Translate

Sunday, September 1, 2013

കുറെ സിനഡ് ചിന്തകള്‍

കൊട്ടും കുരവയുമായി കാക്കനാട്ട് നടന്നുകൊണ്ടിരുന്ന സീറോ മലബാര്‍ സിനഡ് പര്യവസാനിച്ചു. സഭാംഗങ്ങളുടെ വിശ്വാസജീവിതത്തെപ്പറ്റി മാര്‍ കല്ലറങ്ങാട്ടിന്‍റെ ഒരു പഠനവും അജപാലനരംഗത്ത് പോരായ്മയുണ്ടെന്ന കണ്ടെത്തലും അതിനു ‘മാതാപിതാക്കന്മാരും വിശ്വാസ ജീവിതവും’ എന്ന പേരില്‍ ഒരു പുസ്തകം അടിച്ചിറക്കി വിതരണം ചെയ്യലുമെല്ലാം നേരത്തെ നടന്നിരുന്നു. അത്മായാ വിശ്വമഹാ സമ്മേളനം ഒപ്പം നടന്നു. അത്മായരായി നിരവധി മെത്രാന്മാരും വയലാര്‍ രവി, യൂസഫ്‌ അലി, പത്ര പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട കുറെ വിശ്വാസികള്‍ കേള്‍വിക്കാരായും കൈയ്യടിക്കാരായും എത്തിയിരുന്നു. ഇങ്ങിനെ പറഞ്ഞത്, ആ ചടങ്ങില്‍ അത്മായരുടെ കാര്യമായ ഒരു പ്രശ്നവും ചര്‍ച്ച ചെയ്യപ്പെട്ടില്ലാ എന്നതുകൊണ്ടാണ്. അല്മായാ കമ്മിഷന്‍ ചെയര്‍മാന്‍ അതില്‍ പങ്കെടുത്തിരുന്നില്ല.

സിനഡ് തുടങ്ങിയ ദിവസം മുതല്‍ അതിന്‍റെ തീരുമാനങ്ങള്‍ പത്രങ്ങളില്‍ കൂടി മാലോകരെ അറിയിക്കാന്‍ വേണ്ട ക്രമീകരണങ്ങളും ചെയ്തിരുന്നു. ആര്‍ഭാടം വേണ്ടേ വേണ്ടേയെന്ന് ഉറക്കെ ഉദ്ഘോഷിച്ചുകൊണ്ട് കുറെ മെത്രാന്മാരുമായി വാനില്‍ മേജര്‍ ആര്‍ച് ബിഷപ്‌  നടത്തിയ ജര്‍ിക്കാരായുംumineംൂസഫ്‌ അലി തൃശ്ശൂര്‍ യാത്രയുടെ ഫോട്ടോയും പത്രങ്ങളില്‍ ഉണ്ടായിരുന്നു. രാഷ്ട്ര പുനര്‍നിര്‍മ്മാണം, മൂല്യാധിഷ്ടിത വിശ്വാസ ജീവിതം ഇവയൊക്കെ കുട്ടികളെ പഠിപ്പിക്കണമെന്ന് സിനഡ് തീരുമാനിച്ചു. ഏറ്റവും വലിയ തീരുമാനങ്ങളില്‍ കുര്‍ബാന ക്രമം പരിഷ്കരിക്കുക, വിദേശ ക്രിസ്ത്യാനികളെ സമൂലം ബോധവത്കരിക്കുക, ലത്തിന്കാരെ പ്രതിരോധിക്കുക, വിദേശങ്ങളില്‍ കൂടുതല്‍ പള്ളികള്‍/രൂപതകള്‍ എന്നിവ സ്ഥാപിക്കുക ഇവയൊക്കെ ഉള്‍പ്പെടുന്നു. വിവാഹ ബന്ധങ്ങള്‍ തകരുന്നതിനു പ്രതിവിധിയായി പോസ്റ്റ്‌ കാനാ കോഴ്സുകളും സിനഡ് നിര്‍ദ്ദേശിക്കുന്നുണ്ട്‌. ഇതിന്‍റെ ഫലമായി ഇനിമേല്‍ കുട്ടികളെ മാമ്മൊദീസാ മുക്കാന്‍ അത്തരം ഒരു സര്‍ട്ടിഫിക്കറ്റും വേണ്ടി വന്നേക്കാം. ആരാധനാനുഷ്ടാനങ്ങള്‍ പരിഷ്കരിക്കാനാണ് സിനഡ് തീരുമാനിച്ചിരിക്കുന്നത്. വിശ്വാസികള്‍ക്ക് ശുശ്രൂഷകള്‍ കൂടുതല്‍ അനുഭവേദ്യമാക്കി മാറ്റണം എന്നതാണത്രേ ലക്‌ഷ്യം. എന്നൊക്കെ ഈ ക്രമം പരിഷ്കരിക്കാന്‍ ശ്രമിച്ചോ അന്നൊക്കെ വലിയ ചേരിതിരിവുകള്‍ ഉള്ളില്‍ ഉണ്ടായിട്ടുണ്ടെന്നുള്ളതാണ് വാസ്തവം. പക്ഷേ, കാതടപ്പിക്കുന്ന ശബ്ദകോലാഹലവും, മനസ്സ് ചിതറിപ്പിക്കുന്ന വ്യായാമമുറകളും, നാട്ടു വാര്‍ത്താ പ്രക്ഷേപണവും, അനാവശ്യ ആഡംഭരങ്ങളും മാറ്റി ശാന്തമായ ഒരു ശുശ്രൂഷാരീതിയും, അടിച്ചേല്‍പ്പിക്കുന്ന വചന വ്യാഖ്യാനങ്ങള്‍ക്ക് പകരം സ്വയം ധ്യാനിക്കാനും ഉത്തരം കണ്ടെത്താനുമുള്ള ഒരു പരിശീലനവുമാണ് വിഭാവനം ചെയ്യുന്നതെങ്കില്‍ അത് വിപ്ലവകരമായ ഒരു മാറ്റം സഭയില്‍ സൃഷ്ടിച്ചേക്കാം.

സിനഡിനു ശേഷം, ഗുഡ്നെസ്സ് റ്റി വി ക്കു വേണ്ടി നടത്തിയ ഒരഭിമുഖത്തില്‍ കല്യാണ്‍ രൂപതാദ്ധ്യക്ഷന്‍ പറഞ്ഞത്, ശുശ്രൂഷകരിലൂടെ ദൈവത്തിന്‍റെ സ്നേഹസാന്നിദ്ധ്യം വിശ്വാസികള്‍ക്ക് അല്‍പ്പം പോലും  അനുഭവപ്പെടുന്നില്ലായെങ്കില്‍ വിശ്വാസ പ്രബോധനങ്ങള്‍ അര്‍ത്ഥരഹിതമാണെന്ന് തന്നെയാണ്. ദൈവജനം അമൂല്യമെന്നു കണക്കാക്കുന്നതും ഈ സ്നേഹത്തിന്‍റെ പങ്കുവേയ്ക്കലാണെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ കേന്ദ്രമായ മദ്ധ്യകേരളത്തിലെ ഒരിടവകയിലും ഒരു വിശ്വാസിക്കും തന്‍റെ പ്രശ്നങ്ങള്‍ പങ്കുവെയ്ക്കാന്‍ ഏതെങ്കിലും ശുശ്രൂഷകര്‍ക്ക് കഴിയുമെന്നോ അവര്‍ക്ക് വേണ്ടി ചിലവഴിക്കാന്‍ ആരെങ്കിലും സമയം കണ്ടെത്തുമെന്നോ ഉള്ള ചിന്തയേയില്ലെന്നത് ഒരു സത്യം. സിനഡ് വിഭാവനം ചെയ്യുന്നതുപോലെ മാറുന്ന കാലത്തിനനുസരിച്ച് ചിന്തിക്കാന്‍ സെമ്മിനാരി വിദ്യാര്‍ഥികളെ നിര്‍ബ്ബന്ധിച്ചതുകൊണ്ട് മാത്രം സാധിക്കുന്ന ഒരു കാര്യമല്ല. ഇപ്പോഴുള്ള സംവിധാനം തന്നെ അതിനുപകരിക്കുന്ന രീതിയില്‍ മാറുകയാണ് വേണ്ടത്. ഇതേ അഭിമുഖത്തില്‍ ഭദ്രാവതി രൂപതാദ്ധ്യക്ഷന്‍ പറഞ്ഞത്, അനുഭവിച്ചു ജീവിച്ചാലെ വിശ്വാസം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനാവൂയെന്നാണ്. സഭാതലപ്പത്തുള്ളവരെയും, സഭാപ്രസ്ഥാനങ്ങളേയും ധനാര്‍ത്തി വ്യാപകമായി ബാധിച്ചിട്ടുണ്ടെന്ന് സമ്മതിക്കാനും, അതില്‍ നിന്ന് മാറി ദൈവത്തെ വിശ്വസിച്ച് എന്തെങ്കിലും ചെയ്ത് അനുഭവം കാണിച്ചുകൊടുക്കാനുള്ള ശേഷി നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും പറയാനും അദ്ദേഹം മടിച്ചില്ല. ഇടവകകളില്‍ ഏകദേശം അഞ്ചു പേരടങ്ങുന്ന ചെറിയ ചെറിയ യൂണിറ്റുകള്‍ പരിപോഷിപിക്കുന്ന കാര്യവും ഇടയ്ക്കു പറഞ്ഞു കേട്ടു.

ശുശ്രൂഷകള്‍ സമൂഹകേന്ദ്രീകൃതമായി മാറത്തക്ക രീതിയിലാണ് പരിഷ്കരണം വരികയെന്ന് സൂചിപ്പിച്ച പത്രക്കുറിപ്പ്, സഭയുടെ പ്രവര്‍ത്തനങ്ങള്‍ അഭിഷിക്ത കെന്ദ്രീകൃതമായി തന്നെ നിലനിര്‍ത്തുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ അജപാലകര്‍ മനസ്സിലാക്കിയെ ഒക്കൂവെന്നു സിനഡ് ആവശ്യപ്പെടുന്നു. നിയമങ്ങല്കൊണ്ട് എല്ലാ പഴുതുകളും അടച്ച ഒരു പ്രസ്ഥാനത്തിന് എങ്ങിനെ കരുണ കൊടുക്കാന്‍ സാധിക്കും എന്ന ചോദ്യത്തിന് പക്ഷേ സിനഡ് മറുപടി പറഞ്ഞിട്ടില്ല. വടക്കേ ഇന്ത്യയിലെ വിശ്വാസികള്‍ മറ്റു മതങ്ങളുടെ സാമൂഹ്യാധിപത്യത്തിന് കീഴിലാണെന്നു പറഞ്ഞ രാജ്ഘോട്ട് രൂപതാദ്ധ്യക്ഷന്‍, വിശ്വാസ ജീവിതം തന്നെ പാര്ശ്വല്‍ക്കരിക്കപ്പെട്ടവരോട് ചേര്‍ന്നുള്ളതായിരിക്കണമെന്നാണ് പറഞ്ഞത്. അതല്ലാതെ യാതോന്നിലൂടെയും യേശുവിന്‍റെ സന്ദേശം സമൂഹത്തിലേക്കു പകരില്ലായെന്ന അഭിപ്രായമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
  
വിദ്യാഭ്യാസ മേഖല സാമുദായിക  സൌഹൃദമായിരിക്കണം, പ്രവാസികള്‍ക്ക് സഹായം ചെയ്യണം തുടങ്ങി നിരവധി പദ്ധതികളാണ് സിനഡ് സ്വപ്നം കാണുന്നത്. വിദേശങ്ങളില്‍ ചെന്നെത്തുന്ന വിശ്വാസികള്‍ നിലയുറപ്പിക്കാന്‍ ബദ്ധപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ പോലും പള്ളി വിഹിതത്തിനു നിര്‍ബ്ബന്ധിക്കപ്പെട്ട കാര്യം ചിക്കാഗോയില്‍നിന്നു റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ട് അധികകാലമായില്ല. കുടിയേറ്റക്കാര്‍ക്ക് വിഷമഘട്ടങ്ങളില്‍പോലും യാതൊരു സഹായവും ഇതിനു മുമ്പ് സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ജര്‍മ്മന്‍ കുടിയേറ്റക്കാര്‍ പറഞ്ഞതും ഓര്‍മ്മിക്കുന്നു. സൂത്രത്തില്‍ അടുത്തുകൂടി പരമാവധി ഊറ്റാനുള്ള തന്ത്രമായേ ഇതിനെ വിദേശ സഭാംഗങ്ങള്‍ കാണാന്‍ ഇടയുള്ളൂ. വിശ്വാസ ജീവിതത്തിന് അമേരിക്കന്‍ മലയാളികള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നുവെന്നേ ചിക്കാഗോ ബിഷപ്‌ പറഞ്ഞതുള്ളൂ. പ്രശ്നങ്ങള്‍ ഉണ്ട് എന്ന് സമ്മതിച്ച അദ്ദേഹം അവ പരിഹരിക്കാന്‍ എന്തെങ്കിലും ശ്രമങ്ങള്‍ നടത്തുന്നൂവെന്നു പറഞ്ഞില്ല. പതിവ് പോലെ ദളിതരെയും സഭ പരാമര്‍ശിച്ചു. അവരെ മുഖ്യധാരയില്‍ കൊണ്ടുവരേണ്ടതിന്‍റെ ചുമതലയും സര്‍ക്കാരില്‍ കെട്ടിവെച്ചു. കത്തോലിക്കര്‍ നടത്തുന്ന സ്ഥാപനങ്ങളിലെങ്കിലും അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതിനെപ്പറ്റി സിനഡ് ചിന്തിച്ചതായി സൂചനയില്ല.
     

ഉമ്മന്‍ ചാണ്ടി മന്ത്രിസഭ കത്തോലിക്കാസഭയെ അവഗണിക്കുന്നുവെന്നു പരാതിപ്പെട്ടു കൊണ്ടാണ് സിനഡ് പര്യവസാനിച്ചത്. കേരളം ഇപ്പോള്‍ ഭരിക്കുന്നത്‌ ന്യുനപക്ഷങ്ങളാണെന്ന് NSS ഉം SNDP സംഘടനകളും പറയുന്നു. അവരുടെ തിരുമുറ്റത്തു ചങ്ങനാശ്ശെരിയില്‍ നടക്കുന്ന കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌ ആരാണെന്നും ജനം കാണുന്നു. അപ്പോള്‍ പരാതി, കോഴ ഞങ്ങള്‍ക്കും ചെലവ് സര്‍ക്കാരിനും എന്ന രീതിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ  പ്രവര്‍ത്തങ്ങള്‍ക്ക് അനുഭവപ്പെടുന്ന തടസ്സം ആണെന്ന് കാണാവുന്നതേയുള്ളൂ. സഭ രാഷ്ട്രിയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ ആഗ്രഹിക്കുന്നുവെന്ന സന്ദേശമാണ് സിനഡ് നല്‍കുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പിനും സിനഡില്‍ പങ്കെടുത്ത എല്ലാ പിതാക്കന്മാര്‍ക്കും നല്ലത് ആശംസിക്കാനേ എനിക്കും കഴിയൂ.

1 comment:

  1. ആദ്യം സൂചിച്ചിരിക്കുന്ന ആ രണ്ടു കൃതികളും, സിനഡിന്റെ ഒരു പൂർണ്ണ റിപ്പോർട്ടും കണ്ടെത്തി കുറെ കോപ്പികളെങ്കിലും അടുത്ത KCRM മീറ്റിങ്ങിൽ ലഭ്യമാക്കുന്നെങ്കിൽ നല്ലതാണ്. മെത്രാന്മാരുടെ ഉള്ളിലിരുപ്പ് ഏതാണ്ടൊന്നു കുറിച്ചതിന് മറ്റപ്പള്ളി സാറിനോട് നന്ദി പറയുന്നു.

    ആരാധന ക്രമം പരിഷ്ക്കരിക്കുമ്പോൾ, അതിൽ വരുന്ന പ്രാർത്ഥനകളിൽ ഇപ്പോഴത്തെ ക്രമം മാറ്റിയിട്ട്, ആദ്യം ഭൂരിപക്ഷമായ ദൈവജനത്തിനു വേണ്ടിയും (അതായത് അല്മായർ) അതു കഴിഞ്ഞ് അച്ഛന്മാർ, സന്യസ്തർ, പോപ്പ് എന്നിങ്ങനെ അങ്ങ് പോയാൽ അതാകും യേശുവിനും ദൈവത്തിനും കേള്ക്കാൻ ഇഷ്ടം തോന്നുക എന്ന് മെത്രാന്മാരെ ഓർമ്മിപ്പിക്കണം. തങ്ങൾക്കു വേണ്ടിയാണ് ദൈവവും അല്മായരും ഉള്ളതുതന്നെ എന്ന് ചിന്തിച്ചു ശീലിച്ചവരോട് ഇതൊക്കെ പറഞ്ഞുകൊടുക്കാതെ തലയിൽ കയറുകയില്ല. വാചികമായ ആത്തരം യാചനകളിൽ കഴമ്പില്ലെങ്കിലും പള്ളിയിൽ ചെല്ലുന്നവർക്ക് അത് ഗുണം ചെയ്യും.

    ബാക്കി റിപ്പോർട്ട്‌ വായിച്ചിട്ട്.

    ReplyDelete