Translate

Saturday, June 8, 2013

ക്രിസ്തീയ സഭക്ക് ഒരു വിയോജനക്കുറിപ്പ്

മറിയമ്മ

ബ്രഹ്മം ആത്മാവാകുന്നു. ആത്മാവ്‌ ദൈവം ആകുന്നു. ദൈവത്തിന്റെ ചൈതന്യം എപ്പോഴും എന്നില്‍ തുടിക്കുന്നു. അതെ, ബ്രഹ്മം എന്നില്‍ത്തന്നെ; ഞാന്‍ ദൈവത്തോട് കൂടി. അതെ. ഏകം സത്!

ഉപനിഷദ് ദര്‍ശനവും പുതിയ നിയമ സത്തയും എന്നെ ഒരു പുതിയ സൃഷ്ടിയാക്കിയിരിക്കുന്നു.

ഇവിടെ ആദ്ധ്യാത്മികതയുടെ ഊന്നു വടിയില്‍ ഞാന്‍ ഉയരുന്നു. മനസ്സിന്റെ നാലതിര്‍ത്തികളും വികസിച്ച് അത് തുറക്കുന്നു. ഒരു പുതിയ പിറവി. ജനനം!

ശേഷം പുതിയ നിയമത്തിലെ ക്രിസ്തുവില്‍ക്കൂടി ഉപനിഷദ് ദര്‍ശനത്തിലെ ബ്രഹ്മത്തിലേക്ക് ഞാന്‍ നടന്നു. ഈ നടപ്പില്‍ പല ചങ്ങലകളും അഴിഞ്ഞുവീണു. സ്നേഹം ഒരു പുഴ പോലെ  എന്നില്‍ ഒഴുകി. അതിന്‍റെ  കുളിരില്‍  ഞാന്‍ ലയിച്ചു.

ഞാനറിയുന്നു. ദൈവത്തിന്റെ നുകം ഭാരമുള്ളതല്ല. അത് വഹിപ്പാന്‍ എളുപ്പം. ഭാരം മറ്റൊന്നാണ്. ഞാന്‍ മനസ്സിലാക്കി. മതങ്ങളുടെ അടിമത്തം! ക്രിസ്തീയ സഭകളുടെ വലിച്ചുമുറുക്കുന്ന ചില ബന്ധങ്ങള്‍! ബന്ധനങ്ങള്‍!

ഇപ്പോഴാണറിയുക, അതെന്നെ തുടക്കം  മുതല്‍  കുറേശ്ശെ കുറേശ്ശെ കൊന്നുകൊണ്ടിരുന്നു. മജ്ജയിലും മാംസത്തിലും ചിന്തയിലും അതിന്‍റെ  അബദ്ധങ്ങള്‍ വളര്‍ന്നുകൊണ്ടിരുന്നു. എന്നെ സംബന്ധിച്ച് അതിന്‍റെ വേരുകള്‍ക്ക് എന്നോളം പഴക്കമുണ്ട്. അതെന്റെ ജീവനെ കുറേശ്ശെ ഊറ്റിക്കുടിക്കുകയായിരുന്നു.

മാത്രമല്ലാ, തിരിച്ചറിവിന്റെ ഉറവ എന്നില്‍  നിന്നും നഷ്ടപ്പെട്ടിരിക്കുന്നു; അല്ലാ, തീര്‍ത്തും വറ്റിയിരിക്കുന്നു.

ഞാനറിഞ്ഞു വേണം ഒരു മോചനം!

ക്രിസ്തു അതിനുള്ള ധൈര്യം എനിക്ക് തന്നു, ശക്തിയും!

പിന്നെ ഒരപ്പൂപ്പന്‍ താടി പോലെ  ഞാന്‍ പറന്നുയരുകയായിരുന്നു. അപ്പോള്‍ കണ്ടു. ശൂന്യതയുടെ മേല്‍  ഉടയവന്‍  ഉത്തരദിക്കിനെ വിരിക്കുന്നു. ഭൂമിയെ ശൂന്യതയുടെ മേല്‍ തൂക്കിയിട്ടിരിക്കുന്നു.

ഞാന്‍ നോക്കി. ചുറ്റിനും കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു  വാള്‍! അതില്‍ നിന്നും അഗ്നിയുടെ നാവുകള്‍! തിളങ്ങിത്തെറിക്കുന്ന  അക്ഷരങ്ങള്‍!

ഞാനത് പെറുക്കിയെടുത്തു. ഒരുമിച്ചു കൂട്ടി. പിന്നെ ക്രമമായി ചേര്‍ത്തു വെച്ചു. ഞാനത് വായിച്ചു - ബന്ധിതര്‍ക്ക് മോചനവും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും!

അപ്പോഴാണ്‌ ഞാനറിയുക, ഇന്നലെ വരെ ഞാന്‍ ആമത്തിലായിരുന്നെവെന്ന്. എന്റെ \കൈയ്ക്കും കാലിനും മനസ്സിനും മതങ്ങള്‍ ആമം വെച്ചിരുന്നു.

അക്ഷരങ്ങളില്‍ പിച്ച വെച്ച് നടന്ന  എന്നെക്കൊണ്ടിവര്‍ ഞാന്‍ പിഴയാളി ചൊല്ലിച്ചു. മുലപ്പാലിന്‍റെ  നറുമണം വിട്ടു മാറാതെ നിന്ന എന്നെ  ഇവര്‍ പാപിയാക്കി. മാത്രമല്ലാ, പാപിയായ എനിക്ക് വേണ്ടി പ്രാര്‍ഥിക്കണമേയെന്നു  ചൊല്ലാന്‍  ഇവര്‍ എന്നെ പഠിപ്പിച്ചു.

ചങ്ങലകളില്‍  ഞാന്‍ ബന്ധിതനാവുകയായിരുന്നു.

ഈ ചങ്ങലകളിലാണ് സ്വാതന്ത്ര്യം എന്ന് കരുതിയ വിഢ്ഡിത്വത്തിന്റെ  നാളുകള്‍!

നക്ഷത്രങ്ങള്‍ ഇരുന്നു വഴുക്കട്ടെ, നമുക്കവയുടെ തൊലിയുരിയണം എന്ന് ചിന്തിച്ച അഹങ്കാരത്തിന്റെ എത്രയെത്ര നിമിഷങ്ങള്‍!

ഇനി അബദ്ധങ്ങളെ ഞാന്‍ പുഴുക്കള്‍ക്കും ചിതലുകള്‍ക്കും കൊടുക്കുന്നു – കൂണുകള്‍ക്കും!

ഞാനറിഞ്ഞു, ദൈവം എന്നെ അല്പ്പത്തില്‍ക്കൂടിയാണ് നടത്തിയത്.  ആ നടപ്പില്‍ പല തൂവലുകളും കൊഴിഞ്ഞു വീണു.  ഞാന്‍ ഒന്നുമല്ല. ആരുമല്ല. എന്റെ പൊക്കം നന്നേ കുറഞ്ഞിരിക്കുന്നു.

ഇപ്പോള്‍ എന്നിലെ എന്നെ  ഞാന്‍ അറിഞ്ഞു തുടങ്ങി. ഇന്ന് ഞാന്‍ സ്വതന്ത്രനാണ്. യേശുവില്‍ സ്വതന്ത്രനായിരിക്കുന്നു.

ഈ സ്വാതന്ത്ര്യം ആര്‍ക്കും ഇനി  ഞാന്‍ അടിമ വെയ്ക്കില്ല. അത് ദൈവത്തിനുള്ളതാണ്. അത് ദൈവത്തിനു കൊടുക്കും.

നോക്കൂ തിരിച്ചറിവിന്റെ നഷ്ടപ്പെട്ട ഉറവ. ഇതാ, എനിക്ക് വീണ്ടും തുറന്നു കിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യം എന്നിലേക്ക്‌ ഒഴുകി ഇറങ്ങുന്നു. ഇനി ചാലുകള്‍ കീറണം - ശാന്തമായി കിടന്ന എന്റെ മനസ്സ് വീണ്ടും  ആത്മാവില്‍ ചലിച്ചു തുടങ്ങി. ഞാന്‍ അറിയുന്നു. ചലനം തിരകളായി മാറുന്നു. ഒന്നിന് പിറകെ ഒന്നായി തിരകള്‍! പിന്നെ അതില്‍ ഒന്ന് ചേര്‍ന്ന് ഓളമായി, നുരയായി പിന്നെ തണുപ്പായി മൌനമായി യേശുവില്‍ ലയിച്ചു.

ഇപ്പോള്‍  ഞാന്‍ സന്തോഷിക്കുന്നു. എന്റെ സന്തോഷം ചക്രവാളം വരെ എത്തിയിരിക്കുന്നു.

പറയട്ടെ, ഈ സന്തോഷം നാളെ ഇതിലും കൂടുതല്‍ ആവാം. കാരണം, നാളെ മറ്റൊരു ദിവസമാണല്ലോ!

ഇവിടെ നന്മകള്‍ പെയ്തിറങ്ങണം. ഈ പെയ്ത്തില്‍, കുളിരില്‍ എനിക്ക് ലയിക്കണം, അലിയണം. ഞാന്‍ പ്രാര്‍ഥിക്കുന്നു.

ഭാരതീയനായ എനിക്ക് ഒരു യഥാര്‍ത്ഥ ഹിന്ദുവായി ജീവിക്കാനും, അതിനാല്‍ തന്നെ  ക്രിസ്തുവില്‍ ജീവിക്കാനും കഴിയുമല്ലോ?

മാത്രമല്ല, മതങ്ങള്‍ക്ക് കപ്പം കൊടുക്കേണ്ടതുമില്ല. അവര്‍ക്ക് പട്ടിണിയുടെ നാളുകള്‍!  വരും! വരട്ടെ! വരണം!

1 comment:

  1. തോമസ്‌ പെരുംപള്ളിൽ .
    തത്വ ചിന്താപരമായ ഇത്തരം ലേഖനങ്ങൽആണ് ഇന്നിന്റെ ആവശ്യം . വ്യക്തിയെ ഉയർച്ചയിലേക്ക് നയിക്കുന്നതും ഇതു തന്നെ.
    ഒരു ഭാരതിയ ക്രിസ്തിയാനി ആയി ജീവിക്കാനാണ് എനിക്കിഷ്ടം . ഉപനിഷത്തും പുതിയ നിയമവും അനുസരിച്ച്.

    ReplyDelete