ കൊടുക്കാന്‍ ആരു പറഞ്ഞു?” അമ്മാമ്മ കത്തിക്കയറുകയാണ്, പിടി കൊടുക്കാതെ ഞാനും ഇരുന്നു.
“എന്നാലും ഒരു മെത്രാനല്ലേ?” ഞാന്‍ ചോദിച്ചു.
“എടാ, ആ സ്ടെല്ലാ സിസ്റ്ററ് ആരാണ്ടെക്കൊണ്ട് മെത്രാന്‍റെ അടുത്തു പറയിച്ചൂന്നാ കേട്ടത്; അളിയന്‍ ബാബുവും മെത്രാനുമായി ബന്ധപ്പെട്ടെന്നാ കേട്ടത്. ആ കുടുംബം മുഴുവന്‍ ആ മെത്രാന്‍റെ കാലില്‍ വീണതല്ലേ? കരുണയെന്നത് വടക്കേമംഗലംകാര്‍ക്ക് മാത്രം കൊടുക്കാനുള്ളതാണോ? ഹും....”
അമ്മാമ്മ മൂളി നിര്‍ത്തി. ദൈവത്തിനു ഞാന്‍ സ്തുതി പറഞ്ഞു. നല്ല വര്‍ത്തമാനം ഒന്നും അമ്മാമ്മ പറഞ്ഞില്ലല്ലോ എന്നോര്‍ത്തു. മെത്രാന്‍ കക്ഷിയല്ലാ അമ്മാമ്മയെന്ന് ഏതാണ്ട് ഞാന്‍ ഉറപ്പിച്ചു.
“ആ നല്ല മെത്രാനുണ്ടല്ലോ, അയാള് പുഴുത്തെ ചാവൂ. ഉറപ്പാ; നോക്കിക്കോ.”
അമ്മാമ്മ വീണ്ടും വിഷയം എടുത്തിട്ടു. എന്നാലും ഇത്രയും പറയണമാരുന്നോന്ന് ചോദിക്കാന്‍ എനിക്ക് തോന്നിയെങ്കിലും ഞാന്‍ മിണ്ടിയില്ല.
“ദൈവം അവസാനം സൃഷ്ടിച്ചത് ആരെയാണെന്നറിയാമോ? പെണ്ണിനെ. ദൈവത്തെ കാണാന്‍ പെണ്ണിലൂടെയെ കഴിയൂ; ചെകുത്താനെ അറിയാനും പെണ്ണ് വേണം. അവളുടെ മുലപ്പാലില്ലെങ്കില്‍ ഈ മെത്രാന്‍ വിശന്നു ചത്തേനെ. പെണ്ണിനെ അറിയാത്തോന്‍ പെണ്ണിനെ ഭരിക്കരുത്. എന്നെകൊണ്ടൊന്നും പറയിക്കരുത്‌.” വീണ്ടും അമ്മാമ്മ തുടങ്ങി, നിര്‍ത്തി.
“അവളുടെ പ്രാക്ക് ആ അരമന മറിക്കുമല്ലോ, പിന്നല്ലേ, മെത്രാന്‍.” അമ്മാമ്മയെ വിറക്കുന്നുണ്ടോയെന്ന് എനിക്ക് തോന്നാതിരുന്നില്ല. ഇതുപോലെ എത്രയോ അമ്മമാരുടെ ഹൃദയത്തില്‍ തട്ടിക്കാണണം ഈ സംഭവം.
അമ്മാമ്മയേയും കണ്ടു മടങ്ങുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരാശയം തോന്നാതിരുന്നില്ല. രണ്ട് ഇന്‍ലണ്ട് മേടിക്കണം. അതില്‍ ഇങ്ങിനെ എഴുതണം, “നിരപരാധിയായ സലോമിയോടും കുടുംബത്തിനോടും രൂപത കാണിച്ചത് ശരിയോ?’ ഒരെണ്ണം വട്ടായിക്കും അയക്കണം, മറ്റേതു പനക്കലച്ചനും അയയ്ക്കണം. പരി. ആത്മാവിന്‍റെ ശക്തിയുള്ളതുകൊണ്ട്, ശരി പുരമുകളില്‍ കയറി നിന്ന് വിളിച്ചു പറയാന്‍ അവര്‍ക്ക് ധൈര്യം കാണുമല്ലോ!

ഇനി ആര്‍ക്കെങ്കിലും സമയമുണ്ടെങ്കില്‍ വാവ്വല് പോയാലും പ്രതികരിക്കുന്ന പവ്വത്തിലിനും, ദൈവശാസ്ത്രജ്ഞനായ പള്ളിക്കാപ്പറമ്പിലിനും, സാധു ഇട്ടിയവിരാക്കും ഓരോ കോപ്പി എടുത്ത് അയച്ചു കൊടുക്കുക. ഏതായാലും, ഈ അപമാനത്തില്‍ നിന്നും സഭയെ രക്ഷിക്കാന്‍ ഞാന്‍ നോക്കിയിട്ട് ഒരേ ഒരു മാര്‍ഗ്ഗമേ കാണുന്നുള്ളൂ – കേരളത്തിലെ സര്‍വ്വ രൂപതകളുടെയും പേര് മാറ്റുക. ഉദാഹരണത്തിന് കാഞ്ഞിരപ്പള്ളി രൂപത പുത്തനങ്ങാടി രൂപതയെന്നും, കോതമംഗലം രൂപത കുത്തുകുഴി രൂപതയെന്നും, ഇടുക്കി രൂപത വാത്തിക്കുടി രൂപതയെന്നും അറിയപ്പെടട്ടെ. നല്ല നല്ല പേരുകള്‍ വിശ്വാസികളില്‍ നിന്ന് ക്ഷണിക്കുകയുമാവാം. അല്ലെങ്കില്‍ പോസ്ടല്‍ ഡിപ്പാര്‍ട്ട്മെന്‍റ് കാര് ചെയ്തതുപോലെ പിന്‍ കോഡ് ഇട്ടു കൊടുക്കുക. എന്തിനാ നല്ല നല്ല സ്ഥലങ്ങളുടെ പേര് കളയുന്നത്?  പട്ടണങ്ങളെല്ലാം കത്തോലിക്കന്‍റെ വകയല്ലല്ലോ; അത് പോലെ ഈ സംസ്ഥാനവും.   

No comments:

Post a Comment