Translate

Friday, August 9, 2013

ശ്രീ ജോസഫ്‌ മാത്യുവും മാർപാപ്പായുടെ മറുപടിയും



ഫ്രാൻസീസ് മാർപാപ്പാക്ക് പുലിക്കുന്നേൽ സാറെഴുതിയ കത്ത് 2013 ജൂലൈ ലക്കം 'സത്യജ്വാല' മാസികയിൽ ഞാനും വായിക്കുകയുണ്ടായി. വത്തിക്കാൻ രാഷ്ട്രത്തലവനും ഭരണാധികാരിയുമായ മാർപാപ്പാക്ക് വത്തിക്കാന്റെ ഇന്ത്യൻ പ്രതിനിധിയായ ന്യൂണ്‍ഷിയോ വഴിയാണ് ഔദ്യോഗിക കത്തുകൾ കൈമാറേണ്ടത്. തപാൽവഴി വത്തിക്കാന് നേരിട്ടയക്കുന്ന കത്തുകൾ പരിഗണിക്കപ്പെടാതെ നശിപ്പിച്ചുകളയുകയാണ് പതിവ്. ഔദ്യോഗികമായ എഴുത്തുകുത്തുകൾക്ക്‌  കർശനമായ രഹസ്യസ്വഭാവവും ഉണ്ടെന്നുള്ള വസ്തുതയും മനസിലാക്കേണ്ടതാണ്. പുലിക്കുന്നേൽ സാറിന്റെ മാർപാപ്പാക്കുള്ള കത്ത് മാസികയിൽ പ്രസിദ്ധീകരിച്ചപ്പോൾ ഞാനും വിചാരിച്ചത് കത്ത് തപാലിൽ അയച്ചതാണെന്നാണ്.


മാർപാപ്പയുടെ മറുപടിയെന്നോണം സരസമായും എന്നാൽ വളരെ ആശയപുഷ്ടി നിറഞ്ഞതുമായ ഒരു കത്ത് ജോസഫ് മാത്യു എഴുതി അല്മായശബ്ദത്തിൽ പോസ്റ്റ്ചെയ്തത് വെറുമൊരു സരസ ഹാസ്യമാണെന്ന് (satire) വായനക്കാർക്ക് മനസിലാക്കാൻ സാമാന്യബുദ്ധിയുടെ ആവശ്യമേയുണ്ടായിരുന്നുള്ളൂ. ഇന്ത്യൻ പ്രധാനമന്ത്രിയേയും ഉമ്മൻ ചാണ്ടിയേയും അപരന്മാരുടെ ഷോകൾ ടെലിവിഷനിൽ  കണ്ട് നിങ്ങൾ രസിക്കാറില്ലേ. പിന്നെ എന്തുകൊണ്ട് അപരനാമത്തിലുള്ള ഒരു ലേഖനത്തെയും ഹാസ്യഭാവനയായി കരുതുന്നില്ല?  ഒരിക്കൽ അദ്ദേഹം അല്മായശബ്ദത്തിൽ യേശുവും മഗ്ദലനായും തമ്മിലുള്ള നാടൻ പ്രേമക്ക എഴുതി. അന്നാരും അത് സത്യമാണെന്ന പരാതിയുമായി വന്നില്ല.


വായിച്ചു തുടങ്ങിയപ്പോഴേ ഇതൊരു താമാശനിറഞ്ഞ കത്താണന്നും എന്നാൽ വർത്തമാനകാലത്തിന്റെ ആവശ്യങ്ങളും നൊമ്പരങ്ങളും മുഖം നോക്കാതെയും ഭയപ്പെടാതെയും സത്യമായും കൃത്യമായും തുറന്നെഴുതാൻ അദ്ദേഹത്തിന്റെതന്നെ നർമ്മഭാവന ഉപയോഗിച്ചെന്നും ഞാൻ മനസിലാക്കി.  വായിച്ചുകഴിഞ്ഞപ്പോൾ ജോസഫ് മാത്യു അല്മായശബ്ദം വായനക്കാർക്കായി ഈടുറ്റ ഒരു ലേഖനം കാഴ്ച്ചവെച്ചതായിട്ടാണ് എനിക്ക് തോന്നിയത്. ഉടൻതന്നെ അദ്ദേഹത്തെ ടെലഫോണ്‍ ചെയ്ത് അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ കുറെ വായനക്കാർ അത് മാർപാപ്പായുടെ യഥാർത്ഥ കത്താണെന്ന് തെറ്റിധരിച്ചുവെന്ന് ഇപ്പോൾ അറിയുന്നു. രാഷ്ട്രങ്ങൾ തമ്മിലുള്ള ഔദ്യോഗിക കത്തിടപാടുകളെപ്പറ്റി അജ്ഞരായവർക്ക് ഇത്തരം തെറ്റിധാരണകൾക്ക് പഴുതുണ്ടെങ്കിലും ഒരു മാർപാപ്പാ പുലിക്കുന്നേൽ സാറിനെ കാണാൻ ഇടമറ്റത്തു വരാൻ പോകുന്നില്ലെന്നെങ്കിലും ചിന്തിക്കണമായിരുന്നു. തന്നെയുമല്ല, പുലിക്കുന്നേ സാറിന്റെ പോപ്പിനുള്ള കത്ത് ബ്ലോഗിന്റെ അട്മിനിസ്റ്റ്രെറ്ററായ ജോസ് ആന്റണി ആണ് പോസ്റ്റ്‌ ചെയ്തത്‌. അപ്പോപിന്നെ  പോപ്പിന്റെ മറുപടി ജോസഫ് മാത്യുവിന് എങ്ങനെ കിട്ടി പോസ്റ്റ്‌ ചെയ്യാ സാധിച്ചെന്നും വായനക്കാ ഓർമ്മിക്കെണ്ടതായിരുന്നു.


ജോസഫ് മാത്യുവിനെ അല്മായ ശബ്ദത്തിലേക്കു കൊണ്ടുവന്നത് ഞാനാണ്. അദ്ദേഹം അലിഗർ മുസ്ലിം യൂണിവേർഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദം നേടി കോളേജ് അദ്ധ്യാപകനായിരിക്കെ അമേരിക്കയിലേക്ക് കുടിയേറി ലോകത്തിലെ രണ്ടാമത്തെ വലിയ വായനശാലയായ ന്യൂയോർക്ക്‌ പബ്ലിക്ക് ലൈബ്രറിയിൽ മുപ്പത് വർഷത്തിനുമേൽ സേവനം ചെയ്ത് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു. ആയിരക്കണക്കിന് പുസ്തകങ്ങൾ വായിച്ചുതള്ളിയിട്ടുള്ള അദ്ദേഹം സഞ്ചരിക്കുന്ന ഒരു വിജ്ഞാനകോശമാണ്. നിങ്ങൾ ഒന്ന് തിരിഞ്ഞ് നോക്കുക. അല്മായശബ്ദത്തിന് എത്രയോ വിലപ്പെട്ട ലേഖനങ്ങളും കമൻറുകളും അദ്ദേഹം ഇലക്ട്രോണിക്ക് പബ്ലിക്കേഷൻ തുടങ്ങിയ കാലംമുതൽ കാഴ്ച്ചവെച്ചിട്ടുണ്ട്. അല്മായശബ്ദത്തെ പുഷ്ടിപ്പെടുത്തുവാനുള്ള അറിവും കൂടാതെ സമയവും അദ്ദേഹത്തിനുണ്ടായിരുന്നു. യേശുവിന്റെ വചനങ്ങളെ വികൃതമാക്കുന്ന സഭാധികാരികളെ നിശിതമായി വിമർശിക്കുവാൻ പുലിക്കുന്നേൽ സാർ 'ഓശാന' ഉപയോഗിക്കുന്നതുപോലെ ജോസഫ് മാത്യു അല്മായ ശബ്ദവും ഉപയോഗിച്ചിരുന്നു. അദ്ദേഹം തൻറ്റെ മനസിനെ ഒരു രഹസ്യമായി മറ്റുള്ളവരിൽനിന്ന് മാറ്റിവെച്ചില്ല.   മറ്റുള്ളവർ വിളിച്ചുപറയാൻ അറയ്ക്കുന്ന കാര്യങ്ങൾ ചങ്കൂറ്റത്തോടെ തുറന്നടിക്കാൻ അദ്ദേഹം മടികാണിച്ചിരുന്നില്ല.  കത്തോലിക്ക സഭയുടെ അഴുക്കുചാലുകളെയും തന്റെ ലേഖനങ്ങളിൽക്കൂടി അനാവരണം ചെയ്യാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സമവായ ചിന്തയോടെ സഭാനവീകരണത്തെ ഉന്നം വെച്ചുകൊണ്ടാണ്‌ അദ്ദേഹം തന്റെ പേനാ ചലിപ്പിച്ചിരുന്നത്. ചില വായനക്കാരുടെ അജ്ഞതമൂലമാണ് ജോസഫ് മാത്യു ഇന്ന് വ്രണപ്പെട്ടിട്ടുള്ളത്. ചുരുങ്ങിയ കാലംകൊണ്ട് രണ്ടുലക്ഷം ഹിറ്റുകൾ കണ്ടെന്ന സംതൃപ്തിയോടെ അല്മായശബ്ദം കോണ്ട്രിബ്യൂട്ടർ സ്ഥാനത്തുനിന്ന് സ്വയം വിരമിക്കാൻ തീരുമാനിക്കുകയും ചെയ്തു. ആരും ശ്രദ്ധിക്കാതിരുന്ന പുലിക്കുന്നേൽ സാറിന്റെ  മാർപാപ്പാക്കുള്ള കത്തിനും മാർപാപ്പായുടെ സാങ്കൽപ്പികമറുപടിമൂലം ആഗോളതലത്തിലെ വായനക്കാർ ഇരച്ചുകയറിയെന്നും വിചാരിക്കണം. അദ്ദേഹത്തിന്റെ ഹാസ്യ സാങ്കല്പ്പിക കത്തിനെ തെറ്റിധരിച്ചവർ ഇനിമേൽ അല്മായശബ്ദത്തെ മുന്നോട്ട് നയിക്കുമെന്ന് ഞാൻ കരുതുന്നു. ജോസഫ് മാത്യുവിന്റെ ഇതുപോലുള്ള എഴുത്തുകളും കാല്പ്പനിക ഹാസ്യരചനകളും നിറുത്താതെ തുടരാനും സഭക്കും സമൂഹത്തിനും ഗുണപ്രദമാകാനും ഭാവുകങ്ങൾ നേരുന്നു.

3 comments:


  1. ബഹുമാനപ്പെട്ട ശ്രി ചാക്കോ കളരിക്കല്‍ പരാമര്ശി ച്ചിരിക്കുന്ന ശ്രി പുലിക്കുന്നന്‍റെ മാര്പ്പാപ്പാക്കുള്ള കത്തും അതിന്‍റെ മറുപടിയും വായിക്കാന്‍ എനിക്കും സാധിച്ചു. അമേരിക്കാ, ബ്രിട്ടന്‍, റക്ഷ്യ മുതലായ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ക്ക് എഴുതുകയും മറുപടി ലഭിക്കുകയും ചെയ്തിട്ടുള്ള നിരവധി സംഭവങ്ങള്‍ കേരളത്തില്‍ തന്നെ നടന്നിട്ടുണ്ട്. പ്രോട്ടോക്കോള്‍ എന്താണെങ്കിലും ഇന്ത്യന്‍ പ്രസിഡണ്ടുമാരും ഇങ്ങിനെയുള്ള കത്തുകള്‍ വായിക്കുകയും മറുപടി എഴുതുകയും ചെയ്തിട്ടുണ്ട്. ശ്രി പുലിക്കുന്നന്‍റെ കത്ത് മാര്പ്പാ പ്പാക്ക് അയച്ചതിന്‍റെ കോപ്പിയാണ് അല്മായാ ശബ്ദത്തില്‍ പ്രസിദ്ധികരിച്ചത് എന്ന് തന്നെയാണ് ഞാന്‍ ഇപ്പോഴും കരുതിയിരിക്കുന്നതും.

    അതിന്‍റെ മറുപടിയായി വന്ന ലേഖനം സരസവും രസകരവും ആശയ സമ്പന്നവുമായിരുന്നുവെന്നതില്‍ തര്‍ക്കമില്ല; അത് യഥാര്ത്ഥം തന്നെയെന്നു അനേകര്‍ കരുതിയെങ്കില്‍ അതില്‍ അത്ഭുതപ്പെടാനുമില്ല. ഒരു മാര്പ്പാപ്പ ഇടമറ്റത്തു വരാന്‍ സാദ്ധ്യതയില്ലായെന്നു ഓര്ക്കണമായിരുന്നുവെന്ന വാദത്തോടും ഞാന്‍ യോജിക്കുന്നില്ല, കാരണം എല്ലാ മാര്പ്പാപ്പാമാരും ചെയ്തു പോന്ന കാര്യങ്ങളല്ല ഇപ്പോഴത്തെ മാര്പ്പാപ്പാ ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങിനെ ഒരു കൂടിക്കാഴ്ച്ചക്കുള്ള സാദ്ധ്യത ഞാന്‍ ഇപ്പോഴും തള്ളിക്കളയുന്നുമില്ല. പോപ്പിന്‍റെ മറുപടിയേക്കാള്‍ പ്രധാനപ്പെട്ട രേഖകള്‍ ശ്രി ജൊസഫ് മാത്യു അദ്ദേഹത്തിന്‍റെ പോസ്റ്റുകളില്‍ പരാമര്ശിച്ചിട്ടുണ്ട്. അതെങ്ങിനെ അദ്ദേഹത്തിനു കിട്ടിയെന്ന് ചോദിക്കാതെ അദ്ദേഹത്തെപ്പോലെ ആധികാരികവും വിശ്വസനീയവുമായ കാര്യങ്ങള്‍ എഴുതുന്ന ഒരാള്‍ പറയുന്നത് കണ്ണടച്ച് ഒരാള്‍ വിശ്വസിക്കാന്‍ തയ്യാറായാല്‍ അത് പാടില്ലായെന്ന് ആര്ക്കു പറയാന്‍ കഴിയും?

    ശ്രി ജൊസഫ് മാത്യുവിന്‍റെ ചങ്കൂറ്റത്തെയോ, അറിവിനെയോ ഒന്നും ആരും ഇന്നും ചോദ്യം ചെയ്തിട്ടില്ല. അദ്ദേഹത്തിന്‍റെ സേവനം അല്പ്പം പോലും ആരും കുറച്ചു കണ്ടിട്ടുമില്ല. അദ്ദേഹം തുടര്ന്നും എഴുതണം എന്നെ എല്ലാവരും ആശംസിക്കുന്നുമുള്ളൂ. ഏതായാലും US ലുള്ളവര്‍ എടുത്ത അര്ത്ഥത്തിലല്ല മറ്റുള്ള ഭൂരിഭാഗം പേരും അദ്ദേഹത്തിന്‍റെ ലേഖനം എടുത്തത് എന്ന് സ്പഷ്ടം. ഇന്ന് കേരളം യുദ്ധഭൂമിയായിരിക്കുന്നത് ഉത്തരവാദിത്വപ്പെട്ട പലരുടെയും പേരുകള്‍ ഉപയോഗിച്ച് നടത്തപ്പെട്ട തട്ടിപ്പുകളുടെ പേരിലാണ്. തട്ടിപ്പ് പണവുമാകാം മാനവുമാകാം. യേശുവും മഗ്ദാലെനയുമായുള്ള പ്രേമകഥയുടെ പശ്ചാത്തലമല്ല ഈ ലേഖനത്തിനുള്ളത്. ഇതിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്. ശ്രി കാട്ടിക്കാരന്‍റെ ഒരു ലേഖനം അഭിമാനക്ഷതം വരുത്തിയെന്നാരോപിച്ചു ലോക കോടതിയില്‍ പോകുമെന്ന് ഒരു മലയാളി വൈദികന്‍ ഭീഷണിപ്പെടുത്തിയത് അടുത്ത കാലത്താണ്. അല്മായാ ശബ്ദത്തിന്‍റെ പേരില്‍ ഇതിനോടകം മൂന്നോളം കേസുകള്‍ വന്നു. അതിലൊന്ന് ഇപ്പോഴും തിര്ന്നിട്ടില്ല. സഭയ്ക്ക് അല്മായന്‍റെ മേല്‍ കുതിര കേറാന്‍ അല്മായന്‍ തന്നെ കൊടുത്ത കോടിക്കണക്കിനു പണമുണ്ട്; അല്മായാ ശബ്ദത്തിന് അതില്ല. എങ്കിലും, ഇത്തരം ഭീഷണികളുടെ മുമ്പില്‍ നട്ടെല്ല് വളയ്ക്കുന്നവരല്ല ഇതൊക്കെ നടത്തിക്കൊണ്ടു പോവുന്നത് എന്നതില്‍ നമുക്കെല്ലാം അഭിമാനിക്കാം.

    അല്മായാ ശബ്ദത്തിനു വേണ്ടിയും സത്യജ്വാലക്കു വേണ്ടിയും അഹോരാത്രം പണിയെടുക്കുന്ന നമ്മുടെ സഹോദരങ്ങള്‍ അലോസരപ്പെടരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അല്മായാ ശബ്ദം ആരുടെയെങ്കിലും കഴിവുകൊണ്ടാണ്‌ നടക്കുന്നതെന്ന ചിന്തയും എനിക്കില്ല. നമ്മുടെ കഴിവുകള്‍ താഴെ ഇറക്കി വെക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഭംഗിയായി നടക്കുന്നത്. ദൈവത്തിന്റെ സംരക്ഷണം, നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ നമ്മോടൊപ്പം ഉണ്ടാവട്ടെ.

    ReplyDelete
  2. എന്റെ ജോസഫ്‌ matthew സാറേ , സമ്മതിച്ചിരിക്കുന്നു ! ഞാനും ആ രചന സത്യമെന്ന് കരുതി ഒരു കമെന്റും കൊടുത്തിരുന്നു . ഓർത്തപ്പോൾ നാണിക്കുന്നു. എങ്കിലും ആ പേനയെ , ആ മനസിനെ ഒരിക്കൽകൂടി വണങ്ങുന്നു . തുടരൂ അവസാനനിശ്വസനംവരെ ഈ പോരാട്ടം . നാസറായെൻ സദാ ആലോചനകൾ തരുവാൻ ബോധമായി ഉള്ളിന്റെ ഉള്ളിലുണ്ടല്ലോ!

    ReplyDelete
  3. ജോസഫ്‌ മാത്യുവിന്റെ ബ്ലോഗിനോട്‌ അത്രയും നിര്‍ദ്ദയമായി പ്രതികരിച്ചതു ശരിയായില്ലെന്നു ഞാന്‍ മനസ്സിലാക്കുന്നു. സോറി. ആ ബ്ലോഗ്‌ തെറ്റായി മനസ്സിലാക്കിയ മന്ദബുദ്ധികളില്‍ മൂന്നാമനായിരുന്നു ഞാന്‍. വായനക്കാരില്‍ ഒരാളെങ്കിലും തെറ്റിദ്ധാരണയില്‍ അകപ്പെട്ടു എന്നു മനസ്സിലാക്കിയ മാത്രയില്‍ത്തന്നെ, ജോസഫ്‌ മാത്യുവോ അതു പോസ്റ്റു ചെയ്‌ത ആളോ അതിനെ ഇപ്പോള്‍ വാഴ്‌ത്തുന്നവരോ ആ തെറ്റിദ്ധാരണയകറ്റാന്‍ പര്യാപ്‌തമായ ഒരു കുറിപ്പെങ്കിലും പോസ്റ്റു ചെയ്യേണ്ടതായിരുന്നു. അതുണ്ടായില്ല.

    ReplyDelete