Translate

Thursday, December 26, 2013

സഭാനവീകരണത്തിൽ അല്മായരുടെയും അല്മായസംഘടനകളുടെയും പ്രസക്തി

ചാക്കോ കളരിക്കൽ

23 വർഷം പൌരസ്ത്യ തിരുസംഘത്തിന്റെ സെക്രട്ടറിയായിരുന്ന യൂജീൻ കർദ്ദിനാൾ തിസരാങ്ങ് (Euguene Cardinal Tisserant) ഫ്രഞ്ചു ഭാഷയിൽ എഴുതിയ 'ഇൻഡ്യയിലെ പൌരസ്ത്യ ക്രൈസ്തവർ' എന്ന പുസ്തകത്തിന്‍റെ മലയാളം പതിപ്പിൽ 'ഓർമ്മക്കുറിപ്പുകൾ' എന്ന പേരിൽ അന്തരിച്ച തലശ്ശേരി മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതിലെ ഒരു വാചകം ഞാനിവിടെ ഉദ്ധരിക്കട്ടെ: "സ്വന്തം സഭയുടെ ചരിത്രത്തെപ്പറ്റിയുള്ള അജ്ഞതയാണ് സഭാകാര്യങ്ങളിലുള്ള നമ്മുടെ നിസ്സംഗതയ്ക്ക് പ്രധാന കാരണം. ഈ പ്രസ്താവന നമ്മുടെ മെത്രാന്മാർക്കും പുരോഹിതർക്കും അല്മായർക്കും ഒരുപോലെ ബാധകമാണന്നാണ് എന്‍റെയഭിപ്രായം. മെത്രാന്മാരും വൈദികരും സെമിനാരിയിൽവച്ച് സഭാചരിത്രവും പഠിച്ചിക്കുന്നുണ്ട്. പക്ഷേ, അവർ പഠിക്കുന്നത് ലത്തീൻ-റോമൻസഭയുടെ ചരിത്രമാണ്, മാർതോമ്മാ നസ്രാണിസഭയുടെ പൂർവകാല ചരിത്രമല്ല.പട്ടമേറ്റശേഷം സഭാചരിത്രം പഠിക്കാൻ അവർക്ക് സമയമില്ല. കാരണം, മെത്രാൻ രൂപതാഭരണത്തിനും വിദേശപര്യടനത്തിനും വികാരി ഇടവകഭരണത്തിനുമാണ് അവരുടെ സമയം ചെലവഴിക്കുന്നത്. അതുകൊണ്ട് നമ്മുടെ പൂർവികർ വിദേശശക്തികളോട് എപ്രകാരം മല്ലടിച്ച് നമ്മുടെ സഭയുടെ പൈതൃകം കാത്തുസൂക്ഷിച്ചു എന്നതിനെ സംബന്ധിച്ചു് അവർ വ്യാകുലപ്പെടാറില്ല.അധികാരകേന്ദ്രീകൃതവും പുരോഹിതമേധാവിത്വമുള്ളതും അല്മായരെ പള്ളിഭരണത്തിൽനിന്നും മാറ്റിനിർത്തുന്നതുമായ ഒരു പള്ളിഭരണസമ്പ്രദായത്തെയാണ് അവർ ഇഷ്ടപ്പെടുന്നത്. കാരണം, ഏകാധിപത്യപള്ളിഭരണസമ്പ്രദായമാണ് ജനായത്തപള്ളിഭരണസമ്പ്രദായത്തേക്കാൾ സുഗമമായ രീതി. ചുരിക്കിപ്പറഞ്ഞാൽ പുരോഹിത മേല്ക്കോയ്മയുള്ള പള്ളിഭരണസമ്പ്രദായത്തെ അരക്കിട്ടുറപ്പിക്കാനുള്ള നമ്മുടെ മെത്രാന്മാരുടെ പരിശ്രമത്തിന്‍റെ ഭാഗമായാണ് മാർതോമ്മാ നസ്രാണിസഭാചരിത്രത്തെ അവർ അവഗണിക്കുന്നത്.

രണ്ടാം വത്തിക്കാൻ കൌണ്‍സിൽ സഭയിലുള്ള അല്മായ പങ്കാളിത്തത്തെ സംബന്ഡിച്ച് വളരെ വ്യക്തമായ തീരുമാനങ്ങള്‍ എടുത്തിരുന്നു.എന്നാൽ പിന്നീടു വന്ന മാർപ്പാപ്പാമാർ അല്മായരെ അപ്പാടെ അവഗണിക്കയാണ് ചെയ്തത്.പാരീഷ്‌കൗണ്‍സിലും പാസ്റ്ററല്‍കൗണ്‍സിലും വികാരിമാര്‍ക്കും മെത്രാന്മാര്‍ക്കും ഉപദേശം നല്കാനുള്ള കൗണ്‍സിലുകളാണെന്നും ഉത്തരവുകള്‍ നല്കാനുള്ള കൗണ്‍സിലുകളല്ലെന്നും2004ജനുവരി എട്ടാം തീയതി വത്തിക്കാനില്‍ കൂടിയ ക്ലര്‍ജിയുടെ കാര്യാലയാംഗങ്ങളോട് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പറയുകയുണ്ടായി. സഭയുടെ ഹയരാര്‍ക്കി സംവിധാനം ദൈവതിരുമനസ്സാണെന്നും വികാരിമാര്‍ക്കും മെത്രാന്മാര്‍ക്കും ഭരിക്കാനുള്ള അധികാരം ദൈവദത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ മാര്‍പാപ്പായുടെ നിഗമനത്തില്‍ പാരീഷ്/പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് സംസാരിക്കാനുള്ള അവകാശവും ക്ലര്‍ജിക്കും മെത്രാനും അതു ശ്രവിക്കാനുള്ള കടമയുമുണ്ട്. അത്രമാത്രം. അത് റോമായുണ്ടാക്കിയ പത്രോസിന്‍റെ നിയമമാണ്; നസ്യാണികളുടെ മാര്‍തോമ്മാനിയമമല്ല.

നസ്രാണികളുടെ പൌരാണികമായ മാർതോമ്മായുടെ മാർഗ്ഗവും വഴിപാടുംപ്രകാരം പള്ളിപ്പൊതുയോഗങ്ങൾ ഉപദേശം മാത്രം നല്കുന്ന കൌണ്‍സിലുകൾ അല്ലന്നും ആ കൌണ്‍സിലുകൾ എടുക്കുന്ന തീരുമാനങ്ങള്‍ വികാരിമാർക്കും മെത്രാന്മാർക്കുമുള്ള ഉത്തരവുകളാണന്നും നമ്മുടെ മെത്രന്മാർ ജോണ്‍ പോൾ രണ്ടാമൻ മാര്പ്പാപ്പയെ ധരിപ്പിക്കണമായിരുന്നു. ഇവിടെയാണ്‌ പത്രോസിന്‍റെ നിയമവും തോമ്മായുടെ മാർഗ്ഗവും വഴിപാടും തമ്മിലുള്ള വ്യത്യാസം. തോമ്മായുടെ മാർഗ്ഗവും വഴിപാടും ജനായത്ത ഭരണരീതിയാണെങ്കിൽ, പത്രോസിന്‍റെ നിയമം ഏകാധിപത്യ ഭരണരീതിയാണ്. വിദ്യാസമ്പന്നരും പ്രബുദ്ധരുമായ നസ്രാണികള്‍ മാര്‍തോമ്മായുടെ നിയമപ്രകാരമുള്ള പള്ളിഭരണം പുനഃസ്ഥാപിച്ചു കിട്ടാനാണാഗ്രഹിക്കുന്നത്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും രാഷ്ട്രീയവും സാന്മാര്‍ഗികവുമായ കാര്യങ്ങളില്‍ കാതലായ പരിവര്‍ത്തനങ്ങള്‍ നസ്രാണിസഭയില്‍ സംഭവിച്ചില്ലെങ്കില്‍ സഭ ഭാവിയില്‍ അതിന് വലിയ വില കൊടുക്കേണ്ടിവരും.

നമ്മുടെ സഭയ്ക്ക് സ്വയംഭരണാധികാരം ലഭിച്ചിട്ട് രണ്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നുവരെ മെത്രാൻ സിനഡല്ലാതെ സീറോ-മലബാർ സഭാസിനഡ്രൂപീകരിച്ചിട്ടില്ല. വൈദികരെയും സന്ന്യസ്തരെയും അല്മായരെയും അകറ്റി നിർത്തികൊണ്ടുള്ള മെത്രാൻ സിനഡിനെ സഭാസിനഡ്എന്ന് അഭിസംബോധന ചെയ്യാറുണ്ട്. ഇത്തരം തിരിമറികൾ കാണുമ്പോൾ വൈദികരും അല്മായരും ബുദ്ധിയും ബോധവും ഇല്ലാത്ത കഴുതകളാണെന്നാണ് മെത്രന്മാർ ധരിച്ചുവച്ചിരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. മെത്രാൻ-സിനഡിനെ സഭാസിനഡായിക്കണ്ട് മെത്രാന്മാരുടെ അധികാരത്തെ വർദ്ധിപ്പിക്കുന്നതിനുള്ള നിയമങ്ങൾ പൌരസ്ത്യ തിരുസംഘത്തിന്‍റെ ഒത്താശയോടെ നമ്മുടെ സഭയിൽ നടപ്പാക്കുന്നത് കാപട്യമാണ്. സഭാകൂട്ടായ്മയിൽ അധിഷ്ഠിതമല്ലാത്ത ഒരു സംവിധാനവും ദൈവതിരുമനസ്സോ ദൈവനിശ്ചയമോ ദൈവദാനമോ അല്ല.

സഭാനവീകരണസംരംഭത്തിന്‍റെ മുന്പന്തിയിൽ നില്ക്കേണ്ടവരും നിൽക്കുന്നവരും സാധാരണ വിശ്വാസികളും അവരുടെ സംഘടനകളുമാണ്. അവർ സഭാമേലധികാരികളെയാണ് കൂടുതലായി വിമർശിക്കുന്നത്. അതിന്‍റെ പിന്നിൽ തക്കതായ കാരണങ്ങളുമുണ്ട്. രണ്ടാം വത്തിക്കാൻ കൌണ്‍സിൽ സഭയെ കാലോചിതമായ രീതിയിൽ നവീകരിക്കണമെന്ന് ഉത്ബോധിപ്പിച്ചതിന്‍റെ വെളിച്ചത്തിൽ ജനനനിയന്ത്രണത്തിനും സഭയിൽ അല്മായ പങ്കാളിത്തത്തിനും സഭാധികാരികളുടെ സഹകരണം സാധാരണ വിശ്വാസികൾ പ്രതീക്ഷിച്ചു. ഈ രണ്ടു വിഷയങ്ങളും ഒരു വിശ്വാസിയുടെ അനുദിന ജീവിതത്തിലെ സുപ്രധാന ഘടകങ്ങളാണ്. എന്നാൽ സംഭവിച്ചതോ? അല്മേനിയുടെ ശവപ്പെട്ടിക്ക് രണ്ട് ആണികൾകൂടി അടിച്ചുകയറ്റി മരണക്കുറിപ്പെഴുതുകയാണുണ്ടായത്.

ഒന്നാം നൂറ്റാണ്ടിൽതന്നെ കർത്താവിന്‍റെ ശിഷ്യന്മാരിലൊരാളായ മാർ തോമ്മായാൽ സ്ഥാപിതമായ ഒരു സഭയാണ് കേരളത്തിലെ നസ്രാണി കത്തോലിക്കാസഭ എന്നാണ് നസ്രാണികളുടെ വിശ്വാസം. ഇന്ത്യ ഒരുകാലത്തും റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നിട്ടില്ല. അതിനാൽത്തന്നെ കേരള നസ്രാണിസഭ റോമാസാമ്രാജ്യത്തിലെ മറ്റൊരു പൌരസ്ത്യസഭയല്ല. നസ്രാണിസഭ തനതായി വളർന്നു വികസിച്ച ഒരു സഭയാണ്. നസ്രാണിസഭക്ക് സ്വന്തമായി മെത്രാന്മാർ ഇല്ലാതിരുന്ന കാലഘട്ടത്തിൽ പെർഷ്യയിൽനിന്നും മറ്റുമുള്ള മെത്രാന്മാർ നസ്രാണികളുടെ ക്ഷണപ്രകാരം മലങ്കരയിലെത്തി നസ്രാണികൾക്ക് ശുശ്രുഷകൾ ചെയ്തിട്ടുണ്ട്. ആ മെത്രാന്മാർ സുറിയാനി ഭാഷയിൽ ദിവ്യബലിയർപ്പിച്ചിരുന്നു. നസ്രാണിസഭയുടെ ആഭ്യന്തര ഭരണകാര്യങ്ങളിൽ ആ മെത്രാന്മാർ ഒരിക്കലും അധികാരം ഉപയോഗിച്ചിരുന്നില്ല.നസ്രാണിസഭ ഒരു കാലത്തും ഏതെങ്കിലും റോമൻ പൌരസ്ത്യസഭയുടെ കീഴിൽ ആയിരുന്നിട്ടില്ലയെന്നത് ഒരു ചരിത്രസത്യമാണ്. എങ്കിലും നമ്മുടെ ചില മെത്രാന്മാരുടെ ഒത്താശയോടെ സീറോ മലബാർ സഭയേയും റോമാ പൌരസ്ത്യസഭകളുടെ ഭാഗമാക്കി. അങ്ങനെ പൌരസ്ത്യസഭകൾക്കുള്ള കാനോൻ നിയമം സീറോമലബാർസഭക്കും ബാധകമാക്കി.മാർതോമ്മാ-നസ്രാണി-കത്തോലിക്കാസഭയായ നമ്മുടെ സഭക്ക് മാർതോമ്മായുടെ മാർഗ്ഗത്തിലധിഷ്ഠിതമായ ഒരു പള്ളിഭരണനിയമമായിരുന്നു ആവശ്യമായിരുന്നത്. ദൈവജനത്തെയും (നസ്രാണികൾ) ദൈവജന പങ്കാളിത്തത്തെയും (പള്ളിയോഗം)തെല്ലും പരിഗണിക്കാതെ അതികേന്ദ്രീകൃത ഹയരാർക്കിയൽ സമ്പ്രദായത്തിൽ (പത്രോസിന്‍റെ നിയമം)സൃഷ്ടിച്ചിട്ടുള്ളതാണ് പാശ്ചാത്യ/പൌരസ്ത്യ കാനോൻ നിയമങ്ങൾ.

കാലത്തിന്‍റെ അടയാളങ്ങളെ തിരിച്ചറിയാൻ കഴിവില്ലാത്ത യാഥാസ്ഥിതികരായ മാർപ്പാപ്പാമാരുടെയും മേല്പട്ടക്കാരുടെയും അതിപ്രസരമായിരുന്നു കഴിഞ്ഞ പല പതിറ്റാണ്ടുകളായിട്ട്. ബനഡിക്റ്റ് 16 -മൻ മാർപ്പാപ്പാ കർർദിനാൾ റാറ്റ്സിങ്ങർ ആയിരുന്ന കാലത്ത് സഭയുടെ ഗർഭധാരണ-പ്രതിരോധന നിലപാടിൽ (contraception) നല്ല ശതമാനം കത്തോലിക്കരും അനുകൂലിക്കുന്നവരല്ലന്ന് ഒരാൾ അദ്ദേഹത്തോട് പറയുകയുണ്ടായി.സിദ്ധാന്തങ്ങൾ ജനഹിതമറിഞ്ഞിട്ടല്ല സ്ഥാപിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. എന്നാൽ ആദ്യകാല നൂറ്റാണ്ടുകളിൽ, പ്രത്യേകിച്ച് നാലും അഞ്ചും നൂറ്റാണ്ടുകളിൽ, ജനഹിതപ്രകാരമായിരുന്നു സഭയിൽ സിദ്ധാന്തങ്ങൾ രൂപികരിച്ചിരുന്നത് എന്നതാണ് യാഥാർത്ഥ്യം. ആ നൂറ്റാണ്ടുകളിലെ സഭാകൌണ്‍സിലുകളിൽവച്ചാണ് സുപ്രധാനമായ സഭാസിദ്ധാന്തങ്ങൾ ഉരുത്തിരിഞ്ഞതു്. ആ കാലഘട്ടത്തിൽ സഭാപിതാക്കന്മാരെ തെരഞ്ഞെടുത്തിരുന്നത് പ്രാദേശിക സഭകളിലെ വിശ്വാസികളായിരുന്നു. ആ പിതാക്കന്മാരായിരുന്നു സിദ്ധാന്തസംബന്ധമായ കാര്യങ്ങളിൽ കൌണ്‍സിൽ കൂടുമ്പോൾ വോട്ടു ചെയ്തിരുന്നത്. പിന്നീട് മദ്ധ്യകാലയുഗങ്ങൾ രാജവാഴ്ച്ചയുടെ കാലമായി. മുക്കുവന്‍റെ പിന്ഗാമിയെന്ന് അവകാശപ്പെടുന്ന പോപ്പും ആ കാലഘട്ടത്തിൽ രാജാവായി. രാജാവായ പോപ്പ് തനിക്ക് ഇഷ്ടമുള്ള സിദ്ധാന്തങ്ങൾ സഭയുടെ സിദ്ധാന്തങ്ങളായി പ്രഖ്യാപിക്കാനാരംഭിച്ചു. അപ്പോൾ റാറ്റ്സിങ്ങർ പറഞ്ഞതുപോലെ, പോപ്പുരാജാവിന് ജനഹിതം അറിയേണ്ട കാര്യമില്ലല്ലോ.എന്നാൽ നമ്മുടേത്‌ ജനായത്ത ഭരണസമ്പ്രദായത്തിന് പ്രാധാന്യം നല്കുന്ന കാലഘട്ടമാണ്.സഭാധികാരം ഇന്നും രാജവാഴ്ച്ചാമന:സ്ഥിതിയിൽ കടിച്ചുതൂങ്ങിക്കിടക്കുന്നു. അതിലെ ക്രമക്കേട് അവര്ക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. സഭാധികാരത്തെ അവഗണിച്ച് സ്വന്തം പ്രജ്ഞയുടെ തീരുമാനപ്രകാരം ജീവിക്കാൻ ഒരു വിശ്വാസി നിർബന്ധിതനാകുന്നു. പുതിയ പോപ്പ് ഫ്രാൻസിസ് സഭയുടെ ഇന്നത്തെ ശോചനീയാവസ്ഥയെ മനസ്സിലാക്കിയ ഒരാളാണന്ന് അദ്ദേഹത്തിന്‍റെ നാളിതുവരെയുള്ള പ്രവൃത്തികളെ വച്ചു നോക്കുമ്പോൾ നമുക്ക് അനുമാനിക്കാൻ കഴിയും.

അല്മായർ ഇന്ന് ജീവിക്കുന്നത് വിരുദ്ധാഭിപ്രായങ്ങളുള്ള ഒരു സഭയിലാണ്. ലൈംഗികത, ലൈംഗികസദാചാരം, കൃത്രിമജനനനിയന്ത്രണം, വിവാഹിത പൌരോഹിത്യം, പൌരോഹിത്യത്തിലെ മൂല്യച്യുതി, സ്ത്രീകളോടുള്ള വിവേചനം, സ്ത്രീപൌരോഹിത്യം, വിവാഹമോചനം, കുമ്പസാരം, മെത്രാന്മാരുടെ തെരഞ്ഞെടുപ്പ്, സാമ്പത്തിക സുതാര്യത, സഭാഭരണം, ഹയരാർക്കിയൽ സമ്പ്രദായം, സഭയിൽ കൊടികുത്തി വാഴുന്ന അന്ധവിശ്വാസവും അനാചാരങ്ങളും, ദരിദ്രരുടെ വിഷയം, ബഹുമതി വിഷയം, സഭകൾ തമ്മിലുള്ള ഐക്യം തുടങ്ങിയവ കുറെ ഉദാഹരണങ്ങൾ മാത്രം. നവോത്ഥാനകാലം കഴിഞ്ഞു.ഫ്രഞ്ചുവിപ്ലവം തീർന്നു. മാർക്സിന്‍റെയും നീറ്റ്ഷെയുടെയും ഫ്രോയിഡിന്‍റെയും ബൌദ്ധിക ചലനങ്ങൾ പാശ്ചാത്യ സംസ്കാരത്തെ ഇളക്കിമറിച്ച് കെട്ടണഞ്ഞു. ഇന്ന് രാഷ്ട്രങ്ങളും സഭയും തമ്മിൽ പല വിഷയങ്ങളിലും മല്പ്പിടുത്തത്തിലാണ്. മതേതരത്വത്തിന് പ്രാധാന്യം കൂടിക്കൂടി വരുന്ന ഈ കാലഘട്ടത്തിൽ സഭയിൽ വരുത്തേണ്ട മാറ്റങ്ങൾക്ക് രൂപഭാവങ്ങൾ നല്കുകയായിരുന്നു രണ്ടാം വത്തിക്കാൻ കൌണ്‍സിലിലെ പിതാക്കന്മാർ ചെയ്തത്. അതിലെ സുപ്രധാന ഘടകമാണ് ദൈവജനം എന്ന ആശയം. യേശു ദൈവജനത്തോട് ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചെങ്കിലും സംഘടിതസഭ ദൈവജനത്തെ മറന്നും അവഗണിച്ചും മുന്നേറുകയാണ് ചെയ്തത്.ഇന്നത്തെ ദൈവജനം വിദ്യാസമ്പന്നരും പക്വമതികളുമാണ്. സഭയുടെ പൂർവ്വകാലചരിത്രം അവര്ക്ക് സുപരിചിതമാണ്. അക്കാരണത്താൽത്തന്നെ സഭയുടെ രൂപാന്തരീകരണത്തിന് അവർക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും. സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക, സമാധാനത്തെ കെട്ടിപ്പടുക്കുക, അറിവില്ലായ്മയെ നിർമ്മാർജ്ജനം ചെയ്യുക, ദാരിദ്രത്തിനെതിരായി പോരാടുക, നീതിയെ അന്വേഷിക്കുക, മനുഷ്യാവകാശങ്ങൾക്കായി പൊരുതുക, സ്ത്രീസ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുക, സഭയുടെ ഭൗതിക ഭരണകാര്യങ്ങളിൽ നേതൃത്വം നല്കുക തുടങ്ങിയ വിഷയങ്ങളിൽ അല്മായർ ലോകത്തിന്‍റെ പ്രകാശമാണ്. വിശ്വാസം എന്നു പറയുന്നത് ഒരു വിശ്വാസിയുടെ സ്വകാര്യവിഷയമല്ല. അത് പൊതുവായ ഒരു ഉത്തരവാദിത്വമാണ്. അപ്പോൾ ഒരു വിശ്വാസിക്ക് അധികാരസ്ഥാനത്തിരിക്കുന്നവരുടെ മനസാക്ഷിയെ തട്ടിയുണർത്താനും അവരുടെ തീരുമാനങ്ങളെയും നയരൂപീകരണങ്ങളെയും സ്വാധീനിക്കാനും കടമയുണ്ട്.ജാതി-മത-രാഷ്ട്രീയ-നിറ-ലിംഗ ഭേദങ്ങൾക്കതീതമായി സ്വതന്ത്രമായും നിഷ്പക്ഷമായും ചിന്തിക്കാൻ സഭാധികാരികളെ പ്രേരിപ്പിക്കാൻ അല്മായർക്കും അല്മായ സംഘടനകൾക്കും കടമയുണ്ട്. അവർ അതിനായി മുൻപോട്ടു വരേണ്ടതാണ്. വൈദികൾ അല്മായർ എന്ന യാന്ത്രിക തരംതിരിവ് ഹൈന്ദവമതത്തിലെ ജാതിതിരിവുപോലെ സാമൂഹികശാസ്ത്രപ്രകാരം അർത്ഥശൂന്യമാണ്.സഭയിലെ ഏറ്റവും വലിയ മതനിന്ദയും അതാണ്‌. സെമിനാരി വിദ്യാഭ്യാസം ലഭിച്ചവരുടെ നിലനിൽപ്പ്‌ സംരക്ഷിക്കാനുള്ള തത്രപ്പെടലാണത്. ഈ തരംതിരിവുവഴി കൂദാശാപരികർമ്മങ്ങളുടെ കുത്തക അവരുടെ കസ്റ്റഡിയിലാകുന്നു. വിദ്യാവിഹീനരും സാധാരണക്കാരുമായ യഹൂദരായിരുന്നു പന്തക്കുസ്തായിലൂടെ ആരംഭം കുറിച്ച യേശുവചനപ്രഘോഷണത്തിന് നേതൃത്വം നല്കിയത്. യേശുവിന്‍റെപുനരുദ്ധാരണത്തെപ്പറ്റി പ്രസംഗിച്ച പത്രോസിനെയും യോഹന്നാനെയും വലിച്ചിഴച്ച് യഹൂദകൌണ്‍സിലിൽ കൊണ്ടുചെന്നപ്പോൾ അവർക്ക് മുറപ്രകാരമുള്ള ശിക്ഷണം ലഭിച്ചിട്ടില്ല എന്ന അറിവായിരുന്നു യഹൂദ മതമേധാവികളെ അദ്ഭുതപ്പെടുത്തിയത്. യേശുശിഷ്യരായ സ്ത്രീകളും പുരുഷന്മാരും ദൈവത്തിന്‍റെ വെളിപ്പെടുത്തലിലൂടെ ലോകത്തെ കീഴ്മേൽ മറിച്ചു.മനുഷ്യഹൃദയങ്ങളിലേയ്ക്ക് ദൈവസ്നേഹവും പരസ്പരസ്നേഹവുമാകുന്ന വൈദ്യുതി കടത്തിവിട്ടു.രണ്ടായിരം വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇന്നിതാ ദൈവമാർഗ്ഗത്തിനു പ്രസക്തിയില്ലാത്ത പൌരോഹിത്യാധിപത്യമുള്ള ഒരു സംഘടിതസഭയായി മാറി അത് അധ:പ്പതിച്ചുപോയിരിക്കുന്നു.

ക്ലർജിക്ക്‌ മേല്ക്കോയ്മയുള്ള ഇന്നത്തെ സഭയ്ക്ക് സാധാരണ വിശ്വാസിയെ വിശ്വസിക്കാൻ കഴിയുന്നില്ല.ആ വിശ്വാസിക്ക് 747ജംബോജെറ്റ് വിമാനം പറപ്പിക്കാനറിയാം; വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വൻ കോർപ്പൊറെഷനുകളുടെ സി.ഇ.ഒ.മാരാകാം; ഡോക്ടറാകാം; എൻജിനീയറാകാം; പ്രഫസറാകാം; സ്വന്തം ബിസിനസ്സ് നടത്തുന്നവരാകാം; ബഹിരാകാശയാന്ത്രികനാകാം.എങ്കിലും ഇവർക്കൊന്നും അർത്ഥവത്തായ ഒരു പ്രവർത്തനമണ്ഡലം നല്കാൻ സഭാധികാരികൾക്ക് മടിയാണ്. പുരോഹിതവർഗം മാത്രമാണ് മതപരമായ കാര്യങ്ങളിലെ ഉദ്യോഗസ്ഥർ എന്ന ധാരണ നിലനിൽക്കുന്നിടത്തോളം കാലം അർത്ഥവത്തായ ഒരു സഭാനവീകരണം നടക്കാൻപോകുന്നില്ല.സ്ഥാപിതസഭയുടെ ചങ്ങലയിൽ നിന്ന് അല്മായർ വിമുക്തരായാലെ ആ സ്ഥിതിക്ക് മാറ്റം വരൂ.പൌലോസു സ്ഥാപിച്ച വീട്ടുസഭകളിലെ മേലന്വേഷകരും മൂപ്പന്മാരും ശുശ്രുഷകരുമൊന്നും പട്ടക്കാരായിരുന്നില്ല. അവരുടെ ലൈംഗിക വളവും തിരിവും പൌലോസ് അന്വഷിച്ചില്ല. ഇന്നോ? ഒരു സീനിയർ പുരോഹിതൻവരെ തന്‍റെ മെത്രാനെ പ്രീതിപ്പെടുത്തണം. അതല്ലായെങ്കിൽ വല്ല ഓണംകേറാമൂലയിലെ പള്ളിയിലേയ്ക്ക് അയാൾക്ക്‌ സ്ഥലംമാറ്റം കിട്ടും. മെത്രാനോടു കളിച്ചാൽ അദ്ദേഹത്തിന്‍റെ ഫാക്കൽറ്റിവരെ എടുത്തുകളയും. വത്തിക്കാന്‍റെ നിയമപുസ്തകം മെത്രാന് അനുകൂലമാണന്ന് ഓർമിർക്കണം. മെത്രാന്മാരില്‍ ഒരു നല്ല ശതമാനം കാനോൻനിയമജ്ഞരാണ്. നിയമത്തിന്‍റെ സാധുതയെ പരിഗണിക്കാതെ നിയമത്തെ വിശ്വാസികളിൽ അടിച്ചേൽപ്പിക്കാൻ അവർ തത്രപ്പെടുന്നു.ഇടയനടുത്ത ഒരു മനസ്ഥിതി മെത്രാന്മാരിൽ വളരെ വിരളമായേ കാണാറുള്ളൂ. ഒരു മെത്രാൻ യോഗ മുടക്കുകയോ ഒരു വൈദികൻ കാവടി പോയ സ്ഥലത്ത് ഹന്നാൻ വെള്ളം തളിച്ച് ശുദ്ധിയാക്കുകയോ ചെയ്താൽ അവർ ചെയ്ത തെറ്റിനെ ചൂണ്ടിക്കാണിക്കേണ്ടത് അല്മയരുടെയും അല്മായ അല്മായസംഘടനകളുടെയും ചുമതലയാണ്.

സഭാധികാരികളുടെ നോട്ടത്തിൽ ക്ലർജിയുടെ പ്രവർത്തനങ്ങൾ അഭികാമ്യവും അല്മായരുടെ പ്രവർത്തനങ്ങൾ സാധാരണവുമാണ്. ഈ ചിന്ത ക്ലർജിയെ ഉയർത്തിപ്പിടിക്കുകയും അല്മായരെ ഇകഴ്ത്തിക്കാണാൻ കാരണമാകുകയും ചെയ്യുന്നു. യേശുവിന്‍റെ ദൈവരാജ്യവികസനത്തിന് ഈ ചിന്താഗതി തടസ്സമാണ്.യേശുവിൽ സ്നാനം സ്വീകരിച്ച എല്ലാവരും ദൈവമക്കളാണ്; ദൈവരാജ്യത്തിന് അർഹരാണ്; ദൈവരാജ്യത്തെപ്പറ്റി പ്രസംഗിക്കാൻ കടപ്പെട്ടവരാണ്. അവർക്ക് സെമിനാരി വിദ്യാഭ്യാസത്തിന്‍റെ ആവശ്യമില്ല. അവർക്ക് സഭയാകുന്ന സ്ഥാപനത്തിന്‍റെ സീലും സ്റ്റാമ്പും അംഗീകാരവും ഇല്ലന്ന് ധരിക്കേണ്ടതില്ല. ക്രിസ്തീയ ജീവിതത്തിന്‍റെ പാരമ്യം ദിവ്യബലിപരികർമത്തിൽ പങ്കെടുക്കുന്നതാണന്ന്‌ ഒരു വിശ്വാസി ധരിച്ചാൽ ഞായറാഴ്ചത്തെ ഒരു മണിക്കൂർ പ്രവർത്തികൊണ്ട് ആ ക്രിസ്ത്വാനുയായി അധ:പ്പതിച്ചുപോകും. മറിച്ച് യേശുവചനങ്ങളിൽ അധിഷ്ഠിതമായ ഒരു ജീവിതരീതി (way of life) ഒരു അല്‍മേനി തെരഞ്ഞെടുത്താൽ അയാൾ ധന്യനാകും. "സ്നാപനം നല്കാനല്ല, സുവിശേഷം പ്രസംഗിക്കാനാണ് ക്രിസ്തു എന്നെ അയച്ചത്. (1 കോറി. 1:17).കൂദാശാപരികർമത്തിനും സഭയെ ഭരിക്കാനുമാണ് എന്നെ നിയോഗിച്ചിരിക്കുന്നത് എന്നൊരു മെത്രാനോ വൈദികനോ ധരിച്ചാൽ യേശുക്രിസ്തുവിന്‍റെ സദ്വാർത്ത ലോകരോടു പ്രസംഗിക്കുന്ന ചുമതലയിൽനിന്നവർ ഒഴിഞ്ഞുമാറുകയാണ്. ഓരോ ക്രൈസ്തവന്‍റെയും പരമപ്രധാനമായ ഉത്തരവാദിത്വം യേശുവിന്‍റെ സദ്വാർത്ത ലോകത്തോട്‌ പ്രസംഗിക്കുകയാണ്.മെത്രാന്മാരും പുരോഹിതരും സുവിശേഷം പ്രസംഗിക്കുകയും പ്രാർത്ഥനാജീവിതം നയിക്കുകയുമാണ് വേണ്ടത്. വിശ്വാസികളെ ദൈവസ്നേഹത്തിൽ വളർത്തുകയും യേശുവചസുകൾക്കനുസൃതമായി ജീവിക്കാൻ പഠിപ്പിക്കുകയും അങ്ങനെ കർത്താവിന്‍റെ മൗതികശരീരത്തിലെ അംഗങ്ങളാക്കുകയുമാണ് ചെയ്യേണ്ടത് (എഫേ. 4: 12-13).

കര്ത്താവിന്‍റെ മേശയാചരണത്തിൽ പുരോഹിതൻ പ്രിസൈഡ് (preside) ചെയ്യുന്നു ഒഫീഷ്യേറ്റ് (officiate) ചെയ്യുന്നു എന്നൊക്കെ പറയുമ്പോൾ അവരാണ് ക്രിസ്തുസമൂഹത്തിലെ സമുന്നതരെന്ന തോന്നൽ സൃഷ്ടിക്കുന്നു. മേശയാചരണം പട്ടക്കാർക്ക് സംവരണം ചെയ്തുവച്ചിരിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കുന്നു. എന്നാൽ വേദപുസ്തകത്തിൽ പ്രിസൈഡ്/ഒഫീഷ്യേറ്റ് തുടങ്ങിയ കാര്യങ്ങൾ കാണുന്നില്ല. സേവനം, ത്യാഗം, സ്വയം കുറയണം, മറ്റുള്ളവർ വളരണം എന്നൊക്കെയാണ് കാണുന്നത്. അപ്പോൾ മക്കളെ സ്നാനം ചെയ്യുമ്പോൾ പുരോഹിതൻ അപ്പന് സഹായിയായാൽ എന്താണു തെറ്റ്? വിവാഹത്തിന് കാരണവന്മാർ വിവാഹിതരാകുന്ന മക്കളുടെ കൈകൾ പിടിപ്പിക്കുമ്പോൾ പുരോഹിതൻ അതിനു സാക്ഷിയായാൽ എന്താണു തെറ്റ്? കർത്താവിന്‍റെ മേശയാചരണത്തിൽ സമൂഹത്തിലെ മുതിർന്ന ഒരു വ്യക്തി അപ്പം മുറിച്ചാൽ എന്താണു തെറ്റ്? പത്രോസിന്‍റെ ലേഖനം (1 പത്രോ. 2 :9) അന്വർത്ഥമാകണമെങ്കിൽ സഭയിൽ കാതലായ പരിവർത്തനങ്ങൾ സംഭവിക്കണം. അല്മായരും അല്മായസംഘടനകളും അത്തരം പരിവർത്തനങ്ങൾക്ക് മുറവിളികൂട്ടണം.


പുരോഹിതരുടെ ചുമതലയാണ് ദൈവജനത്തെ സഭാശുശ്രൂഷയ്ക്ക് പര്യാപ്തരാക്കുക എന്നത്. പൌലോസിന്‍റെ ഭാഷയിൽ പറഞ്ഞാൽ, സഭാഗാത്രത്തിലെ പല പല അവയവങ്ങൾ ഒരുമിച്ചു പ്രവർത്തിക്കാൻ പരിശീലനം നല്കണം. അവിടെ മേലാള്/കീഴാള് വേർതിരിവില്ല.പുരോഹിതരും അല്മായരും തമ്മിൽ വേറിട്ടുനില്ക്കുന്ന അവസ്ഥയില്ലാതാക്കണം. ആ വലിയ വേലിയെ തകർക്കണം. അല്മായസമൂഹം അതിനായി ഉണരണം. പള്ളിസേവനത്തിനായി അവരെ നിയോഗിക്കണം, പരിശീലിപ്പിക്കണം; . ഇന്ന് അല്മേനി പള്ളിക്കാര്യങ്ങളിൽ നിന്നകന്നാണ് നില്ക്കുന്നത്. അതിനു കാരണം പരമ്പരാഗതസഭ പള്ളിശുശ്രൂഷയും പള്ളിഭരണവും പുരോഹിതന്‍റെ അവകാശമായി സമൂഹത്തിൽ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ്. സുവിശേഷത്തിലെ സമൂല ആശയങ്ങർക്ക് അത് വിപരീതമാണ്. പള്ളിയുടെ ഭൗതികഭരണം പൂർണമായും അല്മായർക്ക് വിട്ടുകൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം യേശുവിന്‍റെ സദ്വാർത്തയാണ് പ്രധാനം. അതിൽ പോപ്പിനെപ്പറ്റിയൊ മെത്രാനെപ്പറ്റിയൊ പുരോഹിതരെപ്പറ്റിയൊ പരാമർശിക്കുന്നില്ല. സഭാധികാരം ദൈവജനത്തിന്‍റെ നിലയും വിലയും മഹത്വവും ഉദ്ദേശ്യവും അംഗീകരിക്കുന്നില്ല. മാത്രമല്ല ആ വിശുദ്ധഗണത്തെ യേശുവിന്‍റെ സുവിശേഷം പ്രസംഗിക്കാൻ തയ്യാറാക്കുന്നുമില്ല. ദൈവജനം ലോകത്തിന്‍റെ പ്രകാശമാണ്. അതിനാൽ സഭയുടെ നയരൂപീകരണത്തിൽ അല്മായരും അവരുടെ സംഘടനകളും ഇടപെടണം. അല്മായസംഘടനകൾ സംവാദങ്ങൾ നടത്തി ആരോഗ്യപരമായ മാറ്റങ്ങൾ ആഗോളസഭയിലും പ്രത്യേകിച്ച് സീറോമലബാർസഭയിലും ഉണ്ടാക്കാൻ പരിശ്രമിക്കണം. ഇന്നത്തെ സഭയുടെ ശോചനീയാവസ്ഥയും പോപ്പ് ഫ്രാൻസിസിന്‍റെസഭാനവീകരണപ്രയത്നങ്ങളും സഭയിൽ ഫലപ്രദമായ മാറ്റങ്ങൾക്ക് സഹായകമാണ്. നമ്മുടെ ചുറ്റുപാടുമുള്ള ആധുനിക ലോകാവസ്ഥയോട് സഭ അനുരൂപപ്പെടണം. ഓരോ വിശ്വാസിയും തൻറെ വിശ്വാസം സ്വജീവിതത്തിൽ എല്ലാ തലങ്ങളിലും (സ്കൂൾ, ജോലി, സമൂഹം, കുടുംബം)പ്രതിഫലിപ്പിക്കണം. വിദ്യാഭ്യാസവും അറിവും കഴിവും പ്രാപ്തിയുമുള്ള ക്രിസ്തീയ വിശ്വാസികൾ സംഘടിച്ച് യോഗങ്ങൾ കൂടി സഭയുടെ ഘടനാപരമായ പരിവർത്തനങ്ങൾക്ക് ആരംഭമിടണം. ഏറ്റുമുട്ടലിന്‍റെ സമീപനമില്ലാതെ, വിശ്വാസത്തെ സംരക്ഷിച്ചുകൊണ്ട്, പള്ളിയെ നവീകരിക്കാൻ എല്ലാവരും കടപ്പെട്ടവരാണ്.ആരാധനക്രമം, സഭാഭരണം, കാനോൻ നിയമങ്ങൾ, സഭയിലെ സാമ്പത്തിക നടത്തിപ്പ്, ക്രിസ്തീയസഭകളുടെ ഐക്യം തുടങ്ങിയ വിഷയങ്ങളിൽ അല്മായരും അവരുടെ സംഘടനകളും ഇടപെട്ടേ മതിയാവൂ.

ഇടവകകളെ ക്രിസ്തീയ കൂട്ടയ്മകളാക്കാൻ അല്മായർ മുൻകൈയെടുക്കണം. മറിച്ച്, അതിനെ സഭാശുശ്രൂഷകൾ സ്വീകരിക്കാനുള്ള കച്ചവടസ്ഥലമാക്കാൻ വികാരിമാരെ അനുവദിക്കരുത്.

സഭാംഗങ്ങളെ സംഘടിപ്പിക്കുക അത്ര എളുപ്പമായ പണിയല്ല. അതിന് സമയവും അർപ്പിതമനോഭാവവുമുള്ള ഒരു കൂട്ടം വിശ്വാസികൾ ആവശ്യമാണ്.അല്മായസംഘടനകൾ ഫലപ്രദമായും പ്രയോഗക്ഷമമായ രീതിയിലും പ്രവർത്തിക്കണമെങ്കിൽ അറിവും വിദ്യാഭ്യാസവും കഴിവുമുള്ള കൃസ്തീയവിശ്വാസികൾ ആവശ്യമാണ്. യേശു-സന്ദേശത്തെ ഉൾകൊണ്ടവരായിരിക്കണം അവർ. വിശ്വാസികളുടെ കൂട്ടായ സ്വരമായിരിക്കണമത്. വിശ്വാസത്തെ സംരക്ഷിച്ചുകൊണ്ട് പള്ളിയെ നവീകരിക്കണം. അല്മായരും അല്മായസംഘടനകളും ജാഗ്രതയോടെ സഭാനവീകരണത്തിനായി പരിശ്രമിക്കാൻ ആഹ്വാനം ചെയ്തുകൊള്ളുന്നു.

ഈ ലേഖനം വായിക്കാൻ ക്ലിക്ക് ചെയ്യുക:

മലയാളം ഡൈലി ന്യൂസ്


http://www.malayalamdailynews.com/?p=63344




  

4 comments:

  1. സഭാ നവീകരണത്തെ സംബന്ധിച്ച് വായനക്കാർക്കായി വിജ്ഞാനപ്രദമായ ഒരു ലേഖനം കാഴ്ച വെച്ചതിൽ അഭിനന്ദിക്കുന്നു. യുക്തിയിൽ അതിഷ്ഠിതമായ ലേഖനങ്ങൾ സാധാരണ മതാധിപന്മാരെ ചൊടിപ്പിക്കും. ‘അനുസരിക്കൂ, പണം കൊടുക്കൂ’ എന്നതിലുപരി സഭാകാര്യങ്ങളിൽ അല്മേനിക്ക് യാതൊരു പങ്കും പാടില്ലായെന്നാണ് വെപ്പ്.കേരളത്തിലെ ഏറ്റവും വലിയ റീയൽ എസ്റ്റെറ്റ് സാമ്രാജ്യം കൈകാര്യം ചെയ്യുന്നത് പുരോഹിത ലോകമാണ്. തലമുറകളായി വിശ്വാസികളിൽനിന്ന് സമാഹരിച്ച സ്വത്ത് പുരോഹിതരുടെ തറവാട്ടിൽനിന്ന് കൊണ്ടുവന്നതല്ല. എങ്കിലും ആ സ്വത്തുക്കളിൽ ചോദ്യം ചെയ്യാൻപോലും അല്മേനിക്ക് അവകാശമില്ല. സർക്കാരിനുമില്ല. അതേസമയം സർക്കാർ നിയന്ത്രണത്തിൽ സ്വത്തുക്കൾ നിയന്ത്രിക്കാൻ മുസ്ലിം സമുദായത്തിനു വക്കഫ് ബോർഡും ഹിന്ദുക്കൾക്ക് ദേവസ്വം ബോർഡുമുണ്ട്. ജനാധിപത്യ വ്യവസ്ഥയിലുള്ള ഒരു രാജ്യത്ത് ന്യൂനപക്ഷമായ ക്രിസ്ത്യൻ സമുദായത്തിന്റെ സ്വത്തിൽ സർക്കാരിന് നിയന്ത്രണമില്ലാത്തത് അനീതിയാണ്. അല്മേനിക്കുപൊലും പങ്കില്ലാതെ സ്വത്തുക്കൾ മുഴുവൻ അഭിഷിക്തരുടെ സ്വേച്ഛാധിപത്യത്തിൻ കീഴിലാണ്. സർക്കാരിന് നികുതിയും കൊടുക്കേണ്ട. മുൻ സുപ്രീം കോടതി ജഡ്ജിയായ വി.ആർ. കൃഷ്ണയ്യർ ചർച്ച് ആക്റ്റ് എന്ന ഒരു ബില്ല് കൊണ്ടുവന്നു. സഭാവക സ്വത്തുക്കൾ സർക്കാരിന്റെ നിയന്ത്രണത്തിൽ തെരഞ്ഞെടുക്കുന്ന അല്മേനികൾക്കും പങ്കാളിത്വമുള്ള നിയമ സംഹിതയാണു് ചർച്ച് ആക്റ്റ് എന്ന് പറയുന്നത്. തികച്ചും ജാനാധിപത്യ വ്യവസ്ഥയിലുള്ള ഈ ബില്ലിനെ പുരോഹിതരും അവരോടൊപ്പമുള്ള ഭൂരിഭാഗം ജനതയും രാഷ്ട്രീയ പാർട്ടികളും ഒന്നടങ്കം എതിർക്കുന്നത് നാടിൻറെ ശാപമാണ് - See more at: http://www.malayalamdailynews.com/?p=63344#sthash.IhC47Qpo.dpuf

    ReplyDelete
  2. നമുക്ക് ഇടവകയോഗം മാത്രമല്ല, പള്ളിപ്രതിപുരുഷയോഗവും ഉണ്ടായിരുന്നു. പോര്ട്ടുഗീസുകാര്‍ നമ്മുടെ സഭാവ്യവസ്ഥയെ അട്ടിമറിക്കാന്‍നടത്തിയ ഉദയംപേരൂര്‍ സൂനഹദോസ് എന്നറിയപ്പെടുന്ന യോഗം യഥാര്‍ഥത്തില്‍ അന്നു നമ്മുടെ സഭയിലുണ്ടായിരുന്ന പള്ളിപ്രതിപുരുഷയോഗം തന്നെയായിരുന്നു. ശ്രീ ജോസഫ് പുലിക്കുന്നേല്‍ അതിനെപ്പറ്റി എഴുതിയിരിക്കുന്നതു നോക്കുക:
    ''പോര്‍ട്ടുഗീസ്‌മെത്രാനായ മെനസിസ് 1599-ല്‍ ഉദയംപേരൂരില്‍ പള്ളി പ്രതിപുരുഷന്മാരുടെ ഒരു യോഗം വിളിച്ചുകൂട്ടി. ഓരോ ഇടവകയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലു പ്രതിനിധികളും (ആകെ 640 അല്മായര്‍) 110 വൈദികപ്രമുഖരുമായിരുന്നു യോഗത്തില്‍ സംബന്ധിച്ചത്. ഭാരതനസ്രാണികളുടെ അതിപുരാതനമായ പാരമ്പര്യമനുസരിച്ചുള്ള പള്ളിപ്രതിപുരുഷയോഗമായിരുന്നു അത്. അന്നുവരെ നസ്രാണിസമുദായം ബാബിലോണിലെ പാത്രിയര്‍ക്കീസില്‍നിന്നും ആദ്ധ്യാത്മികശുശ്രൂഷകള്‍ സ്വീകരിച്ചുവന്നു. ആ ബാബിലോണിയന്‍ പാത്രിയര്‍ക്കീസ് പാഷണ്ഡിയാണെന്നും യഥാര്‍ത്ഥ സഭാതലവന്‍ റോമിലെ പാത്രീയര്‍ക്കീസാണെന്നും മെനസിസ് അവരോടു പ്രഖ്യാപിക്കുകയും ആ സൂനഹദോസില്‍വെച്ച് മാര്‍പ്പാപ്പായെ സഭയുടെ ആദ്ധ്യാത്മികതലവനായി പള്ളിപ്രതിപുരുഷയോഗം അംഗീകരിക്കുകയും ചെയ്തു.
    ഉദയംപേരൂര്‍ 'സൂനഹദോസ്' മൂന്ന് അതിപ്രധാന കാര്യങ്ങള്‍ എടുത്തുകാട്ടുന്നു:
    (1) പാശ്ചാത്യസഭാസമ്പ്രദായമനുസരിച്ചുള്ള ഒരു സൂനഹദോസ് ആയിരുന്നില്ല അത്. പാശ്ചാത്യസഭാസൂനഹദോസുകളില്‍ മെത്രാന്മാര്‍ക്കു മാത്രമേ പങ്കെടുക്കാന്‍ അന്നും ഇന്നും അധികാരമുള്ളൂ. മെനസിസ് മെത്രാന്‍ പാശ്ചാത്യസഭയുടെ പാരമ്പര്യമല്ല; മറിച്ച് നസ്രാണികളുടെ പാരമ്പര്യമാണ് അംഗീകരിച്ചത്.
    (2) മാര്‍പ്പാപ്പായെ സഭാതലവനായി അംഗീകരിച്ചത് പള്ളിപുരുഷയോഗ മാണ്. സഭയുടെ അസ്തിത്വത്തിനാധാരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശം പള്ളിപ്രതിപുരുഷയോഗത്തിനാണെന്ന് മെനസിസ് മെത്രാന്‍ സമ്മതിച്ചു. ഈ അതിപുരാതനമായ പാരമ്പര്യത്തെ പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ അടിവരയിട്ട് ഇങ്ങനെ പ്രഖ്യാപിക്കുന്നു: ''സമുദായത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം ഒന്നോ രണ്ടോ പള്ളിക്കാര്‍ മാത്രമായിട്ടു തീരുമാനിക്കാ റില്ല. ഒരു സംഭവമുണ്ടായാല്‍ എന്താണ് നിവൃത്തിമാര്‍ഗ്ഗമെന്ന് ശേഷമുള്ള പള്ളിക്കാരെയും വിളിച്ചുകൂട്ടി ആലോചിക്കുകയായിരുന്നു പണ്ടുമുതലുള്ള പതിവ്''(വര്‍ത്തമാനപ്പുസ്തകം, പേജ് 45). ഈ പതിവ് അനുസരിച്ചുള്ള നസ്രാണികളുടെ പ്രത്യേകമായ ഭരണരീതിയെയാണ് മെനസിസ് അംഗീകരിച്ചത്.
    (3) ഉദയംപേരൂര്‍ സൂനഹദോസില്‍വെച്ച് നസ്രാണികള്‍ ബാബിലോണിയന്‍ പാത്രിയര്‍ക്കീസിനു പകരമായി മാര്‍പ്പാപ്പായെ സഭാതലവനായി അംഗീകരിക്കുക മാത്രമാണു ചെയ്തത്. അന്നു നിലവിലുണ്ടായിരുന്ന ആദ്ധ്യാത്മികശുശ്രൂഷാക്രമമനുസരിച്ച് പാത്രിയര്‍ക്കീസിനു ലഭ്യമായിരുന്ന അവകാശങ്ങള്‍ മാത്രമാണ് റോമിലെ മാര്‍പ്പാപ്പായ്ക്ക് സൂനഹദോസിന്റെ തീരുമാനത്തിലൂടെ ലഭിച്ചത്. പാശ്ചാത്യസഭയില്‍ മാര്‍പ്പാപ്പായ്ക്കുണ്ടായിരുന്ന ഭൗതികാധികാരം ഭാരതനസ്രാണികള്‍ അംഗീകരിച്ചില്ല, ഭൗതികാധികാരം മാര്‍പ്പാപ്പായില്‍ നിക്ഷിപ്തമാക്കുന്ന പാശ്ചാത്യഭരണനിയമവും സൂനഹദോസ് അംഗീകരിച്ചില്ല. അതുകൊണ്ടാണ് റോസ് മെത്രാന്‍ 1609-ല്‍ പ്രസിദ്ധീകരിച്ച നിയമാവലി അംഗീകരിക്കാന്‍ സമുദായം തയ്യാറാകാതിരുന്നതും കൂനന്‍കുരിശുസത്യത്തിലേക്കു സമുദായംനീങ്ങിയതും.''

    (കാനോന്‍നിയമത്തിലെ കാണാച്ചരടുകള്‍, പേജ് 131 -ഈ പുസ്തകത്തിന്റെ pdf file അല്മായശബദം ബ്ലോഗിലെ ഇ-ലൈബ്രറിയില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തു വായിക്കാവുന്നതാണ് ി)

    ReplyDelete
  3. 892-ല്‍ പാലാപ്പള്ളിയില്‍ ഒരു പ്രതിനിധിയോഗം വിളിച്ചുകൂട്ടി പണം പിരിക്കുന്നതിനുള്ള മെത്രാന്റെ അവകാശത്തെ ചോദ്യംചെയ്തു. ആ യോഗതീരുമാനത്തിന്റെ പ്രസക്തഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.
    ”പള്ളിക്കടുത്ത മുതല്‍കാര്യങ്ങള്‍ കീഴ്‌നടപ്പനുസരിച്ച് യോഗനിശ്ചയപ്രകാരം കൈകാര്യം ചെയ്യേണ്ടതും തര്‍ക്കവിഷയങ്ങളില്‍മാത്രം മെത്രാനച്ചന്റെ മേലധികാരം പ്രയോഗിക്കേണ്ടതും അവിടുത്തെ ന്യായമായ വിധിക്ക് കീഴ്‌വഴങ്ങേണ്ടതുമാകുന്നു.
    1889-ല്‍ പാലായില്‍കൂടിയ മീറ്റിംഗിലെ നിശ്ചയങ്ങളെ വെളിപ്പെടുത്താതെയും അവയ്ക്കു പ്രതികൂലമായും പെ.ബ. മെത്രാനച്ചന്‍ സ്വയമേവ പണംപിരിക്കുകയും തിരുനാളുകള്‍ക്കു മുടക്കറിവിക്കയും ചിലേടങ്ങളില്‍ മുടക്കുകയും ചെയ്യുന്നത് നമുക്ക് പൊതുവില്‍ വ്യസനകരവും പിരിക്കുന്ന പണം സമുദായത്തിനു ഉപയോഗപ്പെടുംവിധം കാണുന്നില്ലാത്തതും ആകയാല്‍ മേലാല്‍ നാലൊന്നു കൊടുക്കാതിരിക്കേണ്ടതും കൊടുത്തിട്ടുള്ള പണത്തിന് നാട്ടുമെത്രാന്റെ വകയ്‌ക്കെന്നു കാണിച്ചു രസീതു വാങ്ങിക്കേണ്ടതുമാകുന്നു.”
    (ഷെവ. വി.സി. ജോര്‍ജ് രചിച്ച നിധീയിരിക്കല്‍ മാണിക്കത്തനാര്‍ എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നു. കൂടുതല്‍ വിവരങ്ങളറിയാന്‍ ആഗ്രഹിക്കുന്നവര്‍ പി.വി. ഉലഹന്നാന്‍ മാപ്പിളയുടെ ‘ദൈവത്തിന്റെ മനുഷ്യന്‍ -പീടിയേക്കല്‍ ബഹു. കൊച്ചേപ്പച്ചന്‍’ എന്ന ഗ്രന്ഥം വായിക്കുക).
    കഴിഞ്ഞ നൂറ്റാണ്ടില്‍ സ്വയംഭരണാവകാശത്തിനുവേണ്ടിയുള്ള സമുദായത്തിന്റെ ത്യാഗപൂര്‍ണ്ണമായ സമരങ്ങളുടെ ലക്ഷ്യം മാര്‍ത്തോമ്മായുടെ നിയമം പുനഃസ്ഥാപിക്കുകയായിരുന്നു എന്ന് ഇതെല്ലാം സൂചിപ്പിക്കുന്നു. (കാനോന്‍നിയമത്തിലെ കാണാച്ചരടുകള്‍, പേജ് 131

    ReplyDelete
  4. നമുക്കു നാണിക്കാം...നസ്റാണിക്കുടുംബത്തില് ജനിച്ചതോര്ത്തു നമുക്കു നാണിക്കാം...,മശിഹായെ അറിയാത്ത പാഴ്ജന്മപ്പാതിരിമാരെ വന്ദിച്ചതോര്ത്തു നമുക്കു നാണിക്കാം...,പള്ളി പണിതതോര്ത്തു നമുക്കു നാണിക്കാം...,പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്ന യേശുവിന്റെ വചനം മറന്നു പള്ളിയില് പോയതോര്ത്തു നമുക്കു നാണിക്കാം...,പാതിരിപടകളെ തീറ്റിപോറ്റാനായി പള്ളിക്കു കാശുകൊടുത്തതോര്ത്തു നമുക്കു നാണിക്കാം...,നാണമുള്ള നാളുവരെ നമുക്കു നാണിക്കാം...,നാണിച്ചു നാണിച്ചു മരിക്കാം...,പാതിരിഗുണ്ടകളു നീണാളുവാഴട്ടെ...കത്തനാരുടെ രാജ്യം സിന്ദാബാദ്....ആമ്മേന്കരയൂ ആടുകളേ.

    ReplyDelete