Translate

Monday, September 16, 2013

ഓശാന: വൈദികവിവാഹം - കാലഘട്ടത്തിന്റെ ആവശ്യമോ?

ജോസഫ് പുലിക്കുന്നേല്‍ 
1975 ഡിസംബറില്‍ ഓശാന മാസികയില്‍ 
'വൈദികര്‍ക്കുവേണ്ടി' എന്ന പംക്തിയില്‍
ഒരു വായനക്കാരന്റെ സംശയത്തിന് നല്കിയ മറുപടി ഇപ്പോള്‍  
മാര്‍പ്പാപ്പായുടെയും ചിന്താവിഷയമായതില്‍ നമുക്ക് സന്തോഷിക്കാം.  
ചോദ്യം:
ഓശാന യാഥാസ്ഥിതികത്വത്തിനെതിരും പുരോഗമനസ്വഭാവമുള്ളതുമാണെന്നാണല്ലോ അഭിമാനിക്കുന്നത്. എങ്കില്‍ എന്തുകൊണ്ടാണ് കത്തോലിക്കാസഭയിലെ വൈദികരെ വിവാഹം കഴിക്കാനനുവദിക്കുന്നതിനായി സ്വരം ഉയര്‍ത്താത്തത്? ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു തോന്നുന്നുണ്ടോ? വൈദിക പംക്തിയിലൂടെ മറുപടി തരുമോ?

മറുപടി: 
ഉപയോഗിച്ച് അര്‍ത്ഥം ശോഷിച്ച ചില പദങ്ങളുണ്ട്, ഭാഷയില്‍. അങ്ങിനെയുള്ള പദങ്ങളാണ് ''യാഥാസ്ഥിതികത്വവും, പുരോഗമനവും''. എന്താണ് യാഥാസ്ഥിതികത്വം? എന്താണ് ഈ പുരോഗമനമെന്നു പറഞ്ഞാല്‍? ഞങ്ങള്‍ എല്ലാ പഴയ സമ്പ്രദായങ്ങള്‍ക്കും എതിരല്ല; എന്തെങ്കിലും, പുതിയതുകണ്ടാല്‍, പുരോഗമനത്തിന്റെ പേരില്‍ കേറി ആലിംഗനം ചെയ്യാനും തയ്യാറില്ല.


ഇന്ന് സഭയില്‍, മാറ്റപ്പെടേണ്ടതും തിരുത്തപ്പേടേണ്ടതുമായ അനുവധി കാര്യങ്ങള്‍ ഉണ്ട്. അതില്‍ അത്രയൊന്നും പ്രധാനമല്ലാത്ത ഒരു പ്രശ്‌നമാണ് വൈദികവിവാഹപ്രശ്‌നം എന്നാണ് ഞങ്ങള്‍ക്കു തോന്നിയിട്ടുള്ളത്.


ഒരു പുരോഹിതന്‍, വിവാഹിതനായാലും, അവിവാഹിതനായാലും, അദ്ദേഹം, മനുഷ്യസ്‌നേഹത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട്, ദൈവവചന ശുശ്രൂഷയില്‍, തീവ്രമനസ്‌കനാണെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതാന്തസ്സിനെക്കുറിച്ച് അന്വേഷിച്ചിട്ടു കാര്യമില്ല. ദൈവവചന ശുശ്രൂഷയിലും മനുഷ്യസ്‌നേഹപ്രവൃത്തികളിലും ഉത്സുകനല്ലെങ്കില്‍ ഒരു പുരോഹിതന്‍ അവിവാഹിതനായാലും അയാല്‍ വര്‍ജ്ജ്യനാണ്.


നിര്‍ഭാഗ്യവശാല്‍ കത്തോലിക്കരില്‍, പുരോഹിതത്വത്തേക്കുറിച്ച് ചില മിഥ്യാധാരണകളുണ്ട്. അവ കഴിവതും വേഗം നമ്മുടെ മനസ്സില്‍നിന്നും പിഴുതെറിയേണ്ടിയിരിക്കുന്നു. വിശുദ്ധ പൗലോസ് ഒരു പുരോഹിതനുവേണ്ട ഗുണങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു. ''നീ പോരായ്മയുള്ളത് ക്രമപ്പെടുത്തുകയും, ഞാന്‍ നിന്നോട് കല്പിച്ചിട്ടുള്ളതുപോലെ, പട്ടണം തോറും പുരോഹിതന്മാരെ നിയമിക്കയും, ചെയ്യേണ്ടതിനാകുന്നു ഞാന്‍ ക്രേത്തേയില്‍ നിന്നെ ആക്കിക്കൊണ്ടു പോന്നത്. (നിയമിക്കപ്പെടുന്നയാള്‍) കുറ്റമില്ലാത്തവനും, ഏക ഭാര്യയുടെ ഭര്‍ത്താവായിരുന്നവനും, ദൂഷണം പറയാത്തവരായി, അനുസരണയില്ലാതെ ദുര്‍മ്മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാത്തവരായുള്ള വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കണം. പുരോഹിതന്‍, ദൈവഭവനത്തിന്റെ കാര്യസ്ഥന്‍ എന്ന നിലയില്‍, കുറ്റമില്ലാത്തവനായിരിക്കണം. അവന്‍ സ്വന്തം വിചാരത്തില്‍ നടത്തപ്പെടരുത്. കോപിക്കുന്നവനാകരുത്. ''അവന്റെ കൈ അടിക്കുവാന്‍ ഓട്ടമുള്ളതാകരുത്; അവന്‍ നീചലാഭങ്ങള്‍ ഇഛിക്കയുമരുത്. മറിച്ച് അവന്‍ അതിഥികളെ സ്‌നേഹിക്കുന്നവനായിരിക്കണം; ഇന്ദ്രീയ നിഗ്രഹമുള്ളവനായിരിക്കണം; പരിശുദ്ധനായിരിക്കണം; ദുരാഗ്രഹങ്ങളില്‍ നിന്നുതന്നെത്തന്നെ അമര്‍ത്തുന്നവനായിരിക്കണം. ക്ഷേമകരമായ പഠനംകൊണ്ട് ആശ്വസിപ്പിക്കുവാനും, തര്‍ക്കിക്കുന്നവരെ ശാസിക്കുവാനും കൂടി സാധിക്കത്തക്കവണ്ണം അവന്‍ വിശ്വാസവചനത്തിന്റെ പഠനത്തില്‍ ശ്രദ്ധയുള്ളവനായിരിക്കണം. (തിത്തോസിന് എഴുതിയ ലേഖനം 1:5-9)

വിശുദ്ധപൗലോസ് തിമോത്തെയാസിന് ഇങ്ങനെ എഴുതുന്നു. 'ഒരുവന്‍ പുരോഹിതസ്ഥാനം ആഗ്രഹിക്കുന്നു എങ്കില്‍ അവന്‍ നല്ല ജോലി ആഗ്രഹിക്കുന്നു എന്ന ചൊല്ല് വിശ്വാസ യോഗ്യമാകുന്നു, എന്നാല്‍ പുരോഹിതന്‍ കളങ്കമില്ലാത്തവനും, ഏക ഭാര്യയുടെ ഭര്‍ത്താവായിരിക്കുന്നവനും, വിചാരത്തില്‍ ഉണര്‍വ്വും ഇന്ദ്രീയനിഗ്രഹവും, ക്രമമുള്ളവനും, അതിഥികളെ സ്‌നേഹിക്കുന്നവനും ഉപദേശിക്കുവാന്‍ സമര്‍ത്ഥനും ആയിരിക്കണം. വീഞ്ഞുകുടിയില്‍ കടന്നവനോ, അടിക്കുവാന്‍ കയ്യോട്ടമുള്ളവനോ ആകരുത്. മറിച്ച് താഴ്ചയുള്ളവനായിരിക്കണം. കലഹപ്രിയനും അര്‍ത്ഥാഗ്രഹിയും ആകുക അരുത്. സ്വന്തഭവനം നന്നായി ഭരിക്കുന്നവനും, സ്വന്ത മക്കളെ സകല വിശുദ്ധിയോടുംകൂടി അനുസരണത്തില്‍ നിര്‍ത്തുന്നവനും, ആയിരിക്കണം. സ്വന്തഭവനം നന്നായി ഭരിക്കുവാന്‍ അറിയുന്നില്ലെങ്കില്‍, ദൈവത്തിന്റെ സഭയെ ഭരിക്കുവാന്‍ അവന് എങ്ങിനെ സാധിക്കു.''(1 തിമോ. 3: 1-5)

പുരോഹിതന്‍ വിവാഹം കഴിക്കാത്തവനായിരിക്കണമെന്ന് വി. പൗലോസ് ഒരിടത്തും പറഞ്ഞിട്ടില്ല. എന്നുതന്നെയല്ല, വിവാഹം കഴിക്കുന്നതിനെ എതിര്‍ക്കുന്നവരെ അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്.
''ഭാവിയില്‍ ചിലര്‍ വ്യാജാത്മാക്കളെ വിശ്വസിച്ചും, പിശാചിന്റെ ഉപദേശങ്ങള്‍ക്ക് ചെവി കൊടുത്തും വിശ്വാസം ഉപേക്ഷിക്കുമെന്ന് ആത്മാവ് പറയുന്നു. അവര്‍ വ്യാജമായിരിക്കും പറയുന്നത്. അവരുടെ മനസ്സാക്ഷിയില്‍ പിശാചിന്റെ അടയാളം ചൂടു കുത്തിവെച്ചിരിക്കുന്നു. അവര്‍ വിവാഹം നിശിദ്ധമാണെന്നു പറയും. സത്യം ഗ്രഹിച്ചിട്ടുള്ളവരും, വിശ്വാസികളും കൃതജ്ഞതാസ്‌തോത്രത്തോടെ ഭക്ഷിക്കാനായി ദൈവം സൃഷ്ടിച്ചിട്ടുള്ള ചില ഭക്ഷ്യവിഭവങ്ങള്‍ വര്‍ജ്ജ്യമാണെന്നു പറയും''.... (1 തിമോ. 4: 1-2)

പുരോഹിതന്റെ അവിവാഹിതാവസ്ഥയെ സാധൂകരിക്കുന്നതിനായി എടുത്തു കാണിക്കുന്ന പൗലോസിന്റെ ഒരു വാചകം ഉണ്ട്. ''എന്തെന്നാല്‍ സകല മനുഷ്യരും ശുദ്ധതയില്‍ എന്നെപ്പോലെ ആയിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'' (1 കോറി. 1: 7-7) വി. പൗലോസ് അവിവാഹിതനായിരുന്നു. പക്ഷേ ഏവര്‍ക്കും ആ വരം നല്‍കപ്പെട്ടിരുന്നില്ല. വി. പൗലോസിന്റെ മാനസാന്തരം അത്ഭുതകരമായ രീതിയില്‍, ദൈവപരിപാലനം അനുസരിച്ചായിരുന്നു. മറ്റാര്‍ക്കും ആ വരം ലഭിച്ചിരുന്നില്ല. വി. പൗലോസ് തുടര്‍ന്നു പറയുന്നു, ''എങ്കിലും ഒരു വിധത്തിലുള്ളതായിട്ടും മറ്റൊരു വിധത്തിലുള്ളതായിട്ടും, ഓരോരുത്തരും ദൈവത്തില്‍നിന്നും ദാനം നല്‍കപ്പെട്ടിട്ടുണ്ട്. അവര്‍ തങ്ങളെത്തന്നെ നിയന്ത്രിക്കുന്നില്ലെങ്കില്‍, വിവാഹം ചെയ്യട്ടെ. കാമത്താല്‍ എരിയുന്നതിനേക്കാള്‍ നല്ലത് ഭാര്യയെ സ്വീകരിക്കുന്നതാകുന്നു''  (1 കോറി. 7: 7-9.)

മദ്ധ്യയുഗങ്ങള്‍വരെ, യൂറോപ്പിലും ഇപ്പോള്‍, ചില പൗരസ്ത്യസഭകളിലും, കത്തോലിക്കാസഭ വിവാഹം അനുവദിച്ചിട്ടുണ്ട്.
ഒരു വൈദികന്‍, യഥാര്‍ത്ഥമായി എന്തായിരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്നതാണ് നമ്മുടെ മുമ്പിലുള്ള പ്രശ്‌നം. അയാള്‍ ജനങ്ങള്‍ക്ക് നന്മ ചെയ്യുന്നതില്‍ തീവ്രതയുള്ളവനും, ക്രിസ്തുവിന്റെ ശാശ്വതധര്‍മ്മ നിയമങ്ങളുടേ ഇടറാത്ത ശുശ്രൂഷകനുമായിരിക്കണം. അയാള്‍ വിവാഹിതനോ, അവിവാഹിതനോ എന്നത് അയാളുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. എന്തുവേഷം ധരിക്കണമെന്നുള്ളതും അതാതു നാടിന്റെ സാംസ്‌കാരിക പശ്ചാത്തലത്തെ ആശ്രയിച്ചിരിക്കും. ഇവയൊന്നും മിശിഹായുടെ പഠനങ്ങളുടെ ഭാഗമായി കാണാന്‍ പാടില്ലാത്തതാണ്.

ശാശ്വതനിയമവും സാമൂഹ്യനിയമവും
മിശിഹാ ചില ശാശ്വതനിയമങ്ങള്‍ ആവിഷ്‌കരിച്ചു. ദൈവത്തിന്റെ അസ്തിത്വം പുത്രന്റെ മനുഷ്യാവതാരം, രക്ഷാകര ബലി, മനുഷ്യബന്ധങ്ങളില്‍ സ്‌നേഹത്തിന്റെ പരമമായ സ്ഥാനം മുതലായവ. ഇവ അലംഘനീയങ്ങളും മാറ്റാന്‍ പാടില്ലാത്തതുമാണ്. എന്നാല്‍ കത്തോലിക്കാസഭയില്‍ കാലാകാലങ്ങളില്‍ മാറ്റം സംഭവിച്ചിട്ടുള്ളവയും ഇനിയും മാറ്റാവുന്നതുമായ പല സാമൂഹ്യ നിയമങ്ങളെയും, നിര്‍ഭാഗ്യവശാല്‍ ശാശ്വതനിയമങ്ങളെന്നപോലെ പാലിച്ചുവന്നു. 

മാര്‍പ്പാപ്പാ റോമില്‍ തന്നെ താമസിക്കണമെന്ന് ദൈവം കല്‍പ്പിച്ചിട്ടില്ല; പാലായിലോ തൃശൂരോ വന്നു താമസിച്ചാലും, ദൈവത്തിന് പ്രത്യേക എതിര്‍പ്പൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല!!! വെളുത്തവര്‍ മാത്രം മാര്‍പ്പാപ്പയായിരിക്കണമെന്ന് മിശിഹാ കല്‍പ്പിച്ചിട്ടില്ല. പക്ഷേ ഇക്കാലമത്രയും അങ്ങിനെയായിരുന്നത് രാഷ്ട്രീയ കാരണങ്ങളാലായിരുന്നു. മാര്‍പ്പാപ്പാ, സ്വിസ്സഗാര്‍ഡുകളുടെ തോളിലേ സഞ്ചരിക്കാവൂ എന്ന് ക്രിസ്തുവിന് നിര്‍ബന്ധമില്ല; പുരോഹിതന്‍ വിവാഹിതനായിരിക്കരുതെന്ന് നമ്മുടെ കര്‍ത്താവ് കല്പിച്ചിട്ടില്ല. കാലത്തിനും സംസ്‌കാരത്തിനും സാമൂഹ്യാവശ്യത്തിനും അനുസൃതമായി അവ മാറ്റാനും, ആ മാറ്റത്തിനുവേണ്ടി വാദിക്കാനും നമുക്ക് അവകാശമുണ്ട്.

പുരോഹിതനെ വിവാഹം കഴിക്കാന്‍ അനുവദിക്കുകയില്ല വേണ്ടത്; വിവാഹം കഴിച്ചവരെ പുരോഹിതരാക്കാന്‍ അനുവദിക്കുകയാണു ശരി എന്നു തോന്നുന്നു. എങ്കില്‍, പ്രായപൂര്‍ത്തിയും, സ്വഭാവസ്ഥിരതയും ഉള്ള വൈദികരെ സഭയ്ക്കു ലഭിക്കും. വിവാഹം നിഷിദ്ധമാണെന്ന നിയമം സഭാപഠനങ്ങള്‍ക്ക് വിരുദ്ധമാണ് എന്നു തോന്നുന്നു.
ഓശാന: വൈദികവിവാഹം - കാലഘട്ടത്തിന്റെ ആവശ്യമോ?:

'via Blog this'

No comments:

Post a Comment