Translate

Sunday, August 18, 2013

ഇരുള്‍മൂടിയ ആധുനികലോകവും ഫ്രാന്‍സീസ് മാര്‍പ്പാപ്പാ ഉണര്‍ത്തുന്ന പ്രതീക്ഷകളും

ജോര്‍ജ് മൂലേച്ചാലില്‍
(സത്യജ്വാല മാസികയുടെ 2013 ജൂലൈ ലക്കത്തിലെ എഡിറ്റോറിയല്‍)

ലോകം ഇരുള്‍മൂടി നില്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇന്നു മനുഷ്യര്‍ ജീവിക്കുന്നത്. മനുഷ്യന്റെ നന്മയ്ക്കുവേണ്ടി ഉദയംകൊണ്ട എല്ലാ ആശയസംഹിതകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ദിശാവ്യതിയാനം സംഭവിക്കുകയും അവയെല്ലാം മനുഷ്യനെതിരായി തിരിയുകയും ചെയ്തിരിക്കുന്നു.
മനുഷ്യരില്‍ ആദ്ധ്യാത്മികാവബോധത്തിന്റെ പ്രകാശംനിറച്ച്, അവരെ സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അനന്തവിഹായസ്സിലേക്കു കെട്ടഴിച്ചുവിടാന്‍ നിയുക്തരായ മതാചാര്യന്മാര്‍ തങ്ങളുടെ കടമ വിസ്മരിച്ച്, പൗരോഹിത്യത്തിന്റെ അങ്കികളണിഞ്ഞ്, മനുഷ്യരെ അന്ധതയുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുള്‍ത്തടവറകളിലടയ്ക്കുകയാണ്; എന്നിട്ട്, അവരുടെ തലയ്ക്കുമുകളില്‍ തങ്ങളുടെ അധികാരസിംഹാസനങ്ങളുറപ്പിക്കുകയാണ്. സ്വന്തം ആത്മാവു നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും, ലോകംമുഴുവന്‍ നേടുവാനുള്ള വ്യഗ്രതയില്‍, ദൈവത്തിന്റെയും മതത്തിന്റെയും പേരുപറഞ്ഞ്, അവര്‍ സംഘടിതരായി മുന്നോട്ടുപോകുമ്പോള്‍, സ്വാഭാവികമായും അതേ ദുരയുടെയും ദുരാഗ്രഹങ്ങളുടെയും ദുരാരൂപിയാണ് അവരെ പിന്‍ചെല്ലുന്ന മനുഷ്യരുടെ മനസ്സുകളിലും നിറയുന്നത്. അങ്ങനെ, എല്ലാവരും 'അവനവന്‍ കേന്ദ്രിത'നായിത്തീരുന്നു; എല്ലാ വരിലും അപരരോട് മാത്സര്യബുദ്ധി ഉദിക്കുന്നു; മനസ്സുകളില്‍ സ്‌നേഹവും ആര്‍ദ്രതയും വറ്റിപ്പോകുന്നു; ഒന്നായി പുലരേണ്ട മനുഷ്യരാശി, കേവലം വ്യക്തികളായി ചിതറിത്തെറിക്കുന്നു; നിലനില്‍പിനായി ഓരോരുത്തര്‍ക്കും സ്വന്തം നിലയില്‍ പോരാടേണ്ടിവരുന്നു. നിലനില്‍പ്പിനായുള്ള സമരം (struggle for existence)- എന്നത് ലോകനിയമമായിത്തീരുന്നു.
ഈ struggle--ന്റെ, ജീവിതസമരത്തിന്റെ, ഭാഗമായാണ് മനുഷ്യവ്യക്തികള്‍തമ്മിലും മനുഷ്യസമൂഹങ്ങള്‍തമ്മിലും മതസമൂഹങ്ങള്‍തമ്മിലും രാഷ്ട്രീയകക്ഷികള്‍തമ്മിലും രാഷ്ട്രങ്ങള്‍തമ്മിലുമെല്ലാം കലഹങ്ങളും കലാപങ്ങളും യുദ്ധങ്ങളുമുണ്ടാകുന്നത്. ഈ struggle-ന്റെ ഭാഗമായാണ്, ഗര്‍ഭസ്ഥശിശുവിനു ഗര്‍ഭപാത്രമെന്നോണം, മനുഷ്യനെയും സര്‍വ്വജീവജാലങ്ങളെയും വേണ്ടതെല്ലാം നല്‍കി പരിപാലിച്ചു സംരക്ഷിക്കുന്ന, സ്വന്തം ആവാസഗൃഹമായ ഈ ഭൂമിയുടെ മാംസവും രക്തവും മജ്ജയുംവരെ കുഴിച്ചും ഊറ്റിയുമെടുത്ത് മനുഷ്യന്‍ വില്പനച്ചരക്കാക്കുന്നത്. മണ്ണും വെള്ളവും വായുവും വിഷലിപ്തമാക്കാന്‍ മനുഷ്യര്‍ തയ്യാറാകുന്നതും അതിജീവനത്തിനുവേണ്ടിയുള്ള ഈ struggle-ന്റെ ഭാഗമായാണ്!
വാസ്തവത്തില്‍, വിശേഷബുദ്ധിയുള്ള മനുഷ്യര്‍ക്ക് സ്വന്തം നിലനില്‍പ്പിനുവേണ്ടി ഇങ്ങനെ struggle- ചെയ്യേണ്ട, കഷ്ടപ്പെടേണ്ട, ആവശ്യമുണ്ടോ? തീര്‍ച്ചയായുമില്ല. ‘struggle for existence’, ‘survival of the fittest’ മുതലായ ആശയങ്ങള്‍ മനുഷ്യോചിതമേയല്ല. മാത്സര്യമനോഭാവത്തിനുപകരം സഹവര്‍ത്തിത്വമനോഭാവം വികസിപ്പിച്ചാല്‍, തന്നെപ്പോലെതന്നെയാണ് മറ്റുള്ളവരും എന്ന ബോധത്തോടെ കൈകള്‍ തമ്മിലൊന്നു കോര്‍ത്താല്‍, ആ നിമിഷം തീരാനുള്ളതല്ലേയുള്ളൂ മനുഷ്യന്റെ നിലനില്‍പ്പിന്റെ പ്രശ്‌നം! ഏതു മതസംവിധാനത്തിന്റെയും ഒരേയൊരു ഉത്തരവാദിത്വം, മറ്റുള്ളവരെ തന്നെപ്പോലെതന്നെ കണ്ടുപെരുമാറാനുള്ള ആത്മബോധം മനുഷ്യരില്‍ ഉണര്‍ ത്തുക എന്നതാണെന്ന് അല്പമൊന്നാലോചിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. അങ്ങനെ നോക്കുമ്പോള്‍, മനുഷ്യനിന്നു നേരിടുന്ന അതിരൂക്ഷമായ എല്ലാ പ്രതിസന്ധികളുടെയും മൂലകാരണം, മതസംവിധാനങ്ങളൊന്നും അതിന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാതിരിക്കുന്നതാണെന്നു കാണാം. താറുമാറായിക്കഴിഞ്ഞ ഇന്നത്തെ മനുഷ്യജീവിതത്തിനുപിന്നില്‍, ആത്മീയത നഷ്ടപ്പെട്ടുപോയ മനുഷ്യസമൂഹങ്ങളാണുള്ളത്. നിലവിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍പോലും അവനവനുവണ്ടി വിലപിച്ച്, അവരുടെ ഭൗതികമനോഭാവത്തെയാണ്, സ്വകാര്യമാത്രപരതയെയാണ്, വിളംബരംചെയ്യുന്നത്.


മനുഷ്യരെയും ലോകത്തെയും ഇങ്ങനെ ഭൗതികതയിലേക്ക് ആട്ടിത്തെളിച്ചു താറുമാറാക്കിയത് പ്രധാനമായും റോമന്‍ 'ക്രിസ്തു
മത'മാണെന്ന വസ്തുതയിലേക്കു കൈചൂണ്ടാനാണ് ഇത്രയും പറഞ്ഞത്. അതെ, തടി കിടക്കുന്നത്, നാമെല്ലാം അംഗങ്ങളായിരിക്കുന്ന ക്രിസ്തുമതത്തിന്റെ കണ്ണിലാണ്. ആദ്യനൂറ്റാണ്ടുകള്‍ക്കുശേഷം സീസറിന്റെയും ദൈവത്തിന്റെയും റോളുകള്‍ ഒന്നിച്ചുകളിക്കുന്ന, ദൈവത്തെയും മാമോനെയും ഒന്നിച്ചു സേവിക്കുന്ന, ഒന്നായിട്ടാണ് റോമന്‍ 'ക്രിസ്തുമതം' വളര്‍ന്നത്. ഒരു മത-രാഷ്ട്രീയസാമ്രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ, മറ്റെല്ലാ മതങ്ങളെയും നിന്ദിച്ചും വിവിധങ്ങളായ ജനസംസ്‌കൃതികളെ തകര്‍ത്തെറിഞ്ഞുമാണ് ഈ 'ക്രിസ്തുമതം' ലോകവ്യാപകമായത്. ഈ മതകൊളോണിയലിസമാണ,് ലോകത്തിനുമേല്‍ യൂറോപ്പിന്റെ രാഷ്ട്രീയ കൊളോണിയലിസത്തിനു കളമൊരുക്കിയത്. റോമന്‍ 'ക്രിസ്തുമത'മാകുന്ന വൃക്ഷം കായ്ച്ചു ലോകത്തിനുകിട്ടിയ ഫലമായിരുന്നു അത്. ഫലത്തില്‍നിന്നു വൃക്ഷത്തെ തിരിച്ചറിയാമല്ലോ. ഇപ്പോഴത് യൂറോ-അമേരിക്കന്‍ ലോകകൊളോണിയലിസമായി വീണ്ടും വികാസംപൂണ്ടിരിക്കുന്നു.
സകലതിനെയും പണത്തി ന്റെ തുലാസില്‍വച്ച് മൂല്യനിര്‍ ണ്ണയം ചെയ്യുന്ന, പണത്തിന്റെ ഗോദായായ കമ്പോളത്തിലേക്ക് സകലരെയും മത്സരിക്കാന്‍ ക്ഷണിക്കുന്ന, ലോകത്തെ മുഴുവന്‍ ഈ ചന്തയുടെ വരുതിയിലാക്കുന്ന ഒരു ലോകത്തെയാണ്, റോമന്‍ പൈതൃകമുള്ള 'ക്രിസ്തുമതം' പ്രസവിച്ചത് എന്നും, ഇതു യഥാര്‍ത്ഥത്തില്‍ മാമോന്‍പൂജ യും മാമോന്‍ഭരണവുമല്ലാതെ മറ്റൊന്നുമല്ലെന്നും തിരിച്ചറിഞ്ഞാല്‍മാത്രമേ, ക്രൈസ്തവര്‍ ക്ക് അവരുടെ ഇനിയുള്ള ചരിത്രദൗത്യമെന്തെന്നു കണ്ടെത്തി നിര്‍വ്വഹിക്കാനാവൂ.
കത്തോലിക്കാസഭയില്‍ ഈ ഉള്‍ക്കാഴ്ചയുടെ ആദ്യകിരണങ്ങള്‍ ഔദ്യോഗികമായി കാണപ്പെട്ടത് 23-ാം ജോണ്‍ മാര്‍പ്പാപ്പായുടെ കാലത്തായിരുന്നു എന്നുതോന്നുന്നു. അദ്ദേഹം വിളിച്ചുകൂട്ടിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പൗരസ്ത്യദേശത്തെ സഭകളുടെ തനതു വ്യക്തിത്വങ്ങളെയും സാംസ്‌കാരികത്തനിമകളെയും ഭരണസമ്പ്രദായങ്ങളെയും തകര്‍ത്ത് പാശ്ചാത്യസഭാസമ്പ്രദായങ്ങള്‍ അടിച്ചേല്പിച്ച അന്ന ത്തെ തെറ്റായ സഭാസമീപനത്തെ തിരുത്തിക്കൊണ്ടുള്ള ആധികാരികപ്രഖ്യാപനങ്ങളുണ്ടായി. അതുപോലെതന്നെ, കത്തോലിക്കാസഭയിലൂടെ മാത്രമേ രക്ഷയുള്ളൂ എന്ന 'ഏകസത്യമതവാദ'വും തിരുത്തപ്പെട്ടു. വിശ്വാസകാര്യങ്ങളിലും സഭാവിഷയങ്ങളിലും വിശ്വാസികള്‍ സഭാധികാരശ്രേണിയെ കണ്ണടച്ചു വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന നിലപാടു തിരുത്തപ്പെട്ടു. വിശ്വാസികള്‍ സ്വതന്ത്രസംഘടനകള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നതു പ്രോത്സാഹിപ്പിക്കണമെന്നു നിഷ്‌കര്‍ഷിക്കപ്പെട്ടു. സഭയ്ക്കുള്ളിലും മറ്റു സഭകളുമായും മറ്റു മതങ്ങളുമായും സംസര്‍ഗ്ഗങ്ങളും സൗഹൃദസംവാദങ്ങളും ശിപാര്‍ശ ചെയ്യപ്പെട്ടു. അങ്ങനെ നൂറ്റാണ്ടുകളായി അടഞ്ഞു മാറാല പിടിച്ചുകിടന്ന സഭയുടെ വാതിലുകളും ജനാലകളും ചെറുതായൊന്നു തുറക്കപ്പെട്ടു. സഭയില്‍ ഒരല്പം കാറ്റും വെളിച്ചവും കടന്നു. വെളിച്ചം കണ്ടരണ്ട് സഭയുടെ മച്ചുകളില്‍ തൂങ്ങിക്കിടന്ന കടവാവലുകള്‍ ചിറകുവീശി മുരണ്ടെങ്കിലും, സഭയില്‍ ഒരുണര്‍വ്വിന് തുടക്കംകണ്ടു. വരാന്‍പോകുന്ന മാറ്റങ്ങളെക്കുറിച്ച് അത്മായ-വൈദികഭേദമന്യേ വലിയ ചര്‍ച്ചാസമ്മേളനങ്ങള്‍ ലോകമെമ്പാടും നടന്നു. പക്ഷേ, പിന്നെപ്പിന്നെ, തുറന്ന വാതിലുകള്‍ അടയ്ക്കാനുള്ള പരിശ്രമമാണ്, വത്തിക്കാനിലെ വിവിധ കൂരിയാകളൊടൊപ്പംചേര്‍ന്ന്, തൊട്ടുമുമ്പിലത്തെ രണ്ടു മാര്‍പ്പാപ്പാമാര്‍ നടത്തിയത്. അങ്ങനെ സഭ വീണ്ടും കാറ്റും വെളിച്ചവും കടക്കാത്ത കോട്ടക്കൊത്തളമായി.


എങ്കിലും, രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വെറുതെയായില്ല. ഭൂരിഭാഗം വിശ്വാസികളും ഭഗ്നാശയരായെങ്കിലും, ശുഭാപ്തിവിശ്വാസം കൈവിടാത്തവരെ സംബന്ധിച്ച്, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രഖ്യാപനങ്ങള്‍ സഭയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗരേഖകളായി. അവര്‍ അതിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുകയും എഴുതുകയും പ്രവര്‍ത്തിക്കുകയും സഭാധികാരശ്രേണിയോട് പല കാര്യങ്ങളിലും പ്രതിഷേധിക്കുകയും ചെയ്യാനാരംഭിച്ചു. സഭയുടെ അധികാരഘടനയും സാമ്പത്തിക ക്രമക്കേടുകളും സുതാര്യതയില്ലായ്മയും പരക്കെ വിമര്‍ശിക്കപ്പെട്ടു. മെത്രാന്മാര്‍ക്കും വൈദികര്‍ക്കുമെതിരെ കോടതിക്കേസുകളുടെ പ്രളയംതന്നെ ഉണ്ടായി. കേരളത്തിലേക്കുവന്നാല്‍, സീറോ-മലബാര്‍ സഭയുടെ എല്ലാ മെത്രാന്മാരും, 1991-മുതല്‍ വിവിധ കാനോന്‍നിയമക്കേസുകളില്‍ പ്രതികളാണ്. സഭയുടെ ഭൗതികഭരണം ജനാധിപത്യപരമാക്കാന്‍ ഒരു നിയമനിര്‍മ്മാണംതന്നെ ഇവിടെ ശിപാര്‍ശചെയ്യപ്പെട്ടുകഴിഞ്ഞു. പാശ്ചാത്യനാടുകളില്‍ വിശ്വാസികള്‍ സഭയില്‍നിന്ന് കൂട്ടത്തോടെ കൊഴിഞ്ഞുപോകുകയാണ്. പുരോഹിതരുടെ ബാലരതിക്കെതിരെയുള്ള കേസുകളില്‍ നഷ്ടപരിഹാരം കൊടുത്ത് പല രൂപതകളും പാപ്പരായി. ലൈംഗിക കുറ്റവാളികളായ പുരോഹിതരെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ മാര്‍പ്പാപ്പായ്‌ക്കെതിരെവരെ ക്രിസ്ത്യന്‍ സംഘടനകള്‍ കേസു നല്‍കുകയുണ്ടായി. ചുരുക്കത്തില്‍, രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഔദ്യോഗികമായി കെട്ടഴിച്ചുവിട്ട സഭാത്മകമായ പുതിയ ആശയങ്ങളില്‍ ജനം മുന്നോട്ടുപോയി. ഉപജീവനഭീതിയില്ലായിരുന്നെങ്കില്‍, ചിന്താശേഷി തീര്‍ത്തും വറ്റിപ്പോകാതെ സൂക്ഷിക്കുന്ന വൈദികരും കന്യാസ്ത്രീകളുംകൂടി ഈ പ്രക്രിയയില്‍ ഭാഗഭാക്കായേനെ.
ചരിത്രത്തില്‍, അമ്പതോ നൂറോ വര്‍ഷമൊക്കെ ചെറിയ കാലയളവുകളാണ്. ചരിത്രഗതിയുടെ മുന്നോട്ടുള്ള ഗമനത്തില്‍, ഇടയ്‌ക്കൊക്കെ പിന്നോക്കംപോകലും ഉണ്ടായേക്കാം. മുന്നോട്ടുപോകുവാനാവശ്യമായ കൂടുതല്‍ കരുത്തും പക്വതയും മനുഷ്യര്‍ നേടുന്നത് ഈ കാലയളവിലാണ്. ഏതായാലും ജോണ്‍ 23-ാമന്റെ കാലഘട്ടത്തെക്കാള്‍ ചരിത്രത്തെ മുന്നോട്ടുനയിക്കാന്‍ ജനങ്ങളിന്നു കൂടുതല്‍ പ്രാപ്തരാണ്. കാലഹരണപ്പെട്ടതും ബാലിശവുമായ സഭാശ്രേണിയുടെ യാഥാസ്ഥിതിക സിദ്ധാന്തങ്ങള്‍ക്കും അധികാരഹുങ്കിനും അഴിമതിക്കും പുരോഹിതപക്ഷപാതിത്വത്തിനും കെടുകാര്യസ്ഥതയ്ക്കും സുതാര്യതയില്ലായ്മയ്ക്കുമെതിരെ തലയുയര്‍ത്തിനിന്ന് കൈചൂണ്ടാനുള്ള വളര്‍ച്ച വിശ്വാസിസമൂഹം നേടിയിരിക്കുന്നു. ഒരളവോളമെങ്കിലും, അവരര്‍ഹിക്കുന്ന ഒരു സഭാതലവനെ ഫ്രാന്‍സീസ് മാര്‍പ്പാപ്പായിലൂടെ അവര്‍ക്കു ലഭിക്കുകയും ചെയ് തിരിക്കുന്നു.
ശരിയാണ്, യാഥാസ്ഥിതികത്വത്തിന്റെ പിടിയില്‍നിന്നു മുക്തനല്ല, ഫ്രാന്‍സീസ് മാര്‍പ്പാപ്പാ. 800 പേരെ ഒന്നിച്ചു വിശുദ്ധരായി പ്രഖ്യാപിച്ച്, പുണ്യാളസൃഷ്ടിയില്‍ റിക്കാര്‍ഡിട്ടയാളാണദ്ദേഹം! ഇനിയും തന്റെ മുന്‍ഗാമികളായ രണ്ടു മാര്‍പ്പാപ്പാമാരെ വിശുദ്ധരാക്കാനുള്ള തിരക്കിലുമാണദ്ദേഹം! ഇതൊക്കെ, സഭയിലെ ഉത്പതിഷ്ണുക്കള്‍ക്ക്, ഫ്രാന്‍സീസ് മാര്‍പ്പാപ്പായിലുള്ള വിശ്വാസവും പ്രതീക്ഷയും കുറച്ചിട്ടുണ്ട് എന്നതു സത്യമാണ്. എന്നിരിക്കിലും, അദ്ദേഹത്തിന്റെ ലളിതജീവിതവും ദൈവശാസ്ത്രഭാരമൊന്നുംകൂടാതെ ഉള്ളില്‍ത്തോന്നുന്നത് വെട്ടിത്തുറന്നു പറയാനുള്ള ആര്‍ജ്ജവവും യാഥാസ്ഥിതികര്‍ക്കും ഉത്പതിഷ്ണുക്കള്‍ക്കും ഒരുപോലെ ഹൃദ്യമായാണ് അനുഭവപ്പെടുന്നത്. വത്തിക്കാന്റെ അകത്തളങ്ങളില്‍ മാഫിയാസംഘങ്ങളും പുരുഷസ്വവര്‍ഗ്ഗഭോഗികളുടെ ലോബിയും പ്രവര്‍ത്തിക്കുന്നുണ്ടെന്ന സത്യം ഒളിച്ചുവയ്ക്കാതെ പുറംലോകത്തോടു വിളിച്ചുപറയാനും, വത്തിക്കാന്‍ ബാങ്കിന്റെയും കൂരിയാകളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചന്വേഷിക്കാന്‍ കമ്മീഷനുകളെ നിയോഗിക്കാനുംകാട്ടിയ ധൈര്യം അദ്ദേഹത്തില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ മുഴുവന്‍ വിശ്വാസികളെയും പ്രേരിപ്പിക്കുന്നതാണ്. ബാലരതിക്കാരായ വൈദികരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഇതുവരെ സഭ സ്വീകരിച്ചിരുന്നതെങ്കില്‍, ഈ മാര്‍പ്പാപ്പാ ആ സംരക്ഷണവലയം എടുത്തുനീക്കിക്കഴിഞ്ഞു. 'റോമന്‍ കത്തോലിക്കാസഭയില്‍ പുരോഹിതരെ വിവാഹംകഴിക്കാന്‍ അനുവദിക്കുന്നത് പ്രായോഗികവും ബുദ്ധിപരവുമായിരിക്കു'മെന്നും, 'ഇത് ചര്‍ച്ച ആവശ്യപ്പെടുന്ന വിഷയമാണെ'ന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. 'കത്തോലിക്കാസഭയെ അമ്മയായിട്ടാണു കാണേണ്ടത്. ഒരു സ്ഥാപനമായല്ല' എന്ന അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം സ്ഥാപനപരമായ ഇന്നത്തെ സഭയുടെ അടിവേരുകളെ തൊടുന്നുണ്ട്. 'മെത്രാന്മാര്‍ ജീവിക്കേണ്ടതു പ്രഭുക്കന്മാരെപ്പോലെയല്ല' എന്ന അദ്ദേഹത്തിന്റെ പ്രബോധനം അദ്ദേഹത്തിന്റെ ആ നിലപാട് കൂടുതല്‍ വ്യക്തമാക്കുന്നുമുണ്ട്. വൈദികര്‍ക്ക് ആഢംബരക്കാറുകള്‍ പാടില്ല' എന്ന പൊതുനിര്‍ദ്ദേശവും അദ്ദേഹം വച്ചുകഴിഞ്ഞു. ഇന്നത്തെ ഇരുള്‍മൂടിയ സഭാന്തരീക്ഷത്തില്‍ ഇതൊക്കെത്തന്നെ മാറ്റത്തിന്റെ വലിയ മിന്നല്‍പ്പിണരുകളാണെന്ന് കടു ത്ത ഉത്പതിഷ്ണുക്കള്‍ പോലും സമ്മതിക്കും.


മറ്റൊന്ന്, തികച്ചും യാഥാസ്ഥിതികമായിരിക്കുന്ന ഇന്നത്തെ കത്തോലിക്കാസഭയില്‍, ആ യാഥാസ്ഥിതികത്വത്തിന്റെതന്നെ ഓരങ്ങളില്‍നിന്നുകൊണ്ടുള്ള മാറ്റങ്ങള്‍ക്കാവാം പ്രയോഗക്ഷമതയുണ്ടാകുക എന്നതാണ്. മാറ്റമെന്നത് ഒരു വിത്തു മുളയ്ക്കുന്നതുപോലെ, പൂവ് വിരിയുന്നതുപോലെ, നിലവിലുള്ള സാഹചര്യങ്ങളില്‍നിന്ന് ഊര്‍ജ്ജം വലിച്ചെടുത്തുള്ള ഒരു പ്രക്രിയയാണല്ലോ. പരിമിതമെങ്കിലും, ഇന്നത്തെ നിലയില്‍ നോക്കുമ്പോള്‍ ആശാവഹമായ ഒരു മാറ്റത്തിനാവശ്യമായ ഊര്‍ജ്ജം കത്തോലിക്കാസമൂഹത്തിനുണ്ട് എന്നാണ്, അദ്ദേഹത്തിനെതിരെ ഇതുവരെ ആരും പര സ്യമായി തിരിഞ്ഞിട്ടില്ല എന്ന വസ്തുത സൂചിപ്പിക്കുന്നത്.
കത്തോലിക്കാസഭയെന്ന മരു ഭൂമിയില്‍ സത്യത്തിന്റെയും സ്‌നേഹത്തിന്റെയും നീതിയു ടെയും കരുണയുടെയുമായ ഏതാനും 'ഓയാസിസു'കളെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ ആനുകാലിക കത്തോലിക്കാസമൂഹത്തിനു നല്‍കുന്നത്. സഭയില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക്, അദ്ദേഹത്തോടൊപ്പംനിന്ന് സഭയില്‍ അങ്ങനെയൊരു 'പാര ഡൈം ഷിഫ്റ്റി' (ജമൃമറശഴാ വെശള)േനു തുടക്കംകുറിക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താന്‍ നമുക്കു കഴിഞ്ഞാല്‍, മാറ്റത്തിന്റെ ഒരു വഴിത്തിരിവായി ഈ കാലഘട്ടത്തെ ചരിത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ നമുക്കു കഴിയും. തുടര്‍ന്ന്, ക്രിസ്തുവല്‍ക്കരണത്തിന്റെ നൂറുനൂറു പൂവുകള്‍ സഭയില്‍ വിരിയാനുള്ള സാഹചര്യം സഭയില്‍ തെളിഞ്ഞുവരുവാനും അതു സാഹചര്യമൊരുക്കിക്കൊള്ളും.
അതുകൊണ്ട്, സഭാനവീകരണത്തില്‍ ദത്തശ്രദ്ധരായവരും അവരുടെ സംഘടനകളും ചെയ്യേണ്ടത്, സഭയില്‍ വരേണ്ട മാറ്റം സംബന്ധിച്ച് ഫ്രാന്‍സീസ് മാര്‍
പ്പാപ്പാതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞ നയവ്യതിയാനങ്ങള്‍ സഭയില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തെ ശക്തമായി പിന്തുണയ്ക്കുക എന്നതാണ്. ഇതു ചെയ്യുന്നില്ലെങ്കില്‍, ജനപിന്തുണയില്ലെന്നു കരുതി സ്വന്തം നിലപാടില്‍നിന്നു മാര്‍പ്പാപ്പാതന്നെ പിന്‍വലിഞ്ഞെന്നും വരാം.
മറ്റൊന്ന്, പുതിയ സാഹചര്യത്തില്‍ പ്രാദേശികതല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക എന്നതാണ്. കേരളത്തിലെ സ്വത ന്ത്ര ക്രൈസ്തവപ്രസ്ഥാനങ്ങളും അവയുടെ കൂട്ടായ്മയായ 'ജോ യിന്റ് ക്രിസ്ത്യന്‍ കൗണ്‍സി'ലും ഇത്രയുംകാലം പ്രസ്താവനകളിലൂടെയും പോസ്റ്ററുകളിലൂടെ യും ലഘുലേഖകളിലൂടെയും നിവേദനങ്ങളിലൂടെയുമെല്ലാം ഉയര്‍ത്തിക്കൊണ്ടുവന്ന അതേ ആശയങ്ങള്‍ സഭാതലവനായ മാര്‍പ്പപ്പായില്‍നിന്നുതന്നെ വരുമ്പോള്‍ ഇനിയെന്തിന് അറച്ചുനില്‍ക്കണം? മാര്‍പ്പാപ്പായുടെ പ്രസ്താവനകള്‍തന്നെ പോസ്റ്ററുകളാക്കി കേരളത്തിലെ ചുമരുകളിലെല്ലാം ഒട്ടിച്ച് അദ്ദേഹത്തിന്റെ നവീകരണ ആശയങ്ങള്‍ക്കു പ്രചാരം കൊടുക്കാന്‍ ഇന്നു നമുക്കാകും. ഒരു മെത്രാനും ഒരു മെത്രാന്‍സംരക്ഷണസംഘടനയ്ക്കും അതിനെതിരെ ഒന്നും ചെയ്യാന്‍ ഇനിയാവില്ല. ഫ്രാന്‍ സീസ് മാര്‍പ്പാപ്പായെ ഉദ്ധരിച്ചുകൊണ്ട് കേരളസഭയിലും സഭാധികരികളുടെ ജീവിതശൈലിയിലും വരേണ്ട മാറ്റങ്ങളെക്കുറിച്ച് ലഘുലേഖകള്‍ തയ്യാറാക്കി വിതരണം നടത്താനും, പ്രബന്ധങ്ങള്‍ തയ്യാറാക്കി സെമിനാറുകള്‍ നടത്താനും നമുക്കു കഴിയും. മാര്‍പ്പാപ്പാ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച്, അതിന്‍പ്രകാരമുള്ള മാറ്റങ്ങള്‍ കേരളസഭയില്‍ വരുത്തണമെന്നാവശ്യപ്പെട്ടുള്ള നിവേദനങ്ങള്‍ തയ്യാറാക്കി അതാ ത് സഭാതലങ്ങളിലും മാര്‍പ്പാപ്പായ്ക്കുതന്നെയും നല്‍കുവാനും നമുക്കു സാധിക്കും.... ഇതിനെല്ലാം മാധ്യമശ്രദ്ധ നേടിക്കൊടുക്കാനുള്ള ശേഷി ഇപ്പോള്‍തന്നെ നമുക്കുണ്ടുതാനും. ചുരുക്കത്തില്‍, ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ തണലില്‍ സഭാനവീകരണപ്രവര്‍ത്തനങ്ങള്‍ ഭയലേശമില്ലാതെയും, ഏതാണ്ടൊരു ആധികാരിക പരിവേഷത്തോടെതന്നെയും നടത്താന്‍ കഴിയുന്ന അന്തരീക്ഷം സഭയില്‍ സംജാതമായിരിക്കുന്നു. വാക്കുകളില്‍നിന്നു പ്രവൃത്തിയിലേക്കു നീങ്ങാന്‍ മാര്‍പ്പാപ്പയെ ധൈര്യപ്പെടുത്താനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.
തീര്‍ച്ചയായും, ജോണ്‍ 23-ാ മന്‍ മാര്‍പ്പാപ്പായെപ്പോലെതന്നെ, കത്തോലിക്കാസഭാചരിത്രത്തില്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ യും ഒരു രജതരേഖയാണ്. കൂരിരുട്ടിനെ വെട്ടിപ്പിളരുന്ന ഒരു പ്രകാശധോരണിയുണ്ടാകുമ്പോള്‍, അതിലൂടെകഴിയുന്നിടത്തോളം, മുന്നേറുകയെന്ന സമീപനം സ്വീകരിച്ചേ മതിയാവൂ. അതു കാലഘട്ടത്തിന്റെ ആവശ്യമാണ്, കാലത്തിന്റെ വിളിയാണ്.
ലോകത്തിനുമുമ്പില്‍ ക ത്തോലിക്കാസഭ അവതരിപ്പിച്ച തെറ്റായ ഒരു 'പാരഡൈം ഷിഫ്റ്റ്' ആണ്, ലോകത്തിന്റെ ഇന്നത്തെ മുഴുവന്‍ ദുരവസ്ഥകള്‍ക്കും കാരണമെന്നു നാം തുടക്കത്തില്‍ നിരീക്ഷിക്കുകയുണ്ടായി. അങ്ങനെയെങ്കില്‍, അതു തിരുത്താനുള്ള മുന്‍കൈ എടുക്കേണ്ടതും കത്തോലിക്കാസഭതന്നെയാണ്. ശക്തിയുടെയും പ്രതാപത്തിന്റെയും കൃത്രിമ ആലക്തികദീപങ്ങള്‍ തെളിച്ചുനിര്‍ത്തി രംഗപ്രവേശം ചെയ്ത യൂറോപ്യന്‍ 'ക്രിസ്തുമത'ത്തിന്റെയും 'ക്രൈ സ്തവരാജ്യ'ങ്ങളുടെയും നാഗരികപ്രഭയില്‍ ഈയാംപാറ്റകളെപ്പോലെ ആകൃഷ്ടരായി വഴിതെറ്റിയവയാണ് മറ്റു മതങ്ങളും മതസ്ഥരും. കത്തോലിക്കാസഭ ഒരു ആദ്ധ്യാത്മികരൂപാന്തരണത്തിലേക്കു എന്നു വരുന്നുവോ, അന്ന് മറ്റു മതങ്ങളും ആദ്ധ്യാത്മികതയിലേക്കു തിരിഞ്ഞുതുടങ്ങും. അല്ലെ ങ്കില്‍, ക്രൈസ്തവസഭകള്‍ ജന്മംകൊടുത്ത ഇന്നത്തെ യൂറോ-അമേരിക്കന്‍ കമ്പോളവ്യവസ്ഥയെ ന്ന 'മാമോന്‍ വ്യവസ്ഥ'യ്ക്കനുസൃതമായി മത്സരിച്ചു നിലനില്‍ ക്കാനേ അവയ്ക്കു സാധിക്കൂ.
-എഡിറ്റര്‍
 
 

No comments:

Post a Comment