Translate

Saturday, June 1, 2013

ഓപ്പണ്‍ കണ്ണന്‍ സ്റ്റാര്‍

(പ്രസിദ്ധ സാഹിത്യകാരനായ ‘മറിയമ്മ’ എഴുതിയ ഹൃദയസ്പര്‍ശിയായ ഒരു മുഴുവന്‍ കുമ്പസ്സാരത്തിന്‍റെ കഥ.)

നിങ്ങള്‍ ചോദിക്കുമായിരിക്കും  വൈദികര്‍ കുമ്പസ്സാരിക്കാറുണ്ടോ?
പ്രത്യേകിച്ച്, എന്നെപ്പോലെ ധ്യാനകേന്ദ്രം നടത്തുന്നവര്‍!
ഉണ്ട്. ഞങ്ങള്‍ ആരോടാണ് കുമ്പസാരിക്കുന്നതെന്ന് ചോദിച്ചാല്‍, ഉത്തരം വൈദികരോട് തന്നെ. അതാണ്‌ സത്യം.
എന്നാല്‍ എനിക്ക് കുമ്പസാരിക്കാനുള്ളത് നിങ്ങളോടാണ്‌.., വൈദികരോടല്ല. കാരണം, നിങ്ങളുടെ മുമ്പിലാണ് ഞാന്‍ തെറ്റ് ചെയ്തത്. ദൈവത്തിന്‍റെ മുമ്പില്‍ തെറ്റ് ചെയ്തു എന്നത് ശരി. എങ്കിലും എനിക്ക് നിങ്ങളോടാണ്‌ ഏറ്റു പറയുവാനുള്ളത്.
ആദ്യകുമ്പസ്സാരം ഞാന്‍ ഓര്‍ക്കുന്നു. ചക്കര കട്ട് തിന്നു എന്ന് പറഞ്ഞതാണ് അന്ന് പറഞ്ഞ ഏറ്റവും വലിയ പാപം.
പിന്നെ കുമ്പസാരിപ്പിച്ച  അച്ചന്‍ എന്നെ വഴക്ക് പറഞ്ഞു. കുറ്റപ്പെടുത്തി. കാര്യം നിസ്സാരം. ഞാന്‍ വല്യമ്മച്ചിയുടെ മുല കുടിച്ചു, അത്രേയുള്ളൂ. അത് വല്യമ്മച്ചി തന്നിട്ടാണ്.
അതൊരു പാപമാണോ?
നിങ്ങള്‍ പറയും, ഇതൊക്കെ പഴയ കാര്യങ്ങള്‍. എന്ന്. നിങ്ങള്‍ ചോദിക്കും, പഴയ പള്ളിയില്‍ നിന്നും ഒട്ടുപാല്‍ കട്ടില്ലേ?
കട്ടു മക്കളെ, കട്ടു.
ഇവിടെയാണ്‌  സാത്താന്‍ എന്നെ പറ്റിച്ചത്.
സാത്താന്‍ പറഞ്ഞു. “നീ കൈക്കാരനെ നിശ്ശബ്ദനാക്കണം. അവനെ മാറ്റിനിര്‍ത്തി നീ ഭരിക്കണം. മാത്രമല്ല, ഇനിയുള്ള തിരഞ്ഞെടുപ്പില്‍  കൈക്കാരന്‍. നിന്‍റെ കൈയ്യില്‍ ഒതുങ്ങുന്ന ഒരു മണക്കൂസായിരിക്കണം. മുട്ടക്കറി വാങ്ങി വല്ലപ്പോഴും അവനു കൊടുക്കണം.”  
സാത്താന്‍ തന്ത്രശാലിയാണ്‌..പിന്നെ അങ്ങിനെയൊക്കെയായിരുന്നു. കൈക്കാരനായി ഒരു മണക്കൂസിനെ തിരഞ്ഞെടുത്തു. ഷിറ്റും ഒട്ടുപാലും  ഞാന്‍ തന്നെ വിറ്റു. ആരും ചോദിച്ചില്ല. ചോദിക്കാന്‍ വരുന്നവനെ  ഒതുക്കാന്‍ എന്‍റെ നഖംവെട്ടിയെ ഞാന്‍  പുറകില്‍ നിര്‍ത്തി.
പിന്നെ സുവര്‍ണ്ണ കാലമായിരുന്നു.
കള്ളിന് കള്ള്, പണത്തിനു പണം, പെണ്ണിന് പെണ്ണ്.
ഷിറ്റും! ഒട്ടുപാലും! ലക്ഷങ്ങളുടെ തിരിമറി. അതൊരു മോഷണമാണെന്ന് എനിക്ക് തോന്നിയില്ല.
OCR ല്‍ നിന്ന് ജോണി വാക്കറിന്‍റെ ബ്ലാക്ക് ലേബലിലേക്ക്  ഞാന്‍ മാറി.
പിന്നെ, ചില പാടാത്ത പൈങ്കിളികള്‍, വഴിതെറ്റി വന്ന മാലാഖാമാര്‍, അവരുടെ ചൂടില്‍ ഞാനുറങ്ങി. അത് വ്യഭിചാരമായിരുന്നില്ല.
കാലം മുമ്പോട്ട്‌ പോയി.
ഒരിക്കല്‍ ഒരു കിളി പറഞ്ഞു, എന്നെ ചിലര്‍ ഉന്നം വെയ്ക്കുന്നു.
ഞാന്‍ കണ്ടു, ഉരുണ്ടു കൂടുന്ന ചില കറുത്ത മേഖങ്ങള്‍, പെയ്യാന്‍ തയ്യാറായി അവ നില്‍ക്കുന്നു.
നഖംവെട്ടിയെ ഞാന്‍ വിളിച്ചു. വെള്ളപ്പാണ്ടി, പതിര് തോമ്മാ.
ഞാന്‍ പറഞ്ഞു, ഓപ്പറേഷന്‍ 147!
പാണ്ടി തലകുലുക്കി.
തണുപ്പ് അരിച്ചരിച്ചിറങ്ങുന്ന ഒരു തണുത്ത രാത്രി. നഖം വെട്ടി നിലം ചേര്‍ന്ന് കമിഴ്ന്നു കിടന്നു. 
പെട്ടെന്ന് പള്ളിയുടെ മുഖവാരത്തില്‍ ഇരുന്ന ആരോ ഒരാള്‍ കൂവി, “വെല്യച്ചന്‍ എപ്പപ്പോം?” ഞടുങ്ങിപ്പോയി. രഹസ്യം ചോര്‍ന്നിരിക്കുന്നു.
ഞാന്‍ അലറി. ‘നിന്‍റെ അമ്മേകെട്ടിക്കാന്‍ നേരം’.
നഖംവെട്ടി എന്‍റെ വാ പൊത്തി.
“അതാ നാശം പിടിച്ച പക്ഷിയാ. കതിരുകാണാക്കിളി. വെല്യച്ചന്‍ എപ്പപ്പോം എന്നല്ല. ചക്കയ്ക്കുപ്പുണ്ടോ എന്നാണു ചോദിച്ചത്.”
“എങ്കില്‍, ഓപ്പണ്‍ കണ്ണന്‍ സ്റ്റാര്‍!!!”
ളോഹയൂരി, തലയില്‍ മുണ്ടിട്ടു കര്‍ത്താവിനെ പൊക്കി. ശേഷം ഉപ്പുചിരട്ട മുതല്‍ അരകല്ലുംപിള്ള വരെ ചുമന്നു.
തലയില്‍ മുണ്ടിട്ടിരുന്നതുകൊണ്ട് തന്നെ പൊക്കിയതാരാണെന്നു കര്‍ത്താവ് അറിഞ്ഞില്ല.
ശബരിപാതയുടെ ഓരത്തു താത്തു വെച്ചപ്പോള്‍ കര്‍ത്താവ്‌ അറിഞ്ഞു. പിന്നെ പിടിവിടുവിച്ച് ഒരോട്ടമായിരുന്നു. ചെമ്പകത്തുങ്കല്‍ പാലം കടന്ന് നേരെ തെക്കോട്ട്‌.
പിടികിട്ടിയില്ല. കര്‍ത്താവ് എവിടെക്കാണ്‌ പോയത്?
പാണ്ടി കൈമലര്‍ത്തി.
ആമക്കുന്നേല്‍ വെച്ച് ചിലര്‍ കര്‍ത്താവിനെ കണ്ടു. പുലര്‍ച്ചെ പാലും കൊണ്ട് പോയ സ്ത്രീകളാണ്  കണ്ടത്. കര്ത്താവ് പറഞ്ഞു, “വെല്യച്ചന്‍ പുറകിലുണ്ട്. കിട്ടിയാല്‍ അവനെന്നെ വീണ്ടും കുരിശില്‍ തറയ്ക്കും. പോട്ടെ, കരിമ്പിന്‍ കാലായില്‍ വെച്ച് കാണാം.”
മക്കളെ ഞാന്‍ മടുത്തു. റബര്‍ തോട്ടത്തിലെ പടലിലെ ഈ കിടപ്പ് എന്നെ തളര്ത്തിയിരിക്കുന്നു. പണ്ട് ഇങ്ങിനെയല്ലായിരുന്നു. പന്നിയെലിയെ പിടിക്കാന്‍ ചാക്കും പാരയുമായി എത്ര തവണ  ഞാന്‍ പടലില്‍ കിടന്നിട്ടുണ്ട്. ഇനി വയ്യാ. അതുകൊണ്ടാണ് ഒരു പള്ളി കിട്ടിയാല്‍ കൊള്ളാമെന്നു ആഗ്രഹിച്ചത്‌. തന്നെ.
മെത്രാന്‍ പള്ളി തന്നു. പഴയ ഒരു ധ്യാനകേന്ദ്രത്തില്‍.
പക്ഷെ അവിടുത്തുകാര്‍ പറഞ്ഞു, ‘ഈ സാധനത്തിനെ ഞങ്ങള്‍ക്ക് വേണ്ട.’
ഇടവക ഭരണമില്ലാതെ പടലിലേയ്ക്ക് വീണ്ടും  ഞാന്‍ കയറി.
എന്‍റെ മനസ്സ് വല്ലാതായിരിക്കുന്നു.
ഞാന്‍ ഓര്‍ത്തു, ആര്‍ക്കും വേണ്ട. ചാത്തന്ത്രക്കാര്‍ക്ക് വേണ്ട, കണ്ണിമലക്കാര്‍ക്കും വേണ്ട. പൊരിയന്‍ മലക്കാര്‍, അവര്‍ക്കും വേണ്ട.
ഇതെന്നെ ചിന്തിപ്പിച്ചു. മെത്രാന്‍ കല്‍പ്പന വീണ്ടും വീണ്ടും നല്‍കിയിട്ടും ജനം വഴങ്ങുന്നില്ല. എന്ത് കൊണ്ട്?
കര്‍ത്താവിനേക്കാള്‍ ഞാന്‍. വലിയവനാകുകയായിരുന്നു. ഇവിടെയാണ്‌ തെറ്റ് പിണഞ്ഞത്.
തളര്‍വാത രോഗിയെ കര്‍ത്താവ് എണില്‍പ്പിച്ചു, മുടന്തനെ നടത്തി. അന്ധന് കാഴ്ച കൊടുത്തു. മരിച്ചവനെ ഉയര്പ്പിച്ചു. പക്ഷെ കുട്ടികളില്ലാത്തവര്‍ക്ക് കുട്ടികളെ കൊടുക്കാന്‍ കര്‍ത്താവിനു കഴിഞ്ഞില്ല. 89 കുട്ടികളെ  ഞാന്‍ കൊടുത്തു.
ചനപ്പൊടി! കളിപ്പീരാണെന്ന് ചിലര്‍ പറഞ്ഞു. കുതിരച്ചാണകവും സാമ്പ്രാണിത്തിരിയും കൂട്ടിക്കുഴച്ചതാണത്രേ. ആവട്ടെ. ഇത് കഴിച്ച 141 പേര്‍ ഇന്ന് നിരീക്ഷണത്തിലാണ്.
കുട്ടികളില്ലാത്ത സ്ത്രീകള്‍ മാത്രമല്ല പള്ളി മുറ്റത്തുനിന്ന പുല്ലു തിന്ന മച്ചിപ്പശുക്കള്‍ വരെ പ്രസവിച്ചു. അവ മൂരിയെ അറിഞ്ഞില്ലാ എന്നതാണ് സത്യം.
ഇതെന്നെ അഹങ്കാരത്തിന്‍റെ കൊടുമുടിയിലേക്ക് നടത്തി, വചനം പറയുന്നു. “ഞാന്‍ ചെയ്തതിലും വലിയ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യും.” ഈ  വചനത്തില്‍ ഞാന്‍ വിശ്വസിച്ചു. ഇതായിരുന്നു എനിക്ക് പറ്റിയ പിഴ. ഞാന്‍ മനസ്സിലാക്കി, ഞാന്‍ പാപിയാണ്. കൊടും പാപി.
കര്‍ത്താവിന്‍റെ സമീപം തൂങ്ങിക്കിടന്ന നല്ല കള്ളനെപ്പോലെ കര്‍ത്താവേ നീ എന്നെ കാക്കണമേയെന്നു ഞാന്‍ പ്രാര്‍ഥിച്ചു. അപ്പോള്‍ ഒരു സംശയം. കള്ളന്മാര്‍ എല്ലാം കള്ളന്മാരല്ലേ. അതില്‍ നല്ല കള്ളനുണ്ടോ? സ്വര്‍ണ്ണവും ഡോളറും കട്ടവന്‍ നല്ല കള്ളന്‍. പിന്നെ വാഴക്കുല കട്ടവന്‍ മോശം കള്ളന്‍.
അങ്ങിനെയൊന്നുണ്ടോ? പറയൂ കര്‍ത്താവേ. ഇവിടെ എനിക്ക് കുമ്പസ്സാരം വഴിമുട്ടുന്നു. എന്നോടൊപ്പം കട്ടവര്‍ വേറെയുണ്ട്. ഒരു പറമ്പു തന്നെ കട്ട മണികെട്ടിയവര്‍ ഉണ്ടിവിടെ.
പറയട്ടെ. നല്ല കള്ളന്‍ കട്ടതൊന്നും തിരിച്ചു കൊടുത്തിട്ടില്ല. തിരിച്ചു കൊടുക്കണമെന്ന് കര്ത്താവ് പറഞ്ഞുമില്ല. അപ്പോള്‍ ഞങ്ങള്‍ കട്ടതും തിരിച്ചു കൊടുക്കാന്‍ ഇടയാക്കാതെ ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവില്‍ പ്രായശ്ചിത്തം ഒതുക്കി, ഞങ്ങളെയും സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകണമെന്ന് അപേക്ഷിക്കുന്നു കര്‍ത്താവേ  ഞാന്‍. അപേക്ഷിക്കുന്നു. എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ.

ആമ്മേന്‍.      

No comments:

Post a Comment