Translate

Saturday, March 23, 2013

മാര്‍പ്പാപ്പാ സ്ഥാനം

ഇതേ ലേഖനം കഴിഞ്ഞ ദിവസം jpeg ചിത്രങ്ങളായി പോസ്റ്റുചെയ്തിരുന്നു. സുപ്രധാനമായ ഏതാനും ഇംഗ്ലീഷ് വാക്കുകള്‍ സാങ്കേതികകാരണങ്ങളാല്‍ അതില്‍ ഇല്ലാതെപോയി. 
അതിനാലാണ് uni-code-ല്‍ ഇത് പുനഃപ്രസിദ്ധീകരിക്കുന്നത്. 

ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പാ അപ്രതീക്ഷിതമായി രാജിവച്ചിരിക്കുന്നു! ഇനി അടുത്ത മാര്‍പ്പാപ്പായ്ക്കായി സിസ്റ്റൈന്‍ ചാപ്പലിന്റെ പുകക്കുഴലില്‍നിന്നു വെളുത്ത പുക ഉയരുന്നതുംനോക്കി നില്‍ക്കുകയാണു ലോകം, പ്രത്യേകിച്ച്, ആഗോളകത്തോലിക്കാസമൂഹം. അങ്ങനെ നോക്കിനില്‍ക്കാനും തിരഞ്ഞെടുക്കപ്പെടുന്ന പുതിയ മാര്‍പ്പാപ്പായെ 'വീവാ ഇല്‍ പാപ്പാ!' എന്നാര്‍ത്തുവിളിച്ച് ആശംസിക്കുവാനുമല്ലാതെ, തങ്ങളെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്ന ആ സ്ഥാനിയെ കണ്ടെത്തുന്നതില്‍, പരോക്ഷമായിപ്പോലും എന്തെങ്കിലും പങ്കാളിത്തം വഹിക്കാന്‍ കോടിക്കണക്കിനുവരുന്ന കത്തോലിക്കര്‍ക്ക് ഇന്നു യാതൊരു അവസരവുമില്ല. എന്തിന്, മെത്രാന്മാര്‍ക്കുപോലും മാര്‍പ്പാപ്പായുടെ തിരഞ്ഞെടുപ്പില്‍ യാതൊരു പങ്കാളിത്തവും ഇന്നില്ല! എല്ലാം, കേവലം നൂറില്‍ ചില്വാനം വരുന്ന കര്‍ദ്ദിനാളന്മാര്‍ തീരുമാനിക്കും! അവരിലേറെയും പ്രായംചെന്നവരും യാഥാസ്ഥിതികരുമായതിനാല്‍, കാലത്തിന്റെ വെല്ലുവിളികളെ തുറന്ന മനസ്സോടെ കാണാന്‍ കഴിവുള്ള ആരെങ്കിലും അവരുടെ കൂട്ടത്തിലുണ്ടായിരുന്നാല്‍പ്പോലും അങ്ങനെയുള്ളവര്‍ തിരഞ്ഞെടുക്കപ്പെടുവാനുള്ള സാധ്യത കുറവാണുതാനും. ഇങ്ങനെ തുടര്‍ന്നാല്‍, യാഥാസ്ഥിതികത്വത്തിന്റെ ചുഴിക്കുറ്റിയില്‍, മോചനമില്ലാതെ വെറുതെ കറങ്ങിത്തിരിയുന്ന ഒന്നാകും കത്തോലിക്കരുടെ സഭാജീവിതം.

മാര്‍പ്പാപ്പായെ തിരഞ്ഞെടുക്കുന്ന ഇന്നത്തെ രീതിക്ക് ബൈബിളുമായോ സഭയുടെ വിശുദ്ധപാരമ്പര്യങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നു ചരിത്രം പരിശോധിച്ചാല്‍ കാണാം. വാസ്തവത്തില്‍, ഇന്നത്തെ സങ്കല്പത്തിലുള്ള ഒരു മാര്‍പ്പാപ്പാസ്ഥാനിക്കും ബൈബിളിലോ സഭാപാരമ്പര്യങ്ങളിലോ വേരുകളില്ല. ആദ്യനൂറ്റാണ്ടുകളിലുണ്ടായിരുന്നത് പ്രാദേശികസഭാക്കൂട്ടായ്മകളായിരുന്നു. ഓരോ സഭാക്കൂട്ടവും പരസ്പരം സ്വതന്ത്രവുമായിരുന്നു. മൂപ്പന്മാരോ (Elders/ Presbyters) മേലന്വേഷകരോ (Overseers/ Episcopos) ആയിരുന്നു ഓരോ സഭാകൂട്ടായ്മയെയും നയിച്ചിരുന്നത്. മാര്‍പ്പാപ്പാമാരുടെ ലിസ്റ്റില്‍ ഇപ്പോള്‍ കാണുന്ന ആദ്യപേരുകാരൊക്കെയും റോമിലെ സഭാക്കൂട്ടായ്മയെ ആദ്യകാലത്തു നയിച്ച മൂപ്പന്മാരോ, എപ്പിസ്‌കോപ്പാമാരോ മാത്രമാണ്. (കാരണം, രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് രൂപത എന്നു പറയാവുന്ന തരത്തിലൊരു സഭാകൂട്ടായ്മ റോമിലുണ്ടാകുന്നതുതന്നെ.) റോമാസാമ്രാജ്യത്തിലെതന്നെ പൗരസ്ത്യഭാഗങ്ങളിലുള്ള സഭാക്കൂട്ടായ്മകളുടെമേല്‍ ഈ റോമന്‍ സഭാ മൂപ്പന് ഒരധികാരവും ഉണ്ടായിരുന്നില്ല. അവരാരും, പത്രോസിനെപ്പോലെതന്നെ, സ്വന്തം സഭാകൂട്ടായ്മയുടെയോ മറ്റു സഭാകൂട്ടായ്മകളുടെയോമേല്‍ അധികാരഭരണം നടത്തിയിട്ടില്ല. പൗലോസ് സ്ഥാപിച്ച ഒരു സഭാകൂട്ടായ്മയുടെയുംമേല്‍ പത്രോസിന് എന്തെങ്കിലും സ്വാധീനമുണ്ടായിരുന്നതായി ഒരു സൂചനപോലും ബൈബിളിലില്ല. പൗലോസ് സ്ഥാപിച്ച സഭകള്‍ തമ്മില്‍ത്തമ്മില്‍ സഹകരിച്ചിരുന്നെങ്കിലും പരസ്പരം നിയന്ത്രിച്ചിരുന്നതായി കാണുന്നില്ല. നമ്മുടെ നസ്രാണിസഭയിലും എല്ലാ ഇടവകക്കൂട്ടായ്മകളും പരസ്പരം സ്വതന്ത്രങ്ങളായിരുന്നുവല്ലോ. ആവശ്യസമയത്ത് സഹകരിക്കാനും പൊതുവായി വരുന്ന കാര്യങ്ങളെക്കുറിച്ച് കൂട്ടായി ആലോചിക്കാനും, പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഒന്നിച്ചുപരിഹരിക്കാനും വിവിധ ഇടവകകള്‍ ചേര്‍ന്നുള്ള 'പള്ളി പ്രതിപുരുഷയോഗ'മെന്ന സമ്പ്രദായവും നമുക്കുണ്ടായിരുന്നു. നമ്മുടെ 'ജാതിക്കു കര്‍ത്തവ്യന്‍' എന്ന സ്ഥാനി റോമന്‍ പാരമ്പര്യത്തിലുള്ള സഭകളിലെ എപ്പിസ്‌ക്കോപ്പാ സ്ഥാനിക്കു തുല്യനായിരുന്നു.


ചുരുക്കത്തില്‍, യേശുവിന്റെ സ്‌നേഹസിദ്ധാന്തത്തില്‍ മനുഷ്യരെ തമ്മില്‍ത്തമ്മില്‍ വിളക്കിച്ചേര്‍ത്ത് സ്‌നേഹക്കൂട്ടായ്മകള്‍ കരുപ്പിടിപ്പിക്കുന്ന, അല്ലെങ്കില്‍ യേശു പഠിപ്പിക്കാമെന്ന വാഗ്ദാനം ചെയ്തതരത്തില്‍, 'മനുഷ്യരെ പിടിക്കുന്ന' നേതൃത്വശൈലിയായിരുന്നു ആദിമസഭാ കൂട്ടായ്മകളിലെല്ലാം നിലനിന്നിരുന്നത്. വാസ്തവത്തില്‍, ഇത്തരം മാനുഷികനേതൃത്വത്തിന്റെയും മാനുഷികസമൂഹത്തിന്റെയും വളര്‍ച്ചയായിരുന്നു, റോമന്‍ ചക്രവര്‍ത്തിമാരെ വിറളി പിടിപ്പിച്ചതും, മതപീഡനത്തിനു പ്രേരിപ്പിച്ചതും. കാരണം, ഓരോ മനുഷ്യവ്യക്തിയെയും അവരുള്‍പ്പെടുന്ന ഓരോ സ്‌നേഹക്കൂട്ടായ്മയെയും കേന്ദ്രീകരിച്ചുള്ള തികച്ചും വികേന്ദ്രീകൃതമായ ഒരു സമൂഹക്രമത്തിന്റെ, ഒരു പുതിയ സമൂഹത്തിന്റെ, ഉദയമായിരുന്നത്. മനുഷ്യന്റെ ആവിര്‍ഭാവംമുതല്‍ അവന്‍ സ്വപ്നം കണ്ടിരുന്ന ആ 'പുതിയ ആകാശം പുതിയ ഭൂമി'യിലേക്കുള്ള വിപ്ലവകരമായ ഒരു Paradigm shift, അല്ലെങ്കില്‍ സമൂഹസങ്കല്പത്തില്‍ വന്ന സമൂലവ്യതിയാനം, ആയിരുന്നത്. അധികാരഭരണത്തിനുപകരം, സ്‌നേഹശുശ്രൂഷയെ അടിത്തറയാക്കി പ്രതിഷ്ഠിച്ച ദൈവരാജ്യത്തിന്റെ മുളപൊട്ടലായിരുന്നു അത്. അതു വളര്‍ന്നുവന്നാല്‍, സ്വാഭാവികമായും, അതികേന്ദ്രീകൃത അധികാരഘടനയോടുകൂടിയതും മനുഷ്യരെ ആ ഘടനയ്ക്കടിമപ്പെടുത്തുന്നതുമായ സാമ്രാജ്യത്വവ്യവസ്ഥിതിയുടെ അടിവേര് താനേ പറിഞ്ഞുപോകുമെന്നു മനസ്സിലാക്കിയിട്ടാണ് റോമന്‍ ചക്രവര്‍ത്തിമാര്‍ മതപീഡനം അഴിച്ചുവിട്ടത്. പക്ഷേ, അതു ഫലം കണ്ടില്ല. എല്ലാ പീഡനങ്ങളെയും അതിജീവിച്ച് ക്രൈസ്തവസമൂഹം റോമന്‍ സാമ്രാജ്യത്തിനുള്ളില്‍ പടര്‍ന്നു പന്തലിക്കുകയാണുണ്ടായത്. അവസാനം, തന്ത്രശാലിയായ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി അടവുമാറ്റിച്ചവിട്ടിയാണ് ഈ ക്രിസ്തീയവളര്‍ച്ചയെ തളച്ചത്. പീഡനനയത്തിനു പകരം, അദ്ദേഹം പ്രീണനനയമിറക്കി. അങ്ങനെ സഭയെ തന്റെ സാമ്രാജ്യത്തിന്റെ ഒരു വകുപ്പാക്കിമാറ്റി -സാമ്രാജ്യത്തിന്റെ അധികാരഘടനയോടു ചേര്‍ന്നുപോകുന്ന ഒരു രാഷ്ട്രീയവകുപ്പ്. ക്രൈസ്തവര്‍ അംഗീകാരലഭ്യതയില്‍ കണ്ണുമഞ്ഞളിച്ച് അന്ധാളിച്ചുനിന്ന നേരംകൊണ്ട്, അവരുടെ ശുശ്രൂഷകരെല്ലാം അധികാരവും പദവിയുമുള്ളവരായിത്തീര്‍ന്നു. സഭ പുരോഹിതരും അല്‍മായരുമായി പിളര്‍ന്നു. ക്രമേണ, സാമ്രാജ്യത്വമൂശയില്‍ വാര്‍ത്തെടുത്ത ഒരു രാഷ്ട്രീയ-ഭൗതികമതമായിത്തീര്‍ന്നു, ക്രിസ്തുമതം. ചക്രവര്‍ത്തി സ്വയം വിളിച്ചുകൂട്ടിയ നിഖ്യാസൂനഹദോസില്‍വച്ച് (എ.ഡി. 325) ഈ പുതിയ 'മത'ത്തിന് അലകുംപിടിയും പണിയപ്പെട്ടു. മാര്‍പ്പാപ്പാ എന്ന് ഇന്നു വിവരിക്കപ്പെടുന്ന റോമിലെ അന്നത്തെ മെത്രാന്‍ സില്‍വെസ്റ്റര്‍ 1-ാമന്റെ (314-335) സാന്നിദ്ധ്യംപോലും ഈ സൂനഹദോസിനുണ്ടായിരുന്നില്ല എന്നോര്‍ക്കുക. കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണത്തിന്മേലുള്ള കൈയൊപ്പുപോലും കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടേതാണെന്നു ചുരുക്കം.

സഭ സാമ്രാജ്യത്വഘടനയിലേക്ക് അങ്ങനെ വ്യതിചലിച്ചിട്ടുപോലും, മെത്രാന്മാരെയും മാര്‍പ്പാപ്പാമാരെയും തിരഞ്ഞെടുക്കുന്നതില്‍ അന്നു വിശ്വാസികള്‍ക്കു പങ്കാളിത്തമുണ്ടായിരുന്നു. അത്മായരും പുരോഹിതരും ചേര്‍ന്നാണ് മെത്രാനെയും മാര്‍പ്പാപ്പായെയും തിരഞ്ഞെടുത്തിരുന്നത്. 5-ാം നൂറ്റാണ്ടോടെ, രാഷ്ട്രീയകാരണങ്ങളാല്‍, മറ്റു പൗരസ്ത്യ റോമന്‍ പാത്രീയര്‍ക്കേറ്റുകളേക്കാള്‍ പ്രാധാന്യം റോമിനു കൈവരികയും, റോമാമെത്രാന്‍ പ്രഥമസ്ഥാനീയ(മാര്‍പ്പാപ്പാ)നായിത്തീരുകയും, അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതില്‍ ചുറ്റുപാടുമുള്ള മെത്രാന്മാര്‍കൂടി പങ്കാളികളാവുകയും ചെയ്തു തുടങ്ങി. ക്രമേണ ഈ തിരഞ്ഞെടുപ്പില്‍ മെത്രാന്മാരുടെയും പ്രഭുക്കന്മാരുടെയും സ്വാധീനം കൂടിവരികയും ജനങ്ങളുടെ പങ്കാളിത്തം അതനുസരിച്ചു കുറഞ്ഞുവരികയും ചെയ്തു. സ്റ്റീഫന്‍ 4-ാമന്‍ മാര്‍പ്പാപ്പാ (816-17) വോട്ടവകാശം പുരോഹിതര്‍ക്കുമാത്രമായി ചുരുക്കി. 1059-ലാണ്, വോട്ടവകാശം കര്‍ദ്ദിനാളന്മാര്‍ക്കുമാത്രമായി പരിമിതപ്പെടുത്തിയത്. 


അങ്ങനെ റോമന്‍ പൗരാവലി തിരഞ്ഞെടുത്തിരുന്നതും, റോമില്‍ മാത്രം സ്വാധീനമുണ്ടായിരുന്നതുമായ ഒരു സഭാസ്ഥാനിയാണിന്ന് ലോകത്തിലെ ഒരു ജനതയുടെയും അംഗീകാരം തേടാതെ, ലോകത്തെ മുഴുവന്‍ സ്വാധീനിക്കുന്ന മാര്‍പ്പാപ്പാസ്ഥാനി ആയിരിക്കുന്നത്! ലോകത്തുദയംകൊണ്ട എല്ലാ സാമ്രാജ്യത്വങ്ങളും തകര്‍ന്നു മണ്ണടിഞ്ഞെങ്കിലും യേശുവിന്റെ മറവില്‍ കോണ്‍സ്റ്റന്റൈന്‍ ജന്മംകൊടുത്ത മതസാമ്രാജ്യം, ജറുസലേം ദേവാലയത്തിനുണ്ടായിരുന്ന അതേ തലയെടുപ്പോടെ, ഇന്നും സര്‍വ്വാഭരണവിഭൂഷിതമായി വിരാജിക്കുകയാണ്! അധികാരമേ പാടില്ലാത്ത സഭയില്‍ അധികാരസാമ്രാജ്യത്വം കൊടികുത്തി വാഴുകയാണ്! 
കോണ്‍സ്റ്റന്റൈന്റെ കാലം മുതല്‍ സഭ ഒരു രാഷ്ട്രീയമതമാണ്- ദൈവികമുഖംമൂടിധരിച്ച രാഷ്ട്രീയമതം. ഈ മുഖംമൂടിയുപയോഗിച്ച് ആദ്യം യൂറോപ്പിലും, പിന്നെ യൂറോപ്പിനെ ഉപയോഗിച്ച് മറ്റു രാജ്യങ്ങളിലും കൊളോണിയല്‍-അടിമത്തവ്യവസ്ഥ ഉദ്ഘാടനം ചെയ്തതും പരിപോഷിപ്പിച്ചതും ഈ രാഷ്ട്രീയമതമാണ്. ഇന്നത്തെ യൂറോ-അമേരിക്കന്‍ 'ചന്തവ്യവസ്ഥിതി'യെ ലോകം വെട്ടിപ്പിടിക്കുന്നതിന് അശ്വമേധത്തിനായി വെഞ്ചരിച്ചു വിട്ടിരിക്കുന്നതും ഈ രാഷ്ട്രീയമതമാണ്; അഥവാ, അതു ലോകത്തില്‍ വ്യവസ്ഥാപിച്ചുകഴിഞ്ഞ മാമോന്‍സേവാ മനഃസ്ഥിതിയാണ്.


യേശുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്, ദൈവരാജ്യവും അതിന്റെ നീതിയുമാണ് മനുഷ്യന്‍ ആദ്യം അന്വേഷിക്കേണ്ടത്. മനുഷ്യജീവിതമെന്ന വണ്ടിക്കുമുമ്പില്‍ കെട്ടേണ്ട കുതിരയാണത്. അങ്ങനെ ചെയ്താല്‍, മറ്റു രാഷ്ട്രീയ-സാമ്പത്തിക-വ്യാവഹാരിക കാര്യങ്ങളുടേതായ ജീവിതവണ്ടി അതിനു പിന്നാലെ സുഗമമായി ഓടിക്കൊള്ളും. ഇപ്പോള്‍ കുതിരയെ വണ്ടിക്കു പിന്നില്‍ കെട്ടിയിരിക്കുകയാണ്, സഭ. സഭയുടെ പ്രതാപവും ശക്തിയുംകണ്ട് മറ്റ് മതങ്ങളും അതനുകരിക്കുകയാണ്..... 


മൂല്യബോധം നഷ്ടപ്പെട്ട ഇന്നത്തെ ലോകം, സര്‍വ്വരോഗങ്ങളാലും ആക്രമിക്കപ്പെട്ട് മരണത്തിലേക്കു നീങ്ങുന്ന എയ്ഡ്‌സ് രോഗിയെപ്പോലെ, സര്‍വ്വവിധ പ്രതിസന്ധികളിലുംപെട്ട് നട്ടം തിരിയുകയാണ്, വിനാശത്തിലേക്കു കൂപ്പുകുത്തുകയാണ്.
വീണ്ടുമൊരു Paradigm shift അനിവാര്യമായിരിക്കുന്നു. ഇപ്പോള്‍ പിറകില്‍ കെട്ടിവലിച്ചുകൊണ്ടിരിക്കുന്ന യേശുവിന്റെ കുതിരയെ മനുഷ്യന്റെ ജീവിതവണ്ടിക്കു മുമ്പില്‍ കെട്ടേണ്ടിയിരിക്കുന്നു. ഈ ആത്യന്തികലക്ഷ്യത്തില്‍ കണ്ണുകളുറപ്പിച്ചുകൊണ്ട്, ആ ദിശയില്‍ ഇന്നുയര്‍ത്താന്‍ കഴിയുന്ന മുദ്രാവാക്യങ്ങള്‍ കണ്ടെത്തുകയാണു ഇന്നു പ്രധാനമായിരിക്കുന്നത്.


അതിന്‍പ്രകാരം, മാര്‍പ്പാപ്പായുടെ തിരഞ്ഞെടുപ്പുരീതിയുമായി ബന്ധപ്പെടുത്തി രണ്ടു മുദ്രാവാക്യങ്ങള്‍ അടിയന്തിരമായി ഉയര്‍ത്തേണ്ടിയിരിക്കുന്നു. ഒന്ന്, മെത്രാന്മാരെ തിരഞ്ഞെടുക്കേണ്ടത് വിശ്വാസികളും വൈദികരും ചേര്‍ന്നായിരിക്കണം എന്നതാണ്. രണ്ടാമത്തേത്, അങ്ങനെ ജനകീയാംഗീകാരം നേടിയ ഈ മെത്രാന്മാരായിരിക്കണം മാര്‍പ്പാപ്പായെ തിരഞ്ഞെടുക്കേണ്ടത് എന്നതും.

No comments:

Post a Comment