Translate

Monday, December 9, 2013

ക്രിസ്മസ് നല്കുന്ന സന്ദേശം

ക്രിസ്മസ് അടുത്തു വരുന്നു; സന്ദേശങ്ങളും ആഹ്വാനങ്ങളും കണ്ണുകളും കാതുകളും നിറയെ അനുഭവിക്കാനുള്ള ഒരവസരം കൂടിയാണ് വിശ്വാസികള്‍ക്കത്. സത്യത്തില്‍, യേശുവും, യേശുവാകുന്ന ക്രിസ്തുവും ഒരു ക്രിസ്ത്യാനിയിലേക്ക് കൊടുങ്കാറ്റായി ആഞ്ഞടിക്കേണ്ട അവസരമാണ് ക്രിസ്മസ്. സഭ അനുശാസിക്കുന്നതുപോലെ പഠിച്ചാലും ക്രൈസ്തവികതയുടെ അവസാനത്തെ വാക്കെന്നു പോലും പറയാം ക്രിസ്മസ് നല്‍കുന്ന ദരിദ്രതയുടെ ഔന്നത്യം കാണിക്കുന്ന ഈ സന്ദേശം. അസ്സീസ്സിയിലെ വി. ഫ്രാന്‍സിസ് എളിമയെയും ദാരിദ്ര്യത്തെയുമൊക്കെ എങ്ങിനെ കണ്ടിരുന്നുവെന്ന് ചിന്തിക്കുന്നത് ഉചിതമാണ്, പ്രത്യേകിച്ചും നമ്മുടെ പാപ്പാ തന്നെ ആ വിശുദ്ധനെ മാതൃകയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍.
പുതിയതരം ഭ്രാന്തെന്നാണ് ഫ്രാന്‍സിസ് തന്‍റെ അവസ്ഥാന്തരത്തെ വ്യാഖ്യാനിച്ചത്. ഈ ഭ്രാന്തിന്‍റെ കെട്ടിലാണ് ഫ്രാന്‍സിസ് ലൌകികമായ എല്ലാ ബന്ധനങ്ങളും അപ്പാടെ മുറിച്ചു കളഞ്ഞത്. തെരുവില്‍ ഫ്രാന്‍സിസിന് പ്രസംഗിക്കാന്‍ അധികം വാക്കുകളും ഉണ്ടായിരുന്നില്ല.
“നിങ്ങള്ക്ക് സമാധാനം, ലോകത്തിനു സമാധാനം...” ഇത്രയൊക്കെയേ കേള്‍വിക്കാര്‍ കേട്ടതുമുള്ളൂ. വി. ഫ്രാന്‍സിസ് തന്നെ ഇത് വ്യാഖ്യാനിക്കുന്നതും നാം കേള്‍ക്കുന്നു. ഈ സമാധാനത്തില്‍ എത്തിച്ചേരാന്‍ സ്നേഹത്തിലൂടെയെ സാധിക്കൂവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആ സ്നേഹം, ശത്രുവിനെയും മിത്രത്തെയും ഒരുപോലെ മറികടക്കുന്നതാവണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ചുഴിയിലേക്ക് വഞ്ചിയെന്നതുപോലെ അനേകരാണ് വി. ഫ്രാന്‍സിസിലേക്ക് ആകര്‍ഷിക്കപ്പെട്ടത്‌.
ഒരു ദിവസം സന്ധ്യക്ക്‌ വി. ഫ്രാന്‍സിസും സഹസന്യാസികളും അവരുടെ താവളത്തിലേക്ക് മടങ്ങിയപ്പോള്‍ അവരെ കാത്ത് നഗരത്തിലെ ധനാഢ്യനായ ബെര്‍ണാര്‍ഡ് കാത്തു നില്‍പ്പുണ്ടായിരുന്നു. ഒരിക്കല്‍ ദൈവത്തില്‍ ഉന്മത്തനായി തെരുവിലൂടെ ഫ്രാന്‍സിസ് നൃത്തം ചെയ്തു നീങ്ങിയപ്പോള്‍ ഫ്രാന്സിസിനെ കളിയാക്കിയ ക്വിന്‍റെവില്ലേ ബെര്‍ണാര്‍ഡ്. അദ്ദേഹം പിന്നീട് ഫ്രാന്‍സിസിനോട് പറഞ്ഞത്, ‘വിശുദ്ധിയെന്നത് ഒരു പകര്ച്ചാവസ്ഥ’യാണെന്നാണ്. ഒരാള്‍ക്ക്‌ അത് പിടിച്ചാല്‍ അത് സമൂഹമാകെ പകരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഫ്രാന്‍സിസില്‍ നിന്നാണ് ഈ വ്യാധി അദ്ദേഹത്തിലേക്ക്‌ പടര്‍ന്നതെന്ന് അദ്ദേഹം മനസ്സിലാക്കി.
ഫ്രാന്‍സിസിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് അയാളെ ദൈവം ഏല്‍പ്പിച്ച സ്വത്തുക്കള്‍ ദൈവത്തിനു തന്നെ അദ്ദേഹം വിട്ടുകൊടുക്കുന്ന ഒരു രംഗമുണ്ട്. പട്ടണത്തിലെ അദ്ദേഹത്തിന്‍റെ വ്യാപാര സ്ഥാപനം മലര്‍ക്കെ തുറന്നിട്ടിട്ട് അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു,
“ആര്‍ക്കൊക്കെയാണോ വസ്ത്രങ്ങളില്ലാത്തത്, ആരോക്കെയാണോ ദരിദ്രര്‍ അവരെല്ലാം ക്രിസ്തുവിന്‍റെ നാമത്തില്‍ വന്നു വേണ്ടതെടുക്കുക.”
കടയുടെ ഭിത്തികള്‍ മാത്രം അവശേഷിക്കുന്നത് വരെ ഫ്രാന്‍സിസും അവിടെ കൂട്ടുനിന്നു. ആ സമയം ഒരു ഫാ. സില്‍വസ്ടര്‍ കടന്നുവരുന്നുണ്ട്. അദ്ദേഹം പറയുന്നു,
“എന്തൊരു ബുദ്ധിമോശമാണിത്, ഇത്രയും സ്വത്തുക്കള്‍ വെറുതെ കളയുന്നത്. ഫ്രാന്‍സിസ് എന്ന കിറുക്കനാണ് ഈ വിഷം അയാളില്‍ കുത്തിവെച്ചത്‌.”
വി. ഫ്രാന്‍സിസ് അദ്ദേഹത്തോട് പറയുന്ന ഒരു മറുപടിയുണ്ട്,
“ഫാ. സില്‍വസ്ടര്, ക്രിസ്തു എന്താണ് പറഞ്ഞതെന്ന് അങ്ങു ഓര്‍മ്മിക്കുന്നുണ്ടോ, ഓര്‍മ്മിപ്പിക്കുന്നതിനു ക്ഷമിക്കണം: നിങ്ങള്‍ പൂര്‍ണ്ണനാവണമെങ്കില്‍ നിങ്ങള്‍ക്കുള്ളതെല്ലാം ദരിദ്രര്‍ക്ക് വിതരണം ചെയ്യണം, അപ്പോള്‍ നിങ്ങള്ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയ നിക്ഷേപം ഉണ്ടാവും.’ പിന്നെന്തിനാണ് നിങ്ങള്‍ ഇതുകണ്ട് ഇതുപോലെ തലകുലുക്കുന്നത്?”
മറുപടിയൊന്നും പറയാതെ ഫാ. സില്‍വസ്ടര്‍ അന്നു മടങ്ങി. പക്ഷേ, ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതേ വൈദികന്‍ വി. ഫ്രാന്‍സിസിന്‍റെ മുമ്പില്‍ തലകുനിച്ചു നില്‍ക്കുന്ന ഒരു രംഗമുണ്ട്. അപ്പോള്‍ ഫ്രാന്‍സിസ് ചോദിച്ചു,
“നിങ്ങളെ കാണാന്‍ എന്ത് രസം, ഏതു കാറ്റാണ് അങ്ങയെ ഈ താവളത്തിലേക്ക് കൊണ്ട് വന്നത്?”
“ദൈവത്തിന്‍റെ കാറ്റ്.” അദ്ദേഹം മറുപടി പറഞ്ഞു. "നിന്‍റെ വാക്കുകള്‍ എനിക്ക് അഗ്നിനാളങ്ങള്‍ പോലെയായിരുന്നു ഫ്രാന്‍സിസ്.”  ഫാ. സില്‍വസ്ടര്‍.
“അയ്യോ അതെന്‍റെ വാക്കുകള്‍ ആയിരുന്നില്ല, അത് ദൈവതിന്‍റെതായിരുന്നുവല്ലോ.” ഫ്രാന്‍സിസ്.
“ആയിരിക്കാം, പക്ഷേ അത് നിങ്ങള്‍ പറഞ്ഞപ്പോള്‍ ആദ്യം കേള്‍ക്കുന്നതുപോലെയാണ് എനിക്കനുഭവപ്പെട്ടത്, വചനങ്ങള്‍ ഞാന്‍ വായിച്ചിട്ടേയില്ലെന്നതുപൊലെയാണ് എനിക്ക് തോന്നിയത്. ഞാനത് അനേകം തവണ വായിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അത് കുറെ വാക്കുകളുടെയും ശബ്ദങ്ങളുടെയും കൂട്ടമായിട്ടെ എനിക്ക് തോന്നിയിട്ടുള്ളൂ. അത് തീനാമ്പുകളായി അനുഭവപ്പെട്ടത് നീ അത് പറഞ്ഞപ്പോളാണ്.” ഫാ. സില്‍വസ്ടര്‍.
മറ്റു സന്യാസികള്‍ക്കൊപ്പംചേര്‍ന്ന് ഫ്രാന്‍സിസിനെ അനുഗമിക്കുകയാണ്  അദ്ദേഹത്തിന്‍റെയും ലക്ഷ്യമെന്ന് ഫ്രാന്‍സിസിന് മനസ്സിലായി. അദ്ദേഹത്തിന്‍റെ പക്കലുണ്ടായിരുന്ന ഒരു പൊതി സൂക്ഷിച്ചു നോക്കിയിട്ട് ഫ്രാന്‍സിസ് ചോദിച്ചു,
“എന്താണ് നിങ്ങള്‍ പൊതിഞ്ഞു കൊണ്ടുവന്നിരിക്കുന്നത്?”
“ഒരു ജോഡി  വസ്ത്രങ്ങള്‍, എന്‍റെ ചെരുപ്പ്, പിന്നെ ഞാന്‍ ഇഷ്ടപ്പെടുന്ന കുറെ സാധനങ്ങള്‍” ഫാ. സില്‍വസ്ടര്‍ മറുപടി പറഞ്ഞു. എല്ലാം ഉപേക്ഷിക്കാന്‍ വി. ഫ്രാന്‍സിസ് ആവശ്യപ്പെട്ടു. ഒരു ജോഡി ചെരിപ്പെങ്കിലും സൂക്ഷിക്കാന്‍ അനുവദിക്കണമെന്നായി ഫാ. സില്‍വസ്ടര്‍. വി. ഫ്രാന്‍സിസ് അദ്ദേഹത്തിന്‍റെ കൈപിടിച്ചു പുറത്തേക്ക് നടന്നുകൊണ്ട് പറയുന്ന ഒരു കാര്യമുണ്ട്.
“എന്നോടൊപ്പം വരുക, ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ നാം ആദ്യം കാണുന്ന ദരിദ്രന് ഈ പൊതി നമ്മള്‍ കൊടുക്കും. ഭാണ്ഡങ്ങളുമായി ആര്‍ക്കും സ്വര്‍ഗ്ഗ രാജത്തില്‍ പ്രവേശിക്കാനാവില്ല.”
“എന്‍റെ ചെരിപ്പുകള്‍ എങ്കിലും ഞാന്‍ എടുത്തോട്ടെ?” വീണ്ടും  ഫാ. സില്‍വസ്ടര്‍.
“പറുദീസായില്‍  പ്രവേശിക്കാന്‍ പാദുകങ്ങള്‍ ഊരേണ്ടതുണ്ട്, ഫാ. സില്‍വസ്ടര്‍” വി. ഫ്രാന്‍സിസ് പറഞ്ഞു.
എങ്ങിനെയാണ് സ്വര്‍ഗ്ഗ രാജ്യം കരസ്തമാക്കേണ്ടതെന്നു സംശയമുള്ളവരോടാണ് രണ്ടാം ക്രിസ്തുവായി നാം ബഹുമാനിക്കുന്ന വി. ഫ്രാന്‍സിസ് അസ്സീസ്സീ ഈ മാതൃകയിലൂടെ കാണിച്ചു തന്നത്. ചരിത്രത്തിലെ യേശുവിന്‍റെ ജനനം എങ്ങിനെയായിരുന്നാലും, വചനത്തിലെ ബെതലഹേം  കഥ പറയുന്നത് ദൈവത്തിനു മനുഷ്യനാകാന്‍ അവലംബിക്കാവുന്ന ഒരേയൊരു മാര്ഗ്ഗത്തെപ്പറ്റിയാണ്- ഒന്നും ഇല്ലാതെയായിരിക്കല്. യേശു മരിച്ചപ്പോഴും യേശുവിനു സ്വന്തമെന്നു പറയാന്‍ യാതൊന്നും ഉണ്ടായിരുന്നില്ല. ജീവിച്ചിരുന്നപ്പോഴും സ്വന്തമെന്നു അവകാശപ്പെടാന്‍ യാതൊന്നും ഉണ്ടായിരുന്നില്ല. എല്ലാം ഉള്ള നമുക്ക് വചനങ്ങള്‍ കുറെ വാക്കുകളുടെ കൂമ്പാരമായിരിക്കുന്നിടത്തോളം കാലം, ക്രിസ്മസ് നക്ഷത്രങ്ങളുടെയും കേക്കുകളുടെയും ഒരുത്സവം മാത്രമായി തുടരും. ക്രിസ്തു മൂന്നാമത് വന്നാലും നാലാമത് വന്നാലും മനുഷ്യകുലത്തിന്‌ ആദ്യവും അവസാനവും കൊടുക്കാനിടയുള്ള ഒരേയൊരു സന്ദേശവും ഈ ദാരിദ്ര്യത്തിന്‍റെ മഹത്വത്തെപ്പറ്റിയായിരിക്കും. ഈ ക്രിസ്തുമസിനെങ്കിലും  ഈ സന്ദേശം ഗ്രഹിക്കാന്‍ ഒരാള്‍ക്കെങ്കിലും കഴിയട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു.  

No comments:

Post a Comment