Translate

Monday, April 1, 2013

അന്വേഷിപ്പിൻ നിങ്ങൾ കണ്ടെത്തും

By Joseph Padannamakkel

അദ്വൈതത്തെപ്പറ്റിയും വേദാന്തത്തെപ്പറ്റിയും അനേക പുസ്തകങ്ങളുണ്ട് . അദ്വൈതം തുറന്ന ഹൃദയത്തിലെ പരമ രഹസ്യമെന്നൊക്കെ ഗുരുക്കൾ പറയുന്നു. ചിലർക്ക്ആത്മീയതയുടെ ഈ സത്ത  പെട്ടെന്ന് പിടികിട്ടും. തിരുവനന്തപുരത്ത് പഠിക്കുന്ന കാലങ്ങളിൽ മണിക്കൂറുകളോളം  സ്വാമിമാരുടെ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്. എന്നിട്ടും ഒളിഞ്ഞിരിക്കുന്ന അദ്വൈതമെന്ന പരമരഹസ്യം ഇന്നും എനിക്ക് കണ്ടെത്താനായില്ല.   കണ്ടെത്തിയെന്നു  പറഞ്ഞാൽ ധ്യാനകേന്ദ്രങ്ങളിലെ ഭക്തർ  പരിശുദ്ധ ആത്മാവിനെ ആന്തരിക ധ്യാനങ്ങളിൽക്കൂടി  ലഭിച്ചെന്നു   പറയുന്നതുപോലെ  ഞാനും നുണ പറയേണ്ടിവരും. ഒരാൾക്ക്‌ അദ്വൈതം മനസിലാകാത്തത് മനസുനിറയെ കാർമേഘങ്ങൾപോലെ വിചാരങ്ങളും വികാരങ്ങളും  തിങ്ങി നിറഞ്ഞിരിക്കുന്നതുകൊണ്ടെന്നും   ആത്മീയ ഗുരുക്കൾ പറയുന്നു.'യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും'. (മാത്യു 7-7)യേശുവും ഇപ്പറഞ്ഞത്‌ ആത്മത്തെ തേടുവാനല്ലേ?


ഭക്തിയേക്കാളുപരി തുറസായ മനസോടെ  കർമ്മങ്ങളനുഷ്ടിക്കുകയെന്നല്ലേ  മനുഷ്യധർമ്മം? എല്ലാ മതങ്ങളും നിർദ്ദേശിക്കുന്നത്   ഈ തത്ത്വം തന്നെയാണ്. അദ്വൈതത്തെപ്പറ്റി  മനസിലാക്കുമ്പോൾ അന്തർബോധം എന്ന അർഥവും മനസിലാക്കണം. ഇത് മനസിനോ ഇന്ദ്രിയങ്ങൾക്കോ ഉപരിയുള്ളതാണ്. എനിക്ക് ദാഹിക്കുന്നുവെന്നു പറഞ്ഞ് വെള്ളം ചോദിച്ചാൽ ഞാൻ വെള്ളം കുടിച്ചിട്ട് ഗ്ലാസ്സ് മടക്കി കൊടുക്കും. പാത്രത്തോട് പറയുകയാണ്‌, നിന്നെയല്ല എനിക്ക് വേണ്ടത്. ഞാൻ ആരാണെന്ന് വ്യക്തമാകണം. കാണപ്പെടുന്നതിനെ സർവ്വതും തള്ളിക്കളയണം. വിചാരങ്ങളെയും പുറംതള്ളണം. കാരണം അവയെല്ലാം കർമ്മപദങ്ങളാണ്. വസ്തുനിഷ്ഠതകളല്ല വേണ്ടത്. അവബോധം പറയുകയാണ്‌. ഞാൻ ഇന്ദ്രീയ വിഷയങ്ങളിലെ ആത്മാവിഷ്ഠമാണ്. എന്നിലെ വസ്തുതകളെ നീക്കി  ഒളിഞ്ഞിരിക്കുന്ന  അവബോധവുമായി സല്ലപിക്കണം. സത്യത്തെ മനസിലാക്കണം. അതുതന്നെയാണ് പരിശുദ്ധമായ ആത്മം. ആത്മം അനുഭവജ്ഞാനമല്ല. പ്രത്യക്ഷമായി വിവരിക്കുവാനും പ്രയാസമാണ്.   ഞാൻ തന്നെ യാത്ര ചെയ്ത് സ്വയം കണ്ടുപിടിക്കണം. അതുകൊണ്ടാണ് ആത്മത്തെ തുറസായ ലോകത്തിലെ ഒളിഞ്ഞിരിക്കുന്ന മഹത്തായ രഹസ്യമെന്ന് പറയുന്നത്.


പദാർത്ഥങ്ങൾകൊണ്ട് ആത്മത്തെ എങ്ങനെ വിവേചിക്കും. രണ്ട് ഉദാഹരണങ്ങൾ പ്രധാനമായും എടുക്കാം.  ആദ്യത്തെ ഉദാഹരണം ഒരു കളിമണ്‍ പാത്രമാണ്. കളിമണ്‍പാത്രം കളിമണ്ണുകൊണ്ട് ഉണ്ടാക്കിയതാണ്. നാം അതിനെ പാത്രമെന്നു വിളിക്കുന്നത് അതിന്റെ ആകൃതിയും പ്രവർത്തനത്തെയുമാണ്.  ഭാരം,നിറം, സ്പർശിക്കൽ, മണം മുതലായവകൾ ഒന്നുമല്ല. എങ്കിലും പാത്രം കളിമണ്ണ് മാത്രമാണ്. പാത്രമുണ്ടാകുന്നതിനുമുമ്പും   കളിമണ്ണുണ്ടായിരുന്നു.  പാത്രമുണ്ടായതിനുശേഷവും  കളിമണ്ണവിടെയുണ്ട്.  പാത്രമിവിടെ താല്ക്കാലിക രൂപമാണ്.  കളിമണ്ണിന്റെവീക്ഷണത്തിൽ   പാത്രം മൊത്തം കളിമണ്ണുമാത്രം. മാറ്റം ഒന്നും തന്നെയില്ല. മാറ്റം നോക്കുന്നവന്റെ ദൃഷ്ടിയിൽ ഒളിഞ്ഞിരിക്കുന്നു.  അല്ലാതെ മാറ്റമേയില്ല. അതുപോലെ പരിശുദ്ധമായ ആത്മം  കളിമണ്ണുപോലെ  സത്തമാത്രം. ലോകത്തിലെ വസ്തുതകളെല്ലാം ആകൃതിയും പ്രവർത്തനങ്ങളും മാത്രമേയുള്ളൂ. എല്ലാ പദാർഥങ്ങളിലെയും  സത്തയെന്നത് ആത്മം ആണ്.


പിരിച്ച ചരടിനെയും പാമ്പിനെയും ഉദാഹരണമായി എടുക്കാം. വെളിച്ചമില്ലാത്തപ്പോൾ നിലത്തുകിടക്കുന്ന പിരിച്ച ചരട് പാമ്പിനെപ്പോലെ തോന്നും. ചരടിന്റെ നിറവും വലുപ്പവും ആകൃതിയുമെല്ലാം പാമ്പിനെപ്പോലെതന്നെ. പാമ്പിനെപ്പോലെ തോന്നുന്നുവെങ്കിലും കയറിനു മാറ്റമില്ല. കാണുന്നവന്റെ അറിവുകുറവുമൂലം  ചരടിനെ പാമ്പായി തോന്നും. കളിമണ്ണു പാത്രത്തിലെ ഉദാഹരണംപോലെ ചരടിനും മാറ്റമില്ല. എന്നാൽ വാസ്തവത്തിൽ ആത്മം വസ്തുതകളിൽനിന്നും സ്വതന്ത്രമായി മാറ്റം ഇല്ലാത്തതാണ്. അനന്തതയാണ്. രൂപമോ ആകൃതിയോയില്ല. ദ്വൈതമില്ലാതെ സർവ്വതും ഏകമാണ്.  വൈവിദ്ധ്യങ്ങൾ അറിയുന്നവന്റെ മനസ്സിൽ മാത്രം. ഇത് ചരടിനെ പാമ്പായി മനസ്സിൽ കാണുന്നത്  തുല്യമാണ്. വാസ്തവികതയെ അറിവില്ലാത്തവന്റെ മനസ്സിൽ പതിയുകയില്ല.

 
ആത്മത്തിന്റെ അനന്തതയെ മനസിലാക്കുവാൻ പാത്രത്തിലെ ശൂന്യമായ സ്ഥലവും കണക്കിൽപ്പെടുത്താം. പാത്രത്തിനുള്ളിലും ശൂന്യതയുടെ ഇടമുണ്ട്.പാത്രത്തിനു പുറമെയും ശൂന്യമായ ഇടമുണ്ട്. പാത്രത്തിനുള്ളിലും പാത്രത്തിനുപുറമേയും ശൂന്യമായ ഇടത്തിന് വിത്യാസമില്ല. എല്ലാ പാത്രങ്ങളിലും അകത്തും പുറത്തും ശൂന്യമായ ഇടമുണ്ട്. സത്യത്തിന്റെ ഭാഷയിൽ പറഞ്ഞാൽ പാത്രത്തിനുള്ളിലും പുറമെയും ശൂന്യതയ്ക്കിടമില്ല . പാത്രം ശൂന്യതയിലെങ്കിൽ  പാത്രത്തിനുമുമ്പും ശൂന്യത അവിടെയുണ്ടായിരുന്നു. പാത്രം പോയാലും ശൂന്യത അവിടെതന്നെയുണ്ടാകും.  പാത്രം അവിടെയുള്ളപ്പോഴും ശൂന്യത സ്ഥായിയായി അവിടെത്തന്നെയുണ്ട്‌. പാത്രം എന്നു പറയുന്നതും ശൂന്യതയുടെ മറ്റൊരു രൂപമാണ്.  പാത്രം ശൂന്യതയിൽ ഉണ്ടാക്കി. പാത്രങ്ങൾ വന്നും പോയിക്കൊണ്ടുമിരുന്നു. എന്നിട്ടും ശൂന്യതക്കു മാറ്റമില്ല. ആത്മം എന്നു പറയുന്നതും ശൂന്യതപോലെയാണ്. നമ്മുടെ ശരീരവും മനസുമുൾപ്പടെ  ഇക്കാണുന്ന  വസ്തുതകളും വാസ്തവികതകളും ഇവിടെ മുമ്പുണ്ടായിരുന്ന പാത്രങ്ങളപ്പോലെയാണ്‌. ശരീരവും മനസും ചലിക്കുന്നുണ്ടെങ്കിലും എവിടെയും ശൂന്യത, അവിടെ ഒളിഞ്ഞിരിക്കുന്ന ആത്മവും ഉണ്ട്.

മുട്ടുവിൻ തുറക്കപ്പെടുമെന്ന അവിടുത്തെ ശബ്ദം കേൾക്കൂ. ഗുരുവിന്റെ  ശബ്ദവും   അദ്വൈതമായിരുന്നു. അവിടുന്ന് ആത്മബോധം  കണ്ടെത്തി, ഞാനും പിതാവും ഒന്നാകുന്നുവെന്നു പറഞ്ഞു.

1 comment:

  1. സഭ അംഗികരിച്ചിട്ടില്ലാത്ത തോമസ് സുവിശേഷത്തിന്റെ കാതലായ ഭാഗങ്ങൾ പറഞ്ഞിരിക്കുന്നതും വേദാന്തിയുടെ ഭാഷയിലാണ്. ആത്മാവിൽ, രക്ഷപ്രാപിക്കേണ്ടത് കൃപ കൊണ്ടല്ല, ആത്മാവിന്റെ രക്ഷ ദൈവത്തിന്റെ ദാനമല്ല, കർമ്മത്തിൽക്കൂടി ഓരോരുത്തരും സത്യത്തെ തനിയെ അന്വേഷിച്ചു കണ്ടെത്തണം എന്നു തോമസിന്റെ സുവിശേഷം പഠിപ്പിക്കുന്നു.

    സത്യം എന്നുപറയുന്നതു ഓരോരുത്തരുടെയും ഹൃദയത്തിനുള്ളിൽ, വസിക്കുന്ന സ്വർഗരാജ്യത്തിന്റെ താക്കോൽ ആണ്. സ്വർഗരാജ്യം സമസ്ത ജനങ്ങളിലും കുടികൊള്ളുന്നു. അന്വേഷിപ്പിൻ, സ്വയം കണ്ടെത്തും.

    യേശു അദ്വൈതവാദിയോ, ദ്വൈതവാദിയോ? യേശു ശിഷ്യന്മാരോടായി ഞാനാരാകുന്നുവെന്നു ചോദിച്ചു. അങ്ങ് നീതിയുടെ മാലാഖായെന്നു യാഥാസ്ഥിതികനായ പീറ്റർ പറഞ്ഞു. അങ്ങ് ബുദ്ധിജീവിയായ ഒരു തത്ത്വചിന്തകനെന്നു ഗ്രീക്കുകാരനും ചുങ്കക്കാരനുമായ മാത്യു പറഞ്ഞു. ഗുരോ അങ്ങ് ആരെന്നു പ്രവചിക്കുവാൻ എന്റെ അധരങ്ങള് ചലിക്കുകയില്ലായെന്നു അവിശ്വാസിയും ദാർശനികനുമായ തോമസ് പറഞ്ഞു.


    ഞാൻ നിന്റെ ഗുരുവല്ല, കാരണം അറിവിന്റെ പാനപാത്രത്തിൽനിന്ന് നീ സ്വയം പാനീയംചെയ്തു. നിന്നിലെ അറിവ് എഴുതപ്പെട്ട വചനങ്ങളിൽ ഇല്ല. നീ പാനം ചെയ്തത് അറിവിന്റെ ഉറവയിൽ നിന്നായിരുന്നു.

    യേശു അവനോടു മൂന്നുവാക്കുകൾ സംസാരിച്ചു. ഗ്രഹിക്കുവാൻ പാടില്ലാത്ത അർഥവ്യാപ്തിയുള്ള വാക്കുകൾ എന്തെന്നു വെളിപ്പെടുത്തിയിട്ടില്ല. തോമസിനോട് തന്റെകൂടെ യാത്രചെയ്യുന്ന തോഴർ യേശു എന്തുപറഞ്ഞുവെന്നു ചോദിച്ചു.

    "അവൻ എന്നോടു പറഞ്ഞതു ഞാൻ നിങ്ങളോട് പറയുമെങ്കിൽ, നിങ്ങൾ കല്ലുകള്കൊണ്ട് എന്റെ നേരെ എറിയും."

    നിഗൂഢതയിലെ ഒളിഞ്ഞിരിക്കുന്ന മൂന്നുവാക്കുകൾ യേശുവിനെപ്പറ്റി ഇങ്ങനെ ആയിരിക്കാം. " ഞാൻ മനുഷ്യപുത്രനാകുന്നു. "മറ്റെല്ലാവരെയുംപോലെ ഞാൻ സാധാരണക്കാരൻ മാത്രം. യേശു യഹൂദരുടെ മിശിഹായെന്നു ഒരു സുവിശേഷത്തിലും പറഞ്ഞിട്ടില്ല.

    യേശു ഞാൻ നിന്റെ ഗുരുവല്ലെന്നു പറഞ്ഞതിനുശേഷം വേദാന്തത്തിലെ സുപ്രധാനമായ തത്ത്- ത്ത്വം- അസി എന്നീ മൂന്നു വാക്യങ്ങൾ തോമസിനോട് പറഞ്ഞിരിക്കാം. "ഞാൻ നീ ആകുന്നു, നീയും ഞാനും ഒന്നാകുന്നു, ഏകം സർവതും സത്യം, നീ എനിക്കു തുല്യം, ഇങ്ങനെ വാക്കുകൾ ശിഷ്യന്മാർ കേട്ടാൽ എതിർക്കുമായിരുന്നു.

    (തോമസ്‌ സുവിശേഷത്തെപ്പറ്റി സാക്ക് നെടുങ്കനാലിന്റെ ലേഖനം താഴെയുള്ള ലിങ്കിൽ:)

    http://almayasabdam.blogspot.com/2012/08/the-gospel-according-to-thomas.html

    ReplyDelete