Translate

Sunday, May 12, 2013

അമ്മമാർക്ക് ഇന്നെന്റെ മംഗളങ്ങൾ

 ഇന്ന് ലോകം മുഴുവൻ അമ്മമാരുടെ  ദിനമാണ്. അല്മായ ശബ്ദത്തിൽ കവികളെകൊണ്ട് നിറഞ്ഞിരിക്കുന്നുവെങ്കിലും എനിക്കുമാത്രം കവിതകളറിയത്തില്ല.  ഗദ്യമായിതന്നെ എഴുതട്ടെ.

  അമ്മയാകുന്നത് ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു ദിനമാണ്.  സ്ത്രീത്വം  അവളിൽ ഉദയം ചെയ്തുവെന്ന് അറിയുന്നതും അന്നാണ്. അവളുടെ മാംസ രക്തങ്ങളിൽനിന്ന്  ജനിച്ച  പുതു ജീവന്റെ തുടിപ്പുകൾ അവൾക്കന്ന്   അനുഭൂതികളുടെ  സ്വർഗം കൊണ്ടുണ്ടാക്കിയ പളുങ്കു കൊട്ടാരമായിരിക്കും. പെറ്റമ്മമാരുടെ ഈ ദിനത്തിൽ   അവൾക്കായി   കൂപ്പുകൈകളർപ്പിക്കുന്നത്   അവളുടെമാത്രം  സ്ത്രീത്വ ത്തിന്റെ ചൈതന്യത്തെയാണ്.

 ജനിച്ച ഒമനത്തമുള്ള  കുഞ്ഞിന് അമ്മയോട് സ്നേഹം പ്രകടിപ്പിക്കാനറിയത്തില്ലെങ്കിലും അമ്മയെന്ന ദേവത അവളുടെ, അവന്റെ ഹൃദയ തുടിപ്പുകളിലും  പ്രതിഫലിക്കും. അവൾ അമ്മയാകുന്ന പളുങ്കു ദിനത്തിൽ മാതൃത്വം മുറ്റി നന്ദിയോടെ തനിക്ക് ജന്മം തന്ന  അമ്മയേയും സ്മരിക്കും.

കുഞ്ഞായിരുന്നപ്പോൾ അമ്മയായ ഈ കുട്ടിയും സ്വപ്നം കണ്ടിരിന്നു. ഒരിക്കൽ ഞാനും കൌമാരം മുറ്റിവളരും. അവളുടെ സ്വപ്നത്തിലും കുഞ്ഞായ ഒരു വീട്, കുടുംബം, തന്റേതായ കുഞ്ഞുങ്ങളും. ഓടി ചാടി, ഊഞ്ഞാലാടി  തത്തികളിച്ച നാളുകളിലെ  അവളിലെ  അമ്മ ഇന്ന് സത്യത്തിന്റെ കാഹളമൂതി. അവളുടെ കൈകളിൽ, അവളുടെ സ്വപ്നത്തിലെ കുട്ടി വളരുകയാണ്. ഈ കാലങ്ങളിലെല്ലാം അവളുടെതായ ആ കുഞ്ഞ് വളർന്നുകൊണ്ടിരുന്നു. അവൾ അമ്മയാകുന്ന മധുരിക്കുന്ന ഓർമ്മപോലെ  മറ്റൊരു  ദിനം അവൾക്കില്ല.

എനിക്കുമുണ്ടായിരുന്നു അമ്മ. ആ അമ്മ മരിച്ചു. എങ്കിലും  എന്റെ അമ്മയുടെയും മധുരിക്കുന്ന ഓർമ്മകൾ അയവിറക്കികൊണ്ട് സമസ്ത ലോകത്തിലെ പ്രസവിച്ച  അമ്മമാരെ ഞാനും നിങ്ങളെ ഈ  ദിനത്തിൽ നമിക്കുന്നു.മംഗളങ്ങൾ.

3 comments:

  1. അമ്മമാരുടെ ഈ ദിനത്തില്‍ എല്ലാ അമ്മമാര്‍ക്കും ആശംസകള്‍! നേരുന്നു. എനിക്കും അമ്മ ഇന്നൊരു ഓര്‍മ്മ മാത്രം, ഒരിക്കലും മരിക്കാത്ത ഓര്‍മ്മ. അഭിമാനത്തോടെ, പ്രതീക്ഷയോടെ ഒരു ശിശുവിനെ മനുഷ്യനാക്കി വളര്‍ത്തുന്ന അമ്മമാരോളംധന്യരായിട്ടാരുണ്ട്?അതുകൊണ്ടായിരിക്കാം പുരുഷനുമായി ചേര്‍ത്തു പറയുമ്പോള്‍ എപ്പോഴും സ്ത്രിക്കു മുന്‍‌തൂക്കം. യുവതി-യുവാക്കന്മാര്‍, ബാലികാ-ബാലന്മാര്‍, മാതൃ-പിതൃ വെന്നോക്കെയല്ലേ നാം പറയുന്നത്.

    വെറുതെ അങ്ങ് പറഞ്ഞു തിര്‍ക്കാവുന്നതല്ല ഈ ബന്ധം. മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രപഞ്ചത്തില്‍ ഇത്രയും നിസ്സഹായനായ ഒരു കുഞ്ഞിനെ പ്രസവിക്കുന്ന വേറെ ജീവിയില്ല. സ്വന്തമായി ആഹാരം തേടണമെങ്കില്‍ അവനു പത്തു വയസ്സെങ്കിലും ആവണം. അത് വരെ കാല്‍ വളരുന്നോ, കൈ വളരുന്നോയെന്നു നോക്കി കണ്ണിമ വെട്ടാതെ സംരക്ഷിക്കുന്ന അമ്മയോടല്ലാതെ ആരോടാണ് ഒരാള്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത്?

    ഈ മാതൃദിനത്തില്‍ ഞാന്‍ സ്നേഹത്തോടെ സ്മരിക്കുന്ന ഒരു വിഭാഗമുണ്ട്, അമ്മയാകാന്‍ ഭാഗ്യം കിട്ടാത്ത സ്ത്രികളാണത്. എന്‍റെ ഒരു നിരീക്ഷണത്തില്‍, മനസ്സാ അമ്മയാകാനുള്ള തയ്യാറെടുപ്പ് ഒരാധുനിക സ്ത്രി വേണ്ടത്ര നടത്തുന്നില്ല. ഒരു കുഞ്ഞായാല്‍ നിലനില്‍പ്പ്‌ അപകടത്തിലാവുമെന്നു വിശ്വസിക്കുന്നവര്‍ ധാരാളം. അങ്ങിനെയല്ലായിരുന്നെങ്കില്‍ അണു കുടുംബങ്ങള്‍ ഫാഷന്‍ ആവുകയില്ലായിരുന്നു. ഈ മാനസിക പശ്ചാത്തലത്തില്‍ നിന്നും മാറിയാല്‍ അവരും അനുഗ്രഹിക്കപ്പെടും. അവരുടെയും കൂടി സാന്നിദ്ധ്യമാണ് പ്രപഞ്ചത്തെ ശരിക്കും അമ്മയാക്കുന്നത്.

    ഒരമ്മയാവാന്‍ ഒരു ദിവസത്തെ തായ്യാറെടുപ്പല്ല ആവശ്യം. ഒരു കുഞ്ഞുണ്ടാവാന്‍ എന്തെല്ലാം വേണോ അതെല്ലാം, ഒരു കുഞ്ഞുണ്ടായാല്‍ എന്തെല്ലാം വേണോ അതെല്ലാം ഏതൊരു സ്ത്രിയിലും പ്രപഞ്ചം ഒരുക്കിയിട്ടുണ്ടാവും; ആ ഒരുക്കത്തിന് വര്‍ഷങ്ങളുടെ പഴക്കവുമുണ്ടാവും.

    പ്രപഞ്ചത്തിന്‍റെ മനുഷ്യനെപ്പറ്റിയുള്ള കരുതല്‍ കാണണമെങ്കില്‍ അമ്മയെ നോക്കിയാല്‍ മതി. ഇത്രയും കരുതല്‍ ചെയ്യുന്ന പ്രപഞ്ചം വെറും അമ്മയല്ല, റോഷന്‍ പറഞ്ഞതുപോലെ അമ്മമ്മ തന്നെയായിരിക്കണം. ദൈവം നമുക്കൊരു അമ്മമ്മ ആയതുകൊണ്ടാണ് ദൈവം പുരുഷനല്ല സ്ത്രിയാണെന്ന് ആരോപിക്കപ്പെടുന്നത്. ആധുനിക സ്ത്രി പുരുഷനൊപ്പം ആവാന്‍ വ്യാകുലപ്പെടുന്നു, പക്ഷെ പുരുഷന്‍ സ്ത്രിയാകാന്‍ ആഗ്രഹിക്കാറില്ല, അതിനുള്ള ശേഷി അവനില്ലെന്നു അവനറിയാം.

    ജോസഫ്‌ മാത്യു സാറിനോടൊപ്പം ഞാനും ചേരുന്നു. എല്ലാ അമ്മമാര്‍ക്കും അമ്മറോസപ്പൂക്കള്‍ കൊരുത്ത ഒരു നന്ദിയുടെ ചെണ്ട്.

    ReplyDelete
  2. അമ്മ

    കാത്തിരിപ്പ് സ്വാഗതവും
    ആഹ്ലാദവുമാകുന്നിടം
    നോക്കിയിരിപ്പ് നോവാകുന്നിടം
    നിഗമനമില്ലാതെഴുമെ-
    ന്നശനിപാതങ്ങളെ
    മറക്കാൻ പഠിച്ചവൾ.

    ഉള്ളിലെരിയും സന്താപ-
    ക്കനലുകളെ സഹതാപ-
    ക്കുളിരാൽ ശമിപ്പിക്കുവോൾ
    ചവച്ചരച്ചിട്ടു കാലങ്ങൾ കഴിഞ്ഞിട്ടും
    നാവിന്തുമ്പിലരിച്ചരി-
    ചൂറിവരുമിരട്ടിമധുരത്തിൻ
    നറുലഹരി പോലവൾ

    ReplyDelete
  3. "അമ്മമാർക്ക് ഇന്നെന്റെ മംഗളങ്ങൾ"എന്ന എന്റെ പ്രിയന്റെ കുറിമാനം "അമ്മമാർക്ക് എന്നുമെൻ മംഗളങ്ങൾ " എന്ന് തിരുത്തിയെഴുതാൻ ഞാൻ ആശിക്കുന്നു...ആണ്ടിലൊരിക്കൽ ഒർമ്മകുർബാന കത്തനാർക്കു കാശുകൊടുത്തു ചൊല്ലിക്കുന്ന പതിവല്ല ശരി , എന്നാണെന്റെ മതം .,,പത്തിൽ , രണ്ടാമത്തെ അധിപ്രധാനമായ കല്പന "നിന്റെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കാ " എന്നതാണല്ലോ! അവർ മരിച്ചുകഴിഞ്ഞാൽ ആണ്ടിലൊരിക്കൽ ഓർത്താലോർത്തു എന്നല്ല,"നിന്റെ നാളുകൾ ദീർഘമായിരിക്കാനും നിനക്ക് ഭൂമിയിൽ നന്മ ഉണ്ടാകുവാനുമായി (എന്നും )ബഹുമാനിക്കാ "എന്ന് കൂടി ചേർത്തു വായിച്ചാൽ മനസിനെന്തു സുഖം!."അമ്മയല്ലാതൊരു ദൈവമുണ്ടോ ?അതിലും വലിയൊരു കോവിലുണ്ടോ"എന്ന് തമിഴകവും ,"മാതാപിതാ =ഗുരുദൈവം"എന്ന് മലയാളവും പാടുന്നത് കേട്ട് പഠിച്ച എനിക്ക് എന്റെ "കാണപ്പെട്ടദൈവം " എന്റെ മാതാപിതാക്കൾ തന്നെയാണെന്നും ,അവസാനശ്വാസംവരെയും ! എന്റെ ദൈവത്തെ ആണ്ടിലോരിക്കലോർക്കാതെ പകരം ദിനവും ഒരുനേരമെങ്കിലും ഒരു നിമിഷനേരത്തേക്ക് ഓർത്താലാസുഖം എന്നും ആസ്വദിക്കുന്ന മനമാണെൻ മനം .. ! വിവരദോഷിസായിപ്പന്റെ ഈ വിവേകമില്ലാത്ത രീതികൾ എന്തുകൊണ്ടും നമുക്കനുകരണീയമല്ല .. മാതാവെന്റെ പരമസത്യവും , പിതാവെന്റെ വിശ്വസത്യവും , ആയി മനസ്സിൽ ഉറച്ചിരിക്കെ എന്നും ഉണർന്നാലുടൻ അവരെ (മരിച്ചുപോയി) ഓർത്തിട്ടേ ദിനചര്യ ഞാൻ തുടങ്ങാറുള്ളൂ..."മാറിലെ ചോരയെ പാലാക്കിമാറ്റിയ മായാവിയാണെന്റെയമ്മ " എന്റെ ജീവനസത്യം അവളിലൂടെ ആരംഭിച്ചു !അവളെന്നെ ആവാഹിച്ചവളിലാക്കി വളർത്തി , വേദനയോടെന്നെ ഭൂമിയിലെക്കാനയിച്ചു! ജീവരക്തം പാലാക്കി എനിക്കാഹാരമായ് നൽകി..അവൾ പറഞ്ഞു കർത്താവിനെ പറ്റി എന്റെ കുഞ്ഞുമനസിൽ , അതുമൂലം ഞാൻ അവനെ എന്റെ രക്ഷകനാക്കി ! പകരം (കൃഷ്ണനെക്കുറിച്ചായിരുന്നെങ്കിൽ ഞാൻ ഗുരുവായൂരപ്പനിൽ ഈശ്വരദർശനം കാണുമായിരുന്നു!അങ്ങിനെ ഞാൻ കൂടുതൽ ആത്മബോധമുള്ളവൻ ആകുമായിരുന്നു ! ) കത്തോലിക്കാസഭ ഓരോ ദിവസത്തേക്കും ഓരോ പുണ്ണ്യാളന്മാരെ നിയോഗിച്ഛതുപോലെ , ഈവക ആചാരാഘോഷങ്ങളും നമുക്കനുകരണീയമല്ല എന്നാണെന്റെ മതം ..

    ReplyDelete