Translate

Tuesday, May 7, 2013

ചുമ്മായിരിക്കുക, ധ്യാനത്തിലാവുക!


ധ്യാനത്തിന്റെ മറ്റൊരു പോസ്റ്റ്‌ ആയി ഇടണമെന്ന് സുഹൃത്തുക്കൾ ആഗ്രഹം പ്രകടിപ്പിച്ചതുകൊണ്ട് അങ്ങനെ ചെയ്യുന്നു. വളരെയധികം പേരെ ആകര്ഷിക്കുന്ന വിഷയമായി മാറിയിരിക്കുന്നു ധ്യാനം. 

ചെയ്യാനാവാത്ത കാര്യങ്ങളെക്കുറിച്ച് പറഞ്ഞു പറഞ്ഞ് സ്വയം മറക്കുകയാണ് മനുഷ്യർ മിക്കപ്പോഴും ചെയ്യുന്നത്. അവക്ക് മുന്നിൽ പറച്ചിലിന്റെ ഒരു മല വന്നുപൊങ്ങി ഇരുവരെയും മറയ്ക്കുംവരെ ഓരോന്ന് പറഞ്ഞിരിക്കുന്നവരുണ്ട്. ചില ധ്യാനപ്രസംഗകർ പോലും അങ്ങനെയുണ്ട്. കേട്ടിരിക്കാൻ നല്ല രസം, പക്ഷേ, എല്ലാം കഴിയുമ്പോൾ, സൂക്ഷിക്കാൻ കൊള്ളാവുന്നതൊന്നും ബാക്കിയുണ്ടാവില്ല. ഇങ്ങനെ ലോകത്തിന്റെ മാലിന്യങ്ങളെല്ലാം പങ്കുവയ്ക്കുന്ന മാദ്ധ്യമങ്ങളും റ്റി.വി.യും റേഡിയോയും സമയത്ത് കിടന്നൊന്ന്  ഉറങ്ങാൻ പോലും മനുഷ്യരെ സമ്മതിക്കുകയില്ല. ചവറ്റുകൊട്ട ചികയുന്നതല്ലാതെ മറ്റൊന്നിനും നേരമില്ലാത്തവരായി മാറിയിരിക്കുന്നു മനുഷ്യർ. 

അതിനു പകരം, കുറേ നേരം ചുമ്മായിരിക്കാൻ പറഞ്ഞാൽ ആർക്കാണ് പുരികം ഉയരാത്തത്. എന്നാൽ, ചുമ്മായിരിക്കുകയും ചുമ്മായിരുന്ന് ചുറ്റും നോക്കി എത്ര ചെറുതിനെയും വലുതിനെയും കൌതുകത്തോടെ കാണാനുമാണ് നാം ശീലിക്കേണ്ടത്‌, ആദ്ധ്യാത്മീയതയും ഭൌതികതയും തമ്മിലുള്ള വ്യത്യാസം ആ വാക്കുകളിൽ മാത്രമാണെന്ന് അറിയുംവരെ. അപ്പോൾ ആത്മീയവാദികളും ഭൌതികവാദികളും ഇല്ലാതാകും. വിശ്വാസങ്ങൾ തമ്മിൽ സംഘർഷം അനാവശ്യമാകും. ക്യാരിസ്മാറ്റിക്കുകാരുടെ കച്ചവടം ആർക്കും വേണ്ടെന്നു വരും.


സർവ്വ ചരാചരങ്ങളും അവയുടേതായ ധ്യാനാവസ്ഥയിലാണ് കഴിയുന്നത്‌.  വളരുന്തോറും സഹജമായ അങ്ങനെയൊരു ബോധം നഷ്ടപ്പെടുന്ന ഒരേയൊരു വസ്തു മനുഷ്യനാണ്. അതുകൊണ്ട്, സ്വാഭാവികമായ ധ്യാനമില്ലാത്ത ഒരേയൊരു ജീവി മനുഷ്യനാണ്. അതുകൊണ്ടാണ് നമ്മൾ മനഃപ്പൂർവം ധ്യാനിക്കാൻ പഠിക്കേണ്ടിവരുന്നത്.

പ്രകൃതിയെ വെട്ടിയും കീറിയും വിഷം കൊടുത്തും നശിപ്പിച്ചിട്ട് വയറു നിറയ്ക്കുന്ന ഒരേയൊരു ജീവിയും മനുഷ്യനാണ്. ലോകമാലിന്യങ്ങൾ തന്നെ അയവിറക്കിക്കൊണ്ടിരിക്കുന്ന മനസ്സുകൾ അടിക്കടി വിഷലിപ്തമാകുന്നതുപോലെ വിഷമടിഞ്ഞ ഭക്ഷണം ശരീരത്തെയും നശിപ്പിക്കുന്നു എന്നതാണ് ഇപ്പോൾ നമ്മുടെ നാട്ടിലെ പ്രശ്നം. ഉപവാസം, മാനസിക തലത്തിലും ശാരീരിക തലത്തിലും, ധ്യാനത്തിന് ഒരുപാധിയാകേണ്ടത് എന്നത്തേക്കാളും ഇന്നാണ്. അനാവശ്യ ചുമടുകൾ ഇറക്കിവയ്ക്കുക എന്നതാണ് ഉപവാസത്തിന്റെ അർത്ഥം. നിത്യേന വിഴുപ്പലക്കുന്നവരും വിഴുപ്പു ചുമക്കുന്നവരും ധ്യാനിക്കാൻ പഠിക്കുകയില്ല. ശരീരത്തിനും ആത്മാവിനും കൊള്ളരുതാത്ത അറിവും ആഹാരവും ആശയങ്ങളും ആഗ്രഹങ്ങളും സമ്പാദ്യങ്ങളുടെ പട്ടികയും മനസ്സിൽ കുത്തിനിറച്ചുകൊണ്ട് നടക്കുകയാണ് ആധുനിക സമൂഹത്തിലെ മിടുക്കന്മാർ. അവർക്ക് ജീവാത്മാവും പരമാത്മാവും മനസ്സിന്റെ ഉപരിതലത്തിൽ മാത്രം നിഴൽ പരത്തുന്ന വിഭ്രാന്തികൾ മാത്രമായി ഒതുങ്ങിപ്പോകുന്നതിൽ എന്തുണ്ട് വിസ്മയിക്കാൻ?


ഇന്നത്തെ ആധുനിക വിദ്യകളെല്ലാം മനുഷ്യനെ മനുഷ്യനല്ലാതാക്കിത്തീർക്കുന്നു എന്നത് ഒരു സത്യമാണ്. സ്വന്തം ആകൃതിയിലും കാഴ്ചയിലും തൃപ്തിവരാതെ, ഇല്ലാത്ത 'മോടി'യുണ്ടാക്കാൻ വേണ്ടി സമയവും ശരീരവും പാഴാക്കുന്ന ഏക ജീവിയും മനുഷ്യൻ തന്നെ. മനുഷ്യജന്മം എന്തോ പവിത്രവും അനന്യവുമായ അവസ്ഥയായി ചിത്രീകരിക്കുന്നതിലൂടെ അതിന്റെ സ്വാഭാവികതയും പ്രകൃതിയോടുള്ള അഭേദ്യ ബന്ധവും നിരാകരിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ, അങ്ങനെയല്ല, മറ്റേത് അസ്തിത്വവും പോലെയേ ഉള്ളൂ നമ്മുടേതും എന്നംഗീകരിക്കാനുള്ള എളിമ കൈവരുന്നത് ധ്യാനത്തിലൂടെയാണ്. സ്വന്തം പ്രകൃതത്തിലേയ്ക്ക് തിരിച്ചെത്തുന്നതാണ് ധ്യാനം.

ജിവിതം അതിസങ്കീർണ്ണമായ ഒരു കീറാമുട്ടിയല്ല, നിഷ്ക്കളങ്കമായ ഒരു പാറിക്കളിക്കലാവണം. മനസ്സിൽ ശേഖരിച്ചിട്ടുള്ള അറിവുകൾക്കപ്പുറത്തെത്തിയാലേ ഈ നിഷ്ക്കളങ്കതയിൽ എത്താനാവൂ. വെറുതേ കുറേനേരം ചുമ്മായിരുന്നു ശീലിക്കണം. സുഖം, സ്നേഹം, സ്വസ്ഥത, ആനന്ദം ഒക്കെ അപ്പോൾ സാദ്ധ്യമായിത്തീരും. മൌനമായി ഇരുന്ന്, കാണുന്നതിനെ അലിവോടെ, സ്നേഹത്തോടെ നോക്കുക. ഒരു തരത്തിലുള്ള വിധിയും നടത്തരുത്. എല്ലാറ്റിനും അതിന്റേതായ ഊര്ജ്ജമുണ്ട്. അത് നമ്മിൽ അലിഞ്ഞു ചേരാനനുവദിക്കുക. ഉറക്കത്തിലും വിശപ്പിലും ചുറ്റുപാടിൽ നിന്ന് ആരോഗ്യദായകമായ ഊര്ജ്ജം സ്വീകരിക്കാം. പ്രപഞ്ചത്തിനു പൊതുവായ ഒരു ലയം ഉള്ളതുകൊണ്ടാണത്. ആ ലയത്തിൽ നിന്ന് സ്വയം പിന്മാറിനിന്നാൽ നമ്മെ സഹായിക്കാൻ പ്രകൃതിക്ക് സാദ്ധ്യമല്ലാതായിത്തീരും. എന്നാൽ ആ ലയത്തിലേയ്ക്ക് തിരികെച്ചെന്നാൽ, ജാതിമതലിംഗഭേദങ്ങളില്ല, ഭൂതഭാവിചിന്തകളില്ല, ആകാംക്ഷകളില്ല. എല്ലാ ജീവികളും നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന 'സ്വാതന്ത്ര്യം ഇപ്പോൾ, ഇവിടെ' എന്നയവസ്ഥയിലായിത്തീരും നമ്മൾ.

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ചുമ്മായിരിക്കുക എന്നതിലും അർത്ഥവത്താണ് 'ചുമ്മാതെ'യിരിക്കുക എന്നാക്കിയാൽ. ചുമ്മുക എന്ന് വച്ചാൽ ചുമക്കുക. ഏറ്റവും വലിയ ചുമട് സ്വന്തം ഭാരമാണ്. ഈ ഭാരം എഴുത്തുകാരിൽ പലര്ക്കും ഇല്ലേ എന്നൊരു സംശയം ഉണ്ടാകാറുണ്ട്. ധ്യാനത്തിന് ഏറ്റവും വിഘാതമുണ്ടാക്കുന്നതും ഈ ഭാരമാണ്. അത് മാറിക്കിട്ടിയാൽ ധ്യാനമെന്നല്ല, എല്ലാം തന്നെ സുഗമമാകും. ജീവിതം ലാഘവമായ ഒരു പാറിക്കളിയാകാൻ ഞാനെന്ന ഭാരം എടുത്തു മാറ്റിയാൽ മാത്രം മതി.

    ReplyDelete
  4. ചുമ്മായിരുന്ന് ധ്യാനിച്ചാൽ പൊട്ടകണ്ണന്റെ മാവേലേറുപോലെ ലക്ഷ്യസ്ഥാനത്ത് എത്തുമോ? അറിവിൽ പാമരനായ ബിഷപ്പ് ശ്രീ അറക്കൻ അഷ്ടാംഗ ധ്യാനമനുഷ്ടിക്കുന്നതിന് തുല്യമായിരിക്കും. കഠിനമായ ശ്രമത്തിൽകൂടി പടികൾ കയറി എട്ടാംതട്ടിലെത്തുമ്പോഴാണ് അഷ്ടാംഗധ്യാനത്തിന്റെ രാജയോഗ കിരീടാവകാശിയാവുക. യേശുവും രാജയോഗ മന്നനായിരുന്നു. സാഗാകളും മുനികളും പ്രവാചകരും ജ്ഞാനം പൂർത്തിയായ രാജയോഗ കിരീടമണിഞ്ഞവരാണ്.

    പരിപൂർണ്ണമായും സ്വാർഥത കൈവെടിയുമ്പോഴാണ് ഒരുവൻ ജ്ഞാനിയാകുന്നത്. സൃഷ്ടികർമ്മങ്ങളിൽ മനുഷ്യനുമാത്രം വിവേകവും ബോധവും നല്കി. ബോധമാണ്‌ ധ്യാനത്തിന്റെ ആദിപടിയിൽ വേണ്ടത്. നേടിയ അറിവുകളെല്ലാം വിവേകിയുടെ ഉപബോധമനസാകുന്ന നിഘണ്ടുവിൽ നിന്നും പരാമർശിക്കണം.

    എന്റെ ഉപബോധമനസ് ഞാൻ അറിയാതെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നീ എന്റെ കണ്മുമ്പിലുണ്ടെന്ന് ബോധമനസും ഉപബോധ മനസിന്റെ പട്ടികയും എന്നോട് പറയും. എന്നാൽ എന്റെയുള്ളിലെ നൂറായിരം വിസ്മയങ്ങളായ അനുഭൂതികളുടെ ജീവരഹസ്യം ബോധമനസിന്‌ ലഭിക്കുകയില്ല. ഞാൻ ആരെന്ന ചോദ്യത്തിനും ഉത്തരമില്ല. എന്റെ ബോധമനസിലെ ജീവാവയങ്ങളുടെ പ്രവർത്തനങ്ങളും തലച്ചോറിന്റെ ഊർജവും കൊച്ചുകള്ളനായ ഉപബോധമനസ്
    ഒളിച്ചുവെച്ചിരിക്കുകയാണ്. ഒരു വിവേകിക്കും നക്ഷത്രങ്ങൾക്കുമപ്പുറം പാഞ്ഞുപോവുന്ന ജ്ഞാനത്തിന്റെ ഉള്ളറ കണ്ടുപിടിക്കുവാൻ സാധിക്കുകയില്ല. ഉപബോധ മനസെന്ന വിസ്മയ പ്രതിബിംബം ബോധമനസ്സിന്റെ രഹസ്യസൂക്ഷിപ്പുകാരനാണ്.

    ഭക്ഷണം കഴിക്കുമ്പോളത് ബോധമനസ്സാണ്. ഭക്ഷണം ദഹിക്കുന്നത് അബോധമായും. പിന്നീട് രക്തമായി മാറുന്നതും അബോധ മനസ്സിൽനിന്നാണ്. രക്തം ശരീരത്തിന് പുഷ്ടി നല്കുന്നതും അബോധമനസ്സാണ്. എന്നിട്ടും ഞാൻ എന്ന വ്യക്തിയിലാണ് ഈ ക്രിയകൾ നടക്കുന്നത്. ഒരേ ശരീരത്തിൽ അനേക മനുഷ്യരുണ്ടാവുകയില്ല. ഞാനാണിതെല്ലാം ചെയ്യുന്നതെന്ന് ഞാനെങ്ങനെ അറിയും? ആ പരമരഹസ്യം ആർക്കുമറിയത്തില്ല? എന്റെ ജോലി ഭക്ഷണം കഴിക്കുകയെന്നത് ഞാൻ അറിയുന്നു. ഭക്ഷണംകൊണ്ട് എന്റെ ശരീരത്തെ പരിപാലിച്ച്, രോഗവിമുക്തമാക്കുന്നതിന് മറ്റാരോ തൊഴിലാളികളവിടെ പ്രവർത്തിക്കുന്നുണ്ട്.

    ന്യൂട്ടന്റെ മൂന്നാംതത്ത്വം ദൈവശിൽപ്പി ഇവിടെ നടപ്പിലാക്കുകയാണ്. "For every action there is an equal and opposite reaction." ഞാൻ ഭക്ഷണം കഴിക്കുന്നു. മറ്റാരോ അതിന്റെ പ്രതിഫലനമെന്നോണം ദഹനക്രിയയിൽക്കൂടി എന്നെ ബലവാനാക്കുന്നു. എന്റെ മനസിന്‌ ഉന്മേഷവും ഉണർവും നേടുന്നു. വിവേകവും അവിവേകവും രണ്ടു തട്ടുകളിലായി കോലാഹലങ്ങളുമായി അങ്കവും കുറിക്കും. സൃഷ്ടാവായ കാമുകനും കാമുകിയായ പ്രകൃതിയും കൈകോർത്ത് ചിരിക്കും. അബോധാവസ്തയിലെ പ്രക്രീയകൾ ബോധാവസ്തയിലെ ഞാൻ എന്ന ഒരേ സത്തയിൽ മടങ്ങിയെത്തും. ഞാനെന്ന സത്തയിൽ ഹൃദയ തുടിപ്പുകൾ ആഞ്ഞടിക്കുന്നു. ഒരു നിയന്ത്രണവുമില്ല. ആർക്കും ഹൃദയതുടിപ്പുകളുടെ സ്പന്ദനങ്ങളെന്തെന്നും അറിയത്തില്ല. അതങ്ങനെ തുടിച്ചുകൊണ്ടിരിക്കും. എന്നാൽ മനസിലെ പ്രയത്നം കൊണ്ട് ഹൃദയതുടിപ്പുകളെ പതിയെ പതിയെ നിയന്ത്രിക്കാൻ പറ്റും. ഉപബോധ മനസിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന്റെ ആരംഭം ഇവിടെയാണ്‌. മനുഷ്യമനസ് രണ്ടു സമതലങ്ങളിലായി പ്രവർത്തിക്കുന്നു. ഒന്ന് ബോധപൂർവ്വവും വികാരവിചാരങ്ങളോടെയും പ്രവർത്തിക്കുന്നു. അവിടെ അഹങ്കാരവും സ്വാർഥതയുമുണ്ട്‌. മറ്റേത് അബോധപൂർവ്വവും. അവിടം നിഷ്കളങ്കമാണ്. സ്വാർഥതയില്ലാത്ത പ്രശാന്തസുന്ദരമായ ഒരു സമതലം. മൃഗങ്ങൾക്കവിടം പ്രകൃതി നിയന്ത്രിക്കുന്നു. ബോധമനസിലെ വിവേകം അവനെ നിഷ്കളങ്കനോ സ്വാർഥതയുള്ളവനോ ആക്കും. മനുഷ്യനിലെ സ്വാർഥത കൈവെടിഞ്ഞ് നിഷ്കളങ്കനായ ഹൃദയത്തിന്റെ ഉടമയായി, അഹങ്കാരവും അധികാരവും മനുഷ്യമനസ്സിൽ നിന്നും ഇല്ലാതാക്കി, ദുഖത്തിൽനിന്നും മുക്തി നേടുന്നതാണ് ധ്യാനത്തിന്റെ പരമമായ ലക്ഷ്യവും. യേശുവിനെ കണ്ടെത്തുന്നതും അവനാകുന്നു.

    ReplyDelete
  5. ഒന്നും ചെയ്യാതെ ഇരിക്കാൻ എല്ലാവര്ക്കും പറ്റില്ല . ടി വി യോ ഉറക്കെയുള്ള പാട്ടോ ,മൊബൈലോ ഇല്ലാതെ പത്തു മിനിട്ട് പോലും ഇരിക്കുവാൻ പറ്റാത്തവർ ആണ് ബഹുഭൂരിപക്ഷം .

    ReplyDelete