Translate

Sunday, October 27, 2013

കണ്ണില്ചോരയില്ലാത്ത പാപ്പ



അലക്സ്‌ കണിയാംപറമ്പില്‍

പണ്ടൊരു തിരുമേനി ഒരു പെണ്കുട്ടിയെ (സോറി, സ്ത്രീയെ) ദത്തെടുത്തു. കുമ്പസാരക്കൂട്ടിലിരുന്ന് ദിവസവും മനുഷ്യന്‍ പറയുന്ന നുണകളുടെ കഥകള്‍ക്ക് കൈയും കണക്കുമില്ല എന്നറിയുന്ന വൈദികര്ക്ക് സംഭവം പെണ്‍ വാണിഭം ആണെന്ന് പെട്ടെന്ന് പിടികിട്ടി. തിരുമേനിയ്ക്ക് യാതൊരു കുലുക്കവും ഇല്ല. ...തിരുമേനി കക്ഷിയെ അങ്ങ് കൂടെ പൊറുപ്പിച്ചു. പോരാത്തതിന് അഭിക്ഷേകം തുടങ്ങിയ അനാചാരങ്ങളും. അസൂയമൂത്ത വൈദികര്‍ അനുസരണാവൃതമൊക്കെ തല്ക്കാലം മറന്ന് തെരുവിലിറങ്ങി. എന്നിട്ടും നമ്മുടെ പൊന്നുതിരുമേനിയുടെ തിരുദേഹത്ത് തൊടാന്‍ ഒരുത്തനെക്കൊണ്ടും സാധിച്ചില്ല. പരാതി വത്തിക്കാനിലേയ്ക്ക് പോയി. അവിടെനിന്നും ഒന്നൊന്നര മാസത്തിനു ശേഷം വിശുദ്ധ ഇണ്ടാസ് വന്നു – എല്ലാവരും ഒരു സസ്പെന്ഷ്ന്‍ പ്രതീക്ഷിച്ചു. അവര്‍ വിഡ്ഢികളായി. നമ്മുടെ തിരുമേനി റോമില്‍ പോയി. കുറെ നാള്‍ റോമിലെ തിരുമേനി ആയി അവിടെ വാണരുളി. പിന്നെ എന്തു സംഭവിച്ചു എന്ന് ചോദിക്കരുത്. അതൊക്കെ വിശുദ്ധരഹസ്യങ്ങളാണ്.

അതാണ്‌ കത്തോലിക്കാസഭ. അല്ലെങ്കില്‍ അതായിരുന്നു കത്തോലിക്കാസഭ. മെത്രാന്റെ കുപ്പായം ഒരിക്കല്‍ കിട്ടിയാല്‍ കിട്ടിയതാ. 75 വയസ് പൂര്ത്തിയാകുന്നതിനു മുമ്പ് സാക്ഷാല്‍ കാലനുപോലും മെത്രാന്മാരുടെ അടുത്ത് വരാന്‍ പേടിയാ.... പെന്ഷന്പ്രായം ഒക്കെ കഴിഞ്ഞ്, കന്യാസ്ത്രീകളുടെ പരിചരണവും, ആയുര്വേദക്കാരുടെ തിരുമ്മും ഉഴിച്ചിലും ഒക്കെ ആസ്വദിച്ച് അവര്‍ രാജപ്രൌഢിയില്‍ അങ്ങ് ജീവിച്ച്, ഒരു നാള്‍ കാലം ചെയ്യും. അല്ല, നമ്മുടെ കര്ത്താവില്‍ നിദ്ര പ്രാപിക്കും. ഒരു നൂറു വര്ഷം കഴിയുമ്പോള്‍, ദൈവദാസന്‍, വാഴ്ത്തപ്പെട്ടവന്‍, പിന്നെ ഒരു ദിവസം വിശുദ്ധന്‍.

വത്തിക്കാന്‍ അങ്ങ് ദൂരെയല്ലേ. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ ഒന്നും ശരിയായ രീതിയില്‍ അവിടെ അറിയാറില്ല. വാര്ത്തകള്‍ അവിടെ ചെല്ലുമ്പോള്‍ നടന്നതെല്ലാം സേവനം, ശുശ്രൂഷ, സഹനം.... പാപ്പാമാര്‍ മെത്രാന്മാരുടെ തോളത്ത് ഒരു തട്ടുംതട്ടി മിടുക്കന്‍ എന്നുപറഞ്ഞ് തിരിച്ചയക്കും.

പണ്ടൊരു പാപ്പ അറിയാതെ പറഞ്ഞുപോയി - തോമാശ്ലീഹാ കേരളത്തില്‍ വന്നിട്ടില്ലെന്ന്. രണ്ടാമതൊരിക്കില്‍ കൂടി അത് പറയാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ആ ശബ്ദം മുങ്ങിപോയി. മറ്റൊരു പാപ്പ കുറെ വര്ഷങ്ങള്‍ മുമ്പ് സഭ ചില നല്ല കാര്യങ്ങളെങ്കിലും ചെയ്യണമെന്നാശിച്ച് ഒരു സൂനഹദോസ് വിളിച്ചുകൂട്ടി. കിംഫലം? തിരുമേനിമാരോടാ കളി!

നമ്മുടെ മെത്രാന്മാര്‍ അതൊക്കെ മുക്കി. അവരുടെ ജീവിതം പഴയതുപോലെതന്നെ സുഗമമായി അങ്ങ് പോയി.

ജനവികാരം എന്ന് കേട്ടാല്‍ ഈ മെത്രാന്മാര്ക്ക് ഓക്കാനം വരും. ഇവനൊക്കെ എന്തിനാ “വികാരി”ക്കുന്നത്. ഇവന്മാര്ക്ക് നല്ല ഒന്നാന്തരം വികാരിയെ തിരുമേനിമാര്‍ കൊടുത്തിട്ടില്ലേ? പിന്നെ രാജ്യത്തെ ഭരണഘടന, നിയമം എന്നൊക്കെ പറഞ്ഞാല്‍ പരമപുച്ഛമാണ്. ഇവന്റെയൊക്കെ ഒരു നിയമം! ഇവര്ക്കൊക്കെ കാനന്‍ നിയമം എന്നാല്‍ എന്താണെന്നറിയുമോ? വത്തിക്കാന്റെ കാനന്‍ നിയമത്തോളം വരുമോ, അല്മായരായ അംബേദ്കര്മാരും രാജേന്ദ്രപ്രസാദുമാരും ഉണ്ടാക്കിയ ഇന്ത്യന്‍ നിയമം? അവര്‍ സെമിനാരി കണ്ടിട്ടുള്ളവരാണോ?

നിയമം നിര്‍മ്മിക്കുന്നവരും അത് നടപ്പിലാക്കേണ്ടവരും മെത്രാന്മാരെ കണ്ടാല്‍ മുട്ട് വിറച്ചു “റ” പോലെ വളഞ്ഞുനില്ക്കും . ആകെ ഒരൊറ്റ ഒരുത്തനാണ് ഒരു തിരുമേനിയെ നികൃഷ്ടജീവി എന്ന് പരസ്യമായി വിളിക്കാന്‍ ധൈര്യം കാണിച്ചത്. അതിന് കുറെയേറെ ബഹളം വച്ച് നോക്കി. അവസാനം നമ്മുടെ തിരുമേനി അതങ്ങു ക്ഷമിച്ചു. ക്ഷമിച്ചു എന്നൊക്കെ വിളിച്ചുപറഞ്ഞാല്‍ മെത്രാന്റെ അന്തസിനു കോട്ടം തട്ടുകില്ലേ... അതുകൊണ്ട് ക്ഷമിച്ചു എന്ന രഹസ്യം ആത്മകഥയില്‍ എഴുതിച്ചേര്ത്തു. ക്ഷമിച്ചില്ലായിരുന്നുവെങ്കില്‍ പാവം നേതാവ് നിത്യനരകത്തില്‍ കിടന്നു വെന്തേനെ... ഏതായാലും അങ്ങേര്‍ രക്ഷപ്പെട്ടു...

ഫ്രാസിസ്‌ പാപ്പാ ബാല്ക്കണിയില്‍ വന്നപ്പോള്‍ തന്നെ ഒരു ശകുനപ്പിഴ തോന്നിയതാ. ഇങ്ങേര്ക്ക് ഇത് എന്തിന്റെ കേടാ എന്ന് അന്നേ നമ്മുടെ പിതാക്കന്മാര്‍ ചിന്തിച്ചു. പിതാക്കന്മാര്‍ മാത്രമല്ല, വൈദികര്‍ പോലും ചിന്തിച്ചുപോയി. സാരമില്ല, കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന് കരുതി പോട്ടെന്നു വച്ച്. പണ്ടൊരാള്‍ മുപ്പത്തിമൂന്നുദിവസം തികച്ചില്ല. ആ പ്രശ്നം എന്തു പാടുപെട്ടാണ് ഒതുക്കിയതെന്നോ... പുതിയ പാപ്പയ്ക്കും അതറിയാം, അതുകൊണ്ട് കൂടുതല്‍ വിലസുകയില്ല എന്നാണു ഓര്ത്തത്‌. പക്ഷെ ഇപ്പോള്‍ കണക്കുകൂട്ടലുകള്‍ ഒക്കെ തെറ്റുന്നതുപോലെ...

ഇതേതാണ്ട് രണ്ടും കല്പ്പി ച്ചു തുടങ്ങിയിരിക്കുന്നത് പോലെയാണല്ലോ, കര്ത്താവേ..

നിരീശ്വരവാദി സ്വര്ഗത്തില്‍ പോകുമെന്ന് പറയുക എന്നൊക്കെ വച്ചാല്‍, പിന്നെയെന്തിനാണീ പള്ളീം പട്ടക്കാരനും മേല്പട്ടക്കാരനുമൊക്കെ? തിരുമേനിമാര്‍ പോയി തൊഴിലില്ലായ്മവേതനം വാങ്ങാന്‍ ക്യൂ നില്ക്കിണോ? തമാശതന്നെ..

തിരുമേനിമാരെ തൊടാന്‍ ഭൂമിമലയാളത്തില്‍ ഒരു പോലീസ്‌കാരനും ഇതുവരെ ധൈര്യം വന്നിട്ടില്ല. പണ്ട് പോളണ്ടില്‍ ഒരു സ്റ്റെഫാന്‍ വിഷിന്സ്ക്കി എന്നൊരു കര്ദിനാളിനെ അറസ്റ്റ് ചെയ്യുകയും ഏതാണ്ട് മൂന്നു വര്ഷ്ത്തോളം വീട്ടുതടങ്കലില്‍ പാര്പ്പിക്കുകയും ചെയ്തു. അതങ്ങു പോളണ്ടില്‍. “പോളണ്ടിനെപറ്റി ഒരക്ഷരം മിണ്ടിപോയാല്‍” എന്തു സംഭവിക്കുമെന്ന് കേരളക്കരയില്‍ ജനിച്ച കുഞ്ഞാടുകള്ക്കൊക്കെ ശരിയ്ക്കറിയാം. ഇവിടെ ആരെങ്കിലും പ്രശ്നം ഉണ്ടാക്കിയാല്‍ അത് എങ്ങിനെ കൈകാര്യം ചെയ്യണമെന്നും തിരുമേനിമാര്ക്ക് അറിയാം. പണ്ടൊരു വിവരദോഷി തിരുമേനിയുടെ ഡ്രൈവറെക്കൊണ്ട് "ഊതിച്ചു." അവന്‍ വിവരമറിഞ്ഞു. പക്ഷെ ഇത് ഏതാണ്ട് ചങ്ങലയ്ക്ക് ഭ്രാന്ത്‌ പിടിച്ചപോലെയാണല്ലോ, ദൈവമേ...

ഈ സഭയും അധികാരവും ഒക്കെ നിലനിര്ത്തണമെങ്കില്‍ എന്തെല്ലാം കളികള്‍ കളിക്കണം... സേവനം എന്ന പേരില്‍ എന്തൊക്കെ അഭ്യാസം നടത്തിയാലാണ് പത്ത് പുത്തന്‍ ഒപ്പിക്കുന്നത്. അല്ലാതെ സേവനം സേവനം എന്നൊക്കെ പറഞ്ഞാല്‍ സഭയ്ക്ക് പഴയ നമ്പൂതിരി ഇല്ലങ്ങളുടെ ഗതിയാകും. അത് വല്ലതും ഈ പാപ്പയ്ക്ക് അറിയുമോ? എത്ര നാണംകെട്ടു നടന്നാണ് കോടികള്‍ പിരിക്കുന്നത്. കുഞ്ഞാടുകള്‍ പഴയപോലെ ഒന്നുമല്ല. പിരിവിനു ചെല്ലുന്നവരെ പിച്ചക്കാരനെപോലെയാണ് കൈകാര്യം ചെയ്യുന്നത്. സത്യത്തില്‍ നാണംകെട്ട് പലപ്പോഴും തൊലി ഉരിഞ്ഞുപോകാറുണ്ട്. പിന്നെ ചില ഇമെയില്‍ കൃമികളുടെ എഴുത്തും. ഇതെല്ലാം സഹിച്ചു ഉണ്ടാക്കുന്നതിന്റെ വീതം മേടിക്കുന്നതല്ലാതെ ഈ വത്തിക്കാനില്‍ നിന്ന് എന്തു സഹായമാണ് നമ്മുടെ പാവം തിരുമേനിമാര്ക്ക് കിട്ടുന്നത്? അതിന് വേണ്ടിയല്ലേ തിരുമേനിമാര്‍ ഒരോ സ്ഥാപനങ്ങള്‍ തുടങ്ങുന്നതും അത് വലുതാക്കുന്നതും ഒക്കെ. അതൊക്കെ നടത്തുമ്പോള്‍ കുറെയൊക്കെ ശത്രുക്കള്‍ ഉണ്ടാകും, അത് സ്വാഭാവികമാണ്. പക്ഷെ അവരെക്കൊണ്ട് വലിയ പ്രശ്നമൊന്നും ഇല്ല. പേടിത്തൊണ്ടന്മാരാ. നല്ലപ്രായം മുഴുവന്‍ തിരുമേനിമാരുടെയും അച്ചന്മാരുടെയും മുന്നില്‍ വളഞ്ഞുനിന്ന് വീര്യമെല്ലാം ചോര്ന്നുപോയതുകൊണ്ട് അവരെക്കൊണ്ട് പ്രശ്നം ഉണ്ടാകുമെന്ന് പേടിക്കേണ്ട കാര്യമില്ല.

പേടിക്കേണ്ടത് ചില കുരുത്തംകെട്ട മുന്‍വൈദികരെയാണ്‌. അവരില്‍ ചിലര്‍ പെണ്ണും പെടക്കോഴിയുമായി, തിരുമേനിമാര്‍ എന്ന വര്ഗ്ത്തോട് തീര്ത്താല്‍ തീരാത്ത വൈരാഗ്യവുമായി നടക്കുന്നു. വേറെ ചിലര്‍ മൂക്കത്ത് ശുണ്ടിയുള്ള തിരുമേനിമാര്‍ കുര്ബാന മുടക്കിയതുമൂലം സഹോദരന്മാരുടെയും അവരുടെ ഭാര്യമാരുടെയും പിള്ളേരുടെയും ആട്ടുംചീറ്റും കേട്ട് ഗതികെട്ട് കഴിയുന്നു. അവര്ക്കൊക്കെ തിരുമേനിമാരോട് തീര്ത്താല്‍ തീരാത്ത പകയാ. തരംകിട്ടിയാല്‍ അവര്‍ വച്ചുകാച്ചും. They will hit below the belt! പണ്ടാരങ്ങള്ക്ക് അരമനരഹസ്യങ്ങള്‍ മൊത്തം അറിയാം. തന്നെയുമല്ല, ഉള്ളറരഹസ്യങ്ങള്‍ അറിയാന്‍ ഇപ്പോഴും മാര്ഗങ്ങളുമുണ്ട്. സെമിനാരിയില്‍ നിന്ന് മുടിഞ്ഞ ഇംഗ്ലീഷും പഠിപ്പിച്ചുകൊടുത്തുപോയി. അത് വല്ലതും തിരിച്ചെടുക്കാന്‍ പറ്റ്വോ?

അവറ്റകള്‍ ഇവിടെ നടക്കുന്നത് വല്ലതും റോമിലോട്ടു എഴുതി അറിയിച്ചാല്‍ എന്തായിരിക്കും നമ്മുടെ അഭിവന്ദ്യരായ തിരുമേനിമാരുടെ ഭാവി! കേരളത്തിലൂടെ കാല് നിലത്ത് തൊടാത നടക്കുന്ന നമ്മുടെ തിരുമേനിമാര്‍ വത്തിക്കാന്റെ വാതിക്കലെത്തിയാല്‍ മുട്ടുവിറയ്ക്കുന്ന വെറും മൂന്നാംലോകമാണ്. “ത്രെസേ മോന്തോ*” എന്ന് അവിടെയുള്ള കപ്യാര്‍ പോലും കേള്ക്കെ വിളിക്കും! കേരളത്തിലായിരുന്നെങ്കില്‍ അവന്റെയൊക്കെ മോന്തെടെ ഷേപ്പ് മാറ്റികൊടുത്തേനെ. ഇറ്റലിയിലെ സ്ത്രീകള്‍ കൊണ്ടുനടക്കുന്ന പട്ടികള്ക്ക് മൂന്നാംലോകത്ത് നിന്ന് ചെല്ലുന്ന മെത്രാനെക്കാള്‍ വില വത്തിക്കാനിലുണ്ട്. അവിടെ എങ്ങാനും വരുത്തി ഇപ്പോള്‍ ആ ജര്മ്മന്കാരന്‍ മെത്രാനോട് ചോദിച്ചതുപോലെ എണ്ണിയെണ്ണി ചോദിച്ചാല്‍ എന്ത് സമാധാനം പറയും? കൂടുതലൊന്നും ചോദിക്കേണ്ട, കഴിഞ്ഞ അഞ്ചുവര്ഷത്തെ വിദേശപര്യടനത്തിന്റെ കാര്യങ്ങള്‍ ചോദിച്ചാല്‍ മതി. കാണുന്നതുപോലെയൊന്നുമല്ല, രണ്ടും കല്പ്പിച്ചു നടക്കുകയല്ലേ ഈ കണ്ണില്ചോരയില്ലാത്ത പരിശുദ്ധപിതാവ്. “താന്‍ എന്തു കടിച്ചു തിന്നാനാടോ ഇത്രയും പ്രാവശ്യം അമേരിക്കയിലും യുറോപ്പിലും ഒക്കെ പോയത്? തന്റെ രൂപത താന്‍ ശരിക്കും കണ്ടിട്ടുണ്ടോ?” എന്നൊക്കെ ചോദിച്ചാല്‍, കര്ത്താവേ കാര്യങ്ങള്‍ ഒരു സസ്പെന്ഷുനില്പോലും ഒതുങ്ങുന്ന ലക്ഷണമില്ല..

ഇക്കണക്കിനു പോയാല്‍ കേരളത്തിലെ ഇക്കാണുന്ന അരമനകള്‍ ഒക്കെ കാലിയാകാന്‍ ഇനിയെത്രനാള്‍ വേണ്ടിവരും?.

അന്തിക്രിസ്തു എന്നൊക്കെ ജനത്തെ പറ്റിക്കാനായി തിരുമേനിമാര്‍ പറയാറുണ്ടായിരുന്നു. ഇതിപ്പോ അതെല്ലാം തിരിഞ്ഞുപായുന്ന പോലെയുണ്ടല്ലോ. എന്താ അതിന്റെ പേര്, ഓ, ഓര്മ്മ വരുന്നില്ലല്ലോ... അതെങ്ങിനെയാ. ഭയങ്കര ടെന്ഷനാണെന്നെ..... ഓസ്ട്രലിയായിലെ കാര്യമല്ലേ........ ഓര്മ്മ വന്നു....... ബൂമറാംഗ്

കര്ത്താവിനു സ്തോത്രം...

ശുഭം.

*ത്രെസേ മോന്തോ = Third World

1 comment:

  1. ശ്രീ അലക്സ് കണിയാൻപറമ്പിൽ സരസമായി എഴുതി അല്മായശബ്ദത്തിൽ തന്മയത്വത്തോടെ പ്രസിദ്ധീകരിച്ച ലേഖനം വളരെ നന്നായിരിക്കുന്നു. അദ്ദേഹത്തിന്റെ ലേഖനം വായനക്കാരനെ ചിരിപ്പിക്കുന്നതൊപ്പം അഭിഷിക്ത കോമാളിത്തരങ്ങളെ ചിന്തിപ്പിക്കുകയും ചെയ്യും. ഒരു വരിയും വിടാതെ തുടർച്ചയായി വായിക്കേണ്ട സരസകാവ്യം പോലെയാണ് അതിലെ ഭാഷയും. അഭിഷിക്തരുടെ പുറംചാരി സ്നേഹിച്ചുകൊണ്ട് അവരുടെ പള്ളക്കിട്ട് കുത്തിയെഴുതിയ ഈ ലേഖനം സൈബർലോകം മുഴുവൻ പ്രചരിക്കുന്നുണ്ട്. ഇങ്ങനെ നവരസങ്ങൾ കലർത്തി ഒരു ലേഖനം രചിച്ചതിൽ ശ്രീ അലക്സിനെ അനുമോദിക്കുന്നു. മറ്റുള്ള ബ്ലോഗുകളിൽ അദ്ദേഹത്തിന്റെ ഈ ലേഖനം വൻഹിറ്റായിരുന്നു.


    ഇതിൽനിന്നെല്ലാം മനസിലാക്കേണ്ടത് വലിയ ഒരു പങ്കു അല്മായലോകം മെത്രാൻ-പുരോഹിത ലോകത്തിന്റെ ഇന്നത്തെ പോക്കിൽ അതൃപ്തരാണെന്നാണ്. മെത്രാൻ മെത്രാപ്പോലീത്താമാരുടെ കള്ളകളികളിൽ അല്മായരുടെ ക്ഷമയും നശിച്ചുകൊണ്ടിരിക്കുന്നു. വലിയ ഒരു ജനത ഇവർക്കെതിരെ അമർഷം ഉള്ളിൽ ഒതുക്കിവെച്ചിരിക്കുകയാണ്. മാർപാപ്പയും അല്മായർക്കൊപ്പം ഉള്ളതുകൊണ്ട് അല്മായരുടെ പൊട്ടിത്തെറിക്കൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാം.

    ReplyDelete