Translate

Thursday, June 20, 2013

ഒരു പറ നെല്ലും, ഒരോലക്കുടയും

ഒരിക്കല്‍ ഒരു യുവാവ് ഡോക്ടറെ സമീപിച്ചു ദീര്‍ഘായുസ്സിനു കുറുക്കു വഴിയെന്തെങ്കിലും ഉണ്ടോയെന്ന് അന്വേഷിച്ചു. ഉടന്‍ വന്നു ഡോക്ടറുടെ മറുപടി, “കല്യാണം കഴിച്ചാല്‍ മതി.” മറുപടി കേട്ട് ആശ്ചര്യപ്പെട്ടു നിന്ന ചെറുപ്പക്കാരനോട്‌  ഡോക്ടര്‍ തുടര്‍ന്നു പറഞ്ഞു, “ഒരു കല്യാണം കഴിയുമ്പോഴേ ഇത്തരം ചിന്തകള്‍ മാറിക്കോളും!” നിത്യരക്ഷ തേടി  അലയുന്നവര്‍ മിക്കവാറും ഈ കഥയിലെ യുവാവിനെപ്പോലെ അത്തരം ചിന്തകളില്‍ നിന്ന് മുക്തമാവുന്ന കാഴ്ചയാണ് ഇന്നിന്‍റെ പ്രത്യേകത. സ്വന്തം ഉള്ളില്‍ കണ്ടെത്തേണ്ട ഈശ്വരനെ തേടി കാടും പടലും കടന്ന്, കല്ലും മുള്ളും ചവിട്ടി, വീടും നാടും വിട്ടു നടന്നുശീലിക്കുകയെന്നതാണ് ഇന്നത്തെ ആദ്ധ്യാത്മികതയുടെ  കാതല്‍. ജീവിതം  മുഴുവന്‍ ഈശ്വരനിലേക്കുള്ള പാത അന്വേഷിച്ചു നാം അലയുന്നു, ചുരുക്കം ചിലര്‍ വിഡ്ഢിത്വം മനസ്സിലാക്കി തുടങ്ങിയിടത്തേക്ക് മടങ്ങിയെങ്കിലായി.

ഈ അടുത്ത ദിവസം, സ്വാമി സച്ചിദാനന്ദ ഭാരതിയെ കണ്ടപ്പോള്‍ അദ്ദേഹം എനിക്ക് കുറെ പുസ്തകങ്ങള്‍ സമ്മാനിച്ചു. അദ്ദേഹവും വര്‍ഷങ്ങളോളം മാര്‍ഗ്ഗം അന്വേഷിച്ചു നിരവധി അനുഭവങ്ങളിലൂടെ കടന്നു പോയ ഒരു സാത്വികനാണ്. ഒരു യാഥാസ്ഥിതിക കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവെങ്കിലും ഇന്നദ്ദേഹം സഭയില്ലാത്ത ഒരു ക്രിസ്തുമാര്ഗ്ഗമാണ് സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ Kingdom of God എന്ന  ഗ്രന്ഥത്തില്‍  പറഞ്ഞിരിക്കുന്നു, ദൈവേഷ്ടത്തിനു  മുമ്പില്‍ പൂര്‍ണ്ണ മനസ്സോടെയുള്ള കീഴടങ്ങല്‍ എന്നാണു ഇസ്ലാം എന്ന പദത്തിന്‍റെ അര്‍ത്ഥമെന്ന്. പക്ഷേ, ഇന്ന് ആ അര്‍ത്ഥത്തിലല്ല ആ മതം ആയിരിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്ന് പറയുന്നു. ക്രിസ്തു മതം  എന്നാല്‍ സ്വയം സമര്‍പ്പിക്കുന്ന സ്നേഹത്തിന്‍റെ മതമാണെന്ന് അദ്ദേഹം പറയുന്നു. പാവപ്പെട്ടവന്‍റെയും അവഗണിക്കപ്പെട്ടവന്‍റെയും ആലംബമായിരുന്നു ക്രിസ്ത്യന്‍ മിഷനറിമാരെന്നും അദ്ദേഹം പറയുന്നു. നിസ്വാര്‍ത്ഥമായ സമര്‍പ്പണത്തിന്‍റെ ശീലുകള്‍ ഇന്ന് ക്രിസ്ത്യന്‍ സമൂഹത്തിനു അന്യമാണെന്നും അദ്ദേഹം സമ്മതിക്കുന്നു. ശിക്ഷ്യത്വത്തിനാണ് സിഖ് മതത്തില്‍ സ്ഥാനം. കഠിനാദ്ധ്വാനം ചെയ്യുകയെന്നതും, വിശാല മനസ്കതയോടെ ദാനം ചെയ്യുകയെന്നതും ആ മതത്തിന്‍റെ മുഖ മുദ്രകള്‍. എല്ലാ ഗുരുദ്വാരകള്‍ക്കൊപ്പവും സൌജന്യ ഭക്ഷണ വിതരണവും ഉണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി ത്യജിക്കുകയെന്നത് ഹൈന്ദവനും മോക്ഷമാര്ഗ്ഗമാണ്. എല്ലാ സുഖങ്ങളും ഉപേക്ഷിച്ചു ഭിക്ഷുവായി ഗൌതമ ബുദ്ധന്‍. ബുദ്ധമതത്തിന്‍റെ കാതല്‍ കരുണയാണ്. ജൈനിസമാകട്ടെ  അഹിംസയുടെ മതമാണ്‌.

എല്ലാ മതങ്ങളും ഒരൊറ്റ സത്യത്തിനു ചുറ്റും കറങ്ങുന്നുവെന്ന പരമമായ സത്യം ഏറ്റവും കൂടുതല്‍ മറച്ചുവെച്ചത് ക്രിസ്ത്യാനികള്‍ ആണെന്നാണ്‌ എനിക്ക് തോന്നുന്നത്. വിശ്വാസികള്‍ സഭയെന്ന പ്രസ്ഥാനത്തിനു ചുറ്റും കറങ്ങിയാല്‍ മതിയെന്നാണ് അധികാരികളുടെ മതം. ലാളിത്യത്തില്‍ നിന്ന് ആര്ഭാടത്തിലേക്ക് വഴുതിവീണ സഭയുടെ ഈ മനോഭാവമാണ് പാശ്ചാത്യ സഭാസമൂഹങ്ങളുടെ ക്ഷയത്തിനു കാരണം എന്ന് ഞാന്‍ കരുതുന്നു. പള്ളികള്‍ അവിടെ ശൂന്യമായെങ്കിലും, ഈശ്വരനെ പ്രാപിക്കാനുള്ള മനുഷ്യന്‍റെ ആവേശത്തിന് ഒരു കുറവും വന്നതായി എനിക്ക് തോന്നുന്നില്ല. ശ്രീ ശ്രീ രവിശങ്കറിനും, മാതാ അമൃതാനന്ദമയിക്കുമൊക്കെ യൂറൊപ്യന്‍ രാജ്യങ്ങളില്‍ ലഭിക്കുന്ന സ്വീകരണവും ഭാരതത്തിന്‍റെ ആത്മാവിനെത്തേടിയുള്ള വിദേശികളുടെ കുത്തൊഴുക്കുമൊക്കെ സൂചിപ്പിക്കുന്നത് മറ്റെന്താണ്?

എവിടെയാണ് ഇന്നത്തെ കത്തോലിക്കാ സഭയെന്ന് അത് നടത്തുന്നവര്‍ക്ക് പോലും നിശ്ചയമുണ്ടോയെന്നു ഞാന്‍ സംശയിക്കുന്നു. ഇന്ത്യയിലെ ചാവുദോഷം അമേരിക്കയില്‍ ലഘുദോഷം; നാഗ്പ്പൂര്‍ രൂപതയ്ക്ക് താമരക്കുരിശ് അസ്വീകാര്യം, ചിക്കാഗോയില്‍ അത് ജീവനെക്കാള്‍ വിലയുള്ളത്. തമാശ ഇതുകൊണ്ടൊന്നും തീരുന്നില്ല. അല്ലേലൂജാ ധ്യാനങ്ങളുടെ പ്രതാപകാലത്ത് മുരിങ്ങൂരില്‍ നിര്‍ത്താത്ത ഫാസ്റ്റ് പാസ്സഞ്ചര്‍ ഇല്ലായിരുന്നു; ആള്‍ ബാഹുല്യം വര്‍ദ്ധിച്ചപ്പോള്‍ സര്‍ക്കാര്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ തന്നെ അവിടെ തുടങ്ങി. ഇന്ന് ആ സ്റ്റേഷനില്‍ ഒരു ട്രെയിനും നിര്‍ത്താറില്ലെന്നാണ് കേള്‍ക്കുന്നത്; ബസ്സുകാര്‍ക്ക് മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിനു മുമ്പില്‍ സ്ടോപ്പുമില്ല. പിന്നെ അട്ടപ്പാടിയായി വട്ടായിയായി; അവിടവും പൂട്ടി. അത് ആളു കുറഞ്ഞതുകൊണ്ടല്ല, നാട്ടുകാര്‍ ഇടപെട്ടതുകൊണ്ടാണെന്നു കേള്‍ക്കുന്നു.  കാഞ്ഞിരപ്പള്ളിയില്‍ മോണിക്കയെ പറ്റിച്ചെടുത്ത ഭൂമിയില്‍ ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം വിഭാവനം ചെയ്തെങ്കിലും അവിടെ ഒരു കല്ലുപോലും ഇടാന്‍ എന്നെങ്കിലും കഴിയുമോയെന്ന് സംശയം. ഹിന്ദു മുന്നണിയും ക്രിസ്ത്യന്‍ വിമതരും ഒരുപോലെ എതിര് നില്‍ക്കുന്നു.

മാറുന്ന കാലത്തിനു മാറുന്ന മുഖം, അതാണ്‌ പിതാക്കന്മാരുടെ ഇപ്പോഴത്തെ തന്ത്രം. ഒരിക്കല്‍ ഒരു വിരൂപയായ യുവതി ഒരപകടത്തില്‍ മരിച്ചു സ്വര്‍ഗ്ഗത്തിലെത്തി. ദൈവത്തോട് കേണപെക്ഷിച്ചപ്പോള്‍ നാല്‍പ്പതു വര്‍ഷങ്ങള്‍ക്കൂടി ലോകത്ത് ആരോഗ്യത്തോടെ ജീവിക്കാനുള്ള വരം കിട്ടി. തിരിച്ചു വന്നയുടന്‍  അവള്‍ വിശാലമായ സൌന്ദര്യവത്കരണ  പ്രക്രിയയാണ് ആദ്യം ചെയ്തത്. നാല്‍പ്പതു വര്ഷം ജീവിക്കേണ്ടതല്ലേയെന്നാണ് അവള്‍ ചിന്തിച്ചത്. പക്ഷേ, ക്ലിനിക്കില്‍ നിന്ന് പുറത്തിറങ്ങിയതേ  അവള്‍ വീണ്ടും വണ്ടിയിടിച്ചു മരണപ്പെട്ടു. സ്വര്‍ഗ്ഗത്തിലേക്ക് അവള്‍  കാലെടുത്തു വെച്ചപ്പോഴേ ദൈവത്തെ വാക്കുപാലിക്കാത്തവന്‍ എന്ന് വിളിച്ചധിക്ഷേപിച്ചു. ആളറിയാതെ പറ്റിപ്പോയതാണെന്നാണ് ദൈവം പറഞ്ഞത്. സഭയെ സംരക്ഷിച്ചുകൊള്ളാമെന്നു വാക്കു പറഞ്ഞ പരി.ആത്മാവ് സത്യമായും ആളിനെ തിരിച്ചറിയാനാവാതെ വിഷമിക്കുന്നുണ്ടാവുമിന്ന്. അടിക്കടിയാണ് സഭ മുഖം മാറിക്കൊണ്ടിരിക്കുന്നത്.
  
ബോബി ജോസ് കപ്പൂച്ചിന്‍ അച്ചന്‍റെ ധ്യാനങ്ങള്‍ക്ക് നാട്ടില്‍ പ്രിയം ഏറുന്നത് പിതാക്കന്മാര്‍ ശ്രദ്ധിച്ചു, ആകെ ശാന്തം, ആളുകള്‍ക്ക് അവരുടെ ഉള്ളിലേക്ക് നോക്കുമ്പോള്‍ ഒരു സുഖം. അദ്ദേഹം ഇടവകകളില്‍ വരുകയുമില്ല, വന്നാല്‍ പിതാക്കന്മാര്‍ ഇരുത്തിപ്പൊറുപ്പിക്കുകയില്ലായെന്നത് വേറൊരു കാര്യം. വഞ്ചനാക്കേസില്‍ പ്രതിസ്ഥാനത്തുള്ള മെത്രാന്‍ ഉത്ഘാടനം ചെയ്യുന്ന ധ്യാനമാണെങ്കിലും വട്ടായി റെഡി. ഇയ്യിടെ ചിക്കാഗോ കത്തിദ്രല്‍ പള്ളിയില്‍ വട്ടായിയുടെ ഒരു ധ്യാനം നടന്നു. രോഗശാന്തിയുമില്ല, വല്യ ബഹളങ്ങളുമില്ല, എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. ഈ വിശുദ്ധനായ വട്ടായിയെപ്പറ്റിയാണോ നാട് മുഴുവന്‍ വിശ്വാസികള്‍ അപവാദം പറയുന്നതെന്ന് അവര്‍ പരസ്പരം ചോദിക്കുകയും ചെയ്തു. അവര്‍ പിരിഞ്ഞത് ചിക്കാഗോയില്‍ ധ്യാനം എല്ലാ മാസവും വേണമെന്ന് തിരുമാനിച്ചാണ്. എന്ത് ചെയ്യാം? നാട്ടില്‍ ഒരു മുഖം കാട്ടില്‍ മറ്റൊരു മുഖം!

മാര്‍ കല്ലറങ്ങാട്ടെന്ന ദൈവശാസ്ത്രഞ്ജന്‍ (?) സ്വിസ്സ് മലയാളി കത്തോലിക്കരെ കാണാന്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ ഇതേ ദ്വൈമുഖത്തിന്‍റെ കാര്യം തന്നെയാണ് ഓര്‍മ്മ വന്നത്. നാട്ടില്‍ ഒരു വിശ്വാസിക്കും തന്നെ നേരിട്ട് കാണാന്‍ ഇതുപോലെ അവസരം നല്‍കാന്‍ മിനക്കെടാതിരുന്ന ആ പാവം മെത്രാന്, സ്വിസ്സില്‍ ചെന്ന് ‘എന്നെ കാണാന്‍ ആളുണ്ടോ?’ യെന്ന് ഇടവക തോറും അന്വേഷിക്കാന്‍ തീരുമാനിച്ചെങ്കില്‍ അതിനു പിന്നിലും എന്തോ ഗൂഡ ലക്ഷ്യമുണ്ടെന്നുറപ്പുണ്ട്. അനഭിമതനായി മാറിയ കാഞ്ഞിരപ്പള്ളി മെത്രാന്‍റെ പാതയല്ലാ അദ്ദേഹം തുടരുന്നതെങ്കില്, പിരിവെന്നോ, പ്രോക്കൂരാ ഹൌസെന്നോ പറയാന്‍ ഇടയില്ലതാനും.


നാട്ടില്‍ മെല്ലെ കെട്ടുകൊണ്ടിരിക്കുന്ന കത്തോലിക്കാ സഭക്ക് വിദേശത്താണ് ഇപ്പോള്‍ ഒരു തിളക്കം അനുഭവപ്പെടുന്നതെന്നു പറയാതിരിക്കാന്‍ ആവില്ല. അവിടെയാവട്ടെ ക്യാപ്പിറ്റെഷനെപ്പറ്റി ആരും ചോദിക്കില്ല,  മെത്രാന്‍റെ എണ്‍പത് ലക്ഷത്തിന്‍റെ ഓഡി കാറിനെപ്പറ്റി ആരും ചോദിക്കില്ല, മോണിക്കയുടെ ഭൂമി തിരിച്ചു കൊടുത്തോയെന്നും ആരും ചോദിക്കില്ല, ഞാറക്കലെ കന്യാസ്ത്രികള്‍ ശാന്തമായോ എന്നും ചോദിക്കില്ല, ഈയ്യിടെ താമരശ്ശേരിയില്‍ വിശ്വാസികള്‍ കൂട്ടപ്പരാതി പറഞ്ഞതെന്തിനാണെന്നും ചോദിക്കില്ല.  

പാവം മാര്‍പ്പാപ്പാ! എന്തെങ്കിലും ചെയ്‌താല്‍ അത് പരി.ആത്മാവിന്‍റെ പ്രചോദനത്തലാണെന്നു തോന്നത്തക്ക രീതിയിലായിരിക്കണം, പാവങ്ങളുടെ ചട്ടിയില്‍ ഒരിക്കലും കൈയ്യിട്ടു വാരരുത്, സഭ ഒരു സംഘടനയല്ല, പ്രവൃത്തി നന്നായാല്‍ എല്ലാവര്ക്കും രക്ഷയുണ്ട്, ഇങ്ങിനെ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം വാതോരാതെ പറയുന്നുണ്ട്. അത് റോമിലുള്ള ആരെയും ഉദ്ദേശിച്ചല്ലായെന്നു അവിടുള്ളവര്‍ തറപ്പിച്ചു പറയുന്നു; ഒബാമയെ ഉദ്ദേശിച്ചല്ലെന്നു അമേരിക്കയിലുള്ളവരും പറയുന്നു, കാക്കനാട്ടുകാരെ ഉദ്ദേശിച്ചാണെന്നു ഒരു മെത്രാനും ഇവിടെ അവകാശപ്പെട്ടുമില്ല. ഞാനൊരു മോഹം പറയട്ടെ, ഒരു പറ നെല്ലും, ഒരോലക്കുടയും തന്നാല്‍ ഞാന്‍ അതേറ്റോളാം. സമ്മതമാണോ?   

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. അരമനയിലെ ഭദ്രാസനങ്ങളുടെ ദൃഡത , ഇടവക ജനത്തിന്റെ വിധേയത്വം എന്നയൊരൊറ്റ വേരിന്റെ ബലമാണ്‌ . സ്വന്തം ഉള്ളിലേക്കു നോക്കുന്നവരും അതിനു പ്രേരിപ്പിക്കുന്നവരും , വിധേയത്വത്തിന്റെ ഇരുട്ടറ തല്ലിത്തകർത്തു സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് മനുഷ്യരെ നയിക്കാൻ കെൽപ്പുള്ളവരാണെന്ന് ഈ കൂട്ടർ നന്നായി തിരിച്ചറിയുന്നുണ്ടാവണം . "സഭയുടെ അടുത്ത സ്റ്റെപ്പ് പടുകുഴിയിലേക്കാണ്" എന്നൊക്കെ പറയാതെ പറയാൻ ശ്രമിക്കുന്ന ബോബി ജോസ് അച്ചനെ പോലുള്ളവരെ ഇവറ്റകൾക്കു ഭീതി മാത്രമല്ല , വെറുപ്പുമാണ് .

    പുതിയ കാലത്തിന്റെ സ്വർണ്ണകാളക്കുട്ടി 'കമ്പോളമാണ്' എന്നൊരു പരാമർശം കേട്ടിട്ടുണ്ട് . ലാഭം മാത്രമാണതിന്റെ ശ്രദ്ധ . കുറഞ്ഞ കൂലിയിൽ ലഭിക്കുന്ന അധികവേതനമാണ് ലാഭത്തിന്റെ അടിസ്ഥാനം . എങ്കിൽ , ചൂഷണമാണ് വിപണിയുടെ ആത്മാവ് എന്നത് ഞാൻ എടുത്തു പറയേണ്ട കാര്യമില്ലല്ലോ ? മനുഷ്യനെ എങ്ങനെ സിസ്റ്റെമാറ്റിക്ക് ആയി ചൂഷണം ചെയ്യാം എന്നു പറഞ്ഞാലത്, Master of Business Administration (MBA) എന്ന കോഴ്സ് ആണത്രേ !!!! അച്ചന്മാരൊക്കെ പോയി റാങ്കും മേടിച്ചു കൊണ്ടാണ് തിരിച്ചു വരുന്നത് . കുഞ്ഞാടുകൾക്ക്‌ നിത്യജീവൻ പകരാൻ MBA യിൽ റാങ്ക് ഉള്ളവർക്കേ കഴിയൂ എന്നാണ് പുതിയ ദൈവശാസ്ത്രം . എന്റെ കോളേജ് ചാപ്പലിൽ നിന്ന് പരി .മാതാവ് കോടികൾ കൊണ്ടുക്കൊടുത്ത വിചിത്രസംഭവം ഒരു ഞായറാഴ്ച പ്രസംഗത്തിൽ കേൾക്കാനിടവന്നു കുറച്ചു വർഷങ്ങൾക്കു മുമ്പ് . പിന്നീടൊരിക്കൽ ആ വഴിക്കു പോയതായി എനിക്കോർമ്മയില്ല . അതൊരു വിദ്യാഭ്യാസ സ്ഥാപനമാണോ അതോ 'ബ്ലേഡ് ബാങ്ക്' ആണോ എന്നൊക്കെയുള്ള കഠിനമായ പ്രതിസന്ധിയിലൂടെ കടന്നുപോയ നാളുകൾ ..ഒന്നും മറക്കാവതല്ല .

    നമുക്കറിയാം, ഏതൊരു കച്ചവടത്തിലും ഏറ്റവും കൂടുതൽ ലാഭം കൈപ്പറ്റുന്നത് ഇടനിലക്കാരാണ് . ഭക്തിയും വിശ്വാസവുമൊക്കെ അലങ്കാരമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് , ഇവിടെ ദൈവത്തിനും മനുഷ്യർക്കും ഇടനിലക്കാരൻ പുരോഹിതനാണ് . 'ഇടനില' എന്നത് ക്രിസ്തുവിന്റെ മരണത്തോടെ മുകളിൽ നിന്ന് പകുത്തു കീറിപ്പോയ തിരശീലയാണ് . 'മുകളിൽ നിന്ന് ' കീറിപ്പോയി എന്നത് വ്യംഗ്യവും എന്നാൽ ഉന്നതവുമായ ഒരിടപെടലിന്റെ സൂചനതന്നെ . പുരോഹിതൻ അതു വീണ്ടും തുന്നിച്ചേർക്കാനുള്ള ശ്രമങ്ങളിലാണ് .ഒന്നാം പ്രമാണത്തിൽ അവർക്ക് മാത്രം ചെറിയൊരു തിരുത്തുണ്ട് ; "പണമാണ് ദൈവം , പണമല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് " .

    ReplyDelete