Translate

Friday, May 31, 2013

ആസ്‌ട്രേലിയയിലെ പുരോഹിതരും ലൈംഗികപീഡനങ്ങളും (ഒന്നാം ഭാഗം)


Australian Cardinal George Pell
കഴിഞ്ഞ അനേകവര്‍ഷങ്ങളായി യുറോപ്പിലും അമേരിക്കയിലും  വൈദികരുടെ ബാലപീഡനങ്ങളും സ്ത്രീപീഡനങ്ങളും പ്രധാന വാര്‍ത്തകളായിക്കഴിഞ്ഞു. മുന്‍കാലങ്ങളിലെല്ലാം, എന്തോക്കെ സംഭവിച്ചാലും സഭ ആരുമറിയാതെ അതു തേച്ചുമായിച്ചു കളയുമായിരുന്നു. എന്നാലിന്നു വിരുതന്മാരായ വൈദികരെല്ലാംതന്നെ പൊതുജനങ്ങളുടെ നോട്ടപുള്ളികളായി തീര്‍ന്നു. സഭയിലുള്ള !പുരോഹിത ലൈംഗികത പഴയകാലം മുതലുള്ളതാണ്. സ്വതന്ത്ര മാധ്യമങ്ങള്‍വഴി അടുത്തകാലത്തു കഥകളെല്ലാം പുറത്തു വന്നതോടെയാണ് ഇവരുടെ ലൈംഗിക ജീവിതത്തിന്റെ ചുരുളഴിഞ്ഞ അധാര്‍മ്മികതകള്‍ ലോകശ്രദ്ധയില്‍ വന്നത്. പാപത്തിന്റെ പ്രതിഫലമാണു നിയമങ്ങളിലൂടെ ഇന്ന് ഇവര്‍ക്കു വീട്ടേണ്ടിവരുന്നത്. വിധവകളുടെ കണ്ണുനീര്‍, രക്തചൊരിച്ചുലുകള്‍, വ്യഭിചാരം, തീവെട്ടിക്കൊള്ള, രാജ്യങ്ങള്‍ പിടിച്ചടക്കല്‍, എന്നിങ്ങനെ പുരാതന കാലംതൊട്ടു സഭനേടിയ പണം മുതലും പലിശയും ഉള്‍പ്പടെ മടക്കികൊടുത്തേ മതിയാവൂ.

ആസ്‌ട്രേലിയയിലെ കാര്‍ഡിനല്‍ ജോര്‍ജ് പെല് പുരോഹിത ലൈംഗിക വിവാദങ്ങളുമായി ബന്ധപ്പെട്ട് നിയമകുരുക്കുകളില്‍ അകപ്പെട്ടിരിക്കുകയാണ്. അഞ്ചര മില്ല്യന്‍ കത്തോലിക്കര്‍ അധിവസിക്കുന്ന രാജ്യമായ ആസ്‌ട്രേലിയായുടെ ജനസംഖ്യയില്‍ ഇരുപത്തിയഞ്ച് ശതമാനത്തോളം കത്തോലിക്കരാണ്. പതിറ്റാണ്ടുകളായി കുഞ്ഞുങ്ങളെ ദുരുപയോഗം ചെയ്ത കഥകള്‍ ദിനംപ്രതി പത്രങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ ആ രാജ്യത്ത്  സഭാനേതൃത്വം ആശയക്കുഴപ്പത്തിലാണ്. പൊടിക്കുഞ്ഞുങ്ങളെ സഹിതം ദുഷിപ്പിച്ച പുരോഹിതര്‍ക്കെതിരെ ജനരോഷം അവിടെ ആളിക്കത്തുന്നുണ്ട്. ജനശക്തിയില്‍ സഭയുടെ പഴയ പ്രതാപത്തിന് മങ്ങലേറ്റുകൊണ്ടിരിക്കുന്നതും ദൃശ്യമാണ്. ഉത്തരം പറയാന്‍ വീര്‍പ്പുമുട്ടുന്ന കര്‍ദ്ദിനാളിന്റെ പ്രതികരണങ്ങളില്‍ക്കൂടി വ്യക്തമാകുന്നത്  സഭയവിടെ കാറ്റത്തുലയുന്നതുപോലെയാണ്. അടിസ്ഥാന തത്വങ്ങള്‍ക്കുവരെ ചോദ്യങ്ങള്‍ ഉയരുന്നു.

കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച പുരോഹിതരുടെ കഥകളാരാഞ്ഞ് ഓസ്‌ട്രേലിയയിലെ പ്രധാനമന്ത്രി ജൂലിയാ ജില്ലാര്‍ഡ്  അന്വേഷണ കമ്മിഷനെ നിയമച്ചിരിക്കുകയാണ്. കുറ്റവാളികളായ പുരോഹിതരെ നിയമത്തിന്റെ മുമ്പില്‍ നിന്ന് ഒളിപ്പിച്ച കഥകള്‍ തെളിവുകള്‍ സഹിതം പുറത്ത് വരുന്നതില്‍ ഓസ്‌ട്രേലിയയിലെ കര്‍ദ്ദിനാള്‍ പെല്ലിനു കോടതികളില്‍ എന്നും കയറി ഇറങ്ങേണ്ട ഗതികേടിലാണ്. നിയമത്തിന്റെ മുമ്പില്‍ ഉത്തരം പറഞ്ഞേ മതിയാവൂ. ലൈംഗിക കുറ്റവാളികളുടെ അന്വേഷണ കമ്മീഷനുമായി പരിപൂര്‍ണ്ണമായും സഹകരിക്കുമെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകള്‍ ശേഖരിച്ചും കണ്ടെത്തിയും അന്വേഷണങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടുപോയേക്കാം.

കാര്‍ഡിനല്‍ ജോര്‍ജ് പെല്‍ വത്തിക്കാനില്‍ മാര്‍പാപ്പായുടെ ഉപദേശകനുംകൂടിയാണ്. കുട്ടികളെ ദുരുപയോഗപ്പെടുത്തുന്ന കഥകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സഭയുടെ നിയന്ത്രണംമൂലം കുറഞ്ഞിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിനെതിരായി ആരോപണങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നതും സഭയെ ആകുലപ്പെടുത്തുന്നു. സഭയും കര്‍ദ്ദിനാളും കുറ്റാരോപണങ്ങളുടെമേല്‍ ഇതിനകം പല തവണ ക്ഷമാപണങ്ങള്‍ നടത്തിയെങ്കിലും ഇരയായവരും ബന്ധുക്കളും പ്രവര്‍ത്തന സമിതികളും ഒട്ടുംതന്നെ തൃപ്തരല്ല. സഭക്കെതിരെ കേസുകളുമായി ഒത്തുതീര്‍പ്പില്ലാതെ മുമ്പോട്ടുതന്നെ പോകുവാന്‍ അവര്‍ തീരുമാനിച്ചു.

പുരോഹിത ലൈംഗിക കുറ്റവാളികളുടെ ബലിയാടുകളായ കുട്ടികളുടെ  നഷ്ടപരിഹാരതീര്‍പ്പിനായി കോടതി കര്‍ദ്ദിനാളിനെ കഴിഞ്ഞദിവസം നാല് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. പീഡനങ്ങള്‍ അധികവും റിപ്പോര്‍ട്ട് ചെയ്തിരുന്നത് 1970  - 80 കാലഘട്ടങ്ങളിലായിരുന്നുവെന്നും ഇപ്പോള്‍ അവ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും കര്‍ദ്ദിനാളിന്റെ പ്രസ്താവനയില്‍ ഉണ്ട്. കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ അധികമൊന്നും നിരത്തുവാന്‍ തനിക്ക് സാധിക്കുകയില്ലായെന്നും അദ്ദേഹം പറഞ്ഞു. ബാലപീഡനകേസില്‍ ഇതിനോടകം മുന്നൂറോളം പേര്‍ക്ക് നഷ്ടപരിഹാരം കൊടുത്തതായി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ വ്യക്തമാക്കി. കര്‍ദ്ദിനാള്‍ കോടതിയില്‍ തന്റെ സാക്ഷിവിസ്താരത്തിന് തെളിവുകള്‍ നല്കിയത്, തുറന്ന ക്ഷമാപണത്തോടെ, ചെയ്ത തെറ്റുകള്‍ സമ്മതിച്ചുകൊണ്ടായിരുന്നു. 'കുറ്റവാളികളായ പുരോഹിതരെ രക്ഷിക്കുവാന്‍ ശ്രമിച്ചതില്‍ വ്യക്തിപരമായി തനിക്ക് പങ്കില്ലെങ്കിലും സംഭവിക്കേണ്ടാത്തത് സംഭവിച്ചുപോയെന്ന്' അദ്ദേഹം പറഞ്ഞു. 'സഭയുടെ അഭിമാനം കാത്തുസൂക്ഷിക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. അതായിരുന്നു ലക്ഷ്യവും.'

1930 മുതല്‍ ഏകദേശം 630 കുഞ്ഞുങ്ങളെ പുരോഹിതര്‍ ദുരുപയോഗം ചെയ്തതായി കണക്കുകള്‍ രേഖപ്പെടുത്തുന്നുണ്ട്. ഏഴും എട്ടും വയസുള്ള കുഞ്ഞുങ്ങളാണ് ലൈംഗിക ക്രൂരതക്ക് ഇരയായവരിലധികവും. വിവിധ കാലങ്ങളില്‍ പുരോഹിതരുടെ കുറ്റകൃത്യങ്ങളില്‍ ഇരയായവരുടെ വാദങ്ങള്‍ കോടതി കേട്ടിരുന്നു. 'തെറ്റുകള്ക്ക് താന്‍ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന്' പറഞ്ഞായിരുന്നു കര്‍ദ്ദിനാള്‍ കോടതി മുമ്പാകെ സാക്ഷി വിസ്താരത്തില്‍ പങ്കുചേര്‍ന്നത്. അദ്ദേഹം തുടര്‍ന്നു, ‘ഈ കുറ്റകൃത്യങ്ങള്‍മൂലം അനേകം പേര്‍ ബലഹീനരായിട്ടുണ്ട്. ആത്മഹത്യകളും ഉണ്ടായിട്ടുണ്ട്.'


പതിറ്റാണ്ടുകളായി രഹസ്യങ്ങള്‍ ഒളിച്ചുവെച്ചിരുന്ന മൂന്ന് ബുദ്ധിമാന്മാരായ അഭിഷിക്തരുടെ പേരുകളാണ് ജനങ്ങളുടെ മനസുകളില്‍ പതിഞ്ഞിരിക്കുന്നത്. വിക്‌റ്റൊറിയന്‍ പാര്‍ലമെന്റ്കമ്മറ്റിയുടെ നിരീക്ഷണത്തില്‍ മെല്‍ബോണിലെ ആര്‍ച്ച്ബിഷപ്പ്, ഫ്രാങ്ക് ലിറ്റില്‍,  ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്‍, ആര്‍ച്ച്ബിഷപ്പ് ഡെന്നീസ് ഹാര്‍ട്ട്, എന്നിവരാണ്. കുറ്റകൃത്യങ്ങള്‍ വ്യക്തമായി അറിഞ്ഞിരിന്നിട്ടും സ്ഥാനകയറ്റം കൊടുത്തും ഇടവകകള്‍ മാറ്റിയും ഈ ത്രിമൂര്‍ത്തികള്‍ പതിറ്റാണ്ടുകളായി കുറ്റവാളികളെ പരിരക്ഷിച്ച് പോന്നിരുന്നത്. കുഞ്ഞുങ്ങളെ പീഡനം നടത്തികൊണ്ടിരുന്ന  കുറ്റവാളിയായ ഫാദര്‍ കെവിന്‍ ഡോണല്‍ വിരമിച്ച വേളയില്‍ അന്ന് ബിഷപ്പായിരുന്ന ജോര്ജ് പെല്‍ നടത്തിയ പ്രശംസാപ്രസംഗങ്ങളും പീഡിപ്പിക്കപ്പെട്ടവരില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.

ജോസഫ്‌ മാത്യു, ന്യൂയോര്‍ക്ക്‌ 

തുടരും.

ഇതുമായി ബന്ധപ്പെട്ട ചില ലിങ്കുകള്‍



4 comments:

  1. ഭാരതത്തിൽ ജന്മശ്രേണികളെ പടുത്തെടുത്ത ബ്രാഹ്മണരെപോലെ, സഭയിൽ അധികാര- ബഹുമാന പടവുകളുടെ ഏണികൾ നിര്മ്മിച്ച പുരോഹിതർ ആണ് ലോകത്തിലെ ഏറ്റവും സ്വാര്ത്ഥതത്പരരായ മനുഷ്യർ. ബ്രാഹ്മനാധിപത്യത്തിന്റെ ഇന്ത്യയിൽ എളിമയെ ജീവിതഗന്ധമാക്കിയ ബുദ്ധചിന്തകൾക്ക് വളരാനായില്ല എന്നതുപോലെ, സ്ഥാനമാനങ്ങളുടെ പൊലിമകളെ ആരാധിച്ചു ശീലിച്ച സഭയിൽ ഏറ്റവും ഒടുവിലത്തെ സ്ഥാനം സ്വന്തമാക്കാൻ പഠിപ്പിച്ച യേശുവിനും അദ്ദേഹത്തിനെ സന്ദേശത്തിനും എന്ത് വില? തങ്ങൾ ശ്രേഷ്ഠത യുള്ളവാരാണെന്ന അഹന്തയാണ് അന്യരെ തങ്ങളുടെ ആവശ്യങ്ങൾക്കായി എങ്ങനെവേണമെങ്കിലും ഉപയോഗിക്കാം എന്നാ രീതി ബ്രാഹ്മനെര്ക്കെന്ന പോലെ പുരോഹിതർക്കും വർഗഗുണമായി പരിണമിച്ചത്.

    വെറും സാദ്ധാരനക്കാരിലും താണ ജീവിതരീതികളിൽ ഒരസ്വസ്തതയും തോന്നാതിരുന്ന ബുദ്ധനും യേശുവും കാത്തു സൂക്ഷിച്ച ലാളിത്യം ഇന്ന് ഒരൊറ്റ മെത്രാനിലോ സഭാധികാരിയിലോ കാണാൻ കിട്ടുമോ? ബസിലും ട്രെയിനിലും സഞ്ചരിക്കുന്ന എത്ര പിതാക്കന്മാരുണ്ട് ഇന്ത്യയിൽ?

    സാധാരനക്കാരനായിരിക്കുന്നതിൽ ഒരു ഭംഗിയുണ്ട്, അതിൽ ഒരു മേന്മയുണ്ട്. അതിൽ സാന്മാര്ഗികമായ ഒരു സുരക്ഷിതത്ത്വവുമുണ്ട്. തങ്ങള് വ്യത്യസ്തരാണെന്ന കാപട്യം ശീലമാക്കി കൊണ്ടുനടക്കുന്നവരാണ് അവര്ക്ക് കീഴിൽ ആണെന്ന് തോന്നുന്നവരെ ദുരുപയോഗിക്കാൻ മടികാണിക്കാത്തത്.

    ReplyDelete
  2. എന്ത് കുറ്റം ചെയ്തു എന്നതിനേക്കാള്‍ അത് മറയ്ക്കാന്‍ ആഗോള തലത്തില്‍ വൈദിക മേലദ്ധ്യക്ഷന്മാര്‍ കാണിക്കുന്ന വ്യഗ്രതയാണ് എന്നെ ചിന്തിപ്പിക്കുന്നത്. ആലെഞ്ചേരി അമേരിക്കയില്‍ ഇറങ്ങിയപ്പോഴേ ലിമോസിനില്‍ ആണ് കയറിയത്. പണ്ട് ചിക്കാഗോ കത്തിദ്രലില്‍ തോമ്മാ സ്ലിഹായുടെ തിരുശേഷിപ്പ് കൊണ്ടുവന്നതും ലിമോസിന്‍ കാറില്‍ ആയിരുന്നു. ഈ ആഡംബരം വേണ്ടാ എന്ന് അദ്ദേഹം ഒറ്റ ഒരാള്‍ തിരുമാനിച്ചാല്‍ മതി.

    കുണ്ടുകുളം തിരുമേനി അന്യ രാജ്യത്തു നിന്ന് സംഭാവന കിട്ടിയ പണം കൊണ്ടുവരാന്‍ സ്വീകരിച്ച മാര്‍ഗ്ഗം പണം മുഴുവന്‍ സ്വര്‍ണ്ണമാക്കി കുരിശും മാലയും പണിത് കഴുത്തിലിടുകയെന്നതായിരുന്നു.ഇത് ലോനപ്പന്‍ നമ്പാടന്റെ ആത്മകഥയിലുണ്ട്. ഇതുപോലെ കൊച്ചു കൊച്ചു സൂത്രങ്ങള്‍ അവലംബിക്കാതേ നേരേ വാ നേരെ പോ എന്ന് പറഞ്ഞു ജീവിക്കുന്ന ഒരൊറ്റ മാര്‍ഗ്ഗ ദര്‍ശി പോലും കത്തോലിക്കാ സഭക്ക് കേരളത്തില്‍ ഇല്ലാതെ പോയി തലപ്പത്തിരിക്കാന്‍.. എന്ന് പറയേണ്ടി വരുന്നു.

    വടക്കേ ഇന്ത്യയില്‍ സ്ഥിതി വ്യത്യസ്തമാണ്. പാവങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്ന നിരവധി മിഷ്യനറിമാരെ എനിക്കറിയാം. പല ബിഷപ്പുമാരെയും തിരിച്ചറിയണമെങ്കില്‍ മെത്രാന്‍ കുപ്പായം അവര്‍ ധരിക്കണം. ജനങ്ങളുടെ ഇടയില്‍ സാധാരണ വേഷത്തിലാണു അവര്‍ പലപ്പോഴും പ്രത്യക്ഷപ്പെടാര്. ടാന്‍സാനിയയിലെ ആര്‍ച്ച് ബിഷപ്‌ കേരളിയാനാണ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് ഒരിക്കല്‍ വിശ്വാസികള്‍ തെരുവ് വൃത്തിയാക്കാന്‍ ഇറങ്ങിയത്‌.. കേരളത്തില്‍ ഒരു മഹാന്‍ ചെയ്ത ഒരു മുട്ടന്‍ മാതൃക മലയാറ്റൂര്‍ വരെ നടന്നുവെന്നതാണ്.

    കേരള മെത്രാന്മാരുടെ അഹത്തിന്‍റെ വലിപ്പം അറിയണമെങ്കില്‍ ഗുജറാത്തിലൂടെ സഞ്ചരിച്ച ഒരു മഹാന്‍ മൂത്രം ഒഴിക്കാന്‍ യോഗ്യമായ സ്ഥലം കാണാതെ വീര്പ്പടക്കിയിരുന്ന കഥ മാത്രം കേട്ടാല്‍ മതി. ബ്ലാഡര്‍ പൊട്ടിയാണ് അദ്ദേഹത്തിന്‍റെ യാത്ര അവസാനിച്ചത്‌.. ഊരും പേരും പറയുന്നില്ല തത്ക്കാലം.

    ReplyDelete
  3. ശ്ശെ! ഇങ്ങനത്തെ കാര്യങ്ങൾ പറയാതെ. അതൊക്കെ സാധാരണ മനുഷ്യരുടെ പ്രാഥമികാവശ്യങ്ങളല്ലേ? ഒരു മെത്രാനൊ പോപ്പോ രാവിലെ കൊമോടിൽക്കയറി ഇരിക്കുകയും ആസനം തൂക്കുകയോ കഴുകുകയോ ഒക്കെ ചെയ്യുന്നത് എന്ത് വൃത്തികെട്ട ചിന്തയാണ്. അവരൊന്നും വിയർക്കുന്നുപൊലും ഉണ്ടാവില്ല. ബ്ലാടർ പൊട്ടിയെങ്കിൽ അത് അകത്തു നടന്ന സംഭവമാണ്, പുറത്തൊന്നും ഉണ്ടായില്ലല്ലോ!
    റോഷൻ ഭാഷ ഇച്ചിരെകൂടെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.

    ReplyDelete
  4. രോഷന്മോനെ,"കുണ്ടുകുളം തിരുമേനി"എന്ന് വിളിച്ചപമാനിക്കല്ലേ ...പാപം! സ്വയമറിയാത്ത മെത്രാൻ കുളിരണീയും ! മുകളിൽ വിവരിച്ച class one ചെറ്റകളെ "തിരുമേനീ " എന്ന് വിളിച്ചാൽ മശിഹായുടെ മേനി പിന്നെങ്ങിനെ "തിരുമേനി"യാകും ? "തിരുമേനി പീലാസായിൽ,തിരുരക്തമാക്കാസായിൽ; വചനമാംതിരുമേനി പിന്നേതുളോഹയിൽ ? തിരുമേനീ എന്ന് വിളിച്ചപമാനിക്കല്ലേ പാപം ! സ്വയമറിയാത്ത മെത്രാൻ കുളിരണിയും.." സോറി പാടിയതിനു ..

    ReplyDelete