Translate

Friday, November 22, 2013

ജീവോത്സവ് അഥവാ പ്രജനനോത്സവ്

സി. വി. സെബാസ്റ്റ്യന്‍ (സര്‍ക്കുലേഷന്‍ മാനേജര്‍, സത്യജ്വാല) 

8-1-2013 ലെ മാതൃഭൂമി പത്രത്തിലെ താഴെക്കാണുന്ന വാര്‍ത്തയാണ് ഇവിടെ കുറിക്കുന്ന പ്രതികരണത്തിന്റെ പ്രചോദനം. വാര്‍ത്തയുടെ പ്രസക്തമായ ഭാഗങ്ങള്‍ ഇപ്രകാരം:
 
ജീവോത്സവ് 16-ന്
തൃശ്ശൂര്‍: ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ കൂടുതല്‍ കുട്ടികളുള്ള യുവതലമുറയിലെ കുടുംബങ്ങളെ ആദരിക്കുന്നു. കുടുംബങ്ങളുടെ മഹനീയതയും മക്കളുടെ സമൃദ്ധിയും ഉയര്‍ത്തിക്കാട്ടാനും ജീവന്‍ പരിപോഷിപ്പിക്കാനുമായിട്ടാണ് 'ജീവോത്സവ്-2013' എന്ന പേരില്‍ ഒക്‌ടോബര്‍ 16-ന് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ പ്രസന്ന തട്ടില്‍ അറിയിച്ചു. കേരളത്തിലെ എല്ലാ രൂപതകളിലെയും 1990-നു ശേഷം വിവാഹിതരായ നാലും അതില്‍ കൂടുതലും മക്കളുള്ള കുടുംബങ്ങളെയാണ് ആദരിക്കുന്നത്. പൊതുസമ്മേളനം K.C.B.C. ഫാമിലി കമ്മീഷന്റെയും പ്രൊ-ലൈഫിന്റെയും ചെയര്‍മാന്‍ മാര്‍ മാത്യു ആനി കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിക്കും. ഏകദിന സെമിനാര്‍ ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ.ഡേവിഡ് അബൂക്കന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും.
ഉടന്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.


കഷ്ടം ! ദൈവം കനിഞ്ഞനുഗ്രഹിച്ച പത്തും പതിനാറും മക്കളെ പെറ്റ്, പോറ്റി വളര്‍ത്തിയ നിരവധി കത്തോലിക്ക വൃദ്ധ ദമ്പതിമാര്‍ ഇപ്പോഴും ഈ നാട്ടില്‍ ജീവിച്ചിരുന്നിട്ടും അവരെയൊന്ന് ആദരിക്കാന്‍ ഈ നന്ദികെട്ട പുരോഹിത പുംഗവന്മാര്‍ക്ക് തോന്നാത്തത് വിരോധാഭാസം തന്നെ. എന്താ, മറ്റ് മത-സാമുദായിക വിഭാഗങ്ങള്‍ക്ക് ഉതപ്പും ഈര്‍ഷ്യയും ബഹു.തിരുമേനിമാരോട് തോന്നാതിരിക്കാനോ, കത്തോലിക്കാ ബിഷപ്പുമാര്‍ പിന്നണിയില്‍ നിന്ന് ഇപ്പണി കന്യാസ്ത്രീകളെ ഏല്‍പ്പിച്ചിരിക്കുന്നത്? അങ്ങനെ ആവാനെ വഴിയുള്ളൂ.
 
മാതൃഭൂമി പത്രത്തിന്റെ ചരമവാര്‍ത്താ പേജില്‍ നിന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി ശേഖരിച്ച ഒരു സ്ഥിതിവിവര കണക്കിന്റെ സംക്ഷിപ്തരൂപം, സമുദായം തിരിച്ച്, ഇവിടെ ഉദ്ധരിക്കാം.
10 ഓ അതില്‍ കൂടുതലോ മക്കളുള്ള ആകെ ദമ്പതിമാരുടെ എണ്ണം - 413
ഇവരില്‍ സുറിയാനി ക്രിസ്ത്യാനി ദമ്പതിമാരുടെ എണ്ണം - 340
ഇവരില്‍ സുറിയാനി ക്രിസ്ത്യാനി ദമ്പതിമാരുടെ ശതമാനം - 82.3%
എല്ലാ വിഭാഗങ്ങളിലും പെടുന്ന ഹിന്ദു ദമ്പതിമാരുടെ എണ്ണം - 44 (10.7%)
മുസ്ലീം ദമ്പതിമാരുടെ എണ്ണം - 29 (7%)
 
ഇപ്പറഞ്ഞ കണക്കില്‍ ശ്രദ്ധേയമായ രണ്ട് മൂന്ന് കാര്യങ്ങള്‍ ഉണ്ട്. ഒന്ന് - ഇവിടെ പറയുന്ന ക്രിസ്ത്യന്‍ ദമ്പതിമാരുടെ കൂട്ടത്തില്‍ നാലോ അഞ്ചോ ഇതര വിഭാഗങ്ങളില്‍പ്പെട്ട മറ്റ് നസ്രാണി ദമ്പതിമാര്‍ മാത്രമേ പെടുന്നുള്ളു. അതായത് 99% വും സംഭാവന ചെയ്തിരിക്കുന്നത് നസ്രാണി കത്തോലിക്കാ ദമ്പതിമാര്‍ തന്നെ. രണ്ട് - മാതൃഭൂമിയുടെ കോട്ടയം പതിപ്പില്‍ മുസ്ലീങ്ങളുടെ യഥാര്‍ത്ഥ പ്രാതിനിധ്യം പ്രതിഫലിപ്പിക്കുകയില്ല. അതിന് മലപ്പുറം കോഴിക്കോട് പത്രങ്ങളുടെ പേജുകളത്തന്നെ ആശ്രയിക്കേണ്ടിയിരിക്കുന്നു. മൂന്ന് - മേല്‍പ്പറഞ്ഞ വിവരേശേഖരണത്തിന് മാതൃഭൂമിക്കു പകരം മലയാളമനോരമ പത്രത്തെയോ ദീപികയേയോ ആശ്രയിക്കുകയാണെങ്കില്‍ ക്രിസ്ത്യന്‍ ദമ്പതിമാരുടെ അനുപാതം കൂടാനും മറ്റുള്ളവരുടെ അനുപാതം വീണ്ടും കുറയാനും സാധ്യതയുണ്ട്. മറ്റൊരു കാര്യം, 20-25 വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇത്തരമൊരു കണക്കെടുപ്പ് (ബഹു.മെത്രാന്മാര്‍ അവരുടെ മഹത്തായ ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങിയാല്‍) അപ്രസക്തമാകാം.

2
നസ്രാണി കത്തോലിക്കരിലെ ജനസംഖ്യാ സ്‌പോടനം കഴിഞ്ഞ അഞ്ച് നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന - പോര്‍ച്ചുഗീസുകാര്‍ കത്തോലിക്കാ മതം ഇവിടേയ്ക്ക് ഇറക്കുമതി ചെയ്ത നാള്‍ മുതല്‍ - ഒരു പ്രതിഭാസമാണ്. മുസ്ലീങ്ങളില്‍ ഈ പ്രവണതയ്ക്ക് ഒന്നൊന്നേകാല്‍ സഹസ്രാബ്ദങ്ങള്‍ തന്നെയായിക്കാണും. രണ്ടും മതനേതൃത്വത്തിന്റെ പ്രോത്സാഹനത്തോടും അനുഗ്രഹാശിസ്സുകളോടും കൂടി തുടങ്ങിവെച്ച ഒരു 'പ്രേരിത ജനസംഖ്യാ വര്‍ദ്ധനവ് ' ആണ്. സാധാരണ മത വിശ്വാസികളുടെ അജ്ഞതയെ മുതലെടുത്ത് അര നൂറ്റാണ്ടു മുമ്പു വരെ തുടര്‍ന്നു വന്ന ജാതീയവും മതപരവുമായ ഈ പ്രവണത ഒരു പരിധിവരെ പൊറുക്കത്തക്കതാണ്. എന്നാല്‍, കഴിഞ്ഞ നൂറ്റാണ്ടിന്റെ 60 കളോടുകൂടി കാര്‍ഷിക ഭൂമിയുടെ ലഭ്യതക്കുറവിനെക്കുറിച്ചും ജനസംഖ്യാ വര്‍ദ്ധനവിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും കേരളത്തിലെ പൊതു സമൂഹം മൊത്തത്തില്‍ ബോധവാന്മാരായി തുടങ്ങിയെങ്കിലും മുസ്ലൂം - ക്രിസ്ത്യന്‍ പുരോഹിതവര്‍ഗ്ഗം ഒഴുക്കിനെതിരെ നീന്താന്‍ താന്താങ്ങളുടെ വിശ്വാസി സമൂഹങ്ങളെ പ്രേരിപ്പിക്കുകയായിരുന്നു; നിര്‍ബന്ധിക്കുകയായിരുന്നു. അതിനാല്‍ ഇപ്പറഞ്ഞ പുരോഹിതവര്‍ഗ്ഗം പ്രേരണാകുറ്റത്തിന് ഉത്തരവാദികളാണ്, രൂക്ഷമായ സാമൂഹ്യ വിചാരണയ്ക്ക് തീര്‍ച്ചയായും വിധേയരാകേണ്ടവരാണ്.കേരള സമൂഹത്തിന്റെ പൊതുശത്രുക്കളായി ഈ പുരോഹിതവര്‍ഗ്ഗങ്ങളെ പ്രഖ്യാപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.സുറിയാനി കത്തോലിക്കരിലേയും മുസലീം സമുദായത്തിലേയും സൂകര പ്രസവത്തിന് നിയമപരമായ ഒരു പ്രജനനപ്പൂട്ട് ഏര്‍പ്പാടാക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. എന്നാല്‍, മതേതരത്വത്തിന്റെയും ന്യൂനപക്ഷാവകാശത്തിന്റെയും പേരില്‍ 'പൂച്ചയ്ക്കാര് മണി കെട്ടും' എന്ന അവസ്ഥയില്‍ അന്ധാളിച്ചു നില്‍ക്കുകയാണ് ഇതര സമൂദായങ്ങളും മാറി മാറി വരുന്ന ഭരണകക്ഷി രാഷ്ട്രീയപാര്‍ട്ടികളും.

കേരളത്തിലെ സുറിയാനി കത്തോലിക്കന്റെ ആഢ്യത്വത്തിന്റെ സ്റ്റാറ്റസ് സിംബലുകള്‍ രണ്ടാണ്.ഒന്ന് റബര്‍ എസ്റ്റേറ്റ് അല്ലെങ്കില്‍ ഏക്കര്‍ കണക്കിലുള്ള ഭൂസ്വത്ത്; രണ്ട് 10-ല്‍ കുറയാത്ത എണ്ണം സന്തതികള്‍. ഇവ രണ്ടും ഇല്ലാത്ത നസ്രാണി ക്രിസ്ത്യാനികള്‍ സ്വന്തം സമുദായത്തിലെ അധ:കൃതനാണ്; ഏഴാം കൂലികളാണ്.
 
ഭൂസ്വത്തിനോടും സന്താനസമ്പത്തിനോടുമുള്ള ഈ ആസക്തി ഒരു ചങ്ങലാ പ്രവര്‍ത്തനം പോലെ തുടരുകയാണ്.ഇതിന് തുടക്കമിട്ടത് പോര്‍ച്ചുഗീസ് മിഷനറിമാരുടെ പ്രേരണയിലും പ്രോത്സാഹനത്തിലും.മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, നസ്രാണി കത്തോലിക്കന് തനതായുള്ള 'സുകരപ്രജനനശേഷി ' ഒരു ' വിദേശ പ്രേരിത ' പ്രതിഭാസമാണ്. ഇതിന് പിന്‍ബലമായി ' ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ത്തീരത്തെ മണല്‍ത്തരികള്‍ പോലെയും ഭൂമിയില്‍ നിന്റെ സന്തതി പരമ്പര പെരുകട്ടെ ' എന്ന ബൈബിള്‍ വാക്യവും അവര്‍ക്ക് കൂട്ടായുണ്ടായിരുന്നു.
 
ഒരു അര നൂറ്റാണ്ടു മുമ്പുവരെ, കയ്യേറാനും വെട്ടിപ്പിടിക്കാനും ദേവസ്വം ഭൂമികളോ, വനഭൂമിയോ, റവന്യൂ ഭൂമിയോ, അതുമല്ലെങ്കില്‍ കുടിയിറക്കി കുടിയേറാന്‍ പറ്റിയ പട്ടികജാതി-വര്‍ഗ്ഗ മേഖലകളോ കണ്ടെത്താന്‍ നസ്രാണി ക്രിസ്ത്യാനികള്‍ക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. പക്ഷെ, ഇന്ന് കാലം മാറി. എങ്കിലും പുരോഹിതശ്രേഷ്ഠന്മാരും കന്യാസ്ത്രീകളും ഇപ്പോഴും ശാഠ്യം പിടിക്കുകയാണ്.പഴയ ' സുകരപ്രജനന ' സംസ്‌കാരം പിന്തുടരാന്‍.
 
കേരളത്തില്‍ കൃഷിയോഗ്യമോ വാസയോഗ്യമോ ആയ പ്രതിശീര്‍ഷ ഭൂമി ലഭ്യത 26 സെന്റ് മാത്രമെന്നാണ് കണക്ക്.ഒരു ട്രെയിന്‍ യാത്രയില്‍ പരിചയപ്പെട്ട ഒരു റിട്ടയേര്‍ഡ് വില്ലേജ് ഓഫീസര്‍ നാരായണന്‍ പറഞ്ഞ ചില ' കമ്മതി കണക്കുകള്‍ ' ഇവിടെ ഉദ്ധരിക്കാം. 20% ല്‍ താഴെ മാത്രം ജനസംഖ്യയുള്ള ക്രിസ്ത്യാനികളുടെയും അവരുടെ സഭാസ്ഥാപനങ്ങളുടെയും കൈവശം കേരളത്തിലെ മൊത്തം ഭൂമിയുടെ 35-40% സ്വന്തം; 12% ഓളം വരുന്ന പട്ടികജാതി-വര്‍ഗ്ഗങ്ങളുടെ ഭൂമിയിലുള്ള പങ്കാളിത്തം 3% ല്‍ താഴെ. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ കൈവശമുള്ള മൊത്തം ഭൂമിയുടെ മാര്‍ക്കറ്റ് മൂല്യം, കേരളത്തിലെ മുഴുവന്‍ ഭൂമിയുടെ മാര്‍ക്കറ്റ് മൂല്യത്തിന്റെ 40-45% വരുമെങ്കില്‍, എല്ലാ പട്ടികജാതി-വര്‍ഗ്ഗങ്ങളുടെയും കൈവശത്തിലുള്ള 3% ഭൂമിയുടെ മാര്‍ക്കറ്റ് മൂല്യം ഒന്നര ശതമാനത്തിലുംകുറവായിരിക്കും. ഈ ' അജഗജാന്തരം' തിരിച്ചറിയാന്‍ അധികം ആലോചിച്ച് ബുദ്ധിമുട്ടേണ്ടതില്ല. ലക്ഷം വീട് കോളനിയിലെ മൂന്നു സെന്റ് ഭൂമിയുടെ മാര്‍ക്കറ്റ് മൂല്യവും നഗര പ്രദേശത്തെ മൂന്നു സെന്റ് ഭൂമിയുടെ മാര്‍ക്കറ്റ് മൂല്യവും ഒന്ന് താരതമ്യം ചെയ്താല്‍ മതിയാകും. കേരളത്തിലെ വിവിധ ജാതിസമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ക്കുള്ള കാരണമന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ല. (ഭൂസ്വത്ത് സംബന്ധിച്ച് ജാതി തിരിച്ചുള്ള വസ്തു നിഷ്ഠമായ സ്ഥിതിവിവര കണക്കുകള്‍ക്ക് ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച ശ്രീ.കെ.എം.സലിംകുമാറിന്റെ ' നെഗ്രിറ്റിയൂഡ് 'എന്ന ഗ്രന്ഥം (പേജ് 147-48)കാണുക).
 
ഈ അടുത്ത കാലത്തായി കത്തോലിക്കാ വിശ്വാസികളില്‍ കാണപ്പെടുന്ന പ്രജനന നിരക്കിലുള്ള ഇടിവിനെപ്പറ്റി ബിഷപ്പുമാര്‍ എന്തിനിത്ര വേവലാതിപ്പെടണം? ഇവിടുത്തെ സെമിനാരികളിലും കൊവേന്തകളിലും കന്യാസ്ത്രീമഠങ്ങളിലും, ' ബ്രഹ്മചര്യ- കന്യാകാത്വ ' തടവറയിലാക്കപ്പെട്ട, ഊര്‍വ്വരതമുറ്റി വഴിഞ്ഞൊഴുകുന്ന, ആ യുവതലമുറയെ സ്വതന്ത്രമാക്കിയാല്‍ത്തന്നെ പവ്വത്താന്മാരെപ്പോലെയുള്ള തിരുമേനിമാര്‍ ഭയപ്പെടുന്ന പ്രജനനത്തിലുള്ള കുറവ് നിഷ്പ്രയാസം നികത്താന്‍ കഴിയും.

ലൈംഗികതയെ കത്തോലിക്കാസഭാനേതൃത്വം എന്തിനിത്ര മേച്ഛമായ ഒന്നായി വിസ്വാസികളില്‍ കുത്തിവെയ്ക്കുന്നു? ആധുനിക മന:ശാസ്ത്ര നിഗമനങ്ങള്‍ക്ക് നിരക്കുന്നതാണോ അത്? ലൈംഗികത മേച്ഛമായ ഒരു സാത്താനിക ചോദനയാണെന്നാണ് ശുദ്ധാത്മാക്കളായ ഭൂരിഭാഗം കന്യാസ്ത്രീകളും പുരോഹിതരും ധരിച്ചു വശായിരിക്കുന്നത്. ഇത് ദിവ്യമായ, പ്രകൃതിദത്തമായ ഒരു ചേതോവികാരവും ചോദനയും മാത്രമാണ്. അല്ലെങ്കില്‍ത്തന്നെ, ദൈവം സൃഷ്ടിക്കാന്‍ ലജ്ജിക്കാത്ത, അറയ്ക്കാത്ത ആ മനുഷ്യാവയവങ്ങളെ ഓര്‍ത്ത് പുരോഹിതരും കന്യാസ്ത്രീകളും എന്തിനിത്ര ലജ്ജിക്കണം?അറയ്ക്കണം? പാപബോധം പേറണം? ലൈംഗികത എത്രമാത്രം ഹൃദ്യമായ ചേതോവികാരമാണെന്ന് എത്രയോ മാര്‍പ്പാപ്പമാര്‍ തങ്ങളുടെ പ്രവൃത്തികളിലൂടെ ചരിത്രത്തില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു!

(കേരളത്തിലെ കുടുംബ നാമങ്ങളുടെ ഉല്പത്തി-പരിണാമത്തെയും, ജാതീയമായ ജനസംഖ്യാ പ്രവണതയെയും പഠന വിധേയമാക്കുന്ന, വൈകാതെ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രന്ഥത്തില്‍ നിന്നും എടുത്ത സ്ഥിതിവിവര കണക്കുകളുടെ ചുരുക്കമാണ് ഈ ലേഖനത്തില്‍ ചേര്‍ത്തിരിക്കുന്നത്.)





No comments:

Post a Comment