Translate

Saturday, March 2, 2013

ബൈബിള്‍ കഥാപാത്രങ്ങളുടെ കുറ്റവും ശിക്ഷയും -- തുറന്ന ചിന്തകള്‍ --IV


ജയിംസ് ഐസക്ക്കുടമാളൂര്‍
(വിശദമായ ചര്‍ച്ച അര്‍ഹിക്കുന്ന ഈ ലേഖനം 
അല്പം ദീര്‍ഘമായതിനാല്‍ നാലു ഭാഗമായി പ്രസിദ്ധീകരിക്കുകയാണ്)


IV

പുതിയ ഇസ്രായേല്‍
ക്രൈസ്തവ സമൂഹം പുതിയ ഇസ്രായേല്‍ എന്നു സ്വയം അഭിമാനിക്കുന്നു. എന്നാല്‍ രണ്ടായിരം വര്‍ഷം കഴിയുമ്പോള്‍ ഇവിടെ ഒരു ക്രൈസ്തവസഭയല്ല പതിനായിരക്കണക്കിനു സഭകളാണ്. ഏറ്റം പ്രതാപവും കെട്ടുറപ്പും ഉണ്ടെന്നു കരുതുന്ന കത്തോലിക്കാസഭയില്‍ പോലും ഇന്നു ഭൗതികമായ പ്രൗഢിയും ദ്രവ്യാഗ്രഹവും വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്ന അന്ധവിശ്വാസങ്ങളും പ്രകടമായി കാണുന്നു. വിശുദ്ധ ഗ്രന്ഥം മാത്രമല്ല പാരമ്പര്യം കുടി തങ്ങള്‍ കണക്കാക്കുന്നു എന്നാണു സഭാധികാരികള്‍ അവകാശപ്പെടുന്നത്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതിന് ഈ കാഴ്ചപ്പാടു വളരെ ഉപകരിക്കും. പ്രോട്ടസ്റ്റന്റ് സമൂഹമാകട്ടെ തങ്ങള്‍ വിശുദ്ധ ഗ്രന്ഥം മാത്രം പരിഗണിക്കുവര്‍ എന്ന് അഭിമാനിക്കുന്നു. എങ്കിലും ഓരോ വാക്യവും തങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ വ്യാഖ്യാനിച്ചു ജനത്തെ ചൂഷണം ചെയ്യാന്‍ അവര്‍ക്കും സാധിക്കുന്നുണ്ട്.

സ്വര്‍ണ്ണാഭരണങ്ങള്‍ നിക്ഷിദ്ധമെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. രക്തം കൊടുക്കുതും സ്വീകരിക്കുന്നതും തെറ്റ് എന്ന് വിശുദ്ധ ഗ്രന്ഥം തന്നെ ഉദ്ധരിച്ചു പഠിപ്പിക്കുന്നവര്‍ ക്രിസ്തു പൂര്‍ണ്ണമായ ദൈവം അല്ല എന്നും പഠിപ്പിക്കുന്നു. ആദ്യ നൂറ്റാണ്ടുകളില്‍ ആരിയൂസ്, എവുത്തിക്കോസ്, നെസ്‌തോറിയസ്, തുടങ്ങിയ സഭാപിതാക്കന്മാര്‍ കൊണ്ടുവന്ന ദൈവശാസ്ത്ര തര്‍ക്കങ്ങള്‍ സഭയെ പിളര്‍ത്തി. റോമിലെ ചക്രവര്‍ത്തി മാനസാന്തരത്തിനുശേഷം പരിശുദ്ധ റോമസാമ്രാജ്യം വളര്‍ന്നു. പ്രോട്ടസ്റ്റന്റ് വിപ്‌ളവം വലിയ അമിട്ടുപൊട്ടല്‍ പോലെ ക്രൈസ്തവലോകത്തില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാക്കി. രണ്ടായിരം വര്‍ഷമായി കത്തോലിക്കാസഭ നിലനില്‍ക്കുന്നു എന്നതു യാഥാര്‍ത്ഥ്യമെങ്കിലും ഈ സഭയില്‍ ഇന്നു ക്രിസ്തുവിന്റെ യാഥാര്‍ത്ഥ ചൈതന്യം പ്രകാശിക്കുന്നു എന്നു ഖണ്ഡിതമായി പറയാനാകുമോ?
വിശുദ്ധഗ്രന്ഥം മാത്രംപോരാ തിരുസ്സഭയും പാരമ്പര്യങ്ങളും ആവശ്യമാണെന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. തിരുസ്സഭയുടെ പ്രബോധനം വായിച്ചറിയാന്‍ ഗ്രന്ഥങ്ങളുണ്ട്. എന്നാല്‍ അനുഭവിച്ചറിയാന്‍ ഇന്നത്തെ സഭാവ്യവസ്ഥകള്‍ പര്യാപതമാകുന്നില്ല എന്ന തോന്നലാണ് ശക്തിപ്പെടുന്നത്.

ചരിത്രം വസ്തുനിഷ്ഠമായി പഠിച്ചാല്‍ ഒരു സഭയെന്ന നിലയില്‍ ക്രൈസ്തവവിശ്വാസികളെ ഒന്നിച്ചു നിര്‍ത്താന്‍ പര്യാപ്തമായ കെട്ടുറുപ്പും സംവിധാനശേഷിയും കത്തോലിക്കാസഭയ്ക്കുണ്ട്. പിളര്‍ന്നുപോയ കിഴക്കന്‍ സഭകളെ വീണ്ടും സ്വീകരിച്ചു വ്യക്തിസഭകള്‍ എന്ന് അംഗീകരിച്ചു റോമന്‍ കത്തോലിക്കാ സഭ ആധുനികലോകത്തിലും ശക്തി ആര്‍ജ്ജിച്ചു നില്‍ക്കുന്നു. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, സുവിശേഷത്തിലൂടെ ലോകം അറിഞ്ഞ ഒരു യേശുവിനെ യഥാര്‍ത്ഥ രൂപത്തില്‍ ലോകത്തിനു നല്‍കാന്‍ ഇന്ന് കത്തോലിക്കാസഭയ്ക്കും കഴിയുന്നതായി തോന്നുന്നില്ല. ഗംഭീര സൗധങ്ങും, ദേവാലയങ്ങളും സന്യാസ സഭാമന്ദിരങ്ങളും ഇതര സ്ഥാപനങ്ങളും കാണുമ്പോള്‍ മരുഭൂമിയില്‍ വച്ചു സാത്താന്‍ കാണിച്ച ലോകത്തിന്റെ പ്രതാപം സഭ സ്വീകരിക്കുന്നുവോ എന്നു സംശയിക്കേണ്ടിവരുന്നു. 

മെത്രാന്‍ സ്ഥാനാരോഹണത്തിനും ജൂബിലി ആഘോഷങ്ങള്‍ക്കും വിശുദ്ധരായി ചിലരെ പ്രഖ്യാപിക്കുന്നതിനും യേശുവേ, യേശുവേ എന്ന് അലറി വിളിച്ചുകൊണ്ട് അന്തരീക്ഷത്തില്‍ ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന ബൈബിള്‍ പ്രഘോഷണങ്ങള്‍ക്കു കോടികള്‍ ചെലവഴിക്കുന്നതിനും സഭ പ്രേരണ നല്‍കുന്നു. ലോകത്തിനു രക്ഷകനായ നസ്രായനായ യേശുവിനെയല്ല ഇന്നു സഭ നല്‍കുന്നത് പകരം പിളര്‍ന്നു പോയ ഇസ്രായേല്‍ യൂദാ രാജ്യങ്ങളില്‍ സോളമനു ശേഷം ജീവിച്ച ദുര്‍ബലരായ രാജാക്കന്മാരെ അനുസ്മരിപ്പിക്കുന്ന കുറെ സഭാ മേലധ്യക്ഷന്മാരെ സഭയില്‍ നാം കാണുന്നു. കര്‍ദ്ദിനാള്‍ സ്ഥാനം ലഭിച്ചത് ആഘോഷിക്കാന്‍ പുറജാതികളുടെ നേതാക്കന്മാരെ സ്വന്തം ചെലവില്‍ റോമില്‍ കൊണ്ടുപോകാനും വിശുദ്ധ നാടും യൂറോപ്യന്‍ കേന്ദ്രങ്ങളും സന്ദര്‍ശിക്കാനും ട്രാവല്‍ ഏജന്‍സികളുടെ കമ്മീഷന്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന പുരോഹിതന്മാരെയും നാം കാണേണ്ടിവരുന്നു. ഇവര്‍ക്കുള്ള ശിക്ഷ പിന്നാലെ കാണേണ്ടി വരും.

(അവസാനിച്ചു)
James Isaac, Lanchanthara, Kudamaloor 
Kottayam-686017, Ph:9847126316

1 comment:

  1. (വിശുദ്ധഗ്രന്ഥം മാത്രംപോരാ തിരുസ്സഭയും പാരമ്പര്യങ്ങളും ആവശ്യമാണെന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍.-കുടമാളൂര്‍) പാരമ്പര്യങ്ങളെപ്പറ്റി ശ്രീ കുടമാളൂര്‍ ലേഖനത്തില്‍ ഒന്നുംതന്നെ വ്യക്തമായി വിശദമാക്കിയിട്ടില്ല. സഭയിലെ ഇന്നുള്ള അനാചാരങ്ങളിലും യുക്തിക്ക് ചേരാത്ത സൂര്യനമസ്ക്കാരാവും (കുര്‌ബാനയിലെ ദൈവം) വിശ്വസിക്കുന്നുണ്ടോയെന്നും വ്യക്തമല്ല. ദ്രവ്യാരാധാനയും ബിംബാരാധാനയും മാത്രം സൂചിപ്പിച്ചിട്ടുണ്ട്. ദ്രവ്യാഗ്രഹവും ബിംബാരാധാനയും ബിംബമായ ബൈബിള്‍ മുത്തലുമില്ലാത്ത മതം ലോകത്തിലില്ല. ഉണ്ടെങ്കില്‍ യേശുപറഞ്ഞ ഹൃദയം സ്വര്‍ഗമെന്ന മതം മാത്രമേയുള്ളൂ.

    നവീകരണസഭയിലെ വിശ്വാസികള്‍ കൃത്യമായി പത്തിലൊന്ന് പള്ളിക്ക് കൊടുക്കുന്നതു കാണുമ്പോള്‍ വേലചെയ്യാത്ത ഈ പാസ്റ്റര്‍മാര്‍ എന്തു ഭാഗ്യവാന്മാര്‍ എന്നും ചിന്തിച്ചിട്ടുണ്ട്. കത്തോലിക്കരില്‍ ഇന്നു ഭൂരിഭാഗവും പള്ളിയില്‍ പോകാത്തതുകൊണ്ട് പള്ളിയുടെ വരുമാനവും കുറഞ്ഞുവരുന്നു. അമേരിക്കന്‍നാടുകളില്‍ പള്ളികള്‍ പൂട്ടുന്നതിനെക്കാളും കൂടുതല്‍ കുപ്പായം ഊരുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.

    സഹിക്കാന്‍പാടില്ലാത്ത പള്ളിക്കകത്തെ റോക്ക്മ്യൂസിക്ക് ആധുനികതയുടെ തെളിവാണ്. ചെറുപ്പക്കാര്‍ക്ക് ആ മ്യൂസിക് താത്പ്പര്യവുമാണ്. കത്തോലിക്കാപാരമ്പര്യത്തില്‍ ദൈവത്തെ പ്രീതിപ്പെടുത്തുവാന്‍ അരീത്രയിലെ ജോര്‌ജുകുട്ടിക്കും പുണ്ണ്യവതിയെന്നു പറയുന്ന അല്ഫോന്‍‌സാക്കും കുറച്ചു ചില്ലറയുംകൊടുത്ത് മെഴുകുതിരി കത്തിച്ചാല്‌ മതിയാകും.

    എന്നാല്‍ സഭയുടെ പാരമ്പര്യമായ പുരോഹിതന്‍ എന്ന ദൈവത്തെ പ്രീതിപ്പെടുത്തുവാനാണ് പ്രയാസം. സ്വര്‍ഗരാജ്യം നിന്റെ ഉള്ളിലെന്നുപറഞ്ഞ സ്ഥാനത്തു വന്‍കത്തീദ്രലില്‍ ദൈവത്തെ പ്രതിഷ്ടിച്ചു. പാരമ്പര്യംമൂത്തു പരിശുദ്ധസഭ പരിശുദ്ധ മാഫിയാപുരോഹിതരുടെ കോര്‍പ്പറേഷനായി രൂപംപ്രാപിച്ചു.

    ഈ പുരോഹിതര്‍ക്ക് തീയോളജി പഠിച്ചു കഴിയുമ്പോള്‍ പാപങ്ങള്‍ പൊറുക്കുവാനുള്ള അധികാരവും കിട്ടും. എങ്ങനെയെന്നു പുരോഹിതനെ ചോദ്യം ചെയ്‌താല്‍ പണ്ടൊക്കെ മഹറോണ്‍ ചൊല്ലുമായിരുന്നു.

    സഭയുടെ പാരമ്പര്യമെന്ന് പറയുന്നത്
    ബാബിലോണിയായില്‍ ഉണ്ടായിരുന്ന മിതറൈസം, സൂര്യനമസ്ക്കാരം പോലുള്ള കുര്‍ബാന ഉയര്‍ത്തല്‍ ഇങ്ങനെ പോവുന്നു. അവിവാഹിതരായ പുരോഹിതര്‍, തിരുശേഷിപ്പ്കച്ചവടം ഇങ്ങനെയുള്ള ലേഖനങ്ങള്‍ ഞാന്‍ മുമ്പ് പോസ്റ്റ് ചെയ്തിട്ടിണ്ട്‌. വിശ്വാസം പൊറുപ്പിക്കട്ടെയെന്നും വചനത്തിലുണ്ട്. വിശ്വസിക്കാം. സമാധാനമാണ് പ്രധാനം. സമാധാനം ഒരു കൊച്ചുപുസ്തകത്തില്‍ ഒതുങ്ങിയിരിക്കണമെന്നുമില്ല. മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാകാത്ത നല്ല പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ തെറ്റുമില്ല.

    ReplyDelete